Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

സ്വാമി വിവേകാനന്ദനെ തന്നിഷ്ടത്തിന് വ്യാഖ്യാനിക്കുകയായിരുന്നു സര്‍വരും

'വിവേകാനന്ദന്‍ ഉദാര ഹൃദയനായ പാരമ്പര്യവാദി' എന്ന ശീര്‍ഷകത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എഴുതിയലേഖനം (ലക്കം 36) ആ മഹാത്മാവിനെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ സഹായിച്ചു. അദ്ദേഹത്തിന്റെ ഹൃദയവിശാലത വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത ലേഖനം. കുരുടന്‍ ആനയെക്കണ്ടപോലെ ഓരോ കൂട്ടരും അദ്ദേഹത്തെ ഇഷ്ടം പോലെ വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ഥമായ ഒരു ചിത്രം ഈ ലേഖനത്തിലൂടെയാണ് ലഭിച്ചത്.
അബു നന്മണ്ട

ആചാരി തിരുവത്ര
കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണത്തിന് വിധേയമായി വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ദീര്‍ഘവീക്ഷണവും, അദ്ദേഹം ആഹ്വാനം ചെയ്ത, മാധ്യമങ്ങള്‍ മാറ്റത്തിന് തയാറാവണം എന്ന സത്യവാചകവും ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.

റഹിം കെ. പറവന്നൂര്‍/
ലക്കം 38-ലെ പ്രഫ. നഫീസത്ത് ബീവിയുടെ 'ഹജ്ജിന്റെ ദാര്‍ശനിക മാനങ്ങള്‍' വായിച്ചു. പ്രവാചക ഗുരുവര്യന്മാരുടെ പാദസ്പര്‍ശമേറ്റ മക്കയുടെ മണല്‍ത്തരികളെ ഹജ്ജ് തീര്‍ഥാടകരുടെ നഗ്നപാദങ്ങളാശ്ലേഷിക്കുമ്പോള്‍ ചരിത്രത്തിന്റെ നിലക്കാത്ത കണ്ണികളാണവര്‍ വിളക്കിച്ചേര്‍ക്കുന്നത്. മാനുഷ്യകത്തിന്റെ ഏകാത്മകത വിളംബരം ചെയ്യുന്നതുകൊണ്ടാണ് കഅ്ബയും ഹജ്ജുമൊക്കെ മനുഷ്യരെയൊന്നടങ്കം അഭിസംബോധന ചെയ്യുന്ന ദൈവിക ചിഹ്നങ്ങളാകുന്നത്.

ഫാഷിസ്റ്റുകള്‍ക്ക് രുചിക്കാത്തതൊന്നും ഇനി ഷിന്‍ഡെ ഉറക്കത്തില്‍ പോലും
പറഞ്ഞേക്കില്ല

ബി.ജെ.പിയുടെ അംഗീകാരം വാങ്ങിയ ശേഷമാണ് ഹിന്ദുത്വ ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ പ്രസ്താവന ഇറക്കിയതെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ്! തന്റെ സാന്നിധ്യത്തില്‍ ബി.ജെപി നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് ഷിന്‍ഡെയുടെ പ്രസ്താവനയുടെ കരട് തയാറാക്കിയതെന്ന് മന്ത്രി വിശദീകരിക്കുന്നതിങ്ങനെ: ''തങ്ങള്‍ തയാറാക്കിയ പ്രസ്താവനയുടെ ചില ഭാഗങ്ങളില്‍ ബി.ജെ.പി നിര്‍ദേശിച്ചപോലെ മാറ്റം വരുത്തി. ഇതാണ് നിങ്ങള്‍ പറയേണ്ടതെന്ന് അവര്‍ പറഞ്ഞു. ഷിന്‍ഡെ ഒ.കെ പറഞ്ഞു.''
രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ പാര്‍ട്ടി എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ നിര്‍ണായകമായ പല ഘട്ടങ്ങളിലും ഈ മതേതര പാര്‍ട്ടി ഹൈന്ദവ ഫാഷിസത്തിന് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. ഗുജറാത്തില്‍ ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍, വംശഹത്യാവീരനായ നരേന്ദ്രമോഡിക്കെതിരെ മൗനം ദീക്ഷിച്ചത് ഒടുവിലത്തെ ഉദാഹരണം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ അരങ്ങേറിയ നൂറുകണക്കില്‍ വര്‍ഗീയ കലാപങ്ങളില്‍, തീവ്രവര്‍ഗീയ ലോബിയായ ആര്‍.എസ്.എസിന്റെ സജീവ പങ്ക് ഒട്ടേറെ അന്വേഷണ കമ്മീഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇടക്കാലത്ത് അരങ്ങ് തകര്‍ത്ത പല സ്‌ഫോടന സംഭവങ്ങളിലും ഹൈന്ദവ ഭീകരതയുടെ കൈകള്‍ വെളിവാക്കപ്പെട്ട പശ്ചാത്തലത്തില്‍ ഷിന്‍ഡെയുടെ വെട്ടിത്തുറന്ന പ്രഖ്യാപനം സന്ദര്‍ഭോചിതവും, സത്യസന്ധവും ധീരവുമായിരുന്നു. എന്നാല്‍, ഹൈന്ദവ ഭീകരത എടുത്ത്കാട്ടിയ മന്ത്രി, ഫാഷിസത്തിന്റെ കണ്ണുരുട്ടലിന് മുന്നില്‍ ഭീരുവായി ക്ഷമാപണം ചെയ്യുന്ന ദൃശ്യമാണ് നമുക്ക് കാണേണ്ടിവന്നത്.
ചെയ്തുപോയ പ്രസ്താവനയില്‍ നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുന്നതും ക്ഷമാപണം നടത്തുന്നതും നമുക്ക് പുതുമയല്ല. എന്നാല്‍ ഇവിടെ ഇതാ ഹിന്ദുത്വ ഭീകരതയുടെ തേരാളികള്‍ എഴുതിക്കൊടുത്ത ക്ഷമാപണത്തിന്റെ വരികള്‍ക്ക് താഴെ മതേതര ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി വിനയാന്വിതനായി ഒപ്പ് വെച്ചുകൊടുത്തിരിക്കുന്നു! മതേതര പാര്‍ട്ടിയുടെ ഈ ഫാഷിസ്റ്റ് ദാസ്യം എന്തുമാത്രം നിര്‍ഭാഗ്യകരവും ലജ്ജാകരവുമല്ല! ഹൈന്ദവ വര്‍ഗീയതയുടെ അജണ്ടകളാണ് കോണ്‍ഗ്രസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന ആരോപണത്തെ ശരിവെക്കുന്നു ഷിന്‍ഡെയുടെ ഈ മലക്കം മറിച്ചില്‍ .
റഹ്മാന്‍ മധുരക്കുഴി

ആരുടെ മുന്നില്‍ മികച്ചുനില്‍ക്കാനാണ്
സല്‍ക്കാരങ്ങളിലെ ഈ ആഡംബരങ്ങള്‍

വിവാഹവുമായി ബന്ധപ്പെട്ട സല്‍ക്കാരങ്ങള്‍ നമ്മുടെ നാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്നു. പണക്കാര്‍ക്ക് സമൂഹത്തിലെ തന്റെ സ്റ്റാറ്റസ് പ്രകടിപ്പിക്കാനുള്ള വേദിയായി വിവാഹ സല്‍ക്കാര വേളകളെ മാറ്റിയിരിക്കുന്നു. ഈയിടെ ഒരു സല്‍ക്കാരത്തില്‍ പങ്കെടുക്കാനിടയായി. വലിയ നഗരങ്ങളില്‍ കാണാറുള്ള കാര്‍ണിവലിന്റെ പ്രതീതിയായിരുന്നു കല്യാണ മണ്ഡപത്തിനകം. എങ്ങും സംഗീതത്തിന്റെ ശബ്ദകോലാഹലം. വിശാലമായ ഹാളിനിരുവശവും ഭക്ഷണ സ്റ്റാളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചപ്പാത്തി, ചോറ്, ഗീറൈസ്, ചിക്കന്‍-മട്ടന്‍ ബിരിയാണികള്‍, ഇറച്ചിക്കറികള്‍, മീന്‍കറികള്‍, സാമ്പാര്‍, ചട്ട്ണി, സാലഡ്, ചിക്കന്‍ ഫ്രൈ, ഇന്‍സ്റ്റന്റ് ഫിഷ് ഫ്രൈ എന്നിവ ആവശ്യാനുസരണം കഴിച്ചുകഴിഞ്ഞാല്‍ കേക്ക് ഐസ്‌ക്രീം എന്നിവയും. ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രം വില കൂടിയ, ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്നവ! അതിഥികളെ സല്‍ക്കരിക്കാന്‍ എന്തിനാണ് ഇത്രയധികം ഭക്ഷണ വിഭവങ്ങള്‍? ആരുടെ മുന്നില്‍ മികച്ചു നില്‍ക്കാനാണ് ഈ കാട്ടിക്കൂട്ടല്‍?
ലാളിത്യത്തിന്റെയും എളിമയുടെയും ശൈലി പിന്തുടരാന്‍ ആഹ്വാനം ചെയ്യുന്ന, ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പാത സ്വീകരിക്കരുതെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ക്കിടയിലാണ് ഇത്തരം പ്രവണതകള്‍ കൂടുതലും എന്നതാണ് ഖേദകരം.
ഉള്ളവന് എന്തും കാട്ടിക്കൂട്ടാം എന്ന അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. വിവാഹങ്ങള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം അനിവാര്യമാണ്. നിശ്ചിത മാനദണ്ഡങ്ങള്‍ക്കപ്പുറം ആഡംബരം കൂടിയേ തീരൂവെങ്കില്‍ അതത് പ്രദേശങ്ങളിലെ പുര നിറഞ്ഞുനില്‍ക്കുന്ന യുവതികളെ അതോടൊപ്പം വിവാഹം ചെയ്തയക്കട്ടെ. ഇക്കാര്യത്തില്‍ മഹല്ല്, മത നേതൃത്വങ്ങള്‍ അടിയന്തരമായി ഇടപെടണം.
അബൂഹബീബ് വരോട്, ഒറ്റപ്പാലം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍