'കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഹൈദരാബാദില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു'
ബോംബ് സ്‌ഫോടനത്തെക്കുറിച്ച് നമ്മുടെ ഭരണകൂടവും പോലീസും മാധ്യമങ്ങളും പറയുന്നതുപോലെ, ലളിതമായ സമവാക്യങ്ങളില്‍ നിന്നുകൊണ്ട് ഹൈദരാബാദ് ബോംബ് സ്‌ഫോടനത്തെ നമുക്ക് വിശകലനം ചെയ്യാന്‍ കഴിയില്ല. മുഖ്യമായും, ഈ സ്‌ഫോടനം ഫലത്തില്‍ ആര്‍ക്കാണ് ഗുണം ചെയ്തത് എന്ന് നാം പരിശോധിക്കണം. ശക്തി വീണ്ടെടുത്തുകൊണ്ടിരുന്ന തെലുങ്കാന പ്രസ്ഥാനത്തെയും പ്രക്ഷോഭത്തെയും വലിയൊരളവില്‍ ക്ഷീണിപ്പിക്കാന്‍ ഈ സ്‌ഫോടനങ്ങള്‍ക്ക് കഴിഞ്ഞു. തെലുങ്കാന പ്രശ്‌നത്തിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അന്തിമ സമയപരിധിയും കഴിഞ്ഞതിനു ശേഷം വളരെ ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ വികാരമാണ് ഈ മേഖലയില്‍ കാണാനുണ്ടായിരുന്നത്. എന്നല്ല, കോണ്‍ഗ്രസ്സിന് ഇനി തെലുങ്കാന മേഖലയിലെ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം പോലുമില്ല എന്നതാണ് വാസ്തവം. തെലുങ്കാന മേഖലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യക്ഷമായിത്തന്നെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ തിരിയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആന്ധ്ര പ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും തെലുങ്കാന പ്രശ്‌നം ഇല്ലാതായി.
കേന്ദ്ര ആഭ്യന്തരമന്ത്രി സംഘ്പരിവാറിനെതിരെ നടത്തിയ വസ്തുനിഷ്ഠമായ വെളിപ്പെടുത്തലും അതുണ്ടാക്കിയ വിവാദങ്ങളുടെ സാഹചര്യവുമാണ് മറ്റൊന്ന്. ഷിന്‍ഡെയുടെ പ്രസ്താവനയെ തുടര്‍ന്ന് സംഘ്പരിവാര്‍ അത്രമേല്‍ പ്രകോപിതരായിരുന്നു. അതിനു മുന്നില്‍ കോണ്‍ഗ്രസ് അപ്പാടെ പതറുകയും ചെയ്തു. ഭീകരവാദികള്‍ ഞങ്ങളല്ല മുസ്‌ലിംകള്‍ തന്നെയാണെന്ന് തെളിയിക്കേണ്ട ബാധ്യത അതുകൊണ്ടുതന്നെ സംഘ്പരിവാറിനുണ്ട്. ആഭ്യന്തരമന്ത്രിയുടെ സംഘ്പരിവാര്‍ വിരുദ്ധ പ്രസ്താവനക്ക് രാജ്യം കനത്ത വില നല്‍കേണ്ടിവരും എന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ടായിരുന്നു. പെട്രോള്‍, ഡീസല്‍ നിരക്കു വര്‍ധനയും സഹിക്കാവുന്നതിലപ്പുറമുള്ള വിലക്കയറ്റവും ശക്തമായ ഭരണകൂട വിരുദ്ധ വികാരമാണ് രാജ്യത്ത് രൂപപ്പെടുത്തുന്നത്. അടുത്ത വര്‍ഷം രാജ്യം പൊതു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയും ചെയ്യുന്നു.
ഇതെല്ലാം ജനങ്ങള്‍ ഒരൊറ്റ നിമിഷം കൊണ്ട് മറക്കുകയും സ്വന്തം സുരക്ഷയെക്കുറിച്ചും ഓരോരുത്തരുടെയും വേണ്ടപ്പെട്ടവരുടെ നിലനില്‍പിനെക്കുറിച്ചും മാത്രം അവര്‍ ആലോചിക്കാന്‍ തുടങ്ങുകയും ചെയ്യും എന്നതാണ് ഓരോ ഭീകരാക്രമണത്തിന്റെയും ഫലം. അപ്പോള്‍ ഭരണകൂടം എത്ര ജനവിരുദ്ധമാണെങ്കിലും, ദേശസുരക്ഷക്കും സ്വന്തത്തിന്റെ നിലനില്‍പിനും വേണ്ടി ജനങ്ങള്‍ക്ക് അതേ ഭരണകൂടത്തെ തന്നെ ആശ്രയിക്കേണ്ടതായി വരും.
ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ സംഘ്പരിവാറിന്റെ സാന്നിധ്യം വെളിപ്പെട്ടതിനു ശേഷം ഹൈദരാബാദ് സ്‌ഫോടനം ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളില്‍ ആ ഘടകം കൂടി നമ്മുടെ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കേണ്ടതുണ്ട്. കേണല്‍ പുരോഹിതിന് ഒട്ടേറെ സൈനിക സ്‌കൂളുകള്‍ ഉണ്ട്. അവിടങ്ങളില്‍ നിന്നിറങ്ങുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരീ രാജ്യത്തിനകത്ത് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് നമ്മുടെ സുരക്ഷാ ഏജന്‍സികളോ ഭരണകൂടമോ അന്വേഷിക്കാറുണ്ടോ? ഇല്ല എന്നതാണ് വാസ്തവം. നിരപരാധിയും നിസ്സഹായനുമായ മുസ്‌ലിമിനെ സംശയിച്ചാലും സംഘ്പരിവാറിനെയോ കേണല്‍ പുരോഹിതിന്റെ ശിഷ്യന്മാരെയോ ഒട്ടും സംശയിക്കേണ്ടതില്ല എന്നതാണ് നമ്മുടെ പോലീസ്-ഇന്റലിജന്‍സ് നിലപാട്. മാധ്യമങ്ങള്‍ക്കാകട്ടെ അതില്‍ ഒട്ടും സംശയമില്ല. അഥവാ മുസ്‌ലിമിനെ ദേശവിരുദ്ധനും വില്ലനുമാക്കി മാത്രം നോക്കിക്കണ്ട് അപരവത്കരിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്.
നേരത്തെ മക്കാ മസ്ജിദ് ബോംബ് സ്‌ഫോടനം നടന്ന സമയത്ത് ഞങ്ങളൊരു ജനകീയ വസ്തുതാന്വേഷണ കമീഷനെ നിയോഗിക്കുകയുണ്ടായി. സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാറിന്റെയോ ഇന്റലിജന്‍സിന്റെ തന്നെയോ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടതുണ്ടെന്ന് അന്ന് ഞങ്ങള്‍ പറയുകയുണ്ടായി. ബോംബാക്രമണം നടന്ന സ്ഥലം, ആക്രമണത്തിന്റെ ഇരകള്‍, ആക്രമണാനന്തര ഹൈദരാബാദില്‍ നടന്ന മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്‌ഫോടനാനന്തരം പോലീസ് മുസ്‌ലിംകളോട് സ്വീകരിച്ച സമീപനം, മാധ്യമങ്ങളുടെ മുസ്‌ലിംവിരുദ്ധ നിലപാട് തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്ന ഘടകങ്ങളായിരുന്നു. അന്നും സ്‌ഫോടനത്തിനു പിന്നിലെ മുസ്‌ലിം കരങ്ങള്‍ തപ്പിപ്പിടിക്കാനാണ് നമ്മുടെ ഭരണകൂടവും പോലീസും മാധ്യമങ്ങളും അധ്വാനിച്ചത്. മാത്രവുമല്ല, 80-ലധികം മുസ്‌ലിം ചെറുപ്പക്കാര്‍ പല വിധത്തിലുള്ള പോലീസ് നടപടികള്‍ക്ക് വിധേയരായി. അതില്‍ 25 പേരെ ഏറെ ഭീകരമായാണ് പോലീസ് പീഡിപ്പിച്ചത്. സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലാണ് സ്‌ഫോടനത്തിനു പിന്നിലെ സംഘ്പരിവാര്‍ സാന്നിധ്യത്തെ വിളിച്ചറിയിച്ചത്. ശേഷം 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കി മുസ്‌ലിം ചെറുപ്പക്കാരെ സര്‍ക്കാര്‍ മോചിപ്പിച്ചു. അവര്‍ക്ക് നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ചും ഏല്‍ക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെക്കുറിച്ചും അവരുടെ കുടുംബത്തിനു ചാര്‍ത്തിക്കിട്ടിയ ഭീകരതാ പട്ടത്തെക്കുറിച്ചും നമ്മുടെ കോടതികളും പോലീസും ഭരണകൂടവും മൗനം പാലിക്കുകയും ചെയ്തു.
ഇതില്‍ കൗതുകകരമായ മറ്റൊരു വസ്തുത, മക്കാ മസ്ജിദ് സ്‌ഫോടനം നടന്നപ്പോള്‍ ഇവിടത്തെ മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ച നിലപാടാണ്. മതപരവും രാഷ്ട്രീയവുമായി മുസ്‌ലിം സംഘടനകള്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന നഗരമാണ് ഹൈദരാബാദ്. സ്‌ഫോടനാനന്തരം മുസ്‌ലിം സംഘടനകള്‍ പൂര്‍ണ നിശ്ശബ്ദത പാലിച്ചു. കാരണം, അവരാകെ ഭയന്നുപോയിരുന്നു. ഒരര്‍ഥത്തില്‍ ഏതൊരു ഇന്ത്യന്‍ മുസ്‌ലിമിന്റെയും നിസ്സഹായത തന്നെയാണിത്. തീവ്രവാദിയാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ അവന്‍ സ്വയം തന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന അവസ്ഥ. നമ്മുടെ ഭരണകൂടങ്ങളും പോലീസും മാധ്യമങ്ങളും കാലങ്ങളായി അങ്ങനെയാണവരെ അനൗദ്യോഗികമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പോലീസ് അതിക്രമങ്ങളെയും സമുദായത്തിനു നേരെയുള്ള തീവ്രവാദാരോപണങ്ങളെയും മാധ്യമ വിചാരണയെയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് അവര്‍ക്കൊന്നുമറിയില്ലായിരുന്നു. ഭരണകൂടം മുസ്‌ലിം സമുദായത്തിനു നേരെ നടത്തുന്ന അതിക്രമങ്ങളെക്കാള്‍ ഭയാനകം അതിനെ എങ്ങനെ നേരിടണം എന്നറിയാത്ത സമുദായത്തിന്റെ നിസ്സഹായാവസ്ഥയാണ്. ഹൈദരാബാദില്‍ സാമാന്യം ജനസ്വാധീനമുള്ള മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എം.ഐ.എം) എന്ന രാഷ്ട്രീയ പാര്‍ട്ടിയാകട്ടെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ഭാഗവുമായിരുന്നു. അതുകൊണ്ടവരും നിശ്ശബ്ദത പാലിച്ചു; പലപ്പോഴും ഭരണകൂട ഭാഷ്യം തന്നെ ഏറ്റുപറഞ്ഞു.
ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്. പിന്നീടാണ് മുസ്‌ലിം സംഘടനകള്‍ പലതും തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുന്നത്. തീവ്രവാദ കേസുകളില്‍ മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു മാര്‍ഗനിര്‍ദേശക തത്ത്വവും പോലീസ് പാലിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മക്കാ മസ്ജിദ് സ്‌ഫോടനകേസിലും ഇപ്പോള്‍ നടന്ന ദില്‍സുഖ് നഗര്‍ സ്‌ഫോടന കേസിലും ഇതുതന്നെയാണ് ആവര്‍ത്തിച്ചത്. നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വണ്ടികള്‍, അല്ലെങ്കില്‍ സ്വകാര്യ വാഹനങ്ങളാണ് പലപ്പോഴും അറസ്റ്റിനുപയോഗിക്കുന്നത്. അറസ്റ്റാകട്ടെ കോടതി മുമ്പാകെ ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കുക, കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പും ശേഷവും ശാരീരിക -മാനസിക പീഡനങ്ങള്‍ക്കിരയാക്കുക, കസ്റ്റഡിയില്‍ എടുത്തവരെ ഫാം ഹൗസുകളില്‍ താമസിപ്പിക്കുക ഇതൊക്കെ ഈ കേസിലും പതിവുപോലെ ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണ് പോലീസ്. പലതരം ഗ്രൂപ്പുകളുടെ ശക്തമായ ഇടപെടല്‍ വഴി ഇതില്‍ കുറെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ കേസില്‍ കഴിഞ്ഞിട്ടുണ്ട് എന്നു മാത്രം.
ഈ സ്‌ഫോടനത്തിനു ശേഷവും നഗരത്തില്‍ നിന്നും പുറത്തുനിന്നും ഒട്ടേറെ മുസ്‌ലിം ചെറുപ്പക്കാരെ പോലീസ് ടാര്‍ഗറ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു. മക്കാ മസ്ജിദ് സ്‌ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പിന്നീട് വെറുതെ വിട്ട ആളുകളെ ഒന്നൊന്നായി പോലീസ് വിളിപ്പിക്കാനും പലരെയും കസ്റ്റഡിയില്‍ എടുക്കാനും തുടങ്ങി. പോലീസിനെ നിരന്തരം പിന്തുടര്‍ന്നതിന്റെ ഫലമായാണ് അവരെ മോചിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ഇത്തരം ജാഗ്രതകള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല എന്നതാണ് പോലീസിനും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുസ്‌ലിംവേട്ട ഏറെ ഹരമുള്ള ഒരേര്‍പ്പാടാക്കി മാറ്റിയത്.
ദില്‍സുക് നഗര്‍ സ്‌ഫോടനത്തിന്റെ പിന്നില്‍ മഖ്ബൂല്‍ എന്ന ഹൈദരാബാദുകാരനാണെന്നാണിപ്പോള്‍ പോലീസ് പറയുന്നത്. അദ്ദേഹം ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണത്രെ. നേരത്തെ ഒരു ജ്വല്ലറി ഉടമസ്ഥനെ വധിച്ചതുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളാണ് ഈ മഖ്ബൂല്‍. പിന്നീട് കോടതി ശിക്ഷ ഇളവ് ചെയ്യുകയും അദ്ദേഹത്തെ പുറത്തുവിടുകയും ചെയ്തു. പിന്നീടദ്ദേഹം ഹൈദരാബാദില്‍ പല വിധത്തിലുള്ള കച്ചവടങ്ങള്‍ നടത്തി ജീവിച്ചുവരികയായിരുന്നു. 2012 ഒക്‌ടോബറില്‍ ബീഹാറിലെ ബുദ്ധഗയയില്‍ ഉണ്ടായ ആക്രമണത്തിന്റെ പേരില്‍ ദല്‍ഹി പോലീസ് മഖ്ബൂലിനെ അറസ്റ്റ് ചെയ്തു. ബര്‍മയിലെ റോഹിങ്ക്യ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെയും കൂട്ടക്കൊലയുടെയും പ്രതികാരം തീര്‍ക്കാന്‍ മുസ്‌ലിം തീവ്രവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ബുദ്ധഗയ ആക്രമണം എന്നാണ് പോലീസ് പറഞ്ഞത്. ആ ആക്രമണത്തില്‍ മഖ്ബൂലിനു പങ്കുണ്ടെന്ന് പറഞ്ഞാണ് ദല്‍ഹി സ്‌പെഷല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പക്ഷേ, കൃത്യമായ തെളിവ് സമര്‍പ്പിക്കാന്‍ പോലീസിനു കഴിഞ്ഞില്ല. അതിനിടെ മഖ്ബൂലിനെ മഹാരാഷ്ട്ര എ.ടി.എസ്സിന് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) കൈമാറാന്‍ ശ്രമം നടന്നു. പക്ഷേ, മഖ്ബൂലിനെ ഏറ്റെടുക്കാന്‍ അവര്‍ സന്നദ്ധരായതുമില്ല. തങ്ങള്‍ അന്വേഷിക്കുന്ന കേസിലൊന്നും മഖ്ബൂലിനെതിരായ ആരോപണമില്ല എന്നതായിരുന്നു അവര്‍ ഉന്നയിച്ച ന്യായം. ഒപ്പം ദല്‍ഹി സ്‌പെഷല്‍ പോലീസും മഹാരാഷ്ട്ര എ.ടി.എസ്സും തമ്മില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളും ഇതിനൊരു നിമിത്തമായിട്ടുണ്ട്. അതിന്റെ ഫലമായി മഖ്ബൂലിനെ പോലീസ് മോചിപ്പിച്ചിരുന്നു. ഇപ്പോള്‍ ദില്‍സുക് നഗര്‍ സ്‌ഫോടനത്തിനു പിന്നില്‍ മഖ്ബൂലാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2009-ല്‍ പുറത്തിറങ്ങിയതിനു ശേഷം അദ്ദേഹം ഏര്‍പ്പെട്ട കച്ചവടങ്ങളിലും ഇടപാടുകളിലും ഉള്‍പ്പെട്ടവരെയും പോലീസ് ഈ അറസ്റ്റിന്റെ മറവില്‍ കസ്റ്റഡിയിലെടുക്കുകയോ ഭീഷണിയില്‍ നിര്‍ത്തുകയോ ചോദ്യം ചെയ്യുകയോ ഒക്കെയാണ്. മഖ്ബൂല്‍ പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു എന്നും പറയപ്പെടുന്നു.
ദില്‍സുക് നഗര്‍ സ്‌ഫോടനത്തെക്കുറിച്ച അന്വേഷണം തങ്ങള്‍ ഏറ്റെടുത്തു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അവകാശപ്പെടുന്നത്. അതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും അന്വേഷണം തങ്ങള്‍ നടത്തുമെന്നാണ് സംസ്ഥാന പോലീസ് നിലപാട്. യഥാര്‍ഥത്തില്‍ ഈ അവ്യക്തത ഭരണകൂടത്തിന്റെ ഒരുതരം തട്ടിപ്പാണ്. ഒരേസമയം എന്‍.ഐ.എയും സംസ്ഥാന പോലീസും അന്വേഷണം നടത്തുക എന്നതാണതിലൂടെ സംഭവിക്കുന്നത്. അഥവാ ഗൂഢാലോചന ഒരു ഏജന്‍സിയും സ്‌ഫോടനം മറ്റൊരു ഏജന്‍സിയും അന്വേഷിക്കുക എന്നതാണ് അപ്പോള്‍ സംഭവിക്കുക. ഇത് അന്വേഷണത്തിന്റെ സത്യസന്ധതയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതിന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ അന്വേഷണത്തിന്റെ മറവില്‍ ഇരു ഏജന്‍സികള്‍ക്കും വ്യാപകമായ മുസ്‌ലിംവേട്ട നടത്താന്‍ കഴിയും. കാരണം, സ്‌ഫോടനത്തിനു പിന്നില്‍ ഹിസ്ബുല്‍ മുജാഹിദീനാണെന്ന് പോലീസ് ഇതിനകം തീര്‍പ്പിലെത്തിക്കഴിഞ്ഞിട്ടുണ്ടല്ലോ. അതല്ല, ഇനി അന്വേഷണം ഏതെങ്കിലും മുസ്‌ലിമേതര ഏജന്‍സിയിലേക്കോ ശക്തികളിലേക്കോ ആണ് നീങ്ങുന്നതെങ്കില്‍ മറ്റേ ഏജന്‍സി വഴി അന്വേഷണം അട്ടിമറിക്കാനും കഴിയും.
മക്കാ മസ്ജിദ് സ്‌ഫോടനകേസിന്റെ പരിണതിയാണ് നമ്മെ ഇത്തരം ആലോചനകളില്‍ എത്താന്‍ നിര്‍ബന്ധിക്കുന്നത്. സ്‌ഫോടനാനന്തരം അന്വേഷണം ഏറെ ഊര്‍ജിതമായിരുന്നു. ധാരാളം മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സംഘ്പരിവാര്‍ ശക്തികളാണ് സ്‌ഫോടനത്തിനു പിന്നിലെന്നു വെളിപ്പെട്ടപ്പോള്‍ അന്വേഷണത്തിന്റെ വേഗത നിലച്ചു. ഇപ്പോള്‍ തുടരന്വേഷണം തന്നെ നിലച്ച മട്ടാണ്. രാജ്യത്ത് നടന്ന വളരെ പ്രാധാന്യമുള്ള ഒരു സ്‌ഫോടനത്തിന്റെ പരിണിത ഫലമാണിതെന്ന് നാമോര്‍ക്കണം. അപ്പോള്‍ നമ്മുടെ ഭരണകൂടത്തിന്റെയും പോലീസിന്റെയും താല്‍പര്യം രാജ്യ സുരക്ഷയാണോ അതോ സുരക്ഷയുടെ പേരിലുള്ള മുസ്‌ലിം വേട്ടയാണോ എന്നതാണ് പ്രശ്‌നം.
ഹൈദരാബാദ് രാഷ്ട്രീയമായും നാഗരികമായും ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു നഗരമാണ്. മത സമൂഹങ്ങളുടെ ചരിത്രത്തിലും ഈ നഗരത്തിന് വലിയ പ്രസക്തിയുണ്ട്. വലിയ സാംസ്‌കാരിക മൂലധനമുള്ള ഒരു നഗരം കൂടിയാണിത്. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം ഏറെ ചരിത്ര പ്രാധാന്യമുള്ള ഒരു പ്രദേശം. ഹൈദരാബാദിലെ നിസാം ഭരണം ഇന്ത്യന്‍ നാഗരികതക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഉര്‍ദു ഭാഷയെ പോഷിപ്പിച്ച് കരുപ്പിടിപ്പിച്ചതില്‍ ഈ നഗരം വലിയ വങ്കുവഹിച്ചിട്ടുണ്ട്. സാമൂഹിക സഹിഷ്ണുതയുടെ എത്രയോ മുസ്‌ലിം അനുഭവങ്ങള്‍ ഇവിടെയുണ്ട്. അതേസമയം ഹൈദരാബാദ് ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ടൊരു പ്രശ്‌ന സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ്. മക്കാ മസ്ജിദ് സ്‌ഫോടനം, ചാര്‍മിനാര്‍ ക്ഷേത്ര വിവാദം, വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍, ഉവൈസി സഹോദരന്മാരുടെ അറസ്റ്റ്, ഒടുവില്‍ ദില്‍സുക് നഗര്‍ സ്‌ഫോടനം... ഇന്ത്യയിലെ സുപ്രധാനമായൊരു വാണിജ്യ നഗരവും ടൂറിസ്റ്റ് കേന്ദ്രവുമാണീ നഗരം. സര്‍വോപരി മുസ്‌ലിം ചരിത്ര പൈതൃകത്തിന്റെ വലിയ അവശേഷിപ്പുകള്‍ സംരക്ഷിക്കുന്ന നഗരം. ഇത്തരം ഭീകരാക്രമണങ്ങളും വര്‍ഗീയ അസ്വാസ്ഥ്യങ്ങളും ഹൈദരാബാദിന്റെ നട്ടെല്ല് തകര്‍ക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.
രാഷ്ട്രീയമായി കോണ്‍ഗ്രസ് പ്രതിസന്ധികള്‍ നേരിട്ടപ്പോഴെല്ലാം ഹൈദരാബാദില്‍ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വാസ്തവം. 1970-കള്‍ മുതല്‍ ഈ പ്രവണതയുണ്ട്. വലിയ രാഷ്ട്രീയ പ്രതിസന്ധിയാണിപ്പോള്‍ ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് അനുഭവിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയം കോണ്‍ഗ്രസ് തന്നെ ഉറപ്പിച്ചതാണ്. തെലുങ്കാന പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന്റെ കടന്നുകയറ്റം, മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിക്കെതിരെ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍, എം.ഐ.എമ്മിന്റെ പിന്തുണ പിന്‍വലിക്കല്‍... ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്നിട്ടു വേണം കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍. അത് അത്ര എളപ്പുമാവില്ല.
വിശാലമായ ഈ നഗരത്തിന്റെ ഏത് മൂലയിലേക്കും നിങ്ങള്‍ ഇപ്പോള്‍ ഇറങ്ങി നോക്കൂ. റോഡു നിറയെ പോലീസുകാര്‍. നഗരത്തില്‍ മൈക്ക് ഘടിപ്പിച്ച് രാപ്പകല്‍ ഭീകരാക്രമണത്തെക്കുറിച്ച പോലീസ് അറിയിപ്പുകള്‍. എല്ലായിടത്തും ചെക്കിംഗുകള്‍. അരക്ഷിതാവസ്ഥയാണ് ജനങ്ങളിലിത് സൃഷ്ടിക്കുന്നത്. മറുഭാഗത്ത് സ്‌ഫോടനത്തിനു പിന്നിലെ മുസ്‌ലിം തീവ്രവാദ ബന്ധത്തെക്കുറിച്ച നിറം പിടിപ്പിച്ച കഥകള്‍ മാധ്യമങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ ഇത് സൃഷ്ടിക്കുന്ന മനോഭാവം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
സ്‌ഫോടനത്തിനു പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണ് എന്ന കാര്യത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് തരിമ്പും സംശയമില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ പ്രതികരണമാണോ അതല്ല ഉവൈസി സഹോദരന്മാരുടെ അറസ്റ്റിന്റെ പ്രതികാരമാണോ എന്നതിലേ അവര്‍ക്ക് സംശയമുള്ളൂ. നമ്മുടെ മാധ്യമങ്ങള്‍ കേസ് അന്വേഷിക്കുന്നു, ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നു, പ്രതികളെ കണ്ടെത്തുന്നു, ശിക്ഷ വിധിക്കാനുള്ള അധികാരം കൂടി അവര്‍ക്കങ്ങ് നല്‍കിയാല്‍ പോലീസിനെയും ജുഡീഷ്യറിയെയും പിരിച്ചുവിട്ട് പൊതുഖജനാവിന് കോടികള്‍ ലാഭിക്കാമായിരുന്നു. പല ഭീകരാക്രമണങ്ങളിലും തങ്ങള്‍ അന്ന് വാതോരാതെ പറഞ്ഞതും എഴുതിയതും പരമാബദ്ധങ്ങളായിരുന്നു എന്നത് ഇപ്പോള്‍ സംയമനം പാലിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് തടസ്സമാകുന്നില്ല.
മക്കാ മസ്ജിദ് സ്‌ഫോടനത്തിനു പിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണെന്നു വെളിപ്പെട്ടിരിക്കെ, അതിനെ തുടര്‍ന്ന് ഏതാനും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് എന്ന യാഥാര്‍ഥ്യവുമുണ്ടായിരിക്കെ ദില്‍സുക് നഗര്‍ സ്‌ഫോടനത്തിനു പിന്നില്‍ അത്തരം ശക്തികളെ സംശയിക്കാന്‍ പോലും മാധ്യമങ്ങള്‍ സന്നദ്ധമല്ല. തെലുങ്ക് ഭാഷാ പത്രങ്ങള്‍ വലിയ മുന്‍ധാരണയോടെയാണ് വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഹൈദരാബാദിലെ മുസ്‌ലിംകളുടെ സംസാര ഭാഷയും മാധ്യമ ഭാഷയും ഉര്‍ദുവാണ്. മുസ്‌ലിം സംഘടനാ നേതാക്കളുടെയും സാമൂഹിക വിശാരദന്മാരുടെയുമെല്ലാം വിശകലനങ്ങളും പ്രതികരണങ്ങളും വരുന്നത് ഉര്‍ദു പത്രങ്ങളില്‍ മാത്രമാണ്. തെലുങ്ക് പത്രങ്ങളില്‍ ഇത് വെളിച്ചം കാണുന്നില്ല. ഇത് സൃഷ്ടിക്കുന്ന അന്തരീക്ഷം ഏറെ അപകടകരമാണ്.
'ആന്ധ്ര ജ്യോതി' എന്ന പത്രം ആന്ധ്രയിലെ ഏറ്റവും പ്രചാരമുള്ള തെലുങ്ക് പത്രങ്ങളിലൊന്നാണ്. അതില്‍ കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ മുന്‍ ഡി.ജി.പി തികച്ചും മുസ്‌ലിംവിരുദ്ധമായ ഒരു ലേഖനം എഴുതുകയുണ്ടായി. ലേഖകന്റെ തൂലികാ നാമത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വസ്തുതാപരമായി അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നു ആ ലേഖനം. ഖുര്‍ആനാണ് മുസ്‌ലിംകളെ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് എന്നു തുടങ്ങിയ ആരോപണങ്ങള്‍ വരെയുണ്ടായിരുന്നു അതില്‍. അദ്ദേഹത്തിന് ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനും അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ സംവാദത്തിനും സന്നദ്ധമാണെന്ന് പത്രസ്ഥാപനത്തിലേക്ക് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞു. അതുകൊണ്ട് എനിക്ക് ലേഖകന്റെ ഫോണ്‍ നമ്പര്‍ വേണം. അപ്പോള്‍ അവര്‍ ഒഴിഞ്ഞുമാറി. ലേഖകന്റെ തൂലികാ നാമം മാത്രമേ ഉള്ളൂവെന്നും ശരിയായ പേരും അഡ്രസ്സും നമ്പറും ഇവിടെയില്ലെന്നുമായിരുന്നു പത്രസ്ഥാപനത്തിന്റെ മറുപടി. ഇത്ര നിരുത്തരവാദപരമായാണോ നിങ്ങള്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നത്, അതും ഒരു സമൂഹത്തിനെതിരായ ഒട്ടനവധി പരാമര്‍ശങ്ങള്‍ ഉള്ള ലേഖനം എന്നായി എന്റെ ചോദ്യം. അതിനെല്ലാം അവര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അന്വേഷണത്തിനൊടുവില്‍ എനിക്കാളെ പിടികിട്ടി. മുന്‍ ഡി.ജി.പി അരവിന്ദറാവുവാണാ ലേഖനം എഴുതിയത്. പത്രക്കാര്‍ വെളിപ്പെടുത്താന്‍ മടികാണിച്ചതും അതുകൊണ്ടുതന്നെ.
ആന്ധ്രയില്‍ ബി.ജെ.പി രാഷ്ട്രീയമായി ഒരുവേള ദുര്‍ബലമാണെങ്കിലും, ഉദ്യോഗ മേഖലയില്‍ ആ മനഃസ്ഥിതി വെച്ചുപുലര്‍ത്തുന്നവര്‍ക്ക് വലിയ സ്വാധീനമുണ്ട്. അത്യധികം വര്‍ഗീയവത്കരിക്കപ്പെട്ട പോലീസ് സംവിധാനമാണ് സംസ്ഥാനത്തേത്. മക്കാ മസ്ജിദ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ പിന്നീട് വെളിപ്പെടുത്തിയ ഒരു കാര്യമുണ്ട്. പീഡിപ്പിക്കുന്ന വേളയില്‍ പോലീസ് അവരില്‍ പലരോടും ചോദിക്കുമായിരുന്നുവത്രെ, ഇപ്പോള്‍ നിങ്ങളുടെ അല്ലാഹു നിങ്ങളെ രക്ഷിക്കുമോ എന്ന്. പിന്നെ ഹേ റാം എന്നു പറയാന്‍ നിര്‍ബന്ധിക്കും. അതേറ്റു ചൊല്ലിയാല്‍ പീഡനത്തിന് താല്‍ക്കാലിക ശമനമുണ്ടാകും. അല്ലാഹുവാണോ അതല്ല രാമനാണോ പീഡനത്തില്‍നിന്നും രക്ഷിച്ചത് എന്നാകും പോലീസിന്റെ അടുത്ത ചോദ്യം.
സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ ശിക്ഷിക്കാന്‍ ഭരണകൂടം സന്നദ്ധമാകാത്തേടത്തോളം രാജ്യസുരക്ഷ കെട്ടുകഥയായി തുടരും.
Comments