രോഗ പരിചരണത്തിന്റെ സാന്ത്വന ചിത്രങ്ങള്‍
പ്രതീക്ഷിക്കാത്ത നേരത്ത് രോഗം ജീവിതത്തിലേക്ക് കയറിവരും. രോഗത്തെക്കുറിച്ച് ഡോക്ടര്‍ തീര്‍പ്പു കല്‍പ്പിക്കുമ്പോള്‍ വിധിരേഖപോലെ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ആ നേരറിയിക്കും. അപ്പോള്‍ ജീവിതം കീഴ്‌മേല്‍ മറിയുകയായി; രോഗിയുടെ മാത്രമല്ല ബന്ധുക്കളുടെയും. പിന്നെ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ അവര്‍ തിരിച്ചറിയും ആഘോഷങ്ങള്‍ അവസാനിക്കുന്നു, ജീവിതത്തിന്റെ പച്ചപ്പ് നഷ്ടപ്പെടുകയാണ്. ആശ്വസിപ്പിക്കാനെത്തുന്ന സുഹൃത്തുക്കളുടെ വരവിന്റെ ഇടവേളക്ക് ദൈര്‍ഘ്യം കൂടിയിരിക്കുന്നു. എല്ലാവര്‍ക്കും തിരക്കാണ്. തിരക്ക് മരണത്തോടെ മാത്രമേ അവസാനിക്കൂ എന്നാണ് കരുതിയിരുന്നത്. ഇപ്പോഴിതാ എന്റെ തിരക്ക് ജീവിതം നില്‍ക്കെതന്നെ അവസാനിച്ചിരിക്കുന്നു. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഓട്ടത്തിന്റെ പേരായിരിക്കുന്നു ജീവിതം.
മുമ്പ് പെര്‍ഫ്യൂമിന്റെ മണമായിരുന്നു തനിക്ക്. ഇന്ന് മരുന്നിന്റെ മണമാണ്. ഉറക്കം ഞരക്കത്തിന് വഴിമാറുമ്പോള്‍ പകലും രാവും ഒരേപോലെ. എല്ലാവരും ഉറക്കത്തില്‍ ആണ്ടുകിടക്കുമ്പോള്‍ ആശ്വാസത്തിനായി ക്ലോക്കിലേക്ക് നോക്കും, രണ്ട് മണി.... കണ്ണടച്ച് മയക്കം കൊതിച്ച് വേദന അലിച്ചിറക്കി, കുറച്ചുനേരം കഴിഞ്ഞ് തന്റെ മുഷിഞ്ഞ ജീവിതത്തിലേക്കെന്നപോലെ വീണ്ടും ക്ലോക്കിലേക്ക് നോക്കും. സമയം 2.10. ഇത്രയും നേരം ആകെ നീങ്ങിയത് 10 മിനിറ്റ് മാത്രം. വന്ന് വന്ന് ഇപ്പോള്‍ രാത്രിയാവുന്നത് തന്നെ പേടിയായിരിക്കുന്നു.
ജീവിതം ഭാരമായി തുടങ്ങുമ്പോള്‍ ഓരോ രോഗിയും അവരുടെ പ്രിയപ്പെട്ടവരും സമൂഹത്തിന്റെ കൈതാങ്ങ് ഏറെ കൊതിച്ചുപോവുന്നുണ്ട്. മൂകമായിപ്പോയ വീടിന്റെ പടി കടന്നെത്തുന്ന സ്‌നേഹമനസ്‌കരായ ആളുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
പറഞ്ഞല്ലോ, തിരക്കാണ് നമുക്ക്. ആലോചിച്ചിട്ടുണ്ടോ? എത്ര തിരക്കുള്ള ആളായിരുന്നു പ്രവാചകന്‍. ഒരു സമൂഹത്തെ മാറ്റാന്‍ അക്ഷീണം യത്‌നിക്കുകയും ഒരു രാഷ്ട്രം കെട്ടിപ്പടുക്കുകയും ചെയ്ത പ്രവാചകന്‍. വീട്ടുകാരോടൊത്ത് ചെലവഴിക്കാന്‍ സമയം കണ്ടെത്തിയ പ്രവാചകന്‍. രാത്രി നിന്ന് നമസ്‌കരിച്ച് നീരിറങ്ങിയ കാലില്‍ തൊട്ട് എന്തിനാണീ പെടാപാടെന്ന് ചോദിക്കുന്ന പ്രിയതമയോട്, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടേ എന്ന് ചോദിക്കുന്ന പ്രവാചകന്‍. ഈ പ്രവാചകനെയാണ് പ്രായം ചെന്ന ഒരു അമ്മയുടെ വിറക് ചുമട്ടുകാരനായി, സേവകനായി നാം കാണുന്നത്. രോഗിയുടെ കിടക്കക്കരികില്‍ ആശ്വാസത്തിന്റെ വാക്കായി പെയ്യുന്ന പാലിയേറ്റീവ് പ്രവര്‍ത്തകനായ പ്രവാചകനെയും നമ്മള്‍ കാണുന്നു.
നമുക്ക് അബൂബക്‌റി(റ)നെ ഇഷ്ടമാണ്. അബൂബക്‌റിനെ കുറിച്ച് പറയാന്‍ ആയിരം നാവാണ്. അബൂബക്ര്‍(റ) രാവിലെ, കിടപ്പിലായ വൃദ്ധയുടെ വീട്ടിലെത്തി വേണ്ട പരിചരണങ്ങള്‍ നിര്‍വഹിച്ചെന്നും പിന്നെ അവിടെയെത്തിയ ഉമര്‍(റ), 'ഈ വിഷയത്തില്‍ താങ്കള്‍ എന്നെ തോല്‍പ്പിച്ചു കളഞ്ഞല്ലോ' എന്നുപറഞ്ഞുവെന്നും കേള്‍ക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. അബൂബക്‌റിനെയും ഉമറിനെയും നാം ഏറ്റെടുത്തു. പക്ഷേ, അവരിലെ പാലിയേറ്റീവ് മനസ്സിനെ എന്തുകൊണ്ടാണ് നമ്മള്‍ ഏറ്റെടുക്കാതിരുന്നത്? കാലമാവശ്യപ്പെടുന്ന പ്രസക്തമായ ചോദ്യമാണിത്.
മദീനയിലെ പള്ളിയില്‍ ഇഅ്തികാഫിരിക്കുകയാണ് ഇബ്‌നു അബ്ബാസ്(റ). പ്രയാസപ്പെടുന്ന മുഖഭാവവുമായി ഒരാള്‍ വന്ന് പള്ളിയുടെ മൂലക്കിരിക്കുന്നു. പ്രയാസത്തിന്റെ കാരണം തിരക്കിയ ഇബ്‌നു അബ്ബാസിനോട് അയാള്‍ തന്റെ സങ്കടങ്ങള്‍ തുറന്നു പറയുന്നു. അദ്ദേഹത്തിന്റെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞ ഇബ്‌നു അബ്ബാസിനോട് സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നു: 'താങ്കള്‍ ഇഅ്തികാഫിലല്ലേ?' ഇബ്‌നു അബ്ബാസിന്റെ മറുപടി, '(പ്രവാചകന്റെ ഖബ്ര്‍ ചൂണ്ടി) ഈ ഖബ്‌റില്‍ കിടക്കുന്ന ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പത്ത് കൊല്ലം ഇഅ്തികാഫിരിക്കുന്നതിനേക്കാള്‍ പുണ്യമാണ് ഒരു സഹോദരന്റെ പ്രയാസം തീര്‍ക്കാന്‍ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്' എന്ന്. ഇവിടെ ഇഅ്തികാഫിന്റെ പ്രാധാന്യം കുറച്ചുകാണിക്കുകയല്ല, മറിച്ച് ജനോപകാരപ്രദമായ ഏത് പ്രവര്‍ത്തനവും ഇഅ്തികാഫ് പോലെ പുണ്യകരമാണ് എന്ന് പഠിപ്പിക്കുകയാണ്.
വടകര 'തണല്‍' അഗതി മന്ദിരത്തില്‍ വന്ന് പയ്യോളിക്കടുത്ത ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ അമ്മാളുഅമ്മ എന്ന സ്ത്രീയെകുറിച്ച വിവരം നല്‍കിയത് സത്യസായി പ്രവര്‍ത്തകരാണ്. അമ്മാളുഅമ്മയെ 'തണലില്‍' എടുക്കണമെന്നതായിരുന്നു ആവശ്യം. അന്വേഷണത്തിനായി അവരുടെ കൂടെ അമ്മാളുഅമ്മയുടെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ രാത്രിയായിരുന്നു. ദ്രവിച്ച്, ഈര്‍ക്കിള്‍ മാത്രമായ ഓലകളാല്‍ ചുറ്റിമറച്ച ഒറ്റ മുറി കൂര. ചാരി വെച്ച പലക വാതിലില്‍ പലവട്ടം മുട്ടിയിട്ടും ഉത്തരം കിട്ടാത്തതിനാല്‍ പലകയുടെ വിടവിലൂടെ എത്തിനോക്കിയപ്പോള്‍, എഴുന്നേല്‍ക്കാന്‍ കഴിയാതെ മണ്ണിളകിയ നിലത്തുകൂടെ ഇഴയാന്‍ ശ്രമിക്കുന്ന അമ്മാളുഅമ്മയെയാണ് കണ്ടത്. ഒരു ചിമ്മിനി വിളക്ക് തൊട്ടരികില്‍ കത്തുന്നുണ്ട്. ഒരു വശം തളര്‍ന്ന അവര്‍ വിളക്ക് മറ്റേ കൈകൊണ്ട് ദൂരത്തേക്ക് നീക്കുകയാണ്. നിരങ്ങി നിരങ്ങി വന്ന് പലക വാതിലിനു താഴെ പിടിപ്പിച്ച ഓടാമ്പല്‍ നീക്കി അമ്മാളുഅമ്മ.... ഒരുപാട് നാളായി ഒറ്റക്ക് താമസിക്കുകയാണ് ഈ വൃദ്ധ. ഒരിക്കല്‍ വെള്ളമെടുക്കാന്‍ മുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു. പ്രഷര്‍ കൂടി മുറ്റത്ത് വീണു. ഒരു വശം തളര്‍ന്നു. കാലത്ത് ഒന്‍പതു മണി മുതല്‍ ഉച്ചക്ക് 12 മണി വരെ മഴയത്ത് കിടന്നു.
വയനാട് ജില്ലയിലെ ഫോറസ്റ്റ് ഏരിയയില്‍ താമസിക്കുന്ന സൂറതാത്തയുടെ കഥയും വിഭിന്നമല്ല. കാട്ടിനകത്തെ ഒറ്റ മുറിയില്‍ ഏകയായി കഴിയുന്നു. ഒരിക്കിലവര്‍ പനി പിടിച്ച് 'തളര്‍ന്ന് കിടന്നു. കൂടെ പോകാന്‍ ആളില്ലാത്തതിനാല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോലും എത്തിക്കാനായില്ല. അഗതി മന്ദിരത്തിലെ ഡോക്ടര്‍ പറഞ്ഞത്, സമയത്തിന് ചികിത്സയും മരുന്നും കിട്ടാത്തതുകൊണ്ടാണ് ഈ തളര്‍ച്ച വന്നത് എന്നാണ്. ഒരാള്‍ രോഗിയായി കിടപ്പിലാവുന്നതോടെ ചെറിയ ഒരു കട്ടിലിന്റെ വലിപ്പത്തിലേക്ക് അയാളുടെ ജീവിതം ചുരുങ്ങിപ്പോവുന്നു. ഇന്നലെ വരെ പോയ അങ്ങാടികളും സ്‌കൂളും, ക്ലബ്ബും കൂട്ടുകാരോടൊപ്പം നടന്ന വഴികളും കല്യാണ മണ്ഡപങ്ങളും, ആഘോഷങ്ങളും.... ഇവയില്‍ നിന്നെല്ലാം ഒരു ചെറിയ മുറിയിലേക്ക് ഒരാള്‍ വലിച്ചെറിയപ്പെടുമ്പോള്‍, കണ്ണീരുപ്പുകലര്‍ന്ന് അയാളുടെ ജീവിതം പിഞ്ഞിപോകുമ്പോള്‍, ആശ്വാസത്തിന്റെ തെളിനീര്‍ വാക്കുകളുമായി അയാളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും കടന്നുചെല്ലാന്‍ കഴിയണം. അപ്പോള്‍ മാത്രമേ ഉത്തമ സമുദായം എന്ന വാക്കിന് നാം അര്‍ഹരാകുന്നുള്ളൂ.
ഇന്നുണ്ടോ പട്ടിണി, ഇന്നുണ്ടോ പ്രയാസം എന്ന് ചോദിക്കുന്നവര്‍ നാല് വരി പാതക്കപ്പുറത്ത് മെട്രോയിക്കപ്പുറത്ത്, ബഹുനില കെട്ടിടങ്ങള്‍ക്കപ്പുറത്ത് വികസന മാമാങ്ങങ്കള്‍ക്കപ്പുറത്ത്, വയലേലകളിലും മലയുടെ താഴ്‌വാരങ്ങളിലും, കോളനികളിലും, ചേരികളിലും കടന്നുചെല്ലണം. അപ്പോള്‍ മാത്രമേ താന്‍ ജീവിക്കുന്ന സാമൂഹിക പരിസരത്തെ കുറിച്ച്, അതിന്റെ ദുരിതാവസ്ഥകളെക്കുറിച്ച് ബോധമുണ്ടാവൂ.... വ്യക്തിയുടെ പ്രയാസം സമൂഹത്തിന്റെ പ്രയാസമായി മാറുമ്പോള്‍ മാത്രമേ താന്‍ സാമൂഹിക ജീവിയാണ് എന്ന മനുഷ്യന്റെ അഭിമാനബോധത്തിന് അര്‍ഥമുണ്ടാവൂ.
Comments