Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ സ്നേഹ സ്പര്‍ശം

ഇബ്റാഹീം ശംനാട് സുഊദി അറേബ്യ കവര്‍സ്റോറി

രോഗ കാരണങ്ങള്‍ ചികഞ്ഞ് ആരേയും പഴിചാരിയത് കൊണ്ട് പ്രയോജനമില്ല. നേരിയ സ്പര്‍ശം, അല്‍പം ആശ്വാസം, സ്‌നേഹത്തോടെയുള്ള തലോടല്‍, പ്രതീക്ഷയേകുന്ന വാക്കുകള്‍ ആണ് ഉണ്ടാകേണ്ടത്. അവ നിറവേറ്റുന്നതില്‍ പ്രവാസികളും അവരുടെ കൂട്ടായ്മകളും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ശ്ലാഘനീയമാണ്.
രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന ധാരാളം പ്രവാസി കൂട്ടായ്മകള്‍ ഗള്‍ഫ് നാടുകളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പ്രവാസ ജീവിതത്തിന്റെ പ്രയോജനം സഹജീവികള്‍ക്ക് ലഭിക്കണമെന്ന അദമ്യമായ ആഗ്രഹമുള്ള നിരവധി പേരെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടെത്താം. നാല് ചുമരുകള്‍ക്കകത്ത് വേദന കടിച്ചമര്‍ത്തി ജീവിതം തള്ളി നീക്കുന്ന രോഗികളുടെ മനസ്സില്‍ ആഹ്ലാദവും സന്തോഷവും പകരുകയാണ് പാലിയേറ്റിവ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ പ്രവാസി കൂട്ടായ്മകള്‍.
പ്രവാസ ജീവിതത്തിന്റെ ശേഷിപ്പ് സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്കായി ചെലവഴിക്കുന്നതോടൊപ്പം കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികളുടെ സാന്നിധ്യം സജീവമാണ്. ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവാസി മലയാളികളെ പോലെ താല്‍പര്യം പുലര്‍ത്തുന്ന മറ്റു പ്രവാസി കൂട്ടായ്മകള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പ്രവാസ ജീവിതം ആരംഭിച്ചതു മുതല്‍ സ്വന്തം പ്രദേശങ്ങളിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം അവര്‍ അത്യധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മാണം, രോഗ ചികിത്സ തുടങ്ങിയ സാമൂഹിക സുകൃതങ്ങള്‍ക്ക് കൈ മെയ് മറന്ന് ചെലവഴിക്കുന്നു.
കിടപ്പ് രോഗികളുടെ വര്‍ധനവ് മൂലം നമ്മുടെ നാട്ടിലെ സാമൂഹിക സംഘടനകള്‍ പാലിയേറ്റിവ് രംഗത്തേക്ക് കാലെടുത്ത് വെക്കാന്‍ നിര്‍ബന്ധിതമായതോടെ ഇക്കാര്യത്തില്‍ പ്രവാസി സംഘടനകളുടേ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കേന്ദ്രങ്ങള്‍ക്ക് താങ്ങും തണലുമായി അവിടത്തെ പ്രവാസി കൂട്ടായ്മകള്‍ സജീവമായി രംഗത്തുണ്ട്.
മേലാറ്റൂര്‍ പാലിയേറ്റിവ് കെയര്‍ സൊസൈറ്റി മലപ്പുറം ജില്ലയിലെ മികവുറ്റ പാലിയേറ്റിവ് കെയറുകളില്‍ ഒന്നാണ്. മുസ്ത്വഫ ഉച്ചാരക്കടവ്, ടി.കെ ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 22 മെമ്പര്‍മാരുള്ള ജിദ്ദ സപ്പോര്‍ട്ടിംഗ് കമ്മിറ്റി സൊസൈറ്റിക്ക് താങ്ങുംതണലുമായി വര്‍ത്തിക്കുന്നു. മാസവരിയിലൂടെ കണ്ടെത്തുന്ന തുക സമാഹരിച്ച് ആംബുലന്‍സ് വാങ്ങാനും 45 കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കാനും ഈ കമ്മിറ്റി സഹായം ചെയ്ത് വരുന്നു.
മലപ്പുറം ജില്ലയിലെ അത്താണിക്കലില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രമാണ് പ്രവാസികളുടെ സ്‌നേഹ സ്പര്‍ശത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പാലിയേറ്റിവ് കേന്ദ്രം. പ്രതിമാസം കിട്ടുന്ന ശമ്പളത്തില്‍ നിന്ന് വരി സംഖ്യ ശേഖരിച്ച് അവര്‍ സ്വരുപിച്ച പണം കിടപ്പിലായ രോഗികള്‍ക്ക് വേണ്ടý ഉപകരണങ്ങള്‍, മരുന്നുകള്‍, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവക്ക് ചെലവഴിക്കുന്നുണ്ട്. ഈ കൂട്ടായ്മയിലെ അലവി കുട്ടി മോങ്ങം പ്രവാസികള്‍ക്കിടയില്‍ വേറിട്ട മാതൃകയാവുകയാണ്. നാട്ടിലെത്തിയാല്‍ അദ്ദേഹം മുഴുനീള പാലിയേറ്റിവ് പ്രവര്‍ത്തകനാണ്്. അഹ്മദ് കുട്ടി പ്രസിഡന്റും എന്‍.എം ഹുസൈന്‍ സെക്രട്ടറിയുമായ കമ്മിറ്റി ജിദ്ദയില്‍ സജീവമാണ്.
കാളികാവ് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ അസോഷിയേഷന്‍ ജിദ്ദ ചാപ്റ്റര്‍ പ്രവാസികളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പാലിയേറ്റിവ് കേന്ദ്രമാണ്. നാട്ടിലെ ഒരു ഉദാരമതി നല്‍കിയ സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഒ.എം നാസര്‍, ഹുമയൂണ്‍ കബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ കൂട്ടായ്മ. രോഗികള്‍ക്ക് ഫിസിയോതെറാപ്പിയും സൈക്കൊ തെറാപ്പിയും സൗജന്യമായി ചെയ്ത് വരുന്നുണ്ട്. രോഗികളുടെ പുനരധിവാസത്തിനായി സോപ്പ്, കുട, പേന, ബാഗ്, എന്നിവ നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും അതില്‍ നിന്ന് കിട്ടുന്ന ലാഭം വീതിച്ച് നല്‍കുകയും ചെയ്യുന്നു. ഹോം കെയറിന് വേണ്ടി സ്വന്തമായ വാഹനം വാങ്ങിയതില്‍ ജിദ്ദ ചാപ്റ്റര്‍ നല്‍കിയ സഹായങ്ങള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത് വരുന്ന ദയ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിനെ സഹായിക്കാനും പ്രവാസി കൂട്ടായ്മ സജീവമായി രംഗത്തുണ്ട്. അവരുടെ സഹായത്തോടെ 14 സെന്റ് സ്ഥലം വാങ്ങി. രോഗികളെ പുനരിധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സി.എച്ച്.അബ്ദുല്ല, കാസിം പന്തിരിക്കര എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് കണ്ണൂരില്‍ പുതുവാച്ചേരിയില്‍ പാലിയേറ്റിവ് കെയര്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് മുനീര്‍ കോരവള്ളിയും ഷാഫി വാഴയിലും. അബ്ദുല്ലത്വീഫ് കരുവാരക്കുണ്ടിന്റെ നേതൃത്വത്തില്‍ കരുവാരക്കുണ്ട് പാലിയേറ്റിവ് ക്ലീനിക്കിന്റെ പ്രവര്‍ത്തനത്തിലും പ്രവാസികളുടെ സജീവ സാനിധ്യമുണ്ട്
കേരളത്തിലെ മുസ്‌ലിം മുഖ്യധാരാ സംഘടനകളായ മുസ്‌ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നിവയുടെ പ്രവാസി പോഷക സംഘടനകളും കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പാലിയേറ്റിവ് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.
പ്രവാസികളെ ഈ രംഗത്ത് കൂടുതല്‍ ബോധവത്കരിക്കാന്‍ അനസ് വടക്കേങ്ങരയുടെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റഷന്‍ കമ്മിറ്റി രൂപീകരിച്ചു.


Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍