Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

ഇസ്ലാമിക ബാങ്കിന്റെ വളര്‍ച്ച

ആഗോളതലത്തില്‍ പലിശരഹിത ബാങ്കുകളുടെ ഗതിവിഗതികള്‍ വിശകലനം ചെയ്തുകൊണ്ട് സാമ്പത്തിക വിദഗ്ധര്‍ ഈയിടെ തയാറാക്കിയ റിപ്പോര്‍ട്ട് ഇസ്്‌ലാമിക് ബാങ്കിന്റെ ഭാവിയെക്കുറിച്ച് വമ്പിച്ച പ്രതീക്ഷയുളവാക്കുന്നതാണ്. 2010-നെ അപേക്ഷിച്ച് അവയുടെ ബിസിനസ് വര്‍ധന 33 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നിരിക്കുന്നു. കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ കൈവശമുള്ള അവയുടെ ആസ്തി 1.1 ട്രില്യന്‍ ഡോളറാണ്. ഈ വളര്‍ച്ചാ നിരക്ക് നിലനില്‍ക്കുന്നുവെങ്കില്‍ 2013-ല്‍ അത് 1.8 ട്രില്യനിലെത്തിയിരിക്കും.
പലിശാധിഷ്ഠിത സാമ്പത്തിക ക്രമത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അസന്തുലിതത്ത്വവും തളര്‍ച്ചയും പരിഹരിക്കാന്‍ പലിശ നിരക്ക് കൂട്ടലും കുറക്കലുമല്ലാതെ മറ്റു മാര്‍ഗമില്ല. സമ്പദ്ഘടന സന്തുലിതമാകുമ്പോള്‍ പലിശ കൂട്ടുന്നു. അസന്തുലിതമാകുമ്പോള്‍ കുറക്കുന്നു. ഈ സാഹചര്യത്തിലാണ് ഇസ്്‌ലാമിക ബാങ്കുകള്‍ വ്യാപകമായ ശ്രദ്ധ നേടുന്നത്. പശ്ചിമേഷ്യക്കും ഉത്തരാഫ്രിക്കക്കും പുറമെ പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇസ്്‌ലാമിക് ബാങ്കിംഗ് ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അനതിവിദൂരമായ ഭാവിയില്‍ ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണവയിപ്പോള്‍.
പലിശയുടെ നീരാളിപ്പിടുത്തത്തിലകപ്പെട്ട് ദുരിതക്കയത്തിലാണ്ട കുടുംബങ്ങള്‍ക്കും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കും കൈയും കണക്കുമില്ല. വലിയ വലിയ രാജ്യങ്ങള്‍ പോലും കടക്കെണിയില്‍ പെട്ടുഴലുകയാണ്. കേരളം തന്നെ മതിയായ ഉദാഹരണമാകുന്നു. പലിശ മൂലം ഒരിക്കലും തീര്‍ക്കാനാവാതെ പെരുകിവരുന്ന കടബാധ്യതയുടെ ക്രൂരമായ വേട്ടയില്‍ നിന്ന് ആത്മഹത്യയിലഭയം തേടുന്ന കര്‍ഷകരുടെയും കച്ചവടക്കാരുടെയും കഥകള്‍ നമ്മുടെ പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തകളാണല്ലോ. സംസ്ഥാനത്തിന്റെ മൊത്തം വരുമാനം ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പലിശ കൊടുത്തു തീര്‍ക്കാന്‍ തികയുന്നില്ലത്രെ. ക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പൊതുമേഖലാ നിക്ഷേപത്തിനുമൊക്കെ പിന്നെയും പലിശക്ക് കടമെടുക്കുക തന്നെ.കടം കൊടുക്കുന്നവര്‍ പലിശയായും പലിശക്കു പുറമെയും കടം വാങ്ങുന്നവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കും. ആഗോള സാമ്പത്തിക ക്രമത്തിന്റെ നട്ടെല്ലാണ് പലിശ. അതില്ലാതായാല്‍ ഈ സാമ്പത്തിക ക്രമം തളര്‍ന്നു വീഴും. ഇസ്്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക് ഇങ്ങനെയൊരു കൃത്രിമ നട്ടെല്ലില്ല. തികച്ചും സ്വാഭാവികമായ സത്യവും നീതിയുമാണതിന്റെ നട്ടെല്ല്. നൈതികവും സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തന രീതിയാണ് ആളുകളെ ഇസ്്‌ലാമിക് ബാങ്കിംഗിലേക്ക് ആകര്‍ഷിക്കുന്നത്.
മുസ്്‌ലിംകള്‍ ഭൂരിപക്ഷമില്ലാത്ത രാജ്യങ്ങളില്‍ ഇസ്്‌ലാമിക് ബാങ്കുകള്‍ താരതമ്യേന കുറവാണെങ്കിലും അവ കടന്നുചെന്ന രാജ്യങ്ങളിലൊന്നും പരാജയപ്പെട്ടിട്ടില്ല; എല്ലായിടത്തും മുന്നേറുക തന്നെയാണ്. ജനങ്ങള്‍ക്കു താല്‍പര്യമില്ലാത്തതുകൊണ്ടല്ല പല രാജ്യങ്ങളിലും ഇസ്്‌ലാമിക് ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തത്. സ്ഥാപിച്ചു നടത്താനാളില്ലാത്തതുകൊണ്ടുമല്ല. ഇസ്്‌ലാമിക് ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വിസമ്മതിക്കുകയാണ് ചില ഗവണ്‍മെന്റുകള്‍. ചിലരുടെ സാമ്പത്തിക നയം പലിശരഹിത ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവുമായി പൊരുത്തപ്പെടുന്നതല്ല. അക്കൂട്ടത്തിലൊന്നാണ് നമ്മുടെ രാജ്യം. വര്‍ഷങ്ങളായി ഇവിടെ ഇസ്്‌ലാമിക് ബാങ്കുകള്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. മുസ്്‌ലിംകള്‍ക്ക് പുറമെ സാമ്പത്തിക ശാസ്ത്രത്തില്‍ പരിജ്ഞാനമുള്ള ഇതര മതസ്ഥരും അതാഗ്രഹിക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികള്‍ അനുകൂലമായ ശിപാര്‍ശ സമര്‍പ്പിച്ചുകഴിഞ്ഞു. പലിശരഹിത ധനകാര്യസ്ഥാപനങ്ങളെ സാധൂകരിക്കുന്ന കോടതിവിധിയുമുണ്ട്. ഇതൊക്കെയായിട്ടും ഇന്ത്യന്‍ സാമ്പത്തിക സംവിധാനത്തില്‍ പലിശരഹിത ബാങ്കിംഗിന് ഇടമനുവദിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. എങ്കിലും രാജ്യത്ത് ചെറിയ തോതില്‍ പലിശരഹിത ധനകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിബന്ധങ്ങളോട് മല്ലടിച്ചാണെങ്കിലും അവ വളര്‍ച്ചയില്‍ തന്നെയാണ്. പലിശരഹിത ബാങ്കിംഗിന് ഇന്ത്യയില്‍ മെച്ചപ്പെട്ട സാധ്യതയുണ്ടെന്നതിന് മതിയായ തെളിവാണത്. ഈ യാഥാര്‍ഥ്യം കണ്ണുതുറന്നുകാണുകയാണെങ്കില്‍ റിസര്‍വ് ബാങ്ക് അതിന്റെ നയം തിരുത്താന്‍ നിര്‍ബന്ധിതമാവുകതന്നെ ചെയ്യും.
കമ്യൂണിസം ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു. ആ കാലഘട്ടത്തില്‍ അത് പ്രസക്തവുമായിരുന്നു. പക്ഷേ, മുഴുവന്‍ ലോകത്തിരിക്കട്ടെ, കമ്യൂണിസത്തിന് ആധിപത്യം സിദ്ധിച്ച ഭൂപ്രദേശങ്ങളില്‍ പോലും അത് പൂര്‍ണ രൂപത്തില്‍ നിലവില്‍ വരികയുണ്ടായില്ല. അതിന് മുമ്പേ കമ്യൂണിസം കാലം ചെയ്തു. തുടര്‍ന്ന് മാനവചരിത്രം മുതലാളിത്തമെന്ന അന്തിമ പരിണതിയിലെത്തിയതായി കാപിറ്റലിസ്റ്റുകള്‍ ഊറ്റം കൊണ്ടു. ആ ബഹളത്തിനിടയിലും ആഗോള മുതലാളിത്തത്തിന്റെ നായകത്വം വഹിക്കുന്ന അമേരിക്കന്‍ സമ്പദ്്ഘടന അടിക്കടി താളം തെറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ യൂറോപ്പും മുമ്പെങ്ങുമില്ലാത്ത വിധം കടക്കെണിയിലകപ്പെട്ടിരിക്കുകയാണ്. ഈ തകര്‍ച്ചയുടെ യഥാര്‍ഥ കാരണം മുതലാളിത്തത്തിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങളാണെന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയാതെയല്ല. പക്ഷേ, അത് തുറന്നു പറയാന്‍ അവര്‍ തയാറല്ല. സത്യം എത്ര കാലം ലോകത്തിന്റെ കണ്ണില്‍ നിന്ന് മറച്ചുപിടിക്കാന്‍ കഴിയും? ഇന്നല്ലെങ്കില്‍ നാളെ ലോകം അത് കണ്ടെത്തുകയും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി കൈയൊഴിക്കുകയും ചെയ്യും. ആ വിടവ് നികത്തുന്ന ബദലായി ഉയര്‍ന്നുവരുന്നത് ഇസ്്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങളും പലിശരഹിത ബാങ്കിംഗ് സമ്പ്രദായവുമായിരിക്കും. മനുഷ്യ നിര്‍മിതമായ ഏത് വ്യവസ്ഥയും കാലാന്തരേണ അശാസ്ത്രീയവും അപര്യാപ്തവുമായി പരിണമിക്കുക സ്വാഭാവികമാണ്. അതാണ് ഇന്നലെ കമ്യൂണിസത്തെയും ഇന്ന് മുതലാളിത്തത്തെയും ബാധിച്ച പ്രതിസന്ധി. ഇസ്്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രകൃതിപരമായ മാനുഷിക നീതിയിലും ദൈവികമായ മൂല്യങ്ങളിലും അധിഷ്ഠിതമാണ്. പ്രകൃതിവിരുദ്ധവും വിഭാഗീയവും ക്ഷണികവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ അടിത്തറ ഉപേക്ഷിക്കുന്നില്ലെങ്കില്‍ ഏതു സാഹചര്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അതിനു കഴിയും. ക്ഷയോന്മുഖമായ ആഗോള സാമ്പത്തികാവസ്ഥയുടെ ഊര്‍ജദായിനിയായിട്ടാണ് വളര്‍ന്നുവരുന്ന ഇസ്്‌ലാമിക ബാങ്കുകളെ കാണേണ്ടത്. അന്ധമായ വിരോധത്തിന്റെയും പഴഞ്ചന്‍ സാമ്പത്തിക നയങ്ങളുടെയും പേരില്‍ അതില്‍നിന്ന് മുഖം തിരിക്കുന്നവര്‍ സ്വന്തം ക്ഷേമത്തില്‍നിന്നുതന്നെയാണ് മുഖം തിരിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍