Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

ശാസ്ത്ര ചരിത്ര പഠനം മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍

പുത്തൂര്‍ ഇബ്‌റാഹീംകുട്ടി

ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള വിവിധ ശാസ്ത്രശാഖകളുടെയും തത്ത്വചിന്തകളുടെയും ഉപജ്ഞാതാക്കളും ആവിഷ്‌കര്‍ത്താക്കളും പാശ്ചാത്യരാണെന്നും, അവരുടേതു മാത്രമായ സംഭാവനകളാണ് ഭൗതിക പുരോഗതിയുടെ കുതിപ്പിനു നിദാനമായത് എന്നുമുള്ള ധാരണ പൊതുബോധത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രവിജ്ഞാനീയങ്ങളുടെ ഉറവിടവും കേന്ദ്രവും ഗ്രീക്കും യൂറോപ്പുമാണെന്ന വാദത്തോടൊപ്പം അതിനു മുമ്പോ ശേഷമോ വ്യവസ്ഥാപിതമായ രീതിയില്‍ നിരീക്ഷണ പരീക്ഷണങ്ങള്‍ നടന്നിട്ടില്ലെന്ന തെറ്റായ ബോധം തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കാന്‍ പാശ്ചാത്യ ശാസ്ത്ര ചരിത്രകാരന്മാര്‍ മനപ്പൂര്‍വം ശ്രമിച്ചിട്ടുമുണ്ട്.
പാശ്ചാത്യരുടെ ഇത്തരം ചിന്താഗതികളെയും അവകാശവാദങ്ങളെയും നിരാകരിക്കുകയും അവയെ പൊളിച്ചെഴുതാന്‍ ആഹ്വാനം ചെയ്യുകയുമാണ് 'അറിയപ്പെടാത്ത പൗരസ്ത്യലോകം' എന്ന പുസ്തകത്തിലൂടെ ഡോക്ടര്‍ ആരിഫ് അലി കൊളത്തെക്കാട്ട്. വ്യക്തമായ തെളിവുകളുടെയും ചരിത്ര രേഖകളുടെയും പിന്‍ബലത്തോടെ നിഷ്പക്ഷമായും നീതിപുലര്‍ത്തിയും വേണ്ടത്ര വിശദീകരിച്ചും എഴുതപ്പെട്ട ഈ പുസ്തകം 'ചിന്ത പബ്ലിഷേഴ്‌സാ'ണ് പ്രസിദ്ധീകരിച്ചത്. നാനൂറോളം പേജുകളുള്ള ഈ ഗ്രന്ഥം ഈജിപ്ഷ്യന്‍-ഗ്രീക്ക് പാരമ്പര്യങ്ങളെയും അമവി-അബ്ബാസിയാ ശാസ്ത്ര മുന്നേറ്റങ്ങളെയും പ്രതിപാദിക്കുന്ന മലയാളത്തിലെ മികവുറ്റ ഒരു രചന തന്നെയാണ്. പുരാതന ഈജിപ്ഷ്യന്‍ രാജവംശങ്ങളെ സംബന്ധിച്ച്, കണ്ടെടുക്കപ്പെട്ട അമ്പരപ്പിക്കുന്ന തെളിവുകളുടെയും നിഷ്പക്ഷമായ ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും പിന്‍ബലത്തിലാണ് ഗ്രന്ഥകാരന്‍ ശ്രമകരമായ അന്വേഷണങ്ങള്‍ നടത്തുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് (ബി.സി 460 ജനനം), അരിസ്റ്റോട്ടില്‍, സോക്രട്ടീസ്, യൂക്ലിഡ് എന്നിവര്‍ക്ക് പാശ്ചാത്യ ചരിത്രകാരന്മാര്‍ പതിച്ചുകൊടുത്ത പിതൃത്വപട്ടങ്ങളെയും ഗ്രന്ഥകാരന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഹിപ്പോക്രാറ്റസ് ഈജിപ്തില്‍ വിദ്യാഭ്യാസം നേടിയിരുന്നു. ഗ്രീക്ക് വൈദ്യശാസ്ത്രം ഈജിപ്ഷ്യന്‍ വൈദ്യവുമായി ശ്രദ്ധേയമായ സാമ്യം പ്രകടിപ്പിക്കുന്നുണ്ടത്രെ! അദ്ദേഹത്തിന്റെ സമാഹാരമായ 'ഹിപ്പോക്രാറ്റിക് കോര്‍പ്പസ്' തത്ത്വങ്ങളുടെയും കല്‍പനകളുടെയും ഒരു സമാഹാരം മാത്രമാണെന്നും ഹിപ്പോക്രാറ്റസിന്റേതായ രചനകള്‍ അതിലടങ്ങിയിട്ടില്ലെന്നും പറയപ്പെടുന്നു. പ്ലേറ്റോ, ഹെറഡോട്ടസ്, സോക്രട്ടീസ് എന്നിവരുടെ സമകാലികനായ ഹിപ്പോക്രാറ്റസ് ഇരുപത് വര്‍ഷം ഈജിപ്തില്‍ താമസിച്ച് അവിടത്തെ വൈദ്യശാസ്ത്രജ്ഞന്മാരില്‍നിന്ന് വൈദ്യശാസ്ത്ര സങ്കല്‍പനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഹിപ്പോക്രാറ്റസിനെ വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കുന്നത് അദ്ദേഹത്തിന്റെ നിരീക്ഷണരീതിയുടെ പേരില്‍ മാത്രമാണെന്നും ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. പ്രാചീന ഗ്രീക്കു കാലത്തെ അപേക്ഷിച്ച്, മതത്തില്‍ നിന്ന് വൈദ്യത്തെ മോചിപ്പിച്ച ആദ്യ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞനും ശാസ്ത്രീയ-ധാര്‍മികാശയങ്ങള്‍ അതിലേക്ക് സന്നിവേശിപ്പിച്ച വ്യക്തിയും ഹിപ്പോക്രാറ്റസാണെങ്കിലും 'പിതാവ്' എന്ന പദവി നല്‍കുന്നത് ചരിത്രസത്യങ്ങളുടെ ലംഘനമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. എഡ്‌വിന്‍സ്മിത്ത് മെഡിക്കല്‍ പാപ്പിറസിന്റെ രേഖകളില്‍ വ്യക്തമാക്കുന്നത് ഒബ്‌സര്‍വേഷന്‍ മെഡിസിന്‍ ഈജിപ്തുകാര്‍ക്ക് ഒരു പുതിയ സങ്കല്‍പനമായിരുന്നില്ലെന്നും ഗ്രീക്ക് വൈദ്യവും ഹിപ്പോക്രാറ്റസും ജനിക്കുന്നതിന് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് ഈജിപ്തില്‍ അത് പ്രയോഗിക്കപ്പെട്ടിരുന്നുവെന്നുമാണ്.
ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രരംഗങ്ങളിലും ഈജിപ്ഷ്യന്‍ പാരമ്പര്യം പ്രകടമാണ്. ജ്യാമിതീയ സങ്കല്‍പന ശാസ്ത്രത്തെ ഗ്രീസിനു സംഭാവന ചെയ്തത് തെയില്‍സാണെന്നാണ് പടിഞ്ഞാറിന്റെ വാദം. തെയില്‍സ് ഈജിപ്തിലേക്കു പോകുന്നതിനുമുമ്പ് ജ്യാമിതി പോലൊരു സൈദ്ധാന്തിക അന്വേഷണരീതി ഗ്രീസിലുണ്ടായിരുന്നില്ലത്രെ. തെയില്‍സ് ജനിക്കുന്നതിനും 1000 വര്‍ഷം മുമ്പ് ഈജിപ്തുകാര്‍ ചതുര-ത്രികോണ-സമാന്തര ചതുഷ്‌കോണുകളുടെ വിസ്തൃതി കൃത്യമായി കണക്കാക്കാന്‍ പഠിച്ചിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഗ്രീക്കുകാര്‍ക്ക് മുമ്പ് ഒരറിവുമുണ്ടായിരുന്നില്ല. ഈജിപ്തുമായി പിന്നീടുണ്ടായ ബന്ധങ്ങളാണ് അവരെ നവോത്ഥാന ഉല്‍പത്തിയുടെ നിര്‍വാഹകരാകാന്‍ സഹായിച്ചത്.
അഞ്ചു മുതല്‍ പതിനഞ്ചു വരെയുള്ള പത്ത് നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ വളര്‍ന്നുവികസിച്ച വിവിധ ശാസ്ത്രവിജ്ഞാനീയങ്ങളെക്കുറിച്ചും പാശ്ചാത്യ ചരിത്രനിര്‍മാതാക്കള്‍ നീണ്ട മൗനത്തിലാണ്. ചരിത്രത്തിലെ ഏറ്റവും വിസ്മൃതവും, വൈവിധ്യങ്ങളായ ശാസ്ത്ര-വിജ്ഞാനീയങ്ങളാല്‍ നൂറ്റാണ്ടുകളോളം ഇസ്‌ലാമിലെ ഖലീഫമാരുടെ ഭരണത്തിന്‍ തണലില്‍ വളര്‍ന്നു വികസിച്ചതുമായ മഹത്തായ ഒരു സംസ്‌കാരത്തെ തമസ്‌കരിക്കുന്ന കുടില തന്ത്രങ്ങള്‍ ചില പാശ്ചാത്യ എഴുത്തുകാര്‍ ആവിഷ്‌കരിക്കുന്നുണ്ട്.
മുസ്‌ലിം ഖലീഫമാരുടെ ഭരണകാലത്ത് പ്രത്യേകിച്ച് അബ്ബാസിയാക്കളുടെ കാലത്താണ് (ക്രി. 750-1258) എല്ലാ ശാഖകളിലുമുള്ള ശാസ്ത്രീയ വിജ്ഞാനീയങ്ങള്‍ വികാസം പ്രാപിച്ചത്. ഖലീഫ അല്‍ മന്‍സൂര്‍ (ക്രി. 754-775) ഇസ്‌ലാമിക രാജ്യത്തിന്റെ തലസ്ഥാനം ഡമസ്‌കസില്‍നിന്ന് ബഗ്ദാദിലേക്ക് മാറ്റിയപ്പോഴാണ് ബൗദ്ധിക മുന്നേറ്റത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 'രക്തസാക്ഷികളുടെ രക്തത്തേക്കാള്‍ കൂടുതല്‍ വിശുദ്ധമായത് ശാസ്ത്രജ്ഞന്മാരുടെ മഷിയാണെ'ന്ന ദര്‍ശനമായിരുന്നു ഈ പുരോഗതിക്കാധാരം. പുരാതന റോമന്‍, ചൈനീസ്, ഇന്ത്യന്‍, പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍, ആഫ്രിക്കന്‍, ഗ്രീക്ക്, ബൈസാന്റിയന്‍ ശേഖരങ്ങളില്‍നിന്ന് ലഭ്യമായതും പുതിയ നിരീക്ഷണ-പഠനങ്ങളിലൂടെ പുഷ്ടിപ്പെടുത്തിയതുമായ തത്ത്വചിന്തകളുടെയും ശാസ്ത്രവിജ്ഞാനങ്ങളുടെയും ഉദാത്ത മാതൃകകളായി അബ്ബാസി ഭരണകൂടവും സാമ്രാജ്യവും വളര്‍ന്നു. ഗണിത-ജ്യോതിശാസ്ത്രങ്ങള്‍ ഗ്രീക്ക്-ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ഈ രംഗത്ത് പുതിയ കാല്‍വെപ്പുകള്‍ അവര്‍ നടത്തുകയും ചെയ്തു. ഗ്രീക്ക് ശാസ്ത്രനേട്ടങ്ങളെ വിലയിരുത്താനും തിരുത്താനും കെല്‍പുള്ളവരായി അറബ് ശാസ്ത്രജ്ഞന്മാര്‍ മാറി. ടോളമിയുടെ പ്രപഞ്ചശാസ്ത്ര ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി തിരുത്തുകയും ക്ലിനിക്കല്‍ രേഖകളിലേക്ക് അവരാര്‍ജിച്ച പലതും കൂട്ടിച്ചര്‍ക്കുകയും ചെയ്തു. പുതിയ ഉപകരണങ്ങളും പുതിയ രീതികളും അവര്‍ കണ്ടെത്തി. ഖുര്‍ആന്‍-ദൈവശാസ്ത്രങ്ങളില്‍ നിപുണരായ പണ്ഡിതന്മാര്‍ വളര്‍ന്നുവരികയും അവയെ ഗ്രീക്കുചിന്തകളുമായി ഉരച്ചുനോക്കുകയും ചെയ്തു.
ഗ്രീക്കുകാരുടെ വലിയൊരു ഭാഗം കൃതികളും നവപ്ലേറ്റോവാദികളുടെ ഗ്രന്ഥങ്ങളും ഇന്ത്യന്‍-പേര്‍ഷ്യന്‍ കൃതികളുമെല്ലാം അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഖലീഫ ഹാറൂന്‍ റഷീദ് (ക്രി. 786-809), ഖലീഫ മഅ്മൂന്‍ (ക്രി. 813-833) എന്നിവര്‍ ശാസ്ത്രവിജ്ഞാനീയങ്ങള്‍ക്ക് പ്രത്യേകമായ പ്രോത്സാഹനം നല്‍കിയിരുന്നു. പല ഭരണാധികാരികളുടെയടുക്കലേക്കും, അവിടെനിന്ന് ഗ്രന്ഥങ്ങളും കൈയെഴുത്തു പ്രതികളും ശേഖരിക്കാന്‍ ഖലീഫമാര്‍ ആളുകളെ അയച്ചു. 'ബൈതുല്‍ ഹിക്മ' (House of Wisdom) നിര്‍മിച്ചതിലൂടെ മഅ്മൂന്‍ സകല വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി ബഗ്ദാദിനെ മാറ്റി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിം-അമുസ്‌ലിം പണ്ഡിതന്മാര്‍ അവിടെ ഒത്തുകൂടി. ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, മെറ്റീരിയോളജി, ഒപ്ടിക്‌സ്, മെക്കാനിക്‌സ്,തത്ത്വചിന്ത, വൈദ്യം എന്നിവ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ ഹീബ്രു, ഗ്രീക്ക്, പേര്‍ഷ്യന്‍, സിറിയക് ഭാഷകളില്‍നിന്ന് അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു. ലോകത്തിനു നഷ്ടമാവുമായിരുന്ന ഒട്ടേറെ കൃതികളും കണ്ടുപിടിത്തങ്ങളും അറബിഭാഷയിലൂടെ സഞ്ചരിച്ച് ഹീബ്രു, ടര്‍ക്കിഷ്, ലത്തീന്‍ ഭാഷകളിലേക്കും പ്രവഹിച്ചു. റോമിനും അലക്‌സാണ്ട്രിയക്കും ശേഷം ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയുടെയും സ്വകാര്യ ലൈബ്രറികളുടെയും കേന്ദ്രമായി ബഗ്ദാദ് മാറി.
വിവിധ ശാസ്ത്ര ശാഖകളില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം ശാസ്ത്രപണ്ഡിതന്മാരെ ലോകത്തിന് മധ്യയുഗം സംഭാവന ചെയ്തു. ഇവരില്‍ പലരും ബഹുശാസ്ത്ര പണ്ഡിതന്മാരായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിവിധ ശാസ്ത്ര ശാഖകളില്‍ നിരന്തരമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെ ഖുര്‍ആന്‍-ദൈവശാസ്ത്രങ്ങളിലും അവഗാഹം നേടുകയും നവപ്ലേറ്റോ വാദങ്ങളോട് ഏറ്റുമുട്ടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മുസ്‌ലിം സാമ്രാജ്യത്തിനകത്തേക്ക് കടന്നുവന്ന ഗ്രീക്ക്-യുക്തിവാദ ചിന്തകളില്‍നിന്ന് സൃഷ്ടിവാദത്തെ സ്ഫുടം ചെയ്‌തെടുക്കാന്‍ കെല്‍പുള്ള പണ്ഡിതന്മാരും വളര്‍ന്നു വരികയുണ്ടായി. ഇസ്‌ലാമിനകത്തു തന്നെ രൂപപ്പെട്ട വ്യത്യസ്ത ചിന്താധാരകളോട് പരസ്പരം സഹിഷ്ണുതാപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നുവെന്നത് മാതൃകാപരമായിരുന്നു.
അറിയപ്പെടാതെ കിടന്നിരുന്ന പൗരസ്ത്യ ലോകത്തെ ശാസ്ത്ര-സാംസ്‌കാരിക-മതമുന്നേറ്റങ്ങളെ ഹ്രസ്വമായി പ്രതിപാദിക്കുന്ന പുസ്തകങ്ങളുണ്ട് മലയാളത്തില്‍. എന്നാല്‍, ഈ ഗ്രന്ഥം കിഴക്കിന്റെ തനത് സംസ്‌കാരത്തെ സവിസ്തരം പ്രതിപാദിക്കുന്നു. അറബി നാമങ്ങള്‍ ഇംഗ്ലീഷിലൂടെ മലയാളത്തിലെത്തിച്ചേരുമ്പോള്‍ സാരമായ ചില അന്തരങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ലോകത്തിന്റെ പുതിയ ഗതിമാറ്റത്തില്‍ ഇത്തരം ആരോഗ്യകരമായ ചര്‍ച്ചകള്‍ അനിവാര്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍