Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

ഹദീസും സുന്നത്തും

ഡോ. മുഹമ്മദ് ഹമീദുല്ല

നമുക്കാദ്യം ചില സാങ്കേതിക പദങ്ങള്‍ പരിചയപ്പെടാം. അതിലൊന്നാണ് ഹദീസ്, മറ്റൊന്നാണ് സുന്നത്ത്. ഇവ ഏറെക്കുറെ സമാനപദങ്ങളോ പര്യായങ്ങളോ ആണെന്ന് പറയാം. പ്രവാചക വചനങ്ങളെ കുറിക്കാനാണ് രണ്ടും പ്രയോഗിക്കുക. പ്രവാചക വചനങ്ങള്‍ മാത്രമല്ല പ്രവൃത്തികളും ഇതേ ഗണത്തില്‍ തന്നെയാണ് വരിക. ഉദാഹരണത്തിന്, പ്രവാചകന്‍ ഒരു പ്രവൃത്തി ചെയ്യുന്നതായി ഞാന്‍ കണ്ടു എന്നൊരാള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് ഹദീസ്/സുന്നത്തിന്റെ പരിധിയില്‍ പെടും. മറ്റൊരിനം കൂടി പണ്ഡിതന്മാര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അതാണ് 'പ്രവാചകന്റെ അംഗീകാരം' (തഖ്‌രീര്‍). പ്രവാചകന്‍ മൗനം കൊണ്ട് സമ്മതമരുളിയ കാര്യങ്ങള്‍ എന്നര്‍ഥം. ഉദാഹരണത്തിന്, തന്റെയൊരു അനുയായി എന്തോ പ്രവൃത്തി ചെയ്യുന്നത് പ്രവാചകന്‍ കണ്ടു. പക്ഷേ പ്രവാചകനത് വിലക്കിയില്ല. ഈ മൗനം ആ പ്രവൃത്തിക്കുള്ള അംഗീകാരമായാണ് കണക്കാക്കപ്പെടുക. അതും ഇസ്‌ലാമിക നിയമസംഹിതയുടെ ഒരു സ്രോതസ്സാണ്. അപ്പോള്‍ ഹദീസ് എന്നാല്‍ മൂന്നെണ്ണം കൂടിച്ചേര്‍ന്നതാണ്. പ്രവാചകന്റെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍.
ഹദീസ്, സുന്നത്ത് എന്നീ സാങ്കേതിക പദങ്ങള്‍ തുടക്കത്തില്‍ വെവ്വേറെയായിരുന്നു; പിന്നീടാണ് അവ പര്യായങ്ങളെപ്പോലെ പ്രയോഗിക്കാന്‍ തുടങ്ങിയത്. ആദ്യ ഘട്ടങ്ങളില്‍ നബിയുടെ വാക്കുകളും സംസാരവുമായിരുന്നു ഹദീസ്; 'കര്‍മ രീതി' സുന്നത്തും. ഹദീസ് നിവേദകന്മാര്‍ രംഗത്ത് വന്നതോടെ അവര്‍ നബിയുടെ വാക്കുകളും പ്രവൃത്തികളും ഒരേ പോലെ നിവേദനം ചെയ്യാന്‍ തുടങ്ങി. ഇവയെ വേര്‍തിരിച്ച് കാണുക അതോടെ ദുഷ്‌കരമാവുകയും ചെയ്തു. ഇപ്പോള്‍ പ്രായോഗിക തലത്തില്‍ രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല.
ഹദീസിനും ഖുര്‍ആനിനുമിടയില്‍ മൂന്നാമതൊരു ഇനവും കൂടിയുണ്ട്. അതാണ് ഹദീസ് ഖുദ്‌സി. ഉള്ളടക്കത്തില്‍ സാധാരണ ഹദീസും ഖുദ്‌സി ഹദീസും തമ്മില്‍ വ്യത്യാസമൊന്നും കാണുകയില്ല. അതേസമയം ഒരു പ്രത്യേക പരിചരണം ഖുദ്‌സി ഹദീസിന് ലഭിക്കുന്നുണ്ട്. നബി പറഞ്ഞ വാക്കുകള്‍ തന്നെയാണ് ഹദീസ് ഖുദ്‌സിയും. പക്ഷേ ആ ഹദീസ് ആരംഭിക്കുക 'അല്ലാഹു പറഞ്ഞിരിക്കുന്നു......' എന്ന ആമുഖത്തോടെയായിരിക്കും. ഇനിയുള്ള മുഴുവന്‍ പ്രസ്താവവും വഹ്‌യി(ദിവ്യവെളിപാട്)നെ ആസ്പദിച്ചുള്ളതാണെന്ന് സൂചന. പ്രവാചകന്റെ മുഴുവന്‍ പ്രസ്താവവും വഹ്‌യിനെ ആസ്പദിച്ചാണെന്ന് ഖുര്‍ആന്‍ തന്നെ സത്യപ്പെടുത്തിയിട്ടുണ്ടെന്നത് (അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുകയല്ല, അതത്രയും അദ്ദേഹത്തിന് നല്‍കപ്പെടുന്ന സന്ദേശം (വഹ്‌യ്) ആണ്'-53: 3-4) ശരി തന്നെ. പക്ഷേ, 'അല്ലാഹു പറഞ്ഞിരിക്കുന്നു.' എന്ന ആമുഖത്തോടെ ആരംഭിക്കുന്ന പ്രവാചക വചന(ഹദീസ് ഖുദ്‌സി)ത്തിന് പണ്ഡിതന്മാര്‍ കുറെക്കൂടി ഉയര്‍ന്ന പദവി നല്‍കിയിരിക്കുന്നു.
ഇനി നമുക്ക് ഹദീസിന്റെ രണ്ട് പ്രധാന ഇനങ്ങളെ പരിശോധിക്കാം. അതിലൊന്ന് പ്രവാചകന്റെ ഔദ്യോഗിക മുദ്രയുള്ള കത്തുകളും മറ്റു രേഖകളുമാണ്. രണ്ടാമത്തേത്, പ്രവാചകന്റെ വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തി അദ്ദേഹത്തിന്റെ അനുയായികള്‍ സൂക്ഷിച്ചുവെച്ച ഏടുകളാണ്. ഒന്നാമത്തെ ഇനത്തെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യാം.

ആദ്യകാല ഹദീസ് പ്രമാണങ്ങള്‍
പ്രവാചകന്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പുള്ള കാലത്തെ ചില പ്രമാണ രേഖകള്‍ തന്നെ നമുക്ക് ലഭിച്ചിട്ടുണ്ട്. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം മക്കയില്‍ ശത്രുക്കളുടെ പീഡനം അസഹനീയമായപ്പോള്‍ ചില ശിഷ്യന്മാരെ അബ്‌സീനിയയിലേക്ക് പലായനം ചെയ്യാന്‍ പ്രവാചകന്‍ അനുവദിക്കുകയുണ്ടായല്ലോ. ഇതുമായി ബന്ധപ്പെട്ട ഒരു രേഖ നബിചരിത്ര കൃതികളില്‍ നമുക്ക് കാണാം. അബ്‌സീനിയയിലെ രാജാവിന് കൊടുക്കാനായി തന്റെ പിതൃവ്യപുത്രന്‍ ജഅ്ഫര്‍ അത്ത്വയ്യാറിന്റെ കൈവശം കൊടുത്തയച്ച കത്താണിത്. കത്തിന്റെ അവസാനം ഇങ്ങനെയാണ്:
''.......എന്റെ പിതൃവ്യപുത്രന്‍ ജഅ്ഫറിനെ ഞാന്‍ താങ്കളുടെ അടുത്തേക്ക് അയക്കുന്നു. അദ്ദേഹത്തോടൊപ്പം വേറെ കുറച്ച് മുസ്‌ലിംകളുണ്ട്. അവര്‍ താങ്കളുടെ അടുത്തെത്തുമ്പോള്‍ താങ്കളവര്‍ക്ക് ആതിഥ്യമരുളണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.''
ഈ കത്തില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും അബ്‌സീനിയയിലേക്ക് പലായനം നടക്കുന്ന കാലത്താണ് ഇതെഴുതിയത് എന്ന് ഉറപ്പാണല്ലോ. ഏതാണ്ട് ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ, പലരെയും ആശ്ചര്യപ്പെടുത്തിയ മറ്റൊരു പ്രമാണവും കൂടിയുണ്ട്. തമീമുദ്ദാരിയുടെ രേഖ എന്നാണിത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. സിറിയക്കാരനായ ക്രിസ്ത്യാനിയായിരുന്നു തമീമുദ്ദാരി. അദ്ദേഹം മക്കയില്‍ വന്ന് നബിയെ കണ്ട് ഇസ്‌ലാം സ്വീകരിച്ചു. ധാരാളം കടല്‍ യാത്രകള്‍ ചെയ്ത ആളായിരുന്നു അദ്ദേഹം. അതിന്റെ ചെറിയൊരു വിവരണം ഇമാം മുസ്‌ലിമിന്റെ 'സ്വഹീഹി'ല്‍ നിന്ന് ലഭിക്കും. തമീമുദ്ദാരി പ്രവാചകനോട് പറഞ്ഞു: 'ഒരു കാലത്ത് താങ്കളുടെ സൈന്യം സിറിയ കീഴടക്കുക തന്നെ ചെയ്യും. ആ കാലം ആഗതമാവുകയും താങ്കളുടെ സേനയുടെ അധീനതയില്‍ സിറിയ വന്നുകഴിയുകയും ചെയ്താല്‍ ഇന്നയിന്ന ഗ്രാമങ്ങള്‍ താങ്കളെനിക്ക് പതിച്ച് നല്‍കണം.' ചരിത്രകാരന്മാര്‍ പറയുന്നത്, പ്രവാചകന്‍ ഇക്കാര്യം അംഗീകരിക്കുകയും അതനുസരിച്ചുള്ള ഒരു പ്രമാണം പറഞ്ഞെഴുതിക്കുകയും ചെയ്തു എന്നാണ്. ആ കത്തിലെ വരികള്‍: ''മര്‍ത്വൂമും ഹിബ്രോണും (സിറിയന്‍ ഗ്രാമങ്ങളുടെ പേരുകള്‍)........ കീഴടക്കപ്പെട്ട് കഴിഞ്ഞാല്‍ അവ തമീമുദ്ദാരിക്ക് നല്‍കേണ്ടതാണ്.'' ഇതുപോലെ, ഹിജ്‌റക്ക് മുമ്പ് രേഖപ്പെടുത്തപ്പെട്ട വേറെയും പ്രമാണങ്ങളുണ്ട്. ഇത്തരം പ്രമാണങ്ങള്‍ എഴുതപ്പെടുന്ന രണ്ടാമത്തെ ഘട്ടം മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ ഹിജ്‌റ വേളയാണ്. അതായത് ആ യാത്രക്ക് വേണ്ടി വന്ന പത്തോ പന്ത്രണ്ടോ ദിവസങ്ങളില്‍ എഴുതപ്പെട്ടത്. പ്രവാചകനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് മക്കയിലെ ഖുറൈശികള്‍ വമ്പിച്ച ഇനാം പ്രഖ്യാപിച്ച സന്ദര്‍ഭമായിരുന്നല്ലോ അത്. ആ സമ്മാനവും മോഹിച്ചാണ് സുറാഖത്ത്ബ്‌നു മാലിക് എന്നൊരാള്‍ പ്രവാചകനെ പിടികൂടാനായി സകല അടവും പയറ്റിയത്. ഒടുവിലയാള്‍ പരാജയപ്പെടുകയും തന്നെ ശിക്ഷിക്കരുതെന്നും പൊറുത്തുതരണമെന്നും കേണപേക്ഷിക്കുകയും ചെയ്തു. പ്രവാചകന്‍ അയാള്‍ക്ക് പൊറുത്തു കൊടുത്തെങ്കിലും, തന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത് രേഖാമൂലം വേണമെന്നായി സുറാഖത്ത്. നബി ചരിത്രകാരന്മാര്‍ പറയുന്നത്, ഈ യാത്രയില്‍ നബി പേനയും മഷിയും കടലാസുമൊക്കെ കരുതിയിരുന്നു എന്നാണ്. നബിയോടൊപ്പം ഹിജ്‌റ ചെയ്തിരുന്നവരില്‍ എഴുത്തും വായനയും അറിയുന്ന ആമിറുബ്‌നു ഫുഹൈറ എന്ന അടിമയും ഉണ്ടായിരുന്നു. പ്രവാചകന്‍ താന്‍ സുറാഖക്ക് അഭയം നല്‍കിയ കാര്യം അടിമയോട് എഴുതാന്‍ പറയുകയും ആ രേഖ സുറാഖക്ക് കൈമാറുകയും ചെയ്തു. പിന്നീട് സുറാഖ മുസ്‌ലിമായി. മുസ്‌ലിമാകാന്‍ വരുമ്പോള്‍ സുറാഖ നേരത്തെ പ്രവാചകന്‍ നല്‍കിയ ഈ രേഖയും കൊണ്ട് വന്നിരുന്നു. ഈ രേഖ കണ്ടപ്പോള്‍ പുറത്ത് തടിച്ചുകൂടിയായിരുന്ന അനുയായികള്‍ പെട്ടെന്ന് തന്നെ സുറാഖക്ക് പ്രവാചകനെ കാണാനുള്ള അവസരം ഒരുക്കി. വളരെ ഹ്രസ്വമായ ഹിജ്‌റ കാലയളവില്‍ ഈയൊരു രേഖ മാത്രമാണ് നമുക്ക് ലഭിച്ചത്. വേറെയും ഉണ്ടാകുമെങ്കിലും അധികമുണ്ടാകാന്‍ വഴിയില്ല.
പ്രവാചകന്‍ മദീനയില്‍ എത്തിയതോടെ ഇത്തരം രേഖകളുടെ എണ്ണം ക്രമേണ വര്‍ധിച്ചുവന്നു. ഇവയില്‍ ഔദ്യോഗികവും സ്വകാര്യവുമായ രേഖകളുണ്ട്. ചില രേഖകള്‍ കണ്ടാല്‍ നാം അതിശയിച്ചുപോകും, അക്കാലത്ത് ഇതൊക്കെ എങ്ങനെ നടന്നുവെന്ന്. ഉദാഹരണത്തിന്, സ്വഹീഹ് ബുഖാരിയില്‍ പ്രവാചകന്‍ മദീനയില്‍ നടത്തിയ, മുസ്‌ലിംകളുടെ ഒരു സെന്‍സസിനെക്കുറിച്ച് പറയുന്നുണ്ട്. 1500 പേരുകള്‍ ശേഖരിച്ചു എന്നാണ് ബുഖാരി രേഖപ്പെടുത്തിയിട്ടുള്ളത്. അതില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം പെടും. ഈ സെന്‍സസ് ഏത് വര്‍ഷം നടന്നു എന്ന് ബുഖാരി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആളുകള്‍ വളരെ കുറഞ്ഞുപോയതില്‍ നിന്ന് തന്നെ അത് ഹിജ്‌റയുടെ ആദ്യ ഘട്ടത്തിലാണെന്ന് നമുക്ക് ഊഹിക്കാം. മക്കയില്‍ നിന്ന് 200 കുടുംബങ്ങള്‍ മദീനയിലേക്ക് പലായനം ചെയ്തുവെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍ മൊത്തം അഞ്ഞൂറോളം ആളുകളുണ്ടാവും. മദീനാവാസികളായ മുസ്‌ലിംകളുടെ എണ്ണം കൂടി ചേര്‍ന്നാല്‍ 1500 ആയി. ഹിജ്‌റയുടെ തൊട്ടുടനെ ആയതുകൊണ്ടാണ് എണ്ണം ഇത്ര കുറഞ്ഞുപോയത്. നബിയുടെ വിടവാങ്ങല്‍ ഹജ്ജില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തത് ഒരു ലക്ഷത്തിനാല്‍പ്പതിനായിരം വിശ്വാസികളായിരുന്നു എന്നോര്‍ക്കണം. എത്ര വലിയ അന്തരമുണ്ട് ഈ രണ്ട് സംഖ്യകളും തമ്മില്‍! അപ്പോള്‍ മുസ്‌ലിം ജനസംഖ്യ 1500 എന്നത് ഹിജ്‌റയുടെ തൊട്ടുടനെ തന്നെ ആകാനേ തരമുള്ളൂ.

ഭരണഘടനയുടെ പിറവി
ഈ സെന്‍സസിന് പുറമെ, ഹിജ്‌റ ഒന്നാം വര്‍ഷം നടന്നിരിക്കാനിടയുള്ള മറ്റൊരു സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നു. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തവിധം, വിചിത്രമായ രീതിയിലാണ് അതും സംഭവിക്കുന്നത്. അതായത് ഒരു രാഷ്ട്ര ഭരണഘടനയുടെ പിറവി. എന്തുകൊണ്ടാണ് ആ സന്ദര്‍ഭത്തില്‍ ഒരു ഭരണഘടന അനിവാര്യമായിത്തീരുന്നത്?
മക്കയില്‍ ഖുറൈശികളുടെ മര്‍ദനം സഹിക്കവയ്യാതെയാണ് ആദ്യം അനുയായികളും പിന്നെ പ്രവാചകനും മദീനയില്‍ എത്തുന്നത്. മുസ്‌ലിംകളൊക്കെ പുറത്താക്കപ്പെട്ടുവല്ലോ, ഇനി നമുക്ക് നമ്മുടെ പാട് നോക്കാം എന്ന് കരുതി ഖുറൈശികള്‍ അവരുടെ ശത്രുത അവസാനിപ്പിച്ചിരുന്നുവെങ്കില്‍, മദീനയിലെത്തിയ മുസ്‌ലിം സമൂഹം തങ്ങള്‍ നേരിട്ട ജീവ-സ്വത്തുനാശങ്ങളും ആട്ടിപ്പുറത്താക്കലുമൊക്കെ പെട്ടെന്ന് തന്നെ മറന്നുപോകാന്‍ സാധ്യതയുണ്ടായിരുന്നു. അങ്ങനെ തീര്‍ത്തും പുതിയ ഒരു ജീവിതം അവര്‍ മദീനയില്‍ കരുപ്പിടിപ്പിക്കുമായിരുന്നു. പക്ഷേ മക്കയിലെ ഖുറൈശികള്‍ ഒരിക്കല്‍പോലും മദീനയിലെ മുസ്‌ലിം സമൂഹത്തെ സമാധാനത്തില്‍ കഴിയാന്‍ അനുവദിച്ചില്ല. തങ്ങളുടെ മുഖ്യശത്രു-പ്രവാചകന്‍ തിരുമേനി-രക്ഷപ്പെട്ടു എന്നറിഞ്ഞതോടെ അവര്‍ കലികേറി വിറച്ചു. ഉടനെയവര്‍ മദീനയിലെ പൗരസമൂഹത്തിന് കത്തെഴുതി: ഞങ്ങളുടെ ശത്രു നിങ്ങളുടെ നാട്ടില്‍ അഭയാര്‍ഥിയായി എത്തിയിട്ടുണ്ട്. ആ മനുഷ്യനെ ഒന്നുകില്‍ വധിക്കണം, അല്ലെങ്കില്‍ പുറത്താക്കണം. രണ്ടുമല്ലാത്ത പക്ഷം ഞങ്ങള്‍ 'യുക്തമായ നടപടികള്‍' സ്വീകരിക്കുന്നതാണ്.
ഇതിലൊരു ആവശ്യവും മദീനയിലെ മുസ്‌ലിംകള്‍ക്ക് സ്വീകാര്യമാവില്ലെന്ന് ഉറപ്പാണല്ലോ. ഈ കത്തിലെ അവസാന വരിയില്‍ അടങ്ങിയിരിക്കുന്ന 'യുക്തമായ നടപടികള്‍' എന്ന അന്ത്യശാസനം ഏറെയൊന്നും ആലോചിക്കാത്ത, ദീര്‍ഘ ദൃഷ്ടിയില്ലാത്ത ഭരണാധികാരി പുഛിച്ച് തള്ളുകയും ചെയ്യും. എന്നാല്‍ പ്രവാചകന്‍ ചെയ്തത് മറ്റൊന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിശക്തനായ ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അങ്ങനെ ദേശക്കാരുടെ താല്‍പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും പില്‍ക്കാല തലമുറകള്‍ക്ക് കാണിച്ച് തരികയായിരുന്നു പ്രവാചകന്‍. ചില മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. വെറും കൈയോടെ ഈ പുതിയ മണ്ണിലെത്തിയ അഗതികളായ കുറെ അഭയാര്‍ഥികളുണ്ട്. അവരുടെ നില സുരക്ഷിതമാക്കണം. ഇതായിരുന്നു ആദ്യ നടപടി. അത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെക്കൂടുതലായിരിക്കും. നമ്മുടെ കാലത്ത് എത്രയധികം വിഭവങ്ങളുണ്ട്! എന്നിട്ടും നമുക്ക് അഭയാര്‍ഥി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നുണ്ടോ?
ആദ്യ കാലത്ത് മദീനയിലെത്തിയ അഭയാര്‍ഥികള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല; ഏതാനും നൂറുകള്‍ മാത്രം. പക്ഷേ അവരെ കുടിയിരുത്താനുള്ള വിഭവങ്ങള്‍ വളരെ കുറവായിരുന്നു. മദീന പോലുള്ള ഒരു കൊച്ചു അങ്ങാടിയില്‍ നൂറുകണക്കിനാളുകളെ സുസ്ഥിരമായി പുനരധിവസിപ്പിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. നമ്മുടെ കാലത്ത് ഒരു മില്യനാളുകളെ പുനരധിവസിപ്പിക്കുന്നതിന് തുല്യമാണത്. പക്ഷേ തന്റെ രാഷ്ട്രീയ ദീര്‍ഘ ദര്‍ശിത്വം കൊണ്ട് പ്രവാചകന്‍ ഈ കടമ്പ അധികം സമയമെടുക്കാതെ മറികടക്കുന്നതാണ് നാം കണ്ടത്. അദ്ദേഹം ചെയ്തത് ഇതാണ്: മദീനയിലെ താരതമ്യേന സമ്പന്നരായ ആളുകളെയും മക്കയില്‍നിന്ന് അഭയാര്‍ഥികളായെത്തിയവരുടെ പ്രതിനിധികളെയും (അവര്‍ കുടുംബനാഥന്മാരായിരുന്നു) ഒരിടത്ത് വിളിച്ചുകൂട്ടി. തന്റെ 'സഹായികളും' തദ്ദേശവാസികളുമായ അന്‍സ്വാറുകളോട് പ്രവാചകന്‍ ഇങ്ങനെ അഭ്യര്‍ഥിച്ചു: ''ഇവര്‍ ഇസ്‌ലാമിന് വേണ്ടി നാടും വീടുമെല്ലാം ഉപേക്ഷിച്ച് വന്നവരാണ്, വിശ്വാസപരമായി അവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. അവരെ നിങ്ങള്‍ സ്വീകരിക്കണം, സഹോദരന്മാരായിത്തന്നെ. ഇവരെ സഹായിക്കേണ്ടത് മദീനയിലെ മുസ്‌ലിംകളുടെ ബാധ്യതയാണ്.'' എന്നിട്ടൊരു നിര്‍ദേശം വെച്ചു: മദീനയിലെ ഓരോ കുടുംബവും മക്കയില്‍നിന്ന് വന്ന ഒരഭയാര്‍ഥി കുടുംബത്തെ ദത്തെടുക്കണം.
ആതിഥേയരുടെ ചെലവില്‍ ഒരു പരാന്നജീവി (Parasites) സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല പ്രവാചകന്‍ ഈ പുതിയ സാഹോദര്യ കൂട്ടായ്മയിലൂടെ; ഓരോ കുടുംബത്തെയും ആത്മാഭിമാനമുള്ള ഒരു യൂനിറ്റായി വളര്‍ത്തിയെടുക്കുകയായിരുന്നു. ഈ കൂട്ടായ്മയുടെ യുക്തിയും പ്രവാചകന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു: രണ്ട് അംഗങ്ങള്‍ ഉള്ള കുടുംബമാണെന്ന് വെക്കുക. ഇപ്പോള്‍ രണ്ട് അംഗങ്ങളെക്കൂടി ആ കുടുംബത്തിന് ലഭിച്ചു. നാല് പേര്‍ അധ്വാനിക്കുമ്പോള്‍ വരുമാനം ഇരട്ടിയാകും. അതിനനുസരിച്ച് ജീവിത നിലവാരവും ഉയരും. ആരും ആരുടെയും ഭാരം താങ്ങേണ്ടതില്ല.
എല്ലാവരും വളരെ ആഹ്ലാദത്തോടെ ഈ നിര്‍ദേശം അംഗീകരിച്ചു. അധ്വാന ശേഷിയുണ്ടായിരുന്ന നൂറ്കണക്കിന് അഭയാര്‍ഥി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ എത്ര പെട്ടെന്നാണ് പരിഹരിച്ചത്! ഇതോടെ ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള വേര്‍തിരിവ് താനേ മാഞ്ഞുപോയി. അഭയാര്‍ഥികളും അവരെ അതിഥികളായി സ്വീകരിച്ച തദ്ദേശീയരും ഒരൊറ്റ സമൂഹമായി. മണ്ണിന്റെ മകന്‍, അഭയാര്‍ഥിയുടെ മകന്‍ തുടങ്ങിയ വിഭാഗീയതകള്‍ ഇല്ലാതായി.
ഒരു പ്രശ്‌നം ഇങ്ങനെ പരിഹരിച്ചു. ഇനി അടുത്ത പ്രശ്‌നത്തിലേക്ക്. പ്രവാചകന്‍ വരുമ്പോള്‍ മദീനയില്‍ ഒരു ദേശ രാഷ്ട്രം ഉണ്ടായിരുന്നില്ല. ജനം ഗോത്രങ്ങളായി വിഘടിച്ചുനില്‍ക്കുകയായിരുന്നു. മുപ്പത് ഗോത്രങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. നമ്മുടെ കാലത്തെ ദേശരാഷ്ട്രങ്ങളെപ്പോലെ സ്വതന്ത്രവും സ്വയംഭരണാധികാരമുള്ളതുമായിരുന്നു ഓരോ ഗോത്രവും. അതിനാല്‍ എന്നും തല്ല് തന്നെ. ചരിത്രകാരന്മാര്‍ പറയുന്നത്, അന്‍സ്വാറുകള്‍ മുഖ്യമായും രണ്ട് ഗോത്രക്കാരായിരുന്നു എന്നാണ്-ഔസും ഖസ്‌റജും. ഇവയില്‍ ഓരോന്നിനും ഉപവിഭാഗങ്ങളുമുണ്ട്. നബി മദീനയില്‍ എത്തുമ്പോള്‍ ഈ രണ്ട് ഗോത്രക്കാര്‍ തമ്മില്‍ തുടങ്ങിയ ഒരു യുദ്ധം 120 വര്‍ഷം പിന്നിട്ടിരുന്നുവത്രെ. ഇത്തരം സാഹചര്യത്തില്‍ ഒരു പൊതുഭരണകൂടമുണ്ടാവുക അസാധ്യമാണല്ലോ. കൂടാതെ, ഈ അറബ് ജനസമൂഹങ്ങള്‍ക്ക് പുറമെ ജൂതഗോത്രങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ത്തിരുന്നു. എത്രയോ ആയിരങ്ങള്‍ തന്നെ വരും അവര്‍. ഒരേകദേശ കണക്ക് പറഞ്ഞാല്‍ പകുതിയോളം ജനം അറബ് വംശക്കാര്‍, ബാക്കി ജൂതകുടുംബങ്ങള്‍. ചെറിയൊരു വിഭാഗം ക്രിസ്ത്യാനികളുമുണ്ടായിരുന്നു. അവരുടെ എണ്ണമെത്ര എന്നറിയില്ല. പതിനഞ്ചെന്നും അമ്പതെന്നും പറയുന്നവരുണ്ട്. അവരെല്ലാവരും ഔസ് ഗോത്രത്തില്‍ നിന്നുള്ളവരും ആയിരുന്നു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍