Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

ഐ.എസ്.എം മെഡിക്കല്‍ എയിഡ് സെന്റര്‍ സേവന വീഥിയിലെ യുവജന വിപ്ളവം

സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ കവര്‍‌സ്റ്റോറി

കാലം ആവശ്യപ്പെടുന്ന ഉത്തരങ്ങള്‍ നല്‍കുമ്പോഴാണ് യൗവനം വിശുദ്ധമാകുന്നത്. പലരും ഏറ്റെടുക്കാന്‍ അറച്ചുനില്‍ക്കുന്ന വെല്ലുവിളികളെ നെഞ്ചൂക്കോടെ നേരിടുന്നതിലാണ് യുവജന പ്രസ്ഥാനത്തിന്റെ പ്രസക്തി. മുജാഹിദ് പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ എസ് എമ്മിന്റെ ധീരമായ മുന്നേറ്റങ്ങളാണ് മെഡിക്കല്‍ എയിഡ് സെന്ററും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും. ജീവിതത്തിലൊരിക്കലെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകള്‍ സന്ദര്‍ശിക്കാനിടയായിട്ടുള്ളവര്‍ക്ക് മാറാവേദനകളെക്കുറിച്ചും തീരാദുരിതത്തെപ്പറ്റിയും പറഞ്ഞു കൊടുക്കേണ്ടതില്ല. സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മനുഷ്യത്വമുള്ള മുഖം ഈ അശരണര്‍ക്ക് തണലേകുന്നതാണെന്ന് തോന്നിപ്പോയാല്‍ അത്ഭുതപ്പെടാനില്ല. മാറാരോഗികള്‍ക്കും മാരകരോഗങ്ങളനുഭവിക്കുന്നവര്‍ക്കും സാന്ത്വനത്തിന്റെ മൃദു സ്പര്‍ശമാണ് മെഡിക്കല്‍ എയിഡ് സെന്ററും പാലീയേറ്റീവ് കെയര്‍ ക്ലിനിക്കുകളും. വീര്യമുള്ള യുവതയെ നന്മയുടെ വഴിയില്‍ തിരിച്ചുവിടുന്നതിന്റെ മകുടോദാഹരണങ്ങളാണവ.

തിരിഞ്ഞുനോട്ടം
കോഴിക്കോട് നഗരത്തിലെ ഫ്രാന്‍സിസ് റോഡിലും ബീച്ചുകളിലും വൈകുന്നേരങ്ങളില്‍ ഒത്തുകൂടിയിരുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ക്കിടയിലേക്ക്, തിരിഞ്ഞുനോക്കാനാളില്ലാത്തവര്‍ മരുന്നു ചീട്ടുമായി പണം തേടി വരാറുണ്ടായിരുന്നു. സ്വന്തം കൈയില്‍ നിന്നെടുത്തും പിരിവെടുത്തും മരുന്നു വാങ്ങികൊടുക്കാന്‍ ആ ചെറുപ്പക്കാര്‍ തയ്യാറായി. ഏതാനും പേരിലൊതുങ്ങുന്നതല്ല ഈ ദുരിതമെന്നതുകൊണ്ട് ഒരു സ്ഥിരം പദ്ധതി ഇതിനാവശ്യമാണെന്ന് അവര്‍ മനസ്സിലാക്കി. അങ്ങനെയാണ് മര്‍കസുദഅ്‌വയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1994 ല്‍ ഐ എസ് എമ്മിന് കീഴിലായി മെഡിക്കല്‍ എയിഡ് സെന്റര്‍ രൂപം കൊള്ളുന്നത്.
മര്‍കസുദഅ്‌വ ആസ്ഥാനമാക്കി മരുന്നും മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി ഭക്ഷണവും വിതരണം ചെയ്ത് പ്രവര്‍ത്തന ഗോദയിലിറങ്ങുമ്പോള്‍ അന്ന് ഐ എസ് എം തനിച്ചായിരുന്നു. ഡോക്ടര്‍മാരില്‍ നിന്നു ലഭിക്കുന്ന സാമ്പിളുകളും കാലാവധി കഴിയാത്ത മരുന്നുകള്‍ വീടുകളില്‍ നിന്നു ശേഖരിച്ചുമാണ് മരുന്ന് വിതരണം നടത്തിയിരുന്നത്. അര്‍ഹരുടെ നിര നീണ്ടപ്പോള്‍ നാല് വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജിനടുത്ത് മറ്റൊരു മരുന്ന് വിതരണ കേന്ദ്രം ആരംഭിച്ചു. അവിടെ നിന്ന് ദിവസവും മൂന്ന് നേരം രോഗികള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കി. തീര്‍ത്തും അര്‍ഹരായ ആളുകളെ കണ്ടെത്തിയാണ് വിതരണം ചെയ്തിരുന്നത്. ഗവണ്‍മെന്റ് തലത്തില്‍ തന്നെ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയപ്പോള്‍ മെഡിക്കല്‍ എയിഡ് സെന്ററിന്റെ പ്രവര്‍ത്തനം രാവിലെയും രാത്രിയുമാക്കി. അതോടൊപ്പം വീടുകളില്‍ നിത്യരോഗികളായി കഴിയുന്നവര്‍ക്ക് മരുന്നെത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. അനുദിനം ആവശ്യക്കാരേറി വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കാന്‍സര്‍, വൃക്കരോഗം, മനോരോഗം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പല മരുന്നുകളും ഏറെ വിലപിടിപ്പുള്ളതാണ്. അവയില്‍ പലതും ആജീവനാന്തം ഉപയോഗിക്കേണ്ടതു കൂടിയാകുമ്പോള്‍ ഭാരം ഇരട്ടിയാകുന്നു. മെഡിക്കല്‍ എയിഡ് സെന്ററിന്റെ ആവശ്യമറിഞ്ഞുള്ള ഇടപെടല്‍ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമേകി. മെഡിക്കല്‍ കോളേജിലെ രോഗികളുടെ കൂടെ കഴിയുന്നവര്‍ക്ക് റമദാന്‍ കാലത്ത് അത്താഴവും നോമ്പ് തുറയും ആദ്യമായി ഒരുക്കിയതും ഐ എസ് എം തന്നെയാണ്. ഇന്ന് നിരവധി മുസ്്‌ലിം സംഘടനകള്‍ ഈ രംഗത്ത് സജീവമായിരിക്കുന്നത് ശ്ലാഘനീയമാണ്.

യുവതയുടെ കര്‍മവീര്യം
മരുന്നും ഭക്ഷണവും വിതരണം ചെയ്യുന്നതില്‍ തീരുന്നതല്ല നിരാലംബരുടെ പ്രശ്‌നങ്ങള്‍ എന്നു മനസ്സിലാക്കിയ മെഡിക്കല്‍ എയിഡ് സെന്റര്‍ പ്രവര്‍ത്തകര്‍ മറ്റു മേഖലകളിലേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ തുടങ്ങി. നട്ടെല്ലിനും മറ്റും ക്ഷതമേറ്റ് കിടപ്പിലായ രോഗികള്‍ക്ക് വാട്ടര്‍ ബെഡ് ഏറെ ആശ്വാസകരമാണ്. എയര്‍ബെഡ്, വീല്‍ചെയര്‍, വാക്കര്‍ സ്റ്റിക്ക്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ (ശ്വാസ തടസ്സമുള്ളവര്‍ക്ക്) തുടങ്ങിയ ഉപകരണങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മരണാനന്തരം ഉപേക്ഷിക്കുന്ന ഉപകരണങ്ങള്‍ ശേഖരിച്ചുമാണ് ഇവ കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളുടെ നവീകരണവും ലാബ്, സ്‌കാനിംഗ് ടെസ്റ്റുകള്‍ ചെയ്യാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കലും ഇതിന്റെ പ്രവര്‍ത്തന മേഖലയിലുള്‍പ്പെടുന്നു. രോഗം വരുന്നതിനു മുമ്പേയുള്ള പ്രതിരോധമാണ് ഏറ്റവും നല്ല ചികിത്സയെന്നതിന്റെ അടിസ്ഥാനത്തില്‍ നിരവധി ബോധവത്കരണ പരിപാടികളും ഐ.എസ്.എം നടത്താറുണ്ട്. വിവിധ ആരോഗ്യ ദിനങ്ങള്‍ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു.
രാവിലെയും രാത്രിയും രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്നതില്‍ വനിതാ വളണ്ടിയര്‍മാരുടെ സേവനം പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ബീച്ച് ഹോസ്പിറ്റലിലും നടന്നുവരുന്ന ഭക്ഷണ വിതരണത്തിന്റെ നേതൃത്വം സിറ്റിയിലെ വനിതാ വളണ്ടിയര്‍മാര്‍ക്കാണ്. വളരെയധികം പണച്ചെലവുള്ള ഈ സംരംഭത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിലും വാര്‍ഡുകള്‍ സന്ദര്‍ശിച്ച് രോഗികളെ സാന്ത്വനപ്പെടുത്തുന്നതിലും അര്‍ഹരെ കണ്ടെത്തി സഹായങ്ങള്‍ എത്തിക്കുന്നതിലും വനിതാ വളണ്ടിയര്‍മാരുടെ നേതൃപരമായ പങ്ക് ഏറെ വലുതാണ്. ഭക്ഷണവുമായെത്തുന്ന മാലാഖമാരെ കാത്തിരിക്കുന്നവരുടെ എണ്ണം ഇവിടങ്ങളില്‍ വര്‍ധിച്ചുവരികയാണ്.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക വളണ്ടിയര്‍മാരും സൗജന്യ ആംബുലന്‍സ് സര്‍വീസും രക്ത ദാന സന്നദ്ധ ഫോറവും മെഡിക്കല്‍ എയിഡ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

സുഹൃദയ
ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന പദ്ധതിയാണ് സുഹൃദയ. പത്തുവയസ്സു വരെയുള്ള നിരവധി കുഞ്ഞുങ്ങളുടെ ഓപ്പറേഷന്‍ നടന്നു കഴിഞ്ഞു. രണ്ട് ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാവുന്ന ഈ ഓപ്പറേഷനു ശേഷം തുടര്‍ചികിത്സകള്‍ വേണ്ടിവരില്ല എന്നതുകൊണ്ട് ചെറുപ്പത്തില്‍ തന്നെ ഹൃദ്രോഗത്തിന് പരിഹാരം കാണാനാവുന്നു. ജന്മനാ ഹൃദ്രോഗമുള്ളവര്‍ക്ക് ചികിത്സ നല്‍കാനുള്ള സര്‍ക്കാര്‍തല സംവിധാനം തിരുവനന്തപുരം ശ്രീചിത്തിരയില്‍ മാത്രമേയുള്ളൂവെന്നത് ഈ പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

'കീ' (Kidney Early Evaluation-KEE)
നമ്മുടെ നാട്ടില്‍ ഡയാലിസിസ് സെന്ററുകള്‍ വര്‍ധിച്ചുവരികയാണ്. വൃക്കരോഗികളുടെ എണ്ണം കുറക്കാന്‍ എന്തു ചെയ്യാമെന്ന ആലോചനയില്‍ നിന്നാണ് ദീര്‍ഘ വീക്ഷണാടിസ്ഥാനത്തില്‍ 'കീ' രൂപം കൊള്ളുന്നത്. വൃക്കരോഗം നേരത്തെ കണ്ടുപിടിക്കാനായാല്‍ ഡയാലിസിസ് ഘട്ടം എത്തുന്നതിനു മുമ്പേ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. 'കീ'യുടെ പ്രത്യേകമായി സജ്ജീകരിച്ച മൊബൈല്‍ ലാബ് വിവിധ സ്ഥലങ്ങളില്‍ ക്യാംപ് ചെയ്താണ് ഈ സ്‌ക്രീനിംഗ് പരിപാടി നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ക്യാമ്പുകളിലൂടെ പലര്‍ക്കും വൃക്കരോഗ മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രങ്ങളിലും ഐ എസ് എം പ്രവര്‍ത്തകര്‍ സജീവമാകുന്നുണ്ട്. ഔഷധങ്ങള്‍ക്കു പകരം സാന്ത്വനവും പരിചരണവും ആവശ്യപ്പെടുന്ന കര്‍മ മേഖലയാണ് പാലിയേറ്റീവ്. മഞ്ചേരി, നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, കോഴിക്കോട് സിറ്റി തുടങ്ങിയ പല ഇടങ്ങളിലും പാലിയേറ്റീവ് ക്ലിനിക്കുകള്‍ സജീവമാണ്. മെഡിക്കല്‍ എയിഡ് സെന്ററിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശഫീഖ് അഹ്മദ് (9847727456), എം.കെ നൗഫല്‍ (9895675542), കെ.വി നിയാസ് (9847419141), ബഷീര്‍ പോപ്പുലര്‍ (9847121371) തുടങ്ങിയവരാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍