Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

ഹോളണ്ടിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് ഇസ്‌ലാമില്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ഡച്ച് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്‌സിന്റെ ഫ്രീഡം പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം ആര്‍നൗഡ് വാന്‍ ഡൂണ്‍ ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിനെയും മുസ്‌ലിം ജീവിതങ്ങളെയും കുറിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഈ തീവ്ര വലതുപക്ഷ നേതാവ് ഇസ്‌ലാമിലെത്തിയത്. ആര്‍നൗഡിന്റെ ഇസ്‌ലാമിലേക്കുള്ള കൂടുമാറ്റം കടുത്ത ഇസ്‌ലാം വിരോധികളായ പാര്‍ട്ടി അനുയായികളുടെ വന്‍ പ്രതിഷേധത്തിനു കാരണായി.
കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ വിവിധ മത ദര്‍ശനങ്ങളെയും ജനവിഭാഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തിവരികയായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നുവെന്ന് ആര്‍നൗഡ് പറഞ്ഞു. ഡച്ച് പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം കടുത്ത ഇസ്‌ലാം വിരോധിയായാണ് അറിയപ്പെട്ടിരുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വിശുദ്ധ ഖുര്‍ആനെയുമൊക്കെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

സ്വതന്ത്ര മുസ്‌ലിം സംഘടന രൂപീകരിക്കാന്‍
അനുമതി തേടി മെലിലിയാ മുസ്‌ലിംകള്‍
സ്‌പെയ്‌നിലെ മുസ്‌ലിം സമൂഹത്തെ മൊത്തം ഉള്‍ക്കൊള്ളുന്ന രീതിയില്‍ സംഘടനയും ഇമാമുകളുടെ ഏകീകരണവും വേണമെന്ന് സ്‌പെയിനിലെ മെലില്ലയിലെ മുസ്‌ലിം സംഘടന ആവശ്യപ്പെട്ടു. മൊറോക്കൊയില്‍നിന്ന് മാത്രം ഇമാമുകളെ നിശ്ചയിക്കുന്ന നിലവിലെ രീതി മാറ്റി ഇതര മുസ്‌ലിം നാടുകളെയും സംഘടനകളെയും ഉള്‍ക്കൊള്ളുന്ന വിധം മുസ്‌ലിം സംഘടനാസംവിധാനം വിപുലമാക്കണമെന്നും മെലില്ലിയാ മുസ്‌ലിംകള്‍ സ്‌പെയിന്‍ നീതിന്യായ വകുപ്പു മന്ത്രിയോടാവശ്യപ്പെട്ടു. ഇക്കാര്യം സാധ്യമായാല്‍ ഏതെങ്കിലുമൊരു രാഷ്ട്രത്തിലെ ഇമാമുകള്‍ മാത്രം പള്ളികളിലും മറ്റും സ്‌പെയിന്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കുന്ന രീതി അവസാനിക്കുമെന്ന് മെലില്ലിയാ മുസ്‌ലിം നേതാവ് അബ്ദുര്‍റഹ്മാന്‍ ബിന്‍ യഹ്‌യ വ്യക്തമാക്കി. മതപരവും വിശ്വാസപരവുമായ വികാസം സാധ്യമാകാനും ഇമാമുമാരുടെ വൈവിധ്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെയിന്‍ മുസ്‌ലിംകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇസ്‌ലാമിക വിധി പാലിക്കണമെന്നും അബ്ദുറഹ്മാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
സ്‌പെയിന്‍ തീരദേശ ദ്വീപ് മേഖലയായ മെലില്ലയിലെ മുക്കാല്‍ ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളാണ്. മൊറോക്കൊയുമായി ചേര്‍ന്ന് കിടക്കുന്ന ദ്വീപ് മേഖലയെ മൊറോക്കൊയില്‍ ലയിപ്പിക്കണമെന്ന ആവശ്യം സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
ശ്രീലങ്കന്‍ മുസ്‌ലിംകള്‍ക്കും ബുദ്ധിസ്റ്റ് ഭീഷണി
ശ്രീലങ്കയില്‍ വര്‍ധിച്ചുവരുന്ന ബുദ്ധിസ്റ്റ് തീവ്രവാദികളുടെ ഭീഷണിക്കെതിരെ മുസ്‌ലിംകള്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. തീവ്ര ബുദ്ധമത വിഭാഗം നടത്തിവരുന്ന മുസ്‌ലിം വിരുദ്ധ കാമ്പയിന്‍ തടുക്കാനും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് കാണിച്ചാണ് യു.എന്നിന് മുസ്‌ലിംകള്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചത്. എല്‍.ടി.ടിഇയുടെ തകര്‍ച്ചക്ക് ശേഷം ശ്രീലങ്കന്‍ മുസ്‌ലിംകള്‍ രാഷ്ട്രത്തിന്റെ ഐക്യത്തിനും സ്ഥിരതക്കുംവേണ്ടി എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി വരികയാണെന്ന് പ്രമുഖ മുസ്‌ലിം രാഷ്ട്രീയ നേതാവ് ആസാദ് സാഹിദ് നയിക്കുന്ന Muslim Tamil National Alliance യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനയച്ച കത്തില്‍ പറയുന്നു.
ശ്രീലങ്കയിലെ തീവ്ര ബുദ്ധ വിഭാഗം രൂപീകരിച്ച ബുദ്ധിസ്റ്റ് ഫോഴ്‌സ് എന്നര്‍ഥം വരുന്ന 'Bodu Bala Sena' യാണ് മുസ്‌ലിം വിരുദ്ധ കാമ്പയിന്‍ അഴിച്ചുവിടുന്നതെന്നാണ് മുസ്‌ലിംകള്‍ ആരോപിക്കുന്നത്. എന്നാല്‍ ബുദ്ധ വിഭാഗം ആരോപണം നിഷേധിക്കുന്നു.
ഇസ്‌ലാമിന് അസാധാരണ വളര്‍ച്ചയെന്ന് ഫ്രാന്‍സ്‌
ഫ്രാന്‍സില്‍ ഇസ്‌ലാം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നുവെന്നും താമസിയാതെ ഇസ്‌ലാമിനെ ഫ്രാന്‍സിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമായി ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടിവരുമെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി മാന്വല്‍ വാള്‍സ് വെളിപ്പെടുത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയിലൂടെ മുസ്‌ലിം ജനസംഖ്യ 60 ലക്ഷം കവിഞ്ഞതായും വാള്‍സ് പറഞ്ഞു. ഇത്രയും ചെറിയ കാലത്തിനിടക്ക് ഏതെങ്കിലും വിശ്വാസ സംഹിതക്ക് ഇത്രയധികം വളര്‍ച്ചയുണ്ടായത് ചരിത്രത്തില്‍ കാണാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇസ്‌ലാം ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും സ്ത്രീകളുടെ അവകാശങ്ങളെയും മാനിക്കുന്നുവെന്ന് ഫ്രാന്‍സും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബശ്ശാറിന്റെ രഹസ്യ തടവറയിലും
ബാങ്കുവിളിയെത്തി
ഒരു കാലത്ത് സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ തടവിലിട്ട് കടുത്ത പീഡനത്തിനിരയാക്കിയിരുന്ന സിറിയയിലെ 'അല്‍-റിക്ക'യിലുള്ള രഹസ്യ തടവറയും പോരാളികള്‍ പിടിച്ചടക്കിയതായി സിറിയയിലെ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. കേന്ദ്രം പിടിച്ചടക്കിയ സ്വതന്ത്ര പോരാളികള്‍ നമസ്‌കാര സമയം അറിയിച്ച് ബാങ്ക്‌വിളിച്ചു. സിറിയയുടെ പൂര്‍വ പ്രദേശമായ 'അല്‍-റിക്ക'യില്‍ സര്‍ക്കാന്‍ സേന നടത്തിയ ആക്രമണത്തില്‍ അനേകം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്തു വിലകൊടുത്തും അധികാരത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ബശ്ശാറിന്റെ ശ്രമങ്ങള്‍ക്ക് കനത്ത വിലനല്‍കുകയാണ് സിറിയയിലെ സാധാരണ ജനങ്ങള്‍. സര്‍ക്കാര്‍ സേന നടത്തുന്ന വ്യാപകമായ ബോംബുവര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണംപോലും കൃത്യമായി കണക്കാക്കപ്പെടുന്നില്ല.
അമേരിക്കന്‍ യുറേനിയം
ഇറാഖില്‍ മനുഷ്യ ദുരന്തം വിതക്കുന്നു
രണ്ടു തവണകളിലായി 1991 ലും 2003 ലും ഇറാഖില്‍ അമേരിക്കന്‍ അധിനിവേശസേന നടത്തിയ യുദ്ധത്തിന്റെ കെടുതികള്‍ ഇറാഖില്‍ ദുരന്തം വിതക്കുന്നു. ചെര്‍നോബില്‍ ദുരന്തത്തിന്റെ 100 ഇരട്ടിയിലധികം വരും അമേരിക്ക ഇറാഖില്‍ വര്‍ഷിച്ച യുറേനിയത്തിന്റെ കെടുതികളെന്ന് 'ഹോളണ്ട് പീസ് ഗ്രൂപ്പ്' തയാറാക്കിയ അന്താരാഷ്ട്ര റിപ്പോര്‍ട്ടില്‍ പറയുന്നു. 300 ലധികം വരുന്ന വിഷമയമായ പ്രദേശങ്ങള്‍ ശുദ്ധീകരിക്കാന്‍ 30 ദശലക്ഷം ഡോളര്‍ ചിലവുവരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമേരിക്കയുടെ യുറേനിയം ആയുധങ്ങള്‍ വിതച്ച ദുരന്തത്തിന്റെ ഫലം വര്‍ഷങ്ങളോളം നിലനില്‍ക്കും. യുറേനിയം മൂലം വിഷമയമായ ചില പ്രദേശങ്ങളില്‍ ശുദ്ധീകരണ പ്രക്രിയ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമല്ല. ഇറാഖിനെ യുറേനിയം വിഷമുക്തമാക്കണമെങ്കില്‍ 30 മുതല്‍ 45 ദശലക്ഷം ഡോളര്‍ വരെ ചെലവഴിച്ച് വര്‍ഷങ്ങളോളം നീണ്ട ശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍