Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

സൈനബുല്‍ ഗസ്സാലി ശക്തിയുടെയും ഭക്തിയുടെയും നിറവില്‍ ധന്യജീവിതം

പി.കെ ജമാല്‍

മകള്‍ സൈനബ് മുഹമ്മദുല്‍ ഗസ്സാലി അല്‍ ജുബൈലിക്ക് 'നുസൈബ' എന്ന ചെല്ലപ്പേരിടുമ്പോള്‍ അസ്ഹര്‍ പണ്ഡിതനായ ആ പിതാവിന്റെ മനസ്സില്‍ ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. അവള്‍ നബി(സ)ക്ക് ഏറെ പ്രിയങ്കരിയായ നുസൈബ ബിന്‍തു കഅബില്‍ മാസിനിയ്യ അല്‍ അന്‍സ്വാരിയ്യയെ പോലെ വളരണം, വലുതാവണം. ഉഹ്ദു യുദ്ധവേളയില്‍ അച്ചടക്ക ലംഘനം നടത്തിയ സ്വഹാബികളില്‍നിന്ന് വ്യത്യസ്തയായി നബി(സ)യോടൊപ്പം ഉറച്ചുനിന്ന ആ സ്വഹാബി വനിതയുടെ ശരീരത്തില്‍ വെട്ടുംകുത്തുമായി പന്ത്രണ്ട് മുറിവുകള്‍ ഏറ്റെന്നറിഞ്ഞപ്പോള്‍ ഗദ്ഗദ കണ്ഠനായി തിരുമേനി(സ) മൊഴിഞ്ഞു: ''മകളേ, ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു.'' നുസൈബയെ പോലെ സൈനബും വളര്‍ന്നു. ജന്മസിദ്ധമായ നേതൃത്വപാടവം, ആരെയും വകവെക്കാത്ത ധീരത, സത്യത്തോടൊപ്പം നിലകൊള്ളാനുള്ള കരുത്ത്, നീതിക്ക് വേണ്ടി പടവെട്ടാനുള്ള ആര്‍ജവം, സത്യം തുറന്നു പ്രഖ്യാപിക്കാനുള്ള നിശ്ചയദാര്‍ഢ്യം, മര്‍ദനങ്ങളും പീഡനങ്ങളും സന്തോഷപൂര്‍വം ഏറ്റുവാങ്ങി ത്യാഗത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും ഇതിഹാസങ്ങള്‍ രചിച്ച വിസ്മയാവഹമായ വിശ്വാസം-ആ പിതാവിന്റെ സ്വപ്നങ്ങളും മോഹങ്ങളും സൈനബിലൂടെ വളര്‍ന്നു. അവര്‍ നുസൈബയെ പോലെ ചരിത്രത്തില്‍ ഇടം പിടിച്ചു,
മകള്‍ ധീരയായ സ്വഹാബി വനിത നുസൈബയെ പോലെ വളരണമെന്നത് പിതാവിന്റെ കേവല മോഹമായിരുന്നില്ല. ജിഹാദിന്റെ വീര്യവും നബി ചരിത്രത്തിലെ പാഠങ്ങളും ധീരതയുടെ ഉദാത്ത ദൃഷ്ടാന്തങ്ങളും മകളുടെ മനസ്സില്‍ ചെറുപ്പന്നേ ആ പിതാവ് മുദ്രണം ചെയ്തു. നിലത്ത് കളം വരച്ച് മരവാള്‍ നല്‍കി നടുവില്‍ കുഞ്ഞുമോളെ നിര്‍ത്തി ആ പിതാവ് അവളോട് പറയും: ''തിരുമേനി(സ)യുടെ ശത്രുക്കളെ ഒന്നൊന്നായി വെട്ടിവീഴ്ത്തുക.'' വൃത്ത മധ്യത്തില്‍ നിലയുറപ്പിച്ച് ഇടവും വലവും മുന്നിലും പിന്നിലും തുരുതുരാ വെട്ടിക്കഴിയുമ്പോള്‍ പിതാവിന്റെ ചോദ്യം: ''നബിയുടെയും ഇസ്‌ലാമിന്റെയും ശത്രുക്കളില്‍ എത്രപേരെ നീ വക വരുത്തി?''  ''ഒരാള്‍.'' ''ഇനിയും വെട്ടുക'' പിതാവ്. ആ മരവാള്‍ വീണ്ടും മിന്നുകയായി. അവള്‍ എണ്ണും ''ഒന്ന്, രണ്ട്, മൂന്ന്....''
***
പ്രിയ പിതാവ് മരണപ്പെടുമ്പോള്‍ സൈനബിന് പത്ത് വയസ്സ്. തന്റെ സ്വപ്നങ്ങളും മോഹങ്ങളും പൊലിയുന്നതായി സൈനബിന് തോന്നി. സൈനബും ഉമ്മയും കയ്‌റോവിലേക്ക് താമസം മാറി. പഠനവും ജോലിയുമായി അവിടെ കഴിയുന്ന സഹോദരങ്ങളുടെ കൂടെയായി ഉമ്മയുടെയും മോളുടെയും പൊറുതി. ഇടക്ക് മുറിഞ്ഞ പഠനം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മൂത്ത സഹോദരന്‍ മുഹമ്മദിന്റെ പ്രതികരണം സൈനബിന്റെ കുഞ്ഞുസ്വപ്നങ്ങളെ കരിച്ചു: ''ആരെയും വകവെക്കാത്ത തന്റേടവും ധൈര്യവും മോളെ പഠിപ്പിച്ചാണല്ലോ പിതാവ് മണ്‍മറഞ്ഞത്. ഞാന്‍ കൈകാര്യകര്‍ത്താവാകുന്ന കാലം സൈനബിനെ തുടര്‍ന്ന് പഠിക്കാന്‍ സമ്മതിക്കില്ല. ഗ്രാമത്തിലെ സ്‌കൂളില്‍ പഠിച്ചതത്രയും മതി.'' സൈനബ് നിരാശയോടെ ഉമ്മയെ ചേര്‍ത്തുപിടിച്ചു കെഞ്ചിയപ്പോള്‍ ഉമ്മക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ''അവന്‍ പറയുന്നത് കേട്ടാല്‍ മതി മോളേ! അവനിപ്പോള്‍ പിതാവിന്റെ സ്ഥാനത്താണ്.'' ഇളയ സഹോദരന്‍ അലി സൈനബിനോടൊപ്പം നിന്നു. ''അവള്‍ പഠനം പൂര്‍ത്തിയാക്കട്ടെ.'' ജീവിത വീക്ഷണങ്ങള്‍ കരുപ്പിടിപ്പിക്കുന്ന നിരവധി പുസ്തകങ്ങള്‍ ആ സഹോദരന്‍ സൈനബിന് വാങ്ങി കൊടുത്തു. സ്ത്രീയെ കുറിച്ചുള്ള ആഇശത്തൈമൂരിയ്യയുടെ കൃതിയായിരുന്നു സൈനബിന് ഏറെ പഥ്യം. സൈനബ് അതിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി.
* * *
പന്ത്രണ്ട് വയസ്സുള്ള സൈനബ് വീടു നില്‍ക്കുന്ന ശബ്‌റ നിരത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളിന്റെ ബോര്‍ഡ് പതിഞ്ഞു. നേരെ ചെന്ന് വാതിലില്‍ മുട്ടി. വാച്ച്മാന്‍ തിരക്കിയപ്പോള്‍ സൈനബിന്റെ മറുപടി: ''എനിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ കാണണം.'' എന്തിന്? വാച്ച്മാന്‍ ചോദിച്ചു. ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളില്‍ ഉടനെ വന്നു മറുപടി: ''ഞാന്‍ നുസൈബ ബിന്‍തു കഅബിന്‍ മാസിനിയ്യ എന്ന വിഖ്യാത സ്വഹാബി വനിതയുടെ ചെല്ലപ്പേരുള്ള കുമാരി സൈനബ് മുഹമ്മദുല്‍ ഗസ്സാലി. എനിക്ക് പ്രിന്‍സിപ്പാളിനെ കാണണം.'' പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അത്ഭുതസ്മിതനായ വാച്ച്മാന്‍ വാതില്‍ തുറന്നു കൊടുത്തു. പ്രിന്‍സിപ്പാളുടെ മുറിയില്‍ പ്രവേശിച്ച പെണ്‍കുട്ടി: ''അസ്സലാമു അലൈക്കും. ഞാന്‍ വിശ്രുതയായ നുസൈബ ബിന്‍തു കഅബ് എന്ന് ഓമനപ്പേരുള്ള കുമാരി സൈനബുല്‍ ഗസ്സാലി''-സംസാരരീതി കണ്ട്, കുട്ടിക്ക് എന്തോ ചിത്തഭ്രമമുണ്ടെന്ന് പ്രിന്‍സിപ്പാളിന് തോന്നി. 'നുസൈബ എന്ന സൈനബിന്ന് എന്ത് വേണം?'' വീട്ടില്‍ നടന്ന സംഭവങ്ങളും മൂത്ത ജ്യേഷ്ഠന്റെ നിലപാടുകളും സൈനബ് വിവരിച്ചു. സ്‌കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ അനുമതി നല്‍കണം. ചോദിച്ചറിഞ്ഞപ്പോള്‍ പേര്‌കേട്ട കുടുംബമാണ്. കുട്ടിയുടെ ബുദ്ധിസാമര്‍ഥ്യം പ്രിന്‍സിപ്പാളിന് ഇഷ്ടമായി. ടെസ്റ്റ് കൊടുത്തു. വിജയിച്ചു. സഹോദരന്‍ അലിയെ കൂട്ടിചെല്ലാന്‍ പറഞ്ഞു. പ്രവേശനമായി. മൂന്ന് മാസത്തിനുള്ളില്‍ നാല് ക്ലാസ് കയറ്റം. സെക്കന്ററി ക്ലാസിലേക്ക് കടക്കാന്‍ നാല് മാസം മാത്രം.
***
സെക്കന്ററിയില്‍ പഠിക്കുമ്പോഴാണ് ഹുദാ ശഅ്‌റാവി നയിക്കുന്ന വിമന്‍സ് യൂനിയന്‍ ഫ്രാന്‍സിലേക്ക് മൂന്നംഗ പഠന സംഘത്തെ തെരഞ്ഞെടുക്കുന്ന വാര്‍ത്ത സെനബ് വായിച്ചറിയുന്നത്. യൂനിയന്‍ ആസ്ഥാനത്ത് ചെന്ന് ഹുദാ ശഅ്‌റാവിയോട് കഥകളെല്ലാം പറഞ്ഞു. ഹുദാ ശഅ്‌റാവിക്ക് സഹതാപം തോന്നി. മൂന്ന് പെണ്‍കുട്ടികളില്‍ ഒരാളായി സൈനബും തെരഞ്ഞെടുക്കപ്പെട്ടു. മാസങ്ങള്‍ക്കകം യാത്രയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയപ്പോള്‍ സൈനബ് പിതാവിനെ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ പിതാവ് മകളോട്: ''മോളേ! നീ ഫ്രാന്‍സില്‍ പോകരുത്. അല്ലാഹു നിനക്ക് ഈജിപ്തില്‍ തന്നെ മെച്ചപ്പെട്ട അവസരം ഒരുക്കും.'' ''എന്താണങ്ങനെ?'' സൈനബിന്റെ ചോദ്യം. ''അത് നീ പിന്നീടറിയും. എന്തായാലും നീ ഫ്രാന്‍സിലേക്ക് പുറപ്പെടരുത്. എനിക്കത് ഇഷ്ടമല്ല.'' സ്വപ്ന വിവരം ഹുദാശഅ്‌റാവിയോട് പറഞ്ഞപ്പോള്‍ മാറോട് ചേര്‍ത്ത് ആശ്ലേഷിച്ച് ഹുദാ: ''എന്താണ് സൈനബേ ഈ കേള്‍ക്കുന്നത്! സ്വപ്നങ്ങള്‍ അങ്ങനെ പലതും കണ്ടെന്ന് വരും. അതെല്ലാം അത്ര കാര്യമാക്കുകയോ? നീ എന്റെ പ്രതീക്ഷയാണ്. ഭാവിയില്‍ നിന്നിലാണ് ഞാന്‍ എന്റെ പിന്‍ഗാമിയെ കാണുന്നത്.'' ''ക്ഷമിക്കണം. എന്റെ പിതാവ് എന്നോട് കല്‍പിച്ചിരിക്കെ ഞാന്‍ അതിന്ന് എതിര്‍ നില്‍ക്കില്ല. ഫ്രാന്‍സിലേക്ക് ഞാനില്ല.''
***
വിമന്‍സ് യൂനിയനുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല അല്‍അസ്ഹര്‍. ഹുദാ ശഅ്‌റാവിയുടെ പല വീക്ഷണങ്ങളും ഇസ്‌ലാമികാധ്യാപനങ്ങളോട് പൊരുത്തപ്പെടുന്നതല്ല എന്നതായിരുന്നു അസ്ഹര്‍ പണ്ഡിതന്മാരുടെ മതം. അസ്ഹര്‍ പണ്ഡിതന്മാരുമായി സംവാദം നടത്താന്‍ തയാറുണ്ടോ എന്നായി ചോദ്യം. സൈനബുല്‍ ഗസ്സാലി, സിസാനഹബ് റാവി, ഹവ്വാ ഇദ്‌രീസ് എന്നീ മൂന്ന്‌പേര്‍ യൂനിയനെ പ്രതിനിധാനം ചെയ്തു. ഹുദാ ശഅ്‌റാവിയുടെ വീക്ഷണങ്ങളെ സൈനബുല്‍ ഗസ്സാലി ശക്തിയായി ന്യായീകരിച്ചു. പത്തോളം അസ്ഹര്‍ പണ്ഡിതന്മാര്‍ അണിനിരന്ന സദ്ദസ്സില്‍ സൈനബ് കത്തിക്കയറി. സൈനബ് മേലില്‍ മതപ്രഭാഷണം നടത്തുന്നതിന്ന് വിലക്കേര്‍പ്പെടുത്തണം എന്ന് മേധാവി ശൈഖ് അബ്ദുറബ്ബിനോട് പണ്ഡിതസഭ ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. വിവേകശാലിയും പരിണത പ്രജ്ഞനുമായ ആ വന്ദ്യവയോധികനായ പണ്ഡിതന്റെ പ്രതികരണം: ''നിങ്ങള്‍, പത്ത് പേരടങ്ങുന്ന അസ്ഹര്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും അവളുടെ വാദങ്ങളെ ഖണ്ഡിച്ച് തൃപ്തികരമായ മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ലല്ലോ. അവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അത് നമ്മുടെ പരാജയമായും അവരുടെ വിജയമായും കൊട്ടിഘോഷിക്കപ്പെടും. അവരെ ആശയപരമായി നേരിടണം എന്നാണ് എന്റെ അഭിപ്രായം.'' ശൈഖ് മുഹമ്മദുന്നജ്ജാര്‍: ''ഞാന്‍ ആ അഭിപ്രായത്തെ പിന്‍താങ്ങുന്നു.''
അടുത്ത ദിവസം കൂട്ടുകാരികളെയും കൂട്ടി ശൈഖ് മുഹമ്മദു നജ്ജാറിനെ കാണാന്‍ സൈനബുല്‍ ഗസ്സാലി ചെന്നു. ''ഹുദാ ശഅ്‌റാവിക്ക് വേണ്ടി വീറോടെ വാദിക്കുന്ന വനിതാ രത്‌നങ്ങളേ, സ്വാഗതം!''
യൂനിയന്റെ നയ-നിലപാടുകളെ ന്യായീകരിച്ചും ഹുദാശഅ്‌റാവിയെ പിന്‍തുണച്ചും വാദമുഖങ്ങള്‍ നിരത്തി സൈനബുല്‍ ഗസ്സാലിയാണ് സംസാരിച്ചത്. വനിതാ പ്രതിനിധികള്‍ തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍ ശൈഖ്: ''ഇസ്‌ലാമിക പ്രബോധന വിഷയകമായി ചില കാര്യങ്ങള്‍, മോളേ നിന്നോട് സംസാരിക്കണം എന്നെനിക്കുണ്ട്. സദയം സമ്മതിക്കുമോ?''
''തീര്‍ച്ചയായും. പറഞ്ഞാലും'' സൈനബ്. സംസാരത്തിനൊടുവില്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു തുടങ്ങി: ''അല്ലാഹുവേ നിന്റെ സദ്‌നാമങ്ങള്‍ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുകയാണ്, നീ ഇറക്കിയ ഗ്രന്ഥത്തിലും നീ അയച്ച പ്രവാചകനിലും വിശ്വാസമര്‍പ്പിച്ച് ഞാന്‍ നിന്നോട് തേടുകയാണ്, ഇവരെ, ഈ സൈനബിനെ നീ ഇസ്‌ലാമിന്ന് നല്‍കേണമേ! നീ എല്ലാറ്റിന്നും കഴിവുറ്റവനാണല്ലോ. ഇവള്‍, പടച്ചവനേ, ഇസ്‌ലാമിന്ന് പ്രയോജനപ്പെടണമേ! വസല്ലില്ലാഹുമ്മ അലാ സയ്യിദിനാ മുഹമ്മദ്.'' ശൈഖിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കണ്ണീര്‍ കണ്ട് സൈനബിന്റെ മനസ്സ് തരളിതമായി. ശൈഖ് കാണാതെ കണ്ണീര്‍ തുടച്ചു അവര്‍: ''ഞാന്‍ അല്ലാഹുവിനോട് ഒപ്പമല്ലെന്ന് എങ്ങനെയാണ് നിങ്ങള്‍ വിശ്വസിക്കുന്നത്. ഞാന്‍ നമസ്‌കരിക്കുന്നുണ്ടല്ലോ. നോമ്പു നോല്‍ക്കുന്നുണ്ടല്ലോ: ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. സാധ്യമായാല്‍ ഹജ്ജും ചെയ്യും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹാദത്ത് വരിക്കണമെന്നും എനിക്ക് മോഹമുണ്ട്.'' ''അങ്ങനെ തന്നെയാവട്ടെ. വീണ്ടും അതേ പ്രാര്‍ഥന ആവര്‍ത്തിച്ച ശൈഖ് സൈനബിനോട്: ''നീ ഇവിടം വിട്ടാല്‍ വീണ്ടും ഹുദാശഅ്‌റാവിയുടെ അടുത്തേക്ക് തന്നെ തിരിച്ചുപോകുമോ, അതോ അല്ലാഹുവിനോടും ദൂതനോടുമൊപ്പം നിലയുറപ്പിക്കുമോ?
''ഞാന്‍ ഹുദാ ശഅ്‌റാവിയോടൊപ്പമായിരിക്കും. അത് അല്ലാഹുവിന്നും റസൂലിന്നും എതിരല്ലെന്നാണ് എന്റെ വിശ്വാസം.'' ''സത്യമതത്തെ സഹായിക്കാനും പിന്തുണക്കാനും നിനക്ക് എന്നോട് കരാര്‍ ചെയ്യാമോ?'' സൈനബ് കരാര്‍ ചെയ്തു. ശൈഖുമായുള്ള ബന്ധം നാള്‍ക്കുനാള്‍ വളര്‍ന്നു. ഹുദാ ശഅ്‌റാവിയുടെ നിലപാടുകളിലെ അബദ്ധങ്ങള്‍ സൈനബുല്‍ ഗസ്സാലിക്ക് ബോധ്യമായി. അറിഞ്ഞ് കൂടാത്ത പല ദീനീ വിഷയങ്ങളും പഠിക്കാനും ശൈഖുമായുള്ള സഹവാസം സഹായകമായി.
***
ഒരു ദിനം, പരിചാരകന്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ നോക്കാനായി സൈനബ് അടുക്കളയില്‍ കടന്നതാണ്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചു. മുഖമുള്‍പ്പെടെ മിക്ക ഭാഗങ്ങളും ഗുരുതരമായ പൊള്ളലേറ്റു. പ്രഥമ ശുശ്രൂഷ നല്‍കിയ ഡോക്ടര്‍: ''ഇവരെ ഉടനെ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കണം. വളരെ ഗുരുതരമാണ് പൊള്ളല്‍. ഈജിപ്തില്‍ പറ്റിയ സൗകര്യങ്ങളില്ല.'' ഡോക്ടര്‍ ദിവസവും വീട്ടില്‍ വന്ന് ശുശ്രൂഷിക്കും. മുറിവുകളിലും പൊള്ളലേറ്റ ശരീര ഭാഗങ്ങളിലും മരുന്ന് പുരട്ടും. ദിവസം ചെല്ലുന്തോറും സ്ഥിതി മോശമായി. കുടുംബത്തിന്റെയും ഡോക്ടറുടെയും പ്രതീക്ഷകള്‍ അസ്തമിച്ചു. ഡോക്ടര്‍ ജ്യേഷ്ഠനോട് അടക്കം പറയുന്നത് സൈനബ് കേള്‍ക്കുന്നുണ്ടായിരുന്നു. ''സൈനബ് രക്ഷപ്പെടില്ല. ഇന്നോ നാളെയോ അത് സംഭവിക്കും.'' ഗ്രാമത്തിലുള്ള കുടുംബ വീടുകളില്‍ വാര്‍ത്ത പരന്നു. പലരും വന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന കുടുംബാന്തരീക്ഷം. വീട്ടിലെ ദുഃഖ പ്രകടനങ്ങള്‍ക്കും അടക്കം പറച്ചിലുകള്‍ക്കുമിടയില്‍ സൈനബ് പ്രാര്‍ഥനാനിരതയായി. മരണം വരിക്കാന്‍ മനസ്സ് പാകമാക്കി. അവര്‍ പ്രാര്‍ഥനാ വചനങ്ങള്‍ ഉരുവിട്ടു: ''രക്ഷിതാവേ! ഇപ്പോള്‍ എനിക്കീ സംഭവിച്ചത് ഹുദാശഅ്‌റാവിയുടെ സംഘത്തില്‍ ചേര്‍ന്നതിന്നുള്ള ശിക്ഷയാണെങ്കില്‍, ഞാനിതാ തൗബ ചെയ്ത് മടങ്ങുന്നു. ഞാന്‍ ഇനി നിന്റെ ദീനിന്ന് വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളൂ. ഞാന്‍ ഹാറ്റ് ധരിച്ച് പാശ്ചാത്യ വേഷധാരിയായി നടക്കുന്നതിലുള്ള നിന്റെ കോപകാരണമായാണ് ഇത് സംഭവിച്ചതെങ്കില്‍, ഞാനിതാ അതില്‍ നിന്നും പിന്മാറുന്നു. ഞാന്‍ ഇനി ഇസ്‌ലാമിക വേഷവിധാനം സ്വീകരിക്കും. എന്റെ ശരീരം പൂര്‍വസ്ഥിതിയിലായാല്‍, രക്ഷിതാവേ, ഞാനിതാ നിന്നോട് കരാര്‍ ചെയ്യുന്നു, തിരിച്ചു ചെന്നാല്‍ ഞാന്‍ ആദ്യമായി െചയ്യുക വിമന്‍സ് യൂനിയനില്‍ നിന്ന് രാജിവെക്കുകയാണ്. ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമാക്കി ജംഇയ്യത്തുസ്സയ്യിദാത്തില്‍ മുസ്‌ലിമാത്ത് എന്ന പേരില്‍ ഒരു സംഘടന ഞാന്‍ രൂപവല്‍കരിച്ച് പ്രവര്‍ത്തിക്കും. മുസ്‌ലിം വനിതകളെ സ്വഹാബി വനിതാ രത്‌നങ്ങളെപ്പോലെ ഞാന്‍ വളര്‍ത്തും. ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരിച്ചുവരവിന്നായിരിക്കും എന്റെ ജീവിതം.''
ആ പ്രാര്‍ഥന അല്ലാഹു അക്ഷരംപ്രതി സ്വീകരിച്ചു. മഹാത്ഭുതം! കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്തത് സംഭവിച്ചു. ശരീരത്തിലെ മുറിവുകള്‍ കരിഞ്ഞ് തുടങ്ങി. പൊള്ളലേറ്റ ഭാഗങ്ങള്‍ ഭേദമായി. ചര്‍മം പൂര്‍വസ്ഥിതി പ്രാപിച്ചു. ചികിത്സിക്കാനായി പതിവുപോലെ വന്ന ഡോക്ടര്‍ക്ക് സൈനബിനെ തിരിച്ചറിയാനായില്ല.'' ''ആരാണ് നീ?'' അത്ഭുതസ്തബ്ധനായ ഡോക്ടര്‍ പേര്‍ത്തും പേര്‍ത്തും മൊഴിഞ്ഞു: ''സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹ്, ഇന്നല്ലാഹ അലാ കുല്ലി ശൈഇന്‍ ഖദീര്‍.''
രോഗം ഭേദമായ സൈനബ് വിമന്‍സ് യൂനിയനില്‍ നിന്ന് രാജിവെച്ച് ഹുദാ ശഅ്‌റാവിക്ക് കത്തെഴുതി. പുതിയ ഇസ്‌ലാമിക വസ്ത്രങ്ങള്‍ വാങ്ങി നല്‍കാന്‍ ജ്യേഷ്ഠനോടാവശ്യപ്പെട്ടു. വിസ്മയാവഹമായ വഴിത്തിരിവിന്ന് നിമിത്തമായി പൊള്ളലേറ്റ ആ വിപത് വേള.
(അടുത്ത ലക്കത്തില്‍ അവസാനിക്കും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍