വര്‍ഗീയാക്രമണ നിരോധന നിയമത്തിന്റെ ഭാവി
രാജ്യത്ത് പെരുകിവരുന്ന വര്ഗീയാക്രമണങ്ങള്ക്കറുതി വരുത്താന്‍ പര്യാപ്തമായ ഒരു ബില്ലിന്റെ കരട് തയാറാക്കാന്‍ രണ്ടാം യു.പി.എ ഗവണ്മെന്റ് ദേശീയ ഉപദേശക കമ്മിറ്റി(എന്‍.എ.സി)യെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി ഇന്ത്യയിലുണ്ടായ പ്രധാനപ്പെട്ട വര്‍ഗീയ കലാപങ്ങളെല്ലാം ആഴത്തില്‍ പഠനവിധേയമാക്കി. ഓരോ കലാപത്തിന്റെയും കാരണങ്ങള്‍, കലാപത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സമീപനം, പോലീസ് നടപടികളുടെ സ്വഭാവം, ഇരകള്‍ക്കേറ്റ നാശനഷ്ടങ്ങള്‍, അവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങളെല്ലാം ഏറെ സമയവും അധ്വാനവും ചെലവഴിച്ച് വിശകലനം ചെയ്ത ഡ്രാഫ്റ്റിംഗ് കമ്മിറ്റി പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി കേട്ട ശേഷമാണ് 2011-ല്‍ വര്‍ഗീയ കലാപ നിരോധ ബില്ലിന്റെ (കമ്യൂണല്‍ വയലന്‍സ് പ്രിവെന്‍ഷന്‍ ബില്‍) കരട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചത്. വര്‍ഗീയ കലാപങ്ങള്‍ യാദൃഛികമായി പൊട്ടിപ്പുറപ്പെടുന്നതല്ലെന്നും അതിനു പിന്നില്‍ തല്പര കക്ഷികളുടെ ശൂഢാലോചനയും ആസൂത്രണവുമുണ്ടെന്നും കണ്ടെത്തിയ കമ്മിറ്റി അത്തരം ശക്തികളെ വിചാരണക്ക് വിധേയരാക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമുദായിക ലഹളകളില്‍ പല സംസ്ഥാനങ്ങളും സ്വീകരിച്ച സമീപനം വിലയിരുത്തിക്കൊണ്ട്, കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുമ്പോള്‍ നേരിട്ടിടപെടാന്‍ കേന്ദ്രത്തെ അനുവദിക്കുന്ന വകുപ്പും നിര്‍ദേശിച്ചിരിക്കുന്നു. ഒരു കലാപം 48 മണിക്കൂറിനകം നിയന്ത്രണവിധേയമായില്ലെങ്കില്‍ അതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈയുണ്ടെന്ന് കരുതാമെന്നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഹര്‍ഷ് മന്ദിര്‍ പറയുന്നത്. സാമുദായിക കലാപങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ പോലീസ് ഓഫീസര്‍ ഡോ. വിഭൂതി നാരായണ്‍ റാവു ഇതുതന്നെ പറയുന്നു. കലാപവേളകളില്‍ പോലീസ് സ്വീകരിക്കുന്ന വര്‍ഗീയ നടപടികളാണ് കമ്മിറ്റി പരിഗണിച്ച മറ്റൊരു വിഷയം. അത്തരം പോലീസുകാരെ കര്‍ശനമായി ശിക്ഷിക്കാനും പോലീസ് സേനയെ വര്ഗീയമുക്തവും നിഷ്പക്ഷവുമാക്കാനും ഈ ബില്‍ ആവശ്യപ്പെടുന്നു. കലാപങ്ങള്ക്കിരയാകുന്നവരുടെ ദുരിതാശ്വാസവും പുനരധിവാസവുമാണ് കമ്മിറ്റി ഗൗരവപൂര്‍വം പരിഗണിച്ച മറ്റൊരു വിഷയം. ദുരിതാശ്വാസവും പുനരധിവാസവും ഒരു മാസത്തിനകം നടക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. കലാപങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. വര്‍ഗീയ കലാപങ്ങള്‍ ചെറുക്കാനും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനും കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ അതോറിറ്റി രൂപീകരിക്കണം എന്നതാണ് ശ്രദ്ധേയമായ മറ്റൊരു നിര്‍ദേശം.
മൊത്തത്തില്‍ വര്‍ഗീയ സംഘട്ടനങ്ങളാല്‍ ദുരിതമനുഭവിച്ചു കഴിയുന്ന മുസ്ലിംകളാദി ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും ഏറെ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ് നിര്‍ദിഷ്ട വര്‍ഗീയ കലാപ നിരോധന ബില്‍. ഒറ്റയടിക്ക് വര്‍ഗീയ കലാപങ്ങള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ പര്യാപ്തമാണ് ഈ ബില്ലെന്ന് കരട് തയാറാക്കിയവര്‍ അവകാശപ്പെടുന്നില്ല. ബില്ലിലെ അപാകതകളും പോരായ്മകളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണവര്‍ നിര്‍ദേശിച്ചത്. പക്ഷേ, ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു പകരം നാഷ്നല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന് അയച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതോടെ തുടങ്ങി, ബില്ലിനെതിരായ കോളിളക്കങ്ങള്‍. മതേതര സാമൂഹിക പ്രവര്‍ത്തകരും ഇടതുപക്ഷവും അനുകൂലിച്ചപ്പോള്‍ ബി.ജെ.പിയും പരിവാര്‍ സംഘടനകളും യു.പി.എയിലെ ഘടക കക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സും രൂക്ഷമായി എതിര്‍ത്തു. 'ഹിന്ദു സംഹാര ബില്‍' എന്നാണ് ഹിന്ദുത്വ ശക്തികള്‍ ബില്ലിനെ വിശേഷിപ്പിച്ചത്. ബില്‍ ന്യൂനപക്ഷങ്ങളെ ഇരകളും ഭൂരിപക്ഷ സമുദായത്തെ വേട്ടക്കാരുമായി ചിത്രീകരിച്ച് പരസ്പര വിദ്വേഷം വളര്‍ത്തുകയും കൂടുതല്‍ അകറ്റുകയും ചെയ്യുന്നു. ന്യൂനപക്ഷ സംരക്ഷണത്തിന്റെ ചെലവില്‍ ഭൂരിപക്ഷത്തെ അരക്ഷിതരാക്കുന്നു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്ക് കടന്നുകയറാന്‍ കേന്ദ്രത്തിന് അവസരമൊരുക്കുന്നു.... അങ്ങനെ നീണ്ടുപോയി ആക്ഷേപങ്ങള്‍. വാസ്തവത്തില്‍ ഇരകളുടെയും വേട്ടക്കാരുടെയും കാര്യത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ വിവേചനമൊന്നും ബില്ലിലില്ല. ഇരകളെന്ന നിലയില്‍ മുസ്ലിംകള്ക്ക് ലഭിക്കുന്ന ആശ്വാസം ദലിതര്‍ക്കും കശ്മീരിലെ പണ്ഡിറ്റുകള്‍ക്കും ലഭിക്കും. വേട്ടക്കാരെന്ന നിലയില്‍ ഹിന്ദുത്വ കലാപകാരികള്‍ക്ക് കിട്ടുന്ന ശിക്ഷ മുസ്ലിംകളിലെയും ദലിതുകളിലെയും കലാപകാരികള്‍ക്കും കിട്ടും. പക്ഷേ കലാപങ്ങളില്‍ ഇരകളാകുന്നവരില്‍ 80 ശതമാനം മുസ്ലിംകളാണ്. വേട്ടക്കാരില്‍ 80 ശതമാനവും മറുപക്ഷത്തായിരിക്കുമെന്നാണതിനര്ഥം. ഇതാണ് ഹിന്ദുത്വക്കാരെ വെകിളിപിടിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യുന്നവര്‍ക്കും അവരെ അതിനു പ്രേരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമത്തിന്റെ കൈകള്‍ നീണ്ടുവരുന്നതും തങ്ങള്‍ ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ടവര്‍ മാന്യമായി പുനരധിവസിപ്പിക്കപ്പെടുന്നതുമാണ് ഹിന്ദുത്വക്കാരുടെ ദൃഷ്ടിയില് വര്‍ഗീയ കലാപ നിരോധന ബില്ലിന്റെ ഭൂരിപക്ഷ വിരുദ്ധത.
നിര്‍ദിഷ്ട ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നാഷ്നല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന് അയച്ചുകൊടുത്തത്, അവതരണത്തില്‍നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച തന്ത്രമല്ലേ എന്നു സംശയിക്കുന്നവര്‍ ഏറെയുണ്ട്. ഈയിടെ ജയ്പൂരില്‍ നടന്ന, കോണ്‍ഗ്രസ്സിന്റെ ദേശീയ ചിന്തന്‍ ബൈടെക്കില്‍ ഈ ബില്‍ ചര്‍ച്ചയായതേയില്ല എന്നത് ശ്രദ്ധേയമാകുന്നു. ബില്‍ പാര്ലമെന്ററിലവതരിപ്പിക്കാതെ ദേശീയോദ്ഗ്രഥന കൗണ്‍സിലിനയച്ച നടപടി തെറ്റായിപ്പോയെന്ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്ന അഡ്വ. പി.ഐ ജോസ് പറയുന്നു. അവരുടെ ചര്‍ച്ചയിലാവട്ടെ ന്യൂനപക്ഷ കമീഷന് ചെയര്മാന് വജാഹത്ത് ഹബീബുല്ലക്ക് തന്റെ അഭിപ്രായം അവതരിപ്പിക്കാന്‍ അവസരം നല്‍കാതിരുന്നത് ഏറെ ഖേദകരവുമായി.
എന്‍.എ.സി ഡ്രാഫ്റ്റ് ചെയ്ത വ്യവസ്ഥകളടങ്ങിയ ഒരു ബില്ലിന്റെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. അടുത്തിടെ ആസാമിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നടന്ന വര്‍ഗീയ കലാപങ്ങളില്‍ ഇത്തരമൊരു നിയമത്തിന്റെ അഭാവം മുഴച്ചുകാണാം. മഹാരാഷ്ട്രയിലെ ധൂലെ കലാപത്തില്‍ പോലീസുകാര്‍ ന്യൂനപക്ഷാംഗങ്ങളെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു വീഴ്ത്തിയതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ട ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിന് മതേതര ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് രാം പുനിയാനി, ടീസ്റ്റ സെറ്റല്‍വാദ് തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കുറെ നാളായി ഈ ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതിനു വേണ്ടി എല്ലാ മതന്യൂനപക്ഷങ്ങളും ദലിത് വിഭാഗങ്ങളും ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്തണമെന്ന് ജമാഅത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി നുസ്റത്ത് അലി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈയിടെ കേന്ദ്ര ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും ഇതേ ആശയം മുന്നോട്ടുവെക്കുകയുണ്ടായി. ഈ വിഷയകമായി ടീസ്റ്റ സെറ്റല്‍വാദിനെ പോലുള്ള സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന പ്രചാരണത്തെ പിന്തുണച്ച് അതൊരു ദേശീയ കാമ്പയിനാക്കി മാറ്റാന്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളും മുന്നോട്ടുവരണമെന്നാണ് അദ്ദേഹം പറഞ്ഞത്. നിര്‍ദിഷ്ട ബില്ലിന്റെ കാര്യത്തില്‍ ഏറ്റം ഫലപ്രദമായ നീക്കം നടത്താന്‍ കഴിയുക പാര്‍ലമെന്റിലും കേന്ദ്ര മന്ത്രിസഭയിലും പ്രാതിനിധ്യമുള്ള മുസ്ലിം ലീഗിനാണ്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ആ പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രസ്താവ്യമായ ഒരു നീക്കവും നടത്തിക്കാണുന്നില്ല.
Comments