പോലീസ് ജീവിതവും പ്രസ്ഥാന പ്രവര്‍ത്തനവും
തിരുവനന്തപുരത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഈയിടെ മരണപ്പെട്ട ബി. ശൈഖ് അഹ്മദ് സാഹിബ് (82). വ്യക്തിബന്ധങ്ങളിലൂടെയും പ്രബോധനം വായനയിലൂടെയും പ്രസ്ഥാനത്തിലെത്തിയ അദ്ദേഹം, കുടുംബാംഗങ്ങളായ മര്‍ഹൂം എഞ്ചിനീയര്‍ ഹനീഫാ സാഹിബിനും അനുജന്‍ മുഹമ്മദലി സാഹിബിനുമൊപ്പം തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഈ കാലയളവില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ മൂവരും പങ്കെടുക്കുകയും അവിടെ സി.കെ കോയാ സാഹിബിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന ഐ.പിഎച്ച് സ്റ്റാള്‍ സന്ദര്‍ശിച്ച് പ്രസ്ഥാനത്തെ കൂടുതല്‍ പരിചയപ്പെടുകയും അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരത്തെത്തിയ കോയാ സാഹിബുമായും തുടര്‍ന്നുവന്ന നാസിമുകളായ കെ. അബ്ദുസ്സലാം മൗലവി, കെ.എന്‍ അബ്ദുല്ലാ മലവി, കെ.ടി അബ്ദുറഹീം സാഹിബ്, കെ.കെ മമ്മുണ്ണി മൗലവി എന്നിവരുമായും തിരുവന്തപുരത്ത് പാളയം, വള്ളക്കടവ്, നേമം, അഴീക്കോട്, പെരിങ്ങമ്മല പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വ്യക്തിബന്ധം സ്ഥാപിക്കുകയും ഖുര്‍ആന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്കാലത്ത് വിദൂരമായ ഈ സ്ഥലങ്ങളില്‍ സൈക്കിളില്‍ സഞ്ചരിച്ച് പ്രബോധനം എത്തിച്ചിരുന്നതും ശൈഖ് അഹമ്മദ് സാഹിബ് തന്നെയായിരുന്നു.
തിരുവനന്തപുരം പാളയം പള്ളി പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മര്‍ഹൂം ടി.പി കുട്ടിയമ്മു സാഹിബിനോടൊപ്പം സജീവ പങ്കാളിത്തം വഹിക്കുകയും പള്ളിയെ ഇന്നു കാണുന്ന മഹനീയ കേന്ദ്രമാക്കി ഉയര്‍ത്തുവാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. തിരുവനന്തപുരം മുസ്‌ലിം അസോസിയേഷന്റെ രൂപീകരണത്തിലും അദ്ദേഹം പങ്കുവഹിച്ചു. ഇസ്‌ലാമിക പ്രസ്ഥാനം നിരോധിക്കപ്പെട്ടപ്പോള്‍ പാളയം ഇസ്‌ലാമിക് സെന്ററിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയിരുന്നു. ഈ സാഹചര്യത്തില്‍ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കി സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. തെക്കന്‍ കേരളത്തില്‍നിന്നും തന്റെ മക്കളെ വിവിധ ഇസ്‌ലാമിക കലാലയങ്ങളിലേക്ക് അയച്ച് പഠിപ്പിച്ചു മാതൃക കാണിച്ചു.
അടിയന്തരാവസ്ഥയില്‍ പോലീസ് വിജിലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ശൈഖ് അഹമ്മദ് സാഹിബിന്റെ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒരിക്കല്‍ വീട്ടിലെത്തി പോലീസ് അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ ഡിപ്പാര്‍ട്ടുമെന്റിലെ അദ്ദേഹത്തിന്റെ പ്രശസ്ത സേവനം പരിഗണിച്ച് മേലധികാരികള്‍ തുടര്‍നടപടികളില്‍നിന്നും ഒഴിവാക്കുകയായിരുന്നു. പാളയം പള്ളിപരിപാലന സമിതി ജോയിന്റ് സെക്രട്ടറി, മതസൗഹാര്‍ദ സമിതി പ്രസിഡന്റ്, റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പോലീസ് ഓഫീസേഴ്‌സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തനവുമൊക്കെ ഉള്‍ക്കൊള്ളുന്ന ഈ അനുഭവ വിവരണം മരിക്കുന്നതിന് രണ്ട് മാസം മുമ്പേ ശേഖരിച്ചിരുന്നുവെങ്കിലും എഴുതി തയാറാക്കാന്‍ വൈകിപ്പോയി. അദ്ദേഹത്തിന്റെ സ്വര്‍ഗലബ്ധിക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് ഈ അനുഭവക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.
ഇരുനൂറോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവിതാംകൂറിലെത്തിയ ഹൈദരാബാദീ കുടുംബത്തിലെ മൂന്നാം തലമുറയിലാണ് ഞാന്‍ ജനിച്ചത്. എന്റെ വാപ്പായുടെ വാപ്പയും രണ്ട് സഹോദരങ്ങളുമാണ് ഞങ്ങളുടെ കുടുംബത്തില്‍ ഹൈദരാബാദില്‍നിന്ന് വന്നത്. ഒരാള്‍ പട്ടാള ഉദ്യോഗസ്ഥനും മറ്റൊരാള്‍ വൈദ്യചികിത്സകനും മൂന്നാമത്തെയാള്‍ കോണ്‍ട്രാക്ടറുമായിരുന്നു. പെരിയവൈദ്യനാര്‍, ചിന്ന ബാവ, എന്റെ വാപ്പയുടെ വാപ്പ മലിക് മുഹമ്മദ് എന്നിവരായിരുന്നു അവര്‍. തിരുവിതാംകൂര്‍ പട്ടാളത്തിലെ ജമേദാറായിരുന്നു എന്റെ വാപ്പ, ബാവ ഷാഹ്.
ഹൈദരാബാദ് നൈസാമുമായി അക്കാലത്ത് തിരുവിതാംകൂര്‍ രാജാവിന് സൗഹൃദമുണ്ടായിരുന്നു. രാജാവിന്റെ അഭ്യര്‍ഥന പ്രകാരം നൈസാം ഇവിടേക്ക് പട്ടാളക്കാരെ അയച്ചുകൊടുക്കുകയുണ്ടായി. ഹൈദരാബാദില്‍ നിന്ന് വന്ന മുസ്‌ലിംകളായിരുന്നു തിരുവിതാംകൂര്‍ സൈന്യത്തിലെ കുതിര പടയാളികളും പീരങ്കികള്‍ കൈകാര്യം ചെയ്തിരുന്നവരും. അതിന് മുമ്പ് നായന്മാരുടെ കാലാള്‍പ്പടയാണ് തിരുവിതാംകൂര്‍ സൈന്യത്തില്‍ കാര്യമായി ഉണ്ടായിരുന്നത്. കുതിരപ്പടയാളികളില്‍ ഏറെയും മുസ്‌ലിംകളായിരുന്നു. ഹൈദരാബാദില്‍നിന്നുള്ള പട്ടാളക്കാരുടെ വരവോടെ തിരുവിതാംകൂര്‍ സൈന്യത്തില്‍ ധാരാളം മുസ്‌ലിംകളുണ്ടായി. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധപ്പെട്ട ആറാട്ട് എഴുന്നള്ളത്തില്‍ ഹൈദരാബാദ് നവാബിന്റെ പേരും പരാമര്‍ശിക്കാറുണ്ടായിരുന്നു. എന്റെ കുടുംബത്തിലെ കുറേ പേര്‍, കൊച്ചാപ്പ, മാമ തുടങ്ങിയവര്‍ പട്ടാളത്തിലുണ്ടായിരുന്നു. പീരങ്കി സെഷനിലായിരുന്നു അവര്‍ സേവനമനുഷ്ഠിച്ചിരുന്നത്.
ഇന്നത്തെ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു അന്ന് പട്ടാളക്കാരുടെ പരിശീലനം നടന്നിരുന്നത്. അതു കൊണ്ടാകണം 'കവാത്ത് മൈതാനം' എന്ന് അത് അറിയപ്പെട്ടത്. സെനറ്റ് ഹാളിനടുത്താണ് കമാന്റിംഗ് ഓഫീസര്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു എന്റെ ഒരു മാമ. കമാന്റിംഗ് ഓഫീസറുടെ വീടിനു പുറകിലായിരുന്നു മാമയുടെ വീട്. ജനിച്ചു വളര്‍ന്നത് അവിടെയാണ്. അന്ന് കുതിരയെ ഓടിക്കാനും പരിശീലിക്കാനും ഉപയോഗിച്ചിരുന്ന, ഇന്നത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം 'തുറുപ്പ് മൈതാനം' എന്നാണ് അറിയപ്പെട്ടിരുന്നത്. കുതിരപ്പടയിലെ സുബേദാര്‍ മേജര്‍, പീരങ്കിപ്പടയിലെ ജമേദാര്‍ എന്നീ തസ്തികകളില്‍ വരെ മുസ്‌ലിംകള്‍ നിയമിക്കപ്പെട്ടിരുന്നു. പട്ടാള മേധാവിയായിരുന്ന സായിപ്പിന് എന്റെ വാപ്പയോട് സ്‌നേഹമുണ്ടായിരുന്നു. ഹോക്കിയിലും ഹര്‍ഡില്‍സിലുമൊക്കെയുള്ള വാപ്പയുടെ മിടുക്കായിരുന്നു കാരണം. പലപ്പോഴും മത്സരങ്ങളില്‍ വാപ്പ വിജയിക്കാറുണ്ടായിരുന്നു.
മ്യൂസിയത്തിന് തൊട്ട് എതിര്‍വശത്തെ പബ്ലിക് ഓഫീസ് നില്‍ക്കുന്ന സ്ഥലത്ത് പട്ടുക്കുന്നിലായിരുന്നു ആദ്യം ഞങ്ങള്‍ താമസിച്ചിരുന്നത്. വീടു വെക്കാനുള്ള ഭൂമി വിലയ്ക്ക് വാങ്ങിച്ചതായിരുന്നു. മുപ്പത്തിയഞ്ച് മുസ്‌ലിം കുടുംബങ്ങള്‍ അവിടെ താമസിച്ചിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പിയുടെ കാലത്താണ് മുസ്‌ലിംകളെ അവിടെ നിന്ന് ഒഴിപ്പിച്ചത്. ആ ഭൂമിയിലാണ് പബ്ലിക് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മിച്ചത്. അതോടെ കുടിയിറക്കപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ പല ഭാഗങ്ങളിലായി ചിതറിപ്പോയി. വളരെ തുഛമായ നഷ്ടപരിഹാരത്തുക കൊടുത്തിരുന്നുവെന്നാണ് ഓര്‍മ.
തിരുവിതാംകൂര്‍ രാജകുടുംബം മുസ്‌ലിംകളോട് പൊതുവെ നല്ല സമീപനമാണ് സ്വീകരിച്ചിരുന്നത്. സൈന്യത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തുകയും ഉയര്‍ന്ന പദവികള്‍ നല്‍കുകയും ചെയ്തിരുന്നു. ശ്രീചിത്തിര തിരുനാളിന്റെ കാലത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഫീസ് ഇളവ് ചെയ്തിരുന്നതായും ഓര്‍മയുണ്ട്. പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ക്ക് പകുതി ഫീസ് കൊടുത്താല്‍ മതിയായിരുന്നു. രണ്ട് ചക്രമോ മറ്റോ ആയിരുന്നു അന്ന് ഫീസ്.
ജനനം, പഠനം
1931 മെയ് 24-നാണ് ഞാന്‍ ജനിച്ചത്. സെന്റ് ജോസഫ് സ്‌കൂളില്‍ തേര്‍ഡ് ഫോം വരെ മാത്രമേ പഠിക്കാന്‍ സാധിച്ചുള്ളൂ. അപ്പോഴേക്കും വാപ്പ മരിച്ചു. പിന്നെ ഉമ്മയും ഞാനും തനിച്ചായി. ആമിന ബീവി എന്നായിരുന്നു ഉമ്മയുടെ പേര്. പഠാണി ദഖ്‌നി കുടുംബക്കാരായിരുന്നു ഉമ്മ. ശീഈ പാരമ്പര്യമുള്ള ദഖ്‌നികള്‍ക്ക് പലവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടായിരുന്നു. മുഹര്‍റത്തില്‍, ഇമാം ഹുസൈന്റെ രക്തസാക്ഷ്യവുമായി ബന്ധപ്പെട്ടതായിരുന്നു അവയിലധികവും. പഞ്ചവെക്കലും തീക്കുഴിച്ചാട്ടവും കടുവ കളിയും മറ്റും ഉദാഹരണം. മുഹമ്മദ് നബി, അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍ എന്നിവരുടെ പേരിലുള്ള പഞ്ചവെക്കല്‍ നടന്നിരുന്ന സ്ഥലം 'പഞ്ചാപുരമുക്ക്' എന്നാണ് ഇന്നും അറിയപ്പെടുന്നത്. പുണ്യമുള്ളതെന്ന് കരുതുന്ന ഒരു മധുര പാനീയവും ഉണ്ടാക്കുമായിരുന്നു. അടുത്തകാലത്താണ് ഇതൊക്കെ ഇല്ലാതായാത്.
ഹൈദരാബാദില്‍ നിന്ന് വന്ന പഠാണി-ദഖ്‌നികള്‍, തമിഴ്‌നാട്ടില്‍നിന്ന് വന്ന റാവുത്തര്‍മാര്‍, മലബാറില്‍നിന്നും മറ്റും വന്ന ശാഫിഈ മദ്ഹബുകാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗം മുസ്‌ലിംകളാണ് തിരുവിതാംകൂറില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ഇതില്‍ ശാഫിഈ മദ്ഹബുകാര്‍ തീരെ കുറവായിരുന്നു. മലബാറുമായി വലിയ ബന്ധമൊന്നും ആദ്യകാലത്ത് തിരുവിതാംകൂറിന് ഇല്ലായിരുന്നു. കോട്ടയം ഭാഗത്ത് കുറെ മുസ്‌ലിംകളുണ്ടായിരുന്നു. പൊതുവെ ദരിദ്രരായിരുന്നു മുസ്‌ലിംകള്‍. കച്ചവടമായിരുന്നു പ്രധാന ഉപജീവന മാര്‍ഗമെന്നാണ് എന്റെ ഓര്‍മ. വിദ്യാഭ്യാസം നേടുന്നത് കുറവായിരുന്നു. എന്റെ കുടുംബത്തില്‍ ഞാനും വാപ്പയുടെ വകയില്‍ ഒരു സഹോദരിയുടെ മകനും മാത്രമേ പഠിക്കാന്‍ പോയിരുന്നുള്ളൂ. ചില കുട്ടികള്‍ 1,2 ക്ലാസുകള്‍ പഠിച്ച് അവസാനിപ്പിക്കും. പലരും പഠിക്കാന്‍ പോകില്ല. ചെറിയ ചില ജോലികള്‍ കിട്ടും. അത് ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കും. ഗവണ്‍മെന്റ് സര്‍വീസില്‍ പ്യൂണ്‍ പോലുള്ള ജോലികള്‍ ലഭിക്കുമായിരുന്നു. വിദ്യാഭ്യാസം നേടി മേല്‍ക്കോയ്മ കരസ്ഥമാക്കിയത് നായന്മാര്‍ മാത്രമായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരും ഭരണത്തില്‍ സ്വാധീനമുള്ളവരും അവരായിരുന്നു. ഇന്റര്‍മീഡിയറ്റ് വരെയോ മറ്റോ പഠിച്ച എന്റെ ഒരു കുടുംബക്കാരന് സെക്രട്ടേറിയേറ്റില്‍ നല്ല ജോലി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു സഹോദരന്‍- കാസിം മുസ്ത്വഫ- ഡോക്ടറായിരുന്നു. ഇവരായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ വിദ്യാ സമ്പന്നര്‍. ദീനീബോധം പൊതുവെ കുറവായിരുന്നു. ഇസ്‌ലാമികമായി കാര്യങ്ങള്‍ നടത്താനോ നിയന്ത്രിക്കാനോ കാര്യമായി ആളുണ്ടായിരുന്നില്ല. ഉയര്‍ന്ന ചില ആളുകള്‍ മാത്രമാണ് പള്ളിയുമൊക്കെയായി ബന്ധപ്പെട്ടിരുന്നത്. പെരുന്നാള്‍ വലിയ ആഘോഷമായി കൊണ്ടാടും എന്നതൊഴിച്ചാല്‍ നമസ്‌കാരമൊന്നും ഉണ്ടായിരുന്നില്ല. നബിദിനത്തിന് ഇന്ന് ചിലര്‍ നല്‍കുന്ന പ്രാധാന്യമൊന്നും അന്നില്ലായിരുന്നു. ദീന്‍ പഠിക്കാന്‍ മദ്‌റസകളോ പള്ളിപുരകളോ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഞാനും എന്റെ പ്രായക്കാരായ മുസ്‌ലിം കുട്ടികളുമൊന്നും അക്കാലത്ത് മദ്‌റസയില്‍ പഠിച്ചിരുന്നില്ല.
ജോലിയിലേക്ക്
പന്ത്രണ്ടാം വയസ്സോടെ പഠനം നിര്‍ത്തി. പിന്നെ അലച്ചിലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്കില്‍ വണ്ടിയില്‍ ക്ലീനറായി ജോലി കിട്ടി. പിന്നെയും ഒന്നു രണ്ട് ജോലികള്‍ ചെയ്തു.
1951-ലാണ് ഞാന്‍ പോലീസ് സര്‍വീസില്‍ ചേരുന്നത്. 300 പേരുള്ള ഞങ്ങളുടെ ബാച്ചില്‍ 10/12 പേര്‍ മാത്രമായിരുന്നു മുസ്‌ലിംകള്‍ എന്നാണ് ഓര്‍മ. ട്രെയ്‌നിംഗ് കഴിഞ്ഞ് എ.ആര്‍ ക്യാമ്പില്‍ വന്നു. ഊളമ്പാറയിലായിരുന്നു അന്ന് ക്യാമ്പ്. 500-ഓളം റിസര്‍വ്ഡ് പോലീസ് അവിടെ ഉണ്ടായിരുന്നു. അവിടെ നിന്ന് ടെസ്റ്റ് എഴുതിയാണ് ഞാന്‍ പിന്നീട് ലോക്കല്‍ പോലീസില്‍ ചേര്‍ന്നത്. 1961ലായിരുന്നു ഇത്.
സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പട്ടാളത്തെ പിരിച്ചുവിട്ടിരുന്നു. പിന്നീടാണ് റിസര്‍വ്ഡ് പോലീസ് രൂപീകരിച്ചത്. അതുകൊണ്ട് പട്ടാളത്തിന് നല്‍കുന്ന പരിശീലനമാണ് ഞങ്ങള്‍ക്ക് കിട്ടിയത്. അതല്‍പ്പം കടുപ്പമുള്ളതായിരുന്നു. ലോക്കല്‍ പോലീസില്‍ ചേര്‍ന്ന ശേഷം എസ്.ഐ ആകണമെങ്കില്‍ പിന്നെയും പരീക്ഷ എഴുതേണ്ടിയിരുന്നു. ഞാനതില്‍ താല്‍പര്യമെടുത്തില്ല. അത് ധാര്‍മികമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്ന് ഞാന്‍ ആശങ്കപ്പെട്ടു. കൈക്കൂലി, കള്ളക്കേസുകള്‍ മുതലായവക്ക് എങ്ങനെയെങ്കിലും നിര്‍ബന്ധിക്കപ്പെടുമെന്നതായിരുന്നു അവസ്ഥ. ജീവിതത്തില്‍ ഇസ്‌ലാം ഉണ്ടാവുകയും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തപ്പോള്‍ അത്തരം തിന്മകളിലേക്കൊന്നും പോകരുതെന്ന ഉറച്ച മനസ്സുണ്ടായി. അതുകൊണ്ട്, ഉയര്‍ന്ന ഓഫീസര്‍മാരോടൊപ്പം പോവുകയും ഫയലുകളും മറ്റും ഓഫീസുകളിലെത്തിക്കുകയും ചെയ്യുക തുടങ്ങിയ ജോലികള്‍ ബോധപൂര്‍വം തെരഞ്ഞെടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റം കിട്ടി. യൂനിഫോം ഇടാത്ത, സൗകര്യമുള്ള ജോലിയായിരുന്നു. വി. സുബ്രമണ്യം എന്ന വിജിലന്‍സ് ഓഫീസറുടെ സെക്യൂരിറ്റിയായും ജോലി ചെയ്തു. പതിനഞ്ചു വര്‍ഷത്തോളം ഇത് തുടര്‍ന്നു. എ.എസ്.ഐയുടെ റാങ്കോടെയാണ് ഞാന്‍ പിരിഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ മുറുകെ പിടിക്കേണ്ട ധാര്‍മികത കൈമോശം വരാതെ നോക്കാന്‍ ഇതൊക്കെ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയിലേക്ക്
ആലപ്പുഴ ജില്ലയിലെ കുത്തിയത്തോട് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്താണ് എനിക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായത്. അരൂകുറ്റിക്കാരായ കുഞ്ഞാല്‍ന, മുഹമ്മദ് എന്നീ രണ്ട് പ്രവര്‍ത്തകര്‍ കുത്തിയത്തോട് വരുമായിരുന്നു. അവരുമായി സംസാരിക്കാനും പ്രബോധനം വായിക്കാനും എനിക്ക് അവസരം ലഭിച്ചു. അതാണ് എന്നെ ജമാഅത്തിലേക്ക് വഴിനടത്തിയത്.
പെരുമ്പാവൂരില്‍നിന്ന് മജീദ് മരയ്ക്കാരുടെയോ മറ്റോ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അന്‍സാരി മാസിക വായിക്കാറുണ്ടായിരുന്നു. നല്ല നല്ല കാര്യങ്ങളാണ് അതില്‍ എഴുതിയിരുന്നതെങ്കിലും അതിന്റെ ആളുകളെയൊന്നും ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്ത് കാണാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പ്രബോധനം വാരിക ലഭിക്കുന്നത്. വാരിക വായിച്ചുതുടങ്ങിയപ്പോള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുണ്ടോ എന്നായി എന്റെ അന്വേഷണം. ആയിടക്കാണ് പള്ളുരുത്തി കോയ സാഹിബിനെ കണ്ടുമുട്ടിയത്. അപ്പോഴേക്കും എനിക്ക് തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫറായിരുന്നു. അദ്ദേഹം സ്ഥിരമായി തിരുവനന്തപുരത്ത് വരുമായിരുന്നു. അദ്ദേഹവുമായുള്ള സംസാരവും പ്രബോധനത്തിന്റെ മുടങ്ങാത്ത വായനയുമാണ് എന്നെ ജമാഅത്ത് പ്രവര്‍ത്തകനാക്കിയത്. പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ മിക്കവാറും ഞാന്‍ വീട്ടില്‍ ബൈന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. ഇസ്‌ലാം എന്താണെന്ന് ഞാന്‍ പഠിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയിലൂടെയാണ്. നന്മയോട് പ്രതിപത്തിയും തിന്മയോട് വിരക്തിയുമുള്ള ഒരു മനസ്സ് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അതാണെന്നെ ജമാഅത്തില്‍ എത്തിച്ചത്.
1960-കളുടെ തുടക്കത്തില്‍, ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിലൂടെയാണ് ഇവിടെ ജമാഅത്തിന്റെ സംഘടിത പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതാണ് പിന്നീട് ഹല്‍ഖയായി മാറിയത്. ആലപ്പുഴയിലെ അബ്ദുല്‍ ഹമീദ് സാഹിബും മറ്റും അതിനു ശേഷമാണ് ജമാഅത്തിലെത്തിയത് എന്നാണെന്റെ ഓര്‍മ. അദ്ദേഹത്തിന്റെ ഒരു മകളെ വിവാഹം ചെയ്തത് എന്റെ കുട്ട്യാപ്പയുടെ മകന്‍ മുഹമ്മദ് ഹനീഫയാണ്. വലിയ ദീനീ താല്‍പര്യമുള്ള ആളായിരുന്നു ഹനീഫ. ഇസ്‌ലാമിനെക്കുറിച്ച് നന്നായി പഠിക്കണമെന്ന വാശിയുണ്ടായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി എഞ്ചിനീയറായിരുന്ന ഹനീഫ, അന്ന് ചീഫ് എഞ്ചിനീയറായിരുന്ന കുട്ട്യാമു സാഹിബ് വഴി മലപ്പുറം ജില്ലയിലെ മങ്കടയിലേക്ക് സ്ഥലം മാറ്റം വാങ്ങിച്ചു. ശാന്തപുരത്ത് വീട് വാടകക്കെടുത്ത് താമസമാക്കി. ഇസ്‌ലാമിനെ കുറിച്ച് പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അവിടെ വെച്ച് ഹനീഫ കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിരുന്നു അത്. ജമാഅത്തിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് ഏറ്റവുമധികം ബലം തന്ന വ്യക്തിയായിരുന്നു ഹനീഫ.
പാളയത്ത് ഒരു വീട് വാടകക്കെടുത്തായിരുന്നു ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്ള്‍ പ്രവര്‍ത്തിച്ചിരുന്നത്. സഫയര്‍ ഫൂട്ട്‌വെയറിലെ എം.എം റഷീദ്, എം. ബഷീര്‍, അബ്ദുല്‍ ഹമീദ് വള്ളക്കടവ്, ഒ.എം കുഞ്ഞ് (ആസാദ് ഹോട്ടല്‍), മാഹിന്‍ അബൂബക്കര്‍ (അട്ടക്കുളങ്ങര),പി. ജലാലുദ്ദീന്‍ സാഹിബ്, മുഹമ്മദലി, പി. മാഹീന്‍, നേമം താജുദ്ദീന്‍ തുടങ്ങിയ ഒട്ടേറെ പേര്‍ സ്റ്റഡി സര്‍ക്കിളുമായി ബന്ധപ്പെട്ടിരുന്നു. കോയ സാഹിബ്, കൊല്ലം അബ്ദുല്ല മൗലവി, മാള അബ്ദുസ്സലാം മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി, കെ.ടി അബ്ദുര്‍റഹീം സാഹിബ് തുടങ്ങിയവരൊക്കെ സ്റ്റഡി സര്‍ക്കിളില്‍ ക്ലാസ്സെടുക്കാന്‍ വരാറുണ്ടായിരുന്നു. സജീവ പ്രവര്‍ത്തകനായിരുന്നു ഒ.എം കുഞ്ഞ്. പാളയം ഇസ്‌ലാമിക് സെന്റര്‍ നില്‍ക്കുന്ന സ്ഥലം വാങ്ങാനും സെന്റര്‍ പണിയാനുമൊക്കെ അദ്ദേഹം ഏറെ ഉത്സാഹിക്കുകയുണ്ടായി.
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഹല്‍ഖ ഉണ്ടായത് പാളയത്താണ്. ഇന്നത്തെ ഇസ്‌ലാമിക് സെന്റര്‍ നില്‍ക്കുന്ന സ്ഥലത്തുതന്നെയായിരുന്നു അന്ന് ഹല്‍ഖാ ഓഫീസ്. അഴിക്കോട്, പൂന്തുറ, നേമം, മണക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ജമാഅത്ത് പ്രവര്‍ത്തനം വ്യാപിക്കുന്നത് ഇവിടെ നിന്നാണ്. പി. ജലാലുദ്ദീന്‍ സാഹിബായിരുന്നു ആദ്യത്തെ ഹല്‍ഖാ നാസിം എന്നാണ് എന്റെ ഓര്‍മ. ഇവിടെ ജമാഅത്തെ ഇസ്‌ലാമിക്ക് വലിയ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അധിക പേരും പ്രവര്‍ത്തനരംഗത്ത് വന്നില്ല. വള്ളക്കടവില്‍ നിന്ന് മാത്രമാണ് അക്കാലത്ത് ഞങ്ങള്‍ക്ക് ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായത്. പുവഞ്ചേരി മുഹമ്മദും പാളയത്തെ എ. മുഹമ്മദാലിയും ഞാനും ഒരു പരിപാടിക്ക് പോയി വരുന്ന വഴി കുറെ ആളുകള്‍ ഒരിക്കല്‍ ഞങ്ങളെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയുണ്ടായി. ആരോ പറഞ്ഞ് ഇളക്കിവിട്ടതായിരുന്നു അവരെ. ഒരുവിധം രക്ഷപ്പെട്ടുവന്നപ്പോഴേക്ക് ഒ.എം കുഞ്ഞു സാഹിബ് വിവരമറിഞ്ഞ് എത്തിയിരുന്നു. പോലീസില്‍ കേസ് കൊടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് ശരിയാകില്ലെന്ന് എനിക്ക് തോന്നി. കാരണം, ഞാനൊരു പോലീസുകാരനാണ്. എന്നെ അടിച്ചുവെന്ന് പറഞ്ഞ് ഒരു കേസ് ഫയല്‍ ചെയ്താല്‍ പോലീസുകാര്‍ പ്രതികളെ ശരിക്കും കൈകാര്യം ചെയ്യുമായിരുന്നു. സ്വാഭാവികമായ ഒരു വര്‍ഗ സ്‌നേഹം കാണുമല്ലോ. പ്രതികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് സമാധാനം പറയേണ്ടിവരും. പിന്നെ, പ്രതികാരം ചെയ്യലല്ലല്ലോ നമ്മുടെ സംസ്‌കാരം. അതുകൊണ്ട് കേസിനൊന്നും പോയില്ല.
കണ്ടുമുട്ടുന്ന എല്ലാവരോടും പ്രസ്ഥാനത്തെ പരിചയപ്പെടുത്തി സംസാരിക്കുമായിരുന്നു. ഏതു വിഷയത്തില്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങിയാലും പതിയെ പതിയെ അത് പ്രസ്ഥാനത്തിലെത്തും. അത്തരമൊരു പ്രബോധന ശൈലി ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു. എന്തു സംസാരിച്ചാലും പ്രസ്ഥാനമേ വരൂ. അതാണ് ശീലിച്ചത്. ഇങ്ങനെയായിരിക്കണം ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രബോധനം വാരികയുടെ 20-30 കോപ്പികളാണ് ആദ്യം ഇവിടെ വന്നിരുന്നത്. ഇന്ന് സാഫല്യം കോംപ്ലക്‌സ് നില്‍ക്കുന്ന സ്ഥലത്ത് മുമ്പ് സ്റ്റേഷനറി എംപോറിയം എന്ന കടയുണ്ടായിരുന്നു. അതിന് മുമ്പില്‍ പേനയും മറ്റും നന്നാക്കിയിരുന്ന അബ്ദുല്‍ കരീം സാഹിബിന്റെ പേരിലായിരുന്നു ഏജന്‍സി. ഞങ്ങള്‍ അത് സൈക്കിളില്‍ കൊണ്ടുപോയി വിദൂരസ്ഥലങ്ങളില്‍ വരെ വിതരണം ചെയ്യുമായിരുന്നു.
ഇങ്ങനെയൊക്കെയാണ് ഇവിടെ പ്രസ്ഥാനം വളര്‍ന്നുവന്നത്. ഇന്ന് നമ്മുടെ പ്രസ്ഥാനം ഏറെ മുന്നോട്ടുപോവുകയും ഒരുപാട് ആളുകള്‍ നമ്മുടെ കൂടെ വരികയും ചെയ്തിട്ടുണ്ട്. വലിയ സ്വീകാര്യതയാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത്. ഇതൊക്കെ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണെന്ന കാര്യം മറന്നുപോകരുത്.
തയാറാക്കിയത്: സദ്‌റുദ്ദീന്‍ വാഴക്കാട്
Comments