Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 9

സ്വത്വാന്വേഷകരുടെ അല്ലാഹു

ശിഹാബുദ്ദീന്‍ ആരാമ്പ്രം

അല്ലാഹുവിന്റെ സാന്നിധ്യം ഒരാളില്‍ എങ്ങനെയാണ് അനുഭവപ്പെടുന്നത്? അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയുടെ തോതറിയാന്‍ നാഡിയിലോ ഞെരമ്പിലോ സ്പര്‍ശിച്ചാല്‍ മതിയാകുമോ, ആത്മാവിന്റെ അതിര്‍ത്തിക്കുള്ളില്‍ വിരിഞ്ഞ് അവിടെത്തന്നെ കൂമ്പടയുന്നതാണോ ഇതെല്ലാം തുടങ്ങിയ പലവിധ കാര്യങ്ങളെപ്പറ്റിയും എഴുത്തുകാരന് അന്വേഷിക്കാതിരിക്കാനാവില്ല. അത്തരം അന്വേഷണങ്ങളില്‍നിന്നാണ് മനസ്സിന്റെ ഉള്ളറകളിലെ വിശ്വാസത്തിന്റെയും ദൈവിക സ്മരണയുടെയും പാര്‍പ്പിടങ്ങള്‍ എഴുത്തുകാര്‍ അനാവൃതമാക്കുന്നത്. മഹാകവി ഇഖ്ബാലിന്റെ ശിക്‌വഃ ജവാബെ ശിക്‌വഃ, വള്ളത്തോളിന്റെ അല്ലാഹു, ഉറൂബിന്റെ പടച്ചോന്റെ ചോറ്, കമലാ സുറയ്യയുടെ യാ അല്ലാഹു, പ്രസിദ്ധ ആസാമീസ് എഴുത്തുകാരനായ ഹരേന്ദ്രകുമാര്‍ ബയാന്റെ മഴപെയ്യിക്കുന്നവന്‍ തുടങ്ങിയ രചനകളിലെല്ലാം അല്ലാഹുവിനെപ്പറ്റിയുള്ള ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരങ്ങള്‍ കാണാം. ദൈവിക സ്മരണ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെ സാമീപ്യം അവ നമ്മെ അനുഭവിപ്പിക്കുന്നു. കറപിടിച്ച വിശ്വാസവും തിളങ്ങുന്ന വിശ്വാസവും തമ്മിലുള്ള ഉരസലുകളും അവയിലുണ്ട്.
മഹാകവി ഇഖ്ബാല്‍ ശിക്‌വഃ ജവാബെ ശിക്‌വഃയില്‍ അല്ലാഹുവിനെ നായക സ്ഥാനത്താണ് നിര്‍ത്തിയത്. ഒരു ജനതയുടെ ആവലാതി കേള്‍ക്കുകയും അതിന് മറുപടി പറയുകയുമാണ് അല്ലാഹു. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അനുഷ്ഠിച്ച ത്യാഗം കവി അനുസ്മരിക്കുന്നു. ലോകമഖിലം ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചതും അടിമകളായ ജനകോടികള്‍ക്ക് മോചനത്തിന്റെ മാര്‍ഗം കാട്ടിയതും, അക്രമികളായ ഭരണാധികാരികള്‍ക്ക് എതിരെ ജീവന്‍മരണ പോരാട്ടം നടത്തിയതുമെല്ലാം എണ്ണിപ്പറയുന്നു:
നിന്റെ തൗഹീദിന്‍ മധു നിറഞ്ഞ പാത്രം-ഞങ്ങ-
-ളേന്തിചുറ്റി, കാമുകരായ് നിന്നില്‍ മാത്രം
രാവുപകല്‍ ഭേദമെന്യേയൊന്നു പോലെ-യെങ്ങും
ഭൂവിതിന്‍ പരപ്പുതന്നില്‍ നീളെ നീളേ
പാവനമാം നിന്റെ സന്ദേശം മുഴക്കി-കാടു,
പര്‍വതം, മൈതാനവുമെങ്ങള്‍ നടുക്കി.
വല്ലപോതും തോറ്റു ഞങ്ങള്‍ പിന്തിരിഞ്ഞോ?- അതുപോ
ലുള്ളൊരേക സംഭവത്തെ നീയറിഞ്ഞോ?
വന്‍മണല്‍ കാടോടു മണല്‍ക്കാട്ടിലൂടെ-തുല്യം
അമ്മഹാ നദികളുടെ,യാഴിലൂടെ
മാത്രമോ നിഴല്‍കള്‍ തന്‍ കടലിലൂടെ-ഞങ്ങള്‍
നല്‍തുരംഗത്തെ നടത്തി  ശൗര്യമോടെ
(വിവ: ടി ഉബൈദ്)
പൂര്‍വകാലം അങ്ങനെയായിരുന്നുവെങ്കിലും ഇന്ന്, മുസ്‌ലിം സമൂഹം ദുരന്തങ്ങളും ദുരിതങ്ങളും പീഡനങ്ങളും പേറി തീരാ ദുഃഖം അനുഭവിക്കുകയാണ്. അവര്‍ക്കു നേരെ കാരുണ്യത്തിന്റെ കടാക്ഷം അയക്കാത്തതിലുള്ള പരിദേവനം കൂടിയാണ് ഈ കവിതയിലെ ആവലാതി. മുസ്‌ലിംകള്‍ എന്ന നിലയില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടിട്ടും അല്ലാഹുവിന്റെ സഹായം ലഭിക്കാതിരിക്കുമ്പോഴുള്ള സാധാരണ മുസ്‌ലിമിന്റെ മനോഭാവം കൂടിയായിരുന്നു അത്. അതിന് കവിയുടെ ഭാഷയില്‍ നല്‍കുന്ന വിശദീകരണമാണ് ജവാബെ ശിക്‌വ. ചൈതന്യം ചോര്‍ന്നുപോയ കര്‍മങ്ങളുടെ ഉള്ളുകള്ളികളാണ് അതില്‍ അനാവൃതമാകുന്നത്. സത്യസന്ധത വാക്കുകളിലും ഭ്രാതൃത്വം ലാഭചിന്തയിലും ഒതുക്കിനിര്‍ത്തിയവര്‍ക്ക് ഇത്തരം അവസ്ഥ പ്രവചനാതീതമല്ലെന്നാണ് കവിതയിലെ സൂചന. വിജനമായ പള്ളികളും ഉപേക്ഷിക്കപ്പെട്ട വേദഗ്രന്ഥവും പൂര്‍വ പ്രതാപത്തിന്റെ കവാടത്തില്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു. മഖ്ബറകള്‍ വില്‍പനക്ക് വെച്ചവരും സൊള്ളിക്കഴിയുന്ന തലമുറയും അര്‍ഹിക്കുന്നതേ അനുഭവിക്കുന്നുള്ളൂ എന്നാണ് കവിതയിലെ ധ്വനി.
''പുംഗവനാകും ഖലീലിന്റെയീമാന്‍
നിങ്ങളില്‍ ശേഭിക്കുമെങ്കില്‍-മുസല്‍മാന്‍,
കാളുന്നൊരഗ്നിതന്‍ വേദിതാനേ
നീളേ മലര്‍വാടിയായ് മാറിയേനെ''
എന്ന മഹാകവിയുടെ ഉണര്‍ത്തലില്‍ പ്രവചനശേഷിയുള്ള പ്രകാശ ഖഡ്ഗത്തെ കണ്ടെത്താം. വിജയത്തിന്റെ അടിസ്ഥാനങ്ങളായ അത്തരം ഘടകങ്ങളെ ഗൗനിക്കാതെ ദുരിതങ്ങളില്‍ വിലപിക്കുന്നത് കൊണ്ട് അര്‍ഥമില്ല. പ്രതികൂല സാഹചര്യങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കാണാനാണ് ശരിയായ വിശ്വാസം മുന്‍ഗാമികളെ പ്രേരിപ്പിച്ചതെന്ന് ഉണര്‍ത്തുന്നു.
ഈ കവിതയിലെ ആവലാതിയും മറുപടിയും കവിയുടേതാണെങ്കിലും അലൗകിക സ്പര്‍ശമുള്ള കവിതയാണത്; വിശേഷിച്ചും ജവാബെ ശിക്‌വ. മുസ്‌ലിം സമൂഹത്തിന്റെ വേദനകളെ കവി നിരൂപണം ചെയ്യുമ്പോള്‍ വെളിപാടിന്റെ അശരീരികള്‍ ആ വരികളില്‍ തുടികൊട്ടുന്നുണ്ട്. 'നിങ്ങളില്‍ വാഴുന്നു ജാതി, എന്നാലും നില്‍പൂ വിഭാഗീയ രീതി' തുടങ്ങിയ വരികളിലൂടെ വിശ്വാസത്തിനേറ്റ മുറിവുകള്‍ കവിയിലൂടെ വെളിപ്പെടുകയാണ്. നീതിയിലും കാരുണ്യത്തിലും ത്യാഗത്തിലും അഭിനിവേശം ജനിപ്പിച്ച് സമൂഹത്തെ ക്രിയാത്മകമാക്കുകയാണ് ഇഖ്ബാല്‍.
മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ കൃതികളിലും അല്ലാഹുവിലുള്ള വിശ്വാസം പ്രമേയമായി വന്നിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് അല്ലാഹ് എന്ന കവിത. 'കഴല്‍ച്ചുവട്ടിലിത്തിരിയൊന്നു തൊട്ടാല്‍/മുഴുക്കെ പ്പൊള്ളിപ്പോമെരി മണല്‍പ്പുറം' എന്ന വരികള്‍ കൊണ്ടാണ് കവിത ആരംഭിക്കുന്നത്. നബിയുടെ ജീവിതത്തിലെ ഒരു സംഭവത്തിന്റെ സ്ഥല കാല-രംഗ ചിത്രീകരണം, മറ്റു പല സംഭവങ്ങളുടെ കൂടി സ്ഥല-കാല-രംഗ ചിത്രീകരണത്തിന്റെ പരിഛേദമായി വര്‍ത്തിക്കുന്ന തരത്തിലാണ് അവതരണം. 'ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍/ധരയിലേക്കീശന്‍ നിയോഗിച്ച സൂര്യന്‍' എന്ന വിശേഷണത്തിലൂടെ പ്രവാചക വ്യക്തിത്വത്തെ പൂര്‍ണാര്‍ഥത്തില്‍ പ്രകാശിപ്പിക്കാന്‍ വള്ളത്തോളിന് കഴിഞ്ഞിരിക്കുന്നു.
കഥാപാത്രങ്ങളുടെ മൗനത്തിലും സംഭാഷണത്തിലും ദൃശ്യമാകുന്ന, അല്ലാഹുവിന്റെ മഹത്വം അടയാളപ്പെടുത്തുകയാണ് കവി. മദീനയിലേക്കുള്ള ഒരു യാത്രാവേളയില്‍ പ്രവാചകന്‍ കൊടും വെയിലേറ്റ് തളര്‍ന്നപ്പോള്‍ വഴിയോരത്തെ മരത്തണലില്‍ വിശ്രമിക്കാന്‍ കിടന്നു. കരവാള്‍ മരത്തിന്റെ കൊമ്പില്‍ തൂക്കിയിട്ടു. ക്ഷീണിച്ച മേനിയും തഴുകിയെത്തിയ തെന്നലും നബിയെ സുഖസുഷുപ്തിയില്‍ ആഴ്ത്തി. പിന്നീട് ആ വഴി ശത്രുപക്ഷത്തെ മല്ലനായ ഒരാള്‍ വന്നു. ഉറങ്ങിക്കിടക്കുന്ന പ്രവാചകനും മരക്കൊമ്പത്തിരിക്കുന്ന ഉടവാളും അയാളെ ഉന്മത്തനാക്കി. നബിയുടെ തൃക്കഴുത്തു വെട്ടാനും അങ്ങനെ മഹാമതത്തിന്റെ മുരടറുക്കാനും ആ അവസരം അയാളെ പ്രേരിപ്പിച്ചു. മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന വാള്‍ കൈക്കലാക്കി അവന്‍ ഗര്‍ജിച്ചു: എടോ മുഹമ്മദേ, ഇതാ നിന്റെ വാള്‍ നിന്റെ തന്നെ നിണം കുടിക്കാന്‍ പോവുകയാണ്. ഇതില്‍നിന്ന് നിന്നെ ആര് രക്ഷിക്കും? ആരും പതറിപ്പോകുന്ന രംഗമായിരുന്നു അത്. പ്രവാചകന് ശത്രുക്കള്‍ വധശിക്ഷ പ്രഖ്യാപിച്ച കാലം. എന്നാല്‍ മരണം കണ്‍മുമ്പില്‍ നില്‍ക്കുമ്പോഴും അല്ലാഹുവിലുള്ള നബിയുടെ വിശ്വാസം വള്ളത്തോള്‍ നിരീക്ഷിക്കുന്നത് ആരെയും വശീകരിക്കുന്ന വിധമാണ്.
പ്രജകള്‍ തന്‍ കുറ്റം പൊറുത്തരുളുവാന്‍
ത്രിജഗതീപിതാവോട് പലപ്പോഴും
നിബിഡ പ്രേമത്തോടപേക്ഷിച്ചു പോന്ന
നബിത്തിരു നാവിന്‍ തലയ്ക്കല്‍ നിന്നപ്പോള്‍,
ഗുരുവധക്രിയയ്ക്കുഴറി നില്‍ക്കുമാ-
ക്കര്‍ളനും കൈവാള്‍ വഴുതിപ്പോം വണ്ണം
അതിസ്‌നിഗ്ധ ഭക്തിരസമൊഴുക്കി നി-
ഷ്പതിച്ച'ത,ല്ലാഹെ'ന്നൊരു ചെറുപദം!
മരണം മുന്നില്‍ കണ്ട നബിയുടെ, അല്ലാഹുവിലുള്ള വിശ്വാസമാണ് കവിയെ ആകര്‍ഷിച്ചത്. സ്വന്തം ആയുധം ശത്രുവിന്റെ കൈവശമാണെന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിശ്വാസത്തിന് ഒരു തരത്തിലുള്ള ചാഞ്ചാട്ടവുമില്ല. നബിയുടെ മനസ്സിലും അദ്ദേഹത്തിന്റെ തല കൊയ്യാന്‍ ഉടവാളുമായി നില്‍ക്കുന്ന ശത്രുവിന്റെ മനസ്സിലും കുടികൊള്ളുന്ന അല്ലാഹുവിനെക്കുറിച്ച സങ്കല്‍പമാണ് കവി അവതരിപ്പിച്ചത്. നിന്നെ ആര് രക്ഷിക്കുമെന്ന ശത്രുവിന്റെ ചോദ്യത്തിന്, നബി ഉത്തരം പറഞ്ഞത്, അയാളുടെ കൈയില്‍ നിന്ന് വാള്‍ വഴുതിപ്പോകും വിധമായിരുന്നു. വിശ്വാസപരമായി രണ്ട് ധ്രുവങ്ങളിലുള്ളവരുടെ മനസ്സുകളില്‍ പോലും അല്ലാഹു കുടികൊള്ളുന്നത് ഒരേ വിധത്തിലാണെന്ന് ഈ വരികളിലുണ്ട്.
അല്ലാഹു പ്രമേയമായിവരുന്ന മറ്റൊരു രചനയാണ് കമലാ സുറയ്യയുടെ യാ അല്ലാഹ്. 1999 ഡിസംബറില്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം വിശ്വാസത്തിന്റെ ഊഷ്മളതയില്‍ അവര്‍ക്കുണ്ടായ ജീവിതാനുഭവത്തെപ്പറ്റി അല്ലാഹുവുമായി നടത്തുന്ന മുനാജാത്തുകളാ(സംഭാഷണം)ണ് യാ അല്ലാഹുവിലെ കവിതകള്‍. ഓരോ കാലത്തും നിലനില്‍ക്കുന്ന ഭാവുകത്വത്തിനപ്പുറത്തേക്ക് ആസ്വാദക മനസ്സിനെ ആനയിക്കാന്‍ യത്‌നിച്ച കവയിത്രിയാണ് കമലാ സുറയ്യ. അവരുടെ മിക്ക കൃതികളും സമൂഹത്തില്‍ വലിയ ചലനങ്ങളുണ്ടാക്കി. അതിന് സമാനമായ ഭാവുകത്വ പരികല്‍പനയാണ് യാ അല്ലാഹിലും. പുതിയ ജീവിതം നല്‍കിയ വിശ്വാസത്തിന്റെ ഊഷ്മളതയെ സമകാലിക ഭാവുകത്വത്തിന് അപ്പുറത്തേക്ക് ആനയിക്കുകയാണ് അവര്‍.
അല്ലാഹുവിനോട് കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുന്നതിന്റെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും ശീതളഛായയില്‍ ലയിക്കുന്നതിന്റെയും ആത്മചോദനം യാ അല്ലാഹിനെ അവരുടെ മറ്റു കൃതികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. സ്‌നേഹിച്ച് ആരാധിച്ച് വാഴ്‌ത്തേണ്ട സ്രഷ്ടാവിനേക്കാള്‍ ഭക്തിയും സ്‌നേഹവും സൃഷ്ടികളിലേക്ക് ചൊരിഞ്ഞതിലുള്ള ഖേദവും പശ്ചാത്താപവും അതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ യാഥാര്‍ഥ്യം ബോധ്യപ്പെട്ടത് മുതല്‍ അവര്‍ കേഴുകയാണ്. അല്ലാഹു ആത്മാവിന്റെ അടിത്തറയില്‍ പേരാല്‍ പോലെ വളര്‍ന്നതും അതിന്റെ നിലാവില്‍ കുളിച്ചതും അവര്‍ അല്ലാഹുവിനോട് പശ്ചാത്താപത്തോടെ ഏറ്റുപറയുന്നു. മുറിവേറ്റ ചിറകുമായി പറന്ന് വന്ന് ദൈവവിശ്വാസമാകുന്ന വിളവുകളില്‍ പതിച്ച വെട്ടു കിളിയോടാണ് സ്വന്തത്തെ താരതമ്യം  ചെയ്യുന്നത്. അല്ലാഹുവിന്റെ വാത്സല്യത്തെയാവട്ടെ പൂനിലാവിനോടും. അത്തരം ഘട്ടങ്ങളില്‍ അല്ലാഹു പകര്‍ന്നുതരുന്ന അപാരമായ അനുഗ്രഹത്തെപ്പറ്റിയുള്ള ഒരു വിശ്വാസിയുടെ നിര്‍വൃതി എത്ര ചേതോഹരമായാണ് അവര്‍ ആവിഷ്‌കരിച്ചത്:
തമ്പുരാനേ,
നീയാണെന്റെ കുടുംബം
നീയാണെന്റെ ബന്ധു
ഇന്നെന്റെ നാലുകെട്ടില്‍
ഒഴിഞ്ഞ നെല്ലറകളില്ല
വിളക്കു കത്താത്ത മച്ചുകളില്ല
നീ പ്രവേശിക്കാത്ത കവാടങ്ങളില്ല.
നീ ശയിക്കാത്ത സപ്രമഞ്ചങ്ങളില്ല.
നീ വിഹരിക്കാത്ത ഉദ്യാനങ്ങളില്ല.
നീ നീന്താത്ത ജലാശയങ്ങളില്ല
ഒടുവിലത്തെ തറവാട്
നിന്റേതാണ് തമ്പുരാനേ.
നീര്‍മാതളപ്പൂവിന്റെ
സുഗന്ധമെന്നപോലെ
എന്നെ നീ തഴുകുന്നു.
അല്ലാഹുവിനെപ്പറ്റിയുള്ള സങ്കല്‍പത്തെയും വിശ്വാസത്തെയും ഇഴപിരിച്ച് കാട്ടുന്ന ഭാവസുന്ദരമായ കഥയാണ് ഉറൂബിന്റെ പടച്ചോന്റെ ചോറ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു മൗലവിയാണ് പ്രധാന കഥാപാത്രം. അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്ന ശിഷ്യന്റെ സ്ഥാനത്തുള്ള മടിയനായ മുഹമ്മദും ഉദ്യോഗസ്ഥനായ കഥാകൃത്തുമാണ് മറ്റു രണ്ട് കഥാപാത്രങ്ങള്‍. പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ഒരു രാഷ്ട്രീയ നേതാവും ഈ കഥയിലുണ്ട്. എല്ലാവരും ഒരു വാടക വീട്ടില്‍ കഴിയുന്നു. അലസനായ മുഹമ്മദിന് കുളിക്കാനോ അലക്കാനോ താല്‍പര്യമില്ല. ജോലിയെപ്പറ്റി അവന്‍ ആലോചിച്ചിട്ട് പോലുമില്ല. മൗലവി ശകാരിക്കുമ്പോള്‍ മാത്രമാണ് നമസ്‌കരിക്കുക. വീടും പരിസരവും വൃത്തിയാക്കുന്നതും എല്ലാവരുടെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നതും മൗലവിയാണ്. അതിന് നിശ്ചിത സമയമോ ദിവസമോ ഇല്ല. അയലില്‍ തൂങ്ങിക്കിടക്കുന്ന എല്ലാ മുഷിഞ്ഞ വസ്ത്രങ്ങളും വാരിക്കൂട്ടി കിണറ്റിനടുത്തേക്ക് പോകും. ഓരോന്നോരോന്നായി അലക്കി ആറാനിടും. മുഹമ്മദും കഥാകൃത്തും മൗലവി കൊണ്ടുവന്ന പത്രത്തിലെ വാര്‍ത്തകള്‍ വായിച്ച് വിശേഷങ്ങള്‍ പറഞ്ഞ് സമയം ചെലവഴിക്കും.
ഒരു ദിവസം പത്രം വായിക്കുമ്പോള്‍ ഉദ്യോഗസ്ഥനായ കഥാകൃത്ത് ഇരുളടഞ്ഞുകൊണ്ടിരിക്കുന്ന ഭാവിയെപ്പറ്റി പറഞ്ഞു:
'ഇനിയുള്ള കാലം എങ്ങനെ കഴിഞ്ഞ് കൂടും?'
'കഴിഞ്ഞ് കൂടുകതന്നെ' എന്ന് മുഹമ്മദിന്റെ മറുപടി
'മുഹമ്മദ് എന്നും ഇങ്ങനെ കഴിയാനാണോ വിചാരിക്കുന്നത്?'
'പിന്നെ എന്തു ചെയ്യാനാ?'
'എന്തെങ്കിലും ജോലി നോക്കിക്കൂടെ?'
അപ്പോഴാണ് മുഹമ്മദിന്റെ ജീവിത തത്ത്വശാസ്ത്രം പുറത്ത് വന്നത്. അവന്‍ ശക്തിയായിത്തന്നെ ആ ചോദ്യം ലോകത്തിന് മുമ്പിലേക്ക് വലിച്ചെറിഞ്ഞു.
'നമ്മളെ പടച്ചോന് നമ്മുടെ മേല്‍ ഒരുത്തരവാദിത്വമില്ലേ?'
കിണറ്റിനടുത്ത് അലക്കിക്കൊണ്ടിരുന്ന മൗലവി ആ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അലക്കല്‍ നിര്‍ത്തി അവരുടെ അടുത്തേക്ക് വന്നു. സൂത്രത്തില്‍ മുഹമ്മദിനെ അകത്തിട്ട് വാതിലടച്ചു. എന്നിട്ട് അവന്റെ ചോദ്യത്തിന് മറുപടി നല്‍കി:
'ജ്ജ് അബടെ കെടക്ക്.. അനക്ക് പടച്ചോന്‍ ചോറ് കൊണ്ട് വന്ന് തരുന്നത് ഞമ്മളൊന്ന് കാണട്ടെ.'
പിന്നീട് മൗലവിയും കഥാകൃത്തും ഹോട്ടലില്‍ പോയി അത്താഴം കഴിച്ചു. മുഹമ്മദ് അപ്പോഴും ബന്ധനസ്ഥനാണ്. മൗലവിയുടെ നടപടിയില്‍ പ്രതിഷേധിക്കാനാവാതെ കഥാകൃത്ത് വിഷമിക്കുന്നുണ്ട്. വിശന്ന് പൊറുതിമുട്ടിയപ്പോള്‍ മുഹമ്മദ് നിലവിളിക്കാന്‍ തുടങ്ങി. അവസാനം മൗലവി അവനെ സ്വതന്ത്രനാക്കി. എന്നിട്ട് അല്ലാഹു (പടച്ചോന്‍) എങ്ങനെയാണ് ചോറ് തരുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കുന്നു. ആരോഗ്യമുള്ള അവന്റെ കൈകളിലേക്ക് ചൂണ്ടി ഇതാര് തന്നതാണെന്ന് അന്വേഷിച്ചു. നാം ജീവിക്കുന്ന ഈ ഭൂമി ആര് ഉണ്ടാക്കിയതാണെന്ന് ചോദിച്ചു. സ്വന്തം കൈകൊണ്ട് ഈ ദുനിയാവില്‍ അധ്വാനിക്കുമ്പോഴാണ് മനുഷ്യന് ജീവിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാവുന്നതെന്ന് മുഹമ്മദിനെ മൗലവി ബോധ്യപ്പെടുത്തി.
'ഇക്കയ്യോണ്ട് ഈ ദുനിയാവില്‍ പണിയെടുത്താല്‍ എന്തുണ്ടാവും?' മൗലവി ചോദിച്ചു.
'എല്ലാം ഉണ്ടാവും'- മുഹമ്മദിന്റെ മറുപടി.
അല്ലാഹുവിനെപ്പറ്റിയുള്ള മുഹമ്മദിന്റെ സങ്കല്‍പവും മൗലവിയുടെ വിശ്വാസവുമാണ് ഈ കഥയില്‍ ഇതള്‍ വിരിയുന്നത്. ചാരുകസേരയില്‍ ഇരുന്ന്, ജീവിക്കാന്‍ ആവശ്യമായതെല്ലാം അല്ലാഹു നല്‍കുമെന്ന് കരുതി മനോരാജ്യം കാണുകയാണ് മുഹമ്മദ്. അല്ലാഹുവിനെ പറ്റിയുള്ള അവന്റെ സങ്കല്‍പം അതാണ്. എന്നാല്‍ മൗലവി, ജീവിക്കുന്ന ലോകത്തെപ്പറ്റി ബോധവാനാണ്. അദ്ദേഹം ഉപജീവനത്തിന് തൊഴിലെടുക്കുന്നു. ദുര്‍ബലരെ സഹായിക്കുന്നു. പരിസര ശുചീകരണത്തിന് അന്യന്റെ വസ്ത്രം പോലും അലക്കുന്നു. പത്രം വായിക്കുന്നു, മറ്റുള്ളവരെ വായിപ്പിക്കുന്നു. നമസ്‌കരിക്കുന്നു, മറ്റുള്ളവരെ നമസ്‌കരിക്കാന്‍ പ്രേരിപ്പിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന് പ്രചോദനം. മുഹമ്മദിനെപ്പോലെ അല്ലാഹുവിനെപ്പറ്റിയുള്ള എന്തോ ചില സങ്കല്‍പമല്ല മൗലവിയെ നയിക്കുന്നത്. അവനിലുള്ള ദൃഢമായ വിശ്വാസമാണ്. അല്ലാഹുവിന്റെ ഔദാര്യവും മനുഷ്യന്റെ കടമയും കടഞ്ഞെടുത്തുണ്ടാക്കിയ ഭാവപ്രപഞ്ചം കഥയുടെ മാറ്റ് വര്‍ധിപ്പിക്കുന്നു.
ആത്മീയാനന്ദത്തിന്റെ മഹത്തായ സാന്നിധ്യമാണ് പ്രാര്‍ഥനാ വേള. അല്ലാഹുവിനോടുള്ള വിധേയത്വവും സ്വന്തം ബലഹീനതയും പ്രകടമാക്കാന്‍ പ്രാര്‍ഥനയോളം മികച്ച മറ്റൊരു ആരാധനയും ഇല്ല. അത്തരം പ്രാര്‍ഥനയുടെ ചിത്രമാണ്, മഴപെയ്യിക്കുന്നവന്‍ എന്ന കഥയില്‍, ആസാമീസ് കഥാകൃത്തായ ഹരേന്ദ്ര കുമാര്‍ ബയാന്‍ നല്‍കുന്നത്.
വൃദ്ധനും അവശനുമായ അക്ബര്‍ അലിയുടെ, മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയുടെ കഥപറയുകയാണ് ഹരേന്ദ്രകുമാര്‍ ബയാന്‍. പച്ച പിടിച്ച് നില്‍ക്കുന്ന ഒരു ഗ്രാമമാണ് അക്ബര്‍ അലിയുടെ ദേശം. കൊയ്യാന്‍ പാകമായ നെല്‍പാടങ്ങളുള്ള ഗ്രാമം. അവക്കിടയിലൂടെ കളകളമൊഴുകുന്ന അരുവി. പാടത്തിന്റെ ഇരുകരയിലും കര്‍ഷകരുടെ കുടിലുകള്‍. അവയില്‍ ഒന്നായിരുന്നു അക്ബര്‍ അലിയുടെ വീട്. വീട്ടില്‍ ഭാര്യ പര്‍ജാന്‍ ബീവി, കൗമാരം പിന്നിടുന്ന മകള്‍ പര്‍വീണ്‍, ഇളയ മകന്‍ ഫസല്‍. ഒരു ദിവസം സന്ധ്യാനേരത്ത് വീടിന്റെ മുറ്റത്ത് ഇളം കാറ്റേറ്റിരിക്കുകയാണ് അക്ബര്‍ അലി. പൊടുന്നനെയായിരുന്നു അരുവിയുടെ മറുകരയില്‍ നിന്നുയര്‍ന്ന നിലവിളിയും അട്ടഹാസവും അയാളുടെ കാതിലെത്തിയത്. അവിടെയുള്ള കുടിലുകളെല്ലാം തീകുണ്ഡാരം പോലെ കത്തിജ്വലിക്കുന്നത് അയാള്‍ കണ്ടു. എന്താണ് സംഭവിച്ചതെന്നറിയാന്‍ അങ്ങോട്ട് കുതിച്ചു. ആയുധധാരികളായ ഒരു സംഘം കലാപകാരികളുടെ അഴിഞ്ഞാട്ടമായിരുന്നു അവിടെ. കഴുത്തറുക്കപ്പെടുന്ന കുട്ടികളുടെ നിലവിളികള്‍, സ്ത്രീകളുടെ ദയനീയമായ അപേക്ഷകള്‍. എല്ലാം കൂടി അവിടമാകെ ചുടലക്കളമാക്കിയിരിക്കുന്നു.
പെട്ടെന്നായിരുന്നു ആ സംഘം അക്ബര്‍ അലി നില്‍ക്കുന്ന ഭാഗത്തേക്ക് പുറപ്പെട്ടത്. അവരുടെ ദൃഷ്ടിയില്‍ പതിയാതിരിക്കാന്‍ ഇരുട്ടിന്റെ മറവില്‍ അയാള്‍ നിലത്ത് പറ്റിക്കിടന്നു. അല്‍പം കഴിഞ്ഞ് മുഖമുയര്‍ത്തി നോക്കിയപ്പോള്‍, ദൂരെ തന്റെ കുടിലും പരിസരവുമെല്ലാം തീനാമ്പുകള്‍ പൊതിഞ്ഞിരിക്കുന്നത് അയാള്‍ കണ്ടു. ഒരു നിമിഷം അയാള്‍ സ്തംഭിച്ചുപോയി. പിന്നെ നെല്‍ച്ചെടികള്‍ക്കിടയിലൂടെ സ്വന്തം കുടിലിനെ ലക്ഷ്യമാക്കി കുതിച്ചു. വീടിന്റെ പരിസരമാകെ തീജ്വാലകള്‍ തിമര്‍ത്താടുകയാണ്. സ്വന്തം കുടിലിന്റെ മുറ്റത്ത് നിന്ന് ഭാര്യയെയും കുട്ടികളെയും കരഞ്ഞ് വിളിച്ചു. അകത്ത് കടക്കാന്‍ പലവുരു ശ്രമിച്ചു നോക്കി. വാതിലുകള്‍ പുറത്ത് നിന്ന് പൂട്ടിയതായി കണ്ടു. തീ അണക്കാനുള്ള ഓരോ ശ്രമവും വിഫലം. തീ അണയാതെ ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷിക്കാനാവില്ലെന്ന് അയാള്‍ മനസ്സിലാക്കി.
അല്ലാഹുവിനല്ലാതെ മറ്റൊരു ശക്തിക്കും തന്നെ സഹായിക്കാനാവില്ലെന്ന് അക്ബര്‍ അലിക്ക് തീര്‍ച്ച ഉണ്ടായിരുന്നു. തീജ്വാലകള്‍ കാര്‍ന്നുതിന്നുന്ന കുടിലിനെയും കുടുംബത്തെയും നോക്കി അല്ലാഹുവിനോട് കരഞ്ഞ് വിളിച്ച് പ്രാര്‍ഥിച്ചു: 'അല്ലാഹ്, മേഘ് ദോ, പാനീ ദോ.' തന്നെ മുഴുവനായി സര്‍വശക്തനില്‍ അര്‍പ്പിച്ചായിരുന്നു അയാള്‍ പ്രാര്‍ഥിച്ചത്. വേദനയോടെയുള്ള ആ അപേക്ഷ ആകാശകവാടങ്ങളെ മലര്‍ക്കെ തുറപ്പിച്ചു. തണുത്ത കാറ്റിന്റെയും മിന്നല്‍പിണറുകളുടെയും അകമ്പടിയോടെ മഴ കോരിച്ചൊരിയാന്‍ തുടങ്ങി. അഗ്നിനാളങ്ങള്‍ അണഞ്ഞു തുടങ്ങിയപ്പോള്‍ അക്ബര്‍ അലി കുടിലിനകത്തേക്ക് നടന്നു. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ വെന്ത് മരിച്ച പര്‍വീണിനെയും പര്‍ജാനെയും ഫസലിനെയും അയാള്‍ കണ്ടു; കലാപകാരികളോടും അഗ്നിനാളങ്ങളോടും പോരടിച്ച് ചുവട് തെറ്റി വീണ പടയാളികളെ പോലെ. പിന്നീട് അക്ബര്‍ അലി നാടോ വീടോ അറിയാതെ അലഞ്ഞ് ജീവിക്കുന്നു. സ്വന്തം ഗ്രാമത്തില്‍ നിന്ന് മഹാനഗരത്തില്‍ എത്തുമ്പോഴേക്കും ഒരു പുരുഷായുസ്സ് പിന്നിട്ടിരുന്നു. മരണത്തോട് മല്ലിടുന്നവര്‍ക്ക് വേണ്ടി എന്നും അദ്ദേഹം പ്രാര്‍ഥിച്ചു: 'അല്ലാഹ്, മേഘ് ദോ, പാനീ ദോ.'
ഇന്ത്യയിലെ വിശ്വാസി സമൂഹത്തിന്റെ വിവരണാതീതമായ വേദനയും ഭാവിയും ഈ കഥയിലൂടെ ഹരേന്ദ്രകുമാര്‍ ബയാന്‍ ആവിഷ്‌കരിച്ചിരിക്കുന്നു. 2002-ലെ ഗുജറാത്ത് കലാപാനന്തരമാണ് കഥയുടെ പിറവി. രണ്ട് കുട്ടികളും ഗര്‍ഭിണിയായ ഭാര്യയും വെന്ത് മരിക്കുന്നതിന് ദൃക്‌സാക്ഷിയാവുന്ന കുടുംബനാഥന്റെ കഥയാണിത്. സര്‍വം നഷ്ടപ്പെട്ട അയാള്‍ ഭിക്ഷാടനം നടത്തി അലഞ്ഞു. അയാളെ തേടിയെത്തുന്നതാകട്ടെ പോലീസിന്റെ സംശയ ദൃഷ്ടിയും കസ്റ്റഡിയിലെടുക്കലും ചോദ്യം ചെയ്യലും മാത്രം. കൊടും നിസ്സഹായതയിലും അല്ലാഹുവിലുള്ള വിശ്വാസവും പ്രാര്‍ഥനയും മാത്രമാണ് അയാളുടെ അവലംബം.
കലാപകാരികളുടെ പീഡനത്തിനും പോലീസുകാരുടെ അവഗണനക്കും ഇരയാവുന്ന ദുര്‍ബല ജനതയുടെ പ്രതീകമാണ് അക്ബര്‍ അലി. പൂര്‍വ പ്രതാപത്തിന്റെ പേരും സമകാലിക ജീവിതത്തിന്റെ ദുരിതങ്ങളുമായി അയാള്‍ നീറുകയാണ്. മര്‍ദിതരുടെ അവസാനത്തെ ആയുധം പോലെ പ്രാര്‍ഥനയെ തൊടുത്ത് വിടുന്നു. തണുത്ത കാറ്റും മിന്നല്‍പ്പിണരുമായി ആ പ്രാര്‍ഥനയുടെ ഊര്‍ജം അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു. ഒപ്പം കോരിച്ചൊരിയുന്ന മഴയും. ദുരിതത്തിനും ദുരന്തത്തിനും ശേഷം എത്തുന്ന ആശ്വാസം പോലെ.
വിശ്വാസികളുടെ ഉള്ളില്‍ കുടികൊള്ളുന്ന വിശ്വാസത്തിന്റെ അപഗ്രഥനമാണ് മുകളില്‍ പരാമര്‍ശിച്ച ഓരോ രചനയും. വിശ്വാസിയുടെ ജീവിത വിചാരങ്ങളാണ് അവ ഉല്‍പാദിപ്പിക്കുന്നത്. അല്ലാഹുവിന്റെ സാന്നിധ്യത്തെ ജീവിതഗന്ധിയായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിളക്കിച്ചേര്‍ക്കുകയാണ്. അതിഭാവുകത്വത്തിലോ അഭൗമമായ പശ്ചാത്തലത്തിലോ അല്ല അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണകള്‍ അവര്‍ പുറത്തെടുക്കുന്നത്. മരണം മുന്നില്‍ കാണുമ്പോഴും അല്ലാഹുവിനെപ്പറ്റി വിശ്വാസിയുടെ ഉള്ളിലുള്ള വിശ്വാസമാണ് വള്ളത്തോള്‍ ആവിഷ്‌കരിച്ചത്. നിര്‍ഭയമായിരിക്കുമ്പോഴത്തെ വിശ്വാസത്തേക്കാള്‍ ആകര്‍ഷകമാണ് ഭീതിജനകമായ സന്ദര്‍ഭത്തിലെ വിശ്വാസം. കാപട്യത്തിന്റെയോ ഒളിച്ചോട്ടത്തിന്റെയോ ലാഞ്ഛനകളില്ലാത്ത ദൃഢവിശ്വാസമാണ് കവിയെ ആകര്‍ഷിക്കുന്നത്. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാന്‍ കരുത്ത് പകരുന്ന വിശ്വാസം അസ്തിത്വത്തിന്റെയും സ്വത്വബോധത്തിന്റെയും ആത്മാവായി വര്‍ത്തിക്കുന്നു. സ്രഷ്ടാവിനെപ്പറ്റിയുള്ള നിരന്തരമായ സ്മരണയുടെ അഭാവത്തില്‍ വ്യതിരിക്തമായ ഈ വിശ്വാസത്തെ നമുക്ക് കണ്ടെത്താനാവില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ ( 10- 15 )
എ.വൈ.ആര്‍