Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

ഇതാണ് ഗസ്സ; അഭിമാനികളുടെ നഗരം

സി. ദാവൂദ്

'നിങ്ങളെന്തിനാഷ്ടാ പല്‍സ്തീന്യള്‍ക്ക് വേണ്ടീട്ടിങ്ങനെ കെടന്ന് കാറ്ണ? ഓല്‍ടെ സൊഭാവം ശരിക്കും നിങ്ങക്കറ്യോ? അത് കാണണെങ്കീ ദുബായില്‍ക്ക് വാ; ഞാന്‍ കാണിച്ച് തരാം; ആ ബഡ്ക്കൂസ്ങ്ങള്‍ടെ കോലം'- നാട്ടില്‍ സംഘടിപ്പിക്കപ്പെട്ട ഒരു ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പൊതുയോഗം കഴിഞ്ഞ് മടങ്ങവെ, പ്രസംഗം ശ്രദ്ധിച്ച് അവിടെയുണ്ടായിരുന്ന പ്രവാസിയായ നാട്ടുകാരന്റെ പ്രതികരണമാണിത്. ഫലസ്ത്വീനികളെക്കുറിച്ച് പൊതുവെ, നമ്മുടെ നാട്ടുകാരായ പ്രവാസികള്‍ പങ്കുവെക്കുന്ന വികാരമാണിത്. ഫലസ്ത്വീനികളുടെ ദുരിതങ്ങള്‍ അവരുടെ സ്വഭാവം കാരണം പടച്ചോന്‍ കൊടുത്ത ശിക്ഷയായിരിക്കില്ലേ എന്നു പോലും ചോദിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ, എത്രയും വേഗം പരിഹരിച്ചുകിട്ടേണ്ട 'ഫലസ്ത്വീന്‍ പ്രശ്‌നം' അവരുടെ തൊഴിലിടങ്ങളിലെ ഫലസ്ത്വീനി സഹപ്രവര്‍ത്തകര്‍ തന്നെയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇവരുടെ ഈ വികാരത്തില്‍ ചില ശരികളുണ്ട്. അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിത സാഹചര്യങ്ങളില്‍ വളര്‍ന്നുവന്നവരായിരിക്കും ഗള്‍ഫിലെ സാധാരണ തൊഴിലുകളിലേര്‍പ്പെട്ട ഫലസ്ത്വീനികളില്‍ മിക്കവരും. ജീവിതദുരിതങ്ങളും മോശമായ സാഹചര്യങ്ങളും ചേര്‍ന്ന് അവരുടെ പെരുമാറ്റ രീതികളെ പരുക്കനായി മാറ്റിയിട്ടുണ്ടാകും. അത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ആര്‍ക്കും സംഭവിക്കാവുന്നത്.
മേല്‍ പറഞ്ഞത് ഗള്‍ഫില്‍ അവിദഗ്ധ മേഖലയില്‍, സാധാരണ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ പ്രതികരണമാണ്. എന്നാല്‍, ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു അനുഭവമാണ് അവരെക്കുറിച്ചുള്ളത്. ആര്‍ഭാടപൂര്‍ണമായ അടിപൊളി ജീവിതം നയിക്കുന്നവര്‍ എന്നതാണ് അവര്‍ക്ക് ഫലസ്ത്വീനികളെക്കുറിച്ച പരിഭവം. മധ്യപൗരസ്ത്യ ദേശത്തെ തന്നെ ഏറ്റവും വിദ്യാസമ്പന്നരുള്ള ദേശമാണ് ഫലസ്ത്വീന്‍ എന്നോര്‍ക്കുക. ഗള്‍ഫിലെ പല ഉന്നത തസ്തികകളിലും അവരുണ്ട്. സാമാന്യം ഭേദപ്പെട്ട ജീവിതമാണവരുടേത്. ഏറ്റവും പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് അവരുടെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നത്. അവരുടെ ജീവിതത്തിന്റെ പളപ്പ് കാണുമ്പോള്‍, ഹയ്യട, ഇവന്മാര്‍ക്ക് വേണ്ടിയാണോ ഞാന്‍ അങ്ങാടിയില്‍ തൊണ്ടകീറി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കും. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് സമാനമായ അനുഭവം എനിക്കുമുണ്ടായിരുന്നു. സൈക്കിളാണ് യൂനിവേഴ്‌സിറ്റിയിലെ 'ഔദ്യോഗിക' വാഹനം. വിദ്യാര്‍ഥികള്‍ മാത്രമല്ല, പ്രഫസര്‍മാര്‍ വരെ സൈക്കിള്‍ ചവിട്ടി ക്ലാസിലേക്ക് വരുന്ന രീതി. ബൈക്ക് കള്‍ച്ചര്‍ കാമ്പസില്‍ ശക്തമായിട്ടില്ല. എന്നാല്‍, കാമ്പസില്‍ ഏറ്റവും മുന്തിയ ബൈക്കുകളില്‍ വിലസുന്ന ചുരുക്കം ആളുകളെങ്കിലും ഉണ്ടായിരുന്നു. അവരില്‍ മുക്കാലും ഫലസ്ത്വീനികളായിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി കനത്ത സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കുന്ന ഫലസ്ത്വീനി വിദ്യാര്‍ഥികള്‍ ധാരാളമുണ്ടവിടെ. അവരുടെ ആര്‍പ്പും പളപ്പും കാണുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്ക് സ്വാഭാവികമായും അസൂയ കലര്‍ന്ന അമര്‍ഷം അവരോടുണ്ടാവും. ആ അമര്‍ഷം മൊത്തം ഫലസ്ത്വീന്‍ പ്രശ്‌നത്തോടുതന്നെയുള്ള 'സൈദ്ധാന്തിക സമീപന'മായി വികസിക്കുന്നതും കാണാം.
ഈ ഫലസ്ത്വീനി ആര്‍ഭാടത്തെ രണ്ട് നിലയില്‍ കാണാം. ഫലസ്ത്വീനികളിലെ ഉപരിവര്‍ഗത്തില്‍ പെട്ടവരായിരിക്കും ഇത്തരക്കാരില്‍ നല്ലൊരു പങ്കും. ഫലസ്ത്വീന്‍ പ്രശ്‌നത്തോടോ വിമോചന സമരത്തോടോ പ്രത്യേകിച്ച് ആഭിമുഖ്യമൊന്നുമില്ലാത്ത, നഗരവത്കൃത, സെക്യുലര്‍ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്നവര്‍. അവര്‍ ഫലസ്ത്വീനിന് അകത്തായിരിക്കുമ്പോഴും ഇങ്ങനെത്തന്നെയായിരിക്കും ജീവിക്കുക. ഇനി, അങ്ങനെയല്ലാത്തവരാകട്ടെ, ജീവിതത്തില്‍ അസുലഭമായി വന്നുചേരുന്ന ആഹ്ലാദത്തിന്റെ സന്ദര്‍ഭങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഉത്സാഹത്തിലുമായിരിക്കും. അതിന്റെ പേരില്‍ നാം അവനോട് കുശുമ്പ് വെച്ചുപുലര്‍ത്തുന്നതില്‍ വലിയ അര്‍ഥമൊന്നുമില്ല. ഗള്‍ഫില്‍ പതിനഞ്ചും പതിനെട്ടും മണിക്കൂര്‍ മരൂഭൂമിയുടെ നെരിപ്പോടിലും കഫ്‌ത്തേരിയുടെ ചൂടിലും ജോലിചെയ്യുന്നവര്‍ നാട്ടില്‍ അത്തര്‍ പുരട്ടി, മുന്തിയ ബൈക്കിലും കാറിലും വിലസി, ആളെ പേടിപ്പിക്കുന്ന മതിലുകെട്ടിയ വീട്ടില്‍ ജീവിക്കുമ്പോള്‍ നാം ലാളിത്യത്തെക്കുറിച്ച, ആര്‍ഭാടത്തിനെതിരായ ഹദീസുകള്‍ ഓതും. അവര്‍ക്ക് ഇത് ആര്‍ഭാടമൊന്നുമല്ല. മരുഭൂമിയിലെ ദുരിത ജീവിതാനുഭവങ്ങളോടുള്ള മധുരപ്രതികാരം മാത്രമാണ്. ഇങ്ങിനെയൊരു ആനുകൂല്യം നാം ഫലസ്ത്വീനികള്‍ക്കും നല്‍കുക.
ഫലസ്ത്വീനികളെക്കുറിച്ച ഈ പൊതുധാരണക്ക് പുറമെ, നല്ല വായനയും ബോധവുമുള്ളവര്‍ക്ക് പോലും ഗസ്സയെക്കുറിച്ച്  മറ്റു ചില ധാരണകളുണ്ട്. ഗസ്സയിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തകനായ സുഹൃത്ത് ചോദിച്ചിരുന്നു- അല്ല, അവിടെ എവിടെയാണ് താമസിക്കുകയെന്ന്. ഗസ്സ എന്നു പറഞ്ഞാല്‍, ആളുകള്‍ക്ക് താമസിക്കാനിടമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ ദേശമാണെന്നാണ് പലരും വിചാരിക്കുന്നത്. വൃത്തിഹീനമായ, ആകപ്പാടെ അലമ്പു പിടിച്ച ഒരു ദേശം. പട്ടിണിക്കോലങ്ങളും രോഗികളുമൊക്കെ നിറഞ്ഞ മറ്റൊരു സോമാലിയ എന്നാണ് പൊതുവായ വിചാരം.
അത്രത്തോളമില്ലെങ്കിലും ഏതാണ്ട് അങ്ങനെയൊക്കെ എന്നാണ് ഗസ്സയെക്കുറിച്ച് ഞാനും വിചാരിച്ചിരുന്നത്. എന്നാല്‍, ഗസ്സ അങ്ങനെയൊന്നുമല്ല. വിശ്വസിക്കാന്‍ പ്രയാസമുള്ളവരുണ്ടാകാം. പക്ഷേ, സത്യമിതാണ്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള നഗരങ്ങളിലൊന്നാണ് ഗസ്സ. എണ്ണയുടെ പളപ്പുള്ള ഗള്‍ഫ് നഗരങ്ങളോട് ഒരു പക്ഷേ അത് എത്തിയില്ലെന്ന് വരാം. എന്നാല്‍, തൊട്ടടുത്ത് കിടക്കുന്ന ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കയ്‌റോയുമായോ ഈജിപ്തിലെ മറ്റേതൊരു നഗരവുമായോ താരതമ്യം ചെയ്യുമ്പോള്‍ ഗസ്സ എത്രയോ മുന്നിലാണ്. ഗസ്സ സിറ്റിയുടെ മാത്രം കാര്യമല്ലിത്. ഉപനഗരങ്ങളായ ഖാന്‍ യൂനിസ്, ജബലിയ, റഫ, ദാറുല്‍ ബലാ, ബൈത്ത് ഹാനൂന്‍-എവിടെപ്പോയാലും ഇതു തന്നെ അവസ്ഥ. ജനങ്ങള്‍ അട്ടിയട്ടിയായി തിങ്ങിപ്പാര്‍ക്കുന്ന നഗരമായിട്ടും റോഡരികില്‍ ഒരു ചെറു ചവറുകൂന പോലും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. മൂക്കുപൊത്തി നടക്കേണ്ട ഒരു സ്ഥലവും അവിടെയില്ല. ഞെളിയന്‍പറമ്പും വിളപ്പില്‍ശാലയും അവിടെ കാണില്ല. ഗസ്സയുടെ രണ്ടറ്റങ്ങളെയും കണക്റ്റ് ചെയ്ത് കടന്നുപോവുന്ന പ്രധാന ഹൈവേ ആയ സലാഹുദ്ദീന്‍ റോഡ് ഭംഗിയായി മെയിന്റൈന്‍ ചെയ്തിരിക്കുന്നു. ഗസ്സ മെയിന്‍ സിറ്റിയിലെ പ്രധാന റോഡാണ് ഉമര്‍ മുഖ്താര്‍ റോഡ്. വീതിയുള്ള റോഡില്‍ നടുവില്‍ ചെടികള്‍ നിറഞ്ഞ മീഡിയനുകള്‍. ഉപറോഡുകളും അങ്ങനെത്തന്നെ. ഗതാഗതക്കുരുക്ക് ഇല്ലേയില്ല. ഇനി, ചെറിയ ട്രാഫിക് ബ്ലോക്കുകള്‍ വന്നാല്‍ തന്നെ ഹോണടിച്ച് ആളെത്തെറിപ്പിക്കുന്ന ഏര്‍പ്പാടല്ല. മിക്ക ജംഗ്ഷനുകളിലും ഹമാസിന്റെ കറുത്ത യൂനിഫോം ധരിച്ച പോലീസുകാരുണ്ട്. അവര്‍ എളുപ്പം കാര്യങ്ങള്‍ ശരിയാക്കുന്നു.
ഭംഗിയുള്ള കെട്ടിടങ്ങളെക്കൊണ്ട് നിറഞ്ഞതാണ് നഗരം. എന്നാല്‍, കൊച്ചുവീടുകള്‍ നിറഞ്ഞ ഗല്ലികളും ധാരാളം. എന്നാല്‍, അവ നമ്മുടെ നാട്ടിലെ ചേരികളെപ്പോലെ വൃത്തിഹീനമല്ല. ഞങ്ങള്‍ ഗസ്സയില്‍ എത്തുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഈജിപ്ത്, ഫലസ്ത്വീന്‍, ഇസ്രയേല്‍ മേഖലയിലാകെ കനത്ത മഴ പെയ്തിരുന്നു. ഗസ്സയില്‍ പ്രളയത്തില്‍ ഒരാള്‍ മരിക്കുക പോലും ചെയ്തു. മഴപെയ്ത കയ്‌റോ ഞങ്ങള്‍ ശരിക്കും കണ്ടതാണ്. ആ മഹാനഗരം ചെളിയില്‍ പുതച്ചു കിടക്കുന്നത് അസഹ്യമായ അനുഭവം തന്നെയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഗസ്സയില്‍ മഴപെയ്തത് പോലും അറിയാനില്ല. ധാരാളം ചെറു മുന്‍സിപ്പാലിറ്റികളായി തിരിച്ചാണ് ഗസ്സയുടെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍. നഗരഭരണത്തിന്റെ കാര്യത്തില്‍ ഓരോ മുന്‍സിപ്പാലിറ്റിയും ഒന്നിനൊന്ന് മത്സരിക്കുന്നു. അടുത്തിടെ അര്‍ബന്‍ അഡ്മിനിസ്‌ട്രേഷന്‍, മാലിന്യ നിര്‍മാര്‍ജനം, അഴുക്കു ചാല്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളില്‍ തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരവുമായി ചേര്‍ന്ന് ചില സംയോജിത പദ്ധതികള്‍ ഗസ്സയില്‍ നടപ്പാക്കുന്നുണ്ട്. തുര്‍ക്കിയില്‍ എ.കെ പാര്‍ട്ടി നേതാവ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വന്നത് ഇസ്താംബൂളില്‍ അദ്ദേഹം നടപ്പാക്കിയ മികച്ച നഗരഭരണ മാതൃകയായിരുന്നല്ലോ. ഗസ്സയില്‍ ഹമാസിനെ ജനങ്ങളോട് അടുപ്പിച്ച് നിര്‍ത്തുന്നതിലെ പ്രധാന ഘടകങ്ങളിലൊന്ന് നഗര ഭരണം തന്നെ. പൂന്തോട്ടങ്ങളും പാര്‍ക്കുകളും ലൈബ്രറികളും എല്ലാമവിടെയുണ്ട്. കുട്ടികള്‍ക്ക് മാത്രമുള്ള വലിയൊരു ലൈബ്രറി കാണാന്‍ കഴിഞ്ഞു, ഗസ്സ സിറ്റിയില്‍.
ഗസ്സ ബീച്ചിന് സമാന്തരമായി നീളുന്ന അല്‍ റശീദ് സ്ട്രീറ്റിലാണ് പ്രമുഖ ഹോട്ടലുകളായ അല്‍ ദേയ്‌റ, കോമദോര്‍, ഗ്രാന്റ് പാലസ്, ഗസ്സ ഇന്റര്‍നാഷ്‌നല്‍, മര്‍നാ തുടങ്ങിയവ. ഒരു ഹോട്ടലിന് ആവശ്യമായ സാമാന്യം എല്ലാ സൗകര്യങ്ങളുമുള്ളവ. വറ്റിക്കിടക്കുന്ന ഒരു സ്വിമ്മിംഗ് പൂള്‍ ഉണ്ട് ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ കോമദോറില്‍. ഡീസാലൈനേഷന്‍ പ്ലാന്റുകള്‍ വഴി കടല്‍ വെള്ളം ശുദ്ധീകരിച്ചെടുക്കുന്ന വെള്ളമാണ് ഗസ്സയുടെ സ്രോതസ്സ്. വൈദ്യുതി നിലയങ്ങള്‍ മിക്കവയും ഇസ്രയേല്‍ ബോംബിട്ടുതകര്‍ത്തത് കാരണം ഇത്തരം പ്ലാന്റുകള്‍ വേണ്ടത് പോലെ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയില്ല. സ്വിമ്മിംഗ് പൂളുകള്‍ വറ്റിക്കിടക്കാന്‍ അതാണ് കാരണം.
നഗരം മാത്രമല്ല നഗരത്തിലെ ജനങ്ങളും നിങ്ങളെ ആഹ്ലാദിപ്പിക്കും. ഗസ്സയിലേക്ക് കടക്കുമ്പോഴുള്ള ആദ്യനിമിഷത്തില്‍ തന്നെ അതിന്റെ വ്യത്യസ്തത നിങ്ങള്‍ക്ക് അനുഭവപ്പെട്ടു തുടങ്ങും. റഫ ക്രോസിംഗില്‍ മുരടന്മാരായ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള മല്‍പിടുത്തങ്ങള്‍ക്ക് ശേഷം, ഗസ്സയിലേക്ക് കടക്കുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായിരിക്കുന്ന പ്രസന്നരും ഉത്സാഹികളുമായ  ഉദ്യോഗസ്ഥരെ കാണുമ്പോള്‍ അത് ആരെയാണ് പ്രസാദിപ്പിക്കാതിരിക്കുക? മുന്തിയ സോഫകള്‍ നിരത്തിയിട്ട ഭംഗിയുള്ള പരവതാനികള്‍ വിരിച്ച ആകര്‍ഷകമായ കര്‍ട്ടനകളോടു കൂടിയ വിശാലമായ ഒരു ഹാളിലേക്കാണ് നാം ആദ്യം പ്രവേശിക്കുന്നത്. യാത്രാരേഖകള്‍ ശരിയാക്കുന്നത് വരെ നമുക്ക് അവിടെ ഇരിക്കാം. പത്ത് മിനുട്ടുകള്‍കൊണ്ട് അത് അവര്‍ ശരിയാക്കിക്കൊണ്ടു വന്നു. അതിനിടയില്‍ കുടിക്കാന്‍ കഹ്‌വയെത്തി.  ഇതോ ഗസ്സ; ആദ്യ അനുഭവം തന്നെ നിങ്ങളെ അമ്പരപ്പിക്കും. എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിച്ച് ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടുവരുന്നു. ടൈയും കോട്ടുമെല്ലാമിട്ട് കുലീനമായി വസ്ത്രധാരണം ചെയ്ത ആ ഉദ്യോഗസ്ഥരുടെ പ്രഫഷനല്‍ സമീപനങ്ങള്‍ ഗസ്സയെക്കുറിച്ച് നമ്മുടെ മുന്‍ധാരണകളെയെല്ലാം തകിടം മറിക്കും. ഈ കുലീനത, ആഭിജാത്യം, പ്രഫഷനലിസം എല്ലാം ഗസ്സയിലുടനീളം നിങ്ങള്‍ക്കനുഭവിക്കാം.
ഗസ്സയുടെ പ്രയാസങ്ങളെക്കുറിച്ച് നാമേറെ പറയാറുണ്ടെങ്കിലും അവര്‍ അങ്ങിനെ ഒരു പ്രയാസവും പറഞ്ഞില്ല. പരാതി പറയുന്ന ഒരാളെ പോലും കണ്ടില്ല എന്നത് അതിശയോക്തിയല്ല. ശുഭപ്രതീക്ഷകള്‍ മാത്രമാണ് അവര്‍ക്ക് പങ്കുവെക്കാനുള്ളത്. റഫാ ക്രോസിംഗില്‍ പരിചയപ്പെട്ട ചിത്രകാരനായ ജമാല്‍ ഹസനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ജമാല്‍ ആദ്യം ചോദിച്ചത് റോഹിങ്ക്യാ മുസ്‌ലിംകളുടെ സ്ഥിതിയെക്കുറിച്ചായിരുന്നു. ജമാല്‍ മാത്രമല്ല, ഗസ്സയില്‍ ചുരുങ്ങിയത് അര ഡസന്‍ ആളുകളെങ്കിലും റോഹിങ്ക്യകളെക്കുറിച്ച് ചോദിച്ചു. തെക്കന്‍ ഗസ്സയില്‍ ഇസ്രയേലി അതിര്‍ത്തിയില്‍  റോന്ത് ചുറ്റുന്ന ഖസ്സാം ബ്രിഗേഡുകാര്‍ക്കും ഗസ്സ നഗരഹൃദയത്തില്‍ ബോംബ് വര്‍ഷത്തില്‍ തകര്‍ന്നുകിടക്കുന്ന ഹമാസ് ആസ്ഥാന മന്ദിരത്തിന് കാവല്‍ നില്‍ക്കുന്ന എക്‌സിക്യൂട്ടീവ് പോലീസ് ഫോഴ്‌സിലെ അംഗങ്ങള്‍ക്കും ചോദിക്കാനുണ്ടായിരുന്നതും റോഹിങ്ക്യകളെക്കുറിച്ച് തന്നെ. നിങ്ങള്‍ ഇന്ത്യക്കാര്‍ എന്തേ, അവരെ സഹായിക്കാതെ മൊയന്തടിച്ചു നടക്കുന്നുവെന്നായിരുന്നു അവരുടെ ഭാവം. ഇവിടത്തെ പണി കഴിഞ്ഞാല്‍ ഞങ്ങള്‍ അവിടേക്ക് വരാം എന്ന മട്ട്. കഴിഞ്ഞ വര്‍ഷം, സോമാലിയയിലെ പട്ടിണി കിടക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി പണം സമാഹരിച്ച് ലോകത്തെ ഞെട്ടിച്ചിരുന്നു ഗസ്സക്കാര്‍. അറബ് മെഡിക്കല്‍ യൂനിയന്റെ ഗസ്സ ചാപ്റ്റര്‍ പല തവണ സോമാലിയയിലേക്ക് വൈദ്യസഹായവുമായി സംഘത്തെ അയക്കുകപോലും ചെയ്തു.
ഇതാണ് ഗസ്സയുടെ മനസ്സും ശരീരവും. ആഹ്ലാദത്തിന്റെയും ആഭിജാത്യത്തിന്റെയും ശുഭപ്രതീക്ഷയുടെയും അഭിമാനത്തിന്റെയും നഗരമാണത്. ഇല്ല, നഗരത്തിലെവിടെയും ഒരു യാചകനെയും നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഈജിപ്ഷ്യന്‍ നഗരങ്ങളിലെത് പോലെ വെറുതെ തെരുവോരങ്ങളില്‍ ബീഡി വലിച്ചും ബഡായി വിട്ടുമിരിക്കുന്ന ചെറുപ്പക്കാരുടെ കൂട്ടങ്ങളും അവിടെയില്ല. എല്ലാവരും ആക്റ്റീവാണ്; എന്തെങ്കിലും പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കാരണം, അവര്‍ക്ക് ചെയ്യാന്‍ ഒരുപാട് പണികളുണ്ട്. ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും വിദ്യാസമ്പന്നരാണ്. ഫലസ്ത്വീന്‍ അതോറിറ്റി, വിവിധ മുന്‍സിപ്പാലിറ്റി ഭരണ സമിതികള്‍, യു.എന്‍ ഏജന്‍സികള്‍, അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് വൈറ്റ് കോളര്‍ തസ്തികകള്‍. കച്ചവടം, ചെറുവ്യവസായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ജനങ്ങളില്‍ നല്ലൊരു ശതമാനം ജീവിച്ചു പോകുന്നത്. കെട്ടിടങ്ങളില്ലാത്ത സ്ഥലങ്ങള്‍ വളരെ കുറവ്. എന്നാല്‍ അവ തരിശിട്ടിരിക്കുകയല്ല. ഒലിവ്, ചോളം, ഓറഞ്ച്, സ്‌ട്രോബറി എന്നിവ അവര്‍ കൃഷി ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും രുചിയേറിയ ഓറഞ്ചാണ് ഫലസ്ത്വീനിലേതെന്ന് പറയപ്പെടുന്നു. ഏത് ഒഴിഞ്ഞ സ്ഥലത്തും അവര്‍ എന്തെങ്കിലും കൃഷി ചെയ്തിരിക്കും. ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കൃഷിഭൂമികള്‍ ഏറെയും. ഇപ്പോള്‍, കൃഷി മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, ജനസംഖ്യയില്‍ 35,000 പേര്‍ കാര്‍ഷിക വൃത്തിയുമായി കഴിഞ്ഞു പോകുന്നു. എന്നാല്‍, അതിര്‍ത്തിയിലെ തോട്ടങ്ങളില്‍ കൂറ്റന്‍ ബുള്‍ഡോസറുകളുമായി വന്ന് കൃഷി നിലങ്ങള്‍ ഉഴുതു മറിച്ച് നശിപ്പിക്കുന്നത് ഇസ്രയേലിന്റെ ഹോബിയാണ്. കാര്‍ഷിക നിലങ്ങള്‍ കുറഞ്ഞത് കാരണം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, അര്‍ബന്‍ ഫാമിംഗ് തുടങ്ങിയ കാഴ്ചപ്പാടുകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കൃഷി വകുപ്പ്.
2010 മെയ് മാസത്തില്‍ ആരംഭിച്ച ക്രേസി വാട്ടര്‍ തീം പാര്‍ക്ക്, 2010 ജൂലൈയില്‍ ആരംഭിച്ച ഗസ്സാ മാള്‍ എന്നിവ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ വിനോദ, കച്ചവട കേന്ദ്രങ്ങളാണവ. ഇസ്രയേലി ഉപരോധം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ രണ്ട് സ്ഥാപനങ്ങളും തുറന്നതെന്നത് രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു. പുതിയ കച്ചവട, വിനോദ സ്ഥാപനങ്ങള്‍ ആരംഭിക്കുക എന്നതിലുപരി, നിങ്ങളുടെ എത്ര കടുത്ത ഉപരോധവും ഞങ്ങളെ തളര്‍ത്താന്‍ പോവുന്നില്ല എന്ന സന്ദേശം ഇസ്രയേലിനും വന്‍ ശക്തികള്‍ക്കും നല്‍കുകയായിരുന്നു ഗസ്സക്കാര്‍. അല്‍ റിമാല്‍ പ്രദേശത്ത് 19,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഗംഭീരന്‍ മാളാണ് ഗസ്സ മാള്‍. ഹമാസുമായി ബന്ധപ്പെട്ട ബിസിനസ് ഗ്രൂപ്പ് തന്നെ ഫണ്ട് വിപുലീകരണാര്‍ഥം സ്ഥാപിച്ചതാണത്. ബിസിനസിനെയും ഒരു പ്രതിരോധമായി മാറ്റുകയായിരുന്നു അവര്‍. ഓരോ കെട്ടിടം തകര്‍ക്കുമ്പോഴും അതെക്കാള്‍ ഭംഗിയുള്ള മറ്റൊന്ന് അവര്‍ പണിയും. പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുമ്പോഴെല്ലാം കൂടുതല്‍ നല്ല ഭക്ഷണം അവര്‍ വെച്ചു വിളമ്പും. കുഞ്ഞുങ്ങളെ കൊന്ന് തീര്‍ക്കുമ്പോള്‍ അവര്‍ പിന്നെയും പിന്നെയും പ്രസവിക്കും. കലാലയങ്ങള്‍ തകര്‍ക്കുമ്പോള്‍  മക്കള്‍ക്ക് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കി അവര്‍ മുന്നേറും. അല്ലാതെ, വെറുതെ പായാരം പറഞ്ഞിരിക്കുന്നത് പോരാളികളുടെ സമൂഹത്തിന് ചേര്‍ന്നതല്ല.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍