Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 23

നമ്മുടെ ചിന്തകളാണ് നമ്മെ നിര്‍മിക്കുന്നത്‌

ശൈഖ് മുഹമ്മദുല്‍ ഗസ്സാലി

നിമിഷങ്ങള്‍ കൊണ്ടാണ് നമ്മുടെ ജീവിതത്തില്‍ സന്തോഷവും ദുഃഖവും മാറിമാറി വരുന്നത്. എപ്പോഴും ആഹ്ലാദകരമായ ജീവിതചുറ്റുപാടുള്ളവര്‍ വളരെ ചുരുക്കം. ഒരിക്കല്‍ സമാധാനാന്തരീക്ഷം ഉണ്ടാവുമ്പോള്‍ മറ്റു ചിലപ്പോള്‍ ഉത്കണ്ഠകളാണ് നമ്മെ വേട്ടയാടുക. എന്നാല്‍, നാം തന്നെയാണ് ജീവിതത്തിന് സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിറം പകരുന്നതെന്ന് ഓര്‍ക്കുക. അഥവാ, ജിവിതത്തോടുള്ള മാനസിക സമീപനമാണ് നമ്മുടെ ജീവിതവിധികളെ നിയന്ത്രിക്കുന്നത്. ഗ്ലാസിലുള്ള ദ്രാവകത്തിന്റെ നിറമനുസരിച്ച് ഗ്ലാസിന്റെ നിറം മാറുന്നതുപോലെ.
രോഗം ബാധിച്ച് അവശനായ ഗ്രാമീണനെ പ്രവാചകന്‍ (സ) ഒരിക്കല്‍ സന്ദര്‍ശിക്കുകയുണ്ടായി. അയാളെ ആശ്വസിപ്പിച്ചുകൊണ്ട് റസൂല്‍ (സ) പറഞ്ഞു: ''വിഷമിക്കേണ്ട, അല്ലാഹു അനുഗ്രഹിച്ചാല്‍ രോഗത്തിന് തീര്‍ച്ചയായും ശമനമുണ്ടാവും.'' എന്നാല്‍, ആ ഗ്രാമീണന്‍ പറഞ്ഞതിങ്ങനെ: വൃദ്ധനായ എന്നെ അസ്വസ്ഥപ്പെടുത്തുന്ന ഈ രോഗം എന്നെ കുഴിമാടത്തിലാണ് കൊണ്ടെത്തിക്കുക.
റസൂല്‍ (സ) പറഞ്ഞു: അതെ, അങ്ങനെത്തന്നെ സംഭവിക്കും.
ജീവിതാവസ്ഥകളോട് മനുഷ്യനുണ്ടാവുന്ന മാനസിക സമീപനങ്ങളാണ് കൂടുതലായും അവന്റെ പ്രവര്‍ത്തനങ്ങളുടെ പരിണതിയെ തീരുമാനിക്കുന്നതെന്ന് തെളിയിക്കാന്‍ ഈ ചരിത്രസംഭവം ധാരാളം മതി. തന്റെ രോഗത്തോട് ഗ്രാമീണന്‍ കാണിക്കുന്ന സമീപനം നെഗറ്റീവ് ആയതുകൊണ്ട്, അതെ നിങ്ങളുടെ മനസ്സ് പോലെത്തന്നെ സംഭവിക്കുമെന്ന മറുപടിയാണ് റസൂല്‍ (സ) അയാള്‍ക്ക് നല്‍കുന്നത്.
ഖുര്‍ആന്‍ രണ്ട് വിഭാഗം ഗ്രാമീണ അറബികളെക്കുറിച്ചും ധനം ചെലവഴിക്കുന്നതില്‍ അവരുടെ സമീപനത്തെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ: ''ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്‍ഥന ലഭിക്കാനുമുള്ള മാര്‍ഗമായി കാണുന്നു. അറിയുക: തീര്‍ച്ചയായും അതവര്‍ക്ക് ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്'' (ഖുര്‍ആന്‍ 9:98,99).
സൂക്തങ്ങളില്‍ സൂചിപ്പിച്ച രണ്ട് വിഭാഗവും തങ്ങള്‍ക്ക് നിര്‍ബന്ധമായ സകാത്ത് കൊടുത്തു വീട്ടുന്നവരാണ്. എന്നാല്‍ ആദ്യം സൂചിപ്പിച്ച വിഭാഗം സകാത്ത് ബാധ്യത നിര്‍വഹിക്കുന്നത് വളരെ പ്രയാസത്തോടെയാണ്. തങ്ങളില്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു പിഴയായാണ് അതിനെയവര്‍ കാണുന്നത്. അതിനാല്‍ തന്നെ തികച്ചും പ്രതികൂലമായ സാഹചര്യമാണ് അവര്‍ക്കുണ്ടാവാന്‍ പോവുന്നതെന്ന് ഖുര്‍ആന്‍ സൂചിപ്പിച്ചു. അതേസമയം വിശ്വാസികളായ രണ്ടാമത്തെ വിഭാഗം പൂര്‍ണ സംതൃപ്തിയോടെയാണ് തങ്ങളുടെ ബാധ്യത നിര്‍വഹിക്കുന്നത്. റസൂല്‍ (സ) തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നാണ് അവരുടെ ആഗ്രഹം. അതിനാല്‍ തന്നെ അല്ലാഹുവിന്റെ സാമീപ്യവും അനുഗ്രഹവും ഇവര്‍ക്ക് ലഭിക്കുമെന്ന സന്തോഷവാര്‍ത്തയാണ് ഖുര്‍ആന്‍ നല്‍കുന്നത്. ചുരുക്കത്തില്‍ ഒരാളുടെ കര്‍മം ശ്രേഷ്ഠകരമാവുന്നത്, അല്ലെങ്കില്‍ അയാള്‍ ശ്രേഷ്ഠനാവുന്നത് പ്രവൃത്തിയിലെ അയാളുടെ ഉദ്ദേശ്യവും ലക്ഷ്യവും അനുസരിച്ചാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
അമേരിക്കന്‍ എഴുത്തുകാരനും വ്യക്തിത്വ വികസനത്തെക്കുറിച്ച് നൂതന ചിന്തകള്‍ സമര്‍പിച്ച പ്രശസ്ത പ്രഭാഷകനുമായ ഗെയില്‍ കാര്‍നേഗ് പറഞ്ഞു: നമ്മുടെ ചിന്തകളാണ് നമ്മെ നിര്‍മിക്കുന്നത്. മാനസിക സമീപനങ്ങളാണ് നമ്മുടെ ജീവിതവിധികളെ നിര്‍ണയിക്കുന്നത്.
അതേസമയം, പ്രവര്‍ത്തനങ്ങളില്‍ മേല്‍ സൂചിപ്പിച്ച പോലുള്ള പോസിറ്റീവായ സമീപനങ്ങളും ചിന്തകളും സ്വീകരിക്കുന്നിടത്താണ് നാം പലപ്പോഴും പരാജയപ്പെടുന്നത്. ഇക്കാര്യത്തില്‍ വിജയം കൈവരിക്കാനായാല്‍ സംശയമില്ല, എന്ത് പ്രശ്‌നവും നമുക്ക് നേരിടാനാവും.
അതെ, ആഹ്ലാദം പകരുന്ന ചിന്തകളാണ് നമ്മുടേതെങ്കില്‍ സംശയമില്ല, ജീവിതം സന്തോഷകരമാവും. ദുഃഖകരമായ ചിന്തകളാണ് നമ്മുടേതെങ്കില്‍ ജീവിതം ദുഃഖകരമാവും. പ്രവര്‍ത്തനങ്ങളില്‍ ആര്‍ജവമില്ലാത്ത സമീപനങ്ങളാണ് നമ്മില്‍ നിന്നുണ്ടാവുന്നതെങ്കില്‍ ഉറപ്പായും നമ്മുടെ മുന്നോട്ടുള്ള പോക്ക് ഒരുതരം ഭയം ബാധിച്ച പോലെയായിരിക്കും. ചിന്തകള്‍ ആരോഗ്യകരമല്ലാതാവുമ്പോള്‍ നാമും രോഗാതുരരാവും. വിജയപ്രതീക്ഷ ഇല്ലാതാവുമ്പോഴാണ് പലപ്പോഴും നമുക്ക് പരാജയം പിണയുന്നത്. സ്വന്തത്തെക്കുറിച്ച് ആത്മവിശ്വാസം ഇല്ലാതാവുമ്പോഴാണ് ജനം നമ്മെ അവഗണിക്കുന്നതെന്ന് നാം തിരിച്ചറിയണം. പ്രമുഖ അമേരിക്കന്‍ എഴുത്തുകാരനും 'positive thinking'-ന്റെ ഉപജ്ഞാതാവുമായ നോര്‍മന്‍ പീലെ പറയുന്നത് കാണുക: നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയല്ല യഥാര്‍ഥത്തില്‍ നിങ്ങള്‍. മറിച്ച് നിങ്ങളുടെ ചിന്തയാണ് നിങ്ങളെ നിര്‍മിക്കുന്നത്.
നല്ല ചിന്തകളും പോസിറ്റീവായ മാനസിക സമീപനങ്ങളും ഉള്ളവര്‍ക്കേ ഉത്തമമായ ഒരു രാഷ്ട്രനിര്‍മിതിക്ക് നേതൃപരമായി പങ്ക് വഹിക്കാനാവൂ. അതിനാല്‍ മികച്ച ചിന്തയും ആശയങ്ങളും കണ്ടെത്താനാണ് നാം സമയം കണ്ടെത്തേണ്ടത്. അവ നമ്മുടെ ജീവിതത്തെ പുഷ്‌കലമാക്കും. മഴ ഊഷരഭൂമിയെ ജീവസുറ്റതാക്കുന്നതുപോലെ. മാനസികവും ആത്മീയവുമായ ഒരു മാറ്റം അത്തരം ചിന്തകളിലൂടെ നമുക്കുണ്ടാവും. നമ്മുടെ ജീവിതത്തെ നന്മയില്‍ ഊട്ടിയുറപ്പിക്കാന്‍ അത്യന്താപേക്ഷിതവുമാണ് ആത്മീയമായ ആ മാറ്റം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ'' (അര്‍റഅ്ദ് 11).
വിവ: എസ്.എ ജലീല്‍ [email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 19 - 21)
എ.വൈ.ആര്‍