എന്തിനാണ് ഒരേസമയം രണ്ട് പ്രോഫ്‌കോണ്‍
ഒരാള്‍ക്ക് അയാളുടെ അതേ രൂപത്തിലും കോലത്തിലും അപരന്‍ ഉണ്ടായാല്‍ എങ്ങനെയിരിക്കും? അപരനാണെങ്കില്‍ ഒറിജിനലിനെ വെല്ലുംവിധം അയാളുടെ ശൈലികളും പ്രവൃത്തികളും അനുകരിച്ച് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക കൂടി ചെയ്താല്‍? ചില ഇംഗ്ലീഷ് നോവലുകളിലും സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ഒറിജിനലും അതിനെ വെല്ലുന്ന അപരനും തമ്മിലുള്ള പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്ന കാഴ്ചകള്‍ക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരള മുജാഹിദ് സംഘടനകള്‍ വേദികളൊരുക്കുന്നത്. ഇതിന്റെ അവസാനത്തെ എപ്പിസോഡായിരുന്നു ഒരേ സംഘടനയുടെ പേരില്‍ ഒരേ ദിവസങ്ങളില്‍ രണ്ട് വിഭാഗങ്ങള്‍ മലപ്പുറത്തും കോഴിക്കോട്ടുമായി നടത്തിയ പ്രോഫ്‌കോണുകള്‍. ആരാണ് ഒറിജിനല്‍, ആരാണ് അപരന്‍ എന്ന് മുസ്‌ലിം സംഘടനാ പരിപാടികള്‍ സ്ഥിരം വീക്ഷിക്കുന്നവര്‍ക്ക് പോലും പെട്ടെന്ന് തിരിച്ചറിയുക അസാധ്യം. കേരളത്തിലെ കുഗ്രാമങ്ങളിലും നഗരങ്ങളിലും പതിച്ച പോസ്റ്ററുകളും ബാനറുകളും ഒരേ ഡിസൈനില്‍ തീര്‍ത്തത്. വേദികളുടെ സ്ഥലങ്ങളില്‍ മാത്രമാണ് വ്യത്യാസം.
ഉള്ളത് പറയണമല്ലോ, പ്രഫഷണല്‍ വിദ്യാര്‍ഥികളുടെ സംസ്‌കരണവും തര്‍ബിയത്തുമായിരുന്നു ഇരു പ്രോഗ്രാമുകളുടെയും അജണ്ട. വിദ്യാര്‍ഥികളുടെ പഠനരംഗമുള്‍പ്പെടെയുള്ള ആത്മീയ ഭൗതിക ജീവിതത്തിന് ദിശാബോധം നല്‍കുന്ന ക്ലാസ്സുകളും പ്രഭാഷണങ്ങളും ഉള്ളടക്കമായി ചേര്‍ക്കുകയും ചെയ്തിരുന്നു. ഒരേ സമയം തന്നെ വ്യത്യസ്ത വേദികളിലും ഭാഷകളിലും പ്രോഗ്രാമുകള്‍ നടത്തി സമ്മേളനം അതിന്റെ പ്രഫഷനലിസം പ്രകടിപ്പിക്കുകയും ചെയ്തു.
ഉദ്ഘാടന സെഷന്‍ ഗംഭീരമാക്കാന്‍ ഇരു വിഭാഗവും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവെച്ചത്. വിദേശ പ്രതിനിധികള്‍, വ്യത്യസ്ത രംഗങ്ങളിലെ ദേശീയ പ്രാദേശിക പ്രമുഖര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരെയെല്ലാം സ്വന്തം വേദികളിലെത്തിക്കാന്‍ ഇരു വിഭാഗവും കാലേക്കൂട്ടി പ്രയത്‌നിച്ചതിന്റെ ഫലമായി അവരെല്ലാം വന്ന് വേദിയറിഞ്ഞ് ഉപദേശ നിര്‍ദേശങ്ങളും ആശംസകളും വേണ്ടവിധം നേരുകയും ചെയ്തു. ഇതിനിടെ മലപ്പുറത്ത് നടക്കുന്ന പ്രോഫ്‌കോണിന് ഔദ്യോഗികമായി യാതൊരു സംഘടന ബന്ധവുമില്ലെന്നും ബാനറുകള്‍ കണ്ട് ആരും വഞ്ചിതരാവരുതെന്നും പത്രമാധ്യമങ്ങളില്‍ ഔദ്യോഗിക വിഭാഗം പരസ്യം വഴി പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി. അപ്പോഴാണ് കോഴിക്കോട് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടകനായി വരേണ്ട അമേരിക്കയിലെ പ്രമുഖ പണ്ഡിതന്‍ അബ്ദുര്‍റഹിം മെക്കാര്‍ക്കി താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ചത്. കാരണങ്ങള്‍ പലതും പൊന്തിവരുന്നതിനിടെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കോണ്‍ഫറന്‍സ് ഡ്രാമയാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് താന്‍ പിന്മാറിയതെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. അതോടെ ഒരു വിഭാഗം ഇത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വ്യാപകമായി പ്രചരിപ്പിച്ചു.
പങ്കാളിത്തം വര്‍ധിപ്പിക്കുക ഇതോടെ ഇരു വിഭാഗത്തിനും അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമായി. പ്രഫഷണല്‍ സ്റ്റുഡന്‍സ് മീറ്റ് അങ്ങനെ ആരെയും കൊണ്ടു വന്ന് വേദി നിറക്കുന്ന മത്സരക്കളമായി മാറി. രണ്ടിടത്തും പങ്കാളിത്തം പ്രതീക്ഷിച്ചതിലും നിറഞ്ഞുകവിയുകയും ചെയ്തു.
സത്യത്തില്‍ ഇവിടെ ആരാണ് പരാജയപ്പെട്ടത്? അപരനോ ഒറിജിനലോ? അതോ മുസ്‌ലിം സമൂഹം ഒന്നടങ്കമോ? ലക്ഷങ്ങള്‍ ചെലവഴിച്ച് മികച്ച ഭൗതിക സൗകര്യങ്ങളൊരുക്കി നടത്തിയ ഇരു കോണ്‍ഫറന്‍സുകളും കഴിഞ്ഞപ്പോള്‍ അത് കേരളീയ മുസ്‌ലിം സമൂഹത്തിന് നല്‍കിയ സന്ദേശമെന്താണ്? പൊതു സമൂഹം എങ്ങനെയാണ് ഈ സമ്മേളനങ്ങളെ നോക്കിക്കണ്ടത്? ഇനിയും പൂര്‍വാധികം ശക്തിയോടെ തുടരാനുദ്ദേശിക്കുന്ന വാശിയും പകയും നിറഞ്ഞ ഈ സംഘടനാ സമ്മേളനങ്ങള്‍ ആത്മാര്‍ഥമായി ഇസ്‌ലാഹി ധാരയെ സ്‌നേഹിക്കുന്ന ദീനീ സ്‌നേഹികള്‍ എങ്ങനെയാണ് വിലയിരുത്തുക? ഒട്ടും പ്രതിപക്ഷ ബഹുമാനമില്ലാതെയും ഔചിത്യബോധമില്ലാതെയും നടത്തുന്ന ഇത്തരം പരിപാടികള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ ഇരു വിഭാഗങ്ങളിലെയും പണ്ഡിതന്മാര്‍ക്ക് സാധിക്കുമോ? സ്വന്തമായ അജണ്ടകളും പരിപാടികളുമായി അണികളെയും പ്രവര്‍ത്തകരെയും ഊര്‍ജസ്വലരാക്കി നിര്‍ത്താന്‍ ഏത് സംഘടനക്കും സ്വാതന്ത്ര്യമുണ്ട്. മറ്റു സംഘടനകളെയും കൂട്ടായ്മകളെയും ശത്രുപക്ഷത്ത് നിര്‍ത്താതെയും അവരെ ആക്ഷേപിക്കാതെയും ഇസ്‌ലാഹി അജണ്ടകളുമായി മുന്നോട്ടുപോകാന്‍ എല്ലാവര്‍ക്കും സാധ്യവുമാണ്. ഇതിന് മുമ്പും ഇസ്‌ലാമിക സംഘടനകള്‍ ലോകത്തിന്റെ പല ഭാഗത്തും പിളര്‍ന്നിട്ടുണ്ട്. കൂട്ടമായി പലരും സംഘടന വിട്ടുപോയിട്ടുണ്ട്. പലരും പുറത്താക്കപ്പെട്ടിട്ടുമുണ്ട്. അവരൊന്നും തങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ പേരും ചിഹ്നവും ഉപയോഗിക്കുകയല്ല പിന്നീട് ചെയ്തിട്ടുള്ളത്. അവര്‍ നിയമാനുസൃതം മറ്റൊരു പേരില്‍ സംഘടനയുണ്ടാക്കി മുന്നോട്ട് പോവുകയായിരുന്നു. ആ ഒരു മാന്യതയും പ്രതിപക്ഷ ബഹുമാനവുമെങ്കിലും നിലനിര്‍ത്താന്‍ കേരളത്തിലെ ഇസ്‌ലാഹി സംഘടനകള്‍ക്കും പണ്ഡിതന്മാര്‍ക്കും സാധിക്കേണ്ടതുണ്ട്. അതല്ലാതെ, അണികളെ പങ്കിട്ടെടുക്കാനുള്ള ഇത്തരം കിടമത്സരങ്ങളും വിഭാഗീയ പ്രവര്‍ത്തനങ്ങളും ഇസ്‌ലാഹി പ്രസ്ഥാനത്തെ സമൂഹത്തിലും സമുദായത്തിലും കൂടുതല്‍ പരിഹാസമാക്കാനേ ഉപകരിക്കൂ. ഇത് ഇങ്ങനെ തുടരാനാണ് ഭാവമെങ്കില്‍ വിനാശകാലേ വിപരീതബുദ്ധി എന്നേ പറയാനുള്ളൂ.
Comments