Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 13

സുഊദി തൊഴില്‍ പ്രതിസന്ധി ആശങ്കകളും യാഥാര്‍ഥ്യവും

കെ.സി.എം അബ്ദുല്ല രിയാദ് വിശകലനം

വിദേശ തൊഴിലാളികളുടെ മേല്‍ സുഊദി അറേബ്യ ഏര്‍പ്പെടുത്തിയ ലെവിയുമായി ബന്ധപ്പെട്ട് നടന്ന ചൂടേറിയ വിവാദത്തിന് അറുതിയാകുന്നതിനിടെയാണ് രാജ്യത്തെ ഒരു വിഭാഗം വിദേശികളെ വെട്ടിലാക്കി തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയ തീരുമാനം പുറത്തുവന്നത്. സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും വിദേശികളെ ജോലിക്കുവെക്കുന്നത് നിരുത്സാഹപ്പെടുത്താനും ദീര്‍ഘകാലമായി നടപ്പിലാക്കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെച്ച 'നിതാഖാത്ത്' പദ്ധതിയിലേക്ക് ചെറുകിട സ്ഥാപനങ്ങളും ചേര്‍ക്കപ്പെട്ടതോടെയാണ് ചര്‍ച്ച സുഊദിക്ക് പുറത്തേക്ക് നീങ്ങിയത്. വിദേശ തൊഴിലാളികളുടെ തൊഴില്‍ - താമസ രേഖകള്‍ നല്‍കുന്നതിലും പുതുക്കുന്നതിലും ഇക്കാലമത്രയും സ്വീകരിച്ച ഉദാരസമീപനം തുടര്‍ന്നേക്കില്ല എന്ന ആശങ്കയാണ് പ്രവാസികളെയും അവരുടെ കുടുംബത്തെയും ഒടുവില്‍ അവരുടെ നാടിനെയും പരിഭ്രാന്തിയിലാഴ്ത്തിയത്. പുതിയ തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയാണെങ്കില്‍ ഈ ആശങ്ക അസ്ഥാനത്താകുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴില്‍ മന്ത്രാലയം മുന്നോട്ട് വെച്ച മിക്ക തീരുമാനങ്ങളും ഫലപ്രദമായ തുടര്‍ നടപടികളോടെ മുന്നോട്ട് പോവുകയാണ്. തൊഴില്‍ രംഗത്തെ പരിഷ്‌കരണങ്ങള്‍ എല്ലാ വിഭാഗം പ്രവാസികളെയും ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ വിവിധ യൂനിവേഴ്‌സിറ്റികളില്‍നിന്ന് പഠിച്ച് പുറത്തിറങ്ങുന്ന യുവതീ യുവാക്കളുടെ തൊഴിലില്ലായ്മക്കുള്ള പ്രായോഗിക പരിഹാരമായാണ് ഇതുസംബന്ധമായ പഠനങ്ങള്‍ക്ക് ശേഷം സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം മുന്നോട്ട് വന്നത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്കും തൊഴില്‍ നല്‍കാന്‍ തൊഴില്‍ ദാതാക്കളെ നിരന്തരം ഉണര്‍ത്തിയിരുന്നു. എന്നാല്‍, മിതമായ വേതനത്തിന് വിദേശികളെ ലഭിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആവശ്യം സ്‌പോണ്‍സര്‍മാര്‍ െചവിക്കൊണ്ടില്ല. ഇതോടെയാണ് നിയമപരമായി തൊഴില്‍ പ്രതിസന്ധി മറികടക്കാന്‍ തീരുമാനിച്ചത്. ഒന്നാം ഘട്ടം ഫലം കണ്ടതോടെ നിയമം വ്യാപിപ്പിക്കാനും കര്‍ശനമാക്കാനും തീരുമാനമുണ്ടായി.
2003-ല്‍ വിരലിലെണ്ണാവുന്ന യൂനിവേഴ്‌സിറ്റികള്‍ മാത്രമുണ്ടായിരുന്ന സുഊദിയില്‍ പുതുതായി നൂറിലേറെ യൂനിവേഴ്‌സിറ്റികളും ഉന്നത കലാലയങ്ങളും ആരംഭിച്ചിട്ടുണ്ട്. സ്വന്തം ജനതക്ക് വിദ്യാഭ്യാസത്തിന് ഭീമമായ തുകയാണ് ബജറ്റില്‍ ഓരോ വര്‍ഷവും സുഊദി മാറ്റിവെക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം നേടി വരുന്ന സുഊദി യുവാക്കളുടെ എണ്ണവും ഇതിനായുള്ള സ്‌കോളര്‍ഷിപ്പ് തുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ലോകത്തിനുതന്നെ മാതൃകയാക്കാനാകുന്ന പുരോഗതിയാണ് ഏതാനും വര്‍ഷങ്ങളായി സുഊദി അറേബ്യ കൈവരിച്ചത്. സ്രതീശാക്തീകരണവും ശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ വനിതാ യൂനിവേഴ്‌സിറ്റികളിലൊന്ന് രിയാദിലാണ്. സുഊദി കൂടിയാലോചനാ സമിതിയില്‍ 20 ശതമാനം സ്്രതീകള്‍ക്ക് സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം രാജ്യത്തിന്റെ പുരോഗതിയില്‍ നാഴികക്കല്ലാകും. തൊഴില്‍ പരിശീലന രംഗത്ത് സ്്രതീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ലക്ഷക്കണക്കിന് സുഊദികളെയാണ് പരിശീലനം സിദ്ധിച്ചവരാക്കിയത്. സര്‍ക്കാറിനൊപ്പം വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. സ്ത്രീകളും വ്യാപകമായി തൊഴില്‍ രംഗത്തേക്ക് കടന്നുവരാന്‍ തുടങ്ങി.
20-35 വയസിന് ഇടയില്‍ ജോലി അന്വേഷിക്കുന്ന 14 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തൊഴില്‍ പ്രേരക ഏജന്‍സിയായ 'ഹാഫിസി'ല്‍ രജിസ്റ്റര്‍ ചെയ്തത്്. ഇവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ആറ് ലക്ഷം തൊഴില്‍ അന്വേഷകര്‍ക്ക് നിതാഖാത്തിലൂടെ തൊഴില്‍ ലഭ്യമായെങ്കിലും രണ്ട് ലക്ഷത്തോളം പേര്‍ പിന്നീട് കൊഴിഞ്ഞുപോയതായാണ് കണക്കുകള്‍. കൊഴിഞ്ഞ് പോക്ക് കുറക്കാനായി മിനിമം വേതനം ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. അഥവാ തൊഴില്‍ രംഗത്ത് ഭരണകൂടം സ്വീകരിച്ച ഇപ്പോഴത്തെ നടപടി ധൃതി പിടിച്ചുള്ളതോ മുന്‍ധാരണയില്ലാത്തതോ അപ്രായോഗികമോ അല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഫഹദ് രാജാവിന്റെ നിര്യാണത്തെ തുടര്‍ന്ന് അധികാരത്തിലേറിയ അബ്ദുല്ല രാജാവ് ദീര്‍ഘദൃഷ്ടിയോടെ മാനവ വിഭവശേഷി രംഗത്തും തൊഴില്‍ മേഖലയിലും കൊണ്ടുവന്ന പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ പ്രായോഗികമാക്കുന്നത്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും പര്യടനം നടത്തിയ അബ്ദുല്ല രാജാവ് സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ള സമൂഹത്തെ വിദ്യാഭ്യാസത്തിന്റെയും തൊഴിലിന്റെയും മഹത്വവും സാധ്യതകളും ബോധ്യപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ദീര്‍ഘദൃഷ്ടിയോടെയുമാണ് സുഊദിയുടെ പുരോഗതി. വിദ്യാഭ്യാസ രംഗത്തും സാമൂഹിക മേഖലയിലും ഉണ്ടായ പുരോഗതിക്കൊപ്പം പശ്ചിമേഷ്യയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാമൂഹിക അടിയൊഴുക്കുകളും തൊഴില്‍ മേഖലയിലെ നിലപാടിനെ സ്വാധീനിക്കുകയും സ്വദേശികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന സുഊദിയിലെ തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാനോ മടങ്ങിവരുന്നത് കണ്ടെത്താനോ കഴിയാതെ പോയത് നമ്മുടെ ഭരണകൂടത്തിന്റെ പിടിപ്പുകേടാണ്. കേരളത്തിലെ നൂറ് കുടുംബങ്ങളില്‍ 27 പേരെങ്കിലും വിദേശത്തുണ്ടെന്നാണ് കണക്ക്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കുന്ന വിഹിതത്തിന്റെ ഏഴിരട്ടിയോളമാണ് വിദേശ മലയാളികള്‍ നാട്ടിലെത്തിക്കുന്നത്. നമ്മുടെ സംസ്ഥാന ബജറ്റിന്റെ രണ്ടിരട്ടിയോളം വരുമത്രെ ഇത്. സംസ്ഥാനത്തെ നല്ലൊരു വിഭാഗം കുടുംബങ്ങളുടെ ജീവിതപൊലിമയില്‍ ഈ പണത്തിന്റെ പങ്ക് പ്രകടമാണ്. നാടിന്റെ വികസനവും തലയുയര്‍ത്തിനില്‍ക്കുന്ന വാണിജ്യകേന്ദ്രങ്ങളും പ്രവാസിയുടെ വിയര്‍പ്പിന്റെ ഗന്ധമുള്ളതാണ്. എന്നാല്‍, കേന്ദ്രത്തിലും കേരളത്തിലും വകുപ്പും മന്ത്രിമാരും അവരുടെ പേഴ്‌സണല്‍ സ്റ്റാഫുമൊക്കെയായി വലിയൊരു പട തന്നെയുണ്ടായിട്ടും ഇക്കാലമത്രയും പ്രവാസിക്കായി ഒന്നും ചെയ്യാനവര്‍ക്കായില്ല. അവരെ അന്വേഷിക്കാനോ അവരുടെ പരിഭവം കേള്‍ക്കാനോ ആരുമുണ്ടായില്ല.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശേഷിപ്പിക്കുമ്പോഴും അവരുടെ എണ്ണത്തെ കുറിച്ചോ ജീവിത നിലവാരത്തെകുറിച്ചോ അന്വേഷണമുണ്ടായില്ല. ഭരണകൂട വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായപ്പോള്‍ നിസ്സഹായരായവര്‍ ഒടുവില്‍ മടങ്ങിവരുമെന്ന വാര്‍ത്ത ഭരണകൂടത്തെ ചകിതരാക്കുന്നു. പ്രവാസികള്‍ ഇനിയും യാതനകളും വേദനകളും സഹിച്ച് പ്രയാസം പേറി അന്യനാടുകളില്‍ കഴിയണമെന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്. എണ്ണപ്പെട്ട വ്യവസായ പ്രമുഖരുടെ ആവശ്യങ്ങളാണ് പ്രവാസികളുടേതായി സര്‍ക്കാര്‍ പരിഗണിച്ചുപോരുന്നത്. ഇപ്പോഴത്തെ പ്രസ്താവനകളും പ്രത്യാരോപണങ്ങളും തങ്ങള്‍ക്ക് കാരുണ്യം ചൊരിയാനുള്ളതല്ലെന്ന് ആരെക്കാളും ബോധ്യമുള്ളവരാണ് പ്രവാസികള്‍. ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ തനി രാഷ്ട്രീയ ലാഭത്തിനുള്ളതാണെന്നതിന്റെ തെളിവാണ് ഇതുസംബന്ധമായ സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. സുഊദിയിലുള്ള മലയാളികളുടെ എണ്ണം 5,74,739 ആണെന്നാണ് പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ് കഴിഞ്ഞ മാസം നിയമസഭയെ അറിയിച്ചത്. സത്യത്തില്‍ ഇത് സുഊദിയിലുള്ള മലയാളികളുടെ മൂന്നിലൊന്നേ വരൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'അനൗദ്യോഗിക' കണക്കനുസരിച്ച് ആശ്രിതരുള്‍പ്പെടെ 24 ലക്ഷത്തോളം ഇന്ത്യക്കാര്‍ സുഊദിയില്‍ മാ്രതമുണ്ടെന്നാണ് കണക്ക്. ഏറ്റവും കുറഞ്ഞത് ഇതിന്റെ 60 ശതമാനം മലയാളികളാണെങ്കില്‍ തന്നെ മന്ത്രിയുടെ കണക്ക് യാഥാര്‍ഥ്യവുമായി എത്ര അകലെയാണ്.
2011 നവംബറിലാണ് 'നിതാഖാത്ത്' (തരം തിരിവ്) പദ്ധതിക്ക് രൂപം നല്‍കിയത്. തൊഴില്‍ മേഖലയെ 51 ഇനങ്ങളായി വേര്‍തിരിച്ചും സ്ഥാപനങ്ങളെ വന്‍കിട, ഇടത്തരം, മേത്തരം, ചെറുകിട വിഭാഗങ്ങളായി പരിഗണിച്ചുമാണ് സ്വദേശി അനുപാതം നിശ്ചയിച്ചത്. കൂടുതല്‍ സ്വദേശി തൊഴില്‍ അന്വേഷകരുള്ള വിഭാഗങ്ങളില്‍ സ്വദേശിവത്കരണത്തിന്റെ അനുപാതം വര്‍ധിപ്പിച്ചും നിര്‍മാണ മേഖലയുള്‍പ്പെടെയുള്ള രംഗങ്ങളില്‍ അനുപാതം കുറച്ചുമാണ് തരം തിരിവ്. നിശ്ചിത അനുപാതത്തിന് മുകളില്‍ പൂര്‍ത്തീകരിക്കുന്നവരെ എക്‌സലന്റ് വിഭാഗത്തിലും നിശ്ചിത തോത് പൂര്‍ത്തീകരിക്കുന്നവരെ പച്ച വിഭാഗത്തിലും പെടുത്തി. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും നല്‍കുമ്പോള്‍ അനുപാതം പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ തടയാനും തീരുമാനിച്ചു. പദ്ധതി പ്രഖ്യാപിച്ച് ഒമ്പത് മാസത്തോളം സ്വദേശിവല്‍ക്കരണത്തിന്റെ തോത് നികത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളാണ് ചുവപ്പ് ഗണത്തിലേക്ക് തള്ളപ്പെട്ടത്. ഈ സ്ഥാപനങ്ങളിലെ വിദേശികളുടെ നിയമപരമായ താമസരേഖകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
സ്‌പോണ്‍സര്‍മാര്‍ ആവശ്യത്തിന് സ്വദേശികളെ നിയമിക്കാത്തത് കാരണം കുടുംബസമേതവും അല്ലാതെയും താമസിക്കുന്ന ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെ ഇവ്വിധം നിയമകുരുക്കില്‍ അകപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് തൊഴില്‍ ഉണ്ടെങ്കിലും നാട്ടില്‍ പോകാനോ മറ്റു ആവശ്യങ്ങള്‍ നേടാനോ കഴിയില്ല. മാര്‍ച്ച് 28 മുതല്‍ ആരംഭിച്ച നിതാഖാത് വ്യവസ്ഥയുടെ പുതിയ ഘട്ടത്തില്‍ നേരത്തെ മാറ്റിനിര്‍ത്തിയിരുന്ന ചെറുകിട സ്ഥാപനങ്ങളിലേക്ക് കൂടി നിയമം വ്യാപിപ്പിച്ചു. സാധാരണക്കാരില്‍ ബഹുഭൂരിപക്ഷവും തൊഴില്‍ ചെയ്യുന്നത് ഈ മേഖലയിലാണ്. ഇത് മൂന്നര ലക്ഷത്തിലധികം പുതിയ സ്ഥാപനങ്ങളെ നിയമത്തിന്റെ വരുതിയിലാക്കി. ഇതില്‍ ഒരു ലക്ഷത്തില്‍ പരം സ്ഥാപനങ്ങള്‍ സ്വദേശിവത്കരണം നടത്തി നിയമപരിരക്ഷ നേടിയപ്പോള്‍ ഭൂരിപക്ഷം സ്ഥാപനങ്ങളും സ്വദേശി അനുപാതം പൂര്‍ത്തീകരിക്കാത്തവയാണ്. ഇതോടെ ചുവപ്പ് വിഭാഗത്തില്‍ പെടുന്നവയുടെ എണ്ണം വര്‍ധിക്കും. ചുവപ്പില്‍ പെടുന്ന സ്ഥാപനങ്ങളിലെ വിദേശികളെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ സ്വദേശി സ്ഥാപന ഉടമകള്‍ക്ക് താല്‍പര്യമില്ല, അതേസമയം സ്വദേശികളുടെ അനുപാതം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലിവിടാതെ മറ്റ് നിര്‍വാഹമുണ്ടാകില്ല. സ്വദേശികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചതും മറ്റു ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരുന്നതുമാണ് വിദേശികളെ ആശ്രയിക്കാന്‍ സ്വദേശികളെ പ്രേരിപ്പിക്കുന്നത്. സ്വദേശി അനുപാതം പൂര്‍ത്തീകരിക്കുന്ന മുറക്ക് ഏത് സമയവും ചുവപ്പ് വിഭാഗത്തിന് പച്ചയിലേക്ക് മാറാവുന്നതാണ്.
നിതാഖാത്ത് പദ്ധതി ഒന്നാം ഘട്ടം പിന്നിടുമ്പോഴാണ് നാല് മാസം മുമ്പ് 50 ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ 'ഇഖാമ'(റെസിഡന്റ് പെര്‍മിറ്റ്) പുതുക്കാന്‍ പ്രതിവര്‍ഷം 2400 രിയാല്‍ അധികം നല്‍കണമെന്ന നിയമം വന്നത്. ബേങ്കിംഗ്, ഇന്‍ഷൂറന്‍സ് തുടങ്ങി പരിമിതമായ മേഖലകളിലൊഴികെയുള്ള മിക്ക സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ പുതിയ നിയമം വന്നതോടെ ഈ അധിക ബാധ്യത ഏറ്റെടുക്കേണ്ടിവന്നു. ശമ്പളത്തിന്റെ ഒരു വിഹിതം സ്‌പോണ്‍സര്‍മാര്‍ക്ക് പ്രതിമാസ ഉപഹാരമായി നല്‍കി സ്‌പോണ്‍സറുടെ അടുത്തല്ലാതെ മറ്റുസ്ഥലങ്ങളില്‍ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ഫ്രീവിസക്കാര്‍. നമ്മുടെ നിയമസംവിധാനത്തിന്റെ പഴുതുകളുപയോഗിച്ചു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് അനധികൃത താമസക്കാരിലും ്രഫീവിസക്കാരിലും വലിയൊരു വിഭാഗം. ഒടുവില്‍ ്രഫീവിസക്കാരെ പൂര്‍ണമായും തുടച്ച് നീക്കാനുള്ള തീരുമാനത്തിന് തൊഴില്‍ നിയമത്തിലെ 39-ാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ട് അനുമതി നല്‍കി. ഇതോടെ തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് അനുവാദമില്ലാതായി. സ്‌പോണ്‍സര്‍ഷിപ്പിലല്ലാതെ ജോലിചെയ്യുന്നത് നിയമ ലംഘനമാകുമെന്നും ജോലി നല്‍കുന്നവരും ശിക്ഷാര്‍ഹരാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. പതിനായിരക്കണക്കിന് മലയാളികളാണ് ഫ്രീവിസയില്‍ ഇവിടെയുള്ളത്. ഫ്രീവിസക്കാരെ നേരിടാനുള്ള നടപടി ആരംഭിക്കുകയും നിതാഖാത്ത് മുഖേന കൂടുതല്‍ പേര്‍ ചുവപ്പിലേക്ക് പിന്‍തള്ളപ്പെടുകയും ചെയ്യുന്നതോടെ മൊത്തം 20 ലക്ഷത്തോളം വിദേശികളുടെ തൊഴില്‍ ഭീഷണിയിലാകുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നത്.
ഈ വര്‍ഷം മുഹര്‍റം ഒന്ന് മുതല്‍ റബീഉല്‍ആഖിര്‍ അവസാനം വരെയുള്ള കാലയളവില്‍ രണ്ട് ലക്ഷത്തോളം വിദേശികളെ നാട് കടത്തിയതായി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഒടുവിലത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഇതില്‍ എത്ര ഇന്ത്യക്കാരുണ്ടായിരുന്നുവെന്നതിന്റെ കണക്കുകള്‍ നമ്മുടെ ബന്ധപ്പെട്ടവരുടെ അടുത്തില്ലെന്നത് ഇത്തരം വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ പതിവ് അലംഭാവത്തിന് മാറ്റമില്ലെന്നതിന്റെ സൂചനയാണ്. നിയമലംഘകരെ ഇല്ലാതാക്കി രാജ്യത്തെ തൊഴില്‍ രംഗം പൂര്‍ണമായും നിയമവിധേയമാക്കി പുനഃക്രമീകരിക്കുകയും എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ന്യായമായ പരിരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നടപടികളുടെ അന്തസ്സത്ത. അനധികൃത താമസക്കാരെ പിടികൂടുന്നത് പതിവ് രീതിയാണ്. അതിനപ്പുറമുള്ള ശക്തമായ ഒരു നടപടി ഇതുവരെയും ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഭീതിജനകമായ ഒരു സാഹചര്യം പ്രവാസികളെ സംബന്ധിച്ചേടത്തോളം ഇല്ല. അതേസമയം പഴയതുപോെല ഉദാരത ഇനി ഉണ്ടായിക്കൊള്ളണമെന്നില്ല. ഇതാണ് പലരെയും പരിഭ്രാന്തിയിലാക്കിയത്. നമ്മുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെട്ടപ്പോഴെങ്കിലും ഗള്‍ഫില്‍നിന്നുള്ള ഒരു തിരിച്ചു വരവിനെ കുറിച്ച് നമ്മുടെ ഭരണകൂടം ജാഗ്രതയും മുന്‍കരുതലുകളും സ്വീകരിക്കേണ്ടിയിരുന്നു. സാമ്പത്തിക മാന്ദ്യകാലത്ത് സുഊദിയുടെ ഭദ്രമായ സാമ്പത്തിക സുസ്ഥിതി പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആശാവഹമല്ല. ഇപ്പോഴും പ്രായോഗികമായ പ്രശ്‌ന പരിഹാരത്തിന് പകരം മാധ്യമ വാര്‍ത്തകളെ തുടര്‍ന്നുള്ള ആരോപണങ്ങളും പ്രസ്താവനകളും മാത്രമാണ് ഉത്തരവാദപ്പെട്ടവരില്‍ നിന്നുണ്ടാകുന്നത്. ലക്ഷക്കണക്കിന് പ്രവാസികള്‍ രാജ്യത്തേക്ക് തിരിച്ചുവരുന്നത് സാമ്പത്തിക പ്രതിസന്ധിക്കപ്പുറം ഒരു സാമൂഹിക പ്രശ്‌നം കൂടിയായി മാറുമെന്ന് തിരിച്ചറിഞ്ഞ് സമഗ്രമായ പരിഹാരമാണ് തേടേണ്ടത്. എന്നാല്‍, സ്വന്തം രാജ്യത്തെ വിമാന കമ്പനി മൂന്ന് മാസത്തോളം പ്രവാസികളെ കണ്ണീരുകുടിപ്പിച്ച് വട്ടം കറക്കിയത് ആറു മാസം മുമ്പാണ്. അന്ന് ഒന്നും ചെയ്യാന്‍ കഴിയാത്ത ഭരണകൂടം മറ്റൊരു വിദേശ രാജ്യത്തെ ആഭ്യന്തര തൊഴില്‍ രംഗത്തെ പുതിയ സാഹചര്യങ്ങളെ മറികടക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തുന്നതിെല അസാഗംത്യം പരിഹാസ്യമാണ്. ്രപവാസികളെ പോലെതന്നെ സുഊദിയിലെ വലിയൊരു വിഭാഗം സ്വദേശികള്‍ക്കും വിദേശികളെ നഷ്ടപ്പെടുന്നതില്‍ താല്‍പര്യമില്ല. അവര്‍ തങ്ങളുടെ എല്ലാവിധ സമ്മര്‍ദങ്ങള്‍ നടത്തിയിട്ടും നിയമം നിയമത്തിന്റെ വഴിക്ക് പോവുകയാണ്. നിയമ ലംഘകരായ അനധികൃത താമസക്കാരെ സുഊദിയില്‍തന്നെ കുടിയിരുത്തണമെന്ന് പറയാന്‍ സാമാന്യ നയതന്ത്രബോധം വെച്ച് ഇന്ത്യക്കാകുമെന്നും തോന്നുന്നില്ല. അപ്പോള്‍ പിന്നെ നാം നമ്മുടെ ്രപശ്‌നങ്ങള്‍ തീര്‍ക്കുകയാണ് വേണ്ടത്.
വര്‍ഷങ്ങളോളമായി നാട്ടില്‍ പോകാന്‍ കഴിയാതെ എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്താന്‍ കൊതിക്കുന്ന, ഒളിച്ചോട്ട മു്രദചാര്‍ത്തപ്പെട്ട (ഹുറൂബ്) വിഭാഗക്കാരെയും നിയമസഹായം ലഭ്യമല്ലാത്തതിനല്‍ കാലാവധി തീര്‍ന്നിട്ടും ജയിലില്‍ കഴിയുന്ന തടവുകാരെയും നാട്ടിലെത്തിക്കാനാകട്ടെ സര്‍ക്കാറിന്റെ ആദ്യത്തെ ്രശമം. തൊഴില്‍ ്രപതിസന്ധി രൂക്ഷമായാല്‍ ്രപവാസികളുടെ തിരിച്ചുവരവ് ഉണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും തൊഴില്‍പരവുമായ പ്രതിസന്ധിയെ മറികടക്കാനുള്ള പഠനം നടക്കണം. പൊടുന്നനെ ഇല്ലെങ്കിലും വൈകാതെ ഉണ്ടായേക്കാവുന്ന ഒരു ഒഴിച്ചുപോക്ക് ഏതെങ്കിലും ജില്ലകളെയോ വിഭാഗത്തെയോ മാത്രം ബാധിക്കുന്നതല്ല. സംസ്ഥാനത്തിന്റെ വികസനത്തെയും പുരോഗതിയെയും അത് പിറകോട്ടടിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവരുടെ പുനരധിവാസവും തൊഴിലും മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളും അനുഭാവപൂര്‍വം പരിഗണിക്കപ്പെടേണ്ടതാണ്.
'നിതാഖാത്ത്' എന്ന അറബി പദം മനഃപാഠമാക്കിയതുകൊണ്ട് തീരുന്നതല്ല സുഊദിയിലെ ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നം. നിതാഖാത്ത് ഹാഫിസ്, താഖാത്ത് പോലെയുള്ള അനവധി തൊഴില്‍ പദ്ധതികള്‍ ഇപ്പോള്‍ ഇവിടെ നടന്നുവരുന്നുണ്ട്. ഗള്‍ഫിലെ തൊഴില്‍ മേഖലയും സാമൂഹിക മാറ്റങ്ങളും പുതിയ സാധ്യതകളും സമഗ്രമായി പഠനവിധേയമാക്കണം. വലിയതോതില്‍ ഒഴിച്ചുപോക്ക് പ്രതീക്ഷിക്കുമ്പോഴും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ പുതുതായി ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക് ഉള്‍പ്പെടെ ലോകത്തെതന്നെ കൂറ്റന്‍ പദ്ധതികളുടെ നിര്‍മാണം സുഊദിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ നിയമലംഘനത്തിലേക്ക് വഴുതിവീണ ഒരു വിഭാഗത്തെ നിയമസഹായത്തിലൂടെ പുതിയ തൊഴില്‍ മേഖലയിലേക്ക് തിരിച്ചുവിടാവുന്നതാണ്. നിയമലംഘകര്‍ക്ക് നിയമവിധേയമാകാനുള്ള അവസരങ്ങള്‍ തൊഴില്‍നിയമത്തിലുണ്ട്. പരിമിതമായ ജീവനക്കാരുള്ള ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിയമസഹായം ലഭ്യമാക്കണമെന്നുമുള്ള പ്രവാസികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. ഇക്കാര്യത്തില്‍ ഫിലിപൈന്‍സ് പോലുള്ള രാജ്യങ്ങള്‍ അവരുടെ പ്രവാസി സമൂഹത്തിന് നല്‍കുന്ന സുരക്ഷിതത്വവും പിന്തുണയും നമ്മുടെ ഭരണാധികാരികള്‍ കണ്ട് പഠിക്കണം.
പ്രവാസികളുടെ മടങ്ങിവരവ് അന്യസംസ്ഥാനക്കാര്‍ കൈയടക്കിവെച്ച സംസ്ഥാനത്തിന്റെ തൊഴില്‍ വിപണിയെ ഏത് വിധമാകും ബാധിക്കുകയെന്ന് പറയാന്‍ കഴിയില്ല. കേരളത്തിന് പുറത്തും മലയാളി പ്രവാസികളുടെ മടങ്ങിവരവ് ചലനങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. വ്യാപകമായ നടപടികളുണ്ടായാല്‍ തിരിച്ചുപോകുന്നവര്‍ക്ക് അടിയന്തരമായി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും സൗജന്യ യാ്രതാ സൗകര്യം ഒരുക്കാനും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം. അനുഭാവപൂര്‍വമായ സമീപനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ വക നിരക്ക് വര്‍ധനവ് ഇരുട്ടടിയാകുന്നത്. തിരിച്ചുപോക്ക് ആഗ്രഹിക്കുന്നവര്‍ക്ക് സമയബന്ധിതമായി ഇടപെട്ട് യാത്രാ രേഖകള്‍ ലഭിക്കണം. സ്‌പോണ്‍സര്‍മാരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനും നിയമ പരിരക്ഷ നല്‍കി നാട്ടിലയക്കാനും എംബസി മുന്നോട്ട് വരണം. പിടിക്കപ്പെട്ട് പോകുന്നവര്‍ ഹജ്ജ്-ഉംറ തീര്‍ഥാടനത്തിന് പോലും വരാന്‍ കഴിയാത്തവിധം കുറ്റവാളികളായാണ് നാട് കടത്തപ്പെടുക. ഇതൊഴിവാക്കപ്പെടണം. തിരിച്ചുവരുന്ന പ്രവാസികള്‍ പലവിധ തൊഴില്‍ പരിജ്ഞാനം നേടിയവരാണ്. ഇവരെ നാടിന്റെ പുരോഗതിക്ക് ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. സര്‍ക്കാറിനൊപ്പം പ്രവാസികളും അവരുടെ കുടുംബങ്ങളും പല ഘട്ടങ്ങളിലായി അവരെ ആശ്രയിക്കാറുള്ള മത സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവാസികളോടുള്ള സമീപനത്തില്‍ ദീര്‍ഘദൃഷ്ടിയോടെയുള്ള പുനര്‍വിചിന്തനങ്ങള്‍ക്ക് സമയം കണ്ടെത്തണം. '80-കളില്‍ വിദ്യാഭ്യാസം കുറഞ്ഞവരും തൊഴില്‍ രഹിതരുമായ ഒരു വിഭാഗമാണ് ഗള്‍ഫിലേക്ക് ചേക്കേറിയതെങ്കില്‍ ഇന്ന് അവരുടെ മക്കള്‍ ഉന്നത വിദ്യാഭ്യാസം നേടി തൊഴില്‍ അന്വേഷിക്കുന്നവരാണ്.മുന്‍വിധിയില്ലാതെ കെട്ടിപ്പടുത്ത ഒരു ഗള്‍ഫ് സംസ്‌കാരം പൊടുന്നനെ ഇല്ലാതാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കുടുംബ സാമൂഹിക മേഖലകളില്‍ വരുത്തുക. ഇതിനെ മറികടക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങള്‍ അറിയാതെയുള്ള മാധ്യമ ചര്‍ച്ചകളോ മര്‍മം തൊടാതെയുള്ള രാഷ്്രടീയ ഇടെപടലുകളോ ്രപവാസികള്‍ക്ക് ഗുണം ചെയ്യില്ല. അതല്ല ്രപവാസികള്‍ ആ്രഗഹിക്കുന്നതും.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 29-33
എ.വൈ.ആര്‍