ദേശരക്ഷാ കാമ്പയിന്‍
ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ദേശവ്യാപകവും സുദീര്‍ഘവുമായ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 'രാജ്യത്തെ രക്ഷിക്കുക; അനീതിയില്‍നിന്ന്, ദാരിദ്ര്യത്തില്‍നിന്ന്, അടിമത്തത്തില്‍നിന്ന്' എന്നാണ് വരാനിരിക്കുന്ന പരിപാടിയുടെ മുദ്രാവാക്യം. സമകാലിക പൊതുജീവിതത്തെ ഗ്രസിച്ചിട്ടുള്ള അക്രമവാസനയും അഴിമതിയും ദാരിദ്ര്യവും വര്‍ഗീയ തീവ്രവാദവും മനുഷ്യാവകാശ ലംഘനങ്ങളും വൈദേശിക ശക്തികളുടെ ദുഃസ്വാധീനവും രാജ്യത്തിന്റെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും നേരെ ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണികളിലേക്ക് ബഹുജന ശ്രദ്ധയുണര്‍ത്തുകയാണ് കാമ്പയിന്റെ ലക്ഷ്യം. അഴിമതി, വര്‍ഗീയത, മനുഷ്യാവകാശ ലംഘനങ്ങള്‍, ആഗോള മുതലാളിത്തത്തിന്റെ അധിനിവേശം എന്നിവയാണ് കാമ്പയിന്‍ മുഖ്യമായി ഊന്നുന്ന വിഷയങ്ങള്‍. രാജ്യം നേരിടുന്ന ഇതര പ്രശ്‌നങ്ങളെല്ലാം ഇപ്പറഞ്ഞ നാലെണ്ണത്തിന്റെ ഉപോല്‍പന്നങ്ങളാണ്. സമൂഹം ഗതിമാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ചു പോലും സാമാന്യ ജനങ്ങള്‍ ബോധവാന്മാരല്ല. ആഗോള മുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നാം വീണ്ടും വൈദേശികാടിമത്തത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വിദേശനയത്തിലും സാമ്പത്തിക നയത്തിലും മാത്രമല്ല, ആഭ്യന്തര ഭരണത്തിലും ക്രമസമാധാന പാലനത്തിലും വരെ അവര്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. അടുത്തകാലത്തുണ്ടായ പല സര്‍ക്കാര്‍ നീക്കങ്ങളിലും അതു തെളിഞ്ഞു കാണാം.
ഉപരി സൂചിത പ്രശ്‌നങ്ങളെല്ലാം രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ തന്നെ. സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ് അത് കൈകാര്യം ചെയ്യേണ്ടത്. അവരത് ചെയ്യുന്നുമുണ്ട്. ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിക്ക് അതിലൊക്കെ എന്തു ചെയ്യാനാകും എന്നു ചോദിക്കുന്നവരുണ്ടാകാം. അഴിമതി, വര്‍ഗീയത, തീവ്രവാദം, വിലകയറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും പേരിനു ചര്‍ച്ച ചെയ്യുകയും പരിഹാരമാവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അര്‍ഹിക്കുന്ന ഗൗരവത്തോടും ആത്മാര്‍ഥതയോടും കൂടിയാണോ ആ ചര്‍ച്ചകള്‍? അഴിമതിയുടെ കാര്യമെടുക്കുക. ഭരണപക്ഷത്തിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം കൂട്ടുന്നു. പ്രതിപക്ഷം ഭരിച്ച കാലത്തെ അഴിമതികള്‍ വെളിപ്പെടുത്തി ഭരണപക്ഷം അതിന് തടയിടുന്നു. ഓരോ പക്ഷത്തിനും എതിര്‍പക്ഷത്തെ അടിക്കാനുള്ള വടിയാണ് അഴിമതി. മൊത്തം രാജ്യത്തിന്റെ പ്രശ്‌നമായി രണ്ടുപക്ഷവും അതിനെ കാണുന്നില്ല. അഴിമതിയെ പൊതുജീവിതത്തിന്റെ അനിവാര്യതയായി അംഗീകരിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍. അണ്ണാ ഹസാരെയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും പ്രസ്ഥാനം ഒരു സൂനാമിയെന്നോണം അഴിമതിക്കെതിരെ ഇരച്ചുയരുകയുണ്ടായി. ജനലക്ഷങ്ങള്‍ അതിന് അഭൂതപൂര്‍വമായ പിന്തുണ നല്‍കി. എന്നിട്ടെന്തുണ്ടായി? പ്രശ്‌നങ്ങളെ സമഗ്രമായി വീക്ഷിക്കാനും നിഷ്പക്ഷമായി സമീപിക്കാനും ആരും തയാറാകുന്നില്ല. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ അവസരം കിട്ടുമ്പോള്‍ സ്വയം അഴിമതിക്കാരായി മാറുന്നു. ദാരിദ്ര്യത്തിനും വിലക്കയറ്റത്തിനുമെതിരെ സമരം ചെയ്യുന്നവര്‍ മുതലാളിത്തത്തിന്റെ അധിനിവേശം കണ്ടില്ലെന്ന് നടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും സംരക്ഷകരെന്നവകാശപ്പെടുന്നവര്‍ ഔദ്യോഗിക തലത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പ്രശംസിക്കുന്നു. ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കുത്തകക്കാര്‍ വര്‍ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നവര്‍ മറ്റു പല പ്രശ്‌നങ്ങള്‍ വളര്‍ത്തുന്നവരാകുന്നു. അഴിമതിക്കെതിരെ പ്രക്ഷോഭം നയിച്ച ഹസാരെയും കൂട്ടരും വര്‍ഗീയ ഫാഷിസത്തിന്റെ വിപത്ത് കാണുകയുണ്ടായില്ല. അതുവഴി വര്‍ഗീയവാദികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കും അദ്ദേഹത്തെ നന്നായി മുതലെടുക്കാന്‍ കഴിഞ്ഞു.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ യഥാര്‍ഥത്തില്‍ വെവ്വേറെ പരിഹാരം കാണേണ്ട വ്യത്യസ്ത പ്രശ്‌നങ്ങളല്ല. ഒരു പ്രശ്‌നത്തിന്റെ തന്നെ പല മുഖങ്ങളാണവ. വര്‍ഗീയത ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നം, അഴിമതി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പ്രശ്‌നം, ഭീകരത, മത-മതേതര തീവ്രവാദികളുടെ പ്രശ്‌നം എന്നിങ്ങനെ ഓരോ പ്രശ്‌നവും ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുമായി മാത്രം ബന്ധപ്പെട്ടതുമല്ല. എല്ലാ പ്രശ്‌നങ്ങളും എല്ലാവരുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ പ്രശ്‌നങ്ങളാണ്. രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനുമാണ് ഓരോ പ്രശ്‌നവും തുരങ്കം വെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈയൊരു പരിപ്രേക്ഷ്യത്തിലൂടെ ദേശീയ പ്രശ്‌നങ്ങളെ സമീപിക്കാന്‍ അധികമാളുകളും തയാറാകുന്നില്ല. ഈ നില തുടര്‍ന്നാല്‍ പ്രശ്‌നങ്ങളൊന്നും പരിഹൃതമാവുകയില്ല. അനുദിനം വളരുകയാണുണ്ടാവുക. അത് സമൂഹത്തെ സംഘര്‍ഷഭരിതമാക്കും. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കും. ഈ തിരിച്ചറിവാണ് ഉത്തരവാദിത്വമുള്ള ആദര്‍ശ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയെ രാജ്യത്തെ രക്ഷിക്കുക അഴിമതിയില്‍നിന്ന്, ദാരിദ്ര്യത്തില്‍നിന്ന്, അടിമത്തത്തില്‍നിന്ന് എന്ന ശീര്‍ഷകത്തില്‍ ദേശീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ചില വിശ്വാസങ്ങളും ആരാധനാ അനുഷ്ഠാനങ്ങളും മാത്രം കൈകാര്യം ചെയ്യുന്ന സാമ്പ്രദായിക മത സംഘടനയല്ല ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തിന്റെ മതം ജീവിതത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്നതാണ്. പ്രപഞ്ചത്തോളം വിശാലമാണ് അതിന്റെ പ്രവര്‍ത്തന മണ്ഡലം. ജീവിതത്തിന്റെ എല്ലാ തുറകളിലും ധര്‍മം സ്ഥാപിക്കുക, അധര്‍മം നിര്‍മാര്‍ജനം ചെയ്യുക എന്നത് ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അവരെ ഏല്‍പിച്ച ഉത്തരവാദിത്വമാണ്. സത്യവും നീതിയും ഐക്യവും സ്‌നേഹവും സമാധാനവും ധര്‍മത്തിന്റെ താല്‍പര്യങ്ങളാകയാല്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും അത് സ്ഥാപിതമായി കാണാന്‍ ജമാഅത്ത് ആഗ്രഹിക്കുന്നു. അസത്യവും അക്രമവും അഴിമതിയും ദാരിദ്ര്യവും അടിമത്തവും അനൈക്യവും സംഘര്‍ഷവും അധര്‍മങ്ങളാകയാല്‍ അവ ഇല്ലാതാക്കാനും ജമാഅത്ത് ശ്രമിക്കുന്നു. സത്യത്തിനും നീതിക്കും ധര്‍മത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്ത്. ഏതെങ്കിലും പ്രത്യേക ജാതിയെയോ സമുദായത്തെയോ അല്ല അത് സംബോധന ചെയ്യുന്നത്; രാജ്യത്തെ മുഴുവന്‍ ജനങ്ങളെയുമാണ്. തുടക്കം മുതലേ ജമാഅത്ത് അംഗീകരിച്ചിട്ടുള്ള ഭരണഘടനയിലും നാലു വര്‍ഷം കൂടുമ്പോള്‍ പ്രസിദ്ധീകരിച്ചുവരുന്ന നയപരിപാടികളിലും അത് തെളിഞ്ഞു കാണാം.
Comments