Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

സാമൂഹിക യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ട് മാറ്റത്തിന് തയാറാവുക

ഡോ. ജാസിര്‍ ഔദ/ എം.ഐ അനസ് മന്‍സൂര്‍, കെ.സി ഇര്‍ഫാന്‍

ഇസ്‌ലാമിക ശരീഅത്തിന്റെ സൈദ്ധാന്തികത, ശരീഅത്ത് ലക്ഷ്യങ്ങളുടെ പ്രയോഗവല്‍ക്കരണം എന്നിവയാണല്ലോ താങ്കളുടെ പഠനമേഖല. ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഇസ്‌ലാമിക ശരീഅത്ത് എത്രത്തോളം പ്രസക്തമാണ്? എങ്ങനെയാവണം അതിന്റെ പ്രയോഗവത്കരണം?

 ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും ലക്ഷ്യങ്ങളും നിലവിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ ഘടനകളില്‍ പ്രയോഗിക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുക. ശരീഅത്തിന്റെ വിധികള്‍ മാത്രമല്ല, അതിന്റെ അര്‍ഥങ്ങളും തത്ത്വസിദ്ധാന്തങ്ങളും വിധികളുടെ അത്രതന്നെ പ്രധാനമാണ്. ഇന്ത്യന്‍ സാമൂഹിക ഘടനയെ ശരീഅത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്. നിലവിലെ രാഷ്ട്രീയത്തെ നീതിയുടെ സമുന്നത വിഭാവനയിലേക്ക് കൊണ്ടുവരിക, സാമ്പത്തിക സംവിധാനങ്ങളെ കുത്തകവല്‍ക്കരണത്തില്‍ നിന്നും അനീതികളില്‍ നിന്നും രക്ഷപ്പെടുത്തുക, വിജ്ഞാനീയങ്ങളെ സാര്‍വത്രികമാക്കുക ഇങ്ങനെയൊക്കെ ശരീഅത്തിന്റെ പ്രയോഗകവത്കരണത്തിന് ശ്രമിക്കാം. ഇസ്‌ലാമിന്റെ കുടുംബ നിയമങ്ങള്‍ പോലുള്ളവ മുസ്‌ലിംകള്‍ക്ക് മാത്രമാണ് ബാധകം. ഈ കാര്യങ്ങള്‍ എല്ലാവരുടെയും മേല്‍ നടപ്പിലാക്കാന്‍ നമുക്ക് അധികാരമില്ല. അത് മുസ്‌ലിംകള്‍ സ്വയം പാലിക്കേണ്ടവയാണ്. ശരീഅത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഴുവന്‍ പൊതുനന്മയിലും മൂല്യങ്ങളിലും ഊന്നുന്നവയാണ്. അതിനാലാണ് ഖുര്‍ആന്‍ ഇസ്‌ലാമിക സമൂഹത്തെ നന്മയിലേക്ക് വിളിക്കുന്നവര്‍ എന്നു വിശേഷിപ്പിച്ചത്. നീതി, സമത്വം, സാമൂഹിക നന്മ, പൊതുജനാരോഗ്യം തുടങ്ങിയ പൊതു മാനുഷിക മൂല്യങ്ങളിലേക്കാണ് നാം ജനങ്ങളെ ക്ഷണിക്കുന്നത്. ഇവയെല്ലാം ഇസ്‌ലാമികം എന്നതിനോടൊപ്പം മാനുഷികവുമാണ്.

ഇന്ത്യയിലെ ബഹുസ്വരസമൂഹത്തില്‍ 'മുന്‍ഗണനാ ഫിഖ്ഹി' (ഫിഖ്ഹുല്‍ ഔലവിയ്യാത്ത്) ന്റെ പ്രാധാന്യം?
 പൊതുഭൂമിക കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. അഴിമതി, കളവ്, അനീതി തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളെ ജനങ്ങളെ യോജിപ്പിക്കാനുതകുന്ന ഇടങ്ങളാക്കി രൂപപ്പെടുത്തിയാവണം നമ്മുടെ മുന്നേറ്റം. ഇതിലൊക്കെ ദേശ-രാഷ്ട്ര സാഹചര്യങ്ങള്‍ക്കനുസരിച്ച് പല മാറ്റങ്ങളും വേണ്ടിവരും. ഇസ്‌ലാമിലേക്ക് നാം ജനങ്ങളെ ക്ഷണിക്കുന്നത് ഒരു മാതൃക സൃഷ്ടിച്ചുകൊണ്ടാവണം. അഴിമതിക്കെതിരെയും നീതിക്ക് വേണ്ടിയും ഒരുമിച്ചു നില്‍ക്കുന്ന ന്യൂനപക്ഷമായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് നല്ല മാതൃക കാഴ്ചവെക്കാനാവും. ഇത് ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു രീതിശാസ്ത്രവുമാണ്.

അറബ് നാടുകളിലെ സമൂഹങ്ങള്‍ അവരുടെ മൂല്യസംഹിതകള്‍ കണ്ടെടുത്ത് കൊണ്ടാണ് വിജയത്തിന് വഴിയൊരുക്കിയത്. ഇന്ത്യയില്‍ അത്തരമൊരു സാമൂഹിക മാറ്റം മുസ്‌ലിംകള്‍ക്ക് എങ്ങനെ സാധ്യമാവും എന്നാണ് താങ്കള്‍ കരുതുന്നത്?
 മുസ്‌ലിംകള്‍ ഒരു ഉജ്വല ന്യൂനപക്ഷമായി മാറി മാതൃക സൃഷ്ടിക്കുക, സാമ്പത്തിക, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളിലെ അനിഷേധ്യ ശക്തിയാവുക എന്നതാണ് മാറ്റത്തിനുള്ള വഴി. പല നാടുകളിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സ്വയം തന്നെ സമ്മര്‍ദശേഷിയുള്ളവരായി മാറാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ അവരുടെ സംസ്‌കാര മികവ് കൊണ്ടും കലയിലെ ആധികാരികത കൊണ്ടും സാമ്പത്തിക സുസ്ഥിതി കൊണ്ടും വരേണ്യരും ശ്രേഷ്ഠരുമായി ഗണിക്കപ്പെടുന്നു. അവര്‍ക്ക് പല മാറ്റങ്ങളും രൂപപ്പെടുത്താന്‍ സാധിക്കും.

അഭ്യസ്തവിദ്യരായ മുസ്‌ലിം യുവാക്കളെ ടാര്‍ഗറ്റ് ചെയ്ത് വേട്ടയാടുന്ന ഒരു ഫ്യൂഡല്‍ അധികാര ഘടന നിലനില്‍ക്കുന്നുണ്ട് ഇന്ത്യയില്‍. ഈ സവിശേഷ സാഹചര്യത്തെ എങ്ങനെയാണ് നേരിടുക?
 മുസ്‌ലിംകള്‍ സ്വയം പുരോഗമിക്കാന്‍ കഠിനമായി ശ്രമിക്കണം എന്നുതന്നെയാണ് ഞാന്‍ പറയുക. അമേരിക്കയിലും ഇതുപോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ കാറ്റ് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് അനുകൂലമായി വീശിത്തുടങ്ങിയിട്ടുണ്ട്. അവിടങ്ങളിലെ മുസ്‌ലിംകള്‍ ആര്‍ജിച്ച വിദ്യാഭ്യാസ-വൈജ്ഞാനിക മികവ് തന്നെ അതിന് കാരണം. അവരിലിപ്പോള്‍ നിയമജ്ഞരും ഉദ്യോഗസ്ഥരും വൈജ്ഞാനിക മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുമായ ഒട്ടനവധി പേരുണ്ട്. ഇങ്ങനെ പുതിയ പുതിയ സാധ്യതകള്‍ തുറക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ അതുവഴി സാധിക്കും. മറ്റുള്ളവരില്‍നിന്ന് അകന്നുമാറിയല്ല, പൊതുസമൂഹത്തോട് ചേര്‍ന്ന് നിന്നുകൊണ്ടു തന്നെയാണ് മാറ്റത്തിന് കളമൊരുക്കേണ്ടത്.

സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മാതൃകാ ഇസ്‌ലാമിക സമൂഹം (Ideal Islamic Society) എന്ന കാഴ്ചപ്പാടില്‍ നിന്ന് ബഹുസ്വര സമൂഹം (Pluralistic Society) എന്ന കാഴ്ചപ്പാടിലേക്ക് മാറിയതിനെ എങ്ങനെ കാണുന്നു?
 ഈ മാറ്റത്തെ തത്ത്വ പ്രമാണങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്കുള്ള സഞ്ചാരമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്‌ലാമും ഇസ്‌ലാമിക ഖിലാഫത്തും അന്ദലൂസിലും ഇന്ത്യയിലും ആഫ്രിക്കയിലും വ്യാപിച്ചതിനെ കുറിച്ച് നമുക്ക് സംസാരിക്കാം. ഇത് തത്ത്വവും ചരിത്രവുമാണ്. പക്ഷേ ഇന്ന് നമുക്ക് ചില യഥാര്‍ഥ്യങ്ങളെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഇതൊരു മുസ്‌ലിം യാഥാര്‍ഥ്യമല്ല, ബഹുസ്വര യാഥാര്‍ഥ്യമാണ്. അതിനാല്‍ സമകാലിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ നിലവിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ പക്വതയുടെ വളര്‍ച്ചയാണ് വ്യക്തമാകുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ശരീഅത്തിന്റെ കാഴ്ചപ്പാടെന്താണ്?
 ഇസ്‌ലാം ആശയ സ്വാതന്ത്ര്യത്തെ അനുവദിക്കുന്നു. പക്ഷേ മറ്റുള്ളവരുടെ മതങ്ങളെയും വികാരങ്ങളെയും മാനിക്കുക തന്നെ വേണം എന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. ''നിങ്ങള്‍, അല്ലാഹുവിനെ അല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ നിന്ദിക്കരുത്. അപ്പോള്‍ വിവരക്കേടുകൊണ്ട് ശത്രുക്കള്‍ അല്ലാഹുവിനെയും നിന്ദിക്കും'' എന്നത് ഖുര്‍ആന്റെ അധ്യാപനമാണ്. ഇസ്‌ലാം നിന്ദിക്കപ്പെടുന്നതും മുഹമ്മദ്(സ) മോശമായി ചിത്രീകരിക്കപ്പെടുന്നതും ഇതാദ്യമല്ല. ഇസ്‌ലാമിനെ നിന്ദിക്കുന്ന കൃതികള്‍ക്കും സിനിമകള്‍ക്കും അവ അര്‍ഹിക്കാത്ത സ്ഥാനം നല്‍കി കോലാഹലങ്ങള്‍ സൃഷ്ടിച്ച് നമ്മള്‍ അവക്ക് പ്രശസ്തി നല്‍കുന്നു. ഇത് നമ്മുടെ വീഴ്ചയാണ്. അവയെ അവഗണിക്കലാണ് ഏറ്റവും നല്ല മാര്‍ഗം.

ജനാധിപത്യം, സെക്യുലറിസം, ലിബറലൈസേഷന്‍ തുടങ്ങിയവയോടുള്ള നിലപാട് എങ്ങനെയാവണം?
 ജനാധിപത്യത്തെയും സെക്യുലറിസത്തെയും മറ്റുള്ളവര്‍ ദുരുപയോഗപ്പെടുത്തുന്നു എന്നത് സത്യമാണ്. അവ തിരിച്ച് പ്രയോഗിക്കാനുള്ള കഴിവ് മുസ്‌ലിംകള്‍ക്ക് ഉണ്ടാവണം. മുസ്‌ലിംകളെ യോജിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാം. അമേരിക്കയിലെ 6 മില്യന്‍ മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു നിന്നതിനാല്‍ അമേരിക്കന്‍ പ്രസിഡന്റിന് മുസ്‌ലിംകളോടുള്ള ബന്ധങ്ങളില്‍ വരെ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഇസ്‌ലാമിക പശ്ചാത്തലമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്...
 വിവിധ ഇസ്‌ലാമിക ഗ്രൂപ്പുകളെ വ്യത്യസ്തമായി തന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യന്‍ മീഡിയ വ്യത്യസ്ത ഗ്രൂപ്പുകളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ചേര്‍ത്തുവെച്ചാണ് വായിക്കുന്നത്. അറബ് ലോകത്തുപോലും പലപ്പോഴും ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും അല്‍ഖാഇദയെയും ഒരേ ഗണത്തില്‍ പെടുത്തിയതായി കാണാം. ഇവയൊക്കെ തീര്‍ത്തും വ്യത്യസ്ത അജണ്ടകളുള്ള ഗ്രൂപ്പുകളാണ്. ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടി ആകുമ്പോള്‍ സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന, അക്രമങ്ങളെ അംഗീകരിക്കാത്ത ഒന്നായി നിലനില്‍ക്കണം. മീഡിയയിലെ മുസ്‌ലിംകളുടെ സാന്നിധ്യം ഇതില്‍ മാറ്റം വരുത്താന്‍ പര്യാപ്തമാവണം.

സ്ത്രീകള്‍ പലവിധത്തില്‍ ഉപദ്രവിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ പൊതു ഇടങ്ങളിലെ സ്ത്രീ ഇടപെടലുകളെ കുറിച്ച്?
 വനിതകളെ പൊതുപ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുതെന്ന് ഇസ്‌ലാം പറയുന്നു. അവര്‍ക്ക് ഇടപെടാനും ഇടപെടാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. അവര്‍ അല്ലാഹു നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കണമെന്ന് മാത്രം. നമ്മള്‍ ജീവിക്കുന്നത് ഒരു മാതൃകാ സമൂഹത്തിലല്ല. പല സമയങ്ങളിലും സ്ത്രീകള്‍ കഠിനമായി പണിയെടുക്കേണ്ടിവരും. ഇടപെടാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കും. ഇതിനെ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെയും, പക്വതയാര്‍ജിക്കുന്നതിന്റെയും ചിഹ്നമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ലോകത്തിന് പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന അറബ് വസന്തത്തെക്കുറിച്ചും ശേഷമുള്ള രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചും?
 ജനങ്ങള്‍ അവരുടെ അഭിമാനത്തിനും നീതിക്കും വേണ്ടി പൊരുതി എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. ഏകാധിപതികളെ നീക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ചിലര്‍ പുറത്താക്കപ്പെടുംവരെ പൊരുതും. ഇങ്ങനെ ബുദ്ധിമുട്ട് സഹിച്ച് ഇവരെ നിഷ്‌കാസനം ചെയ്തത് കൊണ്ട് മാത്രമായില്ല. എല്ലാ രാഷ്ട്രീയ ഘടനകളും സംവിധാനങ്ങളും മലിനമാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നമ്മള്‍ ഈ ഘടനകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലാണ്. അതിനിടയില്‍ സൃഷ്ടിക്കപ്പെടുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ്.

ചില സെക്യുലറിസ്റ്റുകളുടെ വാദം അറബ് വസന്തത്തിന് കൃത്യമായ നേതൃത്വമില്ലായിരുന്നു എന്നാണ്?
 ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ അല്ല വിപ്ലവം തുടങ്ങിയത് എന്നത് ശരിയാണ്. പക്ഷേ ഇഖ്‌വാനിന്റെ അഭാവത്തില്‍ ഈജിപ്തില്‍ വിപ്ലവത്തിന് വിജയസാധ്യത കുറവാണ്. ഇതൊരു ഇസ്‌ലാമിക വിപ്ലവം എന്നതിലുപരി ഒരു ജനകീയ മുന്നേറ്റ വിപ്ലവമാണ്. വിപ്ലവാനന്തരം ഈജിപ്ഷ്യന്‍ ജനത ഇഖ്‌വാനിന്റെ രാഷ്ട്രീയ സംവിധാനങ്ങളെ തെരെഞ്ഞെടുത്തു. എന്നാല്‍ സെക്യുലരിസ്റ്റുകളും ലിബറലുകളും ജനാധിപത്യത്തെ മാനിക്കാന്‍ തയാറാകുന്നില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെതിരെ തെരുവിലിറങ്ങുന്നത് പരിഹാസ്യമാണ്. അവര്‍ മുന്നോട്ടുവെക്കുന്ന ഭരണഘടനയും രീതികളും പഴയ സ്വേഛാധിപത്യത്തിന്റേതാണ്. അതിനെ പരിഷ്‌കരിക്കാനും മാറ്റുവാനുമുള്ള ജനാധിപത്യപരമായ അവകാശം ഈ വിഭാഗം നല്‍കുന്നില്ല. ഇത്തരത്തിലുള്ള ആളുകള്‍ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. ചുരുങ്ങിയ പക്ഷം നല്ല പ്രതിപക്ഷമെങ്കിലും ആവാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തേണ്ടതുണ്ട്.

വിപ്ലവം നടന്ന തുനീഷ്യയിലെയും മറ്റു നാടുകളിലെയും ഇസ്‌ലാമിസ്റ്റുകള്‍ അഭിമുഖീകരിക്കുന്ന ആഭ്യന്തര-സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച്?
 ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല എന്നാണ് എന്റെ അഭിപ്രായം. ആരോഗ്യ-വിദ്യാഭ്യാസ-സാമ്പത്തിക രംഗങ്ങളിലെ അഴിമതിയും ഇഛാശക്തി ഇല്ലായ്മയുമാണ് അവിടങ്ങളിലെ പ്രധാന പ്രശ്‌നങ്ങള്‍. പുതിയ ഗവണ്‍മെന്റുകള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ അവര്‍ വിജയിക്കും. ഈജിപ്തില്‍ രണ്ടാമത് നടന്ന ഗവണ്‍മെന്റ് വിരുദ്ധ റാലികളൊക്കെ വളരെ ശുഷ്‌കമായിരുന്നു. ഏതാനും ആയിരങ്ങള്‍ മാത്രമേ അവയില്‍ പങ്കെടുത്തുള്ളൂ. മുബാറക്കിനെതിരെ നടന്ന സമര റാലികളില്‍ മില്യന്‍ കണക്കിനായിരുന്നു ജനപങ്കാളിത്തം.

ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് നല്‍കാനുള്ള സന്ദേശം?
 ഒന്നാമതായി, അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്തുക; അവനില്‍ ഭരമേല്‍പ്പിക്കുക. രണ്ടാമതായി, നിലവിലെ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ അറിഞ്ഞു മുന്നോട്ടു പോവുക. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക യാഥാര്‍ഥ്യങ്ങളെ സൂക്ഷ്മമായി പഠിച്ച് സാമൂഹികമായി ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ന്യൂനപക്ഷമാണെങ്കിലും ഐക്യപ്പെടാനുള്ള ആര്‍ജവം മുസ്‌ലിം സമൂഹത്തിന് ഉണ്ടായാല്‍ ധാരാളം പ്രതിഫലനങ്ങള്‍ അതിന് സൃഷ്ടിക്കാനാവും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍