Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

സംസാരത്തിന് കാമ്പില്ലാതാകുമ്പോഴാണ് ഒട്ടേറെ പറയേണ്ടിവരുന്നത്

പറയാനുള്ളത് കാമ്പും കനവുമുള്ളതല്ലെങ്കില്‍ ഒരുപാട് പറയേണ്ടിവരും. അപ്പോഴാണ് ഘോര ഘോരമായി പ്രസംഗം വരുന്നത്. ചിലപ്പോഴെങ്കിലും പറയുന്നതിനേക്കാള്‍ പറയാതിരിക്കുന്നതിലും ശബ്ദത്തെക്കാള്‍ നിശ്ശബ്ദതയിലുമാണ് സൗന്ദര്യമുള്ളത്. മുസ്‌ലിം/ ഇസ്‌ലാമിക ആവിഷ്‌കാരങ്ങളില്‍ ഇത് കാര്യമായി പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.
പ്രവാചകന്‍ വര്‍ത്തമാനങ്ങളിലൂടെ തന്നെയാണ് ജനങ്ങളോട് സംസാരിച്ചിട്ടുള്ളത്. എന്നാല്‍, അവയില്‍ മൗനവുമുണ്ടായിരുന്നു. പുഞ്ചിരിയും ചോദ്യങ്ങളുമുണ്ടായിരുന്നു. അഥവാ പ്രവാചകന്‍ 'മോശം' കലയായ പ്രഭാഷണത്തിലൂടെത്തന്നെ ഏറ്റവും നന്നായി സംവദിക്കുകയായിരുന്നു. പ്രാചീനരും ആധുനികരുമായ ഏതു പ്രഭാഷണ വിദഗ്ധരില്‍ നിന്നും ഭിന്നമായി സുന്ദരമായും കൃത്രിമത്വമില്ലാതെയും ചുരുക്കിയും സംസാരിച്ചു. പ്രവാചകന്റെ ഏറ്റവും ദീര്‍ഘിച്ച പ്രഭാഷണമായി വിലയിരുത്തപ്പെടുന്ന അറഫാ പ്രസംഗം പോലും കുറഞ്ഞ സമയമേ നീണ്ടുനിന്നുള്ളൂ. അതിനാല്‍ വിവേകം അകമ്പടിയായുള്ള പ്രഭാഷണങ്ങള്‍ ഇന്നും കല തന്നെ.
കെ. യാസിര്‍

സ്വര്‍ണ കച്ചവടക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്നതില്‍ ശരികേടുണ്ട്
തകരുന്ന വ്യാപാര മൂല്യങ്ങളും വളരുന്ന ലാഭക്കൊതിയും' എന്ന തലക്കെട്ടില്‍ ഫെബ്രുവരി രണ്ടിന്റെ ലക്കത്തില്‍ മുഹമ്മദ് കുട്ടി പൊന്മുണ്ടം എഴുതിയ പ്രതികരണമാണ് ഈ കുറിപ്പിന്നാധാരം.
വ്യാപാരരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സല്‍ഗുണങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, ഇതിന്റെ പേരില്‍ സ്വര്‍ണ വ്യാപാരികളെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന ലേഖകന്റെ നിലപാടിനോട് യോജിക്കാന്‍ സാധ്യമല്ല. കള്ള കച്ചവടത്തോടുള്ള അറപ്പും വെറുപ്പും പൂര്‍ണമായി മാറ്റി അതിനെ ഹലാലിന്റെ പട്ടികയിലേക്ക് പുനഃപ്രതിഷ്ഠ നടത്തിയതില്‍ നാട്ടിലെ സ്വര്‍ണ കച്ചവടക്കാര്‍ക്കാണ് മുഖ്യ പങ്ക് എന്ന പരാമര്‍ശം തികച്ചും അസംബന്ധവും യാഥാര്‍ഥ്യം ഇല്ലാത്തതുമാണ്.
നിര്‍മാണ കൂലി എന്ന പേരില്‍ സ്വര്‍ണ വിലയുടെ പുറമെ ഒരു സംഖ്യ കൂടി ഈടാക്കുന്നു എന്ന ലേഖകന്റെ പരാതി നിലനില്‍ക്കുന്നതല്ല. ഏതൊരു ലോഹവും ആഭരണങ്ങളായോ ഉരുപ്പടിയായോ മാറ്റി നിര്‍മിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള സംഖ്യ ചെലവ് വരുമെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആഗോളതലത്തില്‍ ഒരേ നിലവാരമുള്ള സ്വര്‍ണത്തിന്റെ വിലയ്ക്ക് ആഭരണങ്ങള്‍ വില്‍ക്കുക സാധ്യമല്ല. പല ആഭരണങ്ങള്‍ക്കും പല തരത്തിലാണ് നിര്‍മാണ ചെലവ് വരുന്നത്.
ഇന്ന് ആഭരണ നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ശമ്പളത്തിന് നിര്‍ത്തി ആവശ്യമായ സാമഗ്രികളും വൈദ്യുതി, മെഷിനറി തുടങ്ങിയ മുഴുവന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തി സ്വന്തമായി നിര്‍മിച്ച് വില്‍പന നടത്തുകയാണ് ഒട്ടു മിക്ക വ്യാപാരികളും. അതുകൊണ്ടുതന്നെ സ്വര്‍ണ വിലയുടെ പുറമെ നിര്‍മാണ കൂലി വാങ്ങുന്നത് ഒരിക്കലും കള്ളക്കച്ചവടമോ കളവ് പറഞ്ഞുള്ള കച്ചവടമോ ആയി പരിഗണിക്കാന്‍ സാധ്യമല്ല.
സ്വര്‍ണ വ്യാപാര മേഖലയില്‍ കൂലി കൊടുക്കുന്നതും അത് ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്നതും ഇസ്‌ലാം അനുവദനീയമാക്കിയ വ്യാപാര രീതിയുടെ ഭാഗം തന്നെയാണ്. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുകയും ദീനീരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പലരും ഇന്ന് ഈ വ്യാപാര മേഖലയില്‍ ഉണ്ട് എന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല.
ലേഖകന്‍ പറയുന്നത് പോലെ കച്ചവട മേഖലയില്‍ ഇന്ന് നിലനില്‍ക്കുന്ന, 'വ്യാപാരത്തിലേക്ക് ഷെയര്‍' എന്ന പേരില്‍ പലരില്‍നിന്നും കാശ് വാങ്ങുകയും കൈയും കണക്കുമില്ലാതെ നിശ്ചിത സംഖ്യ ലാഭം എന്ന പേരില്‍ കൊടുക്കുകയും ചെയ്യുന്ന രീതി എതിര്‍ക്കപ്പെടേണ്ടതും ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയുടെ മറ്റൊരു രൂപവുമാണ്. ഇത് ചെയ്യുന്നത് സ്വര്‍ണ വ്യാപാരികള്‍ മാത്രമല്ല, മുഴുവന്‍ സ്വര്‍ണ വ്യാപാരികളും ഇത് ചെയ്യുന്നുമില്ല. അത്തരം സമ്പ്രദായങ്ങളുടെ പേരില്‍ മുഴുവന്‍ വ്യാപാരി സമൂഹത്തെയും കള്ളക്കച്ചവടക്കാരായി ചിത്രീകരിച്ചത് ശരിയായില്ല.
പി. അഹ്മദ് തിരൂര്‍, മെജസ്റ്റിക് ജ്വല്ലേഴ്‌സ്

അഫ്‌സല്‍ ഗുരുവിനെ ധൃതിപിടിച്ച് തൂക്കിലേറ്റിയത് 'സമൂഹ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍' മാത്രമാണെങ്കില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെക്കുറിച്ച ആശങ്കകളും സംശയങ്ങളും ബലപ്പെടാന്‍ മാത്രമേ അത് ഉപകരിക്കൂ. പ്രതികളെ ഇഷ്ടാനുസാരം സൃഷ്ടിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും മാത്രമല്ല, കുറ്റവും ശിക്ഷയും നടപ്പിലാക്കുന്നതിലുമടക്കം അവിഹിതവും അന്യായവുമായ ഭരണകൂട താല്‍പര്യങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അഫ്‌സല്‍ ഗുരുവിന്റെ വധത്തിലൂടെ ഒരിക്കല്‍ കൂടി വ്യക്തമാവുകയാണ്.
വി.എം സമീര്‍ കല്ലാച്ചി

ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മാത്രമായി
ഇനിയും എത്ര പേരുണ്ട് രാജ്യത്ത്?
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും യു.പി.എയുടെ പാര്‍ലമെന്ററി വ്യാമോഹവും' എന്ന റശീദുദ്ദീന്റെ ലേഖനം വായിച്ചു. അദ്ദേഹത്തിന്റെ തന്നെ 'ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും' എന്ന പുസ്തകം വായിച്ചപ്പോള്‍ ഉണ്ടായതുപോലെ 'ഒന്നും പ്രതികരിക്കാന്‍ കഴിയാത്ത നിസ്സഹായതക്കിടയില്‍ ഒരാളെങ്കിലും സത്യം വിളിച്ചു പറയുന്നു'വെന്ന് ആശ്വസിക്കാനായി.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്തരം ഭരണകൂട ചെയ്തികളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുക്കണമെങ്കില്‍ മതേതരത്വവും ജനാധിപത്യവും അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഭരണകൂടം സത്യസന്ധമായ പുനരന്വേഷണത്തിന് തയാറാവുകയാണ് ഏക പോംവഴി.
കോണ്‍ഗ്രസ് അതിന് തയാറാകുന്നില്ലെങ്കില്‍, അതിന്റെ അര്‍ഥം അഫ്‌സല്‍ ഗുരുവിനെ ഇല്ലാതാക്കല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ ആവശ്യമായിരുന്നു എന്നാണ്. അജ്മല്‍ കസബ് അല്ലാതെ മുംബൈ ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഒരു പ്രതിയെയും നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. എല്ലാ ഏറ്റുമുട്ടലുകളിലും പ്രതികള്‍ കൊല്ലപ്പെടുകയായിരുന്നു! മാത്രമല്ല, അവര്‍ക്കാര്‍ക്കും മേല്‍വിലാസവും ഉണ്ടായിരുന്നില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ മാത്രമായി മേല്‍വിലാസമില്ലാത്ത ആള്‍ക്കാര്‍ നമ്മുടെ രാജ്യത്തുണ്ടോ?
കാര്യം മറ്റൊന്നാണ്. ഇന്ത്യാ ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍, അത് ആരുടെ ഭരണകാലത്തായാലും ഒരു ഭീകരാക്രമണം ഉറപ്പാണ്. ശവപ്പെട്ടി കുംഭകോണവും ആണവകരാറുമൊക്കെ അഫ്ഗസല്‍ ഗുരുവിലേക്കും അജ്മല്‍ കസബിലേക്കും തിരിച്ചുവിടാന്‍ അതത് ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
അപ്പോള്‍ ഈ ഭീകരാക്രമണങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണ്; കോണ്‍ഗ്രസ്സും ബി.ജെ.പിയും. അവര്‍ ജസ്റ്റിസ് കട്ജുവിനെപ്പോലെയുള്ള രാജ്യ സ്‌നേഹികളെ വെച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടട്ടെ.
രേഷ്മ കൊട്ടക്കാട്ട്, ക്ലാപ്പന, കരുനാഗപ്പള്ളി

ജീവിതത്തില്‍ എമ്പാടും ചൂഴ്ന്നു നില്‍ക്കുന്നു, കലയുടെ പച്ചപ്പ്
കലയെക്കുറിച്ചുള്ള ജമീല്‍ അഹ്മദിന്റെ ലേഖനം ശ്രദ്ധേയമായി. 'സൂക്ഷ്മ വിശകലനത്തില്‍ കലയെ ത്യജിച്ചുകൊണ്ട് ഏത് സമൂഹത്തിനും അതിജീവിക്കാന്‍ കഴിയുകയില്ല' എന്ന പരാമര്‍ശം കലയെക്കുറിച്ച സൂക്ഷ്മമായ വിലയിരുത്തലാണ്.
കലയില്ലാതെ ജീവിതമില്ല. കലയില്ലാത്ത ജീവിതം മരുപ്പറമ്പാണ്. കല നാമറിയാതെ നമ്മുടെ ജീവിതത്തെയാകെ ചൂഴ്ന്നുനില്‍ക്കുന്നു എന്നതാണ് സത്യം. മനുഷ്യ സൃഷ്ടിതന്നെ ദൈവത്തിന്റെ അത്യുന്നത കലയാണല്ലോ. ഓരോ മനുഷ്യനും കലാകാരനാണ്. ചിലര്‍ തങ്ങളെത്തന്നെ തിരിച്ചറിയുന്നു. അവര്‍ കലാകാരന്മാരായി അറിയപ്പെടുന്നുവെന്നു മാത്രം.
മനുഷ്യനെ വഴിതെറ്റിക്കുന്ന കലയെ ഖുര്‍ആന്‍ എതിര്‍ത്തിട്ടുണ്ട്. ഖുര്‍ആന്റെ സങ്കല്‍പത്തിലുള്ള കല നന്മകള്‍ മാത്രം പൂത്തുലയുന്ന ഒന്നാണ്. അത്തരമൊരു മഹാ വ്യക്തിത്വത്തെയാണ് ഖുര്‍ആന്‍ നബിയിലൂടെ വാര്‍ത്തെടുത്തത്. ആ ഖുര്‍ആന്‍ ഉപയോഗിച്ചാണ് നബി തന്റെ നയനൈപുണിയിലൂടെ ഒരു ഉത്തമ സമൂഹത്തെ രൂപപ്പെടുത്തിയത്. മനുഷ്യജീവത്തെ ശുദ്ധീകരിക്കുകയാണ് കലയുടെ ധര്‍മമെങ്കില്‍, മനുഷ്യനെ മാറ്റിപ്പണിയുകയാണ് കലയെങ്കില്‍ പ്രവാചകന്മാരാണ് ഏറ്റവും നല്ല കലാകാരന്മാര്‍. നബി ഏറ്റവും പൂര്‍ണനായ കലാകാരനായിരുന്നു.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

വളരെ ലാഭകരമായ വ്യവസായമായി
രൂപം കൊണ്ടിരിക്കുന്നു ഇസ്‌ലാമോഫോബിയ
ഇസ്‌ലാമോഫോബിയ ആഗോളതലത്തില്‍ വളരെ ലാഭകരമായ വന്‍ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് എന്ന സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ദശകത്തില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പ്രതിഛായ നഷ്ടപ്പെടുത്തി അന്യവത്കരിക്കുന്നതിന് ഏഴ് വ്യത്യസ്ത സംഘടനകള്‍ ചെലവഴിച്ചത് 42 മില്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 232 കോടി രൂപ). ഇസ്‌ലാമോഫോബിയ ഉന്നം വെച്ചുള്ള ഫണ്ടുകള്‍ മുസ്‌ലിംവിരുദ്ധ പ്ലാറ്റ്‌ഫോമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ വളരെ സുഗമമായി എത്തിച്ചേരുന്നു. മുസ്‌ലിം വിരുദ്ധ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും പണമെത്തിക്കുക എന്നതിലുപരി, ആയിരക്കണക്കിന് ഡോളറുകള്‍ പ്രതിഫലം ലഭിക്കുന്ന തൊഴില്‍ മേഖലകളും ഇസ്‌ലാമോഫോബിയയുടെ പ്രചാരകര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇസ്‌ലാംവിരുദ്ധ ഗ്രൂപ്പുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, മാധ്യമ - സിനിമാ ലോകത്ത്  ഇസ്‌ലാമോഫോബിയ പരത്താന്‍ പരിശീലനം നല്‍കുക, പുസ്തക പ്രസാധനത്തിന് സൗകര്യമൊരുക്കുക തുടങ്ങി ഇസ്‌ലാമോഫോബിയയെ വളരെ ലാഭകരമായ വ്യവസായമാക്കി മാറ്റാന്‍ ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
സമീര്‍ ബഷീര്‍ പട്ടാഴി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍