Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

സോണിയാ ഗാന്ധിക്കെന്തിന് റോമിന്റെ പട്ടും വളയും

ഇഹ്‌സാന്‍

ഇറ്റാലിയന്‍ നാവികര്‍ സുപ്രീം കോടതിയെ നോക്കുകുത്തിയാക്കി നാടുവിട്ടപ്പോള്‍ അത് വെറുമൊരു നയതന്ത്ര വീഴ്ചയായി കരഞ്ഞു തീര്‍ക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തത്. വീഴ്ചയേക്കാളുപരി അതിന് ചേരുമായിരുന്നത് തരംതാണ നയതന്ത്ര നാടകമെന്ന വിശേഷണമായിരുന്നില്ലേ? കേരളത്തിലെ കോടതിയില്‍ നടന്നു വന്ന കേസ് ദല്‍ഹിയിലേക്ക് മാറിയതു തൊട്ട് ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. ആദ്യം ്രകിസ്മസ് ആഘോഷിക്കാനും പിന്നീട് വോട്ടു ചെയ്യാനും രണ്ട് കൊലക്കേസ് പ്രതികളെ ഇറ്റലിയിലേക്കയച്ച് പുറംനാട്ടുകാരുടെ മുമ്പില്‍ നാം നല്ലപിള്ള ചമഞ്ഞു. പകരമായി ഇന്ത്യന്‍ നീതിവ്യവസ്ഥയെ അവര്‍ കൊഞ്ഞനം കുത്തുകയും ചെയ്തു. ഇറ്റലിക്കാരുടെ കാര്യത്തില്‍ നിയമത്തിനതീതമായ ഈ സൗജന്യം കോടതി ചെയ്തു കൊടുത്തപ്പോള്‍ നമ്മുടെ ജയിലുകളിലെ 3372 വിദേശികളായ തടവുപുള്ളികള്‍ ഈദും ്രകിസ്മസും നമുക്കറിയുന്നതും അറിയാത്തതുമായ പലതരം ആഘോഷങ്ങളുമൊക്കെ ജയിലുകളില്‍ തന്നെയായിരുന്നില്ലേ ഇക്കണ്ട കാലമ്രതയും കഴിച്ചുകൂട്ടിയത്?  ഇറ്റലിയിലാണ് ലോകത്തിലെ ഏറ്റവും നെറികെട്ട ജയിലുകളുള്ളതെന്ന അപഖ്യാതി മാറ്റിയെടുക്കാനെങ്കിലും അവിെട നിന്ന് ഒരുത്തനെ ഹോളിക്കോ ദീപാവലിക്കോ അവര്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ? ഇറ്റലിക്കാരുടെ കാര്യമിരിക്കട്ടെ, ഇത്തരം ആവശ്യങ്ങള്‍ക്കായി ജാമ്യം ചോദിച്ചു വന്നാല്‍ സ്വന്തം പൗരന്മാരുടെ കാര്യത്തില്‍ എന്തായിരിക്കും കോടതിയുടെ നിലപാട്? ഇറ്റലിയിലെ തെരഞ്ഞെടുപ്പിനേക്കാളും ഇന്ത്യന്‍ നിയമമനുസരിച്ച് ്രപധാനപ്പെട്ടതാകണമല്ലോ ഇവിടത്തെ പൊതുതെരഞ്ഞെടുപ്പ്. അങ്ങനെ വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിവസം ഇന്ത്യന്‍ ജയിലുകള്‍ക്ക് അവധി നല്‍കേണ്ടതായിരുന്നില്ലേ? സ്വന്തം നാട്ടുകാരുടെ കാര്യത്തിലില്ലാത്ത ഒരു നിയമമെങ്ങനെ കോടതിയിലൂടെ നടപ്പില്‍ വന്നു?
മന്‍മോഹന്‍ സര്‍ക്കാര്‍ വ്യക്തമായി മറുപടി പറയേണ്ടുന്ന ഒരു വിധേയത്വം ഈ കേസില്‍ സംഭവിച്ചു എന്നതുറപ്പ്. എഴുതിവെക്കപ്പെടുന്ന വരണ്ട അക്ഷരങ്ങള്‍ക്കപ്പുറത്ത് സര്‍ക്കാറുകളുടെ രാഷ്്രടീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വളയുകയും ഒടിയുകയും ഇഴയുകയുമൊക്കെ ചെയ്യുന്ന ഒന്നാണ് ഇന്ത്യയുടെ നിയമമെന്ന തെറ്റിദ്ധാരണയും ഈ സംഭവം അവശേഷിപ്പിച്ചു. നിയമത്തിന്റെ വഴികള്‍ക്കു പുറത്തുള്ള ഒരു ജാമ്യത്തിനാണ് കേന്ദ്ര സര്‍ക്കാറിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും ്രപതികളുടെ അഭിഭാഷകനും ചേര്‍ന്ന് കോടതിയില്‍ സമ്മതം മൂളിയത്. നാവികര്‍ക്കു വേണ്ടി ഇറ്റാലിയന്‍ എംബസി ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ കത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ട് സുഹൃദ് രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയുെട ഭാഗമായാണ്, അല്ലാതെ ഏതെങ്കിലും കീഴ്‌വഴക്കത്തിന്റെ ഭാഗമായല്ല കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയതെന്നും ഈ പരസ്പര ധാരണ ഇറ്റലി തെറ്റിച്ച സാഹചര്യത്തില്‍ കേസുമായി തനിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുമാണ് സാല്‍െവ  വ്യക്തമാക്കിയത്. ഇറ്റാലിയന്‍ അംബാസഡറുടെ വെറും സത്യവാങ്മൂലത്തിന്റെ ഉറപ്പിലായിരുന്നു കൊലയാളികള്‍ രാജ്യം വിട്ടത്. അങ്ങോര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടെങ്കില്‍ ഈ സത്യവാങ്മൂലത്തിന്റെ നിയമസാധുത എന്തായിരുന്നു? പിന്നീട് നടത്തിയ ്രപസ്താവനകളിലും നല്‍കിയ അഭിമുഖങ്ങളിലും കോടതിയില്‍ താന്‍ ഒപ്പിട്ടു നല്‍കിയ സത്യവാങ്മൂലം എന്തുവില കൊടുത്തും പാലിക്കുമെന്ന ഉറപ്പ് നല്‍കാന്‍ അബദ്ധത്തില്‍ പോലും ഡാനിയല്‍ മഞ്ചീനി തയാറായിരുന്നില്ല എന്നത് ശ്രദ്ധിക്കുക. സുപ്രീംകോടതിക്ക് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാനാവുമോ? ഈ വിഷയത്തില്‍ നയതന്ത്ര സുരക്ഷ ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നതെങ്കിലും സു്രപീംകോടതി ഇദ്ദേഹത്തെ വിളിച്ചു വരുത്തുകയാണോ അതോ ഇന്ത്യ കയറ്റി വിടുകയാണോ ചെയ്യുന്നതെന്ന് കാത്തിരുന്നു കാണുക. കയറ്റി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് നടപടി നേരിടേണ്ട മറ്റൊരു ഇറ്റലിക്കാരനെ കൂടി സുരക്ഷിതമായി ഇന്ത്യ രക്ഷപ്പെടുത്തി എന്നേ പറയാനാവൂ.
നയതന്ത്ര സമ്മര്‍ദത്തിന് വഴങ്ങി നാവികര്‍ തിരികെ വന്നാലുമില്ലെങ്കിലും, ഉണ്ടായ സംഭവത്തില്‍ ഇന്ത്യയുടെ വിധേയത്വത്തിന് കാരണം സോണിയാ ഗാന്ധിയായിരുന്നോ അതോ ്രപതിരോധ മന്ത്രാലയമായിരുന്നോ എന്നത് വേണ്ട രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. രണ്ട് ഇറ്റലിക്കാരെ രക്ഷിച്ച് റോമിന്റെ പട്ടും വളയും നേടലാണോ അതോ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍്രഗസിനെ വീണ്ടും അധികാരത്തിലെത്തിക്കുക എന്നതാണോ സോണിയയുടെ മുമ്പില്‍ ഉണ്ടാവാനിടയുള്ള പ്രഥമ പരിഗണനയെന്ന ചോദ്യം ആരുമുയര്‍ത്തിയില്ല. മറുഭാഗത്ത് 60,000 കോടിയുടെ വ്യത്യസ്ത ആയുധ ഇടപാടുകളാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഒറ്റ ആന്റണി വിചാരിച്ചാല്‍ കാക്കാനാവുന്ന മാനമാണ് ഇന്ത്യയുടേതെന്നും കച്ചവടത്തിന്റെയും ആയുധ കമ്മീഷന്റെയും പുറത്താണ് നിയമത്തിന്റെ പരുന്ത് പറക്കാതിരുന്നതെന്നും ആരും തിരിച്ചറിയുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും നയതന്ത്രവിദ്വാന്മാരും മുറുക്കിയും അയച്ചും നടത്തിയ നാടകത്തിലെ കാണാച്ചരട് ഇതുതന്നെയായിരുന്നു.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍