ഇത് കാരുണ്യത്തിന്റെ രാഷ്ട്രീയമാണ്
പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റികള്‍ നാട്ടില്‍ ഇന്ന് ധാരാളമാണ്. ചെറുപ്പത്തെപറ്റി പലതരം പരാതികള്‍ പറയുന്നതിനിടയില്‍ വലിയൊരുസംഘം ചെറുപ്പക്കാര്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരായി ജീവിതം സമര്‍പ്പിക്കുന്ന വിഷയം വേണ്ടത്ര മാധ്യമശ്രദ്ധ ഇനിയും നേടിയിട്ടില്ല. അവരാരും എന്തെങ്കിലും മാധ്യമ ശ്രദ്ധക്ക് വേണ്ടിയല്ല ആ ദൗത്യം നിര്‍വഹിക്കുന്നതും.
മാധ്യമ ശ്രദ്ധയില്‍ നിറയെ രാഷ്ട്രീയമാണല്ലോ. പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ചെറുപ്പത്തിന്റെ ഉള്‍വലിയലാണെന്ന് നിരീക്ഷിക്കുന്നവരാണ് സമൂഹത്തിലെ ഒരു വിഭാഗം. അവരോട് നമുക്ക് പറയാനുള്ളത് ഇത് കാരുണ്യത്തിന്റെ രാഷ്ട്രീയാവിഷ്‌ക്കാരമാണെന്നാണ്.
കാരുണ്യമാണ് ഏറ്റവും വലിയ ദൈവിക ഗുണം. സ്വാഭാവികമായും ഏറ്റവും വലിയ മനുഷ്യഗുണമായി പ്രകാശിക്കേണ്ടതും കാരുണ്യം തന്നെ.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കരുണ അര്‍ഹിക്കുന്ന വിഭാഗമാണ് രോഗികള്‍. അതില്‍ തന്നെ മാറാരോഗികള്‍, കിടപ്പിലായ രോഗികള്‍,തളര്‍ന്ന് പോയ ശരീരത്തിന്റെ ഉടമകള്‍.
കരുണയെകുറിച്ച് അല്ലാഹു ധാരാളം പറഞ്ഞിട്ടുണ്ട്.ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറഞ്ഞ രണ്ട് ദിവ്യനാമങ്ങള്‍ അര്‍റഹ്മാനും അര്‍റഹീമും ആണെന്ന് നമുക്കറിയാം.രണ്ടും കാരുണ്യത്തെയാണ് കുറിക്കുന്നത്.അല്ലാഹു തന്റെ കാരുണ്യം 100 ആയി തരംതിരിച്ചതില്‍ 99 ഉം തനിക്കായി സൂക്ഷിച്ചുവെച്ചിരിക്കയാണെന്നും 1 മാത്രമേ അടിമകളില്‍ വിതരണം ചെയ്തിട്ടുള്ളൂവെന്നും കാരുണ്യത്തിന്റെ റസൂല്‍ മുഹമ്മദ് (സ) പറഞ്ഞിട്ടുണ്ട്. ആ ഒരംശം പ്രയോഗരൂപം പ്രാപിക്കുന്ന മഹത്തായ വേദിയാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങള്‍.
ആത്മീയതയുടെ പരമ്പരാഗത മതപാഠങ്ങള്‍ തിരുത്തുന്ന മഹത്തായ ആത്മീയ സാധന കൂടിയാണ് പാലിയേറ്റീവ് പ്രവര്‍ത്തനം. നന്നായി ഭക്ഷണം കഴിക്കുന്ന, ബലവത്തായ ശരീരം കാത്തുസൂക്ഷിക്കുന്ന, സ്വശരീര പരിചരണത്തിന് ധാരാളം സമയം കണ്ടെത്തുന്ന മുതലാളിത്ത ആധിപത്യകാലത്തെ മനുഷ്യരുടെ യോഗാഭ്യാസങ്ങളാണ് ആചാരബദ്ധമായ ആത്മീയ പ്രകടനങ്ങള്‍. അവരാണ് മനുഷ്യ ദൈവങ്ങളുടെ അനുയായികള്‍. അവരാണ് അമ്പലങ്ങളിലെയും പള്ളികളിലെയും ചര്‍ച്ചിലെയും മസ്ജിദിലെയും ഡിവൈന്‍ സെന്ററുകളിലെയും വരുമാന ഉപാധികള്‍.
ഇവിടെ വേറിട്ട ആത്മീയ കേന്ദ്രങ്ങളായി മാറുകയാണ് പാലിയേറ്റീവ് ക്ലിനിക്കുകള്‍. രോഗികള്‍ അങ്ങോട്ട് തീര്‍ത്ഥയാത്ര തന്നെയാണ് നടത്തുന്നത്; ആശ്വാസത്തിന്റെ ഒരു തുള്ളി സംസം തേടി. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ അത്തരം ക്ലിനിക്കുകളില്‍ നിന്ന് രോഗികളുടെ വീടുകളിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തെയാണ് നാം ഹോംകെയര്‍ എന്നു വിളിക്കുന്നത്. ഹോം കെയറിനായുള്ള വീടുകയറല്‍ വേറിട്ടൊരു അനുഭവം തന്നെയാണ്. ഇസ്മാഈലിന് വെള്ളം തേടി ഹാജറ രണ്ട് കുന്നുകള്‍ക്കിടയില്‍ നടത്തിയ സഅ്‌യിന് സമാനമായ ആത്മീയ ധര്‍മ്മം തന്നെയാണ് ഇടവഴികളും കുന്നിന്‍പുറങ്ങളും, കാട്ടുവഴികളും താണ്ടിയുള്ള ഹോം കെയര്‍ യാത്ര. ആചാരബദ്ധിത ആത്മീയ പ്രവര്‍ത്തകര്‍ അവനവന്റെ സുഖം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. അവനവനുവേണ്ടിയുള്ള യോഗയാണത്. പാലിയേറ്റീവ് പ്രവര്‍ത്തനമാകട്ടെ അവനവനെ മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നിയോഗവും. ആത്മീയതക്കുള്ള ഖുര്‍ആനിക നിര്‍വചനം പാലിയേറ്റീവ് പ്രവര്‍ത്തനത്തിന്റെ കൂടി ഉള്ളടക്കമാണ്. “അല്ലാഹുവിലും വിശ്വസിച്ചില്ല, അഗതിയെയും പരിഗണിച്ചില്ല” എന്നത് അവിശ്വാസിയെ കുറിച്ച ഖുര്‍ആനിന്റെ കുറ്റപത്രമാണ്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ദൈവത്തില്‍ നിന്ന് മനുഷ്യരിലേക്ക്് യാത്ര ചെയ്യുന്നവരാണ്്. ദൈവനിഷേധത്തിന്റെ മാനവിക വാദത്തെയല്ല അവര്‍ പ്രതിനിധീകരിക്കുന്നത്. ദൈവനിയോഗം രോഗപരിചരണത്തിലൂടെ സാക്ഷാത്ക്കരിക്കാനുളള ആത്മീയ യത്‌നത്തിലാണവര്‍.
റസൂല്‍ (സ) ഒരിക്കല്‍ ഇതുതന്നെ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന് ഒടുവില്‍ ഒരു ചോദ്യമുണ്ട്. “ഞാന്‍ രോഗിയായിരിക്കെ നീ എന്നെ പരിചരിച്ചില്ലല്ലോ”- അപ്പോള്‍ അടിമയുടെ മറുചോദ്യം “നീ രോഗിയാവുകയോ?'' അപ്പോള്‍ അല്ലാഹുവിന്റെ പ്രതിവചനം: “അല്ല എന്റെ ഇന്ന അടിമ രോഗിയായപ്പോള്‍ നീ അവനെ പരിചരിക്കാന്‍ അവിടെ ചെന്നില്ലല്ലോ. ചെന്നെങ്കില്‍ നിനക്ക് എന്നെ അവിടെ കാണാന്‍ കഴിയുമായിരുന്നു.”
റസൂല്‍ (സ) പ്രസ്തുത ഹദീസില്‍ പരിചയപ്പെടുത്തിയ ആത്മീയ ദര്‍ശനം തന്നെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ പ്രചോദനകേന്ദ്രം.
മുതലാളിത്തമാണ് ഇന്നത്തെ മേധാവിത്വ ദര്‍ശനം. ആര്‍ത്തിക്കാരനായ സ്വാര്‍ഥിയെ സൃഷ്ടിക്കുന്ന കമ്പോള സംസ്‌കാരമാണ് മുതലാളിത്തത്തിന്റേത്. മറ്റെല്ലാ ഉല്‍പന്നങ്ങളും വിറ്റഴിക്കുന്നതും ലാഭം കുന്നുകൂട്ടുന്നതും കമ്പോളസംസ്‌കാരത്തിന്റെ വളര്‍ച്ചക്ക് അനുസരിച്ചാണല്ലോ. ഇവിടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം കുടുതല്‍ പ്രസക്തമാകുന്നത്. ഇവിടെ ആര്‍ത്തി തീരെയില്ല. സ്വാര്‍ഥിക്ക് ഇതില്‍ ഇടപെടാനേ കഴിയില്ല. സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് സ്വന്തം സമയം രോഗിക്കായി നീക്കിവെച്ച് സ്വാര്‍ത്ഥങ്ങള്‍ക്ക് ഇടവേള നല്‍കി സ്വയം സമര്‍പ്പിക്കുന്ന ഒരു ആരാധന തന്നെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍. മുതലാളിത്ത കാലത്തെ ചെറുപ്പത്തെ ഇത്രയും ആത്മീയവല്‍ക്കരിച്ച മറ്റൊരു സംരംഭം കണ്ടെത്തുക പ്രയാസമാണ്.
പാലിയേറ്റീവ് പ്രവര്‍ത്തനം ഒരു ഇടപെടല്‍ തന്നെയാണ്. ആധുനിക ഔഷധ ഭീകരതക്കെതിരായ ഒരു ഇടപെടല്‍. ഹോസ്പ്പിറ്റലുകള്‍ ഊറ്റിയെടുക്കുന്ന, ചൂഷണം ചെയ്യുന്ന രോഗികളെയാണ് ഇവര്‍ പരിചരിക്കുന്നതും പരിരക്ഷിക്കുന്നതും.ഡോക്ടര്‍മാരുടെയും മരുന്നിന്റെയും കടന്നാക്രമണത്തില്‍നിന്ന് മോചിപ്പിച്ച് സ്‌നേഹത്തിന്റെയും, പരിഗണനയുടെയും ആശയവിനിമയത്തിന്റെയും ആത്മീയനിര്‍വൃതിയുടെതുമായ തീരങ്ങളിലേക്ക് രോഗികളെ നയിക്കുന്ന ഒരു ബദല്‍ ആരോഗ്യ പ്രസ്ഥാനമായി ഇത് ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരു നിശബ്ദ സമരമാണിത്. മുദ്രാവാക്യത്തിന്റെ അട്ടഹാസമില്ലാത്ത മറ്റൊരു വേറിട്ട പ്രക്ഷോഭവേദിയാണ് പാലിയേറ്റീവ് സംരംഭങ്ങളില്‍ പിറവി കൊള്ളുന്നത്. രോഗി ഇരയല്ല, നമ്മുടെ സുഹൃത്താണെന്ന് ഇവര്‍ സമൂഹത്തെ പഠിപ്പിക്കുന്നു. രോഗിയെ ഇരയാക്കി ചൂഷണം ചെയ്യുന്ന ഹോസ്പിറ്റല്‍ വ്യവസ്ഥയോട് ഇവര്‍ കലഹിക്കുകയും ചെയ്യുന്നു.
(കുറ്റിയാടിയിലെ കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി യുടെ രക്ഷാധികാരിയാണ് ലേഖകന്‍)
Comments