Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

ആശ്വാസത്തിന്റെ നീരുറവയായി ഖത്തര്‍

റഹീം ഓമശ്ശേരി കവര്‍സ്റോറി

പ്രവാസ ലോകം സാധാരണക്കാര്‍ മുതല്‍ സമ്പന്നരെ വരെ പരസ്പര സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ബാലപാഠങ്ങള്‍ പഠിപ്പിക്കുന്ന ഉര്‍വര ഭൂമിയാണ്. ഇവിടെ സമ്പന്നനും ദരിദ്രനും സഹജീവികളുടെ വേദനകളും നൊമ്പരങ്ങളും തങ്ങളുടേതെന്ന പോലെ ഏറ്റുവാങ്ങുന്നു. വേദനിക്കുന്നവന് ആശ്വാസമേകാന്‍ ഓരോ പ്രവാസിയും മത്സരിക്കുകയാണെന്ന് തോന്നുമാറാണീ പ്രവര്‍ത്തനം. താനറിയാത്ത തന്നെയറിയാത്ത ആയിരങ്ങളുടെ വേദന മാറ്റാന്‍, രോഗികള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍, ആശ്വാസത്തിന്റെ നീരുറവയാകാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിയുന്നു. കേരളത്തിലെ ഓണംകേറാമൂലയില്‍ പോലും സഹായമെത്തിക്കാന്‍ ഗള്‍ഫ് മേഖലയിലെ സാധാരണ പ്രവാസിപോലും ശ്രമിക്കുന്നുവെന്നത് ഈ നീരുറവ ഇനിയും വറ്റിയിട്ടില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ 2009-ല്‍ സ്ഥാപിതമായ കൃപ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഖത്തറിലെ പാലക്കാട് ജില്ലാ മുസ്‌ലിം അസോസിയേഷനായ 'മാപ് ഖത്തര്‍' മുന്‍കൈ എടുത്ത് ആരംഭിച്ചതാണ്. 'മാപ് ഖത്തറി'നോടൊപ്പം ഖത്തര്‍ ആലത്തൂര്‍ മുസ്‌ലിം ജമാഅത്തും കൃപക്ക് വേണ്ടി സജീവമായി സഹകരിക്കുന്നു. സാമൂഹിക പ്രവര്‍ത്തകയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസുമായ കെ.യു റഹീമ ടീച്ചര്‍ തുടക്കം മുതല്‍ സ്ഥാപനത്തിന്റെ സജീവ സാന്നിധ്യമാണ്. ഇശാഅത്തുല്‍ ഇസ്‌ലാം ചാരിറ്റബ്ള്‍ സൊസൈറ്റി ആലത്തൂര്‍ സൗജന്യമായി നല്‍കിയ രണ്ട് മുറികളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഒ.പി, രണ്ട് ദിവസം ഹോം കെയര്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനരീതി. ഒരു ഡോക്ടര്‍, രണ്ട് നേഴ്‌സുമാര്‍, ഡ്രൈവര്‍, പത്ത് സന്നദ്ധ സേവകര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്വന്തമായി വാഹനമുണ്ട്. സ്ഥിരമായി അറുപത് രോഗികളെ പരിചരിച്ച് വരുന്നു. കാന്‍സര്‍ രോഗികള്‍, നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവര്‍ തുടങ്ങി മറ്റ് ചികിത്സയില്ലാ രോഗികളുടെ പരിചരണവും സാന്ത്വനവുമാണ് പ്രധാന പ്രവര്‍ത്തനം. വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, മൂത്രട്യൂബ്, കട്ടില്‍ തുടങ്ങിയ ഉപകരണങ്ങള്‍ രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്നതിന് പുറമെ സ്ഥിരമായി പത്ത് രോഗികള്‍ക്ക് മാസത്തില്‍ 150 രൂപ വീതം പെന്‍ഷനായി നല്‍കുന്നു. മാസംതോറും 60,000 രൂപയാണ് കൃപ പാലിയേറ്റീവ് ക്ലിനിക്കിന് വേണ്ടി ചെലവ് വരുന്നത്.
കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്നുവരുന്ന ഗ്രേയ്‌സ് പാലിയേറ്റീവ് സെന്റര്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന ഫലമായാണ് തുടക്കം കുറിച്ചത്. 2004 ആഗസ്റ്റ് 22 ന് സ്ഥലം എം.എല്‍.എ യു.സി രാമനാണ് സെന്ററിന്റെ പ്രവര്‍ത്തനം ചേന്ദമംഗല്ലൂരില്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് മുക്കം ഹെല്‍ത്ത് സെന്ററിനടുത്തേക്ക് സ്ഥാപനം മാറി. കാന്‍സര്‍, നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം, വാര്‍ധക്യ സഹജമായ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് പ്രയാസം അനുഭവിക്കുന്ന നിരവധി പേര്‍ക്ക് ഇന്ന് സെന്റര്‍ ആശ്രയമാണ്. മുക്കം, കാരശ്ശേരി, ചാത്തമംഗലം, മാവൂര്‍ എന്നീ നാല് പഞ്ചായത്തുകളിലെ രോഗികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
കുടുംബ നാഥന്‍ കിടപ്പിലായി ദൈനംദിന കാര്യങ്ങള്‍ പോലും ദുരിതത്തിലാകുന്ന അവസ്ഥയില്‍ പെന്‍ഷന്‍ നല്‍കാനും മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാനും ഗ്രെയ്‌സ് ശ്രമിക്കുന്നു. ആസ്ത്മ, പ്രമേഹം, മാനസിക രോഗം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയും ഗ്രേയ്‌സ് നടത്തുന്നു. വിദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഉറ്റവരുടെ മൃതശരീരങ്ങള്‍ ഒരു നോക്ക് കാണാന്‍ മൊബൈല്‍ ഫ്രീസര്‍ സര്‍വീസ് സെന്ററിന് കീഴിലുണ്ട്.
നിലവില്‍ ഇരുനൂറിലധികം രോഗികള്‍ക്ക് സേവനം നല്‍കുന്ന സെന്ററിന് മാസത്തില്‍ ഒരു ലക്ഷം രൂപ ചെലവ് വരുന്നു. ഖത്തറിലും മറ്റ് ഗള്‍ഫ് നാടുകളിലും തൊഴിലെടുക്കുന്നവര്‍ നല്‍കുന്ന സഹായമാണ് പ്രധാന വരുമാനം. ഭാവിയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. അഞ്ച് മെഷീനെങ്കിലും സ്ഥാപിച്ച് സൗജന്യമായി ഡയാലിസിസ് സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ്. അന്‍പത് ലക്ഷമാണ് മെഷീന്‍ സ്ഥാപിക്കാന്‍ മാത്രം ചെലവ് പ്രതീക്ഷിക്കുന്നത്. ഡയാലിസിസിന് മാത്രം ഒന്നര ലക്ഷമെങ്കിലും മാസത്തില്‍ ചെലവ് പ്രതീക്ഷിക്കുന്നു.
തൃശൂര്‍, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് നാടുകളിലും നിന്നുള്ള സഹായ സഹകരണങ്ങള്‍ കൊണ്ട് നിരവധി പാലിയേറ്റീവ്, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വടകരയില്‍ ഡോ. ഇദ്‌രീസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന തണല്‍ പുനരധിവാസ കേന്ദ്രം, ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ നടന്നുവരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് തുടങ്ങി ഇതുപോലുള്ള സംരംഭങ്ങള്‍ നിരവധിയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍