പി.ബി മുഹമ്മദാലി
മുഖത്തെ പുഞ്ചിരി ജീവിതത്തിലെ സ്ഥായിയായ ഭാഗമാക്കി മാറ്റിയ എറണാകുളം എടവനക്കാട് സ്വദേശി പി.ബി മുഹമ്മദാലി സാഹിബ് അല്ലാഹുവിങ്കലേക്ക് യാത്രയായി. യുവത്വകാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളുടെ സഹചാരിയായിരുന്ന അദ്ദേഹം പിന്നീട് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും ഏരിയ ഓര്‍ഗനൈസറുമായി. സംസ്ഥാന ഫോറസ്റ്റ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ആയിരിക്കെയാണ് ജോലിയില്‍നിന്ന് വിരമിച്ചത്. ജമാഅത്തെ ഇസ്‌ലാമി അംഗമായിരുന്ന മുഹമ്മദാലി സാഹിബ് പിന്നീട് ജന്മസ്ഥലമായ എടവനക്കാടിന്റെ പ്രാസ്ഥാനിക സംരംഭങ്ങളിലെ പ്രധാന ഘടകമായി മാറി. ഇല്ലത്തുപടി നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ കീഴില്‍ ആരംഭിച്ച കാരുണ്യഭവന്‍ ഓര്‍ഫനേജിന്റെയും ഗ്രേസ് പബ്ലിക്ക് സ്‌കൂളിന്റെയും മാനേജറായി ഏറെ വര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. എടവനക്കാട് പ്രാദേശിക ജമാഅത്ത് അംഗമായിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്‌ലാമി വൈപ്പിന്‍ ഏരിയ ഓര്‍ഗനൈസര്‍, നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു. ജിദ്ദയിലെ പ്രവാസി സംഘടനയായ സേവയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: മുഹമ്മദ് ഷാഫി, സോഫിയ, സല്‍മ.
എം.എം സഫുവാന്‍
ആശിഖ് അല്‍ത്താഫ്
എറണാകുളം പെരിങ്ങാലയില്‍ കാരുകുന്നത്ത് ശംസുദ്ദീന്റെയും ആലപ്പുഴ പുന്നപ്ര പായിക്കാരന്‍ ഹൗസില്‍ ഹഫ്‌സയുടെയും മകനായ ആശിഖ് അല്‍ത്താഫിന്റെ അപകട മരണം ഏവരുടെയും മനസ്സില്‍ നൊമ്പരമായി. ഏറെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും കാത്തിരുന്ന സ്വന്തം വീടിന്റെ ഗൃഹപ്രവേശന കര്‍മത്തിന്റെ മുഹൂര്‍ത്തത്തില്‍ സന്തോഷത്തെ മറികടന്നുവന്ന മരണം ഏവരെയും ഞെട്ടിച്ചു കളഞ്ഞു.
മരിക്കുമ്പോള്‍ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്ന, 18 വയസ്സ് മാത്രം പ്രായമായിരുന്ന ആശിഖ് ചെറുപ്പം മുതലേ മദ്രസയില്‍ എന്റെ ശിഷ്യനായിരുന്നു. മറ്റു കുട്ടികളില്‍ നിന്ന് അവനെ വ്യത്യസ്തനാക്കിയത് അച്ചടക്കം, അനുസരണം, മിതഭാഷണം, സൗമ്യത, വശ്യ പുഞ്ചിരി തുടങ്ങിയ ഗുണങ്ങളായിരുന്നു. ആരാധനാ കാര്യത്തിലും ആശിഖ് കണിശത പുലര്‍ത്തി.
എസ്.ഐ.ഒ പ്രവര്‍ത്തകനായ ആശിഖ് നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച് ഉന്നത വിജയത്തോടെയാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ആശിഖിനെക്കുറിച്ച് എന്നും നല്ലതു പറയാനുണ്ടായിരുന്നുള്ളൂ.
കെ.കെ സഫിയ, ആലപ്പുഴ
ചാത്താടി അബ്ദുറഹിമാന്‍
തലശ്ശേരിയില്‍ നിര്യാതനായ ചാത്താടി അബ്ദുറഹിമാന്‍ സാഹിബ് ഏഴു പതിറ്റാണ്ടിലേറെക്കാലം അക്ഷരങ്ങളെ നെഞ്ചേറ്റി നടന്ന മാതൃകാപുരുഷനായിരുന്നു. മിലിട്ടറിയില്‍നിന്ന് തുടങ്ങി ഫസ്റ്റ് ഗ്രേഡ് സബ് രജിസ്ട്രാര്‍ പദവി വരെ അലങ്കരിച്ച അദ്ദേഹം പ്രസിദ്ധീകരണങ്ങളുടെ കാവലാളായാണ് ജീവിച്ചത്.
മുപ്പതുകളില്‍ തലശ്ശേരിയില്‍ ആരംഭിച്ച അക്ഷര വിപ്ലവങ്ങള്‍ക്കൊക്കെ സാക്ഷിയായ അബ്ദുറഹിമാന്‍ വായനാ ലോകത്ത് സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്തു. പുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടതോഴന്‍. 92-ാം വയസ്സില്‍ വിടപറയുമ്പോഴും അബ്ദുറഹിമാന്റെ കൈയില്‍ പുസ്തകങ്ങള്‍ തന്നെയായിരുന്നു. മുജാഹിദ് പ്രസ്ഥാനത്തിന്റെ സജീവ നേതാവായിരുന്നുവെങ്കിലും എല്ലാ വിഭാഗം എഴുത്തുകാരെയും അദ്ദേഹം ബഹുമാനിച്ചു. സാമൂഹിക പരിഷ്‌കരണത്തില്‍ പത്രങ്ങള്‍ വഹിക്കുന്ന പങ്ക് അദ്ദേഹം നന്നായി മനസ്സിലാക്കി. അച്ചടി മാധ്യമങ്ങളും ഗ്രന്ഥങ്ങളും സമൂഹത്തിന് നല്‍കുന്ന വിലപ്പെട്ട സംഭാവനകളെ അദ്ദേഹം തലമുറകള്‍ക്ക് പകര്‍ന്നു നല്‍കി. ഐക്യസന്ദേശമായിരിക്കണം അക്ഷരങ്ങളുടെ സന്ദേശമെന്ന് അദ്ദേഹം വിശ്വസിച്ചു. ലേഖനങ്ങള്‍ എഴുതുകയോ ഗ്രന്ഥങ്ങള്‍ രചിക്കുകയോ ചെയ്തില്ലെങ്കിലും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഗ്രന്ഥങ്ങളും പ്രചരിപ്പിക്കുക വഴി വലിയ ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്. വിവാദ വിഷയങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിച്ച് ധനവും സമയവും വൃഥാവിലാക്കുന്ന പ്രവണതയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. എന്തുസംഭവിച്ചാലും അക്ഷരമുത്തുകള്‍ മാഞ്ഞുപോകരുതെന്ന ശാഠ്യമായിരുന്നു അദ്ദേഹത്തിന്.
അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ വസ്തുതകളും സത്യങ്ങളും മൂല്യങ്ങളും അനാവരണം ചെയ്തു സമുദായത്തെ ഉദ്ബുദ്ധമാക്കുന്നതില്‍ അബ്ദുറഹിമാന്‍ സാഹിബ് വഹിച്ച പങ്ക് തികച്ചും മാതൃകാപരമായിരുന്നു.
കെ.പി കുഞ്ഞിമൂസ, കോഴിക്കോട്
Comments