Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

ഹൈദരാബാദ് സ്‌ഫോടനങ്ങള്‍ അദ്വാനിയെ കടത്തിവെട്ടി ഷിന്‍ഡെ

എ. റശീദുദ്ദീന്‍

ദില്‍സുഖ് നഗറില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങളുടെ പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് ഇതെഴുതുന്ന ദിവസം വരെ ആന്ധ്ര പോലീസോ ദേശീയ കുറ്റാന്വേഷണ ഏജന്‍സികളോ കണ്ടെത്തിയിട്ടില്ല. എല്ലാ സ്‌ഫോടനങ്ങള്‍ക്കും ശേഷമെന്നതു പോലെ 'പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്തുന്ന' റിപ്പോര്‍ട്ടുകളുമായി ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഭീകരതയുടെ ചാവടിയന്തരം മാത്രം ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. വസ്തുതകള്‍, യുക്തിഭദ്രത, നിയമം, നടപടിക്രമങ്ങള്‍ മുതലായവക്ക് സുപ്രീംകോടതി തന്നെയാണല്ലോ ഇടക്കാലത്ത് പൊതുമനസ്സാക്ഷിയെ മാനദണ്ഡമാക്കിയത്. ഭീകരതയുടെ കാര്യത്തില്‍ ഹിന്ദുത്വത്തെ വിമര്‍ശിക്കരുതെന്ന പുതിയ കീഴ്‌വഴക്കത്തിന് ആഭ്യന്തരമന്ത്രിയും തുടക്കമിട്ടു. അതുകൊണ്ടു തന്നെ മാധ്യമങ്ങളെ മാത്രമായി ഇക്കാര്യത്തില്‍ കുറ്റം പറയാനാവില്ല. ലശ്കറെ ത്വയ്യിബ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ പതിവുകാരും ഭീകരതയുടെ പുതിയ അവതാരമായ ഇന്ത്യന്‍ മുസ്‌ലിം മൊഹമ്മദിന്‍ മുജാഹിദീനും സംഘടനകളുടെ പട്ടികയില്‍ നിറഞ്ഞു നിന്നപ്പോള്‍ ലശ്കര്‍ നേതാവ് ഹാഫിസ് സഈദ്, ഇന്ത്യന്‍ മുജാഹിദീന്‍ നേതാക്കളായ യാസീന്‍ ഭട്കല്‍, റിയാസ് ഭട്കല്‍, ഫര്‍ഹത്തുല്ലാ ഗോരി, സയ്യിദ് മഖ്ബൂല്‍, ഇംറാന്‍ ഖാന്‍, ഉബൈദുര്‍റഹ്മാന്‍, അബ്ദുല്‍ അസീസ് ഗിദ്ദ, ഗഫൂര്‍ ഖാന്‍, അബ്ദുല്‍ ബാരി എന്നിങ്ങനെ ഇന്ത്യയിലും പുറത്തുമുള്ള ഭൂതങ്ങളും ബീഹാറിലെ ബേഗുസരായി സ്വദേശികളായ മുഹമ്മദ് ജാഇസ്, മുഹമ്മദ് സആദ് എന്നീ വിദ്യാര്‍ഥികളും ഹൈദരാബാദിലെ യുവതിയുമായി ഇന്റര്‍നെറ്റില്‍ പ്രണയം സ്ഥാപിച്ച് വിസയില്ലാതെ നേപ്പാള്‍ വഴി നുഴഞ്ഞു കടന്ന് പിടിയിലായ സോമാലിയക്കാരന്‍ മക്‌റാനിയുമൊക്കെ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസുമായി ബന്ധമുള്ളവരായി. റിയാസ് ഭട്കല്‍ നേരിട്ടെത്തിയാണ് ബോംബു സ്ഥാപിച്ചതെന്നു പോലും ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു (ഫെബ്രുവരി 25).
തീര്‍ന്നില്ല, പൂനെ ജര്‍മന്‍ ബേക്കറി കേസില്‍ പിടിയിലായി നിലവില്‍ തീഹാറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് മഖ്ബൂല്‍, ദില്‍സുഖ് നഗറിന്റെ സ്‌കെച്ച് തയാറാക്കിയിരുന്നുവെന്ന വിവരം ഡെക്കാന്‍ ഹെറാള്‍ഡ് പത്രത്തിന്റെ റിപ്പോര്‍ട്ട് ആക്രമണത്തെ കുറിച്ച് പോലീസിന് അറിവുണ്ടായിരുന്നുവെന്ന സൂചന നല്‍കി (ഫെബ്രുവരി 22). ഈ റിപ്പോര്‍ട്ട്് കഴിഞ്ഞ നവംബര്‍ 15-ന് എന്‍.ഐ.എ കൈമാറിയതിനു ശേഷം 400 തവണയെങ്കിലും ദില്‍സുഖ് നഗര്‍ താന്‍ അരിച്ചു പെറുക്കിയിട്ടുണ്ടെന്നാണ് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മയെ ഇന്ത്യന്‍ എക്‌സ്പ്രസ് ഉദ്ധരിച്ചത് (ഫെബ്രുവരി 23). ചുരുങ്ങിയത് ഒരു ഡസന്‍ ഭീകരാക്രമണ കേസുകളില്‍ 2006 മുതല്‍ പോലീസ് തെരഞ്ഞുനടക്കുന്ന ഈ റിയാസ് ഭട്കല്‍ എന്നിട്ടും സി.സി.ടി.വി ക്യാമറകളെയും രഹസ്യപോലീസുകാരെയും വെട്ടിച്ച് ദില്‍സുഖ് നഗറില്‍ വന്നു ബോംബു വെച്ചുവെങ്കില്‍ ഭീകരരെ പിടികൂടാന്‍ അനുരാഗ് ശര്‍മ ഇനി ചട്ടിക്കെണി വെക്കുന്നതാവും പൊതുഖജനാവിനു നല്ലത്. ബംഗളുരു പോലീസ് നേരത്തെ 'തകര്‍ത്ത' 11 അംഗ ഇന്ത്യന്‍ മുജാഹിദീന്‍ സംഘത്തിനും (അവരില്‍ രണ്ടാളെ കോടതി വിട്ടയച്ചിട്ടു പോലും) കേസുമായി ബന്ധമുണ്ടെന്നും എന്‍.ഐ.എ സംഘം കര്‍ണാടകത്തിലേക്കു പോകുന്നുണ്ടെന്നുമുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു (ടൈംസ് ഓഫ് ഇന്ത്യ ഫെബ്രുവരി 24). പോലീസാണ് ഈ വിവരങ്ങളത്രയും മാധ്യമങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കിഷന്‍ റെഡ്ഡിക്ക് ലശ്കറെ ത്വയ്യിബ അയച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ട ഒരു കത്തല്ലാതെ മറ്റാരും ഈ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം പ്രത്യക്ഷമായി ഇതേവരെ ഏറ്റെടുത്തിട്ടുമില്ല. എങ്കിലും റെഡ്ഡിയെ ആരോ വിഡ്ഢിയാക്കിയതാണെന്ന് പോലീസ് തന്നെ തള്ളിപ്പറയുന്ന തമാശയും നമുക്ക് കാണേണ്ടി വന്നു. മൊത്തത്തില്‍ തന്നെ പാളംതെറ്റുന്ന ഭീകരതാ അന്വേഷങ്ങള്‍ക്കിടയില്‍ ഒരു നേരമ്പോക്ക്, അല്ലേ?

വൃത്തികെട്ട രാഷ്ട്രീയക്കളി
ദില്‍സുഖ് നഗര്‍ സ്‌ഫോടനത്തിനു ശേഷം മുമ്പെന്നെത്തേക്കാളും അപകടകരമായ രീതിയിലാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയം കളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കൊല്‍ക്കത്തയില്‍ നടത്തിയ ഒരു പ്രസ്താവന ഹിന്ദു ദിനപത്രം (ഫെബ്രുവരി 24) റിപ്പോര്‍ട്ടു ചെയ്തത് ഇങ്ങനെ വായിക്കാം. 'അജ്മല്‍ അമീര്‍ കസബിന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷകള്‍ നടപ്പാക്കിയതിനു ശേഷം ഇങ്ങനെയെന്തെങ്കിലും സംഭവിക്കാമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നു. അക്കാര്യത്തില്‍ ചില  സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു'. ഏതൊക്കെ പട്ടണങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഈ രണ്ട് വധശിക്ഷകളുടെയും പേരില്‍ ഹൈദരാബാദിലെ 16 പാവങ്ങളെ കൊന്ന് ഇന്ത്യയിലാരോ നിര്‍വൃതി അടഞ്ഞുവെന്നാണ് ഈ പ്രസ്താവനയുടെ വ്യാഖ്യാനം. കാക്കത്തൊള്ളായിരം തീവ്രവാദികളുള്ള കശ്മീരില്‍ പോലും ഗുരുവിനു വേണ്ടി അങ്ങാടിയില്‍ ഒരുത്തനെയും ഇതേവരെ ആരും കശാപ്പു ചെയ്തിട്ടില്ലെന്നിരിക്കെയാണ് ഇത്തരമൊരു പ്രസ്താവനയുമായി ഷിന്‍ഡെ രംഗത്തിറങ്ങുന്നത്. ആഭ്യന്തരമന്ത്രി ഈ പ്രസ്താവനയിറക്കിയ അതേ കൊല്‍ക്കത്ത നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് ദിനപത്രം ഫെബ്രുവരി 11-ന് പുറത്തുവിട്ട ഒരു വാര്‍ത്ത ഇവിടെ എടുത്തു പറയേണ്ടതാണ്. ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പിറ്റേ ദിവസം ഇസ്‌ലാമാബാദില്‍ നടന്ന ഒരു ധര്‍ണയില്‍ ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മലിക്കും ലശ്കറെ ത്വയ്യിബ സ്ഥാപക നേതാവ് ഹാഫിസ് സഈദും ഒപ്പമിരിക്കുന്ന ഫോട്ടോയൊടൊപ്പമാണ് ഈ വാര്‍ത്ത അച്ചടിച്ചു വന്നത്. അഫ്‌സല്‍ ഗുരുവിനെ ഇന്ത്യ തൂക്കിക്കൊന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെങ്കിലും അതിന് പകരമെന്നോണം പാക് ജയിലിലുള്ള ഇന്ത്യക്കാരന്‍ സറബ്ജിത്ത് സിംഗിന്റെ വധശിക്ഷയുടെ കാര്യത്തില്‍ പാകിസ്താന്‍ സര്‍ക്കാര്‍ ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നാണ് ധര്‍ണയില്‍ ഇരുവരും ആവശ്യപ്പെട്ടത്! മലികും ഹാഫിസും മാത്രമല്ല, പാകിസ്താനിലെ ഒട്ടനവധി സംഘടനാ നേതാക്കളും ഈ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ കൊടുംകുറ്റവാളിപ്പട്ടികയിലുള്ള ഹാഫിസ് സഈദിനൊപ്പം ശത്രുരാജ്യത്ത് ധര്‍ണ നടത്തിയ യാസീന്‍ മലിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന വാര്‍ത്ത മാത്രമാണ് കേരളത്തിലടക്കമുള്ള മാധ്യമങ്ങള്‍ പിറ്റേന്ന് പ്രസിദ്ധീകരിച്ചത്. ഈ സംഭവത്തിലെ യഥാര്‍ഥ വാര്‍ത്തയെ മുക്കിയ മാധ്യമങ്ങള്‍ ഇന്ത്യക്കാരന്റെ മിഥ്യാഭിമാനത്തെ കാത്തുരക്ഷിച്ചു. ലശ്കര്‍ നേതാവിന് പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ അന്നാട്ടിലെ സുപ്രീംകോടതി കൊലക്കുറ്റത്തിന് വധശിക്ഷ ശരിവെച്ച, പാക് രാഷ്ട്രപതിയുടെ ദയാഹരജിക്ക് മറുപടി കാത്തുകഴിയുന്ന സറബ്ജിത്തിന്റെ കാര്യത്തില്‍ ഇവ്വിധമാകുമായിരുന്നോ അങ്ങോരുടെ  പ്രസ്താവന?
ഭീകരതയുടെ കാര്യത്തില്‍ ഇന്ത്യ സമീപകാലത്ത് കണ്ടýഏറ്റവും നെറികെട്ട രാഷ്ട്രീയമായിരുന്നു ഇത്. ഗവണ്‍മെന്റ് നീതിവാഴ്ച നടപ്പാക്കിയതിന് കുറെ പാവങ്ങളെ കൊന്ന് 'ആരോ ചിലര്‍' പ്രതികാരം ചെയ്തു എന്നാണ് ഷിന്‍ഡെ ആരോപിച്ചത്. ഇതു തന്നെയാണ് കാരണമെന്ന് ഒരു ആഭ്യന്തരമന്ത്രി എന്തടിസ്ഥാനത്തില്‍ വിലയിരുത്തി? ഈ ചിലര്‍ ആരാണെന്നാണ് ഇന്ത്യന്‍ ജനത മനസ്സിലാക്കുക? ഷിന്‍ഡെ ഇത്തരമൊരു പ്രസ്താവന നടത്തുന്ന സമയത്ത് നാം തുടക്കത്തില്‍ സൂചിപ്പിച്ച മാധ്യമ വിചാരണ മാത്രമായിരുന്നല്ലോ രാജ്യത്ത് നടക്കുന്നുണ്ടായിരുന്നത്. മുന്‍കാലങ്ങളില്‍ ഇതേപോലെ തത്ത്വശാസ്ത്രപരമായ കാരണങ്ങള്‍ പറയപ്പെട്ട ഒട്ടനവധി ഭീകരാക്രമണങ്ങളുടെ അടിസ്ഥാനം അതായിരുന്നില്ലെന്ന് പില്‍ക്കാലത്ത് തെളിഞ്ഞ പശ്ചാത്തലത്തിലായിരുന്നു ഇതേ ഷിന്‍ഡെയുടെ വിവാദമായ ജയ്പൂര്‍ പ്രസ്താവന ഉണ്ടായത്. ബി.ജെ.പിയോടു മാപ്പു പറയുക എന്ന നാണക്കേട് തലയിലേറ്റുക മാത്രമല്ല അവിടെ നിന്നും ഒരുപടി കൂടി താഴേക്കിറങ്ങുകയാണ് ഷിന്‍ഡെ ചെയ്തത്. കസബിനെയും അഫ്‌സലിനെയും ഒരു ദയയുമില്ലാതെ തൂക്കിലേറ്റിയ കോണ്‍ഗ്രസിന് വീരപരിവേഷം കിട്ടണം, ഭീകരാക്രമണം ഏറ്റുവാങ്ങേണ്ടി വന്നതില്‍ അല്‍പ്പം സഹതാപവും ഒപ്പം ജനപിന്തുണയും നേടണം. പൊതുജനം നെടുകെ പിളര്‍ന്ന് വര്‍ഗീയതയുടെ വിഷബാധയേറ്റ് കരിഞ്ഞാലും കോണ്‍ഗ്രസിന് ഒരു ചുക്കും നഷ്ടം പറ്റാനില്ലല്ലോ. ഇതൊക്കെയല്ലേ ഈ പ്രസ്താവനയിലൂടെ സംഭവിച്ചത്? ഭീകരതയെ കുറിച്ച വസ്തുതകള്‍ക്കു പോലും ഭൂരിപക്ഷ വികാരവും താല്‍പര്യവുമൊക്കെ അടിസ്ഥാന ഘടകങ്ങളായി മാറാന്‍ തുടങ്ങിയ നമ്മുടെ രാജ്യത്ത് ഈ പ്രസ്താവന തീര്‍ച്ചയായും ചില ദുഷിപ്പുകള്‍ ബാക്കിയാക്കുന്നുണ്ട്. കസബിനും അഫ്‌സലിനും വേണ്ടി പൊതുജനത്തെ കൊല്ലാന്‍ ആഗ്രഹമുള്ള ആരോ രാജ്യത്തുണ്ട് എന്നു ഷിന്‍ഡെ പറയുമ്പോള്‍ ഒന്നുകില്‍ ഒരു പ്രസ്ഥാനം, അല്ലെങ്കില്‍ ഒരു മതം എന്നു തന്നെയാണ് മാധ്യമ വിചാരണയിലൂടെ സ്ഥാപിക്കപ്പെടുന്നത്. ഭീകരതക്ക് മതവും രാഷ്ട്രീയവുമില്ലെന്ന് തൊട്ടു മുമ്പത്തെ ആഴ്ച ഷിന്‍ഡെ തന്നെ എഴുതിയ മാപ്പപേക്ഷയിലെ വാക്കുകള്‍ക്ക് വിരുദ്ധമാണിത്. ഒന്നുകില്‍ ആ മാപ്പപേക്ഷ കാപട്യമായിരുന്നു. അല്ലെങ്കില്‍ ഭൂരിപക്ഷ സമൂഹത്തിന്റെ മതവും രാഷ്ട്രീയവും എന്നു മാത്രമാണ് ഈ പ്രസ്താവനയിലൂടെ ഷിന്‍ഡെ ഉദ്ദേശിച്ചത്. അദ്വാനിയുടെ കാലത്തുപോലും ഭീകരതയുമായി ബന്ധപ്പെട്ട് ഇത്രയും അപകടകരമായ രാഷ്ട്രീയ പ്രസ്താവന ഉണ്ടായിട്ടില്ല. അദ്വാനിയും കിഷന്‍ റെഡ്ഡിയുമൊക്കെ പാകിസ്താനെയും ലശ്കറെ ത്വയ്യിബയുമൊക്കെ ഏതാണ്ടെല്ലാ അവസരത്തിലും കുറ്റം പറയുന്നതു കൊണ്ട് അവരുടെ വാക്കിന് സമൂഹത്തില്‍ സൃഷ്ടിക്കാനാവുന്ന ദുരന്തങ്ങള്‍ക്ക് ചില പരിമിതികളൊക്കെ വന്നിട്ടുണ്ട്. പക്ഷേ ഒരു സുപ്രഭാതത്തില്‍ വലതുപക്ഷ, കുങ്കുമ ഭീകരതയെ കുറിച്ച് പ്രസ്താവനയിറക്കുകയും ആഴ്ചകള്‍ക്കു ശേഷം തന്റെ വാക്കുകള്‍ സ്വയം വിഴുങ്ങുകയും ചെയ്ത ആഭ്യന്തരമന്ത്രി പിന്നീട് നടത്തുന്ന പ്രസ്താവന ഇത്രക്കു തരംതാണതാവാന്‍ പാടുണ്ടായിരുന്നില്ല.
മുംബൈയിലെ ഒരു കോളേജില്‍ എല്‍.കെ അദ്വാനി നടത്തിയ പ്രസംഗം കുറെക്കൂടി നിലവാരമുള്ള 'ഭീകരതാ രാഷ്ട്രീയ'മായിരുന്നു. ഹൈദരാബാദ് സ്‌ഫോടനം പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സൃഷ്ടിയാകാമെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇന്ത്യക്കെതിരെ യുദ്ധം നടത്തുന്നതില്‍ പാകിസ്താന്‍ ഒരിക്കലും വിജയിച്ചിരുന്നില്ല. അതുകൊണ്ടാണ് അവര്‍ നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. കഴിഞ്ഞ എത്രയോ കാലമായി ഇതായിരുന്നു പാകിസ്താന്റെ പ്രവര്‍ത്തനരീതി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും അന്നത്തെ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫും തമ്മിലുണ്ടാക്കിയ കരാറിനെ കുറിച്ച് ഇന്ത്യ പാകിസ്താനെ ഓര്‍മിപ്പിക്കേണ്ട സമയമെത്തിയിരിക്കുന്നു. സ്വന്തം മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു പാകിസ്താന്‍ അന്ന് നല്‍കിയ വാഗ്ദാനം. ഇന്ത്യന്‍ മുജാഹിദീനെ പോലുള്ള തദ്ദേശീയ സംഘടനകള്‍ക്ക് പാകിസ്താനിലാണ് താവളം. പാകിസ്താന് ഹൈദരാബാദ് സ്‌ഫോടനത്തില്‍ നിന്നും കൈ കഴുകാനാവില്ല' അദ്വാനി പറഞ്ഞു (ഇന്ത്യന്‍ ഏക്‌സ്പ്രസ്, ഫെബ്രുവരി 24). പ്രസ്താവനയുടെ ലക്ഷ്യവും അതിലടങ്ങിയ വസ്തുതയും എന്തായിരുന്നാലും രണ്ട് അസംബന്ധങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടത് ഇതാണെന്ന് പറയേണ്ടി വരുന്നു. നന്നെ ചുരുങ്ങിയത് ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാത്തതെങ്കിലുമാണ് അദ്വാനിയുടെ പ്രസ്താവന. കുറ്റം മറ്റൊരു കൂട്ടരുടെ തലയില്‍ കെട്ടിവെക്കുകയാണല്ലോ അദ്ദേഹം ചെയ്തത്. അതിലടങ്ങിയ കാപട്യം വേറെ തന്നെ ചര്‍ച്ചക്കെടുക്കണം.

ആഭ്യന്തരമന്ത്രാലയം ആരുടെ വഴിയെ?
ദേശീയതലത്തില്‍ പുതിയ ഭീകര വിരുദ്ധ കേന്ദ്രം സ്ഥാപിക്കാന്‍ രാജ്യമൊട്ടുക്കും ഓടിനടക്കുന്ന ഷിന്‍ഡെയുടെ മന്ത്രാലയം ഫെബ്രുവരി 26-ന് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍ സിംഗ് നല്‍കിയ നല്‍കിയ ഒരു മറുപടിയില്‍ പറയുന്നത് രാജ്യത്ത് എത്ര നിരപരാധികളെ ഭീകരതയുടെ പേരില്‍ വേട്ടയാടി എന്നതിനെ കുറിച്ച കണക്കുകള്‍ മന്ത്രാലയത്തില്‍ ലഭ്യമല്ല എന്നാണ്. ഇന്ത്യന്‍ ജയിലുകളിലെ 2,41,200 തടവുകാരില്‍ 51, 206 പേര്‍ മുസ്‌ലിംകളാണ് എന്നാണ് നാഷ്‌നല്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍. അതായത് 21.7 ശതമാനം. ഇതില്‍ തന്നെ 27, 263 പേര്‍ വിചാരണ തടവുകാരാണ് എന്നും ബ്യൂറോയുടെ രേഖകള്‍ പറയുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ഇതില്‍ ചില പൊരുത്തക്കേടുകളുണ്ട്. മുസ്‌ലിംകളുടെ ജനസംഖ്യാ പ്രാതിനിധ്യത്തിന്റെ ഏകദേശം 100 ശതമാനം അധികമാണിത്. അതേസമയം കേന്ദ്ര ഏജന്‍സിയുടെ കണക്ക് മാത്രമാണ് സിംഗ് സഭയില്‍ വെച്ചത്. 52 കേസുകളിലായി 336 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 29 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്നുമാണ് മന്ത്രി പറഞ്ഞത്. തെളിവില്ലാത്തതു കൊണ്ട് നാന്ദേഡ് കേസില്‍ 9 പേരെ കോടതി വിട്ടയച്ചിട്ടുമുണ്ട്. പക്ഷേ അതിനര്‍ഥം പോലീസ് ആരെയെങ്കിലും വേട്ടയാടി എന്നല്ല. മതാടിസ്ഥാനത്തില്‍ ഭീകരതയുമായി ബന്ധപ്പെട്ട കണക്കുകള്‍ സഭയില്‍ പറയുക ബുദ്ധിമുട്ടാണെന്നും ഇത് സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമായതു കൊണ്ടാണ് ഈ വിഷയത്തില്‍ സ്ഥിതിവിവര കണക്ക് കേന്ദ്രം സൂക്ഷിക്കാത്തതെന്നും മന്ത്രി പറഞ്ഞു. കണക്കറ്റ അത്രയും പേരെ വേട്ടയാടിയിട്ടുണ്ടാവാം എന്ന മറുപടി നല്‍കുന്നതിന്റെ മറ്റൊരു ഭാഷ മാത്രമാണ് ഇത്. ഇക്കണക്കിന് പുതിയ ഭീകര വിരുദ്ധ കേന്ദ്രം വന്നാല്‍ എന്തായിരിക്കും അവസ്ഥ? സംസ്ഥാനങ്ങളിലേക്ക് അറിവും അനുമതിയുമില്ലാതെ ചെന്ന് ആരെയും അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് പുതിയ ഭീകര വിരുദ്ധ കേന്ദ്രത്തിന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. തെളിവുകള്‍ സ്വയം ശേഖരിക്കാനുള്ള അധികാരവും പുതിയ കേന്ദ്രത്തിനുണ്ട്. കുറെ കണക്കുകള്‍ കേന്ദ്രവും ശേഷിച്ചവ സംസ്ഥാനവും കുറെ വിചാരണകള്‍ ഇവിടെയും കുറെ അവിടെയുമൊക്കെയായി കുത്തഴിഞ്ഞാല്‍ എന്തായിരിക്കും ഈ രാജ്യത്തെ പൗരന്മാരുടെ അവസ്ഥ? അദ്വാനിയുടെ പോട്ടയില്‍ നിന്നും ഷിന്‍ഡെയുടെ കാലത്തേക്കെത്തുമ്പോള്‍ ഇരകളുടെ മനുഷ്യാവകാശം മണ്ണാങ്കട്ടയാവുകയല്ലേ ചെയ്യുന്നത്? ബി.ജെ.പിയുടെ കാലത്ത് 'സുതാര്യ'മായാണ് ഈ ന്യൂനപക്ഷവിരുദ്ധവേട്ട നടന്നതെങ്കില്‍ യു.പി.എയുടെ കാലത്ത് വേട്ടയാടപ്പെടുന്ന മുസ്‌ലിംകളുടെ എണ്ണം സര്‍ക്കാറിന് പുറത്തു പറയാന്‍ പോലും ധൈര്യമില്ലാത്ത അത്രയും വര്‍ധിച്ചിരിക്കുന്നു.
അദ്വാനിയും ബി.ജെ.പി-വി.എച്ച്.പി നേതാക്കളും മാത്രമല്ല കിഷന്‍ റെഡ്ഡി പോലും നിശ്ചയിക്കുന്ന ദിശയിലൂടെയാണ് യു.പി.എയുടെ ആഭ്യന്തരമന്ത്രാലയം സഞ്ചരിക്കുന്നത് എന്നാണ് ഹൈദരാബാദ് സംഭവം അടിവരയിട്ടു തെളിയിക്കുന്നത്. ഹിന്ദുത്വ ഭീകരതയെ കുറിച്ച ജയ്പൂര്‍ പ്രസ്താവനക്കു ശേഷം സുഷമയുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയതിനു ശേഷമാണ് ഷിന്‍ഡെ ഖേദപ്രകടനം നടത്തിയതെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി കമല്‍നാഥ് വെളിപ്പെടുത്തിയത് (ഡിഎന്‍എ, ഫെബ്രുവരി 24). ഷിന്‍ഡെയുടെ പ്രസ്താവനയിലെ വരികള്‍ സുഷമാ സ്വരാജ് അംഗീകരിച്ചതായിരുന്നുവത്രെ! തീര്‍ന്നില്ല, ആര്‍.എസ്.എസ് കാര്യകാരിണി സമിതി അംഗം ഇന്ദ്രേഷ് കുമാറിനെതിരെ പുറത്തുവന്ന തെളിവുകളെ കുറിച്ച എന്‍.ഐ.എ അന്വേഷണം പൂര്‍ത്തിയായെന്നും ഇദ്ദേഹത്തെ ഉടന്‍ തന്നെ കുറ്റ വിമുക്തനാക്കിയേക്കുമെന്നും സി.എന്‍.എന്‍-ഐ.ബി.എന്‍ റിപ്പോര്‍ട്ടു ചെയ്തത് ശ്രദ്ധിക്കുക (2013 ഫെബ്രുവരി 7). ബി.ജെ.പിക്ക് മാപ്പപേക്ഷ നല്‍കുക മാത്രമല്ല കള്ളന് കഞ്ഞിവെച്ചവനെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുകയും കൂടി ആഭ്യന്തരമന്ത്രാലയം ചെയ്തുവെന്നല്ലേ ഇതിന്റെ സൂചന? അന്വേഷണം വലതുപക്ഷ സംഘടനകളിലേക്ക് തിരിയുന്ന ഒരു നീക്കം പോലും പോലീസ്-രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ വരാതിരിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ദിഗ്‌വിജയ് സിംഗ് പോലും ഇക്കുറി മിണ്ടിയിട്ടില്ല! സംഘ്പരിവാര്‍ ആകട്ടെ ഒറ്റക്കെട്ടായി നിന്ന് മാധ്യമ വിചാരണയുടെ ദിശ നിര്‍ണയിച്ചു. അക്ബറുദ്ദീന്‍ ഉവൈസിയുടെ വിവാദ പ്രസംഗത്തിന് ഹൈദരാബാദ് സംഭവവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ആവശ്യമുന്നയിച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണത്തിന്റെ നിലവാരമാണിത്. അക്ബറുദ്ദീനെ അറസ്റ്റ് ചെയ്തതിനെ നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ഇന്ത്യക്കാരും അനുകൂലിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്ക് ചുട്ട മറുപടി കൊടുക്കണമെന്നും അവര്‍ കിട്ടിയതു കൊണ്ട് പാഠം പഠിച്ചിട്ടില്ലെന്നും പ്രസംഗിച്ച പ്രവീണ്‍ തൊഗാഡിയയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോഴും രാഷ്ട്രീയ അനുവാദം കാത്തുനില്‍ക്കുകയാണെന്നാണ് വിവരം. ആ അനുവാദം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാറാണോ അതോ ടെന്‍ ജന്‍പഥാണോ?
സ്‌ഫോടനങ്ങള്‍ മുജാഹിദീനുകളുടേതും ലശക്‌റുകളുടേതുമല്ലെന്നും സനാതന ഭാരതീയന്മാര്‍ക്കാണ് ഇതില്‍ കൂടുതല്‍ പങ്കെന്നും വന്നപ്പോള്‍ ഷിന്‍ഡെ അല്‍പ്പമൊരു ആവേശം കാണിച്ചതിനാണ് ഇന്ത്യ ഇപ്പോള്‍ പിഴയൊടുക്കുന്നത്. ഇന്നത്തെ കോണ്‍ഗ്രസ്സിലിരുന്ന് അദ്ദേഹം ഒരിക്കലും ഉപയോഗിക്കരുതാത്ത വാക്കായിരുന്നു ഹിന്ദുത്വ ഭീകരത എന്നത്. ആര്‍.എസ്.എസ്സിനെ പരസ്യമായി കുറ്റപ്പെടുത്താനുള്ള നട്ടെല്ലൊന്നും സുശീല്‍ കുമാര്‍ ഷിന്‍ഡെയെ പോലുള്ള ഒരു ആഭ്യന്തരമന്ത്രിക്ക് ഉണ്ടായിരുന്നതുമില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ രാഷ്ട്രീയത്തിനു മുമ്പില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനമായ കോണ്‍ഗ്രസ് കീഴടങ്ങിയതു കൊണ്ടു കൂടിയാണ് ഷിന്‍ഡെക്ക് മാപ്പു പറയേണ്ടിവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒതുങ്ങിക്കഴിയുകയായിരുന്ന 'അഭിനവ ഭാരതീയന്മാര്‍' സ്വാഭാവികമായും കെട്ടുപൊട്ടിച്ചു ചാടുമെന്നത് തീര്‍ച്ചയായിരുന്നു. അല്ലെങ്കില്‍ അതിനെ നയിക്കുന്നത് ആര്‍.എസ്.എസ് അല്ലെന്ന് പറയേണ്ടി വരും. സംഘ്പരിവാര്‍ ബോംബ് ഫാക്ടറികള്‍ കാറ്ററിഞ്ഞ് തൂറ്റിയതിന്റെ ദുരന്തഫലമല്ല ഇപ്പോഴത്തെ സ്‌ഫോടനങ്ങളെന്ന് എങ്ങനെ പറയാനാവും? ഷിന്‍ഡെക്കു തെറ്റുപറ്റിയെന്ന് തെളിയിക്കാന്‍ ഹിന്ദുത്വക്കാര്‍ക്ക് ഇതിലപ്പുറം ഇനി ഒരു അവസരമുണ്ടോ? ആഭ്യന്തരമന്ത്രി മാപ്പുപറഞ്ഞ് മൂക്കുകൊണ്ട് 'ക്ഷ' വരച്ച സാഹചര്യത്തില്‍ ഹിന്ദുത്വ ഭീകരതയെ കുറിച്ചു ഒരു പോലീസും രാജ്യത്ത് വായ തുറക്കില്ല. അതുകൊണ്ടുതന്നെ ഹൈദരാബാദില്‍ പഴകിപ്പുളിച്ച എല്ലാ നാടകവും പൂര്‍വാധികം ശക്തിയോടെ അരങ്ങേറി. മക്കാ മസ്ജിദ് സ്‌ഫോടനത്തില്‍ ലോകേഷ് ശര്‍മക്കും അസിമാനന്ദക്കും മുമ്പെ പിടികൂടി കോടതികള്‍ വിട്ടയച്ച ഡോ. ഇബ്‌റാഹീം ജുനൈദ് അലിയും റശീദ് ഖയമയും ഉള്‍പ്പടെയുള്ള പഴയ നിരപരാധികള്‍ ഒരിക്കല്‍ കൂടി വേട്ടയാടപ്പെട്ടു. യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകാന്‍ തുടങ്ങിയ ഘട്ടത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റും നഷ്ടപരിഹാരവും നല്‍കിയായിരുന്നു ഇവരെ വിട്ടയച്ചത്. മക്കാ മസ്ജിദ് സ്‌ഫോടനമടക്കം ഇതിനകം തെളിഞ്ഞ കേസുകളുടെ പുറകിലുണ്ടായിരുന്ന വലതുപക്ഷ തീവ്രവാദികളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒറ്റ നീക്കം പോലും പോലീസ് ഇതേവരെ നടത്തിയില്ല. ഒരു ആഭ്യന്തരമന്ത്രി ബി.ജെ.പിയെയും ആര്‍.എസ്.എസ്സിനെയും കുറ്റം പറഞ്ഞതിന് അദ്ദേഹം മാപ്പു പറയുക മാത്രമല്ല, മറുപക്ഷത്ത് ഒരു രാജ്യത്തെ നീതിവാഴ്ചയെ മാപ്പുസാക്ഷിയാക്കുക കൂടിയാണ് ചെയ്യുന്നത്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍