Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

'നിതാഖാത്' നിയമവും പ്രവാസികളും

സുഊദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'നിതാഖാത്' എന്ന തൊഴില്‍-വ്യവസായ നിയമം കഴിഞ്ഞ മാസം മുതല്‍ കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയത് കേരളത്തെ ഉല്‍ക്കടമായ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അമ്പതിനായിരം മുതല്‍ രണ്ടര ലക്ഷം വരെ കേരളീയര്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു പോരേണ്ടി വരുമെന്നാണ് വിവിധ കേന്ദ്രങ്ങള്‍ പറയുന്നത്. തൊഴില്‍ രഹിതരാകുന്നവര്‍ ഒന്‍പതു ലക്ഷം വരെയാണെന്നും ചിലര്‍ പറയുന്നുണ്ട്. ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്കു മടങ്ങുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ തകിടം മറിക്കുക തന്നെ ചെയ്യും. കേരളീയര്‍ മണല്‍ കാടുകളിലൊഴുക്കുന്ന വിയര്‍പ്പാണല്ലോ നമ്മുടെ ലക്ഷക്കണക്കില്‍ അടുപ്പുകളില്‍ പുകയുയര്‍ത്തുന്നത്.
രണ്ടേ മുക്കാല്‍ കോടി ജനങ്ങളുള്ള സുഊദി അറേബ്യയില്‍ 80 ലക്ഷം വിദേശ തൊഴിലാളികളുണ്ട്; ദേശീയ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന്. വിദേശികളില്‍ 20 ലക്ഷമാണ് ഇന്ത്യക്കാര്‍. അവരില്‍ മലയാളികള്‍ 5 ലക്ഷമെന്നാണ് പ്രബലമായ കണക്ക്. ഇത്ര വിപുലമായ വിദേശീയ സാന്നിധ്യം ഏതു ദേശരാഷ്ട്രത്തിലും, സാമ്പത്തികവും സാമൂഹികവുമായ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രാജ്യത്തിന്റെ വരുമാനത്തില്‍ വലിയൊരു ഭാഗം തൊഴില്‍ വേതനമായി വിദേശ രാജ്യങ്ങളിലേക്കൊഴുകിപ്പോകുന്നു. തദ്ദേശീയരുടെ തൊഴില്‍ സാധ്യത തടയപ്പെടുന്നു. അതു ജനങ്ങളില്‍ അസ്വസ്ഥതയും പ്രതിഷേധവും സൃഷ്ടിക്കുന്നു. വിദേശികളുടെ വര്‍ധിച്ച സാന്നിധ്യം തങ്ങളുടെ സാംസ്‌കാരികത്തനിമയെ ഹനിക്കുന്നുവെന്ന ആക്ഷേപം മിക്ക ഗള്‍ഫു നാടുകളില്‍നിന്നും ഉയരുന്നുണ്ട്. തൊഴില്‍ തേടിയെത്തിയ ചിലര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നു. മദ്യത്തിനും മയക്കുമരുന്നിനും കര്‍ക്കശ നിരോധമുള്ള നാടുകളില്‍ കള്ളവാറ്റിന്റെയും മയക്കുമരുന്നിന്റെയും പേരില്‍ ജയിലിലകപ്പെടുന്ന വിദേശികള്‍ ഏറെയാണ്. അക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഗള്‍ഫിലേക്ക് കടക്കുന്നവരുമുണ്ട്. വ്യാജ വിസയിലെത്തുന്നവരാണ് ചിലര്‍. ചില നാടുകളില്‍ വലിയൊരു വിഭാഗം തൊഴില്‍ ചെയ്യുന്നത് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ കീഴിലല്ല. ഇപ്പറഞ്ഞ പ്രശ്‌നങ്ങളെല്ലാം താരതമ്യേന കൂടുതലുള്ള രാജ്യമാണ് സുഊദി അറേബ്യ. ഈ സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍-വ്യവസായ മേഖല ചിട്ടപ്പെടുത്താനും സ്വദേശികള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്താനുമായി രണ്ടു വര്‍ഷം മുമ്പാവിഷ്‌ക്കരിച്ച നിയമമാണ് 'നിതാഖാത്.' ഇതനുസരിച്ച് വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ വിദേശി തൊഴിലാളികളോടൊപ്പം നിശ്ചിത അനുപാതം സ്വദേശി തൊഴിലാളികളുമുണ്ടായിരിക്കണം. വിദേശികള്‍ അവരുടെ സ്‌പോണ്‍സര്‍മാരുടെ കീഴിലേ ജോലി ചെയ്യാവൂ. സുഊദിയിലെ മിക്ക ചെറുകിട സ്ഥാപനങ്ങളും നടത്തുന്നത് വിദേശികളാണ്. അവിടത്തെ തൊഴിലാളികളും വിദേശികള്‍; അവരിലേറെപ്പേരും മറ്റേതെങ്കിലും സ്‌പോണ്‍സര്‍ നല്‍കിയ വിസയില്‍ എത്തിയവരായിരിക്കും. പുതിയ നിയമ പ്രകാരം ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അസാധ്യമായിരിക്കുന്നു. പലതും പൂട്ടിക്കിടക്കുകയാണ്. ഗത്യന്തരമില്ലാതായ തൊഴിലാളികള്‍ ഒന്നൊന്നായി നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. സുഊദിയിലുള്ള മലയാളികളില്‍ പകുതിയോളം പേരെ ഇതു ബാധിക്കുമെന്നാണാശങ്ക. അത്രയൊന്നുമില്ല ഏറിയാല്‍ അരലക്ഷം പേര്‍ മാത്രമേ തിരിച്ചുവരേണ്ടി വരൂ എന്നാണ് ചിലര്‍ പറയുന്നത്. നിയമാനുസൃതം ജോലി ചെയ്യുന്നവരെ പുതിയ നടപടി ഒരു തരത്തിലും ബാധിക്കുകയില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തിരിച്ചെത്തുന്നത് അരലക്ഷമായാലും പ്രശ്‌നം ലഘുവല്ല. അരലക്ഷം കുടുംബങ്ങളാണ് നിരാലംബമാവുക.
സുഊദിയിലുളവായ തൊഴില്‍ പ്രശ്‌നത്തില്‍ കേരള-കേന്ദ്ര ഗവണ്‍മെന്റുകള്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ല എന്ന ആക്ഷേപം പരക്കെയുണ്ട്. സുഊദിയില്‍ എത്ര ഇന്ത്യക്കാരുണ്ടെന്നോ അവരില്‍ എത്ര പേരെ പുതിയ നടപടികള്‍ ബാധിക്കുമെന്നോ സര്‍ക്കാറിന്നറിഞ്ഞു കൂടെന്ന് ഉത്തരവാദപ്പെട്ടവര്‍ തന്നെ പറയുന്നു. നിതാഖാത് നിയമം രണ്ടു വര്‍ഷം മുമ്പ് വിളംബരം ചെയ്യപ്പെട്ടതാണെങ്കിലും അത് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങിയ ഈ ഘട്ടത്തിലാണ് മന്ത്രിതല യോഗവും കൂടിയാലോചനയുമൊക്കെ നടക്കുന്നത്. പ്രശ്‌നത്തില്‍ ഫലപ്രദമായി എങ്ങനെ ഇടപെടാമെന്നു കേന്ദ്ര-കേരള മന്ത്രിമാര്‍ക്കൊന്നും ഇതുവരെ പിടികിട്ടിയിട്ടില്ല. മന്ത്രിമാരുടെ ഒരു സംഘം സുഊദിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. അത് എപ്പോള്‍ ആരുടെ നേതൃത്വത്തില്‍ എന്നൊന്നും ഇതെഴുതുമ്പോള്‍ തീരുമാനിക്കപ്പെട്ടിട്ടില്ല. കുറെ മന്ത്രിമാര്‍ പെട്ടെന്നങ്ങ് ഓടിച്ചെന്നതുകൊണ്ട് വിശേഷമൊന്നുമില്ല എന്നതാണ് വസ്തുത. അനധികൃത തൊഴിലാളികളെയും വ്യാപാര-വ്യവസായങ്ങള്‍ നടത്തുന്നവരെയും നിയന്ത്രിക്കാനും വ്യവസ്ഥപ്പെടുത്താനുമുള്ള നീക്കമാണ് തങ്ങള്‍ നടത്തുന്നതെന്നാണ് സുഊദി ഗവണ്‍മെന്റിന്റെ നിലപാട്. ഇന്ത്യന്‍ മന്ത്രിമാര്‍ക്കെന്നല്ല ഐക്യരാഷ്ട്രസഭക്കുപോലും അതിലിടപെടാന്‍ കഴിയില്ല.
അനധികൃതരായ ഇന്ത്യന്‍ തൊഴിലാളികളെ അംഗീകൃത തൊഴിലാളികളാക്കി മാറ്റാനുള്ള ന്യായമായ മാര്‍ഗങ്ങളെക്കുറിച്ചാണ് കേന്ദ്രവും സംസ്ഥാനവും ആലോചിക്കേണ്ടത്. ഒരു കാര്യം സ്പഷ്ടമാണ്. 'അനധികൃതര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ അമ്പതിനായിരമായാലും അഞ്ചു ലക്ഷമായാലും ഇപ്പോള്‍ അവിടെ തൊഴില്‍ ചെയ്യുന്നുണ്ട്. വേതനം കൊടുത്ത് അവരെക്കൊണ്ട് തൊഴിലെടുപ്പിക്കാന്‍ അവിടെ തൊഴിലുടമകളുമുണ്ട്. അനധികൃത തൊഴിലാളികള്‍ മാറിനിന്നതോടെ സുഊദിയില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വന്‍തോതില്‍ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. തുറമുഖങ്ങളുടെ പ്രവര്‍ത്തനംപോലും താറുമാറായിരിക്കുന്നു. ഇത് ആ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കും. തിരിച്ചയക്കപ്പെടുമെന്ന് കരുതപ്പെടുന്ന തൊഴിലാളികള്‍ യഥാര്‍ഥത്തില്‍ ആ രാജ്യത്തിന് ആവശ്യമുള്ളവരാണെന്നാണിതിനര്‍ഥം. തങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുന്ന രൂപത്തില്‍ വിദേശികള്‍ നാടുവിടണമെന്ന് അവര്‍ ആഗ്രഹിക്കുകയില്ലല്ലോ. അതേസമയം അവരുടെ നാട്ടില്‍ അവരുടെ തൊഴില്‍ നിയമം നടപ്പിലാവുകയും വേണം. സുഊദിയില്‍ പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്കനുകൂലമായ പരിഹാരം തികച്ചും സാധ്യമാക്കുന്ന സാഹചര്യമാണിത്. സുഊദി ഗവണ്‍മെന്റിന്റെ നിയമം പൂര്‍ണമായി അംഗീകരിച്ചുകൊണ്ടുതന്നെ, ഇപ്പോള്‍ അവിടെയുള്ള അനധികൃത തൊഴിലാളികള്‍ക്ക് നിയമസാധുത നേടിക്കൊടുക്കാനുള്ള പോംവഴി കണ്ടെത്താന്‍ ഇന്ത്യന്‍ നേതൃത്വത്തിനു കഴിയണം. അതുമായിട്ടായിരിക്കണം നമ്മുടെ മന്ത്രിമാര്‍ സുഊദിയിലേക്ക് തിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍