Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

എം. ശിഹാബുദ്ദീന്‍ മൗലവി സാത്വികനായ മതപണ്ഡിതന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

സാത്വികനായ സംഘാടകനും കര്‍മശാസ്ത്ര വിദഗ്ധനായ മതപണ്ഡിതനുമായിരുന്നു, 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ'യുടെ സമുന്നത നേതാവ് എം. ശിഹാബുദ്ദീന്‍ മൗലവി. ജീവിതത്തിലുടനീളം വിശുദ്ധി കാത്തുസൂക്ഷിക്കുകയും പ്രകടനപരതയില്‍ നിന്ന് വിട്ടുനില്‍ക്കുയും ചെയ്ത അദ്ദേഹം ആര്‍ജവമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. ഭൗതികതക്കു പുറകെ ഓടുന്ന മതപണ്ഡിതന്മാരില്‍ നിന്ന് വേറിട്ടുനിന്ന അദ്ദേഹത്തിന് ഗോളശാസ്ത്രത്തില്‍ സവിശേഷ ജ്ഞാനമാണുണ്ടായിരുന്നത്.

ജനനം, പഠനം
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍, വടക്കുംതല പള്ളിയുടെ കിഴക്കേതില്‍ മുഹമ്മദ് കുഞ്ഞി-ഖദീജ ദമ്പതികളുടെ എട്ട് മക്കളില്‍ ഇളയവനായി 1913 ലാണ് എം. ശിഹാബുദ്ദീന്‍ മൗലവി ജനിച്ചത്. മലപ്പുറം ജില്ലയിലെ പൊടിയാട്ട് പള്ളി ദര്‍സില്‍, ആമക്കാട് ഇബ്‌റാഹീം മുസ്‌ലിയാരുടെ കീഴിലായിരുന്നു ആദ്യഘട്ട മതപഠനം. 'മഖ്‌സ്വദുല്‍ മുഫ്‌റദാത്ത്' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇബ്‌റാഹീം മുസ്‌ലിയാര്‍. ശേഷം, വെല്ലൂര്‍ ബാഖിയാത്തില്‍ ഉപരിപഠനം. അക്കാലത്ത് ദക്ഷിണ കേരളത്തില്‍നിന്ന് അധികമാരും വെല്ലൂരില്‍ പോകാറുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്, ബാഖിയാത്തില്‍ പഠിച്ച് എം.എഫ്.ബി ബിരുദം നേടിയ പലര്‍ക്കും പ്രചോദനമായത് ശിഹാബുദ്ദീന്‍ മൗലവിയുടെ വെല്ലൂര്‍ യാത്രയായിരുന്നു. പ്രഗത്ഭ പണ്ഡിതന്‍ ശൈഖ് ആദം ഹസ്‌റത്തായിരുന്നു ബാഖിയാത്തിലെ പ്രധാന ഗുരുനാഥന്‍. അബ്ദുര്‍റഹ്മാന്‍ ഹൈദരൂസി അല്‍അസ്ഹരി, തലക്കടത്തൂര്‍ അവറാന്‍കുട്ടി മുസ്‌ലിയാര്‍, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, വെളിമുക്ക് അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പി.പി അഹ്മദ് ആലിം സാഹിബ്, ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ് തുടങ്ങിയവര്‍ ബാഖിയാത്തില്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യരായിരുന്നു.

കര്‍മരംഗം
വെല്ലൂര്‍ ബാഖിയാത്തിലെ പഠനം പൂര്‍ത്തിയാക്കിവന്ന ശിഹാബുദ്ദീന്‍ മൗലവി കായംകുളം ഹസനിയ്യയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കാനാരംഭിച്ചു. ശേഷം ആലംകോട് പള്ളി ദര്‍സിലെത്തിയെങ്കിലും വൈകാതെ, പ്രശസ്തമായ ജോനകപുറം ജുമാമസ്ജിദില്‍ മുദര്‍രിസായി ക്ഷണിക്കപ്പെട്ടു. അതുവരെ അവിടെ ദര്‍സ് നടത്തിയിരുന്നത് പ്രമുഖ പണ്ഡിതന്‍ മുസ്ത്വഫാ ആലിം സാഹിബായിരുന്നു. 'നൂറുല്‍ ഇസ്‌ലാം മദ്‌റസ' എന്നാണ് അക്കാലത്ത് സ്ഥാപനം അറിയപ്പെട്ടിരുന്നത്. ശിഹാബുദ്ദീന്‍ മൗലവി അവിടെ ദീര്‍ഘകാലം മുദര്‍രിസായി സേവനമനുഷ്ഠിച്ചു. നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കുന്ന വിദ്യാര്‍ഥികളെ ശിഹാബുദ്ദീന്‍ മൗലവി നേരിട്ട് വാചിക പരീക്ഷ നടത്തിയായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, ആലംകോട് അബ്ദുല്‍ ഖാദിര്‍ മൗലവി, തേവലക്കര പി.എസ് ഇബ്‌റാഹീംകുട്ടി മൗലവി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ.എം നൂറുദ്ദീന്‍ മൗലവി തുടങ്ങി പ്രഗത്ഭരായ ഒട്ടേറെ ശിഷ്യഗണങ്ങള്‍ അദ്ദേഹത്തിനുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും മുദര്‍റിസുമാര്‍ അദ്ദേഹത്തെ സമീപിച്ച് ചില വിഷയങ്ങള്‍ പ്രത്യേകമായി പഠിക്കാറുണ്ടായിരുന്നു. മുദര്‍റിസെന്ന നിലയില്‍ വിജയിച്ച വ്യക്തിത്വമായിരുന്നു ശിഹാബുദ്ദീന്‍ മൗലവി.
മികച്ച സംഘാടകനായിരുന്ന ശിഹാബുദ്ദീന്‍ മൗലവിയാണ് ദീര്‍ഘകാലം ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയെ നയിച്ചത്. 1959 മുതല്‍ 1993 വരെയുള്ള 35 വര്‍ഷമാണ് അദ്ദേഹം 'ദക്ഷിണ'യുടെ പ്രസിഡന്റായിരുന്നത്. സംഘടനയെ കെട്ടിപ്പടുക്കുന്നതില്‍ വലിയ സേവനമാണ് അദ്ദേഹത്തിന്റെ നേതൃത്വം നല്‍കിയത്. ദക്ഷിണയുടെ പ്രസിദ്ധീകരണമായ 'അന്നസീം' മാസികയുടെ ചീഫ് എഡിറ്ററായിരുന്നു മരണം വരെ.  'ദക്ഷിണ'യുടെ വിദ്യാഭ്യാസ ശൃംഖലയായ 'മന്നാനിയ'യുടെ തുടക്കക്കാരനായ ശിഹാബുദ്ദീന്‍ മൗലവി തന്നെയാണ് 'മന്നാനിയ' എന്ന പേരും നിര്‍ദേശിച്ചത്. കുറച്ചുകാലം മന്നാനിയ ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു. വടക്കുതല ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ പാലോളിക്കുളങ്ങര, കേരളപുരം, കൊട്ടിയം, കോട്ടുപുരം, തുടങ്ങി നിരവധി ജമാഅത്തുകളുടെ പ്രസിഡന്റ്, രക്ഷാധികാരി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ജംഇയ്യത്തുല്‍ ഖുതബാഇന്റെ രക്ഷാധികാരിയുമായിരുന്നു.
കഴിവുറ്റ കര്‍മശാസ്ത്ര വിദഗ്ധനായിരുന്ന ശിഹാബുദ്ദീന്‍ മൗലവി, ആധികാരികതയോടെയും പക്വതയോടെയും മതവിധികള്‍ നല്‍കിയിരുന്ന ദക്ഷിണ കേരളത്തിലെ മുഫ്തിയായിരുന്നു. ഫിഖ്ഹില്‍ ആഴമുള്ള അറിവു തന്നെയുണ്ടായിരുന്ന അദ്ദേഹത്തിന് പല കിതാബുകളിലെയും ഉദ്ധരണികള്‍ മനഃപാഠമായിരുന്നു. ഭാഷാശാസ്ത്രത്തിലും, തര്‍ക്കശാസ്ത്രത്തിലും (മന്‍ത്വിഖ്) ഗോളശാസ്ത്രത്തിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം നിരവധി പള്ളികള്‍ക്ക് ഖിബ്‌ല നിര്‍ണയിച്ചിട്ടുണ്ട്. സംഘാടനം, പള്ളിദര്‍സ് അധ്യാപനം, ഫത്‌വ നല്‍കല്‍ എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ച ശിഹാബുദ്ദീന്‍ മൗലവിക്ക് നിരവധി പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും സേവനവും പരിഗണിച്ചാണ് റഈസുല്‍ ഉലമ എന്ന സ്ഥാനപേര് നല്‍കി ആദരിച്ചത്.

വ്യക്തിത്വം
വിനയവും വിശാലമനസ്‌കതയും ആര്‍ജവവും ആഴമുള്ള പാണ്ഡിത്യവും കൈമുതലായിരുന്ന എം. ശിഹാബുദ്ദീന്‍ മൗലവി ജീവിത വിശുദ്ധി നിലനിര്‍ത്തുന്ന കാര്യത്തില്‍ ബദ്ധശ്രദ്ധനായിരുന്നു. പ്രകടനാത്മകതയില്ലാത്ത, ഒട്ടും സ്ഥാനമോഹിയല്ലാത്ത വ്യക്തിത്വം. വാക്കും പ്രവൃത്തിയും യോജിച്ചുപോകണം എന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു. സിമന്റ് ലഭിക്കാന്‍ വലിയ പ്രയാസമായിരുന്ന കാലത്ത് ശിഹാബുദ്ദീന്‍ മൗലവിയോട് ഏറെ ആദരവുണ്ടായിരുന്ന ഒരു ഓഫീസര്‍, വീടുപണിക്കുവേണ്ടി ശരിയല്ലാത്ത രീതിയില്‍ സിമന്റ് അനുവദിക്കാന്‍ ശ്രമിച്ചത് അദ്ദേഹം നിരസിക്കുകയുണ്ടായി. ഒരു ശിപാര്‍ശക്കത്തിന് വേണ്ടി തന്നെ സമീപിച്ച വ്യക്തിക്ക്, വെള്ളപേപ്പറില്‍ കത്തെഴുതികൊടുത്തു അദ്ദേഹം. ജംഇയ്യത്തിന്റെ ലറ്റര്‍ ഹെഡില്‍ കത്ത് വേണമെന്നും സംഘടനക്ക് സംഭാവന തരാമെന്നും അയാള്‍ വാഗ്ദാനം ചെയ്തു. 'ജംഇയ്യത്തിന്റെ ലറ്റര്‍പാഡ് ജംഇയ്യത്തിന്റെ കാര്യങ്ങള്‍ എഴുതാനുള്ളതാണ്. ശിപാര്‍ശ കത്ത് എഴുതാനുള്ളതല്ല. സംഭാവന തന്നാല്‍ അതിനു റസീപ്റ്റ് തരാം, ശിപാര്‍ശ കത്ത് തരില്ല'- ഇതായിരുന്നു ശിഹാബുദ്ദീന്‍ മൗലവിയുടെ മറുപടി. തന്റെ സ്ഥാനവും പാണ്ഡിത്യവും ഉപയോഗിച്ച് പണമുണ്ടാക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിക്കുകയുണ്ടായില്ല. ലളിത ജീവിതം നയിച്ചിരുന്ന അദ്ദേഹം, ഒരു ഘട്ടത്തില്‍ ഓല മേഞ്ഞ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നത്തെ മതനേതാക്കള്‍ക്ക് അനന്യമായ മാതൃകയുണ്ട് ആ ജീവിതത്തില്‍. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കുമനുസരിച്ച് ഫത്‌വകള്‍ മാറ്റിമാറ്റി നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം മതത്തെ കച്ചവടവല്‍ക്കരിക്കുന്നതിനെതിരെ ശക്തമായി താക്കീതു നല്‍കിയിട്ടുണ്ട്. 1955 ആഗസ്റ്റില്‍ തിരുവനന്തപുരം ജൂബിലി ടൗണ്‍ ഹാളില്‍ ചേര്‍ന്ന ദക്ഷിണയുടെ സമ്മേളനത്തില്‍ അദ്ദേഹം ചെയ്ത സ്വാഗതപ്രസംഗത്തില്‍ ഇങ്ങനെ കാണാം: ''ഉപദേശിക്കപ്പെടുന്ന ആള്‍ ഉയര്‍ന്ന പദവിക്കാരന്‍ ആയതുകൊണ്ടോ എന്തെങ്കിലും വൈഷമ്യങ്ങള്‍ അയാളില്‍ നിന്ന് നേരിട്ടേക്കുമെന്ന് ഭയന്നതുകൊണ്ടോ നാം ഭീരുക്കളായി നമ്മുടെ കര്‍ത്തവ്യത്തില്‍നിന്ന് പിന്തിരിയേണ്ടതില്ല.... നാം പൊതുജനങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരാണ്. അവരില്‍ ഒരാളോടുള്ള പ്രത്യേക താല്‍പര്യം, അവന്റെ മുമ്പില്‍ ഉന്നത സ്ഥാനത്തെ ആശിക്കുക, അവന്റെ മുമ്പില്‍ പദവി ഉറപ്പിക്കുക മുതലായ സംഗതികള്‍ നിമിത്തം അംറും നഹ്‌യും വിട്ടുകളയരുത്. എന്തുകൊണ്ടെന്നാല്‍ ഒരാളോടുള്ള സ്‌നേഹവും ബഹുമാനവും അയാളുടെ നേരെ ചില കടപ്പാടുകളും അവകാശങ്ങളും ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്..... ആരുടെ വ്യവഹാരം അല്ലാഹുവുമായി ശരിയാകുന്നില്ലയോ, ആരുടെ നിയ്യത്ത് നല്ലതല്ലയോ, ആരുടെ അമല്‍ ഇഖ്‌ലാസോടു കൂടിയല്ലയോ, അയാള്‍ക്ക് യാതൊരു ഗുണവും സിദ്ധിക്കാന്‍ പോകുന്നില്ല. നേരെമറിച്ച് അയാള്‍ 'ഉലമാഉസ്സൂഇല്‍' (ദുഷിച്ച പണ്ഡിതന്മാര്‍) പെട്ടുപോകും. അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രീഭൂതനായി അധഃപതിച്ചു പോകും. നബി(സ) പറയുന്നു; 'ദുഷിച്ച പണ്ഡിതന്മാരാല്‍ എന്റെ സമുദായത്തിന് നാശം. അറിവിനെ അവര്‍ ക്രയവിക്രയം ചെയ്യുന്ന കച്ചവടച്ചരക്കാക്കും. അവരുടെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ'' (ബുഖാരി)
പണ്ഡിതന്മാര്‍ ഗള്‍ഫില്‍ ജോലി തേടി പോകുന്നത് ഇഷ്ടപ്പെടാതിരുന്ന ശിഹാബുദ്ദീന്‍ മൗലവി, 'ശമ്പളം മാത്രം ഉദ്ദേശിച്ച് ജോലി ചെയ്യരുത്, സേവന മനസുണ്ടാകണം' എന്ന് പണ്ഡിതന്മാരെ ഉപദേശിക്കാറുണ്ടായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മുമ്പിലും തുറന്നുപറയുന്ന, ആരെയും കൂസാത്ത പ്രകൃതം. ആരോടും വിരോധമോ വിധേയത്വമോ ഇല്ല. ശരി ആരുടെ മുമ്പിലും തുറന്നുപറയും. ജമാഅത്തു നമസ്‌കാരങ്ങളില്‍ കണിശത പുലര്‍ത്തി. യോഗങ്ങള്‍ക്കും മറ്റും വേണ്ടി നമസ്‌കാരത്തില്‍ വീഴ്ചവരുത്തുമായിരുന്നില്ല. സമസ്തയുടെ നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. വണ്ടൂര്‍ വഹബിയ അറബിക്കോളേജില്‍ ഒരിക്കല്‍ സനദ്ദാന പ്രസംഗം നടത്തിയത് ശിഹാബുദ്ദീന്‍ മൗലവിയായിരുന്നു.
ആരെയും വിമര്‍ശിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ശിഹാബുദ്ദീന്‍ മൗലവി, ഇതര സംഘടനകളോട് വിയോജിപ്പുകളുള്ളതോടൊപ്പം വിശാലതയോടെ ഇടപെടുമായിരുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന വേദികളില്‍ അദ്ദേഹം ഇരിക്കാന്‍പോലും താല്‍പര്യപ്പെട്ടിരുന്നില്ല. തബ്‌ലീഗ് ജമാഅത്തിന്റെ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച സമീപനം നാം നേരത്തെ സൂചിപ്പിക്കുകയുണ്ടായി. മുസ്‌ലിം സമുദായത്തിന്റെ ഐക്യവും ഒരുമയും ഏറെ ആഗ്രഹിച്ചിരുന്നു. നോമ്പും പെരുന്നാളും ഏകീകരിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ശാഫിഈ-ഹനഫീ മദ്ഹബുകാര്‍ ഒരുമിച്ച് ചേരുന്ന ആലപ്പുഴയിലെ ഈദ്ഗാഹിന് നേതൃത്വം നല്‍കാന്‍ 'ലജ്‌നത്തുല്‍ മുഹമ്മദീയ സംഘം' ഒരിക്കല്‍ മൈലാപ്പൂര് ഷൗക്കത്താലി മൗലവിയെ ക്ഷണിക്കുകയുണ്ടായി. ഈദ്ഗാഹില്‍ പങ്കെടുക്കണോ എന്ന് സംശയിച്ച അദ്ദേഹത്തോട് നിര്‍ബന്ധമായും വേണമെന്നായിരുന്നു ശിഹാബുദ്ദീന്‍ മൗലവി നിര്‍ദേശിച്ചത്. കൊല്ലത്ത്, ഹിജ്‌റ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സമ്മേളനം ഒഴിവാക്കണം എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. 'വനിതകള്‍ മാത്രം ചേര്‍ന്ന് സമ്മേളനം നടത്തട്ടെ, അതിന് പ്രത്യേകം സ്ഥലം കണ്ടെത്താം, പുരുഷന്മാര്‍ അവിടേക്ക് പോകാതിരുന്നാല്‍ മതി'-ഇതായിരുന്നു ശിഹാബുദ്ദീന്‍ മൗലവിയുടെ നിര്‍ദേശം. എസ്.എന്‍ വനിതാ കോളേജില്‍, അദ്ദേഹം നിര്‍ദേശിച്ച പ്രകാരം സമ്മേളനം നടത്തുകയും ചെയ്തു.
ഗോളശാസ്ത്രത്തില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹം, ദക്ഷിണ കേരളത്തില്‍ ഖിബ്‌ല നിര്‍ണയത്തിലെ ആധികാരിക വക്താവായിരുന്നു. കൊല്ലം ജോനകപ്പുറം പള്ളിയുടെ പുനര്‍നിര്‍മാണത്തിന് ഖിബ്‌ല നിര്‍ണയിച്ച് അദ്ദേഹം കുറ്റിയടിക്കുകയുണ്ടായി. വിദഗ്ധരായ ഗോളശാസ്ത്രജ്ഞരെ കൊണ്ടുവന്നു ജമാഅത്ത് ഭാരവാഹികള്‍ ദിശ നിര്‍ണയിച്ചപ്പോള്‍, അത് മൗലവി കുറ്റിയടിച്ചതില്‍ നിന്ന് ഒട്ടും വ്യത്യാസമില്ലാത്ത വിധമായിരുന്നു. ഇല്‍മുല്‍ ഫലകിലെ, റുബൂഉല്‍ മുജയ്യബ് ഉപയോഗിച്ച് ഖിബ്‌ല നിര്‍ണയിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പ്രാഗത്ഭ്യമാണ് ഇത് തെളിയിക്കുന്നത്.
ഗൗരവപ്രകൃതക്കാരനായിരുന്നെങ്കിലും, എല്ലാവരോടും സൗഹൃദത്തില്‍ ഇടപെട്ടിരുന്ന മൗലവിക്ക്, വിദ്യാര്‍ഥികളോട് പിതൃനിര്‍വിശേഷമായ വാത്സല്യം തന്നെയുണ്ടായിരുന്നു. ഇതര മതക്കാരോടും ഉറ്റ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹത്തെ അമുസ്‌ലിംകള്‍ വിളിച്ചിരുന്നത് 'മൗലവി അദ്ദേഹം' എന്നായിരുന്നു.
കരുനാഗപ്പള്ളി ചുങ്കശേരി സുലൈഖാബീവിയെയാണ് ശിഹാബുദ്ദീന്‍ മൗലവി വിവാഹം കഴിച്ചത്. ആറ് ആണ്‍മക്കളും നാല് പെണ്‍കുട്ടികളുമുണ്ട്. 80-ാം വയസില്‍, 1993 മെയ് 3-നായിരുന്നു ആ കര്‍മയോഗി അല്ലാഹുവിലേക്ക് യാത്രയായത്.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍