'ക്വാളിറ്റി'യാണ് പ്രധാനം
കനേഡിയന്‍ തലസ്ഥാനമായ ഒട്ടാവയില്‍ സര്‍ക്കാര്‍ പൊതു സ്കൂളുകളെയും ഉന്നത കാത്തലിക് സ്കൂളുകളെയും മറികടന്ന് ഇസ്ലാമിക് സ്കൂള്‍ 'ബെസ്റ്സ്കൂള്‍' പട്ടം കരസ്ഥമാക്കി. ഒട്ടാവയിലെ Fraser Institute ആണ് എഴുത്തിലും വായനയിലും ഗണിത ശാസ്ത്രത്തിലുമെല്ലാം ഏറ്റവും മികച്ചതായി അബ്റാര്‍ സ്കൂളിനെ തെരഞ്ഞെടുത്തത്. ഇത്തരം അഭിമാനാര്‍ഹമായ സ്ഥാനത്തെത്താന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് അബ്റാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീം പറഞ്ഞു. ഒട്ടാവയും ടൊറൊണ്ടൊയുമെല്ലാം ഉള്‍ക്കൊള്ളുന്ന Ontario പ്രൊവിന്‍സിലെ 2700 സ്കൂളുകളില്‍ 10 ല്‍ 9.4 ഗ്രേഡ് നേടി ഏറ്റവും നല്ല 50 സ്കൂളുകളുടെ പട്ടികയിലും അബ്റാര്‍ ഇസ്ലാമിക് സ്കൂള്‍ ഇടം നേടി. കനഡയിലെ 32.8 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 1.9 ശതമാനമാണ് മുസ്ലിംകള്‍.
നിശ്ചയ ദാര്‍ഢ്യത്തിനുമുമ്പില്‍ കാരിരുമ്പുകള്‍ തോല്‍ക്കുന്നു
നിരായുധനായ ഫലസ്ത്വീനിയെ വെടിവെച്ചുവീഴ്ത്താന്‍ ഇസ്രയേലിനായേക്കാം. എന്നാല്‍ ഫലസ്ത്വീനിയുടെ നിശ്ചയ ദാര്‍ഢ്യത്തെ പരാജയപ്പെടുത്താനാകില്ലെന് പലകുറി തെളിയിക്കപ്പെട്ടതാണ്. നീണ്ട വര്‍ഷങ്ങള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഫലസ്ത്വീന്‍ പോരാളികളുടെ ബീജം ഒളിച്ചുകടത്തി അവരുടെ ഭാര്യമാരുടെ ഗര്‍ഭപാത്രത്തില്‍ ശസ്ത്രക്രിയയിലൂടെ നിക്ഷേപിച്ച വാര്‍ത്ത പുറത്തുവിട്ടാണ് ഇക്കുറി ഫലസ്ത്വീനി പോരാളികള്‍ ലോകത്തെ ഞെട്ടിച്ചത്. കാല്‍ നൂറ്റാണ്ടും അതിലേറെയും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പോരാളികള്‍ക്ക് ആയുസ്സിനിടക്ക് പുറത്തുവരാന്‍ ഇസ്രയേല്‍ ക്രൂരത അനുവദിച്ചുകൊള്ളണമെന്നില്ലെന്ന് അവര്‍ക്ക് നന്നായറിയാം. തങ്ങളുടെ രക്തത്തില്‍ ഉയിര്‍പ്പുകൊണ്ട പോരാളികളെ സൃഷ്ടിക്കാന്‍ മറ്റുവഴികളൊന്നും അവരുടെ മുമ്പിലില്ല താനും. അങ്ങനെയാണ് വിപ്ളവകാരികളുടെ വിത്ത് നഷ്ടപ്പെടാതിരിക്കാന്‍ ബീജം ഒളിച്ചുകടത്തി ഭാര്യമാരില്‍ ശസ്ത്രക്രിയയിലൂടെ നിക്ഷേപിച്ച് ഇസ്രയേലിനെ വില്ലുവിളിക്കാന്‍ തടവില്‍ കഴിയുന്നവര്‍ തീരുമാനിച്ചത്.
ഇത്തരത്തില്‍ നടന്ന ശസ്ത്രക്രിയകളിലൂടെ നാലു പോരാളികളുടെ ഭാര്യമാരില്‍ പരീക്ഷണം ഇതിനകം വിജയിച്ചതായി കഴിഞ്ഞ ദിവസം നാബുള്‍സില്‍ അധികൃതര്‍ പ്രഖ്യാപിച്ചു. 25 വര്‍ഷം ശിക്ഷിക്കപ്പെട്ട് 13 വര്‍ഷം പൂര്‍ത്തിയാക്കിയ അബ്ദുല്‍ കരീം റീമാവി, 20 വര്‍ഷം ശിക്ഷിക്കപ്പെട്ട് 6 വര്‍ഷം പൂര്‍ത്തിയാക്കിയ അലി നസാല്‍, 15 വര്‍ഷം ശിക്ഷിക്കപ്പെട്ട് 7 വര്‍ഷം പൂര്‍ത്തിയാക്കിയ റഅ്ഫത് മഅ്റൂഫ്, നാലു ജീവപര്യന്തവും കൂടാതെ 55 വര്‍ഷവും ശിക്ഷിക്കപ്പെട്ട് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന സാമിര്‍ അസ്സൈലാവി തുടങ്ങിയവരാണ് ചരിത്രത്തില്‍ അത്യപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന അതിജീവന കലയുടെ അടയാളങ്ങളായി മാറിയത്.
ഇസ്രയേലിന്റെ ശിക്ഷാ കാലാവധി കേട്ടാല്‍ പരിഷ്കൃത ലോകം ഞെട്ടും. പ്രസിദ്ധ ഫലസ്ത്വീന്‍ വിമോചന പോരാളി എഞ്ചി. അബ്ദുല്ല അല്‍ബര്‍ഗൂഥിയുടെ ശിക്ഷാ കാലാവധി 6400 വര്‍ഷവും 'കതാഇബുല്‍ ഖസ്സാം' നേതാവ് ഇബ്റാഹീം ഹാമിദിന് തടവു കാലാവധി വിധിച്ചത് 5600 വര്‍ഷവുമാണ്!
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനങ്ങളുടെ അവകാശമെന്ന് മുര്‍സി
തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുന്ന ഒരു സര്‍ക്കാര്‍ എന്നത് ഈജിപ്ഷ്യന്‍ ജനതയുടെ ജനാധിപത്യാവകാശമാണെന്നും തെരഞ്ഞെടുപ്പ് നടക്കുകതന്നെ ചെയ്യുമെന്നും പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി. ഈജിപ്ത് സ്വാതന്ത്യ്രത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും പാതയിലൂടെ മുന്നേറുകയാണെന്ന് പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകനായ ഉമര്‍ അല്ലൈസിയുമായി സംസാരിക്കവെ മുര്‍സി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താന്‍ 90 ലധികം ദേശീയ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് നിരീക്ഷണ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് അല്‍ബറാദഇയുടെ കീഴില്‍ രൂപംകൊണ്ട പ്രതിപക്ഷ കൂട്ടായ്മയായ നാഷ്നല്‍ സാല്‍വേഷന്‍ ഫ്രന്റ് ബാലറ്റ്പെട്ടിയെ ഭയക്കുകയാണെന്ന് മുസ്ലിം ബ്രദര്‍ഹുഡ് വക്താവ് ഡോ. അഹ്മദ് ആരിഫ് പറഞ്ഞു. വോട്ടവകാശം ഉപയോഗപ്പെടുത്തി ജനാധിപത്യ പ്രക്രിയയെ മാനിക്കുന്നതിനുപകരം 'കക്ഷി രഹിത ഭരണകൂട'മെന്ന ദേശീയ വിമോചന മുന്നണിയുടെ ആവശ്യം രാഷ്ട്രീയ പാപ്പരത്തമാണെന്നും ആരിഫ് കളിയാക്കി. ഏതു ജനാധിപത്യ രാജ്യങ്ങളെയും വെല്ലുന്ന രീതിയില്‍ അന്താരാഷ്ട്ര നിരീക്ഷകരെ പങ്കെടുപ്പിച്ച് നിഷ്പക്ഷ വോട്ടുെപ്പ് സാധ്യമാക്കാനാണ്് മുസ്ലിം ബ്രദര്‍ഹുഡ് നേതൃത്വം നല്‍കുന്ന ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പുഫലം എന്തായാലും അത് ഈജിപ്ഷ്യന്‍ ജനതയുടെ തീരുമാനമായി മാനിക്കുമെന്ന് ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി വ്യക്തമാക്കി.
നൂരി അല്‍മാലികിക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നു
ഇറാഖില്‍ പ്രധാനമന്ത്രി നൂരി അല്‍മാലികിയെ എതിര്‍ക്കുന്ന സുന്നിവിഭാഗം നടത്തിവരുന്ന പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നതോടെ കൂടുതല്‍ ശക്തിയാര്‍ജ്ജിരിക്കുയാണ്. അന്യായമായി തടവിലാക്കിയ സുന്നിവിഭാഗത്തില്‍ പെട്ട ആയിരക്കണക്കിന് നിരപരാധികളെ വിട്ടുകിട്ടണമെന്നും ഇറാഖി സേന സുന്നി ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടത്തിവരുന്ന അതിക്രമങ്ങളും കൈയ്യേറ്റങ്ങളും അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. സുന്നി മേഖലകളില്‍ വിദേശ ശക്തികളുടെ സഹായത്താല്‍ സ്ഫോടനങ്ങള്‍ നടത്തുന്നതായും സുന്നിവിഭാഗം ആരോപിച്ചു.
അതിനിടെ പ്രക്ഷോഭകരെക്കുറിച്ച് നൂരി അല്‍മാലികി ഭീകരവാദികളെന്നും വിഘടനവാദികളെന്നും പറഞ്ഞത് വന്‍ ജനരോഷത്തിന് കാരണമായി. ഇറാഖി ജനതക്കിടയില്‍ കലാപത്തിന്റെ വിത്ത് പാകാനുള്ള ശ്രമമാണ് നൂരി അല്‍മാലികി നടത്തുന്നതെന്ന് പ്രക്ഷോഭകാരികള്‍ പറഞ്ഞു. അല്‍മാലിക്കിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സാംറാ, റമാദി തുടങ്ങിയ നഗരങ്ങളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി.
ബ്രിട്ടനില്‍ മുസ്ലിം ജനസംഖ്യയില്‍ വര്‍ധന
കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ മുസ്ലിം ജനസംഖ്യയില്‍ 37 ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയതായി ബ്രിട്ടീഷ് ദേശീയ ജനസംഖ്യാ കണക്കെടുപ്പ് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 26 ലക്ഷത്തോളമാണ് ബ്രിട്ടീഷ് പൌരത്വമുള്ള മുസ്ലിംകള്‍. 38 ഓളം പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യ 50 ശതമാനം വരും. ബ്രിട്ടീഷ് സമൂഹവും സംസ്കാരവും മൌലിക മാറ്റത്തിന്റെ പാതയിലാണെന്ന് Henry Jackson Foundation For Intellectual Study Center വ്യക്തമാക്കി. ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന മുസ്ലിംകളുടെ മൂന്നാം തലമുറ ബ്രിട്ടനില്‍ വളര്‍ന്നുവരുന്നതായും പഠനത്തില്‍ പറയുന്നു.
ഇതാദ്യമായി ഫലസ്ത്വീന്‍ ചിത്രം ഓസ്കറില്‍
ഇസ്രയേലി ബാരിക്കേഡുകളിലും ചെക്ക് പോസ്റുകളിലും കുടുങ്ങി സ്വന്തംമണ്ണില്‍ സഞ്ചാര സ്വാതന്ത്യ്രമില്ലാതെ ഞെരുങ്ങുന്ന ഫലസ്ത്വീന്‍ ജനതയുടെ ദൈന്യതയും സാഹസവും നിറഞ്ഞ നിത്യജീവിതം ചിത്രീകരിച്ച ഫലസ്ത്വീന്‍ ഡോക്യുമെന്ററിക്ക് ഓസ്കര്‍ നോമിനേഷന്‍. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍നിന്ന് വന്ന ഇമാദ് ബര്‍ണറ്റ് സംവിധാനം ചെയ്ത "Five Broken Cameras' ആണ് ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച ചിത്രം. ഇതാദ്യമായാണ് ഒരു ഫലസ്ത്വീന്‍ ചിത്രത്തിന് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്.
തന്റെ "Five Broken Cameras' എന്ന ചിത്രം ഓസ്കറിന് തെരഞ്ഞെടുത്തത് ഫലസ്ത്വീനിന്റെ രാഷ്ട്രീയ വിജയമാണെന്ന് ഇമാദ് പറഞ്ഞു. തന്റെയും ഫലസ്ത്വീന്‍കാരുടെയും ജീവിതമാണ് ഈ ചിത്രം. ഫലസ്ത്വീന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും ഇസ്രയേലി ക്രൂരതകള്‍ക്ക് മുമ്പില്‍ ലോകസമൂഹത്തിന് അധികകാലം മൌനം പാലിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി അഭയാര്‍ഥി ക്യാമ്പുകളില്‍
പുതിയ 2500 'പോരാളികള്‍'
തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ 2011 മെയ് മുതലുള്ള കണക്കുപ്രകാരം 2500 ലധികം സിറിയന്‍ കുഞ്ഞുങ്ങള്‍ ജനിച്ചതായി തുര്‍ക്കി വൃത്തങ്ങള്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കോ കുഞ്ഞുങ്ങള്‍ക്കോ രക്ഷയില്ലാത്ത സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ യുദ്ധഭൂമിയില്‍നിന്ന് കുടുംബത്തിനൊപ്പം പലായനം ചെയ്ത കുടുംബിനികളാണ് പരിമിതമായ സൌകര്യം മാത്രമുള്ള തുര്‍ക്കിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇത്രയും കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
യുദ്ധത്തിന്റെ ഭീകര മുഖത്തുനിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലെത്തിയ പല ഗര്‍ഭിണികള്‍ക്കും പക്ഷേ യുദ്ധഭീകരത തങ്ങളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വരുത്തിവെച്ച വൈകല്യം പ്രസവശേഷം മാത്രമാണ് കണ്ടെത്താനായത്. ഇത്തരം വൈകല്യങ്ങളോടെ പിറന്ന കുഞ്ഞുങ്ങള്‍ക്ക് തുര്‍ക്കി ഭരണകൂടവും മറ്റു സന്നദ്ധ സംഘങ്ങളും വൈദ്യ സഹായം നല്‍കി വരുന്നു. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയിബ് ഉര്‍ദുഗാനും ഭാര്യ അമീന ഉര്‍ദുഗാനും അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് നവജാത ശിശുക്കളുടെയും അമ്മമാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ പ്രയത്നിച്ചത് ഏറെ നന്ദിയോടെ ഓര്‍ക്കുന്നതായി അഭയാര്‍ഥികള്‍ പറഞ്ഞു. സിറിയന്‍ യുദ്ധഭൂമിയില്‍ ബശ്ശാറിന്റെ ക്രൂരത നൂറുക്കണക്കിനു നവജാത ശിശുക്കളെ കൊന്നൊടുക്കിയപ്പോള്‍ തുര്‍ക്കി പ്രധാന മന്ത്രി അഭയം നല്‍കുകയായിരുന്നു.
Comments