സാന്ത്വന പരിചരണം മനുഷ്യാവകാശമാണ്
മാന്യമായി ജീവിക്കാനെന്നത് പോലെ മാന്യമായി മരിക്കാനും ഒരാള്‍ക്ക് അവകാശമുണ്ടെന്നത് സ്ഥലകാലങ്ങളുടെയും സംസ്‌കാരങ്ങളുടെയും പരീക്ഷയെ അതിജയിച്ച് നില്‍ക്കുന്ന ഒരു സര്‍വാംഗീകൃത യാഥാര്‍ഥ്യമാണ്. ഈ അടിസ്ഥാന മനുഷ്യാവകാശം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. സാന്ത്വന പരിചരണത്തിന്റെ ഈ ആധുനിക പതിപ്പിന് തുടക്കം കുറിച്ചത് തൊള്ളായിരത്തി അറുപതുകളില്‍ ഡോ. സിസിലി സാന്‍ഡേഴ്‌സ് ആണ്. ഈ ചികിത്സകന്‍ നേരത്തെ നഴ്‌സായും ആരോഗ്യമേഖലയില്‍ സാമൂഹിക പ്രവര്‍ത്തകനായും സേവനം ചെയ്തിട്ടുണ്ടായിരുന്നു. മരണവുമായി മുഖാമുഖം നില്‍ക്കുന്ന രോഗികള്‍ക്ക് സ്‌നേഹപരിലാളനകള്‍ ഉള്‍ക്കൊള്ളിച്ച ആരോഗ്യ പരിരക്ഷാ സേവനം ലഭ്യമാക്കുകയായിരുന്നു താന്‍ തുടക്കം കുറിച്ച പ്രസ്ഥാനത്തിന്റെ ലക്ഷ്യം. കാന്‍സര്‍ രോഗികള്‍ക്ക് മാത്രമല്ല, പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ മറ്റു രോഗികള്‍ക്കും ഈ സ്‌നേഹസ്പര്‍ശം ലഭിക്കണം.
സാന്ത്വന പരിരക്ഷയുടെ യൂനിറ്റ് എന്ന് പറയുന്നത് രോഗിയും അയാളുടെ/ അവളുടെ കുടുംബവും ചേര്‍ന്നതാണ്. രോഗിക്ക് മാത്രമല്ല, രോഗിയുടെ കുടുംബത്തിനും ഒട്ടേറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നു. അതുകൊണ്ട് കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കലും അവര്‍ക്ക് താങ്ങ് കൊടുക്കലും ഇതിന്റെ ഭാഗം തന്നെയാണ്. വളരെ വിപുലമാണ് ഇതിന്റെ വൃത്തം. വിവിധ മെഡിക്കല്‍ മേഖലകളില്‍ അറിവും പരിചയവുമുള്ള പ്രഫഷണലുകളുടെ കൂട്ടായ്മയിലൂടെ വേണം ഈ സംരംഭം രൂപപ്പെടുത്താന്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ആത്മീയ സാന്ത്വനമേകുന്നവര്‍, വിവിധയിനം തെറാപ്പികള്‍ ചെയ്യുന്നവര്‍, മനഃശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മ.
നിര്‍ഭാഗ്യവശാല്‍ പാലിയേറ്റീവ് കെയര്‍ വേണ്ടവിധം വികാസം പ്രാപിച്ചിട്ടില്ല മിക്ക നാടുകളിലും. അതിനാല്‍ ഒട്ടേറെ മനുഷ്യ മക്കള്‍ അവരുടെ ജീവിതാന്ത്യത്തില്‍ വളരെയധികം കഷ്ടപ്പെടാന്‍ ഇടവരുന്നു. മാന്യമല്ലാത്ത ഒരു മരണത്തിന് അവര്‍ കീഴടങ്ങേണ്ടിവരികയും ചെയ്യുന്നു. രോഗികള്‍ കഷ്ടപ്പെടുന്നു എന്നത് മാത്രമല്ല പ്രശ്‌നം. ഇത്തരം അനുഭവങ്ങള്‍ അവരുടെ കുടുംബാംഗങ്ങളില്‍ ഏല്‍പ്പിക്കുന്ന മാനസികാഘാതം വളരെ കടുത്തതായിരിക്കും. രോഗികളുടെയും അവരുടെ കുടുംബത്തിന്റെയും ദുരിതങ്ങള്‍ കുറച്ചു കൊണ്ടുവരാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ചെലവ് കുറഞ്ഞ രീതിയെന്ന നിലക്ക് പാലിയേറ്റീവ് കെയര്‍ ഇന്ന് അഭിലഷണീയമായ ഒരു സംരംഭമായല്ല, അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നായി തന്നെയാണ് മനസ്സിലാക്കപ്പെടുന്നത്.
Comments