മരുഭൂമിയുടെ മണവാട്ടി
ഈജിപ്ത് തലസ്ഥാനമായ കയ്‌റോവില്‍ നിന്ന് 375 കിലോ മീറ്റര്‍ യാത്ര ചെയ്യണം റഫയിലെത്താന്‍. സൂയസ് കനാലും കടന്ന്, സീനാ മരുഭൂമിയെ കീറിമുറിച്ച് കടന്നു പോവുന്ന ഹൈവേയിലൂടെ ആറ് മണിക്കൂര്‍ കാര്‍ യാത്ര. സീനായിലെ അല്‍അരീഷ്, റഫ അതിര്‍ത്തിയോട് ചേര്‍ന്ന ഈജിപ്ഷ്യന്‍ നഗരമാണ്. മരുഭൂമിയുടെ മണവാട്ടി എന്നു പറയാവുന്ന നഗരം. ഗസ്സയിലേക്കുള്ള യാത്രാ സംഘങ്ങളുടെ ഇടത്താവളം കൂടിയാണത്. അല്‍അരീഷിനുമുണ്ട്, പറയാനൊരുപാട് കഥകള്‍.
സയണിസത്തിന്റെ സ്ഥാപകനായ തിയോഡര്‍ ഹെര്‍സല്‍ (1860-1904) തന്റെ സങ്കല്‍പത്തിലുള്ള ജൂത രാഷ്ട്രം സ്ഥാപിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്ന സ്ഥലമാണിത്. ബ്രിട്ടീഷ് കൊളോണിയല്‍ സെക്രട്ടറി ജോസഫ് ഷാമ്പര്‍ലീന്‍ ഈ നിര്‍ദേശം അംഗീകരിച്ചതുമായിരുന്നു. എന്നാല്‍, തിയോഡര്‍ ഹെര്‍സല്‍ തയാറാക്കിയ പദ്ധതി രൂപരേഖ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ലോയ്ഡ് ജോര്‍ജ് തള്ളി; അല്‍അരീഷിന് പകരം ഫലസ്ത്വീനെ തെരഞ്ഞെടുക്കുകയായിരുന്നു. മെഡിറ്ററേനിയന്‍ തീരത്ത്, തിളങ്ങുന്ന നീലവര്‍ണത്തിലുള്ള സുന്ദരന്‍ കടലോരങ്ങളുമായി വിനോദയാത്രികരെ മാടിവിളിക്കുന്ന ഈ നഗരം, ഗസ്സയെപോലെ ചോരയൊലിക്കുന്ന നഗരമാവാതെ പോയത് ചരിത്രത്തിലെ വെറുമൊരു ക്ലറിക്കല്‍ അഡ്ജസ്റ്റ്‌മെന്റ് കൊണ്ട് മാത്രം. 1958ല്‍ ഇസ്രയേല്‍ ഈ നഗരം കൈയേറിയിരുന്നു. പിന്നീട്, 1967-ല്‍ ഇസ്രയേല്‍ സീനായ് ഉപദ്വീപ് മൊത്തത്തില്‍ പിടിച്ചെടുത്തപ്പോള്‍ അല്‍അരീഷും ഇസ്രയേലിന്റെ അധീനതയിലായി. 1979-ല്‍ ഈജിപ്തുമായി സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതുവരെ നഗരം ഇസ്രയേലിന്റെ അധീനതയിലായിരുന്നു.
അല്‍അരീഷിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഫലസ്ത്വീന്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനം ഇവിടെയാണ്. ഒരു രാജ്യത്തിന്റെ വിമാന സര്‍വീസുകള്‍ക്ക് ആ രാജ്യത്ത് കടക്കാന്‍ പറ്റാതിരിക്കുകയും മറ്റൊരു രാജ്യത്ത് നിന്ന് ഓപറേറ്റ് ചെയ്യുകയും ചെയ്യുന്ന ലോകത്തിലെ അപൂര്‍വ അനുഭവം. 1995-ല്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് കീഴില്‍ സ്ഥാപിതമായതാണ് ഫലസ്ത്വീന്‍ എയര്‍ലൈന്‍സ്. ഗസ്സയില്‍, റഫ ബോര്‍ഡര്‍ ക്രോസിംഗ് കടന്നയുടനെ വലതുഭാഗത്തേക്ക് കണ്ണയച്ചാല്‍ വിസ്തൃതമായൊരു വിമാനത്താവളത്തിന്റെ അവശിഷ്ടങ്ങള്‍ നിങ്ങള്‍ക്ക് കാണാം. അതാണ് യാസര്‍ അറഫാത്ത് ഇന്റര്‍നാഷ്‌നല്‍ എയര്‍പോര്‍ട്ട്. 86 മില്യന്‍ യു.എസ് ഡോളര്‍ മുടക്കി നിര്‍മ്മിക്കപ്പെട്ട മനോഹരമായ ആ വിമാനത്താവളം, 1998 നവംബര്‍ 24-ന് യാസര്‍ അറഫാത്തിന്റെയും ബില്‍ ക്ലിന്റന്റെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. മൊറോക്കോയിലെ പ്രസിദ്ധമായ കസബ്ലാങ്കാ വിമാനത്താവളത്തിന്റെ മാതൃകയില്‍, ഹസന്‍ രാജാവ് അയച്ചുകൊടുത്ത എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണത് നിര്‍മ്മിതമായത്. വിമാനത്താവളമെന്നത്, രാഷ്ട്ര രൂപീകരണത്തിലേക്കുള്ള പടവായി ഫലസ്ത്വീനികള്‍ കണ്ടു. പല ലോകരാഷ്ട്രങ്ങളും അതിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കി. ഫലസ്ത്വീന്‍ രാഷ്ട്രം ചിറകുവെച്ചു പറക്കാനൊരുങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ട നാളുകള്‍. യാസര്‍ അറഫാത്ത് ഏറെ സന്തോഷിച്ച ദിവസങ്ങളായിരുന്നു അത്. എന്നാല്‍ 2001-ലെ അല്‍അഖ്‌സ ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ വിമാനത്താവളം ബോംബിട്ടു തകര്‍ത്തു. കൂറ്റന്‍ ബുള്‍ഡോസറുകളുപയോഗിച്ച് റണ്‍വെ ഇളക്കിമറിച്ചിട്ടു. ഫലസ്ത്വീനി ചിറകുകള്‍ അരിഞ്ഞിടുകയായിരുന്നു അവരുടെ ഉദ്ദേശ്യം. അതോടെ ആ വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്ന് മുതല്‍ അല്‍അരീഷ് വിമാനത്താവളമാണ് ഫലസ്ത്വീന്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനം. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് ദിവസവും തീര്‍ഥാടന നാളുകളില്‍ ജിദ്ദയിലേക്കും വിമാനങ്ങള്‍ പറത്തി ഫലസ്തീന്‍ എയര്‍ലൈന്‍സ് ഇന്നും നിലനില്‍ക്കുന്നുണ്ട്- ഒരു ജനതയുടെ ചിറകടികള്‍ സമ്പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല എന്ന സന്ദേശവുമായി. 2010 ജൂലൈ 22ന് 7203 ഫലസ്ത്വീനി കുട്ടികള്‍ ഒത്തുചേര്‍ന്ന് തകര്‍ക്കപ്പെട്ട റണ്‍വേയില്‍ ബാസ്‌കറ്റ് ബാള്‍ കളിച്ചത് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. തങ്ങളുടെ വിമാനത്താവളത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാനായിരുന്നു അവരന്ന് അങ്ങനെയൊരു പരിപാടി നടത്തിയത്. ഇസ്രയേലി ഉപരോധം രൂക്ഷമായ ഘട്ടത്തില്‍, തകര്‍ന്നുവീണ വീട്ടുചുമര്‍ കെട്ടിയടക്കാന്‍ ഇഷ്ടികക്കഷ്ണം പോലും കിട്ടാതെ ഗസ്സക്കാര്‍ വലഞ്ഞപ്പോള്‍, അവര്‍ വിമാനത്താവളത്തിലെ കെട്ടിടാവശിഷ്ടങ്ങള്‍ വാരിക്കൂട്ടി കൊണ്ടുപോയിരുന്നു. തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് സിമന്റും മണലുമെല്ലാം വേര്‍തിരിച്ചെടുത്ത് വീണ്ടുമുപയോഗിക്കുന്ന 'സാങ്കേതികവിദ്യ' ഗസ്സക്കാര്‍ വികസിപ്പിച്ചെടുത്തുകഴിഞ്ഞിരുന്നു.
വീണ്ടും റഫ ക്രോസിംഗിലേക്ക് വരാം. ഹുസ്‌നി മുബാറകിനെ ഓടിച്ചു വിട്ട ഈജിപ്ഷ്യന്‍ വിപ്ലവത്തിന് തൊട്ടുടനെത്തന്നെ റഫയിലെ വാതിലുകള്‍ തുറക്കാനുള്ള ആഹ്വാനങ്ങള്‍ തെരുവില്‍ മുഴങ്ങിത്തുടങ്ങിയിരുന്നു. 2011 ഫെബ്രുവരി 18-ന് തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന ജനലക്ഷങ്ങള്‍ പങ്കെടുത്ത വിജയ ജുമുഅയില്‍, തന്റെ ചരിത്ര പ്രസിദ്ധമായ ഖുത്വ്ബയില്‍, റഫയിലെ താഴുകള്‍ തകര്‍ത്തു താഴെയിടാന്‍ യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തിരുന്നു. ഈജിപ്ഷ്യന്‍ തെരുവില്‍ ഗസ്സ വികാരമായി തുടിക്കുന്ന സമയമായിരുന്നു അത്. ഈ വികാരത്തെ ഉള്‍ക്കൊള്ളാതിരിക്കാന്‍ താല്‍കാലിക സൈനിക ഭരണകൂടത്തിന് സാധ്യമായിരുന്നില്ല. അങ്ങിനെയാണ് 2011 മെയ് 18-ന് റഫയിലെ വാതിലുകള്‍ പരിമിതമായെങ്കിലും തുറക്കാന്‍ ഈജിപ്തിലെ സൈനിക ഭരണകൂടം സന്നദ്ധമാവുന്നത്. പിന്നീട് 2012 ജൂണ്‍ 30-ന് മുഹമ്മദ് മുര്‍സി അധികാരത്തില്‍ വന്നതു മുതല്‍ റഫയിലെ വാതിലുകള്‍ കൂടുതല്‍ വിസ്തൃതമായി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ചുവരെ യാത്രാ രേഖകളുള്ളവര്‍ക്ക് ഗസ്സക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. അപ്പോഴും ചരക്കുകളുടെ നീക്കം പൂര്‍ണമായിരുന്നില്ല. കാരണം, ഇസ്രയേലുമായി കരാര്‍ നിലവിലുള്ള രാജ്യമെന്ന നിലക്ക് രാഷ്ട്രാന്തരീയ കരാറുകള്‍ പാലിക്കുകയെന്ന നയമായിരുന്നു ഈജിപ്തിന്റെത്. എന്നാല്‍, 2011 നവംബറിലെ രണ്ടാം ഗസ്സ യുദ്ധത്തെത്തുടര്‍ന്ന്, തന്റെ കാര്‍മികത്വത്തില്‍ രൂപപ്പെട്ട വെടിനിര്‍ത്തല്‍ കരാറില്‍ ഗസ്സ ഉപരോധം പിന്‍വലിക്കുകയെന്ന വ്യവസ്ഥ ഉള്‍ച്ചേര്‍ക്കാന്‍ മുഹമ്മദ് മുര്‍സിക്ക് കഴിഞ്ഞു. അങ്ങനെ റഫയിലെ വാതില്‍ ഔദ്യോഗികമായി, രാഷ്ട്രാന്തരീയ അംഗീകാരത്തോട് കൂടിത്തന്നെ തുറക്കാന്‍ ഈജിപ്തിന് കഴിഞ്ഞു. ഗസ്സക്കാര്‍ക്ക് മാത്രമല്ല, പുറം നാട്ടുകാര്‍ക്കും ഇപ്പോള്‍ റഫാ വാതിലിലൂടെ അകത്തേക്ക് കടക്കാം. വിദേശികള്‍ക്ക് ഗസ്സയിലേക്ക് പോവാന്‍ അവിടെ നിന്നുള്ള ഉത്തരവാദപ്പെട്ട സ്‌പോണ്‍സര്‍ വേണമെന്നു മാത്രം. കയ്‌റോവിലെ ഹമാസ് ഓഫിസുമായി ബന്ധപ്പെട്ട് ഹമാസ് പോളിറ്റ് ബ്യൂറോ അംഗവും അതിന്റെ വിദേശകാര്യ സെക്രട്ടറിയുമായ ഉസാമാ ഹംദാന്‍ തന്നെയാണ് ഞങ്ങളുടെ യാത്രാരേഖകള്‍ ശരിയാക്കിയത് (ഹംദാനെ വിശദമായി പിന്നീട് പരിചയപ്പെടുത്താം). ഗസ്സയിലെ വിദേശകാര്യവകുപ്പിന്റെ ഔദ്യോഗിക അതിഥികള്‍ എന്ന നിലക്കായിരുന്നു ഞങ്ങളുടെ യാത്ര. ഗസ്സ അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന ഈജിപ്തുകാരനായ മുഹമ്മദ് എന്ന ബദുവാണ് ഞങ്ങളുടെ ഡ്രൈവര്‍. രാവിലെ ഒമ്പതിന് മുമ്പ് തന്നെ, വാര്‍ത്തകളില്‍ വായിച്ചു കുഴഞ്ഞ, റഫയിലെ ആ വാതിലിന് മുന്നില്‍ ഞങ്ങളെത്തി. ആളുകള്‍ എത്തിത്തുടങ്ങുന്നേയൂള്ളൂ. ഒമ്പത് മണിയാവുമ്പോഴേക്ക് ഗേറ്റിന് പുറത്ത് ഒരു ജനസഞ്ചയം രൂപപ്പെട്ടു. സ്ത്രീകള്‍, വൃദ്ധര്‍, ചെറുപ്പക്കാര്‍, രോഗികള്‍- എല്ലാവരുമുണ്ട്. ആവശ്യത്തിലധികം ലഗേജുകള്‍ എല്ലാവരുടെ കൈയിലും. വര്‍ഷങ്ങള്‍ക്കും ദശാബ്ദങ്ങള്‍ക്കും ശേഷം പ്രിയപ്പെട്ടവരെ കാണാന്‍ ഗസ്സയിലേക്ക് പോകുന്നവര്‍ അക്കൂട്ടത്തിലുണ്ട്.
ഞങ്ങളിപ്പോള്‍, റഫയിലെ ഈജിപ്ഷ്യന്‍ ഭാഗത്ത്. വാതില്‍ തുറക്കാനുള്ള ഉദ്യോഗസ്ഥരെ കാത്തുള്ള നില്‍പാണ്. നില്‍പ് എന്നു പറഞ്ഞാല്‍ നില്‍പ് തന്നെ. അവിടെ, മരുഭൂമിയിലെ ആ റോഡില്‍ നില്‍ക്കുക തന്നെ വേണം. കുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധര്‍ വരെ വന്ന് നിറയുന്ന അവിടെ ആളുകള്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ ഒരു പന്തല്‍, ഇരിക്കാന്‍ കസേര, ഇതൊന്നും ഇട്ടു കൊടുക്കാന്‍ ഈജിപ്തുകാര്‍ക്ക് തോന്നിയിട്ടില്ല.
ഇപ്പോള്‍ ഒമ്പത് മണി. മടിയുടെ മാണിക്യക്കൊട്ടാരങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഷണ്ടിക്കാരായ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ താക്കോലുകളുമായി വന്നു. സിഗരറ്റ് ചുണ്ടില്‍ നിന്നെടുക്കാതെ ആ വാതില്‍ തുറന്നു. വാതില്‍ ചാരുകളില്‍ ഈജിപ്ഷ്യന്‍ സൈനികര്‍ അണിനിരന്നു. പാസ്‌പോര്‍ട്ടുകള്‍ പരിശോധിച്ച് ഓരോരുത്തരെയായി അകത്തേക്ക് കടത്തിവിട്ടു തുടങ്ങി. യാത്രാ സംഘങ്ങള്‍ പിന്നെയും പിന്നെയും വന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരെയും പെട്ടെന്ന് പെട്ടെന്ന് അകത്തേക്ക് കടത്തിവിടുന്നുണ്ട്. ഹൊ, എന്തൊരു ആശ്വാസം. കാലങ്ങളായി കാത്ത് വെച്ച ആ യാത്ര സഫലമാവുകയാണ്. പ്രതിരോധത്തിന്റെയും ആത്മശക്തിയുടെയും ദേവാലയത്തിലേക്ക് വലതുകാല്‍ വെച്ച് പ്രവേശിക്കാം. ആ അനര്‍ഘ നിമിഷത്തിനായി മനസ്സൊരുങ്ങി നില്‍ക്കവെ, നേരത്തെ വാങ്ങിക്കൊണ്ടുപോയ പാസ്‌പോര്‍ട്ടുമായി പട്ടാളക്കാരന്‍ തിരിച്ചുവന്നു-നിങ്ങള്‍ക്ക് പോവാന്‍ പറ്റില്ല. അയാള്‍ പറഞ്ഞു. ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉടക്കുവെക്കും എന്ന് ഉസാമാ ഹംദാന്‍ ആദ്യമേ പറഞ്ഞിരുന്നതിനാല്‍ നിരാശ തോന്നിയില്ല. ഈജിപ്ത് ഭരണകൂടത്തിന്റെ ഗസ്സ അനുകൂല നയമൊന്നും ഉള്‍ക്കൊണ്ടവരല്ല അവിടെയിരിക്കുന്ന ഉദ്യോഗസ്ഥര്‍. ഇത്, റഫയിലെ മാത്രം പ്രശ്‌നമല്ല. ഈജിപ്തിലെ മുര്‍സി ഭരണകൂടം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. മുപ്പത് വര്‍ഷത്തോളം രാജ്യം അടക്കി ഭരിച്ച ഹുസ്‌നി മുബാറകിന്റെ സില്‍ബന്ധികളാണ് താക്കോല്‍ സ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെല്ലാം. ശീലിച്ചു വന്ന രീതികളും സംസ്‌കാരങ്ങളും ഉപേക്ഷിക്കാന്‍ അവര്‍ സന്നദ്ധരല്ല. പുതിയ ജനകീയ ഭരണകൂടത്തിന്റെ മുന്‍ഗണനകള്‍ മനസ്സിലാക്കാനുള്ള വെളിവൊന്നും അവര്‍ക്കില്ല. മുബാറക് കാലത്തെ അതേ അഹന്തയും നിഗളിപ്പുമാണ് അവരെ നയിക്കുന്ന ഊര്‍ജം. അത്തരക്കാരുടെ വിശ്വരൂപങ്ങളെ കാണാന്‍ റഫയിലേക്ക് വരിക. ഉദ്യോഗസ്ഥര്‍ ഉടക്കുവെച്ചാല്‍ ഉടനെ വിളിക്കണമെന്ന് ഹംദാന്‍ പറഞ്ഞേല്‍പിച്ചിരുന്നു. ഞങ്ങള്‍ ഹംദാനെ ഫോണില്‍ ബന്ധപ്പെട്ടു. ശരിയാക്കാം-അദ്ദേഹം പറഞ്ഞു.
യാത്രികരുടെ നീക്കങ്ങള്‍ ശ്രദ്ധിച്ചും അവരുടെ മുഖങ്ങളില്‍ മിന്നിമായുന്ന വൈകാരിക തീക്ഷ്ണതകളെ വായിക്കാന്‍ ശ്രമിച്ചും ഞങ്ങളവിടെ, ഹൈവേയിലെ മീഡിയനിലും മറ്റുമായി ഇരുന്നു. സുമുഖനായ ആ നീണ്ട മനുഷ്യനെ ഞാന്‍ കുറേ നേരമായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. വളരെ നേരത്തെ വന്നതാണ്. ഇനിയും അകത്തേക്ക് കയറിയിട്ടില്ല. ഞങ്ങളെപ്പോലെ വല്ല വിദേശിയുമായിരിക്കും എന്നോര്‍ത്ത് പരിചയപ്പെടാന്‍ ചെന്നു. പേര് മുഹമ്മദ് (ഗസ്സയില്‍ മുഹമ്മദുമാരെ നിങ്ങള്‍ക്ക് കാലില്‍ തടയും). സുഊദിയിലെ ദമ്മാമില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടറാണ്. ഗസ്സക്കാരന്‍. സഹോദരിമാരെ കാണാന്‍ പുറപ്പെട്ടതാണ്. ഫലസ്ത്വീന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഗസ്സയില്‍ താമസക്കാരനാണ് എന്നു തെളിയിക്കുന്ന രേഖകളില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ യാത്ര തടഞ്ഞതാണ്. ഞാന്‍ ഫലസ്തീനി, എനിക്ക് എന്റെ നാട്ടില്‍ കടക്കാന്‍ കഴിയുന്നില്ല എന്നൊക്കെ ഡോക്ടര്‍ കുശുകുശുക്കുന്നുണ്ടെങ്കിലും ക്ഷമ വിട്ടിട്ടില്ല. ശരിയാകും എന്ന പ്രതീക്ഷ തന്നെയാണ് പങ്കുവെക്കുന്നത്. ഗസ്സയിലെ സഹോദരിമാരെ വിളിച്ചറിയിച്ചിട്ടുണ്ട്. അവര്‍, ഗേറ്റിന്റെ മറുതലക്കല്‍ വന്ന് സാക്ഷ്യപ്പെടുത്തിയാല്‍ പോവാന്‍ കഴിയുമെന്ന് തോന്നുന്നു-ഡോക്ടര്‍ പറഞ്ഞു.
ജമാല്‍ ഹസന്‍ വലിയ ആഹ്ലാദത്തിലാണ്. സിഗരറ്റ് പുകച്ച് എല്ലാവരോടും ചിരിച്ച് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നടക്കുന്നു. ചിത്രകാരനും ഫോട്ടോഗ്രാഫറുമാണ്. തന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ള മികച്ച ഫ്രെയിമുകള്‍ സംഘടിപ്പിക്കാന്‍ കയ്‌റോവില്‍ പോയിവരികയാണ്. വയസ് 26. മൂന്ന് കുഞ്ഞുങ്ങളുണ്ട്. ഭാര്യയെയും ഒരു കുഞ്ഞിനെയും യാത്രയില്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. റഫയിലെ വെയിലില്‍ ബഹുമാനപ്പെട്ട ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരെയും കാത്തുകഴിയുമ്പോഴും ഹസന്‍ ഒട്ടും അസ്വസ്ഥനല്ല. അരസികന്മാരായ ഉദ്യോഗസ്ഥരല്ലാതെ ആരും അവിടെ അസ്വസ്ഥരല്ല. കാരണമുണ്ട്. അസ്വസ്ഥതകളുടെ സപ്തസമുദ്രങ്ങള്‍ താണ്ടിയവരാണ് ഗസ്സക്കാര്‍. അവര്‍ക്ക് ഈ കാത്തിരിപ്പ് അസ്വസ്ഥതയുണ്ടാക്കേണ്ട കാര്യമേ അല്ല. ഇതാ ഇവിടെ, ഈ റഫ വാതിലിന് പുറത്ത്, കഴിഞ്ഞ കൊല്ലം വരെ എത്രയെത്ര മണിക്കൂറുകള്‍, ദിവസങ്ങള്‍ കാത്തുനിന്നവരാണവര്‍. നോക്കൂ, ഹൈവേയില്‍ ദൂരെക്കാണുന്ന ആ ബാരിക്കേഡ്. ആ ബാരിക്കേഡിന് ഇപ്പുറത്തേക്ക് ആരെയും കടത്തിവിടാറുണ്ടായിരുന്നില്ല, ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍. ദിവസങ്ങള്‍ കാത്തുനിന്ന് മടങ്ങിപ്പോയ എത്ര ആയിരങ്ങളുണ്ട്. ഒരു ഐക്യദാര്‍ഢ്യ സംഘത്തെയും നയിച്ച് വന്ന മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ റംസി ക്ലാര്‍ക്കിന് ഇതേ സ്ഥലത്ത് ഒരു ദിവസം മുഴുവന്‍ കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. ഗസ്സയില്‍ നിന്ന് മടങ്ങവെയും 85കാരനായ റംസിക്ക് ഈജിപ്ഷ്യന്‍ കൗണ്ടറില്‍ മണിക്കൂറുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മടക്കയാത്രയില്‍, യാത്രാ പ്ലാനുകള്‍ തെറ്റിയതിന്റെ അങ്കലാപ്പിലായിരുന്നു ഞങ്ങള്‍. കയ്‌റോവിലെത്തി പിടിക്കേണ്ട ജിദ്ദക്കുള്ള വിമാനം നഷ്ടപ്പെടുമോ എന്ന ആശങ്ക. പക്ഷേ, ഈ ആശങ്ക മനസ്സിലാക്കാനുള്ള ഹോര്‍മോണൊന്നുമില്ലാത്ത ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഞങ്ങളെ മണിക്കൂറുകള്‍ വട്ടം കറക്കിക്കൊണ്ടിരുന്നു. പാസ്‌പോര്‍ട്ടിലെ ഒരു പേജ് മറിച്ച് അടുത്ത പേജിലെത്താന്‍ ഒരു വ്യാഴവട്ടം വേണമവര്‍ക്ക്. അതിനിടയില്‍ ഭാര്യയെ വിളിച്ചും സിഗരറ്റ് പുകച്ചും കാപ്പി കുടിച്ചും വെറുതെ മൂത്രമൊഴിക്കാന്‍ പോയും അവര്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കും. അങ്ങിനെ മൂത്രമൊഴിക്കാന്‍ പോകുന്ന ഒരു ഉദ്യോഗസ്ഥന് മുന്നില്‍ ലഭ്യമായ മുഴുവന്‍ ഊര്‍ജവും പരിചയമുള്ള മുഴുവന്‍ ആക്ഷേപവാക്കുകളുമുപയോഗിച്ച് ഞാന്‍ പൊട്ടിത്തെറിച്ചപ്പോള്‍ സുലൈമാന്‍ ഗുന്ദുസ് എന്നോട് പറഞ്ഞു. പ്രയാസപ്പെടരുത്. ഞാനിത് ആറാം തവണയാണ് ഗസ്സയില്‍. ദേ, ഈ സ്ഥലത്ത് രണ്ട് ദിവസം വരെ ഞാന്‍ കാത്തിരുന്നിട്ടുണ്ട്. ഇത്തവണയാണ് എന്റെ ഏറ്റവും എളുപ്പമുള്ള യാത്ര! ഞങ്ങള്‍ക്ക് മുമ്പേ അവിടെയെത്തിയ ഗുന്ദുസ് ഞങ്ങളെ സമാധാനിപ്പിക്കുകയാണ്. ഗുന്ദുസ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നുള്ള ഗ്രാഫിക് ഡിസൈനറാണ്. എ.കെ പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ലമെന്റ് അംഗമായ പിതാവും വീഡിയോഗ്രാഫറായ അനുജനും കൂടെയുണ്ട്.
റഫ വാതിലിന് പുറത്ത് ഞങ്ങളുടെ കാത്തിരിപ്പ് ഇപ്പോള്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞു. അതാ, പട്ടാളക്കാരന്റെ വിളിയാളം. ഞങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ ആ വാതിലിലൂടെ അകത്ത് കടന്നു. ഡോക്ടര്‍ മുഹമ്മദ് അപ്പോഴും ഞങ്ങളെ നോക്കി ആ മീഡിയനില്‍ ഇരിപ്പുണ്ടായിരുന്നു. നൂറ് മീറ്ററോളം മാത്രം വരുന്ന ബോര്‍ഡര്‍ ക്രോസിംഗ് ഓഫിസ് സമുച്ചയം കടന്ന് ഗസ്സയുടെ മണ്ണില്‍ കാലുകുത്താന്‍ ഇനി മിനുട്ടുകള്‍ മതി. പക്ഷേ, അങ്ങനെയങ്ങ് എളുപ്പമെത്തില്ല എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. കമ്പിക്കൂടുകള്‍ക്ക് പിറകില്‍ കൈയില്‍ കടലാസുകളുമായിരിക്കുന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുടെ കനിവ് ഇനിയും വേണം. പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. മറ്റ് ഔദ്യോഗിക നടപടികളുമുണ്ട്. ഒരു കടലാസ് ഈ കൗണ്ടറിലാണെങ്കില്‍ അടുത്ത കടലാസിന് അമ്പത് മീറ്റര്‍ അപ്പുറമുള്ള വേറൊരു കൗണ്ടറില്‍ പോകേണ്ടി വരും. ഇതിനിടയില്‍ എല്ലാവര്‍ക്കും ഫുലൂസ് (കൈക്കൂലി ഉറുപ്പിക) വേണം. ഫുലൂസ് ചോദിച്ച ഒരു ഉദ്യോഗസ്ഥ കിളവനോട് ഇല്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ കയ്യിലുള്ള ആ പേനയിങ്ങ് തന്നേക്ക് എന്നായി! മൂത്രമൊഴിക്കാന്‍ വരെ ഫുലൂസ് ചോദിച്ചു കളഞ്ഞു, ആ വഷളന്മാര്‍. ദൈവമേ, സാധാരണ ഉദ്യോഗസ്ഥരായ ഇവരൊക്കെ ഇങ്ങനെയെങ്കില്‍ ഇവരുടെ മുത്തപ്പനായ ഹുസ്‌നി മുബാറക് എങ്ങനെയായിരിക്കും എന്നാണ് ഞാനോര്‍ത്തത്.
ഒടുവില്‍, നടപടികള്‍ പൂര്‍ത്തിയായി. ഏതാനും മീറ്ററുകളേ നടക്കാനുള്ളുവെങ്കിലും നടന്നുപോവാന്‍ പറ്റില്ല. ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെ പ്രത്യേക വാഹനത്തില്‍ കയറി വേണം പോവാന്‍. അതിനുമുണ്ട് കനത്ത ചാര്‍ജ്. ലഗേജ് വണ്ടിയില്‍ എടുത്തുവെച്ച് ഫുലൂസിനായി വെപ്രാളം കൂട്ടുന്ന ആര്‍ത്തിപ്പണ്ടാരങ്ങള്‍ അവിടെയുമുണ്ട്. ഏറ്റവും ക്ഷമാലുവായ ആളെപ്പോലും ഭ്രാന്ത് പിടിപ്പിക്കുന്ന നടപടികള്‍. പക്ഷേ, മഹത്തായ ഒരു നാട്ടിലേക്കുള്ള യാത്രയല്ലേ എന്നു കരുതി വിദേശികള്‍ ക്ഷമിക്കും. കാലങ്ങളായി പാത്തുവെച്ചു പോരുന്ന ആഗ്രഹം സഫലീകരിക്കപ്പെടുകയല്ലേ എന്നോര്‍ത്ത് ഗസ്സക്കാരും ക്ഷമിക്കും. അതിന്റെ ബലത്തില്‍ മാത്രമാണ് ആ ഉദ്യോഗസ്ഥര്‍ തടികേടാകാതെ നില്‍ക്കുന്നത്. വട്ടംകറക്കലുകളിലെല്ലാം സ്വയം നിയന്ത്രണത്തിന്റെ കരുത്ത് തന്നത് ഗസ്സക്കാര്‍ തന്നെ. അവരിതെല്ലാം എത്ര കണ്ടതാണ്. അതിന്റെ മുമ്പില്‍ ഞങ്ങളുടെയീ പ്രയാസങ്ങളെന്ത്! വീണ്ടും രണ്ട് മണിക്കൂറോളമെടുത്തെങ്കിലും ഒടുവില്‍ കാര്യങ്ങള്‍ ശരിയായി. ഞങ്ങള്‍ ഗസ്സയിലേക്ക് കടക്കുകയാണ്. കൈറോവിലെ ഹോട്ടലില്‍ നിന്ന് അഹ്മദ് ആദില്‍ പറഞ്ഞ വേറൊരു ലോകത്തേക്ക്. (തുടരും)
Comments