Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

ഹസ്രത്ത് ഉസ്മാന്റെ സംഭാവന

ഡോ. മുഹമ്മദ് ഹമീദുല്ല

അബൂബക്ര്‍ സിദ്ദീഖിന്റെ ഭരണ കാലത്ത് വിശുദ്ധ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ കൈയെഴുത്ത് പ്രതി അദ്ദേഹത്തിന് സമര്‍പ്പിക്കപ്പെട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. അദ്ദേഹം മരിക്കുന്നത് വരെ ആ കോപ്പി അദ്ദേഹത്തിന്റെ കൈവശം തന്നെയായിരുന്നു. പിന്നെയത് അബൂബക്ര്‍ സിദ്ദീഖിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ഉമറുബ്‌നുല്‍ ഖത്വാബിന്റെ കൈവശമായി. ഉമര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകളും പ്രവാചക പത്‌നിയുമായ ഹഫ്‌സയുടെ കൈവശമാണ് ഖുര്‍ആന്റെ ആ പ്രതി എത്തിച്ചേര്‍ന്നത്. പ്രവാചക പത്‌നിമാരില്‍ എല്ലാവര്‍ക്കും എഴുതാനും വായിക്കാനും അറിയുമായിരുന്നില്ല. ചിലര്‍ക്ക് വായിക്കാനറിയാം, ചിലര്‍ക്ക് എഴുതാനും വായിക്കാനുമറിയാം. എഴുത്തും വായനയും അറിഞ്ഞുകൂടാത്തവരും അവരില്‍ ഉണ്ടായിരുന്നു. അക്കാലത്ത് എഴുത്തും വായനയും അറിയാവുന്ന അപൂര്‍വം വനിതകളില്‍ ഒരാളായിരുന്നു ഹസ്രത്ത് ഹഫ്‌സ. ഇതെല്ലാം പരിഗണിച്ചുകൊണ്ട് മൂന്നാം ഖലീഫയായ ഉസ്മാനുബ്‌നു അഫ്ഫാന്‍ ഖുര്‍ആന്റെ ആ കൈയെഴുത്ത് പ്രതി ഹസ്രത്ത് ഹഫ്‌സയുടെ കൈവശം തന്നെ ഇരിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഖുര്‍ആന്‍ മുഴുവനായി മനഃപാഠമുള്ള ആളുമായിരുന്നു ഹസ്രത്ത് ഉസ്മാന്‍. വിശുദ്ധ ഖുര്‍ആന്റെ തന്റേതായ ഒരു കൈയെഴുത്ത് കോപ്പിയും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. ഹസ്രത്ത് ഹഫ്‌സയുടെ കൈവശമുള്ള കോപ്പി വാങ്ങേണ്ട ആവശ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ, അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് ക്രോഡീകരിച്ച ആ ഔദ്യോഗിക കോപ്പി ഹസ്രത്ത് ഹഫ്‌സയില്‍നിന്ന് തിരിച്ചുവാങ്ങാന്‍ നിര്‍ബന്ധിച്ച ഒരു സംഭവം അക്കാലത്ത് ഉണ്ടായി.
ഹസ്രത്ത് ഉമറിന്റെ ഭരണകാലത്ത് ഇസ്‌ലാമിക രാഷ്ട്രം വളരെയേറെ വിപുലമായിത്തീര്‍ന്നിരുന്നു. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം വേഷധാരികളായ കുറെ ആളുകളും രംഗത്തുണ്ടായിരുന്നു. അവസരവാദികളായ ഇവര്‍ വിശ്വാസികളായിരുന്നില്ല, കപടന്മാരായിരുന്നു. ഇസ്‌ലാമിനെ അകത്തുനിന്ന് അട്ടിമറിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വിശുദ്ധ ഖുര്‍ആന്റെ മേലും കൈവെക്കാന്‍ അവര്‍ ധൈര്യപ്പെട്ടു. ഇതത്ര വലിയ വെല്ലുവിളിയൊന്നും ആയിരുന്നില്ല. അവഗണിച്ച് കളയാനേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആ സംഭവം നടക്കുന്നത്. ഹസ്രത്ത്  ഉസ്മാന്‍ അര്‍മീനിയയിലേക്ക് ഒരു സൈന്യത്തെ അയച്ചിരുന്നു. സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഖസ്ത്വലാനി അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ അര്‍ദ്‌റൂം എന്ന പ്രദേശത്ത് എത്തിയപ്പോള്‍ സൈനികര്‍ ഇമാമും മഅ്മൂമുകളുമായി നമസ്‌കരിക്കാന്‍ നിന്നു. നമസ്‌കാരത്തില്‍ ഇമാം ചില സൂക്തങ്ങള്‍ പാരായണം ചെയ്ത രീതിയെക്കുറിച്ച് പിന്തുടര്‍ന്ന് നമസ്‌കരിച്ചവരില്‍ ചിലര്‍ തര്‍ക്കിച്ചു. ഇമാം ഓതിയ രീതിയിലല്ല ആ ആയത്തുകള്‍ ഓതേണ്ടതെന്ന് അവര്‍ വാദിച്ചു. ഇറാഖിലുണ്ടായിരുന്ന പ്രവാചകാനുയായികളില്‍ ഒരാളായ ഇന്നയിന്നയാള്‍ തന്നെ ഇങ്ങനെയല്ല ആ ആയത്തുകള്‍ ഓതാന്‍ പഠിപ്പിച്ചതെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍, സിറിയയിലുണ്ടായിരുന്ന തന്റെ ഗുരുവും സ്വഹാബി തന്നെയാണെന്നും അദ്ദേഹം പഠിപ്പിച്ചത് അങ്ങനെയല്ലെന്നും മറ്റൊരാളും ശഠിച്ചു. ഓരോരുത്തരും അവരവരുടെ വാദങ്ങളില്‍ ഉറച്ചുനിന്നു. തര്‍ക്കം കൈയാങ്കളിയോളമെത്തി. സൈന്യാധിപന്‍ സമര്‍ഥമായി ഇടപെട്ടാണ് ആ അപകടം ഒഴിവാക്കിയത്.
സൈന്യം തിരിച്ച് മദീനയില്‍ എത്തിയപ്പോള്‍ അതിന്റെ കമാണ്ടറായിരുന്ന ഹുദൈഫതുബ്‌നു യമാനി തന്റെ വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ ഖലീഫയുടെ അടുത്ത് ചെന്ന് ഉണ്ടായ സംഭവമെല്ലാം വിവരിച്ചു. ഏതൊരു കാര്യത്തിലും പെട്ടെന്ന് തീരുമാനമെടുത്ത് അത് നടപ്പാക്കാനുള്ള ഇഛാശക്തി ഉണ്ടായിരുന്നു ഹസ്രത്ത് ഉസ്മാന്. ഈ പ്രശ്‌നത്തില്‍ ഉടനടി ഒരു തീരുമാനമുണ്ടാവണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒട്ടും താമസിയാതെ ഹസ്രത്ത് ഹഫ്‌സയുടെ അടുത്തേക്ക് ആളെ വിട്ടു; അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് ക്രോഡീകരിച്ച ആ ഔദ്യോഗിക ഖുര്‍ആന്‍ കോപ്പി വിട്ടുതരണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്.  ആ കോപ്പി പിന്നീട് തിരികെ ഏല്‍പിക്കാമെന്നും അദ്ദേഹം വാക്കു കൊടുത്തു. ഔദ്യോഗിക ഖുര്‍ആന്‍ കോപ്പി ലഭിച്ചപ്പോള്‍ മുമ്പ് ഖുര്‍ആന്‍ എഴുതി സൂക്ഷിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന സൈദ്ബ്‌നു സാബിതിനെ തന്നെ വിളിച്ച് വരുത്തി. ഒരു തെറ്റും വരുത്താതെ ഇതിന്റെ കോപ്പികള്‍ എടുക്കാനുള്ള ചുമതല അദ്ദേഹത്തെ ഏല്‍പിച്ചു.
ഈ വിധം ഡോക്യുമെന്റ് ചെയ്യപ്പെട്ട അറബിഭാഷയിലെ ആദ്യ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. തുടക്കത്തില്‍ അറബിഭാഷാ ലിപിക്ക് ചില പോരായ്മകളും ന്യൂനതകളുമൊക്കെ ഉണ്ടാകാന്‍ ഇടയുണ്ട്. അതിനാല്‍ ഉസ്മാന്‍(റ), അക്ഷരങ്ങളുടെയും വാക്കുകളുടെയും ഉച്ചാരണം ഒരേ രൂപത്തിലാകുംവിധം അറബി ലിപിയില്‍ വേണ്ട പരിഷ്‌കരണങ്ങള്‍ വരുത്താന്‍ ഉത്തരവിറക്കി. അക്കാലത്ത് ഓരോ പ്രദേശത്തും ഉച്ചാരണ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒരു വാക്ക് നജ്ദിലെ ഗോത്രക്കാര്‍ ഒരു രീതിയില്‍ ഉച്ചരിക്കും. അതേ വാക്ക് മദീനക്കാര്‍ ഉച്ചരിക്കുന്നത് മറ്റൊരു രീതിയിലായിരിക്കും. മറ്റൊരിടത്ത് അതിന്റെ ഉച്ചാരണം വേറൊരു തരത്തിലായിരിക്കും. ഇങ്ങനെ ഉച്ചാരണത്തില്‍ വ്യത്യാസം വരുമ്പോള്‍ മക്കയിലെ ഉച്ചാരണ രീതിയനുസരിച്ചായിരിക്കണം ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതെന്ന് ഹസ്രത്ത് ഉസ്മാന്‍ വ്യവസ്ഥ വെച്ചു. സൈദുബ്‌നു സാബിത് ഏതാനും പേരുടെ സഹായത്തോടെ വിശുദ്ധ ഖുര്‍ആന്റെ ഔദ്യോഗിക കോപ്പി മുമ്പില്‍ വെച്ച് അതിന്റെ പകര്‍പ്പുകളെടുക്കുന്ന ജോലി പൂര്‍ത്തീകരിച്ചു. പകര്‍ത്തെഴുതുമ്പോള്‍ എന്തെങ്കിലും കാര്യത്തില്‍ സംശയമോ അഭിപ്രായ വ്യത്യാസമോ ഉണ്ടായാല്‍ അതു തന്നെ അറിയിക്കണമെന്ന് ഹസ്രത്ത് ഉസ്മാന്‍ പ്രത്യേകം ഉണര്‍ത്തിയിരുന്നു.
നിര്‍ഭാഗ്യവശാല്‍, അര്‍ദുറൂമില്‍ പോയ സൈനികര്‍ വിശുദ്ധ ഖുര്‍ആനിലെ ഏതൊക്കെ വാക്കുകളുടെ ഉച്ചാരണത്തെ ചൊല്ലിയാണ് തര്‍ക്കിച്ചത് എന്ന് നമുക്ക് അറിഞ്ഞുകൂടാ. പ്രാദേശിക ഉച്ചാരണ ഭേദങ്ങളെ (Dialects) ചൊല്ലിയാവാം ആ തര്‍ക്കമുണ്ടായത്.  ഉദാഹരണത്തിന് ഖുര്‍ആനില്‍ 'താബൂത്ത്' എന്നൊരു വാക്കുണ്ട്. പെട്ടി എന്നര്‍ഥം. മദീനക്കാര്‍ അത് അവസാനത്തില്‍ ഒരു 'ഹ' ചേര്‍ത്ത് താബൂഹ് എന്നാണ് ഉച്ചരിച്ചിരുന്നത്. മക്കക്കാര്‍ അവസാനത്തിലെ 'ത' വെളിവാക്കി 'താബൂത്ത്' എന്നും. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ പകര്‍ത്തെഴുത്തുകാര്‍ക്ക് ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. പ്രശ്‌നം ഹസ്രത്ത് ഉസ്മാന്റെ മുമ്പിലെത്തി. വാക്കിന്റെ കൂടെ 'ത' എഴുതാനും ഉച്ചരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.
ഇങ്ങനെ വിശുദ്ധ ഖുര്‍ആന്റെ ഔദ്യോഗിക കൈയെഴുത്ത് പ്രതിക്ക് ഏഴു പകര്‍പ്പുകള്‍ -നാല് എന്നും അഭിപ്രായമുണ്ട്- എടുത്തു. ഇവയുടെ ആധികാരികത ഒന്നുകൂടി ഉറപ്പ് വരുത്താന്‍ ഈ ഏഴു പകര്‍പ്പുകളില്‍ ഓരോന്നും ആദ്യം മുതല്‍ അവസാനം വരെ മദീനയിലെ മസ്ജിദുന്നബവിയില്‍ വെച്ച് ഉച്ചത്തില്‍ പാരായണം ചെയ്യാന്‍ ഹസ്രത്ത് ഉസ്മാന്‍ ഏര്‍പ്പാട് ചെയ്തു. പകര്‍പ്പെടുക്കുന്ന സന്ദര്‍ഭത്തില്‍ താന്‍ വിശുദ്ധ ഖുര്‍ആനില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടിയായിരുന്നു ഇത്.
ഇങ്ങനെ ഓരോ പകര്‍പ്പും ഉച്ചത്തില്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും തെറ്റുകളൊന്നുമില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാവുകയും ചെയ്തു. തുടര്‍ന്ന് തന്റെ വിശാലമായ രാഷ്ട്രത്തിന്റെ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് ഈ പകര്‍പ്പുകളില്‍ ഓരോന്ന് വീതം ഖലീഫ ഉസ്മാന്‍ അയച്ചുകൊടുത്തു. ഒപ്പം ഒരു ആജ്ഞയും: ഇനിയാരെങ്കിലും ഖുര്‍ആന്റെ കോപ്പി എടുക്കുന്നുണ്ടെങ്കില്‍ അത് താന്‍ അയച്ചുതരുന്ന പകര്‍പ്പില്‍ നിന്നേ എടുക്കാവൂ. ഈ ഔദ്യോഗിക ഖുര്‍ആന്‍ പതിപ്പില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുള്ള കോപ്പികള്‍ ആരെങ്കിലും സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ അവയൊക്കെയും നശിപ്പിക്കപ്പെടണം. ഈ ആജ്ഞ എങ്ങനെ നിറവേറ്റപ്പെട്ടുവെന്ന് ചരിത്രം പരതിയാല്‍ വ്യക്തമാവുകയില്ല. മൂന്ന് ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന ഒരു സാമ്രാജ്യത്തിലെ എല്ലാ വീടുകളിലും പോലീസ് കയറിച്ചെന്ന് അനധികൃത കോപ്പികളുണ്ടോ എന്ന് കണ്ടെത്തി അവ നശിപ്പിക്കുകയെന്നത് അസാധ്യവും അപ്രായോഗികവുമാണ്. അങ്ങനെയൊരു തെരച്ചില്‍ നടന്നതിന്റെ രേഖകളൊന്നും ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, നമ്മുടെ കൈകളിലിരിക്കുന്ന ഖുര്‍ആന്‍ കോപ്പികള്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ ഖലീഫ ഉസ്മാന്‍ തന്റെ വിവിധ പ്രവിശ്യാ തലസ്ഥാനങ്ങളിലേക്കയച്ച നാലോ ഏഴോ കൈയെഴുത്ത് പ്രതികളുടെ തനി പകര്‍പ്പുകളാണെന്ന് ഉറപ്പിച്ച് പറയാനാകും. ഹസ്രത്ത് ഉസ്മാന്റെ ഭരണകാലത്ത് തയാറാക്കിയ ആ കോപ്പികളില്‍ ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിലൊന്നുള്ളത് താഷ്‌കന്റ് മ്യൂസിയത്തിലാണ്. അവിടെ അതെങ്ങനെ എത്തി? ആദ്യം ഈ ഖുര്‍ആന്‍ പകര്‍പ്പ് ഉമവികളുടെ ആസ്ഥാനമായ ദമസ്‌കസിലായിരുന്നു. തൈമൂര്‍ ലങ്ക് എന്ന പടനായകന്‍ ദമസ്‌കസ് കീഴടക്കിയപ്പോള്‍ അയാള്‍ കൊള്ളയടിച്ചുകൊണ്ടുവന്ന വസ്തുക്കളില്‍ ഏറ്റവും വില പിടിച്ചത് ഖലീഫ ഉസ്മാന്‍(റ) പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ പ്രതിയായിരുന്നു. അയാളത് തന്റെ തലസ്ഥാനമായ സമര്‍ഖന്ദില്‍ കൊണ്ടുവരികയും അവിടെ സൂക്ഷിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ റഷ്യക്കാര്‍ സമര്‍ഖന്ദ് ആക്രമിച്ച് കീഴടക്കിയപ്പോള്‍, റഷ്യന്‍ സേനാ നായകന്‍ ആ ഖുര്‍ആന്‍ പ്രതി സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് കൊണ്ടുവന്നു.
ഈ ഖുര്‍ആന്‍ പകര്‍പ്പ് റഷ്യന്‍ സേനാനായകന്‍ വില കൊടുത്ത് വാങ്ങുകയായിരുന്നു എന്നാണ് റഷ്യന്‍ ചരിത്രകാരന്മാര്‍ പറയുന്നത്. എന്തായാലും ആ കോപ്പി ഒന്നാം ലോക യുദ്ധത്തിന്റെ അവസാനം വരെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി റഷ്യയില്‍ അധികാരത്തിലെത്തിയപ്പോള്‍ പലരും ആ ഭരണകൂടത്തിന് കീഴില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ വിവിധ നാടുകളിലേക്ക് കുടിയേറി. അവരിലൊരാളാണ് ജനറല്‍ അലി അക്ബര്‍ തോപച്ചി ബാഷി. അദ്ദേഹം പാരിസിലേക്കാണ് കുടിയേറിയത്. അദ്ദേഹത്തെ നേരില്‍ കാണാന്‍ എനിക്ക് അവസരമുണ്ടായി. അദ്ദേഹം ആ കഥ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്:
''സാര്‍ ചക്രവര്‍ത്തി കൊല്ലപ്പെടുമ്പോള്‍ മുതിര്‍ന്ന സൈനിക ഓഫീസറായി ഞാന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഉണ്ടായിരുന്നു. കൊട്ടാര ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഹസ്രത്ത് ഉസ്മാന്റെ ഖുര്‍ആന്‍ പകര്‍പ്പ് കണ്ടെത്തി കൊണ്ടുവരാനായി ഞാനൊരു കമന്റോ സംഘത്തെ അയച്ചു. ഉടനെത്തന്നെ റെയില്‍വെ സ്റ്റേഷനില്‍ ചെന്ന് ഒരു എഞ്ചിന്‍ വിട്ടുതരണമെന്ന് സ്റ്റേഷന്‍ മാസ്റ്ററോട് പറഞ്ഞു. കമാന്റര്‍ എന്ന നിലക്ക് അതിന് എനിക്ക് അധികാരമുണ്ടായിരുന്നു. ഞാന്‍ ആ ഖുര്‍ആന്‍ കോപ്പി ഡ്രൈവറുടെ കൈയില്‍ കൊടുത്ത് അതുടന്‍ തുര്‍ക്കിസ്താനില്‍ എത്തിക്കാന്‍ പറഞ്ഞു. കോപ്പി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. വിവരമറിഞ്ഞ് കമ്യൂണിസ്റ്റ് സൈനിക കമാന്റര്‍മാര്‍ മറ്റൊരു എഞ്ചിനുമായി പിന്തുടര്‍ന്നു നോക്കിയെങ്കിലും പിടികൂടാനായില്ല. അങ്ങനെയാണത് താഷ്‌കന്റില്‍ എത്തിയത്.''
പിന്നീട് കമ്യൂണിസ്റ്റുകാര്‍ താഷ്‌കന്റ് കീഴടക്കിയെങ്കിലും അവരീ ഖുര്‍ആന്‍ പ്രതി തിരിച്ചുകൊണ്ടുപോയില്ല. അങ്ങനെയത് താഷ്‌കന്റില്‍ തന്നെ നിലനിന്നു. സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് ഇതിന്റെ ഫോട്ടോ അവലംബമാക്കി 50 കോപ്പികള്‍ പ്രിന്റ് ചെയ്തിരുന്നു. അതില്‍ ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതിലൊന്ന് അമേരിക്കയിലും വേറൊന്ന് ഇംഗ്ലണ്ടിലുമുണ്ട്. അതില്‍ പെട്ട ഒരെണ്ണം കാബൂളിലും കാണാന്‍ കഴിഞ്ഞു. മറ്റൊരു കോപ്പി കയ്‌റോയില്‍ ഉണ്ട്. അതിന്റെ മൈക്രോ ഫിലിം എന്റെ കൈവശമുണ്ട്. ഇസ്തംബൂളിലെ തോപ്പ്കാപ്പി മ്യൂസിയത്തിലാണ് വേറൊന്ന് സൂക്ഷിച്ചിട്ടുള്ളത്. അത് ഉസ്മാന്‍(റ) ഉപയോഗിച്ച പകര്‍പ്പാണ് എന്നാണ് പറയപ്പെടുന്നത്. അല്‍ബഖറ അധ്യായത്തിലെ 'ഫസയക്ഫീകഹുമുല്ലാഹു...' എന്ന സൂക്തഭാഗത്തിന് മുകളില്‍ ഒരു ചുവന്ന പാട് ഞാന്‍ കണ്ടതാണ്. ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെയായിരുന്നല്ലോ ഉസ്മാന്‍(റ) വധിക്കപ്പെട്ടത്. അപ്പോള്‍ തെറിച്ച രക്തതുള്ളിയാണ് അത് എന്നാണ് പറയപ്പെടുന്നത്. മറ്റൊരു കോപ്പി ഇന്ത്യ ഓഫീസ് ലൈബ്രറിയില്‍ ഉണ്ടായിരുന്നു. അതിന്റെ ഫോട്ടോ കോപ്പി എന്റെ കൈയിലുണ്ട്. ഉസ്മാന്‍(റ) അംഗീകരിച്ച കോപ്പിയാണെന്നതിന്റെ ഓഫീസ് മുദ്രകള്‍ അതിലുണ്ടായിരുന്നു. ഈ കൈയെഴുത്ത് പ്രതികളുടെ ലിപികളിലോ ആകാരത്തിലോ ഒന്നും ഒരു വ്യത്യാസവുമില്ല. ഇവയെല്ലാം ഒരേ കാലത്ത് എഴുതപ്പെട്ടവയാണെന്ന് നമുക്ക് തോന്നും. തുകലില്‍ ആയിരുന്നു അവ എഴുതപ്പെട്ടിരുന്നത്, കടലാസില്‍ ആയിരുന്നില്ല. ഒരു പക്ഷേ ഈ കോപ്പികളെല്ലാം ഹസ്രത്ത് ഉസ്മാന്റെ മേല്‍നോട്ടത്തില്‍ തയാറാക്കപ്പെട്ടതാകാം, അല്ലെങ്കില്‍ അതേ കാലത്തോ ഒരല്‍പ്പം കഴിഞ്ഞോ എഴുതപ്പെട്ടതാകാം. നമുക്കെല്ലാം ആശ്വാസവും സംതൃപ്തിയും പകരുന്ന വസ്തുത എന്തെന്നാല്‍, ഈ കോപ്പികളും നാമിന്ന് ഉപയോഗിക്കുന്ന കോപ്പികളും തമ്മില്‍ വളരെ നേരിയ വ്യത്യാസം പോലും ഇല്ലെന്നതാണ്.
ഉസ്മാന്‍(റ) 'ഖുര്‍ആന്‍ ക്രോഡീകരിച്ചവന്‍' (ജാമിഉല്‍ ഖുര്‍ആന്‍) എന്ന് വിളിക്കപ്പെടാറുണ്ട്. അതിനര്‍ഥം അദ്ദേഹമാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചത് എന്നല്ല. ഖുര്‍ആന്‍ പാരായണത്തിന് ഒരു ഏകീകൃത ശൈലി കൊണ്ടുവന്നത് ഉസ്മാന്‍(റ) ആണ് എന്നേ ആ പ്രയോഗത്തിന് അര്‍ഥമുള്ളൂവെന്ന് ചരിത്രകാരന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഉച്ചാരണ ഭിന്നതകള്‍ ഒഴിവാക്കാനായി അദ്ദേഹം മക്കയിലെ ഉച്ചാരണരീതിയെ തെരഞ്ഞെടുത്തു. കാരണം, അപ്പോഴേക്കും പ്രവാചകന്റെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി മക്കയിലെ ഉച്ചാരണ രീതി ലോകമെങ്ങും പ്രചാരം നേടിക്കഴിഞ്ഞിരുന്നു. അതിനാല്‍ ഖുര്‍ആന്‍ പാരായണത്തില്‍ വിവിധ ഭാഷ ഭേദങ്ങള്‍ ഉപയോഗിക്കാമെന്ന അനുവാദത്തിന് പ്രസക്തിയില്ലാതായിക്കഴിഞ്ഞിരുന്നു. ലോക മുസ്‌ലിംകളെ ഒന്നാകെ ഒരു പൊതു ഭാഷക്ക് കീഴില്‍ കൊണ്ടുവരികയും അങ്ങനെ ഖുര്‍ആന്‍ പാരായണത്തിന് കുറ്റമറ്റ ഒരു ഏകീകൃത രീതി വികസിപ്പിക്കുകയും ചെയ്തു എന്നതാണ് ഹസ്രത്ത് ഉസ്മാന്റെ സംഭാവന. അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജര്‍മനിയിലെ ക്രൈസ്തവ പുരോഹിതന്മാര്‍ പുരാതന ബൈബിള്‍ കൈയെഴുത്ത് പ്രതികള്‍ ഒത്തുനോക്കാന്‍ ഒരു ശ്രമം നടത്തുകയുണ്ടായി. ബൈബിളിന്റെ മൂലഭാഷ അരാമിക് (ജൂതരുടെ ഭാഷ) ആണ്. ആ മൂല ഭാഷയിലുള്ള ബൈബിള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ബൈബിളിന്റെ ഏറ്റവും പുരാതനമായ കൈയെഴുത്ത് പ്രതി ഗ്രീക്ക് ഭാഷയിലാണുള്ളത്. ആ ഭാഷയില്‍ നിന്നാണത് മറ്റു ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. അങ്ങനെ ജര്‍മനിയിലെ ക്രൈസ്തവ പണ്ഡിതന്മാര്‍ പൂര്‍ണവും അപൂര്‍ണവുമായ ഗ്രീക്കിലെ എല്ലാ ബൈബിള്‍ കൈയെഴുത്ത് പ്രതികളും ശേഖരിച്ചു. ഇതിനെക്കുറിച്ച് വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ''രണ്ട് ലക്ഷത്തോളം വിരുദ്ധ പരാമര്‍ശങ്ങളും ആഖ്യാനങ്ങളുമാണ് കണ്ടെത്താനായത്. ഇവയില്‍ എട്ടിലൊന്ന് പരാമര്‍ശങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയുമാണ്.''
ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മ്യൂണിച്ച് യൂനിവേഴ്‌സിറ്റിയിലെ ചിലര്‍ക്ക് വിശുദ്ധ ഖുര്‍ആനോട് അസൂയ മൂത്തു എന്നു വേണം കരുതാന്‍. ഉടനെയതാ ഖുര്‍ആന്‍ പഠനത്തിനായി ഒരു ഇന്‍സ്റ്റിറ്റിയൂട്ട് വരുന്നു! ഒറിജിനലും ഫോട്ടോ കോപ്പികളും ഉള്‍പ്പെടെ വിശുദ്ധ ഖുര്‍ആന്റെ സകല പൗരാണിക പകര്‍പ്പുകളും ശേഖരിക്കാനായിരുന്നു പദ്ധതി. ഈ സംരംഭം മൂന്ന് തലമുറകള്‍ നീണ്ടുനിന്നു എന്നോര്‍ക്കണം. ഞാന്‍ 1933-ല്‍ പാരീസ് യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്ന കാലത്ത് മേല്‍ പറഞ്ഞ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൂന്നാമത്തെ ഡയറക്ടറായ പ്രെറ്റ്‌സല്‍ (Pretzl) പാരീസില്‍ വന്നു. പാരീസ് പബ്ലിക് ലൈബ്രറിയിലുള്ള വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ കൈയെഴുത്ത് പ്രതികളും ഫോട്ടോ സ്റ്റാറ്റ് എടുക്കാനായിരുന്നു ആ വരവ്. അന്ന് പ്രഫസര്‍ പ്രെറ്റ്‌സല്‍ എന്നോട് പറഞ്ഞത്, ഇതുവരെയായി ഇന്‍സ്റ്റിറ്റിയൂട്ട് വിശുദ്ധ ഖുര്‍ആന്റെ 43,000 ഫോട്ടോ കോപ്പികള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ്. ഇവ തമ്മില്‍ ഒത്തുനോക്കുന്ന (collation) പ്രക്രിയയും ധ്രുതഗതിയില്‍ നടന്നുവരുന്നതായി അദ്ദേഹം അറിയിച്ചു.
രണ്ടാം ലോകയുദ്ധ കാലത്ത് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കെട്ടിടത്തില്‍ ബോംബ് വീണു. കെട്ടിടവും ലൈബ്രറിയും അതിലെ സ്റ്റാഫുമെല്ലാം നാമാവശേഷമായി. രണ്ടാം ലോക യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ഇടക്കാല റിപ്പോര്‍ട്ടുണ്ടായിരുന്നു. ഖുര്‍ആന്‍ കൈയെഴുത്ത് പ്രതികള്‍ ഒത്തുനോക്കുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട്, ഇതുവരെ നടത്തിയ പരിശോധനയില്‍ ചില കാലിഗ്രഫി പിഴവുകളല്ലാതെ, ആശയക്കുഴപ്പമുണ്ടാക്കുന്ന യാതൊന്നും കണ്ടെത്താനായില്ലെന്ന് സമ്മതിക്കുന്നുണ്ട്.
ഒരു കൈയെഴുത്ത് പ്രതിയില്‍ എഴുത്തിലോ കാലിഗ്രഫിയിലോ വന്ന ഒരു പിഴവ് മറ്റു കൈയെഴുത്ത് പ്രതികളിലൊന്നും ആവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഉദാഹരണത്തിന് ഒരു കൈയെഴുത്ത് പ്രതിയില്‍ ഒരു വാക്ക് വിട്ടുപോയി എന്ന് വിചാരിക്കുക. ആ അബദ്ധം ആ കൈയെഴുത്ത് പ്രതിയില്‍ മാത്രമേ കാണൂ. മറ്റൊരു കൈയെഴുത്ത് പ്രതിയിലും അത് ആവര്‍ത്തിക്കുകയില്ല. എഴുതുന്നയാള്‍ അബദ്ധത്താലോ അശ്രദ്ധയാലോ ഒരു വാക്ക് വിട്ടുപോകുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്. ആഖ്യാനങ്ങളിലോ വിവരണത്തിലോ ആണ് അബദ്ധമെങ്കില്‍ അത് മറ്റു കൈയെഴുത്ത് പ്രതികളിലും കാണേണ്ടതാണല്ലോ. ഖുര്‍ആന്റെ കാര്യത്തില്‍ ഇങ്ങനെയൊരിക്കലും സംഭവിച്ചിട്ടില്ല. ''നാമാണ് ഖുര്‍ആന്‍ ഇറക്കിയത്. നാമതിനെ കാത്തുരക്ഷിക്കുക തന്നെ ചെയ്യും.'' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം (15:9) അക്ഷരാര്‍ഥത്തില്‍, അസന്ദിഗ്ധമായി പുലരുകയാണിവിടെ.
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍