Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

തുനീഷ്യയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണങ്ങള്‍

പി.കെ നിയാസ്

പ്രധാനമന്ത്രി ഹമാദി അല്‍ ജബാലിയുടെ രാജിയുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള നീക്കത്തിലാണ് ഇസ്‌ലാമിസ്റ്റുകളായ അന്നഹ്ദ നേതൃത്വം നല്‍കുന്ന തുനീഷ്യയിലെ ഗവണ്‍മെന്റ്. ആഭ്യന്തര മന്ത്രി അലി അല്‍ അര്‍യദ്ദ് പുതിയ പ്രധാനമന്ത്രിയായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണഘടന പ്രകാരം 15 ദിവസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 217 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 89 സീറ്റുകളുള്ള അന്നഹ്ദക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ 109 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. രണ്ടാമത്തെ വലിയ കക്ഷിയായ മര്‍സൂഖിയുടെ സെക്യുലര്‍ കോണ്‍ഗ്രസ് (29 സീറ്റുകള്‍) ഇസ്‌ലാമിസ്റ്റുകളെ തുടര്‍ന്നും പിന്തുണക്കുമെന്ന് വ്യക്തമാക്കിയതിനാല്‍ പ്രതിസന്ധി നീങ്ങിയെന്നു പറയാം.
പ്രമുഖ ഇടതുപക്ഷ നേതാവ് ശുക്‌രി ബല്‍ഈദ് ഫെബ്രുവരി ആദ്യം സ്വന്തം വീട്ടിനു മുന്നില്‍ വെടിയേറ്റുമരിച്ച സംഭവമാണ് തുനീഷ്യയില്‍ പുതിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വഴിവെച്ചത്. കിട്ടിയ അവസരം ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു പ്രതിപക്ഷ കക്ഷികള്‍. കൊലയുടെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കാത്തതും ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാന്‍ കഴിയാത്തതും ഗവണ്‍മെന്റിന്റെ പ്രതിഛായക്ക് മങ്ങലേല്‍പിച്ചു. പ്രശ്‌നം തണുപ്പിക്കാന്‍ പ്രധാനമന്ത്രി ഹമാദി അല്‍ ജബാലി കണ്ട മാര്‍ഗം നിലവിലെ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ട് സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന പുതിയ സര്‍ക്കാര്‍ രൂപീകരിക്കലാണ്. അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും ഈ സര്‍ക്കാര്‍ വേണമെന്ന അദ്ദേഹത്തിന്റെ പിടിവാശി അന്നഹ്ദയും സഖ്യകക്ഷികളും തള്ളി. നേതൃത്വവുമായി ആലോചിക്കാതെ ജബാലി തീരുമാനമെടുത്തതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തീരുമാനം നിരാകരിക്കപ്പെട്ടതോടെ ജബാലി രാജിവെച്ചു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അലി അല്‍ അര്‍യദ്ദിനെ പ്രധാനമന്ത്രിയായി അന്നഹ്ദ ശൂറാ കൗണ്‍സില്‍ യോഗം നാമനിര്‍ദേശം ചെയ്തത്. നീതിന്യായ മന്ത്രി നൂറുദ്ദീന്‍ ബുഹൈരിയും കൃഷി മന്ത്രി മുഹമ്മദ് ബിന്‍ സാലിമും ആരോഗ്യ മന്ത്രി അബ്ദുല്ലത്വീഫ് മക്കിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരാണ്.
1955 ആഗസ്റ്റ് 15-ന് തെക്കു കിഴക്കന്‍ തുനീഷ്യയിലെ മദ്‌നൈനില്‍ ജനിച്ച അലി അല്‍ അര്‍യദ്ദ് 1981 മുതല്‍ 1990-ല്‍ അറസ്റ്റിലാവുന്നതുവരെ അന്നഹ്ദയുടെ ഔദ്യോഗിക വക്താവായിരുന്നു. ഏകാധിപതികളുടെ കീഴില്‍ മൂന്നു പതിറ്റാണ്ടിലേറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹം 2011 ഡിസംബര്‍ 24-ന് ഒടുവില്‍ ആഭ്യന്തര മന്ത്രിയായി പോലീസ്, സുരക്ഷാ വകുപ്പുകളുടെ അധികാരത്തലപ്പത്ത് തന്നെ എത്തിപ്പെട്ടത് ചരിത്രത്തിന്റെ വല്ലാത്തൊരു നിയോഗം തന്നെയാണെന്ന് പറയാം. ഭരണകൂട ഭീകരത തുനീഷ്യയിലെ ഇസ്‌ലാമിസ്റ്റുകളെയും ജനാധിപത്യവാദികളെയും വേട്ടയാടിയതിന്റെ മുഴുവന്‍ ചിത്രങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. അമ്പത്തേഴുകാരനായ അലിയുടെ അനുഭവങ്ങളും വ്യത്യസ്തമല്ല. 1981-ല്‍ അന്നഹ്ദ രൂപം കൊണ്ടതു മുതല്‍ അതിന്റെ ഭാഗമായ അലി എണ്‍പതുകളുടെ തുടക്കത്തില്‍ പാര്‍ട്ടി കൂടിയാലോചനാ സമിതിയുടെ പ്രസിഡന്റും താമസിയാതെ രാഷ്ട്രീയകാര്യ സമിതിയുടെ പരമോന്നത നേതാവുമായി. ഏകാധിപതിയായ ഹബീബ് ബൂറഖീബയുടെ ഭരണത്തിനൊടുവില്‍ അറസ്റ്റിലായ അദ്ദേഹത്തെ ഭരണകൂടം വധശിക്ഷക്ക് വിധിച്ചു. മാസങ്ങള്‍ക്കുശേഷം അധികാരം പിടിച്ചടക്കിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി വധശിക്ഷക്ക് വിധിക്കപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍ക്ക് 'മാപ്പ്' നല്‍കിയ കൂട്ടത്തില്‍ അലി അല്‍ അര്‍യദ്ദും മോചിതനായി. എന്നാല്‍, 1990-ല്‍ വീണ്ടും അറസ്റ്റിലായ അദ്ദേഹത്തിന് പതിനഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതില്‍ പതിമൂന്നു കൊല്ലവും ഏകാന്ത തടവായിരുന്നു. ജയിലില്‍ സഹ ഇസ്‌ലാമിസ്റ്റുകളെപ്പോലെ മൃഗീയ പീഡനങ്ങള്‍ക്ക് ഇരയായ അദ്ദേഹത്തിന് എയിഡ്‌സ് വൈറസ് കുത്തിവെക്കുമെന്നും അശ്ലീല വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നുമൊക്കെ ബിന്‍ അലിയുടെ കിങ്കരന്മാര്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അലി അല്‍ അര്‍യദ്ദിന്റെ സഹധര്‍മിണി വിദാദിനെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുകയുണ്ടായി. മൂന്നു മക്കളുടെ മാതാവായ അവരെ പീഡിപ്പിക്കുന്നത് ക്യാമറയില്‍ പകര്‍ത്തി  പ്രസ്തുത ഫിലിം ഭര്‍ത്താവിനെ കാണിച്ച് അദ്ദേഹത്തെ സമ്മര്‍ദത്തിലാക്കാനുള്ള വൃത്തികെട്ട ശ്രമങ്ങളും നടന്നതായി ഇന്റര്‍നാഷ്‌നല്‍ ഫെഡറേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ 1999-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍യദ്ദും കുടുംബവും രണ്ട് ഏകാധിപതികളുടെ നിരന്തരമായ ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായിരുന്നതായി പാരീസ് ആസ്ഥാനമായ ബാന്‍ പബ്ലിക് എന്ന സന്നദ്ധ സംഘടയുടെ ജയില്‍ റിപ്പോര്‍ട്ടില്‍ കാണാം.
എന്നാല്‍, തനിക്ക് ആരോടും പകയില്ലെന്നും പുതിയ സര്‍ക്കാര്‍ മുഴുവന്‍ തുനീഷ്യക്കാരുടേതുമായിരിക്കുമെന്നും അലി അര്‍യദ്ദ് വ്യക്തമാക്കുന്നു. 'ആഭ്യന്തര മന്ത്രാലയത്തിന്റെ കാരാഗൃഹങ്ങളില്‍ പലപ്പോഴും ഞാന്‍ മരണത്തിന്റെ വക്കില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, അന്നത്തെയും ഇന്നത്തെയും ജയിലുകളുടെ വ്യത്യാസം നിങ്ങള്‍ക്ക് ബോധ്യപ്പെടും. ജനകീയ വിപ്ലവം ഉന്നംവെക്കുന്നത് പ്രതികാരമല്ല, നീതിയാണ്.'
2011 ഡിസംബറില്‍ ഹമാദി ജബാലിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഇസ്‌ലാമിസ്റ്റ് നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായിരുന്ന അലി അര്‍യദ്ദ് പ്രധാനമന്ത്രിയാകുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. സലഫികളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയുന്നതിലും ബല്‍ഈദിന്റെ ഘാതകരെ കണ്ടെത്തുന്നതിലും അദ്ദേഹം പരാജയമാണെന്നാണ് അവരുടെ ആരോപണം. ബല്‍ഈദിന്റെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാണെന്നും ചിലര്‍ അറസ്റ്റിലായെന്നും അര്‍യദ്ദ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ വിമര്‍ശകര്‍ മറ്റു കാരണങ്ങള്‍ ചികയുകയാണ്. സലഫികളും അര്‍യദ്ദിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഫെബ്രുവരി 22-ന് തൂനിസില്‍ അവര്‍ നടത്തിയ പ്രതിഷേധ പ്രകടനം 'സെക്യുലറിസ്റ്റുകള്‍ക്ക്' കീഴൊതുങ്ങിയ ആഭ്യന്തര മന്ത്രിയെ പഴി പറഞ്ഞുകൊണ്ടായിരുന്നു! രസകരമെന്നു പറയട്ടെ, കിട്ടുന്ന അവസരങ്ങളിലൊക്കെ ഇസ്‌ലാമിസ്റ്റുകളെ തീവ്രവാദി മുദ്ര കുത്താന്‍ മത്സരിക്കുന്ന പടിഞ്ഞാറന്‍ വാര്‍ത്താ ഏജന്‍സികള്‍ നിയുക്ത പ്രധാനമന്ത്രി തീവ്രവാദിയോ അതോ മിതവാദിയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. റോയിട്ടേഴ്‌സിന് അദ്ദേഹം തീവ്ര നിലപാടുകാരനാണെങ്കില്‍ എ.എഫ്.പിക്ക് പളുങ്കില്‍ പൊതിഞ്ഞ മിതവാദിയാണ്. സ്ഥാനമൊഴിഞ്ഞ ജബാലിയുടെ ക്യാമ്പില്‍പെട്ട മിതവാദിയായ നേതാവെന്നാണ് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
ബിന്‍ അലിയുടെ കാലത്ത് തടവറകളില്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരകളായ പതിനൊന്നായിരത്തില്‍പരം പേര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഗവണ്‍മെന്റ് നടത്തിയ പ്രഖ്യാപനത്തിനെതിരെയും പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവരികയുണ്ടായി. ശരാശരി 42,000 ഡോളര്‍ നിരക്കില്‍ 470 മില്യന്‍ ഡോളര്‍ ഇതിനായി നീക്കിവെക്കാനായിരുന്നു സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍, ആനുകൂല്യം അനുഭവിക്കുന്നവരില്‍ ഭൂരിഭാഗവും അന്നഹ്ദ പ്രവര്‍ത്തകരായിരിക്കുമെന്നും വോട്ടു തട്ടാനുള്ള തന്ത്രങ്ങളാണിതെന്നും വിമര്‍ശനമുയര്‍ന്നു. നഷ്ടപരിഹാരത്തിന്റെ ഗുണഭോക്താക്കള്‍ അന്നഹ്ദക്കാരാണെങ്കില്‍ പിന്നെ വോട്ടു പ്രീണനമെന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്നത് വിമര്‍ശകര്‍ മറന്നു. ഭാവിയില്‍ തങ്ങളുടെ പ്രസ്ഥാനം അധികാരത്തിലേറിയാല്‍ വന്‍ തുക നഷ്ടപരിഹാരമായി കിട്ടുമെന്ന് ഓര്‍ത്തിട്ടല്ലല്ലോ പതിറ്റാണ്ടുകളോളം അന്നഹ്ദക്കാര്‍ ഭരണകൂട ഭീകരതക്കെതിരെ നിലയുറപ്പിച്ചത്!
ആശയം നല്ലതാണെങ്കിലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ നഷ്ടപരിഹാരത്തുക നിരസിക്കണമെന്ന് മൊസൈക് എഫ്.എം റേഡിയോ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയായ മോഡേണിസ്റ്റ് പോള്‍ അംഗം സമീര്‍ ബിത്വയ്യിബ് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത അന്നഹ്ദക്കാരനായ മനുഷ്യാവകാശ മന്ത്രി സമീര്‍ ദീലുവാകട്ടെ, പ്രസ്തുത തുക തനിക്ക് വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിന്‍ അലി ഭരണത്തില്‍ പീഡനം അനുഭവിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹവും. മാത്രമല്ല, അന്നഹ്ദ നേതാക്കളിലാരും നഷ്ടപരിഹാരം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ ഭാഗമായ ഹമാദി ജബാലിയും അലി അര്‍യദ്ദും മാത്രമല്ല, ഏറ്റവുമധികം കാലം ജയില്‍വാസം അനുഭവിച്ച സദൂഖ് ശൂറുവും നഷ്ടപരിഹാരം കൈപറ്റാന്‍ പോകുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരുപതു വര്‍ഷം ബിന്‍ അലിയുടെ കാരാഗൃഹത്തില്‍ കഴിയേണ്ടി വന്നയാളാണ് സദൂഖ് ശൂറു. ഇത്രയും ദീര്‍ഘകാലം ജയില്‍വാസം അനുഷ്ഠിച്ച ഒരാളും രാജ്യത്തില്ല. റാശിദുല്‍ ഗനൂശിയോടൊപ്പം അന്നഹ്ദയുടെ രൂപീകരണത്തില്‍ പങ്കുവഹിച്ച ജബാലി, ഏകാധിപതിയായിരുന്ന ഹബീബ് ബൂറഖീബയുടെ ഭരണത്തില്‍ 1987-ല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടിട്ടുണ്ട്. സ്‌പെയിനിലേക്ക് പലായനം ചെയ്തതിനാലാണ് വധശിക്ഷയില്‍നിന്ന് ഒഴിവായത്. ബൂറഖീബയുടെ  അന്ത്യത്തോടെ രാജ്യത്ത് തിരിച്ചെത്തിയ ജബാലിയെ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും വിട്ടില്ല. പതിറ്റാണ്ടു നീണ്ട ജയില്‍വാസത്തിലേറെയും ഏകാന്ത തടവായിരുന്നു. റാശിദുല്‍ ഗനൂശി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന് ഇസ്‌ലാമിസ്റ്റ് നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാറിന്റെ മുഖ്യ ഉപദേശകനായപ്പോള്‍ മുന്‍ പത്രപ്രവര്‍ത്തകനും സോളാര്‍ എഞ്ചിനീയറുമായ ജബാലി ഗവണ്‍മെന്റിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടു. കഴിഞ്ഞ ഗവണ്‍മെന്റിലെ മൂന്നിലൊന്ന്, അഥവാ എട്ടു മന്ത്രിമാര്‍, വര്‍ഷങ്ങളോളം ജയിലറകളില്‍ കഴിഞ്ഞവരാണ്.
സലഫി തീവ്രവാദമാണ് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അര്‍യദ്ദിന് ഏറെ തലവേദനയുണ്ടാക്കിയത്. സെപ്റ്റംബര്‍ 14-ന് അമേരിക്കന്‍ എംബസി ആക്രമിക്കപ്പെടുകയും നാലു പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടുവെന്നാണ് ലിബറല്‍ ആക്റ്റിവിസ്റ്റുകളും മതേതരവാദികളും അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആദ്യ ആരോപണം. സംഭവത്തില്‍ പങ്കുള്ള സലഫി നേതാവ് അബൂ ഇയാദ് അല്‍ തൂനിസി എന്ന സെയ്ഫുല്ല ബിന്‍ ഹുസൈനെ പിടികൂടാന്‍ അര്‍യദ്ദിന്റെ പോലീസ് സേനക്കു കഴിഞ്ഞില്ല. അല്‍ ഖാഇദ ബന്ധമുള്ള നേതാവാണ് സെയ്ഫുല്ല. പോലീസ് സേന പലനിലയിലും പരിഷ്‌കരിക്കപ്പെടേണ്ടതാണെന്നും ശരിയായ രീതിയിലുള്ള ആയുധങ്ങള്‍ പോലും ലഭ്യമല്ലെന്നുമാണ് ഇതിന് അര്‍യദ്ദ് പറയുന്നത്. അന്നഹ്ദ പ്രസ്ഥാനം എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ സലഫികള്‍ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും ഇടയില്‍ സംഘട്ടനത്തിനാണ് ശ്രമിക്കുന്നതെന്ന് ജനുവരിയില്‍ ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്‌ലാമിസ്റ്റുകള്‍ ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ തുനീഷ്യയിലും ഈജിപ്തിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുള്ള പൊതു അജണ്ടകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഏറെക്കാലം ജയിലുകളില്‍ കഴിഞ്ഞതിനാല്‍ പുറമെ ഭരണരംഗത്തെക്കുറിച്ച് അവര്‍ക്ക് കാഴ്ചപ്പാടുകള്‍ ഇല്ലെന്നുവരെയുള്ള കമന്റുകള്‍ പുറത്തുവന്നിട്ടുണ്ട്. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മുന്‍ പ്രധാനമന്ത്രി ജബാലിയുടെ നീക്കം അതിന്റെ ഭാഗമായിരുന്നുവത്രെ. ഇത്തരം പ്രതിലോമകരമായ ചിന്തകള്‍ പ്രചരിപ്പിക്കപ്പെടുമ്പോഴും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഇസ്‌ലാമിസ്റ്റുകള്‍ക്കുണ്ട്. കടുത്ത പരീക്ഷണങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍