Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

വേനല്‍

ജീവിതത്തെ പൊള്ളിക്കാതിരിക്കാന്‍ ചെയ്യേണ്ടുന്ന ചിലത്
കുംഭം, മീനം, എടവം മാസങ്ങളിലെ കൊടുംചൂടിനെ അതിജീവിക്കേണ്ട കേരള ജനതയുടെ ജീവന്റെ ധാരയായ ജലം അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍കാലങ്ങളില്‍ ജലത്തിന്റെ അളവ് കിണറുകളില്‍ കുറയാനുള്ള മുഖ്യ കാരണം നമ്മുടെ ശ്രദ്ധ കുറവു തന്നെയാണ്. ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്ന നമ്മള്‍ക്ക് ഒരിക്കലും ജീവന്റെ ധാരയായ ജലത്തെ സംരക്ഷിക്കാനുള്ള സമയം ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. വറ്റിക്കൊണ്ടിരിക്കുന്ന കിണറുകളിലെ ജലത്തെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല വഴികളിലൊന്ന് പുഴകളില്‍ തടയണ നിര്‍മിക്കുകയാണ്. പൂഴി നിറച്ച ചാക്കുകള്‍ ഉപയോഗിച്ചാണ് തടയണകള്‍ നിര്‍മിക്കാറുള്ളത്. ഇങ്ങനെ നിര്‍മിക്കുന്ന തടയണകള്‍ കിണറിലെ വെള്ളത്തിന്റെ അളവ് നിലനിര്‍ത്തുന്നു. നമ്മുടെ ഗ്രാമപഞ്ചായത്തിലെ അധികാരികള്‍ വേണ്ടത്ര ഈ കാര്യം ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ അത്തരം ഗ്രാമപ്രദേശങ്ങള്‍ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
എണ്ണയുടെയും സോപ്പിന്റെയും അംശം കലര്‍ത്താതെ പുഴവെള്ളത്തെ സംരക്ഷിച്ചാല്‍ ശുദ്ധീകരിച്ച് ആ ജലം നമുക്ക് ഉപയോഗപ്പെടുത്താന്‍ പറ്റും. ആധുനിക ശുദ്ധീകരണ പ്രക്രിയയിലൂടെ ഇത്തരം ജലം കുപ്പികളിലാക്കി വില്‍ക്കുന്ന മിനറല്‍ വാട്ടര്‍ യൂനിറ്റ് സംഘം കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കാലത്ത് മഴക്കുഴി നിര്‍മിച്ച് ജലത്തെ നിലനിര്‍ത്തിയാല്‍ കൊതുക് വളരും എന്നാണ് ജനങ്ങളുടെ പൊതു ധാരണ. ഇത് തെറ്റാണ്. മഴക്കുഴി കുഴിക്കുന്നത് ഭൂമിയില്‍ ജലം നിലനില്‍ക്കാന്‍ വേണ്ടിയാണ്. ഭൂമി ജലാംശം കുടിക്കുന്നതിന്റെ ഫലമായി ജലം കെട്ടി നില്‍ക്കുന്നില്ല. ജലം കെട്ടികിടക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ കൊതുക് വളരുകയുള്ളൂ. റോഡുകളും ഇടവഴികളും കോണ്‍ക്രീറ്റ് ചെയ്തതിന്റെ ഫലമായി മഴക്കാലത്ത് ജലം ഭൂമി കുടിക്കാതെ ഒലിച്ചുപോകാറാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് മഴക്കുഴികള്‍ ആവശ്യമായി വരുന്നത്.
നമ്മള്‍ വയലുകള്‍ നികത്തുകയാണ്. അതിന്റെ പരിണിത ഫലം നാട്ടില്‍ നിലനിന്നിരുന്ന നെല്‍കൃഷി മിക്കവാറും നശിക്കുന്നു എന്നതാണ്. ജല സംഭരണ കാര്യത്തില്‍ വയലുകള്‍ മുഖ്യ പങ്കാണ് വഹിക്കുന്നത്. കൊടും വേനലില്‍ പോലും ജലാംശത്തെ സംരക്ഷിച്ച് നിര്‍ത്താന്‍ വയലുകള്‍ക്ക് കഴിയും. നമ്മുടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലസ്രോതസ്സ് നിലനിര്‍ത്താനും വയലിലെ ജലാംശം സഹായിക്കുന്നു. വളരെ ശ്രദ്ധയോടു കൂടി പുതിയതരം ജലസ്രോതസ്സുകള്‍ കണ്ടെത്തിയും സംരക്ഷിച്ചും അഴുക്കുജലത്തെ ശുദ്ധീകരിച്ചും മുന്നോട്ടുപോയാല്‍ തീര്‍ച്ചയായും നമുക്ക് വേനലിനെ അതിജീവിക്കാം.
സബീഷ് തൊട്ടില്‍പ്പാലം

വിനോദ് കുമാര്‍ എടച്ചേരി
വിശ്വരൂപം സിനിമയെക്കുറിച്ചുള്ള വിവാദങ്ങളില്‍ കഴമ്പില്ല. സിനിമയും മറ്റു കലാസൃഷ്ടികളും പ്രതിഫലിപ്പിക്കുന്നത് സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളെയാണ്. തീവ്രവാദികള്‍ ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു എന്നത് ഒരു വസ്തുതയാണ്. അത്തരം പ്രവണതകളെ വിമര്‍ശിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങളെ വിമര്‍ശിച്ച് 'അഗ്നി സാക്ഷി' മുതലായ സിനിമകളുണ്ടായിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ സ്വന്തം അജണ്ട നടപ്പാക്കാന്‍ വേദഗ്രന്ഥങ്ങളെ ദുരുപയോഗിക്കുന്ന പ്രവണതയെയാണ് യഥാര്‍ഥത്തില്‍ എതിര്‍ക്കേണ്ടത്. തീവ്രവാദികളുടെ ചെയ്തികളെ ന്യായീകരിക്കേണ്ട ആവശ്യം യഥാര്‍ഥ വിശ്വാസികള്‍ക്കില്ല.

മോഹന്‍ദാസ് ആചാരി, തിരുവത്ര
രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് ഇന്നും ശാശ്വതമായ സമാധാനം ആയിട്ടില്ല. ഒടുവിലത്തെ ഉദാഹരണമായ ഹൈദരാബാദ് സ്‌ഫോടന പരമ്പര ഇതാണ് തെളിയിക്കുന്നത്. ഇത്തരം ഭീകരാക്രമണങ്ങളുടെ പിന്നാമ്പുറം പരിശോധിക്കേണ്ടത് അനിവാര്യമാണ്. കാരണം, ജാതി മത വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികളുടെ കടന്നാക്രമണവും ഇതിന് കാരണമാകുന്നുണ്ട്. രാഷ്ട്ര നന്മക്കുതകാത്ത രാഷ്ട്രീയക്കളി കൊണ്ട് നൂറു ശതമാനവും രാജ്യത്തിന്റെ ഭാവി അപകടകരമായ പ്രതിസന്ധി സ്വയം വരുത്തിവെക്കുകയും ചെയ്യുന്നുണ്ട്. സമീപകാലത്തായി രാഷ്ട്രീയ ജ്വരം എല്ലാ തലച്ചോറുകളിലും ഒരു ലഹരിയായി പടര്‍ന്നുപിടിച്ചിരിക്കുന്ന സാമൂഹിക ചുറ്റുപാടുകളെക്കുറിച്ച് തലമുതിര്‍ന്ന നേതാക്കള്‍ അണികള്‍ക്ക് സാരോപദേശം നല്‍കുന്നത് വൃഥാവിലാകുന്നതായിട്ടാണ് കാണുന്നത്. ലക്കം 39-ല്‍ വന്ന ഹൈദരാബാദ് സ്‌ഫോടനത്തെക്കുറിച്ച വിശകലനം ചിന്തനീയമാണ്.


പരിധിക്കകത്തില്ലാത്ത ചിലരുണ്ട്,
അവരോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിക്കണം

മുസ്‌ലിം സമുദായത്തെ ആത്മീയമായും ഭൗതികമായും ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തമാണിപ്പോള്‍ കേരളത്തില്‍. പ്രവര്‍ത്തന ശൈലിയിലും ഉള്ളടക്കങ്ങളിലും കാതലായ മാറ്റങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുമുണ്ട്. പ്രവര്‍ത്തന ശാക്തീകരണത്തോടൊപ്പം ശ്രദ്ധയില്‍ വരേണ്ട മറ്റൊരു കാര്യം സൂചിപ്പിക്കുകയാണ്.
എല്ലാ സംഘടനകളും ഉന്നം വെക്കുന്നത് സമുദായത്തിലെ പ്രത്യേകമായൊരു വിഭാഗത്തെയാണ്. അവര്‍ മാറി മാറി വിവിധ സംഘടനകള്‍ നടത്തുന്ന ഖുര്‍ആന്‍ പഠന ക്ലാസ്സുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. പ്രഭാഷണ സദസ്സുകളെ ഗംഭീരമാക്കുകയും വാരികകളും മാസികകളും വായിക്കുകയും സീഡികള്‍ കൈമാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ക്ഷണിക്കുന്നവരെയും ക്ഷണിക്കപ്പെട്ടവരെയും കുറ്റം പറഞ്ഞു കൂടാ. ഞാനും എന്റെ സുഹൃത്തും ഏറ്റവും ശരിയായ വഴിയിലാണ് നടക്കേണ്ടത് എന്ന ഉന്നത വികാരത്തില്‍ നിന്നാണ് ഇത് സംഭവിക്കുന്നത്. അതേസമയം ഇതിന്റെ മറുഭാഗം അതീവ ദയനീയമാണ്. ആരുടെയും ശബ്ദങ്ങള്‍ വേണ്ടവിധം കേട്ടിട്ടില്ലാത്ത ധാരാളം ആളുകള്‍ പരിധിക്ക് പുറത്തായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ഒരു കൂട്ടായ്മയുടെയും ഭാഗമല്ല. അവര്‍ ഒരു ഖുര്‍ആന്‍ പഠന പരിപാടിയുടെയും ഭാഗമല്ല. അവര്‍ പള്ളികള്‍ മാറ്റുമെങ്കിലും ഖുത്വ്ബ കഴിയുമ്പോള്‍ കയറിവരുകയും നമസ്‌കാരം തീരുന്നതോടെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. ഇവര്‍ക്കെല്ലാം ഇവരെ പോലെയോ ഇവരേക്കാള്‍ പുറത്ത് നില്‍ക്കുകയോ ചെയ്യുന്ന ഭാര്യയും മക്കളും സഹോദരീ സഹോദരന്മാരും മാതാപിതാക്കളുമുണ്ട്. ഇങ്ങനെ പരിധിക്ക് പുറത്തായി ജീവിക്കുന്നവരില്‍ സാധാരണക്കാരും അഭ്യസ്തവിദ്യരുമുണ്ട്. വിദ്യാര്‍ഥികളും യുവാക്കളും വൃദ്ധരുമുണ്ട്. സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇവരെല്ലാവരും കുടിയന്മാരല്ല, പെണ്ണു പിടിയന്മാരും കള്ളന്മാരുമല്ല. എന്നല്ല, ഇവരില്‍ ഏറെ പേരും നിഷ്‌കളങ്കരും നന്മേഛുക്കളുമാണ്. പക്ഷേ, ഒരു കാര്യമുണ്ട്. ഇവരാരും തന്നെ സംഘടനാ ഭാഷകള്‍ക്ക് വഴങ്ങില്ല. അതിനാല്‍ ഇവരോട് ജീവിതത്തിന്റെ ഭാഷയില്‍ സംവദിക്കാന്‍ കഴിയണം. ഇത്തരം വിഭാഗങ്ങളുടെ സര്‍വതോമുഖമായ ശാക്തീകരണത്തെക്കുറിച്ച് സമുദായത്തിനകത്തുള്ള സംഘടനകള്‍ ഒന്നിച്ചിരുന്ന് കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയും കൂട്ടായി നടപ്പിലാക്കുകയും ചെയ്യണം.
സി.കെ മുനവ്വിര്‍ ഇരിക്കൂര്‍


അറിവിനും വിദ്യാഭ്യാസത്തിനുമൊന്നും
ഈ ആഭാസങ്ങളെ ചെറുക്കാനൊക്കാത്തതെന്താണ്...
മദ്യത്തിന്റെ ആശാന്മാരായിരുന്ന ആറാം നൂറ്റാണ്ടിലെ ജാഹിലിയ്യാ അറബികളില്‍ നിന്ന് ഈ ദുശ്ശീലം അനിതര സാധാരണ രീതിയില്‍ ഇസ്‌ലാം എടുത്തുമാറ്റിയതിലൂടെ ലോകത്തെ പഠിപ്പിക്കുന്നത് സമ്പൂര്‍ണ മദ്യനിരോധമാണ്. ഘട്ടം ഘട്ടമായി മദ്യം നിരോധിച്ച് സമ്പൂര്‍ണമായി നിരോധിക്കുകയായിരുന്നു ഇസ്‌ലാം ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവെച്ചതും മദ്യം ഘട്ടം ഘട്ടമായി നിരോധിക്കണമെന്നു തന്നെയാണ്. ഇത് ഇസ്‌ലാമില്‍ നിന്ന് കടമെടുത്ത ആശയമാണ്. ലോകത്ത് നടക്കുന്ന മാനഭംഗമുള്‍പ്പെടെയുള്ള നിരവധി കേസുകളിലെ പ്രതികള്‍ മുഴുകുടിയന്മാരാണ്.
സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന 'ദൈവത്തിന്റെ സ്വന്തം നാട്' ചെകുത്താന്റെ സ്വന്തം സ്വര്‍ഗമായി കഴിഞ്ഞെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിനര്‍ഥം അറിവിനും വിദ്യാഭ്യാസത്തിനുമൊന്നും അശ്ലീലങ്ങളെ ചെറുക്കാന്‍ കഴിയുന്നില്ലെന്നാണ്. 2012 ജൂലൈയില്‍ പുറത്തുവിട്ട ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ പീഡനകേസുകള്‍ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ദേശീയ ശരാശരി 187.6 ആണെങ്കില്‍ കേരളത്തിലേത് 424.1. സാമ്പത്തിക ശേഷിയിലും പരിഷ്‌കാര വികസന വിദ്യാഭ്യാസത്തിലും ഏറെ പിന്നാക്കമായി നാം കാണുന്ന ബീഹാറിലാണ് ഏറ്റവും കുറവ് പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടും മൂന്നും വയസ്സ് തികയാത്ത എട്ടും പൊട്ടുമറിയാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ വരെ പീഡനത്തിന് ഇരയാവുന്നതും മക്കള്‍ക്ക് തുണയാവേണ്ട മാതാപിതാക്കളും വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാവേണ്ട അധ്യാപകരും പീഡനകേസുകളിലെ പ്രതികളാവുന്നതും വായിക്കുമ്പോള്‍ തല ലജ്ജയാല്‍ കുനിഞ്ഞുപോകുന്നു.
ഫസ്‌ലുര്‍റഹ്മാന്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍