ന്യൂനപക്ഷങ്ങള്‍ പിന്നെയും ഒറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു
2012 ഡിംസംബര്‍ 23 ഞാറയാഴ്ച. ദല്‍ഹിയില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ദല്‍ഹി പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ ചാനല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിറഞ്ഞുനിന്നു. ആ ഇമേജുകള്‍ രാഷ്ട്ര മനസ്സിലേക്ക് ആഴ്ന്നിറങ്ങി. 9 മണി വാര്‍ത്താ ചര്‍ച്ചകളില്‍ ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണിച്ച് രാകി മൂര്‍ച്ചപ്പെടുത്തി.
14 ദിവസം കഴിഞ്ഞ് മറ്റൊരു ഞായറാഴ്ച, ദല്‍ഹിയില്‍നിന്ന് ഏകദേശം ആയിരം കിലോമീറ്റര്‍ അകലെ ഉത്തര മഹാരാഷ്ട്രയുടെ അറ്റത്തുള്ള ധൂലെനഗരം ദല്‍ഹിയില്‍ കണ്ടതിനേക്കാള്‍ ഭീകരമായ ഒരു അതിക്രമത്തിന് സാക്ഷിയായി. എസ്.എല്‍.ആര്‍ ബുള്ളറ്റുകള്‍ ആറ് മുസ്‌ലിം യുവാക്കളെയാണ് കൊലപ്പെടുത്തിയത്.
സമാനമായ മറ്റൊരു പോലീസ് അതിക്രമം അഹ്മദാബാദില്‍നിന്നും ഏറെയകലെയല്ലാത്ത സുരേന്ദ്രനാഥ് ജില്ലയിലെ താന്‍ഗഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നാല് ഗുജറാത്തീ പോലീസ് ഓഫീസര്‍മാര്‍ എ.കെ 47 ഉപയോഗിച്ച് മൂന്ന് ദളിതരെ വെടിവെച്ചു കൊന്നു. 2012 സെപ്തംബര്‍ 22, 23 തീയതികളില്‍ നടന്ന ഈ അക്രമണത്തില്‍ മരിച്ചവരില്‍ 17 വയസ്സുകാരനും ഉണ്ടായിരുന്നു. താന്‍ഗഡിലെയും ധൂലെയിലേയും ഈ ദുരന്തങ്ങളെ മാധ്യമങ്ങള്‍ അപ്രധാന ഇടങ്ങളില്‍ ഒതുക്കി. ചില ഇംഗ്ലീഷ് പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നത് വിസ്മരിക്കുന്നില്ല. ധൂലെയില്‍ പോലീസ് കാട്ടിക്കൂട്ടിയ ലജ്ജാകരമായ പ്രവൃത്തികള്‍ മൊബൈല്‍ കാമറകളില്‍ പതിഞ്ഞിരുന്നു. സ്‌തോഭജനകമായ ഈ വാര്‍ത്താ ക്ലിപ്പിംഗുകള്‍ ലഭ്യമായിരുന്നിട്ടു കൂടി, പൊതുവെ ആര്‍ത്തിപൂണ്ട് നാല്പാടും നോക്കുന്ന ടെലിവിഷന്‍ ക്യാമറക്കണ്ണുകള്‍ ആ ഭാഗത്തേക്ക് നോക്കിയതേയില്ല. വളരെ തന്ത്രപൂര്‍വം പ്രൈംടൈം വാര്‍ത്താ ബഹളങ്ങളില്‍ നിന്ന് അവ തമസ്‌കരിക്കപ്പെട്ടു. കുറ്റം പറയരുതല്ലോ, അര്‍ധ രാത്രിക്ക് മുമ്പോ ശേഷമോ ഒക്കെയുള്ള വാര്‍ത്താ ബുള്ളറ്റിനുകളില്‍ അവ സ്ഥാനം പിടിക്കുകയും ചെയ്തു.
ധൂലെ ക്ലിപ്പുകളിലൊന്നില്‍, ഒരു പോലീസ് കോണ്‍സ്റ്റബിള്‍ തന്റെ സീനിയര്‍ ഓഫീസറില്‍നിന്ന് റൈഫിള്‍ വാങ്ങി, ജനക്കൂട്ടത്തിന്റെ അരയ്ക്ക് വളരെ മുകളില്‍ നിറയൊഴിക്കാന്‍ നില്‍ക്കുന്ന രംഗമുണ്ട്. മുസ്‌ലിംകള്‍ താമസിക്കുന്ന മാച്ചിപ്പുരയിലെ മാര്‍ക്കറ്റില്‍നിന്നും ഗല്ലികളില്‍നിന്നും ബുള്ളറ്റിന്റെ അവശിഷ്ടങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ഈ ഉള്‍പ്രദേശം സംഭവസ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററെങ്കിലും അകലെയാണ്. ഇമ്രാന്‍ അലിയുടെ തോളെല്ല് തകര്‍ത്താണ് മൂന്ന് വെടിയുണ്ടകള്‍ തുളച്ച് കയറിയത്. അയാള്‍ മരണത്തിന് കീഴടങ്ങി. 23 വയസ്സുള്ള മറ്റൊരു മുസ്‌ലിം യുവാവിന്റെ നില ഗുരുതരമാണ്. മറ്റൊരാളുടെ കവിളത്താണ് വെടിയേറ്റത്. കണ്ണിന് കൊണ്ടില്ല എന്ന് മാത്രം. വെടിയേറ്റ് വേറൊരാളുടെ കരള്‍ പിളര്‍ന്നു. സഹായിക്കണേ എന്ന് യാചിച്ചിട്ടും അത് കേള്‍ക്കാത്തപോലെ നില്‍ക്കുന്ന പോലീസുകാരനാണ് ക്ലിപ്പിംഗിലെ മറ്റൊരു ദൃശ്യം. ലഹളക്കാര്‍ കത്തിച്ചു നശിപ്പിച്ച മുസ്‌ലിം സ്ഥാപനങ്ങളില്‍നിന്നും യൂനിഫോമിട്ട പോലീസുകാരന്‍ കൊള്ളയടിക്കുന്നതായിരുന്നു വേറൊരു ക്ലിപ്പിംഗ്.
സ്റ്റീഫന്‍ ലോറന്‍സ് കേസ്
1993-ല്‍ ബ്രിട്ടനില്‍ കറുത്ത വര്‍ഗക്കാരനായ സ്റ്റീഫന്‍ ലോറന്‍സ് എന്ന യുവാവ് കൊലചെയ്യപ്പെട്ടു. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് 1999-ല്‍ പ്രസിദ്ധീകരിച്ചു. യൂനിഫോമിട്ട ആളുകള്‍വരെ വര്‍ഗവിദ്വേഷത്തിന്റെ പേരില്‍ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന് പറയുന്നുണ്ട് ആ റിപ്പോര്‍ട്ടില്‍. പോലീസ് സംവിധാനത്തില്‍ തന്നെ ഇതിനെതിരായുള്ള ബോധവത്കരണവും തിരുത്തലും നടത്തണം.
1980-കളുടെ അവസാനം മുതല്‍ ഇന്ത്യയിലുണ്ടായ ടാര്‍ജറ്റഡ് അതിക്രമങ്ങളിലും സംഘര്‍ഷങ്ങളിലും യൂനിഫോം ധരിച്ചവരുടെ പങ്ക് വെളിപ്പെട്ടിരുന്നു. 1983-ല്‍ ആസാമിലെ നെല്ലിയില്‍ മൂവായിരം മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. 1984-ല്‍ ദല്‍ഹിയില്‍ മൂവായിരത്തിലധികം സിക്കുകാര്‍ വളരെ ആസൂത്രിതമായി കൊല ചെയ്യപ്പെട്ടു. 1987-ല്‍ ഉത്തര്‍ പ്രദേശിലെ ഷാഹിം പുരയില്‍ 51 മുസ്‌ലിംകളെ പി.എ.സി (Provincial Armed Constabulary) വെടിവെച്ചു കൊന്നു. 1989-ല്‍ ബീഹാറിലെ ഭഗല്‍പൂരിലെ കൂട്ടക്കുരുതിയില്‍ ആയിരങ്ങള്‍ മരിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ സംഭവസ്ഥലത്ത് പെട്ടെന്ന് കോളിഫ്‌ളവര്‍ കൃഷിയിറക്കുകയായിരുന്നു. 1992-'93-ല്‍ മുംബൈയില്‍ 1200-ല്‍ പരം ആളുകളാണ് മരിച്ചത്. 2008-ല്‍ ഒറീസയിലെ കാണ്ഡമലില്‍ നൂറോളം ക്രിസ്ത്യാനികളും 2002-ല്‍ ഗുജറാത്തില്‍ രണ്ടായിരത്തില്‍ കൂടുതല്‍ മുസ്‌ലിംകളും കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യന്‍ പോലീസിന്റെ ന്യൂനപക്ഷവിരുദ്ധ മുന്‍വിധികളെയും വിദ്വേഷ പ്രേരിതമായി നടത്തുന്ന കുറ്റകൃത്യങ്ങളെയും കോടതികളും ജുഡീഷ്യല്‍ കമീഷനുകളും പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും, ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രം.
പോലീസ് നിഷ്പക്ഷതയെപ്പറ്റി
1995-ല്‍ ഞാന്‍ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ വി.എന്‍ റായ്‌യെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടായിരുന്നു. 'Combating Communal Conflicts: Perception of Police neutrality during Hindu-Muslim riots in India' എന്ന തന്റെ ഗവേഷണ പ്രബന്ധം അദ്ദേഹം പൂര്‍ത്തീകരിച്ചത് ഒരു വര്‍ഷത്തെ അവധിയെടുത്തുകൊണ്ടായിരുന്നു. പഠനത്തിന്റെ ഭാഗമായി രാജ്യമാകെയുള്ള കലാപങ്ങളിലെ നൂറുകണക്കിന് ഇരകളുമായി അഭിമുഖം നടത്തിയപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കലാപവേളയില്‍ ഹിന്ദുക്കള്‍ പോലീസുകാരെ തങ്ങളുടെ സുഹൃത്തുക്കളായും സിക്കുകാരെയും മുസ്‌ലിംകളെയും പോലെയുള്ള ന്യൂനപക്ഷങ്ങളെ തങ്ങളുടെ ശത്രുക്കളായും കാണുന്നു. സ്റ്റീഫന്‍ ലോറന്‍സിന്റെ കൊലപാതകം ബ്രിട്ടീഷ് പോലീസിനെ ആത്മ വിചിന്തനത്തിന് പ്രേരിപ്പിച്ചത് പോലെ, ഈ പഠനം ഏറെ ചിന്തകള്‍ക്ക് വിഷയീഭവിക്കേണ്ടതായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പോലീസ് സ്ഥാപനങ്ങള്‍ ഈ പഠനത്തെ അവഗണിക്കുകയാണുണ്ടായത്. അത് പ്രസിദ്ധീകരിക്കാന്‍ റായ്ക്ക് ഒരു സ്വകാര്യ പ്രസാധകനെ കണ്ടെത്തേണ്ടതായി വന്നു. പക്ഷേ, ചില ഉന്നത ഉദ്യോഗസ്ഥര്‍ വിഷയം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി സേനയുടെ സ്ഥാപകനും അതിന്റെ മുന്‍മേധാവിയുമായ കെ.എഫ് റുസ്തംജിയും ഡി.ഐ.ജി പദ്മറോഷയും വളരെ നിര്‍ണായകമായ ഈ പ്രശ്‌നത്തില്‍ ശബ്ദമുയര്‍ത്താന്‍ തയാറായി. സമുദായ-ജാതി മുന്‍വിധികള്‍ ആഴത്തില്‍ പ്രകടമാവുന്ന ഇത്തരം സന്ദര്‍ഭങ്ങളെ ഗൗരവത്തോടെ അഭിമുഖീകരിച്ചില്ലെങ്കില്‍, വളരെ കടുത്ത ഒറ്റപ്പെടലിലേക്ക് ജനസമൂഹത്തെ അത് നയിക്കുമെന്ന് അവര്‍ ഊന്നിപ്പറയുന്നു. ഇപ്പോഴാണ് റായ് ഈ പഠനം നടത്തുന്നതെങ്കില്‍, ന്യൂനപക്ഷങ്ങളുടെ ഒറ്റപ്പെടല്‍ പതിന്മടങ്ങ് രൂക്ഷത പ്രാപിച്ചതായി അദ്ദേഹം കണ്ടെത്തുമായിരുന്നു.
ഞാന്‍ റായിയോട് ചോദിച്ചു: 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ 3000 മുതല്‍ 4000 വരെ യൂനിഫോമിട്ട പോലീസുകാര്‍ രംഗം വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നല്ലോ. ഇത് പോലീസിന്റെ കുറ്റകരമായ കൃത്യവിലോപംതന്നെയല്ലേ? 21 വര്‍ഷം മുമ്പുള്ള ആ ഭീകര ഞായറാഴ്ചയുടെ മരവിപ്പിക്കുന്ന ഓര്‍മകള്‍ അനുസ്മരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി: 3000-4000 വരെ കര്‍സേവകര്‍ പള്ളിയുടെ വളരെയടുത്ത് തന്നെയുണ്ടായിരുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റെക്കോര്‍ഡ് ചെയ്ത വീഡിയോ കാസറ്റ് വെളിപ്പെടുത്തുന്നു. എങ്കില്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കാമായിരുന്നല്ലോ? നടപടികള്‍ എടുക്കാത്തതിന്റെ കാരണം വേറെ അന്വേഷിക്കണം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ വിജയാഹ്ലാദത്തില്‍ കൈകളുയര്‍ത്തി ആനന്ദിക്കുന്ന പോലീസുകാരെ കാസറ്റില്‍ കാണിക്കുന്നുണ്ട്. ജില്ലാ മസ്ജിസ്‌ട്രേറ്റും മറ്റു ഓഫീസര്‍മാരും ആനന്ദത്താല്‍ നൃത്തം ചവിട്ടുകയായിരുന്നു. അതുകൊണ്ടുതന്നെ കര്‍സേവകരെ തടയാന്‍ കഴിഞ്ഞില്ല. അവരെ തടയാന്‍ ആഗ്രഹവുമുണ്ടായിരുന്നില്ല. അക്രമികളാരും തന്നെ ശിക്ഷിക്കപ്പെടുകയുമുണ്ടായില്ല.
1987-ല്‍ ഹാഷിംപുരയിലെ പി.എ.സിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത് റായ് ആയിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2002-ല്‍ അക്രമാസക്തരായ ഹിന്ദുജനക്കൂട്ടം ഒരു മദ്‌റസ ആക്രമിക്കുന്നത് തടയാന്‍ തന്റെയാളുകള്‍ വിസമ്മതിച്ചപ്പോള്‍ എസ്.പിയായിരുന്ന രാഹുല്‍ ശര്‍മ ജനത്തെ പിരിച്ചുവിടാന്‍ നിറയൊഴിക്കുകയുണ്ടായി. പെട്ടെന്നുള്ള നീക്കത്തിലൂടെ 400 മുസ്‌ലിം കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി. പക്ഷേ, ഇന്ന് അദ്ദേഹത്തോട് സംസ്ഥാന ഭരണകൂടം പക തീര്‍ക്കുകയാണ്. അദ്ദേഹത്തെ പല രീതിയില്‍ പീഡിപ്പിക്കുന്നു. സര്‍ക്കാറില്‍നിന്ന് കുറ്റപത്രങ്ങള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നു.
റായ്, ശര്‍മ ഇവരൊന്നും റിപ്പബ്ലിക് ദിനത്തില്‍ ധീരതക്ക് മെഡല്‍ നേടുന്നവരുടെ കൂട്ടത്തില്‍ പെടാന്‍ യാതൊരു സാധ്യതയുമില്ല. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും അവര്‍ കടന്നുവരാനിടയില്ല. അവരുടെ പരുഷമായ നടപടികളും പുനരാലോചനകളും സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യ വളരെ കൂളായി കൊണ്ടുനടക്കുന്ന മറ്റൊരു പാരുഷ്യത്തെയാണ് വെളിച്ചത്തുകൊണ്ട് വരുന്നത്; ആഴത്തില്‍ വേരുറച്ചുപോയ ഇത്തരം മുന്‍വിധികളുടെ പാരുഷ്യത്തെ.
(ദ ഹിന്ദു, 2013 ഫെബ്രുവരി 20)
വിവ: വി.പി താഹിറ
Comments