Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

കോര്‍പറേറ്റ് ഭരണകാലത്തെ 'ജനപ്രിയ' ബജറ്റ് ?

പി.ബി.എം ഫര്‍മീസ്

യൂനിയന്‍ ബജറ്റും റെയില്‍വെ ബജറ്റും വലിയ പൊട്ടിത്തെറിയില്ലാതെ അവതരിപ്പിക്കപ്പെട്ടു. രാജ്യത്തിന്റെ വരുമാനത്തെയും ആവശ്യത്തെയും പരിതസ്ഥിതിയെയും തിട്ടപ്പെടുത്തി വരാനിരിക്കുന്ന വര്‍ഷത്തിലെ സാമ്പത്തിക-വിഭവ വിനിയോഗ ആസൂത്രണത്തിന്റെ പ്രഖ്യാപനമാണ് ബജറ്റിലൂടെ നടക്കേണ്ടിയിരുന്നത്. വിലക്കയറ്റത്തിന്റെ തീക്കനലില്‍ പൊറുതിമുട്ടുന്ന പൗരസമൂഹത്തിന് കേന്ദ്ര ബജറ്റില്‍നിന്ന് പ്രതീക്ഷിച്ചത് ലഭിച്ചോ? മന്‍മോഹന്‍സിംഗിന്റെ 'കമ്പനി' ഭരണത്തില്‍ ബജറ്റിലെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. നഷ്ടപ്പെടുത്തി എന്നുപറയുന്നതാവും ശരി. വാര്‍ഷിക സാമ്പത്തിക സര്‍വേ മുന്‍നിര്‍ത്തി സാമ്പത്തിക നയം രൂപീകരിക്കുന്ന കാലം അസ്തമിച്ചു. അല്ലെങ്കിലും പെട്രോളും ഡീസലും കമ്പനികള്‍ക്ക് തീറെഴുതിയതിന് ശേഷം ബജറ്റിന് കാത്തിരിക്കാതെ തന്നെ കമ്പനികള്‍ കമ്പോളത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണല്ലോ. ബജറ്റ് നയങ്ങളെ അടിസ്ഥാനമാക്കി വില കൂടുകയും കുറയുകയും ചെയ്യുന്ന രീതിയല്ല സമകാലിക ഇന്ത്യയുടേത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അവതരിപ്പിച്ച 2013-14 ബജറ്റില്‍ സ്ത്രീ-യുവജന കാര്‍ഷിക ശാക്തീകരണങ്ങളെ തലോടിയും അടിസ്ഥാന വര്‍ഗത്തിന്റെ കണ്ണില്‍ പൊടിയിട്ടും പ്രഖ്യാപിച്ച പദ്ധതികള്‍ അപഹാസ്യമാണ്. രാജ്യം നേരിടുന്ന മൗലിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യാതെ മുഖം മിനുക്ക് പദ്ധതികളുടെ ഘോഷയാത്ര മാത്രമാണ് ബജറ്റിലുള്ളത്. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, അഴിമതി തുടങ്ങിയ മൗലിക പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായത് 1991-ലെ നവസാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമാണ്. രാജ്യത്തിന്റെ നിര്‍ണായകമായ അധികാരങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയും, സ്റ്റേറ്റിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് പയ്യെ പയ്യെ പിന്മാറുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ പരിഹാരങ്ങള്‍ തന്നെ കാണേണ്ടതുണ്ട്.

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഖജനാവ് കൊള്ളയടിച്ച വിധം
കിംഗ്ഫിഷര്‍ മുതലാളി വിജയ് മല്ല്യ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ നികുതി കുറച്ചും, സബ്‌സിഡി നല്‍കിയും പ്രധാനമന്ത്രി താങ്ങ് നല്‍കാന്‍ ശ്രമിച്ചത് പോയ വര്‍ഷത്തെ കൗതുകമുണര്‍ത്തിയ രാഷ്ട്രീയ വാര്‍ത്തയായിരുന്നു. ആയിരവും പതിനായിരവും രൂപ ഇല്ലാത്തതിന്റെ പേരില്‍ നൂറ്കണക്കിന് കര്‍ഷക ആത്മഹത്യ നടക്കുന്ന നാട്ടില്‍ നിസംഗത നടിക്കുന്ന അതേ ഭരണകൂടമാണ് വിജയ് മല്ല്യയെ സഹായിക്കാന്‍ ഫ്‌ളൈറ്റ് ചാര്‍ട്ടര്‍ ചെയ്ത് കൈ കൂപ്പി നില്‍ക്കാന്‍ പോയത്. പാവപ്പെട്ടവന്റെ ആവശ്യങ്ങള്‍ വരുമ്പോള്‍ കാലിയായ ഖജനാവിന്റെ കഥയും പൊതുകടത്തിന്റെ എണ്ണവും പറഞ്ഞ് കണ്ണീരൊലിപ്പിക്കുന്നവരുടെ കോര്‍പറേറ്റുകളോടുള്ള ദാസ്യവൃത്തിയെ അനാവരണം ചെയ്യുന്ന വസ്തുതകളാണ് താഴെ ചേര്‍ത്ത പട്ടികയിലുള്ളത് (പട്ടിക 1 കാണുക).
2005 മുതല്‍ 2012 വരെ മാത്രം ഖജനാവിലെ 26,12,135 കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എഴുതി തള്ളിയത്. ഇതേ കാലയളവില്‍ പൊതുജനങ്ങള്‍ക്കുള്ള നികുതി ഇളവ് 8,36,514 കോടി രൂപ മാത്രമാണെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരം.

ഭരണകൂടങ്ങള്‍ അപ്രസക്തമാവുന്നു
കമ്പോള നിയന്ത്രണാധികാരം ഇന്ത്യന്‍ ഭരണകൂടത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ധനവില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം അത് പ്രകടമായി തുടങ്ങി. വര്‍ഷത്തില്‍ ഡസനിലേറെ തവണ പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രിക്ക്‌വരെ കൈമലര്‍ത്താനും, കപടന്യായങ്ങള്‍ പരസ്യംചെയ്യാനും മാത്രമേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ കൈമലര്‍ത്താന്‍ എന്തിനാണൊരു ഭരണകൂടം എന്ന് ചോദിക്കരുത്. അടുത്ത ഊഴം പഞ്ചസാരക്കാണത്രെ, താമസിയാതെ അവശേഷിക്കുന്ന വിഭവങ്ങളുടെ പേറ്റന്റ് കോര്‍പറേറ്റുകള്‍ക്ക് അടിയറ വെക്കാന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ ചെയ്യുന്ന പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ വക്കിലാണ്. തപാല്‍ മുതല്‍ വൈദ്യുതി വരെയുള്ള ഒരു നീണ്ട നിര തന്നെയുണ്ട് സ്വകാര്യവല്‍ക്കരണ ലിസ്റ്റില്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് നല്‍കുക വഴി ഭാരം കുറക്കലാണത്രെ ലക്ഷ്യം. പൊതുജനങ്ങളോ, പാര്‍ട്ടികളോ ആവശ്യപ്പെടാതെ തന്നെ ചെറുകിട വ്യാപാര മേഖല കുത്തകകള്‍ക്ക് തുറന്ന് വിടാന്‍ സര്‍ക്കാര്‍ കാണിച്ച അമിതാവേശവും സംശയാസ്പദമാണ്. ഭരണം വീണാലും സാരമില്ല, കുത്തകകള്‍ക്ക് വാതില്‍ തുറന്നുകൊടുത്തേ തീരൂ എന്ന വാശിയിലാണ് മന്‍മോഹന്‍ സിംഗ്. എന്ത് വിവാദമുണ്ടായാലും ഇന്ത്യയില്‍ കൗണ്ടര്‍ തുറക്കാനുള്ള പണിയൊക്കെ തങ്ങള്‍ ഒപ്പിച്ചിട്ടുണ്ടെന്ന് വാള്‍മാര്‍ട്ടും പരസ്യപ്രസ്താവന നടത്തുന്നു. 120 കോടി ജനങ്ങളെയും, അവരെ സംരക്ഷിക്കാന്‍ തീറ്റിപ്പോറ്റുന്ന പ്രതിനിധിസഭകളെയും കൊഞ്ഞനം കാട്ടുന്നതിന് തുല്യമാണിത്.
ഇന്ത്യന്‍ ടെലികോം മന്ത്രിയെ നിശ്ചയിക്കുന്നിടത്ത് വരെ കമ്പനികള്‍ സ്വാധീനം നേടിയെന്നത് ടു ജി. സ്‌പെക്ട്രം അഴിമതി സമയത്ത് വെളിപ്പെട്ടതാണ്. അവസാന മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ പെട്രോളിയം മന്ത്രിക്ക് വകുപ്പ് മാറ്റം സംഭവിച്ചതിന് പിന്നില്‍ റിലയന്‍സിന്റെ കരങ്ങളാണെന്നത് അങ്ങാടിപ്പാട്ടാണ്. മന്‍മോഹന്‍സിംഗിന്റെ പെര്‍ഫോമന്‍സ് പലപ്പോഴും കോര്‍പറേറ്റുകളുടെ സി.ഇ.ഒ വിന്റെ നിലവാരത്തിലാണ്. ആണവ കരാര്‍ മുതല്‍ കൂടങ്കുളം വരെയുള്ള വിഷയങ്ങളില്‍ അദ്ദേഹമത് സാധ്യമാവുന്ന അളവില്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അഴിമതിയുടെ കോര്‍പറേറ്റ് വഴികള്‍
ജനാധിപത്യ ഇന്ത്യയില്‍ അഴിമതിക്കഥകള്‍ പുതുമയുള്ളതല്ല. 1991-ല്‍ പുതിയ സാമ്പത്തിക-ഉദാര നയം (NEP) നടപ്പിലാക്കിയതിന് ശേഷമാണ് സ്വദേശ-വിദേശ കുത്തക കമ്പനികള്‍ വിപണിയില്‍ യഥേഷ്ടം ഇടപെട്ട് തുടങ്ങിയത്. കമ്പനികളുടെ അനധികൃത ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി ഭരണ സംവിധാനങ്ങളെ വന്‍തോതില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞതോടെ അഴിമതിയുടെ ഒട്ടേറെ വാതിലുകള്‍ തുറക്കപ്പെട്ടു.
ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ആഗോളീകരണ നയങ്ങളുടെ ചരിത്രത്തില്‍ അഴിമതി നിറഞ്ഞാടി. ഉദാര സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ 83 ലക്ഷം കോടി രൂപയുടെ അഴിമതിയും കള്ളപ്പണവുമാണ് ഒഴുകിയത്. സ്വിസ് ബാങ്കിലെ ഇനിയും കൃത്യപ്പെടുത്തിയിട്ടില്ലാത്ത കള്ളപ്പണവും, ഇതുവരെ വെളിപ്പെട്ടിട്ടില്ലാത്ത വിവിധ അഴിമതികളും ചേരുമ്പോള്‍ ജനാധിപത്യ ഇന്ത്യ ലജ്ജിച്ച് തല താഴ്ത്തും. ഔട്ട്‌ലുക്ക് മാസിക 2009 നവംബറില്‍ പ്രസിദ്ധീകരിച്ചതും, വിക്കീപീഡിയയില്‍ ലഭ്യമായതുമായ വിവരങ്ങള്‍ ചേര്‍ത്ത് തയാറാക്കിയ പട്ടിക കാണുക (പട്ടിക 2).

രാഷ്ട്രീയ പാര്‍ട്ടികള്‍
ജന്മിമാരുടെ റോളിലാണ്
കോര്‍പറേറ്റ് മേധാവികള്‍ ഡിസൈന്‍ ചെയ്യുന്ന പ്രോഗ്രാമുകള്‍ പ്രയോഗവല്‍ക്കരിക്കാനുള്ള ഫ്യൂഡല്‍ കാലത്തെ ജന്മിമാരുടെ/വൈസ്രോയിമാരുടെ റോള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്. ഭരണമുന്നണിയുടെ നിറമോ, കൊടിയോ കോര്‍പറേറ്റുകള്‍ക്ക് വിഷയമല്ല. പൊതുജനങ്ങളുടെ വികാരങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുക പുതിയ കാലത്തെ പതിവ് കാഴ്ചയാണ്. പെട്രോള്‍ കമ്പനികളുടെ ലാഭവിഹിതത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകളുടെ വ്യാജ കണക്കുകള്‍ വലിയ അവകാശ പ്രശ്‌നമാവുന്നതിന്റെയും, ജനങ്ങളുടെ പിച്ചച്ചട്ടി വരെ ജപ്തി ചെയ്യപ്പെടുന്നത് അജണ്ടയല്ലാതാവുന്നതിന്റെയും രാഷ്ട്രീയവും അതുതന്നെയാണ്. കൂടങ്കുളത്ത് ചെലവാക്കിയ 15,000 കോടിയെക്കുറിച്ച് വാചാലമാവുന്നവര്‍ ഇരകളുടെ സുരക്ഷാ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നു. ചെറുകിട മേഖലയിലേക്ക് കടന്നുവരാന്‍ വാള്‍മാര്‍ട്ട് എറിഞ്ഞ 125 കോടിയില്‍ പങ്കുകാരനാവാത്തതിന്റെ അരിശത്തിനപ്പുറം ബി.എസ്.പി ഉള്‍പ്പെടെയുള്ള കക്ഷികളുടെ കുത്തകവിരുദ്ധ സമീപനത്തെയും വായിക്കാനാവില്ല.
സിങ്കൂര്‍-നന്ദിഗ്രാം വിഷയങ്ങളില്‍ മൂലധന ശക്തികള്‍ക്കെതിരെ നിലകൊള്ളുമെന്ന് നാം പ്രതീക്ഷിച്ച സി.പി.എമ്മിന്റെ സമീപനം ജനവിരുദ്ധമായിരുന്നു. കേരളത്തിലെ ഭൂമികൈയേറ്റത്തിന്റെ കാര്യത്തിലും വലത് കക്ഷികളില്‍നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കാന്‍ ഇടുത കക്ഷികള്‍ക്കായിട്ടില്ല. ടാറ്റയും, സാലിം ഗ്രൂപ്പും ഹാരിസണ്‍സ് മലയാളവുമൊക്കെ നാട് ഭരിക്കും. അധികാരിവര്‍ഗം കമ്പനികള്‍ക്ക് കാവലിരുന്നും അനധികൃത കൈയേറ്റങ്ങള്‍ക്ക് അച്ചാരംപറ്റിയും കഴിയും. അന്യായമായ മാര്‍ഗത്തിലൂടെ അവിഹിത പങ്ക് പറ്റുന്നതിന്റെ അനന്തരഫലമാണ് രാഷ്ട്രീയ കക്ഷികളില്‍ കാണുന്ന അപചയം (പട്ടിക 3).
ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഒരു NGO ഇന്ത്യയിലെ 9 സംസ്ഥാനങ്ങളില്‍നിന്ന് 7 വര്‍ഷങ്ങളിലെ കണക്കുകളാണ് വിവരാവകാശ നിയമ(RTI)പ്രകാരം ഇലക്ഷന്‍ കമീഷനില്‍നിന്ന് ശേഖരിച്ചത്. 2 ജി ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ മറിച്ച് നല്‍കുന്നതിന് ഒത്താശ ചെയ്തതിന് രാഷ്ട്രീയ പാര്‍ട്ടികളും, നേതാക്കളും വാങ്ങിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്ക് ഇലക്ഷന്‍ കമീഷന് ലഭ്യമല്ലല്ലോ.
ഭരണകൂടങ്ങള്‍ പൊതുജന താല്‍പര്യാര്‍ഥം വിപണിയില്‍ ഇടപെടുന്ന സാമൂഹികാവസ്ഥയില്‍ മാത്രമേ രാജ്യത്തെ മൗലിക പ്രതിസന്ധികള്‍ക്ക് പരിഹാരമാവുകയുള്ളൂ. പാര്‍ലമെന്റിന്റെ അകത്തും പുറത്തും വിശദമായ ചര്‍ച്ചകള്‍ നടത്താതെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങള്‍ തീരുമാനിക്കാനാവാത്തവിധം ജനകീയ സമ്മര്‍ദങ്ങളിലൂടെ നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അന്തസ്സത്തയെ നാം തിരിച്ചുപിടിക്കണം. ജനങ്ങളില്‍നിന്ന് അകന്നുപോയ രാഷ്ട്രീയ പാര്‍ട്ടികളെ നേര്‍വഴിക്ക് നടത്തുന്ന നവജനാധിപത്യ മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തമാവേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍