കവിത പോലെ വായിക്കാവുന്ന 'ദ ഫസ്റ്റ് മുസ്‌ലിം'
ബ്രിട്ടീഷ് അമേരിക്കന്‍ എഴുത്തുകാരി ലെസ്‌ലി ഹാസ്‌ലെറ്റന്‍ എന്ന ജൂത വനിതയുടെ പേനത്തുമ്പില്‍ നിന്നും ഒരു പുതിയ ജീവചരിത്രം പിറന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവചരിത്രമാണ് ജനുവരി 24 നു അമേരിക്കയിലെ സിയാറ്റിലില്‍ 'ദ ഫസ്റ്റ് മുസ്‌ലിം' എന്ന പേരില്‍ വായനക്കാര്‍ക്ക് സമര്‍പ്പിച്ചത്. ഇസ്‌ലാമിനെക്കുറിച്ച് ഒരു പാട് ഗ്രന്ഥങ്ങള്‍ രചിച്ച കാരന്‍ ആംസ്‌ട്രോങ്ങിനു ഒരു പിന്‍ഗാമി ആവുമോ ലെസ്‌ലി എന്നാണു മാധ്യമ ലോകം ഉറ്റുനോക്കുന്നത്.
1945-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ലെസ്‌ലി 1994-ല്‍ അമേരിക്കന്‍ പൗരത്വം നേടുകയായിരുന്നു. 1966 മുതല്‍ 1979 വരെ ജറൂസലമിലും 1979 മുതല്‍ 1992 വരെ ന്യൂയോര്‍ക്ക് സിറ്റിയിലും ജീവിച്ച ലെസ്‌ലി തന്റെ യൗവന കാലത്തെ സ്വയം വിശേഷിപ്പിക്കുന്നത് ഒരു ജൂത റബ്ബിയാവാന്‍ സ്വപ്നം കണ്ടു നടന്ന ഒരു കോണ്‍വെന്റ് പെണ്‍കുട്ടിയായാണ്. അതേസമയം താന്‍ ഒരു സംഘടിത മതത്തിലും താല്‍പര്യമില്ലാത്ത സന്ദേഹവാദിയാണെന്നും തന്റെ ബ്ലോഗില്‍ ലെസ്‌ലി പറയുന്നുണ്ട്.
അമേരിക്കയില്‍ നിന്ന് ബി.എ ബിരുദവും ജറൂസലമിലെ ഹിബ്രു യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മനഃശാസ്ത്രത്തില്‍ എം.എ ബിരുദവും നേടിയ ലെസ്‌ലി പിന്നീട് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കാന്‍ വേണ്ടി സിയാറ്റിലിലേക്ക് മാറി താമസിക്കുകയായിരുന്നു. ഇപ്പോള്‍ സിയാറ്റിലിലെ ഒരു തടാകത്തില്‍ സ്വന്തം ഹൗസ്‌ബോട്ടില്‍ മത താരതമ്യ പഠനത്തിലും പുസ്തക രചനയിലും മുഴുകിയിരിക്കുകയാണ്.
2010 മുതല്‍ 'ആക്‌സിഡന്റല്‍ തിയോളജിസ്റ്റ്' എന്ന പേരിലുള്ള ബ്ലോഗിലൂടെ തന്റെ ചിന്തകളും ആശയങ്ങളും വായനക്കാരുമായി പങ്കുവെക്കുകയാണവര്‍. 2005-ലെ 'വാഷിംഗ്ടണ്‍ റൈറ്റേഴ്‌സ്' അവാര്‍ഡ്, 2011-ലെ 'സ്‌ട്രെയ്‌ഞ്ചേഴ്‌സ് ജീനിയസ്' അവാര്‍ഡ് തുടങ്ങിയവ ലെസ്‌ലിക്ക് ലഭിച്ച അംഗീകാരങ്ങളില്‍ ചിലത് മാത്രമാണ്.
മധ്യപൗരസ്ത്യ ദേശങ്ങളിലെ രാഷ്ട്രീയവും മതവുമൊക്കെയാണ് ലെസ്‌ലിയുടെ വിഷയങ്ങള്‍. 2011-ല്‍ രചിച്ച 'ആഫ്റ്റര്‍ ദ പ്രോഫറ്റ്-ദ എപിക് സ്റ്റോറി ഓഫ് ഷിയാ സുന്നി സ്പ്ലിറ്റ്' എന്ന പുസ്തകം ഏറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും പാശ്ചാത്യ നിരൂപകരുടെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു.
പ്രസ്തുത പുസ്തകത്തിന്റെ ചരിത്രപരമായ ആധികാരികതയെക്കുറിച്ച് ഉണ്ടായേക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തി അതിന്റെ സാഹിത്യഭംഗി ആസ്വദിക്കുന്ന ഒരു വായനക്കാരന് ഒരു അമൂല്യ ഗ്രന്ഥം തന്നെയാണ് 'ആഫ്റ്റര്‍ ദ പ്രോഫറ്റ്.' ഒരു കവിത പോലെ വായിച്ചു പോകാവുന്ന ലെസ്‌ലിയുടെ ആഖ്യാന രീതി ജനുവരി 25-നു പുറത്തിറങ്ങിയ 'ദ ഫസ്റ്റ് മുസ്‌ലിം' എന്ന നബി ചരിത്ര രചനയിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുസ്തകത്തിന്റെ കരടു വായിച്ച നിരൂപകര്‍ എഴുതുന്നത്.
'ദ ഫസ്റ്റ് മുസ്‌ലിം' മറ്റു നബി ചരിത്ര രചനകളില്‍ നിന്നും വ്യത്യസ്തമാവുന്നത് എങ്ങനെയെന്ന് ലെസ്‌ലി തന്റെ ബ്ലോഗിലും thefirstmuslim. com എന്ന ഇന്റര്‍നെറ്റ് പേജിലും വിശദീകരിക്കുന്നുണ്ട്. സാമ്പ്രദായിക ജീവചരിത്ര രചനാ രീതികളില്‍ നിന്ന് വ്യത്യസ്തമായി, മുഹമ്മദ് എന്ന അനാഥ ബാലന്‍ ഒരു രാഷ്ട്ര നായകനായി മാറിയതിനു പിന്നിലെ വ്യക്തിപ്രഭാവവും അതിന്റെ സ്വധീനവുമൊക്കെയാണു ലെസ്‌ലി പഠനവിധേയമാക്കുന്നത്.
2011 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഇസ്‌ലാമിക് സെന്റര്‍ ഓഫ് അമേരിക്കയില്‍ ഒരു നബിദിനാഘോഷത്തില്‍ പങ്കെടുത്ത് ലെസ്‌ലി സാമാന്യം നീണ്ട പ്രഭാഷണം നടത്തുകയുണ്ടായി. 'മുഹമ്മദ് നബിയുടെ വിഷയത്തില്‍ മാനുഷ്യകത്തിനു പറ്റിയ തെറ്റ്' എന്ന കാര്യത്തിലായിരുന്നു പ്രഭാഷണം.
നവീന ആശയങ്ങളും ചിന്തകളും അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന അമേരിക്കയിലെ TED എന്ന വേദിയില്‍ രണ്ടു തവണ പ്രഭാഷണങ്ങള്‍ നടത്താന്‍ ലെസ്‌ലിക്ക് സാധിച്ചിട്ടുണ്ട്. 2010-ല്‍ ഖുര്‍ആനെക്കുറിച്ചും 2012-ല്‍ മുഹമ്മദ്‌നബിയെക്കുറിച്ചുമായിരുന്നു അത്. 2008 ഫെബ്രുവരിയില്‍ TED പുരസ്‌കാരം ഏറ്റുവാങ്ങിയ കാരന്‍ ആംസ്‌ട്രോങിനെപ്പോലെ ലെസ്‌ലി ഹാസ്‌ലെറ്റനെ ഒരുപാട് പുരസ്‌കാരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Comments