Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

ജലരാശി ചക്രങ്ങള്‍ വിഘ്‌നപ്പെടുമ്പോള്‍

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

വരാനിരിക്കുന്ന പോര്‍നിലങ്ങള്‍ ജലയുദ്ധങ്ങളുടേതായിരിക്കുമെന്നും ദാഹജലത്തിനു പരവശപ്പെടുന്ന കാലമെത്തുമെന്നും ആരു പറഞ്ഞപ്പോഴും വിശ്വസിക്കാന്‍ വിമ്മിട്ടപ്പെട്ട ഒരു അഭിജാത ജനത ഉണ്ടായിരുന്നു. അതു നാം മലയാളികള്‍. അത്രയോലുന്ന ജലസമൃദ്ധിക്കു മുകളിലാണ്  എന്നും നമ്മുടെ ജീവിതം തിളച്ചത്. നീല മലകളും നീലക്കടലുകളും  അതിരിട്ട മലയാളത്തില്‍ നാല്‍പതിലേറെ തെളിനീര്‍ നദികളാണ് കുഞ്ഞരഞ്ഞാണം പോലെ ഗ്രാമ നഗര ചത്വരങ്ങളെ പുണര്‍ന്നൊഴുകുന്നത്. ശുദ്ധജല സംഭരണികളായ നിരവധി തടാകങ്ങളും ചതുപ്പുകളും കണ്ടല്‍കാടുകളും പൂപ്പാടങ്ങളും  നമ്മുടെ അധിക ജലസ്രോതസ്സുകള്‍. ഈയൊരു ജലസമൃദ്ധ സാധ്യത തന്നെയാകാം  ജലവിനിയോഗത്തിന്റെ പ്രയോഗ വിനയം നമുക്ക് നഷ്ടമാക്കിയത്. കുളിച്ചും കളിച്ചും ഒരു വഞ്ചിപ്പാട്ടിന്റെ ആലസ്യത്തോടെ നാം വരുംകാല ഭീഷണികളെ അവഗണിച്ചു. വെള്ളമില്ലെങ്കില്‍ ഭൂമിയില്‍ ജീവോല്‍പ്പത്തിയുടെ നിരന്തരതയില്ല. ജീവഘടകങ്ങളുടെ അടിസ്ഥാനവും അതിന്റെ  അതിനിഗൂഢ ബലതന്ത്രവും ജലം തന്നെ. ''മഴയുടെ വാര്‍ത്തയുമായി കുളിര്‍ കാറ്റുകളെ പറഞ്ഞയക്കുന്നതവന്‍. എന്നിട്ട്  ജലകറ്റകളെയും ചുമന്ന് നിര്‍ജ്ജീവമായ വിദൂര നാടുകളിലേക്കവ പറന്നുപോകും. അങ്ങനെ എല്ലായിനം വിഭവ സമൃദ്ധികളും നാം മണ്ണില്‍ മുളപ്പിച്ചെടുക്കും.'' നമ്മുടെ കാര്‍ഷികപ്പെരുമകളെയും ഹരിത സൗഭാഗ്യങ്ങളെയും  എത്ര മനോഹരമായാണ് ഈയൊരു വിശുദ്ധ വാക്യം ആവിഷ്‌കരിക്കുന്നത്. ആയിരം വെള്ളിക്കമ്പികള്‍ ഭൂമീദളങ്ങളിലേക്ക് ഉറന്നെത്തുന്ന പെയ്ത്തുകാലം. തുടര്‍ന്ന് കുളിരു കോരുന്ന മകരമാസം. അപ്പോള്‍ ചിരിച്ചുണരുന്ന മണല്‍ത്തിട്ടക്കകത്തു കൊലുന്നനെ വിലാസവതിയായുണരുന്ന നദീ ദൃശ്യം. അന്നു നമ്മുടെ ജല രാശിചക്രം ശുദ്ധവും സ്വച്ഛവുമായിരുന്നു. തേവി നനച്ചു മലക്കറികള്‍ വിളയിച്ചു. മണ്‍കുടങ്ങളില്‍ വെള്ളംകോരി കഞ്ഞിയും കറിയും വെച്ചു കഴിച്ചു.  മെത്തയില്‍ കിടന്നു കളിക്കുന്ന ശിശുവിനെപ്പോലെ നമ്മുടെ നദീപടലം  എല്ലാവരെയും തങ്ങളിലേക്ക് അഗാധമായി ആകര്‍ഷിച്ചു. ''നിങ്ങള്‍ പ്രപഞ്ച ദൃശ്യങ്ങളിലേക്ക് വിസ്മയത്തോടുകൂടി നോക്കി നില്‍ക്കുക. അവിടെ എന്റെ വൈഭവം നിങ്ങള്‍ക്കു കാണാം.''
ഇതു പഴയ കാലം. ഇന്നു നമ്മുടെ സംഭരണികള്‍ കാലിയാണ്. കുടിജലം ഇന്നു നമുക്കു കമ്പോള വസ്തുവായി. വാങ്ങല്‍ ശേഷിയുള്ളവര്‍ക്കു മാത്രം  ഉപയുക്തമാവുന്ന ഒരാഡംബര വസ്തു. ഭൂമിയിലെത്തുന്ന ശുദ്ധജലമത്രയും പെയ്ത്തു മഴയുടേതാണ്. ഇതാകട്ടെ ഒരു വ്യക്തിക്കോ കുടുംബത്തിനോ വേണ്ടിയല്ല.  മുഴുവന്‍ ജീവ രാശി ചക്രത്തിനും വേണ്ടി. ഇങ്ങനെ എല്ലാവര്‍ക്കും വേണ്ടി ദൈവമയക്കുന്ന പെയ്ത്തുജലം ഒരു വിഭാഗം അവരുടെ സാമര്‍ഥ്യം കൊണ്ടു മാത്രം കൈയടക്കുകയും അതു വിറ്റു കാശാക്കുകയും ചെയ്യുന്നതു ഏതു പ്രമാണത്തിന്റെ ബലത്തിലാണ്. ദൈവ പ്രമാണങ്ങളെ വ്യാഖ്യാനിച്ച പ്രവാചകന്‍ കുടിവെള്ളത്തെ വില്‍പ്പനക്കു വെക്കാന്‍ പാടില്ലാത്ത പൊതു ഉടമാ വസ്തുവായാണ് നിര്‍ണയിച്ചത്. കാരണം ജീവിക്കാനുള്ള അവകാശം പുല്ലിനും പുഴുവിനും പഴുതാരക്കുമുണ്ട്. ഈ അവകാശ പ്രഖ്യാപനത്തെയാണ് മുതലാളിത്ത കമ്പോള നാടുകള്‍ സമര്‍ഥമായി മാറ്റി എഴുതിയത്. ജലം മനുഷ്യാവകാശമാണെന്നത് അവര്‍ തിരുത്തിയെഴുതി. ജലം മനുഷ്യന്റെ ഏറ്റവും പ്രധാനമായ ആവശ്യമാണ് എന്നു മാറ്റിക്കുറിച്ചു. അവകാശം വാങ്ങല്‍ ശേഷിയുമായി ബന്ധപ്പെടുന്നില്ല. എന്നാല്‍ ആവശ്യം അയാളുടെ വാങ്ങല്‍ശേഷിയുമായി ചേര്‍ന്നു നില്‍ക്കുന്നു. അതോടെ ദാഹജലം ഒരു കച്ചവടച്ചരക്കാവുന്നു. ആവശ്യക്കാര്‍ എല്ലാവരുമല്ല. വാങ്ങല്‍ ശേഷിയില്ലാത്തവര്‍ ഇവിടെ ആവശ്യക്കാരല്ല.
യൂറോപ്പിലും അറേബ്യയിലും ശുദ്ധജലം ഇന്നൊരു വിപണി വസ്തുവാണെന്നതു നമുക്കൊരു കൗതുക വാര്‍ത്ത മാത്രമായിരുന്നു. എന്നാലിന്നു നമുക്കിത് പ്രയോഗമായി. ജല മാഫിയയുടെയും ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെയും കെണിക്കുഴികളില്‍ ഏതാണ്ടു നാം വീണു കഴിഞ്ഞു.  കുടില സംരംഭകത്വങ്ങളും ബഹുരാഷ്ട്ര സാമര്‍ഥ്യങ്ങളും അവരുടെ സമ്പൂര്‍ണ ശ്രദ്ധയും ജാഗ്രതയും ഇന്നു കേന്ദ്രീകരിക്കുന്നതു ജല വിഭവത്തിലാണ്. ഐ.ടിയും ഇലക്‌ട്രോണിക് തരംഗങ്ങളും സ്ഥിരസ്ഥായിയല്ല. മനുഷ്യ രാശിയുള്ളിടത്തോളം ബാക്കിയാവുന്നതാണ്  വെള്ളത്തിന്റെ കമ്പോളം. ഒരിക്കലും മാന്ദ്യം വരാത്ത കമ്പോളശേഷി. ഇങ്ങനെ കഴുകക്കണ്ണുകളുമായി ഇരയെ കാത്തിരിക്കുന്ന ദുഷ്ട ലക്ഷ്യങ്ങളാണ്  ഇന്നു ലോകം വാഴുന്നത്. ഇത്തരം കുടില ലക്ഷ്യങ്ങളെ വന്‍ വിജയത്തിലേക്കെത്തിച്ചതില്‍ നമ്മുടെ മൂഢ കര്‍മങ്ങള്‍ക്ക് പങ്കുണ്ട്.
കേരളത്തില്‍ നമ്മുടെ വാര്‍ഷിക ജലസ്രോതസ്സ് രണ്ട് മണ്‍സൂണ്‍ കാലമാണ്.  ജലസംഭരണികളായ പുഴകളെയും തടാകങ്ങളെയും അടുത്ത വേനലറുതിവരെ വരളാതെ നിലനിര്‍ത്തുന്നതും ഈ മഴക്കാലം തന്നെയാണ്. ഇത് നമ്മുടെ ജലശേഷി പുതുക്കല്‍ കാലം. ലോകത്തില്‍ തന്നെ ഏറ്റവും സമൃദ്ധമായ  വര്‍ഷപാത ലഭ്യ പ്രദേശമാണിത.് മൂവായിരം എം.എം. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. ലഭ്യത ഇത്രയധികമാണെങ്കിലും ഇതത്രയും രണ്ടു രീതിയില്‍ നമുക്ക് നഷ്ടമാവുന്നു. പെയ്‌തൊഴിയുന്ന മഴയില്‍ എണ്‍പതു ശതമാനവും ആദി മണ്‍സൂണിലാണ്. നമ്മുടെ ഭൂവിന്യാസത്തിന്റെ ചെങ്കുത്തു കാരണം അതത്രയും തങ്ങിനില്‍ക്കാതെ ഉപരിതല നീരൊഴുക്കായി ക്ഷണമാത്രയില്‍ കടലിലലിയുന്നു. ബാക്കികൊണ്ടാണ് നാം തപിക്കുന്ന ഉഷ്ണകാലം അതിജീവിക്കേണ്ടത്. ഇതറിയാനുള്ള ജല സാക്ഷരത പോലും നാം ആര്‍ജ്ജിക്കാതെ പോയി. ''ആകാശ മണ്ഡലങ്ങളില്‍ നിന്നും ജലനാരുകള്‍ എത്തിച്ചു തരുകയും അതുകൊണ്ടു നിങ്ങളെ ഉയിര്‍പ്പിക്കുന്നതുപോലെ നിര്‍ജീവമായ ഭൂപാളികളില്‍ നിന്നും ജീവന്റെ നാരുതാരുക്കള്‍ വളര്‍ത്തുന്നതും ഞാനാണെന്നു'' ദൈവം ഓര്‍മിപ്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്. മഴയും വെയിലും ദൈവത്തിന്റെ അധീശത്വത്തില്‍ പൂക്കുന്ന ഋതുഭേദ പാരിജാതങ്ങളാണ്. കാലഭേദ വിസ്മയങ്ങളെ ദൈവം താരതമ്യം ചെയ്തത് അവനോടുതന്നെയാണു. കാല വ്യതിയാനത്തോടും  ഋതു പരിസ്ഥിതികളോടും പ്രകോപനപരമായി കലഹിക്കുന്നതു അതുകൊണ്ടുതന്നെ ദൈവ വിരുദ്ധമാണ്. ഈയൊരു കലാപ കര്‍മഫലമാണ് ഇന്നു നാം അനുഭവിക്കുന്നത്.  വരള്‍ച്ചയും ജലക്ഷാമവും മറ്റനേകം പാരിസ്ഥിതിക ശ്രുതിഭംഗങ്ങളും. പ്രകൃതിയിലെ ദൈവപാഠങ്ങള്‍ പാരായണം ചെയ്യാതെയും വന്നുപോകുന്ന സ്ഖലിതങ്ങള്‍ തിരുത്താതെയും തങ്ങളുടെ ജന്മപരമായ അധീശത്വം അഹങ്കാരത്തോടെ ചുറ്റുപാടിനു മേല്‍ ഉറപ്പിച്ചാല്‍ ഇതിലും വലിയ വിഘ്‌നങ്ങള്‍  നമ്മെ തേടിയെത്തും.
ജലസമൃദ്ധിയെ സമ്പൂര്‍ണമായി  വിശുദ്ധമാക്കുന്ന  ഭൗമ പ്രക്രിയയാണ് ജല ചാക്രികത. ആവര്‍ത്തിതമാകുന്ന വര്‍ഷപാതവും ബാഷ്പീകരണവും. ഭൗമ താപത്തെ പരിധിയില്‍ നിര്‍ത്തുന്നതും മണ്ണില്‍ ഹരിതമേലാപ്പിടുന്നതും ഈ പ്രതിഭാസം തന്നെയാണ്. ഈയൊരു പ്രയോഗ മണ്ഡലമാണ് സത്യത്തില്‍ മനുഷ്യ കരങ്ങളുടെ ഇടപെടല്‍ കാരണം തകര്‍ച്ചകള്‍ ഏറ്റുവാങ്ങിയത്. കരയും കടലും ഇന്നു മനുഷ്യ ജീവിതാഘോഷങ്ങളുടെ ആര്‍ത്തിയും ആസ്വാദനവും കൊണ്ടു തകിടം മറിഞ്ഞ ദുരന്ത സ്ഥലികളാണ്.
വാണിജ്യ വിളകള്‍ പൂക്കുന്ന വന്‍ തോട്ടങ്ങളില്‍ വിതറി എറിയുന്ന കീടനാശിനികളും  രാസവള സംയുക്തങ്ങളും ഒഴുകി എത്തി കേരളത്തിലെ നദീപടലങ്ങളും സമുദ്ര മണ്ഡലങ്ങളും ഇന്നു സമ്പൂര്‍ണമായും അമ്ലവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു.ഇത് സമുദ്ര ജീവികളുടെ ജീവസാധ്യതയെ തന്നെയാണ് റദ്ദാക്കുന്നത്. സമുദ്രത്തിലെ ബൃഹത്തായ ഭക്ഷ്യശൃംഖലകളിലെ മൗലികമായ കണ്ണിയാണ് ആല്‍ഗകള്‍.  ഇവ തകര്‍ന്നു കഴിഞ്ഞാല്‍ ചെറുമീനുകള്‍ ഭക്ഷണമില്ലാതെ വംശമറ്റുപോകും. അതോടെ വമ്പന്‍ മത്സ്യജാലപ്പെരുമ തീര്‍ത്തും ഇല്ലാതാകും. കേരളത്തിലെ മത്സ്യ ക്ഷാമത്തിനു മറ്റു കാരണങ്ങള്‍ വേണ്ട. വമ്പന്‍ കുത്തകകളും ആഗോള ഭീമന്മാരും ഉദ്ദീപിപ്പിച്ച ഉപഭോഗ തൃഷ്ണ തന്നെയാണ് ഇത്തരമൊരു അപായ മുനമ്പില്‍ നമ്മെ കൊണ്ടെത്തിച്ചത്. കാലത്തോടു യുദ്ധം ചെയ്യുകയും ജീവിതം പൂക്കുന്ന വിശുദ്ധ പരിസ്ഥിതിയെ ഒടിച്ചു മുറിക്കുകയും വഴി നാം ഇന്നെത്തിയതു ഭീഷണമായ ഒരു ദുരന്തത്തിലാണ്. കേരളം ഇന്നു നേരിടുന്ന ജലക്ഷാമവും വരള്‍ച്ചാ രൂക്ഷതയും ഭൗമ പരിസ്ഥിതിയില്‍ നാം പ്രതിലോമപരമായി ഇടപെട്ടതിന്റെ പരിണതി തന്നെയാണ്.
പാരിസ്ഥിതിക വ്യതിയാനം കേരളത്തെ സംബന്ധിച്ചേടത്തോളം ഏറെക്കുറെ സ്വയംകൃതമാണ്. നമ്മുടെ ഭൂ പ്രകൃതിയെ സംബന്ധിച്ച തിരിച്ചറിവ് നമുക്കില്ലാതെ പോയി. കേരളത്തിന്റെ മേല്‍മണ്ണിനു ചില പ്രത്യേകതകളുണ്ട്. അതു പൊതുവേ നനവില്ലാത്ത ചെമ്മണ്ണാണ്. അവക്കു ജലം പിടിച്ചു നിര്‍ത്താനുള്ള ശേഷി കുറയും. മണ്ണിന്റെ പ്രത്യേകതയും ഭൂവിന്യാസത്തിലെ ചെങ്കുത്തും കാരണം പെയ്ത്തു വെള്ളത്തിന്റെ പരമാവധിയും ഒലിച്ചു പോകും.   പിന്നെ നാം ബോധപൂര്‍വം മണ്ണിലെറിയുന്ന രാസവളങ്ങളും മരംവെട്ടും അമിതമായ പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിനെ പൊലിപ്പിച്ചു. ജൈവവള പ്രയോഗം തിരസ്‌കരിക്കപ്പെട്ടതോടെ മണ്ണില്‍ നനവ് സൃഷ്ടിക്കുന്ന ജൈവ കാര്‍ബണിനെ പറ്റെ തളര്‍ത്തി. നമ്മുടെ ഏകവിള കൃഷി ശാഠ്യവും ഇതില്‍ പ്രധാനമാണ്. ഏകവിള മണ്ണിന്റെ പുതുക്കല്‍ ശേഷിയെ കശക്കിത്തെറിപ്പിക്കും. ക്ലേദരഹിതമായ (നനവില്ലാത്ത) മണ്ണില്‍ വീഴുന്ന ജലകണികകള്‍ തൊണ്ണൂറു ശതമാനവും മണ്ണിലിറങ്ങാതെ  വെറുതെ ഒലിച്ചുപോകും. ഇതിനു എതിരെ പ്രകൃതി ഒരുക്കിയ തടവാണ് സ്വാഭാവികമായ നിബിഡ വനമേഖല. ജലം പിടിച്ചുവെക്കുന്ന പ്രകൃതിയുടെ തടയണകള്‍. ഇവയത്രയും വിവേചനരഹിതമായി നാം മുറിച്ചുകളഞ്ഞു. 1940-കളില്‍ കേരളത്തിലെ വനവിസ്തൃതി സംസ്ഥാനത്തിന്റെ മൂന്നിലൊന്നോളമായിരുന്നു. മുപ്പതുവര്‍ഷങ്ങള്‍ കൊണ്ടുതന്നെയതു 9400 ച. കി.മീറ്ററായി ചുരുങ്ങി. നമ്മുടെ വനമേഖല അതിവേഗം നഗരവല്‍ക്കരണത്തിന്റെ പിടിയില്‍ അമര്‍ന്നുപോയി. പശ്ചിമഘട്ടത്തിലെ ഈ മഴക്കാടുകളാണ് നമ്മുടെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് എന്നും പൊലിപ്പിച്ചത്.  ജലസംഭരണത്തിന്റെ അക്ഷയഖനിയാണ് നമ്മുടെ വയലേലകള്‍. എഴുപതുകളില്‍ ഒമ്പതു ലക്ഷം ഹെക്ടര്‍ നെല്‍പാടങ്ങളുണ്ടായിരുന്നത് രണ്ടായിരത്തോടെ മൂന്നര ലക്ഷമായി ചുരുങ്ങി. ബാക്കിയത്രയും മണ്ണിട്ട് തൂര്‍ത്തു കോണ്‍ക്രീറ്റ് കൃഷികള്‍ തുടങ്ങി. ഒരു ഹെക്ടര്‍ നെല്‍പ്പാടം 7500 ഘന മീറ്റര്‍ ജലസംഭരണം നടത്തുന്നുണ്ടെന്നാണ് കണക്ക്. നമ്മുടെ ഭൂപ്രകൃതിയില്‍ പാടശേഖരങ്ങള്‍ അതിപ്രധാനമായ ഇടപെടലുകളാണ് നിശ്ശബ്ദമായി വികസിപ്പിച്ചത്. ജീവജലം തുള്ളുന്ന ഈ പൂപ്പാടങ്ങള്‍ മണ്ണിട്ടു തൂര്‍ത്തു കാലത്തെ പഴിക്കുന്നതെന്തിനാണ്. കാലം നമ്മെ ചതിച്ചിട്ടില്ല. കാലത്തോടു നാം ഇടയുമ്പോള്‍ ദൈവത്തിന്റെ ശിക്ഷ വരും. തെറ്റുകളോടു പശ്ചാത്തപിക്കുകയും കര്‍മരാശികള്‍ തിരുത്തുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഋതുക്കളുടെ സംക്രമണ താളങ്ങള്‍ പഴയ പ്രസരിപ്പ് വീണ്ടെടുക്കുക തന്നെ ചെയ്യും.
ഏതുവിധേനയും കേരളത്തെ വികസിപ്പിച്ചേ ഒക്കൂ എന്ന വാശിയില്‍ കുത്തകകളുടെ അമിത മോഹങ്ങള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിമാറി സഞ്ചരിച്ചു. ബി.ഒ.ടി ഹൈവേകളും വമ്പന്‍ റിസോര്‍ട്ടുകളും ഹൈടെക് സിറ്റികളും നിര്‍ദേശിക്കപ്പെട്ടു. ഇതൊന്നും തന്നെ കേരളത്തെ സമഗ്രമായി പഠന വിധേയമാക്കാത്ത പദ്ധതികളുടെ നിര്‍ദേശങ്ങളായിരുന്നു. ഇത്തരം കുടില മോഹങ്ങള്‍ ആദ്യം മാന്തിപ്പറിച്ചതു നമ്മുടെ പുഴക്കരകളും കായലോരങ്ങളും കണ്ടല്‍ ചതുപ്പുകളും കടല്‍തീരങ്ങളുമാണ്. എങ്ങനെയും നാടു വികസിപ്പിച്ചേ അടങ്ങൂ എന്ന വാശിയില്‍ കുതറിയ സര്‍ക്കാറുകള്‍ വമ്പന്‍ കുത്തകകള്‍ക്കു സംസ്ഥാന താല്‍പര്യങ്ങളെ സമര്‍ഥമായി കൂട്ടിക്കൊടുത്തു. നിയമങ്ങള്‍ നോക്കുകുത്തിയായി. അപ്പോള്‍ പാര്‍ട്ടികളുടെ സാമ്പത്തിക വളര്‍ച്ചയും ആര്‍ത്തിയും കണ്ടു  ബഹുരാഷ്ട്ര കമ്പനികള്‍ പോലും അമ്പരന്നു പോയി. ഇവരൊക്കെയും കേരളത്തെ വികസിപ്പിക്കാന്‍ മല്‍സരിച്ചു മുന്നേറിയപ്പോള്‍ മലയാളിക്കു കുടിവെള്ളം മുട്ടി. നമ്മുടെ കെടുകാര്യസ്ഥത സൃഷ്ടിക്കുന്ന ഓരോ ചെറിയ പ്രതിസന്ധിയും പരിഹരിക്കാന്‍ നാം കണ്ടെത്തുന്നതു അതിനേക്കാള്‍ വലിയ മണ്ടന്‍ പദ്ധതികളാണ്. അങ്ങനെ നീതിബോധങ്ങള്‍ തീണ്ടാത്ത ഭരണകൂടങ്ങളും ഉദ്യോഗസ്ഥ പ്രഭുത്വവും സംരംഭകത്വത്തിന്റെ മാല്‍ത്തൂസിയന്‍ കണ്ണുകളും മത്സരിച്ചുത്സാഹിച്ചു തന്നതാണ് ഇന്നത്തെ നമ്മുടെ പ്രതിസന്ധി.
ജല ഉറവിടങ്ങള്‍ അടഞ്ഞുപോയതോടൊപ്പം  ഉപഭോഗത്തിലുണ്ടായ ഭീമന്‍ വര്‍ധനയും പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. ഒരിക്കലും പ്രകൃതിയുടെ ആദിശ്രുതി താളത്തിലേക്കു നാം തിരിച്ചു പോയില്ല. പാചകത്തിനും കൃഷിക്കും സ്വന്തം കുഴിക്കിണറിനെയും നദിവ്യൂഹത്തെയും ആശ്രയിച്ചിരുന്ന കാലത്തെ ജലത്തിന്റെ അളവല്ല ജലയന്ത്രങ്ങളും ടാങ്കും ടാപ്പും അവതരിപ്പിച്ചതോടെ നാം ഉപയോഗിക്കുന്നത്. വസ്ത്രങ്ങളുടെ എണ്ണവും മറ്റു ജീവിത പരിസരങ്ങളുടെ വിശാലതകളും അന്നുണ്ടായിരുന്നില്ല. ഉള്ള വസ്ത്രങ്ങള്‍ പുഴക്കടവുകളില്‍ കഴുകി മണല്‍പ്പരപ്പില്‍ വിരിച്ചുണക്കി. ഇന്നു നാലുപേര്‍ മാത്രം പാര്‍ക്കുന്ന ശരാശരി കേരളീയ ഗൃഹങ്ങളില്‍ എത്രയാണു വസ്ത്രങ്ങള്‍. ഇതത്രയും അലക്കി വെളുപ്പിക്കാന്‍ അലക്കു യന്ത്രങ്ങള്‍ കുടിക്കുന്ന വെള്ളമെത്രയാണ്.  ജീവിതത്തിലെ വിനയം നഷ്ടമാവുകയും ആര്‍ഭാടങ്ങളുടെ  പിന്നാലെ ഓടുന്ന സമൂദ് ജനതയായി പരിണമിക്കുകയും ചെയ്തപ്പോള്‍ നാം പിടികൂടപ്പെടുക കാലാവസ്ഥാ ഭേദങ്ങള്‍ കൊണ്ടുതന്നെയാണ്. ഇത് ദൈവത്തിന്റെ കാവ്യനീതി.
നമ്മുടെ കാടും മേടും ഔഷധ സമൃദ്ധിയുടെ കലവറയാണ്. ഇതിന്റെ രസലായനികളാണു നദികള്‍ ഒഴുക്കി കടലിലെത്തിക്കുന്നത്. ഇതാണു ജല ഭക്ഷ്യശൃംഖലയുടെ ആദികണ്ണി. കാടും നാടും കടലും കൊരുക്കുന്ന ഒരു ചങ്ങലത്തുരടായി മാറുന്നു ഇവിടെ നമ്മുടെ പുഴകള്‍. ഇതാണു ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടി വൈഭവം. ഇതിലൊക്കെയും മനുഷ്യന്റെ മൂഢകര്‍മങ്ങള്‍ പ്രതിലോമപരമായി ഇടപെടുമ്പോള്‍ പ്രകൃതിയുടെ സ്വാഭാവികതയില്‍ ഭംഗങ്ങള്‍ പ്രത്യക്ഷമാവും. മനുഷ്യ കരങ്ങള്‍ ഭൂമിയിലും ആകാശത്തും ഇടപെട്ടു പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി നമുക്കു കിട്ടിയ മുന്നറിയിപ്പുകള്‍ ഇതു തന്നെയാണ്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ടാണ് പുഴകള്‍ പുറപ്പെടുന്ന നിബിഡ വനങ്ങളും സഞ്ചാര പാതയിലെ കണ്ടല്‍ ചതുപ്പുകളും പൂപ്പാടങ്ങളും നാം കുടഞ്ഞെറിഞ്ഞത്.  ഇതായിരുന്നു മഴക്കാലത്ത് അധികജലം സംഭരിച്ച് ഭൂഗര്‍ഭ ജലത്തിന്റെ പുതുക്കല്‍ ശേഷി വര്‍ധിപ്പിച്ചത്. അങ്ങനെയാണ് വരള്‍ച്ചയുടെ തീക്കാലങ്ങളില്‍ ഇതു നമ്മുടെ ശമനികളായത്. ദയാരഹിതമായ മരംവെട്ടും വൃഷ്ടിപ്രദേശത്തെ മണ്ണെടുപ്പും അന്തമില്ലാത്ത മണലൂറ്റും കോണ്‍ക്രീറ്റ് കൃഷിയും പ്ലാസ്റ്റിക് വിസര്‍ജ്യങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ നാം ഇടപെട്ടു തകര്‍ത്തു കളഞ്ഞത് ദൈവികമായ വലിയൊരു സമഗ്ര വ്യവസ്ഥയുടെ  നട്ടെല്ലാണ്. ഇവിടെയാണ് മനുഷ്യ കരങ്ങളുടെ മൂഢ പ്രവൃത്തികളെപ്പറ്റി ദീര്‍ഘദര്‍ശനം. നദികള്‍ക്കു കുറുകെയുള്ള വമ്പന്‍ അണക്കെട്ടുകള്‍ ഇന്നത്തെ ലോകം തന്നെ തിരസ്‌കരിച്ചതാണ്. കുണുങ്ങി ഒഴുകുന്ന ഒരു ജീവജലദായിനിയെ കരിങ്കല്‍ പാളികള്‍ കൊണ്ടു തടവിലാക്കിയാല്‍ വമ്പന്‍ പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍  കൂടി ഉല്‍പ്പാദിപ്പിക്കപ്പെടും. അണക്കെട്ടിനു താഴെ പിന്നെ നദിയില്ല.
നിക്ഷേപിക്കപ്പെടുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഊറ്റിയെടുക്കുന്ന മണല്‍. പമ്പയില്‍ മാത്രം ഒരാണ്ട് ഒഴകിയെത്തുന്ന മണല്‍ ഇരുപത്തിയേഴായിരം ടണ്‍. ഖനിച്ചെടുക്കുന്നതു ഇരുപത്തി അഞ്ചു ലക്ഷം ടണ്‍. ഊറ്റുന്നതിന്റെ രണ്ടു ശതമാനം മാത്രമാണ് ഒഴുകിയെത്തുന്നത്. നമ്മുടെ നദീവ്യൂഹങ്ങളില്‍ ഊറ്റുന്ന മണലിന്റെ പൊതുരീതിയാണിത്. ഈ മണല്‍ വെറുതെ നിക്ഷേപിച്ചതല്ല. ജലവിതാനം താഴാതെ നിര്‍ത്തുന്നതും ജലത്തിന്റെ സ്വയം ശുദ്ധീകരണം  വികസിപ്പിക്കുന്നതും നിസ്സാരമെന്നു തോന്നുന്ന ഈ മണല്‍ മെത്തകളാണ്. ഇതു ചുരുട്ടി എടുത്തു കട്ടെടുക്കുമ്പോള്‍ നദികള്‍ മെലിഞ്ഞൊട്ടുകയും ചൊറിയും വ്രണങ്ങളും വന്നു രോഗപ്രസരണ കേന്ദ്രങ്ങളായി മാറുകയും ചെയ്യും. ഇത് പ്രകൃതിയുടെ ശാലീനതക്ക് നേരെ നാം നടത്തിയ  കൈയേറ്റങ്ങള്‍ തന്നെയാണ്. നമ്മുടെ പാടങ്ങള്‍ വെറും നെല്ലുല്‍പ്പാദന കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. ജലസംഭരണികള്‍ കൂടിയായിരുന്നു. സംസ്ഥാന രൂപീകരണ കാലത്ത് നെല്‍പ്പാടം മൊത്തം കൃഷിയുടെ മുപ്പത്തഞ്ചു ശതമാനം ആയിരുന്നതു ഇന്ന് പന്ത്രണ്ടു ശതമാനം മാത്രമാണ്.
പണ്ടു നമ്മുടേതു വലിയ കുടുംബങ്ങളും കുഞ്ഞു വീടുകളുമായിരുന്നു.   അതാകട്ടെ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ള ലളിത മനോഹരമായ നിര്‍മിതികള്‍. ഇന്നു ചെറിയ കുടുംബങ്ങളും വമ്പന്‍ വീടുകളും. സിമന്റു കമ്പിയും കരിങ്കല്‍ ചീളുകളും കൊണ്ടുള്ള മഹാ വിസ്മയങ്ങള്‍. സുലൈമാന്‍ പ്രവാചകനെ തോല്‍പ്പിക്കാനുള്ള നിര്‍മ്മാണ ശേഷി. ആര്‍ഭാട പ്രകടനങ്ങളും വെറും പൊങ്ങച്ചങ്ങളും മാത്രമാണിതിന്റെ പിന്നിലെ പ്രേരണ. ആദിന്റെയും സമൂദിന്റെയും പുത്തന്‍ ആവിഷ്‌കാരങ്ങള്‍. ഒഴുക്കു കുറയുന്ന നദീവ്യൂഹത്തിലേക്ക് ഗൃഹോഛിഷ്ടങ്ങളും ഖരജന്യ മാലിന്യങ്ങളും രാസ കീടനാശിനികളും പ്ലാസ്റ്റിക് ശിഷ്ടങ്ങളും ഭീകരമായ അളവില്‍ വലിച്ചെറിയുന്നു. ചെങ്കല്‍ കുന്നുകള്‍ വരിയുടക്കപ്പെടുകയും മണ്‍കുന്നുകള്‍ കശക്കിക്കുടഞ്ഞ് പ്രകൃതിദത്തമായ കളത്തിലും പാടങ്ങളിലും കൊണ്ടിട്ട് തൂര്‍ത്ത്  സമര്‍ത്ഥന്‍മാരായി. പ്രകൃതിയുടെ സ്വാഭാവികതയെ ആക്രമിച്ചാല്‍ അതു തിരിച്ചടിക്കും. പ്രകൃതിയുടെ കുറ്റമല്ല. നമ്മുടെ തെറ്റാണത്. ഇതറിയാനുള്ള ജനാധിപത്യ വിനയം മനുഷ്യര്‍ക്കില്ലാതെ പോയി. മഹാ ഗ്രന്ഥങ്ങള്‍ പറഞ്ഞു തന്നിട്ടും.
ഇതുകൊണ്ടൊക്കെയാണ് കേരളം ഇന്നു നിന്നു കത്തുന്നത്. ജലക്ഷാമം മാത്രമല്ല, ഉള്ള ജലം വലിയ അളവില്‍ മലിനീകരിക്കപ്പെടുകയും ചെയ്യുന്നു. വേനല്‍ക്കാലത്തു നമ്മുടെ ജലത്തിന്റെ ബി.ഒ.ഡി നിലവാരം പത്തില്‍ കൂടുതലാണ് (ഒരു നിശ്ചിത അളവു വെള്ളത്തില്‍ ജൈവ മാലിന്യങ്ങളെ വിഘടിപ്പിക്കാന്‍ ബാക്ടീരിയക്കു വേണ്ട പ്രാണവായുവിന്റെ അളവാണ്  ബി.ഒ.ഡി). മണ്ണില്‍ പൊടിഞ്ഞു കുമിയുന്ന പ്ലാസ്റ്റിക് ഇതില്‍ പ്രധാന ത്വരകമാണ്.ജല സ്രോതസ്സുകള്‍ അസ്തമിക്കുകയും ഉള്ളത് മലിനീകരിക്കപ്പെടുകയും ചെയ്താല്‍ ആഗോള ജലഭീമന്‍മാര്‍ നമ്മുടെ നാട്ടിലേക്കോടിയെത്തും. കുപ്പിവെള്ളക്കുരുക്കില്‍ നാം ഇപ്പോള്‍ തന്നെ വീണുകഴിഞ്ഞു. ഉറവകള്‍ വറ്റുകയും നദികള്‍ പുഴുവരിക്കുകയും ചെയ്താല്‍ ദാഹജലത്തിനു യുദ്ധമല്ലാതെ എന്തു ചെയ്യും. സ്വയം കൃത അനര്‍ഥങ്ങള്‍ ഇനിയും തിരുത്തപ്പെടാതെ പോയാല്‍ ഉള്ള ജല ലഭ്യതയും നഷ്ടമാവും.
മനുഷ്യ ജീവിതവും അതിന്റെ പ്രകൃതിയും തമ്മില്‍ പുണര്‍ന്നുനില്‍ക്കേണ്ട ഒരു ദൈവ രാശിചക്രമുണ്ട്. ഈ സമീകരണം സാധിക്കേണ്ടത് മൗലികമായ ചില മൂല്യ ബോധങ്ങളിലാണ്. ഈ മൂല്യബോധങ്ങള്‍ വികസിപ്പിക്കേണ്ടത് മതങ്ങളുടെ അടിത്തറകളില്‍ നിന്നു തന്നെയാണ്. ''നീ ഭൂമിയില്‍ നാശം വിതക്കരുത്. നാശകൃഷിക്കാരെ ദൈവത്തിനു വേണ്ട.'' ഈ പ്രസ്താവന അഗാധമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ദൈവത്തിന്റെ ഭൂമിയില്‍ സമസ്ത സൃഷ്ടിജാലങ്ങളും അവകാശങ്ങളും ചുമതലകളും പങ്കുവെച്ചു കഴിയേണ്ടതാണ്. ഉഹുദുമല  നമുക്കുവേണ്ടി പ്രര്‍ഥിച്ചുകൊണ്ടിരിക്കുന്നു എന്നു പ്രവാചകന്‍ നിരീക്ഷിച്ചത്, തന്റെ നാടിന്റെ ഭൂമിശാസ്ത്രത്തില്‍ ഈയൊരു പര്‍വതത്തിന്റെ ഭൗതികമായ സ്വാധീനവും സാന്നിധ്യവും സ്ഥാപിക്കാനായിരുന്നു. യുദ്ധ മധ്യത്തില്‍ പോലും ജല നിര്‍ഗമനികള്‍ അടക്കരുതെന്നും തരുനിരകള്‍ അറുത്ത് മാറ്റരുതെന്നും പ്രവാചകന്‍ ശാഠ്യപ്പെടുന്നതു അതുകൊണ്ടുകൂടിയാണ്. ജീവിക്കുന്ന ചുറ്റുപാടുമായി മനുഷ്യജീവിതം എങ്ങനെയാണ് അര്‍ഥപൂര്‍ണമായി താളപ്പെടുകയെന്നും  ഇസ്‌ലാം ഗൗരവത്തില്‍ ആലോചിച്ചിട്ടുണ്ട്. വൃക്ഷത്തൈകളും വെള്ളവും തീയും ഒരു കാരണവശാലും പരസ്പരം തടയപ്പെടാന്‍ പാടില്ലെന്നു പ്രവാചകന്‍ കണിശപ്പെടുത്തിയതും ഇതുകൊണ്ടുതന്നെ. കുടിജലം തടയുന്നതും അന്യായമായി അത് അപഹരിക്കുന്നതും ജലസുലഭ്യതയില്‍ പോലും അമിതോപഭോഗം നിരോധിച്ചതും അതുകൊണ്ടുതന്നെ. ഇതൊക്കെ പാപവും അപരാധവുമായാണെണ്ണിയത്. ദൈവത്തോടു ചെയ്യുന്ന അപരാധം. കാരണം അതു മനുഷ്യരോടും മറ്റു ജീവികളോടും ചെയ്യുന്ന അപരാധമാണ്.  ഭൂമിയും അതിലുള്ളതും മനുഷ്യര്‍ക്കു വേണ്ടിയാണ്. അവനു വേണ്ടതത്രയും ഇവിടെയുണ്ട്.  പക്ഷേ അവന്റെ ആര്‍ത്തിയും പൊങ്ങച്ചങ്ങളും കുടില മോഹങ്ങളും ഭൂമിയില്‍ കൊടുമ്പിരികൊള്ളുമ്പോള്‍ ദുരന്തങ്ങളെ അനന്തരമെടുക്കുക തന്നെ ചെയ്യും.
ഭൂമിയില്‍ മനുഷ്യ ജന്മത്തിനു സവിശേഷശമായ നിയോഗമുണ്ട്.  മഹാമേരുക്കളുടെ ഉത്തുംഗതകള്‍ക്കോ  ആകാശത്തിന്റെ അപാരതകള്‍ക്കോ ഏല്‍ക്കാനാകാത്ത നിയോഗം. ഇതിനോടു സാക്ഷ്യം ചെയ്യാന്‍ അവനു കഴിയണം.  ആ ചുമതല ഏറ്റെടുത്തതു കൊണ്ടുതന്നെയാണ് ആദാമിന്റെ പരമ്പരയെ അവന്‍ ഭൂമിയില്‍ സമാദരിച്ചത്. ഈ ആദരവിനു അനുരോധമായി ജീവിതം പുലരുമ്പോള്‍ ഭൂമിയും പ്രകൃതിയും നമ്മോടു സഹകരിക്കും. നമ്മുടെ അഹന്തയും സ്വാര്‍ത്ഥ കൗടില്യങ്ങളും അരങ്ങു വാഴുമ്പോള്‍ പ്രകൃതിയും പരിസ്ഥിതിയും നമുക്കു നേരെ ഇടഞ്ഞു നില്‍ക്കും. ഇതറിഞ്ഞു പെരുമാറുവാനുള്ള ശേഷി വികസിക്കേണ്ടതു വിശ്വാസത്തിന്റെ വിനയ പരിസരങ്ങളില്‍ നിന്നു തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍