Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

മുഹമ്മദുബ്നു ഹനഫിയ്യ(റ) മുസ്ലിം ഐക്യത്തിന്റെ വക്താവ്

സഈദ് മുത്തനൂര്‍ ചരിത്രം

''ല്ലയോ ദൈവദൂതരേ, താങ്കള്‍ക്ക് ശേഷം എനിക്കൊരു പുത്രനുണ്ടാവുകയും അവന് മുഹമ്മദ് എന്ന് പേരിടുകയും അബുല്‍ ഖാസിം എന്ന് അവന് ഓമനപ്പേര് വിളിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഹസ്രത്ത് അലി തന്റെ അഭിലാഷം നബിതിരുമേനിയോട് പറഞ്ഞു. ''വളരെ നല്ല കാര്യം''- നബിയുടെ പ്രതികരണം അങ്ങനെയായിരുന്നു.
കാലം കടന്നുപോയി. നബി(സ) ഇഹലോകവാസം വെടിഞ്ഞു. നബിവിയോഗത്തിന് തൊട്ടു പിറകെ അദ്ദേഹത്തിന്റെ പുത്രിയും അലി(റ)യുടെ പത്‌നിയുമായിരുന്ന ഫാത്വിമ ബീവിയും മരണമടഞ്ഞു.
ഫാത്വിമ ജീവിച്ചിരിക്കുമ്പോള്‍ അലി(റ) വേറെ വിവാഹം കഴിക്കുന്നത് നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല. ഫാത്വിമയുടെ വേര്‍പാടിന് ശേഷം അലി(റ) ബനുഹനഫിയ്യ ഗോത്രത്തിലെ ഖൗല ബിന്‍ത് ജഅ്ഫര്‍ബ്‌നു ഖൈസ് ഹനഫിയ്യയെ വിവാഹം ചെയ്തു.
ആശിച്ചതുപോലെ ആ ബന്ധത്തില്‍ ഒരു പുത്രന്‍ പിറന്നു. അവന് മുഹമ്മദ് എന്ന് പേരിട്ടു. അബുല്‍ ഖാസിം എന്ന് ഓമനപ്പേര് വിളിച്ചു. എന്നാല്‍, മുഹമ്മദ് ബ്‌നു അലിയായി ഈ മകന്‍ ചരിത്രത്തില്‍ അറിയപ്പെട്ടില്ല. മുഹമ്മദ് ബ്‌നു ഹനഫിയ്യ എന്ന നാമത്തിലാണ് അദ്ദേഹം വിശ്രുതനായത്.
അബൂബക്ര്‍ സിദ്ദീഖിന്റെ ഖിലാഫത്തിന്റെ അവസാനത്തിലാണ് മുഹമ്മദ് ബ്‌നു അലിയുടെ ജനനം. പിതാവ് അലിയില്‍ നിന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പഠിച്ചു. വിജ്ഞാനത്തിലും കഴിവുകള്‍ വികസിപ്പിക്കുന്നതിലും ആരാധനയിലും തഖ്‌വയിലുമെല്ലാം പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്നു.
പിതാവ് അലിയെ പോലെ പകല്‍ അശ്വാരൂഢനും പാതിരാവില്‍ പ്രാര്‍ഥനാ നിരതനുമായിരുന്നു മുഹമ്മദ് ഹനഫിയ്യ. യുദ്ധരംഗത്തേക്ക് പോകുമ്പോള്‍ ഹസ്രത്ത് അലി മകനെ കൂടെ കൊണ്ടുപോകുമായിരുന്നു. ഒരിക്കല്‍ മുഹമ്മദ് ഹനഫിയ്യയോട് ആരോ ചോദിച്ചു: ''എന്തുകൊണ്ടാണ് താങ്കളുടെ പിതാവ് അദ്ദേഹത്തിന്റെ ആദ്യ സന്താനങ്ങളായ ഹസനെയും ഹുസൈനെയും ഒഴിവാക്കി താങ്കളെ മാത്രം യുദ്ധത്തിന് കൊണ്ടുപോകുന്നത്?
സഹോദരന്മാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാന്‍ പോന്ന ചോദ്യം. എന്നാല്‍, മുഹമ്മദ്ബ്‌നു ഹനഫിയ്യയുടെ മറുപടി വളരെ ദാര്‍ശനികമായിരുന്നു. ''ഹസനും ഹുസൈനും എന്റെ പിതാവിന്റെ രണ്ട് കണ്ണുകളാണ്, ഞാന്‍ അദ്ദേഹത്തിന്റെ വലം കൈയും. ഈ കൈകള്‍ വേണം ആ ഇരു നേത്രങ്ങളെയും കാത്തുരക്ഷിക്കാന്‍!''
സിഫ്ഫീന്‍ യുദ്ധ രംഗം. യുദ്ധത്തില്‍ അലിയോടൊപ്പം മകന്‍ മുഹമ്മദുമുണ്ട്. യുദ്ധം കൊടുമ്പിരിക്കൊണ്ടു. മുആവിയയുടെ സൈന്യവും അലിയുടെ സൈന്യവും പൊരിഞ്ഞ പോരാട്ടമാണ്. അലിയുടെ ഖിലാഫത്ത് അംഗീകരിക്കാന്‍ മുആവിയ കൂട്ടാക്കാത്തതാണ് സിഫ്ഫീന്‍ യുദ്ധത്തിനിടയാക്കിയത്. ഇരുപക്ഷത്തും മുസ്‌ലിംകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട് മുഹമ്മദ്്ബ്‌നു ഹനഫിയ്യ അസ്വസ്ഥനായി. ഇടക്ക് പിറകില്‍ നിന്നാരോ വിളിച്ചു പറഞ്ഞു: ''സഹോദരങ്ങളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍. നാളെ നിങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ആരാണ് സംരക്ഷിക്കുക? നിങ്ങളുടെ അഭിമാനവും അന്തസ്സും ആരാണ് കാത്തുസൂക്ഷിക്കുക? വരുംനാളില്‍ റോമും മറ്റു ശക്തികളും നിങ്ങളെ നേരിട്ടാല്‍ ആരാണ് പ്രതിരോധിക്കുക? മുസ്‌ലിംകളേ, അല്ലാഹുവിനെ ഓര്‍ത്ത് ഇസ്‌ലാമിക നിരയില്‍ ഉറച്ചു നില്‍ക്കുക.'' ഈ വിളംബരം കേട്ടതോടെ 'ഇന്നു മുതല്‍ ഒരു മുസ്‌ലിമുമായി സംഘട്ടനത്തിനില്ലെന്ന്' മുഹമ്മദ് ബ്‌നു ഹനഫിയ്യ ശപഥം ചെയ്തു. അത് മുതല്‍ അദ്ദേഹം മുസ്‌ലിം ഐക്യത്തിന്റെ വക്താവായി.
യുദ്ധത്തില്‍ അലിയുടെ പക്ഷം തന്നെയാണ് വിജയിച്ചത്. പിന്നീട് അലി(റ)ക്ക് ഒരു ശത്രുവിന്റെ മിന്നലാക്രമണത്തില്‍ വെട്ടേല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. ഹിജ്‌റ 40 റമദാന്‍ 17-നായിരുന്നു ഈ ദാരുണ സംഭവം.
തുടര്‍ന്ന് മുആവിയ അധികാരമേറി. തന്റെ പിതാവുമായി ഉടക്കിയ ആളായിട്ടും, ഇസ്‌ലാമിക ഐക്യത്തിന്റെ പേരില്‍ മുഹമ്മദ്ബ്‌നു ഹനഫിയ്യ പുതിയ ഖലീഫ മുആവിയക്ക് ബൈഅത്ത് ചെയ്തു. ബൈഅത്തില്‍ സംതൃപ്തനായ മുആവിയ ദമസ്‌കസില്‍ വന്ന് മുഹമ്മദിനെ കണ്ട് സംഭാഷണം നടത്തി.
അതിനിടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. മുആവിയക്ക് ശേഷം യസീദും മര്‍വാനും ഭരണം കൈയാളി കടന്നുപോയി. തുടര്‍ന്ന് അബ്ദുല്‍ മലിക്ബ്‌നു മര്‍വാന്‍ അധികാരത്തിലേറി. രാജ്യമൊട്ടാകെ അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. എന്നാല്‍, ഹിജാസും ഇറാഖും അബ്ദുല്ലാഹിബ്‌നു സുബൈറിന്റെ കീഴിലായിരുന്നു. ഓരോരുത്തരും തങ്ങളുടെ അധികാര സീമയില്‍ ഉറച്ചു നിന്നതോടെ മുസ്‌ലിം സമൂഹത്തില്‍ ശൈഥില്യം ദൃശ്യമായി.
ഭരണനേതൃത്വത്തില്‍ രണ്ട് നേതാക്കള്‍ വരുന്നതിനോട് മുഹമ്മദ് ബ്‌നു ഹനഫിയ്യ വിയോജിച്ചു. അദ്ദേഹവും ഏതാനും പേരും ആരെയും ബൈഅത്ത് ചെയ്തില്ല. ഒരു കത്തില്‍ ഇബ്‌നു സുബൈറിനോട് അദ്ദേഹം പറഞ്ഞു: ''എനിക്ക് വ്യക്തിപരമായി ഭരണത്തില്‍ താല്‍പര്യമില്ല. എല്ലാ മുസ്‌ലിംകളും ഒന്നായി ഒരു ഖലീഫയെ തെരഞ്ഞെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. അന്ന് ആ അല്‍ജമാഅത്തില്‍ ഞാനുണ്ടാകും. ഒരു പക്ഷത്തെ അംഗീകരിച്ചാല്‍ എതിര്‍പക്ഷത്തിനെതിരെ വാളോങ്ങേണ്ടിവരും. സിഫ്ഫീനില്‍ മുസ്‌ലിംകളുടെ രക്തം ഒഴുകി കണ്ടതില്‍ പിന്നെ അത്തരമൊരു പാതകത്തിന് ഞാനില്ലെന്ന് തീരുമാനിച്ചതാണ്. കുഴപ്പങ്ങളില്‍ നിന്ന് ഞാന്‍ വിട്ടുനില്‍ക്കുകയാണ്.''
എന്നാല്‍ ഇബ്‌നു സുബൈറിന് വഴങ്ങരുതെന്നും സമ്മതം തരികയാണെങ്കില്‍ അദ്ദേഹത്തെ വധിച്ചുകളയാം എന്നും മുഹമ്മദിന്റെ ചില അനുയായികള്‍ അഭിപ്രായപ്പെട്ടു. അതിനെ അദ്ദേഹം രൂക്ഷമായി എതിര്‍ത്തു. ''ഏതൊരു കുഴപ്പം ഭയന്നിട്ടാണോ ബൈഅത്ത് ചെയ്യാതിരുന്നത് അതിതാ മറ്റൊരു രൂപത്തില്‍ എന്റെ മുന്നില്‍. സ്വഹാബിമാരെയും അവരുടെ മക്കളെയും ഞാന്‍ വധിക്കുകയോ- അതൊരിക്കലും സംഭവിച്ചുകൂടാ.'' മുഹമ്മദ് തറപ്പിച്ചുപറഞ്ഞു. അതിനിടെ അബ്ദുല്‍ മലിക് സിറിയയിലേക്ക് മുഹമ്മദ് ഹനഫിയ്യയെ സ്വാഗതം ചെയ്തു. ക്ഷണം സ്വീകരിച്ച് അദ്ദേഹം അല്‍പകാലം സിറിയയിലെ അബല എന്ന സ്ഥലത്ത് താമസിച്ചു. അതോടെ അബ്ദുല്‍ മലികിന്റെ താക്കീതുകളും പ്രലോഭനങ്ങളും വരവായി. ''താങ്കള്‍ ഇങ്ങനെ ആരെയും അംഗീകരിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഈ നാട്ടില്‍ ബൈഅത്തോടെയല്ലാതെ താമസിക്കാന്‍ സമ്മതിക്കില്ല. താങ്കള്‍ക്ക് നാം 100 കപ്പല്‍ നിറയെ സാധന സാമഗ്രികളും 2000 ദിര്‍ഹം പ്രതിഫലം ലഭിക്കുന്ന ഒരു ജോലിയും തരപ്പെടുത്തിത്തരാം.''
'രാജ്യത്ത് ഒരു കുട്ടിയെങ്കിലും താങ്കളുടെ ഖിലാഫത്തിനെ അംഗീകരിക്കാത്തതായുണ്ടെങ്കില്‍ അന്ന് ഈ ഖിലാഫത്ത് ശരിയാവില്ല. ഒരുവേള ഞാന്‍ തന്നെയാണ് ഭരണത്തിലെങ്കിലും നിലപാട് ഇതു തന്നെയായിരിക്കും. കൊട്ടാര പരിചാരകരുടെ ഉപദേശം കേട്ട് താങ്കള്‍ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. എനിക്ക് ഭരണത്തില്‍ താല്‍പര്യമില്ല. ഞാന്‍ സിറിയ വിടുകയാണ്.' ഈ കത്ത് അബ്ദുല്‍ മലികിനെഴുതിയ ഉടനെ മുഹമ്മദ് ബ്‌നു ഹനഫിയ്യ സിറിയ വിട്ടു സ്വന്തം തട്ടകത്തിലേക്ക് മടങ്ങി.
അപ്പോഴേക്കും ഹജ്ജാജ്ബ്‌നു യൂസുഫ്, ഇബ്‌നു സുബൈറിനെ വകവരുത്തി. അതോടെ അബ്ദുല്‍ മലികിന്റെ ഖിലാഫത്ത് എല്ലാ പ്രദേശത്തും അംഗീകരിക്കപ്പെട്ടു. നമ്മുടെ ചരിത്ര പുരുഷനും അബ്ദുല്‍ മലികിനെ ബൈഅത്ത് ചെയ്യാമെന്നറിയിച്ചു. മുഹമ്മദ് ബ്‌നു ഹനഫിയ്യയെ ആദരപൂര്‍വം സ്വീകരിക്കണമെന്ന് അബ്ദുല്‍ മലിക് ഗവര്‍ണര്‍ ഹജ്ജാജിന് നിര്‍ദേശം നല്‍കി.
എന്നാല്‍, അധികാരികളുടെ അരിക് പറ്റാതെയും അവരുടെ വെച്ചുനീട്ടലുകള്‍ സ്വീകരിക്കാതെയും ഇസ്‌ലാമിക ഐക്യത്തിന് വേണ്ടി നിലകൊണ്ട ആ കര്‍മയോഗി, അധികം വൈകാതെ ചരമമടഞ്ഞു. ഹിജ്‌റ 81-ല്‍ 65-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. നാടുവിട്ട് പാര്‍ത്തും പ്രയാസങ്ങള്‍ നെഞ്ചേറ്റിയും മുഹമ്മദ് ബ്‌നു ഹനഫിയ്യ(റ) പിന്‍ഗാമികള്‍ക്ക് മുസ്‌ലിം ഐക്യം എന്ന ആശയം ബാക്കിവെച്ചുകൊണ്ടാണ് കടന്നുപോയത്. അത് തീര്‍ച്ചയായും വിശുദ്ധ വേദഗ്രന്ഥത്തിന്റെ താല്‍പര്യമായിരുന്നല്ലോ. ഈ കാലഘട്ടത്തില്‍ അനിവാര്യമായും ഓര്‍ത്തിരിക്കേണ്ട കാര്യം: ''നിങ്ങള്‍ ഒന്നിച്ച് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്'' (3:103).

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍