Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

ആതുര സേവനത്തിന്റെ ഇസ്ലാമിക മാതൃകകള്‍

പി.കെ ജമാല്‍ കവര്‍‌സ്റ്റോറി

തുര സേവന-സാന്ത്വന ചികിത്സാ രംഗങ്ങളില്‍ കുലീന പൈതൃകം അവകാശപ്പെടാനുള്ള ഈട്‌വെയ്പ് ഇസ്‌ലാമിക നാഗരികതക്കുണ്ട്. മനുഷ്യന്റെ ആത്മീയ-ഭൗതികാവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഉറപ്പുവരുത്തുകയും ക്ഷേമൈശ്വര്യപൂര്‍ണമായ സമ്പന്ന സമൂഹത്തിന് അടിത്തറ പാകുകയും ചെയ്തിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. നാഗരികതയുടെ ശില്‍പിയായ പ്രവാചകന്റെ വചനം ആ കാലഘട്ടത്തിന്റെ ഊര്‍ജസ്രോതസ്സായി: ''നിന്റെ ശരീരത്തിന്നും നിന്റെ മേല്‍ അവകാശമുണ്ട്. ഓരോന്നിനും അതതിന്റെ അവകാശം വകവെച്ചു നല്‍കുക'' (ബുഖാരി). രോഗങ്ങള്‍ ചെറുക്കുകയും പ്രതിരോധ ചികിത്സാ വിധികള്‍ തേടുകയും ചെയ്യാന്‍ അനുശാസിക്കുന്ന ഇസ്‌ലാമിനെ ആത്മാവിലേറ്റിയ പൂര്‍വികര്‍ ജന്മം നല്‍കിയ നാഗരിക സ്ഥാപനങ്ങള്‍ ആശുപത്രികള്‍ പണിയാനും വൈദ്യവിദ്യാ കേന്ദ്രങ്ങള്‍ നടത്താനും വിദഗ്ധരായ ഭിഷഗ്വരന്മാരെ സൃഷ്ടിച്ചെടുക്കാനും നേതൃത്വം കൊടുത്തു.
ആരോഗ്യ പരിപാലനം, സാധുജന സംരക്ഷണം, രോഗികള്‍ക്കും അവശര്‍ക്കും സാന്ത്വനം എന്നീ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ആശുപത്രികള്‍ മുഖേന രോഗികള്‍ക്കും മാറാവ്യാധികള്‍ക്കടിപ്പെട്ടവര്‍ക്കും ചികിത്സയും ഭക്ഷണവും വസ്ത്രവും നല്‍കി പുനരധിവസിപ്പിക്കാന്‍ ആദികാലങ്ങളില്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി. ഇസ്‌ലാമിക നാഗരികതയുടെ പ്രഭാവത്തിന് യശസ്സ് പകരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതുപുത്തന്‍ മാതൃകകള്‍ ലോകത്തിന് കാഴ്ചവെച്ച ഭരണകൂടങ്ങള്‍ തങ്ങള്‍ സ്ഥാപിച്ചു നടത്തിവന്ന ആശുപത്രികളെ വൈദ്യവിദ്യാ കേന്ദ്രങ്ങളായും ഉയര്‍ത്തി. ലോകത്ത് ആദ്യമായി ആശുപത്രികള്‍ സ്ഥാപിച്ച ഖ്യാതി ഇസ്‌ലാമിക നാഗരികതയുടെ സ്രഷ്ടാക്കളായ മുസ്‌ലിം ഭരണാധികാരികള്‍ പിടിച്ചുപറ്റി. യൂറോപ്പ് ഈ രംഗത്ത് പിച്ചവെച്ച് തുടങ്ങുന്നതിന് ഒമ്പത് നൂറ്റാണ്ട് മുമ്പേ മുസ്‌ലിം ഭരണകൂടങ്ങള്‍ ആതുര-ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നടത്തിവന്നു എന്നതാണ് ചരിത്രം.
ഉമവി ഖലീഫ വലീദുബ്‌നു അബ്ദുല്‍ മലികിന്റെ ഭരണകാല(ഹി. 86-96/ക്രി 705-715)ത്താണ് ആദ്യത്തെ മുസ്‌ലിം ആശുപത്രി സ്ഥാപിതമായത്. കുഷ്ഠരോഗ ചികിത്സയായിരുന്നു ഈ ആശുപത്രിയുടെ പ്രത്യേകത. ആശുപത്രികള്‍ 'ബീമാരിസ്ഥാന്‍' എന്ന പേരിലാണ് അറിയപ്പെട്ടത്; രോഗിഗേഹങ്ങള്‍ എന്നര്‍ഥം. നഗരങ്ങളില്‍ സ്ഥിരമായ ആശുപത്രി സംവിധാനവും ഗ്രാമ-മരുഭൂ മലമ്പ്രദേശങ്ങളില്‍ ചെന്ന് ചികിത്സിക്കാന്‍ മൊബൈല്‍ ആശുപത്രികള്‍ എന്നതുമായിരുന്നു അംഗീകൃത രീതി. സുല്‍ത്താന്‍ മഹ്മൂദ് സല്‍ജൂകിയുടെ ഭരണകാലത്ത് (ഹി. 511-525/ ക്രി. 1117-1131) നാല്‍പതോളം ഒട്ടകങ്ങളുടെ പുറത്ത് മരുന്നുകളും ഉപകരണങ്ങളും ചുമന്ന് വിദൂര ദിക്കുകളില്‍ ചികിത്സാ സൗകര്യമൊരുക്കുന്ന ചലിക്കുന്ന ആശുപത്രി സംവിധാനങ്ങളുണ്ടായിരുന്നു. നഗരങ്ങളിലെ ആശുപത്രികള്‍ അന്ന് ലബ്ധമായിരുന്ന അതിനൂതന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഒന്നോര്‍ത്താല്‍, മൊബൈല്‍ ആശുപത്രിയുടെ തുടക്കം പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്താണ്. ഖന്‍ദഖ് യുദ്ധവേളയില്‍ (ഹി.5) പരിക്കേറ്റ മുസ്‌ലിം ഭടന്മാരെ ചികിത്സിക്കുന്നതിന് സഞ്ചരിക്കുന്ന ആശുപത്രി സ്ഥാപിക്കാന്‍ സ്വഹാബി വനിത റഫീദ ബിന്‍ത് സഅദില്‍ അസ്‌ലമിയ്യക്ക് നബി(സ) നല്‍കിയ നിര്‍ദേശത്തിന്റെ വികസിത രൂപമാണ് പില്‍ക്കാലത്ത് മുസ്‌ലിം ഭരണാധികാരികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ആദ്യത്തെ പരിഷ്‌കൃത മൊബൈല്‍ ആശുപത്രി സ്ഥാപിതമായത് അബ്ബാസി ഖലീഫ മുഖ്തദിറിന്റെ കാലത്താണ്.

സ്‌പെയിന്‍ വഴി കാണിക്കുന്നു
മുസ്‌ലിം നഗരങ്ങളിലെ ആശുപത്രികളില്‍ പ്രസിദ്ധമായത് ബഗ്ദാദിലെ അളുദി ആശുപത്രി (ഹി. 371 / ക്രി. 981), ദമസ്‌കസിലെ നൂരി ആശുപത്രി (ഹി. 549 / ക്രി. 1154), കയ്‌റോവിലെ മന്‍സൂരി ആശുപത്രി (ഹി. 683 / ക്രി. 1284) എന്നിവയാണ്. സ്‌പെയിനിന്റെ (അന്ദുലുസ്) തലസ്ഥാന നഗരിയായ കൊര്‍ദോവ(ഖുര്‍തുബ)യില്‍ അമ്പതിലേറെ ആശുപത്രികള്‍ പ്രവര്‍ത്തിച്ചിരുന്നു (ഇബ്‌നുല്‍ ഖുഫ്തി- താരിഖുല്‍ ഹുകമാഅ്, പേജ് 405). ഈ ആശുപത്രികളെല്ലാം മെഡിക്കല്‍ കോളേജുകളായും പ്രവര്‍ത്തിച്ചുവന്നു. ആധുനിക കാലഘട്ടത്തിലെ മെഡിക്കല്‍ കോളേജുകളിലെ എല്ലാ ചിട്ടവട്ടങ്ങളും ഒത്തിണങ്ങിയ സമ്പൂര്‍ണ സ്ഥാപനങ്ങള്‍ തന്നെ. ആശുപത്രികളില്‍ തന്നെ ജനറല്‍ മെഡിസിന്‍, സര്‍ജറി, സ്‌കിന്‍ ഡിസീസസ്, ശ്വാസകോശ രോഗങ്ങള്‍, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക് തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം ഡിപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടായിരുന്നു. ഓരോ ശാഖയിലും ഗവേഷണത്തിനുതകുന്ന ബൃഹത്തായ ലൈബ്രറികളും ഇവയുടെ പ്രത്യേകതയായിരുന്നു. കയ്‌റോവിലെ ഇബ്‌നുതൂലൂന്‍ ആശുപത്രിയില്‍ ലക്ഷത്തിലേറെ ഗ്രന്ഥങ്ങളുള്ള ലൈബ്രറി പ്രവര്‍ത്തിച്ചു.
സുല്‍ത്താന്‍ നൂറുദ്ദീന്‍ മഹ്മമൂദിന്റെ ഭരണകാലത്ത് (ഹി. 549/ക്രി. 1154) ദമസ്‌കസില്‍ സ്ഥാപിച്ച ആശുപത്രിയാണ് വലുപ്പത്തിലും ഗരിമയിലും മികച്ചത്. കയ്‌റോവില്‍ മന്‍സൂര്‍ സയ്ഫുദ്ദീന്‍ ഖലാവൂന്‍ (ഹി. 683/ക്രി. 1284) സ്ഥാപിച്ച ആശുപത്രി വൃത്തിയിലും വ്യവസ്ഥയിലും അടുക്കിലും ചിട്ടയിലും ലോകത്തൊന്നാമതായി ഗണിക്കപ്പെട്ടു. ദിവസം 4000 രോഗികള്‍ ചികിത്സ തേടിവന്ന ആശുപത്രിയായിരുന്നു ദമസ്‌കസിലേത്. മൊറോക്കോവില്‍ മന്‍സൂര്‍ അബൂയൂസുഫ് യഅ്ഖൂബ് (ഹി. 580/ക്രി. 1184) സ്ഥാപിച്ച മര്‍റാകിശ് ആശുപത്രി ഭംഗിയിലും ശില്‍പ ചാതുരിയിലും മനോഹാരിതയിലും വേറിട്ടുനിന്ന ലോകോത്തര ആതുരാലയമായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ തിലകക്കുറിയായി വിലസിയ ആ ആശുപത്രിയുടെ കാമ്പസില്‍ നാനാതരം ഔഷധച്ചെടികളും പൂന്തോട്ടങ്ങളും ആശുപത്രിക്കകത്ത് നാല് കൊച്ചു ജലാശയങ്ങളും സംരക്ഷിക്കപ്പെട്ടുപോന്നു എന്ന വസ്തുത ആ കാലത്തെ ഭരണാധികാരികളുടെ സഹൃദയത്വത്തെയാണ് സൂചിപ്പിക്കുന്നത്. ദേശാന്തര യാത്രകള്‍ നടത്തിയ ഇബ്‌നു ജുബൈര്‍ (ഹി. 580/ക്രി. 1184) തന്റെ സഞ്ചാര കൃതികളില്‍ ചില മുസ്‌ലിം രാജ്യങ്ങളില്‍ തനിക്ക് കാണാന്‍ കഴിഞ്ഞ സമ്പൂര്‍ണ മെഡിക്കല്‍ ഗ്രാമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അബ്ബാസിയ ഭരണകൂട തലസ്ഥാനമായ ബഗ്ദാദിന്റെ പരിസരത്ത് കാണാനിടയായ ഒരു ഗ്രാമം ഇബ്‌നു ജുബൈറിന്റെ വാക്കുകളില്‍: ''ആ ഗ്രാമം ഒരു കൊച്ചു നഗരി തന്നെ. മധ്യത്തില്‍ മനോഹരമായ കൂറ്റന്‍ കൊട്ടാരം. ചുറ്റും പൂന്തോട്ടങ്ങളും കൊച്ചു കൊച്ചു വസതികളും. എല്ലാം രോഗികള്‍ക്ക് വഖ്ഫ് ചെയ്തതാണ്. വിവിധ രോഗചികിത്സയില്‍ വിദഗ്ധരായ ഭിഷഗ്വരന്മാര്‍, വൈദ്യവിദ്യാര്‍ഥികള്‍ തുടങ്ങി ആ മേഖലയിലെ സര്‍വ വിഭാഗവും ലക്ഷ്യം വെച്ച് പോകുന്ന മനോഹര നഗരി'' (മിന്‍ റവാഇഇ ഹളാറത്തിനാ, മുസ്ത്വഫസ്സിബാഇ).

വഖ്ഫുകള്‍ ജനനന്മക്ക്
രോഗികളുടെ ചികിത്സക്കും ക്ഷേമ പദ്ധതികള്‍ക്കും വൈദ്യ രംഗത്തെ വികസനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം വഖ്ഫ് മുതലുകള്‍ നീക്കിവെച്ചു എന്നത് മുസ്‌ലിം ഭരണകൂടങ്ങളുടെ പ്രായോഗിക ചിന്തക്കും ദീര്‍ഘദൃഷ്ടിക്കും മതിയായ തെളിവാണ്. മുസ്‌ലിം ഭരണകൂട സ്വരൂപത്തില്‍ ഇന്നത്തെപോലെ ആരോഗ്യ മന്ത്രാലയം ഉണ്ടായിരുന്നില്ല. ജനസേവന-ജീവകാരുണ്യ-ആതുരശുശ്രൂഷാ രംഗങ്ങളില്‍ വഖ്ഫ് മുതലുകളില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കുകയായിരുന്നു രീതി. ബഗ്ദാദില്‍, ഹാറൂന്‍ റശീദ് സ്ഥാപിച്ച ബീമാരിസ്ഥാന്‍ ഈ ഗണത്തില്‍ പെട്ടതാണ്. ഇങ്ങനെ വഖ്ഫ് മുതല്‍ ചെലവിട്ട് അഞ്ച് ആശുപത്രികളാണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ബഗ്ദാദില്‍ മാത്രം നിര്‍മിക്കപ്പെട്ടത്. ഇബ്‌നു ജുബൈര്‍ രേഖപ്പെടുത്തുന്നത്, അക്കാലത്ത് ലഭ്യമായിരുന്ന സംവിധാനങ്ങള്‍ ഒരുക്കിയ സമ്പൂര്‍ണ മെഡിക്കല്‍ നഗരികള്‍ അറിയപ്പെട്ടത് 'സൂഖുമാരിസ്ഥാന്‍' എന്ന പേരിലാണ്. വഖ്ഫ് മുതല്‍ വിനിയോഗിച്ച് ഈജിപ്തില്‍ അക്കാലത്ത് സ്ഥാപിതമായ ആശുപത്രികളെക്കുറിച്ച് ചരിത്രം പറയുന്നുണ്ട്. ഫത്ഹ് ബ്‌നു ഖാഫാന്‍, അഹ്മദ് ബ്‌നു തൂലൂന്‍, സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവര്‍ സ്ഥാപിച്ച ആശുപത്രികള്‍ നിര്‍വഹിച്ച നാനാതരം സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈദ്യമേഖലയിലെ ബൃഹത്തായ സംഭാവനകളെക്കുറിച്ചും അനുസ്മരിക്കുന്ന ചരിത്ര കൃതികള്‍, ഇവക്കെല്ലാമുള്ള ബഹുമതി ചാര്‍ത്തിക്കൊടുക്കുന്നത് ഇസ്‌ലാമിലെ വഖ്ഫ് വ്യവസ്ഥക്കാണ്. ഈജിപ്തിലെ ഖലാവുന്‍ രാജാവ് സ്ഥാപിച്ച് പിന്നീട് വഖ്ഫ് ആയി രാജ്യത്തിന് സമര്‍പ്പിച്ച ആശുപത്രിയെക്കുറിച്ച് ഇബ്‌നു ബതൂത്ത രേഖപ്പെടുത്തുന്നു: ''ഖലാവുന്‍ സ്ഥാപിച്ച ആശുപത്രിയുടെ മേന്മയും മനോഹാരിതയും ശില്‍പഭംഗിയും വിവരണാതീതമാണ്. ആശുപത്രിയിലെ ഔഷധ ശേഖരവും രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങളും കണ്ടപ്പോള്‍, ലോകത്തെ മുഴുവന്‍ സംവിധാനങ്ങളും ഒരു ആശുപത്രിയുടെ ചുമരുകള്‍ക്കകത്ത് പറിച്ചു നട്ടിരിക്കുകയാണോ എന്ന് തോന്നി...''
മുസ്‌ലിം സ്‌പെയിനില്‍ കൊര്‍ദോവയില്‍ മാത്രം അമ്പത് ആശുപത്രികള്‍ പ്രവര്‍ത്തിച്ചിരുന്നു. എല്ലാം ഭരണാധികാരികളും ഖലീഫമാരും അമീറുമാരും സമ്പന്നരും ഉണ്ടാക്കി വഖ്ഫ് ചെയ്തവയാണ്. മൊറോക്കോയിലെ വിദൂര നഗരങ്ങളിലും ഗ്രാമങ്ങളിലും ആദികാലം മുതല്‍ക്കേ പ്രശസ്തമായ ആശുപത്രികള്‍ പ്രവര്‍ത്തിച്ചു. ഫാസില്‍ സ്ഥിതി ചെയ്ത സയ്യിദ് ഫറജ് ആശുപത്രിയില്‍ പക്ഷികളുടെ ചികിത്സക്കായി ഒരു വാര്‍ഡുണ്ടായിരുന്നു. രോഗികളുടെ മാനസോല്ലാസത്തിന് സംഗീത വിരുന്നൊരുക്കാനും കലാകാരന്മാര്‍ക്കും ഗായകര്‍ക്കും പാര്‍ക്കാനും ആശുപത്രികളോട് ചേര്‍ന്ന് പ്രത്യേക വസതികള്‍ ഒരുക്കിയിരുന്നു. ആഴ്ചതോറും കലാകാരന്മാര്‍ ആശുപത്രി സന്ദര്‍ശിച്ച് സംഗീത ചികിത്സ നല്‍കണമെന്നായിരുന്നു ചട്ടം.

ബീമാരിസ്ഥാന്‍: പാലിയേറ്റീവിന്റെ ആദിരൂപം
ഇസ്‌ലാമിന്റെ ആദികാലങ്ങളില്‍ സ്ഥാപിതമായ ബീമാരിസ്ഥാന്‍ എന്ന ആശുപത്രികള്‍ക്ക് പല സവിശേഷതകളുമുണ്ടായിരുന്നു. ഇന്നത്തെ പാലിയേറ്റീവ്-സാന്ത്വന ചികിത്സയുടെ ചൈതന്യം പൂര്‍ണമായുള്‍ക്കൊണ്ട സ്ഥാപനങ്ങളായിരുന്നു അവ. ഈ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ച ഭിഷഗ്വരന്മാരും രോഗി പരിചാരകരും സഹാനുഭൂതിയുടെയും ആര്‍ദ്രതയുടെയും ഉദാത്ത മാതൃകകളായിരുന്നു. ഏത് രോഗിക്കും ഏത് നേരത്തും കടന്നുവരാം. രോഗി പൂര്‍ണ സുഖം പ്രാപിച്ച് സ്വമനസ്സാലെ ആശുപത്രി വിടുക എന്നല്ലാതെ 'ഡിസ്ചാര്‍ജ്' ചെയ്യുന്ന രീതിയുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകളുണ്ടായിരുന്നു. മാനസിക രോഗികള്‍ക്കും പകര്‍ച്ച വ്യാധി പിടിപ്പെട്ടവര്‍ക്കും നേത്ര രോഗികള്‍ക്കും ചര്‍മരോഗികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍. ഓരോ വിഭാഗത്തിലും വൈദഗ്ധ്യം നേടിയ ഡോക്ടര്‍മാരും നഴ്‌സുമാരും. ഓരോ ബീമാരിസ്ഥാനിലും ലക്ചര്‍ ഹാളുകള്‍, ഫാര്‍മസികള്‍, അടുക്കളകള്‍, ലൈബ്രറികള്‍, മുസ്‌ലിം രോഗികള്‍ക്ക് പള്ളികള്‍, ക്രൈസ്തവര്‍ക്ക് ചര്‍ച്ചുകള്‍, രോഗികള്‍ക്ക് വിനോദ-കായിക പരിപാടികള്‍-ഇവയെല്ലാം ബീമാരിസ്ഥാനില്‍ സംവിധാനിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേകം ശ്രദ്ധ വെച്ചു. ഇവക്കെല്ലാം ചെലവിട്ടത് വഖ്ഫ് മുതലുകളാണെന്നോര്‍ക്കണം. മുസ്‌ലിം ചിന്തകന്മാരും പണ്ഡിതന്മാരും ആ കാലഘട്ടങ്ങളില്‍ ഉള്‍ക്കൊണ്ട നവീന ചിന്തകളെയും കാഴ്ചപ്പാടുകളെയും കുറിച്ച വിളംബരമായിരുന്നു ബീമാരിസ്ഥാന്‍ എന്ന ആശുപത്രി- പാലിയേറ്റീവ് കേന്ദ്രങ്ങള്‍. ബീമാരിസ്ഥാന്റെ മറ്റൊരു പ്രത്യേകത രോഗികളുടെ ഫയലുകളും ചികിത്സാ രേഖകളും രജിസ്റ്ററുകളും സൂക്ഷിക്കുന്ന സംവിധാനമേര്‍പ്പെടുത്താന്‍ അവ ശ്രദ്ധിച്ചു എന്നതാണ്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു ഇവ കൈകാര്യം ചെയ്തത്.
അബ്ബാസിയാ ഭരണകാലത്ത് ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. ക്രി. 931-ല്‍ ഖലീഫ തന്റെ മന്ത്രിയായ സിനാനുബ്‌നു സാബിത് ബ്‌നു ഖുര്‍റക്ക്, എല്ലാ ഡോക്ടര്‍മാര്‍ക്കും പരീക്ഷ നടത്തി അര്‍ഹര്‍ക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശം നല്‍കി. അക്കാലം മുതല്‍ക്കാണ് ചികിത്സക്ക് ലൈസന്‍സ് നിര്‍ബന്ധമായത്.
സിറിയയുടെ തലസ്ഥാന നഗരിയായ ദമസ്‌കസില്‍ ഇപ്പോള്‍ മെഡിക്കല്‍-സയന്‍സ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന മനോഹര കെട്ടിടം നിലകൊള്ളുന്നത് മുമ്പ് 'നൂറുദ്ദീന്‍ ബീമാരിസ്ഥാന്‍' ആയി പ്രവര്‍ത്തിച്ച ഇടത്താണ്. പ്രസിദ്ധമായ ഉമവി മസ്ജിദിന് സമീപമാണിത്. സുല്‍ത്താന്‍ നൂറുദ്ദീന്‍ സന്‍കിയാണ് ആ ബിമാരിസ്ഥാന്റെ നിര്‍മാതാവ്. തടവുകാരനായി പിടിക്കപ്പെട്ട ഫ്രഞ്ച് രാജാവ് മോചനദ്രവ്യമായി നല്‍കിയ മൂന്ന് ലക്ഷം ദീനാറാണ് ഈ ബീമാരിസ്ഥാന്റെ നിര്‍മാണത്തിന് ചെലവിട്ടത്. ബീമാരിസ്ഥാന്‍ തല്‍ഖാഫി, ബീമാരിസ്ഥാനുല്‍ ഖൈമര്‍ തുടങ്ങിയവ ആ കാലഘട്ടത്തിലെ കേളികേട്ട ആതുര ശുശ്രൂഷാ കേന്ദ്രങ്ങളായിരുന്നു. സൗജന്യ ചികിത്സക്ക് പുറമെ, സുഖം പ്രാപിച്ചുപോകുന്ന രോഗികള്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവിഭവങ്ങളും പണക്കിഴിയും നല്‍കിയിരുന്നു ഈ ആശുപത്രികള്‍ എന്നറിയുമ്പോഴാണ് മുസ്‌ലിം രാജ്യങ്ങള്‍ ഭരിച്ച ഭരണാധികാരികള്‍ ഭരണീയരുടെ ക്ഷേമത്തില്‍ എത്രമാത്രം ശ്രദ്ധാലുക്കളായിരുന്നു എന്ന് ബോധ്യം വരിക.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍