മൂസാ വാണിമേല്‍ ദീനീ സരണിയിലെ സഹയാത്രികന്‍
ഞാനും മൂസാ വാണിമേലും ഒന്നോ രണ്ടോ വയസ്സ് വ്യത്യാസത്തില്‍ സമ പ്രായക്കാരാണ്. 1950-കളിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. 20നും 25നും മധ്യേ പ്രായമുള്ള യുവ പ്രവര്‍ത്തകര്‍ എന്ന നിലക്ക് ഞങ്ങള്‍ എടയൂരിലെ ജമാഅത്ത് സംസ്ഥാന ഓഫീസില്‍ ഒത്തുചേരുകയായിരുന്നു.
പ്രബോധനത്തിന്റെ സബ് എഡിറ്റര്‍മാര്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ഒന്നിച്ചത്. ഊര്‍ജസ്വലനായ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു മൂസാ വാണിമേല്‍. ദീനീ വിഷയങ്ങളില്‍ എന്ന പോലെ കലാ സാഹിത്യ രംഗത്തും തല്‍പരനായിരുന്നു. നല്ല മാപ്പിള കവി കൂടിയായിരുന്നു. വല്ലപ്പോഴും കവിതയോ പാട്ടോ എഴുതാനിടയാകുമ്പോള്‍ അദ്ദേഹമെനിക്ക് ഗുരുവും മാര്‍ഗദര്‍ശിയുമാകാറുണ്ടായിരുന്നു. പ്രശസ്ത മാപ്പിള കവി കുറ്റിയാടിയിലെ കണ്ണോത്ത് അലി മൂസാ വാണിമേലിന്റെ ഗുരുത്വം സ്വീകരിച്ചതായി അറിയാം. പ്രബോധനത്തിലാകുമ്പോള്‍ ഞങ്ങളെപ്പോലുള്ള 'പറക്കമുറ്റാത്ത' കുട്ടികള്‍ക്ക് വല്ലതും സ്വന്തമായി എഴുതാന്‍ മര്‍ഹൂം സാദിഖ് മൗലവിയുടെ അല്‍ഫാറൂഖ് ആയിരുന്നു ആശ്രയം. അതിനിടെ, മുജാഹിദ് പ്രസ്ഥാനത്തിലെ ഉന്നത ശീര്‍ഷനായ പണ്ഡിതന്‍ ഇ.കെ മൗലവി സാഹിബിന്റെ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിച്ചുള്ള ലേഖനം പുറത്തുവന്നു. ജമാഅത്തിന്റെ 'രാഷ്ട്രീയ ഇസ്‌ലാമിനെ' ശക്തമായി വിമര്‍ശിക്കുന്നതായിരുന്നു ലേഖനം. ഞങ്ങള്‍ രണ്ടു പേരും ആ ലേഖനത്തെ നിശിതമായി നിരൂപണം ചെയ്യുന്ന ഒരു ലേഖന പരമ്പര അല്‍ഫാറൂഖില്‍ പ്രസിദ്ധീകരിച്ചു. മൂസാ വാണിമേലിന്റെ പേരിലാണ് അത് പുറത്ത് വന്നത്.
പില്‍ക്കാലത്ത് അദ്ദേഹം പ്രസ്ഥാനവുമായി അകന്നു. അതാകട്ടെ തികച്ചും വ്യക്തിപരമായ കാരണങ്ങളാലായിരുന്നു. ആദര്‍ശ ഭിന്നത കൊണ്ടായിരുന്നില്ല. ജമാഅത്തില്‍നിന്നും അകന്നാല്‍ സ്വാഭാവികമായും അന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുക മുജാഹിദ് പ്രസ്ഥാനത്തിലായിരുന്നു. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
സംഘടനാപരമായ വേര്‍പാടിനെ തുടര്‍ന്ന് ഒരിടവേളക്കു ശേഷം സൗഹൃദ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. പിന്നീട് മരണം വരെ അത് തുടരുകയും ചെയ്തു. സംഘടനാപരമായ കാര്യങ്ങള്‍ അധികം സംസാരിക്കാറില്ലെങ്കിലും മുജാഹിദ് പ്രസ്ഥാനത്തിനകത്തെ ഭിന്നതകളില്‍ അസ്വസ്ഥനായിരുന്നു അദ്ദേഹം.
സംഘടനാപരമായി വേറിട്ട ശേഷവും ജമാഅത്തുമായി അദ്ദേഹത്തിന് ആദര്‍ശതലത്തില്‍ വിയോജിപ്പ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവസാന നാളുകളിലാവട്ടെ ഞാനുമായുള്ള ബന്ധം ഏറെ ഊഷ്മളവും ഉന്മേഷദായകവുമായിരുന്നു. വിട്ടുപോയ സുഹൃത്തിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ- ആമീന്‍
തയാറാക്കിയത്: ടി. ശാക്കിര്‍
Comments