ആതുരസേവനത്തിന്റെ കുവൈത്ത് സ്പര്‍ശം
രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പത്തു വര്‍ഷം മുമ്പ് രൂപം കൊണ്ട കൂട്ടായ്മയാണ് സാന്ത്വനം കുവൈത്ത്. ജാതി, മത, രാഷ്ട്രീയ സംഘടനകള്‍ക്കതീതമായ പൊതു കൂട്ടായ്മ. 2500 അംഗങ്ങളാണ് നിലവില്‍ സാന്ത്വനത്തിനുള്ളത്. ഓരോ അംഗങ്ങളില്‍ നിന്ന് മാസാന്തം ഒരു ദീനാര്‍ വീതം വരിസംഖ്യ ഈടാക്കുന്നു. നാട്ടില്‍ രോഗം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് സഹായമഭ്യര്‍ഥിച്ച് മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളെ അടിസ്ഥാനമാക്കി സഹായം നല്‍കാനാണ് വരുമാനത്തിന്റെ മുഖ്യ ഭാഗം ചെലവഴിക്കുന്നത്. വ്യക്തികള്‍ വഴി വരുന്ന, നാട്ടിലെ ഏതെങ്കിലും ഉത്തരവാദിത്വം വഹിക്കുന്നവര്‍ (പഞ്ചായത്ത് അംഗം പോലെ) സാക്ഷ്യപ്പെടുത്തിയ അപേക്ഷകളും പരിഗണിക്കും. ഓരോ മാസവും സ്വരൂപിക്കുന്ന സംഖ്യ ബാക്കി വെക്കാതെ അതതു മാസം തന്നെ ചെലവഴിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന സവിശേഷത. നാട്ടിലുള്ള രോഗികള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ് പോളിസിയെങ്കിലും അനിവാര്യ സാഹചര്യത്തില്‍ കുവൈത്തിലും സഹായം നല്‍കാറുണ്ട്.
കെ.ഐ.ജി (കേരള ഇസ്‌ലാമിക് ഗ്രൂപ്പ്) കുവൈത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ- സാമൂഹിക സേവന വേദിയാണ് കനിവ് സോഷ്യല്‍ റിലീഫ് സെല്‍. കെ.ഐ.ജിയുടെയും പോഷക സംഘടനകളായ യൂത്ത് ഇന്ത്യയുടെയും ഐവയുടെയും അമ്പതിലധികം ഘടകങ്ങളിലൂടെയും കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് സമാഹരിക്കുന്ന ചെറുതും വലുതുമായ സംഭാവനകളാണ് കനിവിന്റെ മൂലധനം. മാസാന്തം യോഗം ചേര്‍ന്ന്, ലഭിക്കുന്ന സഹായ അപേക്ഷകളില്‍ ഏറ്റവും അര്‍ഹമായത് പരിഗണിച്ച്, സമാഹരിക്കുന്ന സംഖ്യകള്‍ വിതരണം ചെയ്യുന്ന രീതിയാണ് കനിവ് സ്വീകരിച്ചിരിക്കുന്നത്. ഇതില്‍ രോഗികള്‍, തൊഴിലില്ലാത്തവര്‍, ഇഖാമ അടിക്കേണ്ടവര്‍, സാമ്പത്തിക ഞെരുക്കമനുഭവിക്കുന്നവര്‍ എന്നിങ്ങനെ വിവിധ പ്രയാസങ്ങളനുഭവിക്കുന്നവരുണ്ട്. ആവശ്യക്കാര്‍ ഏറെയുള്ളത് കൊണ്ട് ലഭിക്കുന്ന സംഖ്യ മുഴുവന്‍ കുവൈത്തില്‍ തന്നെ ചെലവഴിക്കുകയാണ്. 2012-ല്‍ മാത്രം ഏകദേശം 75 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കനിവ് നടത്തിയിട്ടുള്ളത്. കൂടാതെ കെ.ഐ.ജി പ്രവര്‍ത്തകര്‍ ആശുപത്രി സന്ദര്‍ശനം നടത്തുമ്പോള്‍ ശ്രദ്ധയില്‍ പെടുന്ന രോഗികളുടെ തുടര്‍ ചികിത്സയും മറ്റു ആവശ്യങ്ങളും പരിഹരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും കനിവ് നേതൃത്വം നല്‍കുന്നു. കുവൈത്തില്‍ മരണപ്പെടുന്ന മലയാളികളുടെ ജഡം നാട്ടില്‍ കൊണ്ടുപോകാനാവശ്യമായ സഹായ സഹകരണങ്ങള്‍ക്കും കനിവിന്റെ സഹായം തേടാറുണ്ട്. കെ.ഐ.ജിയുടെ വനിത വിഭാഗമായ ഐവയുടെ (ഇസ്‌ലാമിക് വിമന്‍സ് അസോസിയേഷന്‍) നേതൃത്വത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി മൂന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിക്കുകയുണ്ടായി.
ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റൊരു സംഘടനയാണ് 'കല' (കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍). രോഗികളെ ആശുപത്രിയിലെത്തിക്കാനും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്താനുമുള്ള ഒരു മെഡിക്കല്‍ വിംഗ് കലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന കലയുടെ പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും സഹകരിപ്പിച്ചാണ് മെഡിക്കല്‍ വിംഗ് രൂപീകരിച്ചിരിക്കുന്നത്. രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും അര്‍ഹതയനുസരിച്ച് സാമ്പത്തിക സഹായവും നല്‍കി വരുന്നു. ആയിരത്തി എണ്ണൂറോളം അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന മാസാന്ത വരിസംഖ്യയും സാംസ്‌കാരിക പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനവും മുഖ്യമായും ആതുരസേവനം ഉള്‍പ്പെടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. കുവൈത്തിലെ ആവശ്യക്കാര്‍ക്ക് തന്നെ മതിയാകാത്തതുകൊണ്ട് നാട്ടിലേക്ക് സഹായധനം കല നല്‍കുന്നില്ല. കുവൈത്തില്‍ മരണപ്പെടുന്നവരുടെ ജഡം നാട്ടിലെത്തിക്കാനാവശ്യമായ നിയമ സഹായം ഉള്‍പ്പെടെയുള്ള എല്ലാ സഹായ സഹകരണങ്ങളും കല നല്‍കി വരുന്നു.
കുവൈത്തിലെ പ്രമുഖ സംഘടനകളിലൊന്നായ കെ.കെ.എം.എയുടെ (കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍) കീഴില്‍ നടക്കുന്ന പ്രധാന പാലിയേറ്റീവ് പ്രവര്‍ത്തനം കിഡ്‌നി ഡയാലിസിസ് സെന്ററുകളാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പതും കര്‍ണാടകയില്‍ രണ്ടും ഡയാലിസിസ് സെന്ററുകളാണ് കെ.കെ.എം.എ സ്ഥാപിച്ചത്. ചാരിറ്റി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുമായി സഹകരിച്ചാണ് ഡയാലിസിസ് സെന്ററുകള്‍ സ്ഥാപിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ ഡയാലിസിസ് നടത്താനുള്ള സംവിധാനമൊരുക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ ഡയാലിസിസിന് 550 രൂപയാണ് ഈടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവരുടെ അര്‍ഹത അനുസരിച്ച് പ്രത്യേക കിഴിവും നല്‍കിവരുന്നു. കിഡ്‌നി രോഗികള്‍ക്ക് താല്‍കാലിക ആശ്വാസമായി സഹായം നല്‍കാന്‍ ഒരു കിഡ്‌നി പേഷ്യന്റ് ഫണ്ടും കെ.കെ.എം.എ കൈകാര്യം ചെയ്തു വരുന്നു. കൂടാതെ പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ റിലീഫ് ഫണ്ടില്‍ നിന്നും മരുന്ന് വാങ്ങാനാവശ്യമായ സഹായങ്ങളും നല്‍കി വരുന്നുണ്ട്.
കുവൈത്തിലെ മറ്റൊരു പ്രമുഖ സംഘടനയായ കെ.കെ.എം.സി.സി(കുവൈത്ത് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍)യുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്‍ഗണന നല്‍കുന്നത് അവരുടെ പ്രവര്‍ത്തകര്‍ക്കാണ്. രോഗം കൊണ്ട് പ്രയാസപ്പെടുന്ന കുവൈത്തിലും നാട്ടിലുമുള്ള പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം കെ.എം.സി.സി നല്‍കുന്നു. നാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രൂപീകരിച്ച സി.എച്ച് സെന്ററിന് കീഴില്‍ ആരംഭിച്ച ശിഹാബ് തങ്ങള്‍ കിഡ്‌നി ഡയാലിസിസ് സെന്ററിന് വേണ്ടി കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്നും അമ്പത് ലക്ഷം രൂപ അയച്ചുകൊടുത്തു. കൂടാതെ കുവൈത്തില്‍ രോഗം കൊണ്ടോ അപകടം മൂലമോ പ്രയാസമനുഭവിക്കുന്ന ആര്‍ക്കും സഹായാഭ്യര്‍ഥന നടത്താവുന്ന ഒരു സന്നദ്ധ സേവന സംഘം ഐഡിയല്‍ യൂത്ത് ഗ്രൂപ്പ് എന്ന പേരില്‍ കെ.എം.സി.സി രൂപീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ മരണപ്പെടുന്നവരുടെ ജഡം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളും കെ.എം.സി.സി ചെയ്തു കൊടുക്കുന്നു.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ പ്രധാന ലക്ഷ്യമായി സ്വീകരിച്ച സംഘടനയായ ഫ്രൈഡേ ഫോറം അവരുടെ ഫണ്ടിന്റെ ഒരു വിഹിതം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്. കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററിനും തിരുവനന്തപുരം എം.എസ്.എസ്സിനു കീഴില്‍ പാവപ്പെട്ട രോഗികള്‍ക്ക് സഹായം നല്‍കി വരുന്ന കാന്‍സര്‍ ഷെല്‍ട്ടറിനും മാസാന്ത സഹായം നല്‍കി വരുന്നു. മാധ്യമം ഹെല്‍ത്ത് കെയര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കനിവ്, കോഴിക്കോട് കടപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെസേജ് എന്നിവയിലേക്ക് വാര്‍ഷിക സഹായവും നല്‍കാറുണ്ട്. സകാത്ത് ഫണ്ടിന്റെ ഒരു വിഹിതം ഫോറം ചികിത്സാ സഹായങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്.
ഏഴു വര്‍ഷമായി കുവൈത്തില്‍ നിശ്ശബ്ദ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളി കൂട്ടായ്മയാണ് തണല്‍. ആര്‍ക്കും തണലില്‍ അംഗങ്ങളാകാം. മാസാന്തം വരിസംഖ്യ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഒരു ദീനാറിന് മുകളില്‍ എത്ര സംഖ്യയും അംഗങ്ങള്‍ക്ക് അവരുടെ സൗകര്യമനുസരിച്ച് സംഭാവനയായി നല്‍കാം. 250 അംഗങ്ങളാണ് തണലിനിപ്പോള്‍ ഉള്ളത്. ഏറ്റവും അര്‍ഹരായ അപേക്ഷകള്‍ മാത്രം പരിഗണിച്ച് 100 ദീനാര്‍ വീതം പ്രയാസപ്പെടുന്നവര്‍ക്ക് നേരിട്ടേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കുവൈത്തില്‍ അര്‍ഹരായ ആളുകള്‍ ഇല്ലെങ്കില്‍ മാത്രം നാട്ടിലെ അപേക്ഷകള്‍ പരിഗണിക്കും.
നാട്ടിലുള്ള കാന്‍സര്‍, കിഡ്‌നി, ഹാര്‍ട്ട് രോഗികള്‍ക്ക് താല്‍ക്കാലിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വര്‍ഷം മുമ്പ് കുവൈത്തില്‍ നിലവില്‍ വന്ന കൂട്ടായ്മയാണ് നിലാവ്. പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഒരു രോഗിക്ക് കൊടുക്കുന്ന പരമാവധി സഹായം അയ്യായിരം രൂപയാണ്. 2013-ല്‍ ആതുര സേവന മേഖലയില്‍ ഇരുപത് ലക്ഷം രൂപയുടെ പദ്ധതിയാണ് നിലാവ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഏറ്റവും അര്‍ഹരായ ഇരുപത് രോഗികളെ കണ്ടെത്തി അവരുടെ മുഴുവന്‍ ചികിത്സാ ചെലവും സ്‌പോണ്‍സര്‍മാരെ സമീപിച്ച് സഹായം ലഭ്യമാക്കാനുള്ള പദ്ധതിയും നിലാവ് ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രദേശിക കൂട്ടായ്മകള്‍, ജില്ലാ അസോസിയേഷനുകള്‍, സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ എന്നിങ്ങനെ ചെറുതും വലുതുമായ നൂറുകണക്കിന് സംഘടനകള്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയിലധികവും ഏറിയോ കുറഞ്ഞോ ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളിലൊന്നായി സ്വീകരിച്ചവയാണ്.
Comments