Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

സാന്ത്വന ചികിത്സയിലെ പ്രവാസ മുദ്രകള്‍

അനസ് മാള യു.എ.ഇ കവര്‍സ്റോറി

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പരമാവധി സാധ്യതകകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ഗവേഷണശാലയാണ് പ്രവാസിലോകം. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളും പ്രാദേശിക കൂട്ടായ്മകളും കൊച്ചു കൊച്ചു സംഘങ്ങളുമടക്കം ആയിരക്കണക്കിന് വേദികളുള്ള മലയാളി പ്രവാസിഭൂമികയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മത്സരിക്കുന്നവയാണ് ഏറെയും.
സാന്ത്വന പരിചരണരംഗത്ത് വ്യത്യസ്തമായ ഒരു മുഖമാണ് ഗള്‍ഫ് അനാവരണം ചെയ്യുന്നത്. അസൗകര്യങ്ങള്‍ക്കിടയിലും കാരുണ്യത്തിന്റെ ഉര്‍വരതയില്‍ മരുഭൂവിന്റെ ഊഷരതയെ മായ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഇടം. ജോലിത്തിരക്കുകള്‍ക്കിടയില്‍, നാട്ടിലുള്ളതുപോലുള്ള സാന്ത്വന പരിചരണത്തിന് സന്ദര്‍ഭമോ സൗകര്യമോ അത്ര ലഭ്യമല്ലെങ്കിലും ഈ മേഖലയില്‍ അശ്രാന്ത പരിശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ ഒരുപാടുപേര്‍. ഒറ്റക്കും കൂട്ടായും ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉറവകള്‍...
സാന്ത്വന പരിചരണം അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമല്ലെന്ന തിരുത്തല്‍ കൂടിയാണ് ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. ജീവിതവഴിയില്‍ പ്രതിബന്ധമായി കടന്നുവരുന്ന അപകട-രോഗാവസ്ഥകളെ തരണം ചെയ്യാനുള്ള കരുത്തും ആശ്വാസവും പകര്‍ന്ന് ജീവിതത്തിലേക്ക് തിരികെ നടത്താനുള്ള പ്രവര്‍ത്തന വൈവിധ്യങ്ങള്‍ ഇവിടെ കാണാം.
ഗള്‍ഫിലെ ആരോഗ്യമേഖലയിലും സന്നദ്ധമേഖലയിലും സമര്‍പ്പിത വ്യക്തിത്വങ്ങളുണ്ട്. നാട്ടില്‍ നിന്ന് ഭിന്നമായി, കുടുംബത്തിന്റെ അസാന്നിധ്യവും സാമ്പത്തികക്ലേശവും ഉളവാക്കുന്ന പ്രയാസങ്ങള്‍ക്കിടയില്‍ തന്നെ വിഴുങ്ങാനെത്തുന്ന മാരകരോഗങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി നിന്നുകൊടുക്കേണ്ട അവസ്ഥക്ക് ആശ്വാസമായി, ഏതു മേഖലയിലും ഒന്നാമതെത്താന്‍ മത്സരിക്കുന്ന മലയാളിയുടെ സ്‌നേഹസ്പര്‍ശം ഇവിടെയുമുണ്ട്.
പ്രവാസി സന്നദ്ധസംഘടനകളുടെ പ്രഥമ പരിഗണനയാണ് ആശുപത്രി സന്ദര്‍ശനം. ഇവിടെ നിന്നും ലഭിക്കുന്ന കേസുകളാണ് മുഖ്യമായും ഏറ്റെടുത്തുവരുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്ന് ഏറ്റെടുക്കേണ്ടിവരുന്ന രോഗികളും ഏറെ. സന്നദ്ധ വ്യക്തികളെയോ സംഘടനകളെയോ അന്വേഷിച്ചെത്തുന്ന ഫോണ്‍വിളികള്‍ വഴിയും കേസുകള്‍ ലഭിക്കും. പരിഹരിക്കാനാവുന്നതിലധികം കേസുകളാണ് ഇങ്ങനെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് കാരുണ്യ സംഘങ്ങളുടെ പ്രവര്‍ത്തകര്‍ പറയുന്നു. കേസുകള്‍ ഏറ്റെടുത്ത് രോഗിക്കും ബന്ധുക്കള്‍ക്കും സാധ്യമാവുന്ന രീതിയിലുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് പതിവുരീതി. നിയമവിരുദ്ധമായി കഴിയുന്നവര്‍, സാമ്പത്തിക ശേഷിയില്ലാത്തവര്‍, ആരും അന്വേഷിക്കാനില്ലാത്തവര്‍, മാനസികാരോഗ്യമില്ലാത്തവര്‍, ആശുപത്രിയില്‍ നിന്നും വിട്ടാല്‍ താമസിക്കാന്‍ ഇടമില്ലാത്തവര്‍, വസ്ത്രത്തിന് വകയില്ലാത്തവര്‍, നിയമങ്ങളെ കുറിച്ച അവബോധമില്ലായ്മ മൂലം അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ ഇങ്ങനെ നിരവധി കേസുകള്‍... ഇവര്‍ക്ക് പുറമെയാണ് സാമ്പത്തിക പ്രയാസത്താല്‍ ആശുപത്രികളില്‍ ചികിത്സ തേടാതിരിക്കുന്നവര്‍, അത്യാഹിതങ്ങള്‍ക്ക് ബലിയാടാവേണ്ടിവരുമ്പോള്‍ പകച്ചുനില്‍ക്കുന്നവര്‍...
സാമ്പത്തിക പ്രയാസത്തോടൊപ്പം ആശുപത്രികളിലെ ഉയര്‍ന്ന പണച്ചെലവും തൊഴില്‍ നഷ്ടപ്പെടുമോ എന്ന ഭയവും രോഗികളെ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ നിന്ന് തടയുന്നത് പ്രവാസത്തിന്റെ അധികമാരുമറിയാത്ത ചിത്രം. കിട്ടുന്ന പണം നുള്ളിക്കൂട്ടി നാടിനെയും വീടിനെയും സുഭിക്ഷമാക്കാനുള്ള പരിശ്രമങ്ങളില്‍ ചോര്‍ന്നുപോകുന്ന ജീവിതങ്ങള്‍.
ഒരു കേസു കണ്ടെത്തിക്കഴിഞ്ഞാല്‍ തൊഴിലുടമയുടെ നിലപാടാണ് ആദ്യം തെരയുക. തൊഴിലുടമകള്‍ അറിയാത്തതോ ഏറ്റെടുക്കാത്തതോ ആയ സംഭവങ്ങളുണ്ട്. തുടര്‍ന്ന്, തൊഴിലുടമയെ വിവരമറിയിക്കും. നിയമപ്രകാരമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാത്ത കമ്പനികള്‍ക്കെതിരെ രോഗികള്‍ക്ക് നിയമസഹായമുള്‍പ്പെടെ ചെയ്തുകൊടുക്കും. തൊഴിലുടമ ഏറ്റെടുത്താല്‍ വലിയ സാമ്പത്തികഭാരം ഒഴിവായിക്കിട്ടും.
ആരും തിരിഞ്ഞുനോക്കാനില്ലാത്ത രോഗികള്‍ക്ക് സ്വന്തമെന്ന നിലയിലും ഉദാരമതികളുടെ സഹായത്താലും ഫണ്ട് കണ്ടെത്തും. ചികിത്സ നീണ്ടുപോകുന്നതിനനുസരിച്ച് സാമ്പത്തികബാധ്യതയും കൂടും. കുടുംബങ്ങള്‍ നാട്ടിലുള്ള രോഗികളുടെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിക്കും. രോഗിയുടെ ആശ്രിതര്‍ക്കും സാമ്പത്തികമടക്കമുള്ള സഹായങ്ങള്‍ ചെയ്യും. വേണ്ടിവന്നാല്‍, രോഗിയെ നാട്ടില്‍ ചികിത്സക്കുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. അത്യാവശ്യഘട്ടങ്ങളില്‍ രോഗിയുമായി നാട്ടില്‍ പോകുന്നവരുമുണ്ട്.
ഇന്ത്യക്കു പുറത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ വലിയൊരു പങ്കും കഴിയുന്ന യു.എ.ഇയില്‍ ചുരുങ്ങിയ വേതനത്തിന് കഷ്ടപ്പെടുന്ന ലക്ഷങ്ങള്‍ ലേബര്‍ ക്യാമ്പുകളില്‍ നരകിക്കുന്നു. അരിഷ്ടതകളാലും രോഗങ്ങളാലും ദുരിതമനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, ഭക്ഷണവിതരണം തുടങ്ങിയ സേവനങ്ങള്‍ക്ക് സ്ഥിരസംവിധാനം ഇവിടെയുണ്ട്. ആത്മഹത്യാസംഭവങ്ങള്‍ വലിയ ഭീഷണിയായി തീര്‍ന്ന അവസരത്തില്‍ ഇവരെ മുഖ്യധാരയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ചെറുതല്ല. ഇതിനായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് പരിപാടികള്‍, ബോധവത്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ നടത്തുന്നു. കെ.എം.സി.സിയുടെ 'പബ്ലിക് ലൈഫ് സപ്പോര്‍ട്ട്' പരിപാടി പോലെ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുള്ള പല പ്രവര്‍ത്തനങ്ങളും നടക്കുന്നു.
പ്രവാസ മരണനിരക്കില്‍ വലിയ പങ്കും വാഹനാപകടങ്ങളും ഹൃദയാഘാതവും മൂലമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുടുംബത്തിന് താല്‍കാലികാശ്വാസം നല്‍കാന്‍ പ്രവാസി സംഘടനകള്‍ ജീവസുരക്ഷാപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നു. സാന്ത്വന ചികിത്സയുടെ പരമകാഷ്ഠ മരണാനന്തര സഹായത്തോളമെത്തിനില്‍ക്കും പ്രവാസത്തില്‍. കുടുംബക്കാരുണ്ടെങ്കിലും മൃതശരീര പരിപാലനത്തിന് ഇത്തരം സഹായം കൂടിയേ തീരൂ. ഒരു പ്രവാസിയുടെ മരണമെന്നത് പ്രവാസികള്‍ എല്ലാവരുടെയും വേദനയാണ്. അതിനാല്‍ തന്നെ സഹായിക്കാന്‍ മതമോ വര്‍ഗമോ നോക്കാതെ ഓടിയെത്താനുള്ള പ്രവണത പ്രവാസത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒരു മൃതദേഹം നാട്ടിലെത്തിക്കണമെങ്കില്‍ അനവധി ഓഫീസുകളുടെ രേഖകള്‍ തയാറാക്കണം. സാധാരണഗതിയില്‍ രണ്ട് മൂന്ന് ദിവസങ്ങളാണിതിന് എടുക്കുക. ഒരാഴ്ച വരെ സമയമെടുത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കെ.വൈ.സി.സി ഈ മേഖലയില്‍ പൂര്‍ണമായും സൗജന്യസേവനമാണ് ചെയ്തുവരുന്നത്.
നിരപരാധികളും പരാധീനതകളുള്ളവരുമായ നിരവധി തടവുകാര്‍ക്ക് മോചനം ലഭിക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനും സ്ഥിരമായി നടക്കുന്ന ജയില്‍ സന്ദര്‍ശനങ്ങളിലൂടെ ഈ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നു. രോഗികള്‍ക്കും കുടുംബത്തിനും കൈതാങ്ങാവുന്നതോടൊപ്പം യുവാക്കളുടെ ക്രയശേഷി ഗുണാത്മകമായി വിനിയോഗിക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനകള്‍ ശ്രദ്ധിക്കുന്നു. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സര്‍ക്കാറും സംഘടനകളും വിവിധ സ്ഥലങ്ങളില്‍ പരിശീലന പരിപാടികളും നടത്തുന്നുണ്ട്.
സേവന സന്നദ്ധ വിഭാഗങ്ങളുടെ ഏകീകരണത്തിനുള്ള ഇന്ത്യാഗവണ്‍മെന്റ് രൂപീകരിച്ച ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ കമ്മിറ്റി (ഐ.സി.ഡബ്ല്യു.സി) അംഗീകരിച്ച സംഘടനകള്‍ക്കാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികാംഗീകാരമുള്ളത്. ഐ.സി.ഡബ്ല്യു.സിയും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പല സേവനങ്ങള്‍ക്കും ആശ്രയിക്കുന്നതും ഇവരെയാണ്. സേവനരംഗത്ത് സാമ്പത്തികസഹായം നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുന്നില്ലെന്ന് പരാതിയുണ്ട്. സാന്ത്വന ചികിത്സയുടെയും അത്യാഹിത സേവനങ്ങളുടെയും ഭാഗമായി പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വൈവിധ്യമേറിയതാണ്. പല വ്യക്തികളും സംഘടനകളും തങ്ങളുടെ നിസ്വാര്‍ഥ സേവനത്തിന് കളങ്കമാകുമെന്ന വിശ്വാസത്തില്‍ പലതും പങ്കുവെക്കുന്നില്ല. വിവരണത്തിനുമപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശാലമായ ലോകമുണ്ട് ഗള്‍ഫ് മലയാളത്തിന്. പ്രവാസി ജനിക്കുന്നതു മുതല്‍ തുടങ്ങുന്ന വേദനകളുടെ നേരനുഭവങ്ങള്‍ ആയിരിക്കാം സാന്ത്വനമാഗ്രഹിക്കുന്ന മനസ്സുകള്‍ കണ്ടെത്താനുള്ള വ്യഗ്രത അവനില്‍ രൂപപ്പെടുത്തുന്നത്. സാന്ത്വന ചികിത്സയുടെ അനുഭൂതികളില്‍ ആശ്വാസമനുഭവിക്കുന്ന മനസ്സിനുടമയാവുക എന്നത് പ്രവാസി ഒരു നിയോഗമായേറ്റെടുക്കുകയാണല്ലോ. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക വഴി സമൂഹത്തോടും കുടുംബത്തോടുമുള്ള ബാധ്യത ജ്വലിപ്പിച്ച് നിര്‍ത്തുകയാണ് പ്രവാസി.

Your web browser doesn't have a PDF plugin. Instead you can click here to download the PDF file.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍