Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

വീട് നിര്‍മാണത്തിലെ അനാചാരങ്ങള്‍

ഇല്‍യാസ് മൗലവി

വീട് നിര്‍മാണം, സ്ഥല നിര്‍ണയം, കട്ടിലവെക്കല്‍, ഗൃഹപ്രവേശം എന്നിവയുമായി ബന്ധപ്പെട്ട് പലവിധ ആചാരങ്ങളും നിലവിലുണ്ട്. അതൊന്നും അനുവദനീയമല്ലെന്നും വര്‍ജിക്കേണ്ട ബിദ്അത്താണെന്നും ചിലര്‍ പറയുന്നു. എന്താണ് ശരി?

ഗൃഹപ്രവേശവുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദ്ദേശങ്ങളോ മര്യാദകളോ ഖുര്‍ആനിലോ പ്രവാചകാധ്യാപനങ്ങളിലോ സ്വഹാബികളുടെ ചര്യകളിലോ കാണാന്‍ കഴിഞ്ഞിട്ടില്ല. പുതിയ വീട്ടില്‍ കൂടുന്നതുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞത്. എന്നാല്‍ ഒരാള്‍ തന്റെ വീട്ടില്‍ പാലിച്ചിരിക്കേണ്ട ധാരാളം മര്യാദകളും നിര്‍ദ്ദേശങ്ങളും ഖുര്‍ആനിലും സുന്നത്തിലും ഗൗരവമാര്‍ന്ന ശൈലിയില്‍ തന്നെ കാണാം.
പുതുവസ്ത്രമണിഞ്ഞാല്‍ പ്രത്യേക പ്രാര്‍ത്ഥനകളും സ്തുതികളുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെങ്കിലും, പുതിയ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ ഇത്തരം പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.
നമ്മുടെ നാട്ടില്‍ ഒരു വീട് വെക്കാന്‍ ഉദ്ദേശിച്ചാല്‍ അതിന്റെ സ്ഥലം നിര്‍ണയിക്കുന്നതു മുതല്‍ ഒടുവില്‍ ഗൃഹപ്രവേശമെന്ന ചടങ്ങുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ പലതരത്തിലുള്ള ആചാരങ്ങള്‍ കാണാവുന്നതാണ്.

സ്ഥലം നിര്‍ണയിക്കല്‍
വീടുണ്ടാക്കുമ്പോള്‍ ഭൂപ്രകൃതി, കാറ്റിന്റെ ഗതി, ജല സ്രോതസ്സ്, നീരൊഴുക്ക് തുടങ്ങിയ കാര്യങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. അത്തരം വിഷയങ്ങളെപ്പറ്റി അറിവും പരിചയവമുള്ളവരുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടുകയും ചെയ്യാം. അല്ലാഹു പറഞ്ഞിട്ടുണ്ട്, 'നിങ്ങള്‍ക്കറിഞ്ഞുകൂടെങ്കില്‍ അറിവുള്ളവരോട് അന്വേഷിക്കുക' എന്ന്. ഇത്തരം കാര്യങ്ങള്‍ അതതിന്റെ വിദഗ്ധരോട് അന്വേഷിക്കേണ്ടതാണെന്ന് റസൂലും പഠിപ്പിച്ചിട്ടുണ്ട്. 'നിങ്ങളുടെ ഭൗതിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് ഏറ്റവും നന്നായി അറിയുക' എന്ന് നബി പറഞ്ഞു.
എന്നാല്‍ ഇന്ന പ്രദേശത്ത് ശകുന പിഴയുണ്ട്, നഹ്‌സുണ്ട്, അല്ലെങ്കില്‍ പൈശാചിക ബാധയേല്‍ക്കാന്‍ ഇടയുണ്ട്, പോക്കുവരവുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ക്കും തദടിസ്ഥാനത്തിലുള്ള സ്ഥലനിര്‍ണയത്തിനും ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു തെളിവുമില്ല. അങ്ങനെ വിശ്വസിക്കലും അത്തരം കാര്യങ്ങള്‍ പ്രവചിക്കുന്നവരെ സമീപിക്കലും ഈമാനിനെ തന്നെ നശിപ്പിച്ചുകളയും.
ഇതൊക്കെ തട്ടിപ്പുകളാണെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരാള്‍ വീടുണ്ടാക്കാനായി എല്ലാം ഒത്തിണങ്ങിയ ഒരു സ്ഥലം വാങ്ങിച്ചു. ഒരു എഞ്ചിനീയറെ കാണിച്ച് തറ കീറാനുള്ള സ്ഥലവും നിര്‍ണയിച്ചു. കുറ്റിയടിക്കും മുമ്പ് ഒരു പുരോഹിതനെ കാണിച്ചു. ഇവിടെ പറ്റില്ല, ഇവിടെ പോക്കുവരവിന്റെ പ്രശ്‌നമുണ്ട് (ജിന്നുകളുടെ റൂട്ടാണെന്നര്‍ഥം!). എഞ്ചിനീയര്‍ മുതല്‍ ഒരുപാട് പേര്‍ നിര്‍ദേശിച്ച, സ്വന്തം നിലക്ക് തന്നെ ഏറെ തൃപ്തിപ്പെട്ട ആ സ്ഥലത്ത് വീട്‌വെക്കുന്നതില്‍ നിന്ന് കേവലം അന്ധവിശ്വാസത്തിന്റെ പേരില്‍ ആ പുരോഹിതന്‍ അദ്ദേഹത്തെ വിലക്കി. വിഷമസന്ധിയിലായ ആ സഹോദരന് ഒരു കൗശലം പറഞ്ഞു കൊടുത്തു. അതായത് കുറച്ച് കൂടി ഗ്രേഡ് കൂടിയ ഒരു പുരോഹിതനെ കാണിക്കുക. കാണിക്കും മുമ്പു തന്നെ നല്ല സദ്യയൊരുക്കി സല്‍ക്കരിക്കുക. എന്നിട്ട് നേരത്തെ പറഞ്ഞ സ്ഥലം കാണിച്ചുകൊടുക്കുക. ആകെ എനിക്കുള്ള സ്ഥലം ഇതാണ്, ഇവിടെ വീട് വെക്കുന്നതില്‍ വല്ല കുഴപ്പവും ഉണ്ടോയെന്നു ചോദിക്കുക. ടിയാന്‍ പറഞ്ഞതപ്പടി ചെയ്തു. കൗശലം ശരിക്കും ഫലിച്ചു. ആ പുരോഹിതന്‍ പറഞ്ഞു: ഈ പ്രദേശത്തെങ്ങും തന്നെ വീട് വെക്കാന്‍ ഇത്ര അനുയോജ്യമായ സ്ഥലം വേറെയില്ല. അതിനാല്‍ എത്രയും വേഗം പണിതുടങ്ങുക. ഇവിടെ ജിന്നുകളുടെ പെര്‍മിറ്റ് ആരാണ് റദ്ദാക്കിയതെന്ന് ചോദിച്ചാല്‍ ആദ്യം കിട്ടിയ ശാപ്പാടും പിന്നെ ഈയൊരു സ്ഥലമേ തനിക്കുള്ളൂ എന്ന സഹോദരന്റെ വെളിപ്പെടുത്തലുമാണ്.
ചുരുക്കത്തില്‍ ഖുര്‍ആനിലോ സുന്നത്തിലോ ഇല്ലാത്ത, മഹാന്മാരായ ഇമാമുകള്‍ പഠിപ്പിച്ചിട്ടില്ലാത്ത ചില മൂഢധാരണകളും അന്ധവിശ്വാസങ്ങളും സാധാരണക്കാരില്‍ പ്രചരിപ്പിച്ച് ഉപജീവനം തേടുന്ന പുരോഹിതന്മാരുടെ വേലകളല്ലാതെ മറ്റൊന്നുമല്ല ഇത്തരം കാര്യങ്ങള്‍.
ഹൈന്ദവ വിശ്വാസങ്ങളില്‍നിന്ന് സമുദായത്തിലേക്ക് പകര്‍ന്നതാണ് ഇവയില്‍ മിക്കതും. വാസ്തുശാസ്ത്രത്തെക്കുറിച്ച് ഹൈന്ദവ പണ്ഡിതന്‍ എഴുതുന്നത് കാണുക:
''ഒരിക്കല്‍ ശ്രീപരമേശ്വരന്റെ കണ്ണുകള്‍ പ്രേമചാപല്യത്തോടെ പാര്‍വതീദേവി പൊത്തിപ്പിടിച്ചു. ദേവിയുടെ കരസ്പര്‍ശനത്താല്‍ തരളിതനായ അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് താഴെ പതിച്ച വിയര്‍പ്പുതുള്ളികളില്‍ നിന്നും അന്ധനും ഭയങ്കരനുമായ അന്ധകാസുരന്‍ എന്ന അസുരപ്രമാണി ജനിച്ചു. അന്ധകാസുരന്റെ അതിക്രമങ്ങളാല്‍ ക്ലേശിച്ച ദേവന്മാരെ സംരക്ഷിക്കാന്‍ ശ്രീപരമേശ്വരന്‍തന്നെ അവസാനം അന്ധകാസുരനുമായി ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടു. യുദ്ധത്തിനിടയില്‍ വിയര്‍ത്ത ശ്രീപരമേശ്വരന്റെ വിയര്‍പ്പുതുള്ളികളില്‍ നിന്നും ഉത്ഭവിച്ച അസുരനാണ് വാസ്തുപുരുഷന്‍.
    അതിശക്തനും മഹാപരാക്രമിയുമായ വാസ്തുപുരുഷനെ ദേവന്‍മാര്‍ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തി ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. വാസ്തുപുരുഷന്‍ ഭൂമിയില്‍ വടക്ക് കിഴക്ക് (ഈശാനകോണ്‍) ശിരസ്സായും, തെക്ക് പടിഞ്ഞാറ് (നിരൃതികോണ്‍) പാദങ്ങളാലും, തെക്ക് കിഴക്കേ കോണിലും (അഗ്നികോണ്‍) വടക്കുപടിഞ്ഞാറെ കോണിലും (വായുകോണ്‍) കൈകള്‍ മടക്കി വലതു കൈമുട്ടും ഇടതുകൈമുട്ടോടുകൂടിയും ഭൂമിയില്‍ പതിച്ചു. ഉഗ്രരൂപിയായ വാസതുപുരുഷനെ ശാന്തനാക്കാന്‍ ശ്രീപരമശിവന്റെ നിര്‍ദ്ദേശപ്രകാരം വാസ്തുപുരുഷന്റെ ഭീമാകാരമായ ശരീരത്തില്‍ അമ്പത്തിമൂന്നു ദേവന്മാര്‍ കയറിയിരുന്നു. അതോടെ വാസ്തുപുരുഷന്‍ ലോകോപകാരിയും ശാന്തനും ആയിത്തീര്‍ന്നു.
    ഭൂമിയില്‍ നടത്തുന്ന ഏതൊരു നിര്‍മാണ പ്രവര്‍ത്തനത്തിന്റെയും (ശിലാന്യാസം, കട്ടിളവെയ്പ്, ഗൃഹപ്രവേശം) ആരാധനാ മൂര്‍ത്തി ഇനിമേല്‍ വാസ്തുപുരുഷന്‍ ആയിരിക്കുമെന്ന് ബ്രഹ്മദേവന്‍ വാസ്തുപുരുഷനെ അനുഗ്രഹിച്ചു. വാസ്തുപുരുഷനെ യഥാവിധി പൂജിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പല തടസ്സങ്ങളും അനര്‍ഥങ്ങളും സംഭവിക്കുമെന്നും, വാസ്തുപുരുഷന്റെ അനുഗ്രഹത്താല്‍ സുഗമമായി, നിര്‍വിഘ്‌നം നടക്കുമെന്നും ബ്രഹ്മദേവന്‍ വാസ്തുപുരുഷനെ അനുഗ്രഹിച്ചു.
വാസ്തുവാകുന്ന പുരുഷനാണ് വാസ്തുപുരുഷന്‍. ഈ വാസ്തുപുരുഷന്റെ ദേഹഭാഗങ്ങളില്‍ ഓരോ  സ്ഥാനത്ത് ഓരോ ഗുണകാരികളോ ദോഷകാരികളോ ആയ ശക്തികള്‍ കുടിക്കൊള്ളുന്നു. ഈ ശക്തികളെയാണ് നാം ദേവതമാരോ രാക്ഷസന്മാരോ അസുരന്‍മാരോ ഗന്ധര്‍വന്മാരോ ഒക്കെയായി സങ്കല്‍പ്പിക്കുന്നത്. വാസ്തുദേവനെയും അതോടൊപ്പം ഈ ദേഹസ്ഥമൂര്‍ത്തികളെയും സന്തോഷിപ്പിച്ചാല്‍ മാത്രമേ ഗൃഹമാകുന്ന സന്താനത്തെ ആശ്രയിക്കുന്ന ഗൃഹനാഥനും തദാശ്രിതര്‍ക്കും ഗൃഹവാസം മൂലമുള്ള സുഖാനുഭൂതികള്‍ ഉണ്ടാകൂ'' (വീടും വാസ്തുശാസ്ത്രവും, ബ്രഹ്മശ്രീ വേഴപ്പറമ്പ് നാരായണന്‍ നമ്പൂതിരിപ്പാട്).
ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തെ സംസ്‌കരിക്കേണ്ട പണ്ഡിതന്മാര്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല, അവയെ എങ്ങനെ തങ്ങള്‍ക്ക് നാല് കാശുണ്ടാക്കാനുള്ള മാര്‍ഗമാക്കാം എന്ന് നോക്കുകയായിരുന്നു.

കട്ടില വെക്കല്‍ കര്‍മം
വീട് നിര്‍മാണത്തിന്റെ ഒരു നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്ന കര്‍മമാണിത്. നാട്ടുനടപ്പ് എന്ന രീതിയില്‍ കണ്ട് അതൊരു ചടങ്ങാവുന്നതിനോ അന്ന് സന്തോഷം പങ്കുവെച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനോ വിരോധമില്ല. എന്നാല്‍ അതിലും വിശ്വാസപരമായ വല്ലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഒഴിവാക്കുകതന്നെവേണം.
കട്ടിലവെക്കുംമുമ്പ് ആശാരിയെ കൊണ്ട് പൂജയര്‍പ്പിച്ച് സ്വര്‍ണം വരെയുള്ള വില പിടിപ്പുള്ള വല്ലതും വെറ്റിലയില്‍ പൊതിഞ്ഞ് ചുണ്ണാമ്പും കൂട്ടി കട്ടിലക്കടിയില്‍ കുഴിച്ചിടുകയും അതിന്മേല്‍ കട്ടിലപ്പടി എടുത്തുവെക്കുകയും ചെയ്യുന്ന സമ്പ്രദായം അന്ധവിശ്വാസത്തിലധിഷ്ഠിതമാണ്. അത്തരം ഏര്‍പ്പാടുകള്‍ മുസ്‌ലിമിന് ചേര്‍ന്നതല്ല. അത്തരം കര്‍മങ്ങള്‍ ദോഷം തടുക്കുമെന്ന വിശ്വാസം പൊറുക്കപ്പെടാത്ത ശിര്‍ക്കിലേക്കെത്തിച്ചേരുമെന്നും മനസ്സിലാക്കുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം ദോഷം തടുക്കുന്നവന്‍ അല്ലാഹുവാണ്.


ഗൃഹ പ്രവേശം
(കുടിയിരിക്കല്‍)
പാലുകാച്ചല്‍ എന്ന പേരില്‍ സാര്‍വത്രികമായ ഒരു ചടങ്ങാണിവിടെ പ്രധാനപ്പെട്ടത്. ചിലേടങ്ങളില്‍ അടുപ്പില്‍ തീകത്തിക്കലാണ് പ്രധാന ചടങ്ങ്. അടുപ്പും പുകയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നതിനാല്‍ പലയിടങ്ങളിലും ഇപ്പോള്‍ അതില്ല. എന്നാല്‍ പാലുകാച്ചല്‍ ചടങ്ങ് തുടരുന്നു.
സന്തോഷവേളകളിലും മറ്റും ഭക്ഷണം വിളമ്പുന്നതും സദ്യയൊരുക്കുന്നതും മധുരം വിതരണം ചെയ്യുന്നതും അനുവദനീയമായ കാര്യങ്ങളില്‍ പെടുന്നു. സൗഹൃദം ഊട്ടിയുറപ്പിക്കാന്‍, കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, പിണങ്ങിയവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍, അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കാന്‍ തുടങ്ങിയവക്കൊക്കെ ഇതാകാമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ പാലുകാച്ചല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട്. ഹൈന്ദവര്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: ''മറ്റെല്ലാ ആചാരങ്ങളെയുംപോലെ ബാഹ്യരൂപം ഭൗതികമാണെങ്കിലും ആന്തരികാര്‍ഥത്തില്‍ പാലുകാച്ചലും ആദ്ധ്യാത്മിക ജ്ഞാനത്തെ ഉണര്‍ത്തുന്നതിനുള്ള പ്രതീകമാകുന്നു, പാല്‍ അഥവാ ക്ഷീരം ഈ ലോകത്തിന്റെ പ്രതീകമാണ്. ക്ഷീരസാഗരത്തില്‍ ഭഗവാന്‍ വിഷ്ണു ശയിക്കുന്നതായി ഏവരും കേട്ടിട്ടുണ്ടല്ലോ? വിശാലമായ ഈ പ്രപഞ്ചത്തിലെ സമസ്ത പദാര്‍ഥങ്ങളെയും ഉല്‍പാദിപ്പിക്കുന്ന പ്രകൃതിതത്വങ്ങളുടെ സംയോഗമാണ് ക്ഷീര സാഗരം. വെള്ള നിറത്തിലുള്ള പാല്‍ സത്വഗുണ സ്വരൂപിയും ശുദ്ധ വിദ്യയുമാകുന്ന പ്രപഞ്ച കാരണമായ തത്വമാണ്. അഥവാ പാല്‍ പുളിച്ച് തൈരായി അത് കടഞ്ഞ് വെണ്ണയായി അതുരുകി നെയ്യാകുന്നതുപോലെയും, പാലില്‍ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അത് ദൃശ്യമല്ലാത്തതുപോലെയും സര്‍വ പദാര്‍ഥവുമാകുന്ന പാലില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ ഇപ്രകാരം കണ്ടെത്തണമെന്നുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല്‍ കാച്ചുന്നതിലൂടെ നാം ചെയ്യുന്നത്.
ഹൈന്ദവ രീതിയില്‍ നാല് ആശ്രമങ്ങള്‍ ഉണ്ട്. അതായത് നാലുതരം ജീവിതസന്ധികള്‍. ഒന്ന് ബ്രഹ്മചര്യം, രണ്ട് ഗാര്‍ഹസ്ഥ്യം, മൂന്ന് വാനപ്രസ്ഥം, നാല് സന്യാസം. ഇപ്രകാരം ബ്രഹ്മചര്യ-ഗാര്‍ഹസ്ഥ്യ-വാനപ്രസ്ഥ-സന്യാസാദി നാല് ആശ്രമങ്ങള്‍ക്കും ആധാരമായത് ഗൃഹമാണെങ്കില്‍ പാല് എന്ന ദ്രവ്യവും ഈ നാല് ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. ബ്രഹ്മചാരിയായിരിക്കുമ്പോള്‍ നെയ്യ് ആവശ്യമുണ്ട്. ഹോമകര്‍മങ്ങള്‍ക്ക് നെയ്യ് പാലില്‍ നിന്നാണെടുക്കുക. ഗൃഹസ്ഥന് പാല് നിത്യോപയോഗ വസ്തുവാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? വാനപ്രസ്ഥിജ്ഞാനത്തെ അന്വേഷിക്കുന്നവനെ തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നതിനോടുപമിക്കാം. ഇതുമാത്രമല്ല ഇനി സന്യാസം ശുദ്ധജ്ഞാനാവസ്ഥയില്‍ സര്‍വലോകത്തെയും ക്ഷീരസാഗരമായി കണ്ട്, അതില്‍ തന്റെ ആത്മാവിനെ സാഗരശായിയായ വിഷ്ണുവിനെ കാണുന്ന അദൈ്വതാവസ്ഥയുമാണ്. ഇതും പാലുമായി ബന്ധപ്പെട്ടതുതന്നെ. ഈ നാലു കാര്യങ്ങളും പ്രതിനിധീകരിക്കാന്‍, അതായത് ഗൃഹം എന്നാല്‍ വെറും ചട്ടകൂടല്ല, മറിച്ച്, ആശ്രമമാണ്. അതില്‍ ബ്രഹ്മചാരി നാലു ആശ്രമങ്ങളുടെ യഥാവിധി അനുഷ്ഠിക്കേണ്ടതും പരിപാലിക്കേണ്ടതുമാണെന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് വീടിന് ആദ്യം 'പാല്‍കാച്ചല്‍' ചടങ്ങ് നിറവേറ്റുന്നത് (വിശദ വിവരങ്ങള്‍ക്ക്: ഹൈന്ദവാചാര രഹസ്യങ്ങള്‍: ശ്രീമദ് ഹരിസ്വാമികള്‍, യജ്ഞപ്രസാദം പുസ്തക കുടുംബം).
ഇതില്‍ നിന്ന് മനസ്സിലാവുന്നത് കേവലം ഒരാചാരം എന്നതിലുപരി ഇവക്കെല്ലാം ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട് എന്നതാണ്. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ആദര്‍ശമായ തൗഹീദിന്റെ അന്തസത്തക്ക് നിരക്കാത്ത ഇത്തരം ബഹുദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു അനുഷ്ഠാനം കേവല സമ്പ്രദായത്തില്‍പ്പെടുത്തി നിസ്സാരമായിക്കാണുക വയ്യ. വിശ്വാസാദര്‍ശങ്ങളില്‍ അവരെ പിന്‍പറ്റലും അവരോട് സാദൃശ്യം പുലര്‍ത്തലുമാവും അത്. അതാകട്ടെ ഇസ്‌ലാം വിലക്കുകയും ചെയ്തിരിക്കുന്നു.

ഗൃഹപ്രവേശം ഒരു സന്തോഷവേള എന്ന അടിസ്ഥാനത്തില്‍ സല്‍ക്കാരമോ സദ്യയോ നല്‍കുന്നതിന് വിരോധമില്ല. അതിലൊന്നും പ്രത്യേക വിശ്വാസവുമായി ബന്ധപ്പെടുന്ന ഒന്നുമില്ല. എന്നാല്‍ ഗൃഹപ്രവേശ മുഹൂര്‍ത്തങ്ങളില്‍ പാല്‍കാച്ചുക എന്നത് ഐശ്യര്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി കണ്ട്, പാല്‍ തന്നെ വേണമെന്ന് ശഠിച്ചുകൊണ്ട് ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.

വിവാഹ വാര്‍ഷികത്തില്‍ സമ്മാനം നല്‍കാമോ?
ഞാന്‍ വിവാഹിതനായ ചെറുപ്പക്കാരനാണ്. എന്റെ സുഹൃത്തുക്കള്‍ അവരുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യമാര്‍ക്ക് പ്രത്യേക വിവാഹ സമ്മാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ വിവാഹ വാര്‍ഷിക ദിനം അടുത്തിരിക്കുന്നു. ഭാര്യയും ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിക്കുന്നു. ആ ദിനത്തെ പ്രത്യേകം സ്മരിക്കുന്നതിന്റെ ഇസ്‌ലാമികത എന്താണ്?

ഇതു സംബന്ധമായ വ്യക്തമായ പ്രമാണങ്ങള്‍ ഖുര്‍ആനിലോ സുന്നത്തിലോ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്തിന്റെ പൊതുതത്ത്വങ്ങളും മാനദണ്ഡങ്ങളും വെച്ചുള്ള പണ്ഡിതന്മാരുടെ ഇജ്തിഹാദുകളാണ് ഈ വിഷയത്തില്‍ ലഭ്യമായിട്ടുള്ളത്. ആ ഇജ്തിഹാദുകളാകട്ടെ ഖുര്‍ആനിന്റെയോ ഹദീസിന്റെയോ സ്ഥാനത്തല്ലതാനും; പ്രത്യുത, അബദ്ധമാവാനും സുബദ്ധമാവാനും എതിരഭിപ്രായങ്ങള്‍ വരാനുമൊക്കെ ഏറെ സാധ്യതയുള്ളതുമാണ്.
രണ്ട് അഭിപ്രായങ്ങളാണ് ഇത്തരം വിഷയങ്ങളില്‍ മുസ്‌ലിം ലോകത്തുള്ളത്. വാര്‍ഷികം ആഘോഷിക്കുന്നതും പാരിതോഷികങ്ങള്‍ കൈമാറുന്നതുമെല്ലാം ഇസ്‌ലാമിക സംസ്‌കാരത്തില്‍ പെട്ടതല്ലെന്നും ,അവയെല്ലാം വര്‍ജിക്കേണ്ട ബിദ്അത്തുകളാണെന്നും (നൂതനാചാരങ്ങള്‍) ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. തിരുമേനിയുടെ കാലത്തോ അതിനുശേഷമോ ജാഹിലിയ്യാ കാലത്തോ പോലും അത്തരം സമ്പ്രദായങ്ങള്‍ അറബികള്‍ക്കിടയില്‍ നടപ്പുണ്ടായിരുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.
എന്നാല്‍ ചില ആധുനിക പണ്ഡിതന്മാര്‍ വളരെ വിശാലമായ സമീപനമാണ് ഈ വിഷയകമായി സ്വീകരിച്ചിട്ടുള്ളത്. ഇത്തരം സമ്പ്രദായങ്ങളൊന്നും ബിദ്അത്തിന്റെ ഗണത്തില്‍പ്പെടുത്തേണ്ടതില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിക ശരീഅത്തുസരിച്ച്  ഇബാദത്തുകള്‍ (ആരാധനാനുഷ്ഠാനങ്ങള്‍), ആദാത്തുകള്‍ (സമ്പ്രദായങ്ങള്‍) എന്നിങ്ങനെ രണ്ട് വശങ്ങളുണ്ട്. ഇബാദത്തുകള്‍ പ്രമാണങ്ങളുടെ ചട്ടക്കൂട്ടിനകത്ത്, അവയുടെ അടിസ്ഥാനത്തില്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. കൂട്ടിച്ചേര്‍ക്കാനോ കുറക്കാനോ ഒട്ടും പാടില്ല. അത് ദീനില്‍ കൈകടത്തലായിരിക്കും.
എന്നാല്‍ ആദാത്തുകള്‍ (സമ്പ്രദായങ്ങള്‍) അങ്ങനെയല്ല. ചില പണ്ഡിതന്മാരുടെ വീക്ഷണം, ഇത്തരം കാര്യങ്ങള്‍ ദീനിപ്രമാണങ്ങള്‍ക്ക് എതിരാവാതിരുന്നാല്‍ മാത്രം മതി എന്നതാണ്. വിവാഹവാര്‍ഷികം സന്തോഷം പങ്കിടാനുള്ള ഒരു സന്ദര്‍ഭം എന്ന നിലക്ക് പാരിതോഷികങ്ങളും മറ്റും കൈമാറുന്നതിനും സന്തോഷം പങ്കിടുന്നതിനും അനുമോദിക്കുന്നതിനും ആശംസകള്‍ നേരുന്നതിനും വിരോധമില്ല എന്നും അവര്‍ നിരീക്ഷിക്കുന്നു. വിശിഷ്യ പരസ്പരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും സ്‌നേഹം ശക്തിപ്പെടുത്താനും ഏറെ സഹായിക്കുമെന്നതിനാല്‍ നിങ്ങള്‍ പാരിതോഷികങ്ങള്‍ നല്‍കുവിന്‍ എന്ന് കുറിക്കുന്ന പ്രവാചക വചനങ്ങളും ഇതിന് ഉപോല്‍ബലകമായി അവര്‍ ഉദ്ധരിക്കുന്നു.  
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. യാതൊരു കാരണവശാലും ഇസ്‌ലാം വിലക്കിയ കാര്യങ്ങള്‍ ഇവയിലൊന്നും ഉണ്ടാവരുത്. ഇതിനൊന്നും ദീനി പരിവേഷം നല്‍കുകയുമരുത്. ഇതൊന്നും ദീനിന്റെ ചിഹ്നങ്ങളും നിര്‍ദേശങ്ങളും അവഗണിച്ചുകൊണ്ടോ ദീനി ബാധ്യതകളില്‍ വീഴ്ച്ച വരുത്തിക്കൊണ്ടോ ആകാവതുമല്ല.
ആധുനിക കാലത്ത് വിവാഹ വാര്‍ഷികം, ഗൃഹപ്രവേശം, കല്യാണ നിശ്ചയം, പെറ്റെണീക്കല്‍ തുടങ്ങിയ പല ചടങ്ങുകളിലും ഇസ്‌ലാമിക സംസ്‌കാരത്തിന് നിരക്കാത്ത പലതും കടന്നുവരുകയും, അവ പിന്നീട് ഒഴിവാക്കാന്‍ പറ്റാത്ത ബാധയോ ബാധ്യതയോ ആയിത്തീരുകയും ചെയ്യാറുണ്ട്. അതോടൊപ്പം, യഥാര്‍ഥ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമായ പല ചര്യകളും രീതികളും വിസ്മരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍, ഒരു യഥാര്‍ഥ മുസ്‌ലിം കേവലം അനുവദനീയമായ കാര്യങ്ങള്‍ ചെയ്യുന്നേടത്തുപോലും പലതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെയൊക്കെ ഹറാം, ഹലാല്‍ എന്നതിലുപരി ചില മൂല്യങ്ങളും സംസ്‌കാരങ്ങളും മുറുകെപ്പിടിക്കുവാനും കാത്തു സൂക്ഷിക്കുവാനും നാം തയാറാവണം.
ഇതെല്ലാം വെച്ചുകൊണ്ട് താങ്കള്‍ക്ക് ഭാര്യയെ സന്തോഷിപ്പിക്കാന്‍ വിവാഹ വാര്‍ഷിക വേളയില്‍ എന്തെങ്കിലും പാരിതോഷികം നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്നാണ് തോന്നുന്നത്. ഒഴിവാക്കാന്‍ പറ്റാത്ത, ഓരോ വര്‍ഷവും നിലനിര്‍ത്തേണ്ട ഒരു ദീനി ബാധ്യതയായി അത് വരാത്തിടത്തോളം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍