Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

കൂട്ടമറവിയോട് കണക്കു തീര്‍ക്കുന്ന രണ്ട് പുസ്തകങ്ങള്‍

പുസ്തകം വി. ഹിക്മത്തുല്ല

ധുനിക കേരളത്തെ രൂപപ്പെടുത്തിയ ഹിംസാത്മകമായ വായനാമണ്ഡലത്തെ പ്രതിരോധിക്കാതെ കേരളത്തില്‍ വെറുതെ ഒന്നും വായിച്ചിട്ട് കാര്യമില്ല. മലയാള വായനയുടെ ആണിക്കല്ലുകളെ ജ്ഞാനശാസ്ത്രപരമായി പൊളിച്ചടുക്കാതെ വായനയില്‍ നിലനില്‍ക്കാനാവില്ല എന്നതാണ് സത്യം. ഗൃഹാതുരമായ അപനിര്‍മാണ വായനകള്‍ ചില പ്രതിബോധങ്ങള്‍ ഉയര്‍ത്തുന്നതായി തോന്നിപ്പിക്കുമെങ്കിലും അവസാനം മുഖ്യധാരയുടെ ചുഴിക്കലക്കത്തില്‍ ചെന്നടിയും. കേരളം നിര്‍മ്മിക്കപ്പെട്ടതിന്റെയും സങ്കല്‍പ്പിക്കപ്പെട്ടതിന്റെയും രീതികള്‍ വിശകലനം ചെയ്ത് അവയുടെ പിരടിയില്‍ അമര്‍ന്നിരുന്ന് കണക്ക് തീര്‍ത്തുകൊണ്ടുമാത്രമേ വല്ലതും സംസാരിച്ചിട്ട് കാര്യമുള്ളൂ. കണക്കുതീര്‍ക്കലിന്റെ ആനന്ദത്തില്‍ മുന്നേറുന്ന ജനാധിപത്യവഴികളാണ് വായന ആവശ്യപ്പെടുന്നത്. മുഖ്യധാരയുടെ പ്രത്യയശാസ്ത്രധാരണകളെ പരിക്കേല്‍പ്പിക്കാതെ നല്ല കുട്ടിയെന്ന തലോടലേറ്റ് കൗതുകവസ്തുവായും(exotic object) ഇരയായും (victim) നിന്ന് കൊടുത്ത് പൊതു പരിഗണനകളിലേക്ക് കയറിപ്പറ്റിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ഏതെങ്കിലുമൊരു ഘട്ടത്തില്‍ സംരക്ഷണം കൊണ്ട് ശ്വാസം മുട്ടുന്നതായി ആവലാതിപ്പെടുകയോ നിങ്ങള്‍ ഊമയല്ലെന്ന് പരസ്യപ്പെടുത്തുകയോ ചെയ്താല്‍ സംരക്ഷകര്‍ക്ക് കൊമ്പും തേറ്റയും മുളക്കുന്നത് കാണാം. സ്വന്തം നിലക്ക് രാഷ്ട്രീയ ആവശ്യം ഉന്നയിച്ച് തുടങ്ങുന്നതുവരേയുള്ള നിങ്ങളുടെ സാംസ്‌കാരിക സംഭാവന മാത്രമേ പൊതുമണ്ഡലത്തിന് ആവശ്യമുള്ളൂ.
നവോത്ഥാന കാലത്ത് നാം കുടത്തിലടച്ച് പൂട്ടിയ ജാതി-മത ഭൂതങ്ങള്‍ തിരിച്ചു വരുന്നതിന്റെ അപകടകരമായ ലക്ഷണങ്ങളാണ് ന്യൂനപക്ഷങ്ങള്‍ സംസാരിച്ചു തുടങ്ങിയാല്‍ കേരളീയന്‍ മണത്തെടുക്കുക. ന്യൂനപക്ഷ അധഃസ്ഥിത രാഷ്ട്രീയം കൈയാളേണ്ട പുതിയ ഭാഷയുടെയും അക്കാദമിക സംസ്‌കാരത്തിന്‍െയും രീതിശാസ്ത്രം മുന്നോട്ടു വെക്കുന്ന രണ്ട് പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. തെമ്മാടികളും തമ്പുരാക്കന്മാരും മലയാള 'സിനിമയും ആണത്തങ്ങളും' -ജെനി റൊവീന. (സബ്ജക്ട് ആന്റ് ലാംഗ്വേജ് പ്രസ് കോട്ടയം 2011).
2. ബീമാപ്പള്ളി വെടിവെപ്പ് മറക്കുന്നതും ഓര്‍ക്കുന്നതും - എഡിറ്റര്‍ കെ. അഷ്‌റഫ് (തേജസ് പബ്ലിക്കേഷന്‍ കോഴിക്കോട് 2012)

തെമ്മാടികളും തമ്പുരാക്കന്മാരും
തെമ്മാടികളും തമ്പുരാക്കന്മാരും എന്ന പുസ്തകത്തില്‍ ജെനി റൊവീന 1960-മുതല്‍ മലയാള സിനിമയില്‍ പ്രതിഫലിച്ച കേരള ചരിത്രത്തെ പുനര്‍രൂപീകരിക്കുകയാണ് ചെയ്യുന്നത്. നിലവിലുള്ള വായനയിലെ അന്ധമേഖലകളെ (blind spot) വെളിപ്പെടുത്തുന്ന പഠനമായി ഇതിനെ കാണാം.
കൊളോണിയല്‍ അധിനിവേശം ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ മനുഷ്യരെ ഒന്നടങ്കം അടിച്ചമര്‍ത്തുകയും ആധുനിക ജാതിഘടനയെ നിര്‍മിച്ചെടുക്കുകയും ചെയ്തുവെങ്കിലും ജാതി വ്യവസ്ഥിതിയുടെ ആഭ്യന്തര കൊളോണിയലിസത്തില്‍ ഉഴറുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക സമത്വത്തിനുവേണ്ടി മുന്നേറാനുള്ള നിരവധി വ്യവഹാരങ്ങള്‍ നല്‍കുകയുണ്ടായി. ഇത് ഇന്ത്യയിലെ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള വലിയ ഭീഷണിയായി വളര്‍ന്നപ്പോഴാണ് ദേശീയതയുടെ പേരില്‍ ഇന്ത്യന്‍ സവര്‍ണ സമുദായങ്ങള്‍ സംഘടിക്കുകയും തങ്ങള്‍ക്ക് ആധിപത്യമുള്ള ദേശത്തെ വിഭാവന ചെയ്യുകയും ചെയ്തത് എന്ന് ജെ. രഘു 'ദേശരാഷ്ട്രവും ഹിന്ദുകൊളോണിയലിസവും' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നു.
ഈ തലത്തില്‍ നിന്നുകൊണ്ട് മലയാള സിനിമയിലെ ആധുനിക പൗരനെ നോക്കുമ്പോള്‍ ജാതി പ്രത്യയശാസ്ത്രത്തില്‍ അടിസ്ഥാനപ്പെടുത്തിയ പഴയ തമ്പുരാക്കള്‍ തന്നെയാണവരെന്ന് മനസ്സിലാവുന്നു. ഈ ആധുനിക ജാതിസ്വരൂപത്തെ നിലനിറുത്താന്‍ ആധുനികതക്കുള്ളില്‍ തന്നെ സങ്കല്‍പിക്കപ്പെടുന്ന ഒരു അപരപക്ഷമാണ് 'റൗഡി'. ആധുനിക ആണ്‍കോയ്മയുടെ കുടുംബ സംവിധാനത്തെയും അതുല്‍പാദിപ്പിക്കുന്ന സ്ത്രീ-പുരുഷ ലിംഗ സ്വത്വത്തെയും ജാതിവ്യവസ്ഥിതിയുടെ ഭാഗമായിത്തന്നെ ജെനി റൊവീന വായിക്കുന്നു. മലയാള സിനിമ ആണുങ്ങളെ രണ്ടു പ്രധാന വ്യത്യാസങ്ങള്‍ക്കുള്ളിലാണ് നിലനിറുത്തുന്നത്. ഒരു വശത്ത് പഴയ തമ്പുരാക്കന്മാരുടെ ശൂദ്രാധിഷ്ഠിതമായ പുതിയ സവര്‍ണമാന്യസ്ഥാനം. മറുവശത്ത് കീഴാള പുരുഷന്മാരുടെ കര്‍തൃത്വത്തെ നിര്‍വചിക്കാന്‍ നിരന്തരം ഉപയോഗിക്കപ്പെടുന്ന ദുര്‍നടപ്പുകാരുടെയും തെമ്മാടിയുടെയും മുരടന്‍ സ്ഥാനം (പേജ് '11).
തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള ചില പ്രമുഖ നായകസ്ഥാനങ്ങളെടുക്കുക. സദാചാര പുരുഷന്റെ നിയമം നടപ്പിലാക്കാന്‍ ഊതി വീര്‍പ്പിച്ച ആദര്‍ശങ്ങളും ഉയര്‍ന്ന ഗവണ്മെന്റ് ഉദ്യോഗവുമായി ചേരി/കടപ്പുറം എന്നിങ്ങനെയുള്ള അപര സ്ഥാനങ്ങളിലെ കീഴാള/മുസ്‌ലിം പുരുഷന്മാരില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ ഇംഗ്ലീഷില്‍ വാശി കാണിക്കുന്ന സുരേഷ് ഗോപി, ചിരിപ്പടങ്ങളുടെ പരാജിത കീഴാള ആണ്‍ലോകത്തെ തന്റെ വെളുത്ത ശരീരത്തിലൂടെ സവര്‍ണ കുടുംബങ്ങളിലേക്ക് നീട്ടിയെഴുതുന്ന ജയറാം, ചിരിപ്പടങ്ങളുടെ കീഴാള ആകാംക്ഷകളും മഞ്ജുവാര്യരെ പോലുള്ള നടികളുടെ സവര്‍ണ സ്ത്രീസ്ഥാനവും ഉപയോഗിച്ച് താരസ്ഥാനം നേടിയ ദിലീപ്, കീഴാളാണത്തങ്ങളുടെ കറുപ്പിനെക്കുറിച്ച് ആവലാതി പറയുകയും സവര്‍ണസ്ത്രീയുടെ വെളുപ്പിനുള്ളില്‍ പരിഹാരം തേടുകയും ചെയ്യുന്ന ശ്രീനിവാസന്‍. ഇവരെല്ലാം തന്നെ തെമ്മാടിയുടെയും തമ്പുരാക്കന്മാരുടെയും പ്രതിനിധാന ഘടനകളെ മുന്നോട്ട് കൊണ്ടുപോകുന്നു. മമ്മൂട്ടി, മോഹന്‍ലാലിന്റെ തെമ്മാടിത്തവും മോഹന്‍ലാല്‍, മമ്മൂട്ടിയുടെ സദാചാര സ്ഥാനവും ഏറ്റെടുത്ത് കളംമാറി ചവിട്ടുന്ന നിരവധി സിനിമകളും (തുറുപ്പുഗുലാന്‍, തന്മാത്ര) ഇതുതന്നെയാണ് ചെയ്യുന്നത് (പേജ് 125).
കേരളത്തില്‍ നിലവിലുള്ള അധികാരഘടനകളെ പരിവര്‍ത്തനപ്പെടുത്തുന്നതിന് ഈ തിരിച്ചറിവുകള്‍ അത്യാവശ്യമാണ്. ഇതിനുവേണ്ടി നിരവധി വായനകള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജെനി റൊവീന കരുതുന്നു.

ബീമാപ്പള്ളി മറക്കുന്നതും ഓര്‍ക്കുന്നതും
1921-ലെ മലബാര്‍ സമരത്തിലെ മാപ്പിളമാരെ കൊളോണിയല്‍ ആഖ്യാനവും ദേശീയവാദ വ്യവഹാരങ്ങളും നോക്കിക്കണ്ടത് മതഭ്രാന്തരും, പൊട്ടിത്തെറി പ്രവണതയുള്ളവരുമായാണ്. ഇതിനെതിരെ മാപ്പിളമാരുടെ ആഖ്യാനങ്ങളും പള്ളിരേഖകളും വാമൊഴിയുമെല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന പ്രതി ആഖ്യാനമാണ് എം.ടി അന്‍സാരി 'മലബാര്‍: ദേശീയതയുടെ ഇടപാടുകള്‍ ചരിത്ര സാഹിത്യപാഠങ്ങള്‍' എന്ന പുസ്തകത്തില്‍ പുറത്തുകൊണ്ടുവരുന്നത്. കേരളത്തിന്റെ വായന സംസ്‌കാരത്തിന്റെ ചരിത്രത്തെ ഉടച്ചുവാര്‍ക്കുന്ന ഈ രീതി തന്നെയാണ് കെ.അഷ്‌റഫ് തന്റെ പുസ്തകത്തിലും സ്വീകരിക്കുന്നത്.
''ഔദ്യോഗിക ഏജന്‍സികളും മാധ്യമങ്ങളും നല്‍കുന്ന പ്രഥമവും ആധികാരികവുമായ വിവരങ്ങള്‍ ഒരഭിപ്രായം മാത്രമല്ല, മറിച്ച് തുടര്‍ന്നുവരുന്ന വ്യവഹാരങ്ങളെ മുഴുവന്‍ നിര്‍ണ്ണയിക്കുന്ന(ഫ്രെയിം ചെയ്യുന്ന)വയാണ് (സ്റ്റുവര്‍ട്ട് ഹള്‍ 1974-1998). അതിനാല്‍ ബീമാപ്പള്ളിയെക്കുറിച്ച പ്രാഥമിക വിവരങ്ങളെയും ധാരണകളെയും മാറ്റിവെച്ചുകൊണ്ട് ബീമാപ്പള്ളിക്കാരുടെ വാമൊഴികള്‍ക്കും അനൗദ്യോഗിക ചരിത്രമൊഴികള്‍ക്കുമാണ് ഞങ്ങള്‍ (പി.കെ സാദിഖ്, ഉബൈദുറഹ്മാന്‍, കെ. അഷ്‌റഫ്) പ്രാധാന്യം നല്‍കുന്നത്. അധീശ പ്രത്യയശാസ്ത്രത്തിന്റെ ഔദ്യോഗിക ഭാഷണങ്ങള്‍ക്കെതിരെ പ്രതി ഓര്‍മകളായി (Counter Memory) വാമൊഴികള്‍ മാറാറുണ്ട്. ചരിത്രമെഴുത്തിനും വംശീയ, സാമുദായിക പഠനങ്ങള്‍ക്കും വേണ്ടി വാമൊഴികളെ ഇപ്പോള്‍ ആശ്രയിക്കാറുണ്ട് (ചാറ്റര്‍ജി & ഘോഷ് 2002). ബീമാപ്പള്ളിക്കാരുടെ ഇടത്തില്‍ നിന്നുകൊണ്ട് അവരെ മനസ്സിലാക്കുമ്പോള്‍ മാത്രമേ ഭരണകൂടത്തിന്റെയും മുഖ്യധാരാ വ്യവഹാരങ്ങളുടെയും ഹിംസയുടെ ആഴം മനസ്സിലാക്കാനാവൂ എന്നാണ് ഞങ്ങളുടെ വിശ്വാസം (പേജ് 102).
ഐക്യകേരളം പിറന്നതിന് ശേഷമുള്ള പോലീസ് വെടിവെപ്പുകളുടെ ചരിത്രം ഇതില്‍ പരിശോധിക്കുന്നുണ്ട്. ചില മൃതദേഹങ്ങളെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ ചിലത് കേരളം കൂട്ടമായി മറന്നു കളയുന്നു. (collective forgettings and selective remembering) 1959 അങ്കമാലി-ഏഴ് പേര്‍-വിമോചന സമരം, 1970 വയനാട്-നക്‌സല്‍ വര്‍ഗീസ്, 1980 മലപ്പുറം-മൂന്ന് മുസ്‌ലിം ലീഗുകാര്‍ 'അറബി ഭാഷാ സമരം', 1991 പാലക്കാട്-സിറാജുന്നീസ, 1994 കൂത്തുപറമ്പ്-അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, 2003 മുത്തങ്ങ-മൂന്ന് ആദിവാസികള്‍, 2009 ബീമാപ്പള്ളി- ആറ് പേര്‍ (52 പേര്‍ക്ക് പരിക്ക്), 2010 കാസര്‍കോഡ്-ഒരു മുസ്‌ലിംലീഗുകാരന്‍. ഇതില്‍ കേരളം കൂട്ടമായി മറന്നുകളഞ്ഞ രണ്ട് വെടിവെപ്പുകളാണ് ബീമാപ്പള്ളിയും സിറാജുന്നീസയും. ഏകപക്ഷീയമായ ഭരണകൂട-പോലീസ് വംശവെറിയായിരുന്നു ഈ രണ്ട് സന്ദര്‍ഭങ്ങളെങ്കിലും, സ്വാഭാവികമായും മായ്ച്ചു കളയേണ്ട ഓര്‍മ എന്ന നിലയിലുള്ള 'വര്‍ഗീയ പ്രശ്‌ന'മായതുകൊണ്ട് മതേതര പൊതുമണ്ഡലത്തിന്റെ സുരക്ഷക്കുവേണ്ടി കേരളം ഇവ മറന്നുകളയുകയാണ്.
കെ. അഷ്‌റഫ് എഡിറ്റ് ചെയ്ത ബീമാപ്പള്ളി പുസ്തകം ഒമ്പത് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യഭാഗം ബീമാപ്പള്ളി വെടിവെപ്പിനെ മുന്‍നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെയും വംശീയതയെക്കുറിച്ചുള്ള വ്യവഹാരങ്ങളെയും വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗം, പത്രങ്ങളില്‍ വന്ന പ്രതികരണ ലേഖനങ്ങള്‍. മൂന്നാം ഭാഗം, ബീമാപ്പള്ളിയുടെ വാമൊഴിചരിത്രം കണ്ടെടുക്കുന്ന ഫീല്‍ഡ് നോട്ട്. നാലില്‍, എന്‍.സി.എച്ച്.ആര്‍.ഒ, പി.യു.സി.എല്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍. അഞ്ചും ആറും ഭാഗങ്ങള്‍ ബ്ലോഗ് പോസ്റ്റുകളും ബ്ലോഗ് ഗ്രൂപ്പായ 'ഗ്രീന്‍ യൂത്തിന്റെ' ചര്‍ച്ചയുമാണ്. ഏഴാമതായി മാധ്യമത്തില്‍ വന്ന എന്‍.പി ജിഷാറിന്റെ പരമ്പര. എട്ടാം ഭാഗം ബീമാപ്പള്ളി പോലീസ് നടപടിയുടെ പത്രറിപ്പോര്‍ട്ട് വിശകലനം. 'ഇന്ത്യന്‍ മുസ്‌ലിംകളും കലാപകാലത്തെ പോലീസും' എന്ന അനുഭവം വ്യത്യസ്ത ഗവണ്‍മെന്റ്കമീഷന്‍ റിപ്പോര്‍ട്ടുകളിലൂടെ വിലയിരുത്തുന്നതാണ് ഒമ്പതാം ഭാഗം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍