Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

ആവിഷ്‌കാരം ആരുടെ അവകാശം?

ഡോ. ഉമര്‍ ഒ. തസ്‌നീം

രക്തക്കൊതിയുടെയും ഹിംസയുടെയും വിരൂപ മാതൃകകളാക്കി മുസ്‌ലിംകളെ അവതരിപ്പിച്ച് ഇസ്‌ലാമും ഭീകരതയുമായുള്ള പാരസ്പര്യത്തെ ഒന്നുകൂടി അടിവരയിട്ട് കമല്‍ഹാസന്‍ ചമച്ചൊരുക്കിയ 'വിശ്വരൂപം' ആവിഷ്‌കാരാധികാരങ്ങളെ കുറിച്ചുള്ള സംവാദത്തിന് വീണ്ടും ഇന്ധനം പകര്‍ന്നിരിക്കുന്നു. ശതകോടികള്‍ ചെലവഴിച്ച് നിര്‍മിച്ച സിനിമയുടെ റിലീസിംഗ് തന്നെ ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു. ചിത്രം ആദ്യം മുസ്‌ലിം നേതാക്കളെ കാണിച്ചതും, മാധ്യമ അകമ്പടിയോടെ വിവാദങ്ങള്‍ക്ക് കൊഴുപ്പേകിയതും ഒടുവില്‍ ഏതാനും സമുദായ നേതാക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പിലൂടെ 'ഹലാല്‍' സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതുമെല്ലാം മുന്‍കൂട്ടി കൊറിയോഗ്രാഫ് ചെയ്ത തിരക്കഥയിലെ രംഗങ്ങളായി വേണം കാണാന്‍. തൊടുത്ത വെടിയുണ്ട കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ ഹാസന്‍ ഒഴുക്കിയ കണ്ണീര്‍ അദ്ദേഹത്തിലെ അഭിനയ പ്രതിഭയെ അടിവരയിടുന്നു.
9/11-ാനന്തര അമേരിക്കന്‍ ദൃശ്യവ്യവഹാരത്തെ ഗ്രസിച്ച ഇസ്‌ലാമോഫോബിയയുടെ വിഷാണുക്കള്‍ ആവാഹിക്കുന്ന ഒരു മെഗാമസാലയാണ് 'വിശ്വരൂപം.' കലാമൂല്യത്തേക്കാള്‍ സാങ്കേതികവിദ്യയുടെ നിറക്കസര്‍ത്തുകളാണ് അതിനെ പൊലിപ്പിക്കുന്നത്.
സിനിമ ആത്മധൈര്യമില്ലാത്ത ഭീരുക്കള്‍ക്കും കര്‍മശേഷിയില്ലാത്ത അലസജീവികള്‍ക്കും വ്യര്‍ഥമായ കര്‍തൃത്വബോധവും പൊള്ളയായ ആത്മശേഷിയും പകര്‍ന്ന് നല്‍കാനുതകുന്ന മാധ്യമമാണെന്ന് നിക്കോളാസ് ചെയ്‌റൂഫ് അഭിപ്രായപ്പെടുന്നു. ഇസ്‌ലാമിനെ പിശാചുവല്‍ക്കരിച്ച് പാശ്ചാത്യരെയും ഇന്ത്യന്‍ വരേണ്യതയെയും 'വീര'വല്‍ക്കരിക്കുന്ന 'വിശ്വരൂപം' ഈ പ്രസ്താവനയെ ശരിവെക്കുന്നു. കമല്‍ ഹാസന്‍ ഒരു ബ്രാഹ്മണനാണെന്നത് ഇവിടെ അവഗണിക്കാന്‍ പറ്റാത്ത വസ്തുത.
ചിത്രത്തിനെതിരെ പ്രതിഷേധിക്കുകയെന്നതില്‍ കവിഞ്ഞ്, നായക-സംവിധായകനെയോ സിനിമാലയങ്ങളെയോ ഭീഷണിപ്പെടുത്താന്‍ മുതിരാതിരുന്ന മുസ്‌ലിം സംഘടനകളുടെ നിലപാട് നിര്‍മാതാക്കളെ നിരാശരാക്കിയിരിക്കണം. രണ്ട് പടക്കം പൊട്ടിയിരുന്നെങ്കില്‍, ഒരു വധഭീഷണിയുണ്ടായിരുന്നെങ്കില്‍, തങ്ങളുടെ ബ്ലോക്ക് ബസ്റ്ററിന്റെ ആഗമനം ഒന്നുകൂടി മെലോഡ്രമാറ്റിക്ക് ആക്കാമെന്ന് അവര്‍ കണക്ക് കൂട്ടിയിരിക്കും. പ്രത്യേകിച്ച് ഭീഷണിയൊന്നുമില്ലാഞ്ഞിട്ടും തിയേറ്ററുകളുടെ സംരക്ഷണത്തിനായി കര്‍സേവക്കൊരുമ്പെട്ട എസ്.എഫ്.ഐ-ഡിഫി പ്രവര്‍ത്തകരുടെ ധീരത അഭിനന്ദിച്ചേ പറ്റൂ! തങ്ങളും കൊച്ചു കമല്‍ഹാസന്മാര്‍ തന്നെയെന്നവര്‍ക്കഭിമാനിക്കാം.
മില്യനുകള്‍ ചെലവഴിച്ച് മുതലാളിത്തത്തിന്റെ (വി)കല-ാ സങ്കല്‍പത്തിന്റെ എല്ലാ ചേരുവകളും വെച്ച് സംവിധാനിച്ച 'യാങ്കീഫീലിയ'ക്ക് അധ്വാനവര്‍ഗത്തിന്റെ കുഞ്ഞുഭടന്മാര്‍ കാവലിരിക്കുന്ന ഐറണി ഇവിടെ മറക്കാം. എം.എഫ് ഹുസൈനും ദീപാമെഹ്തക്കുമെതിരില്‍ ഹിന്ദുത്വ ശക്തികള്‍ വിഷനാഗങ്ങളെപ്പോലെ ഫണം വിടര്‍ത്തിയപ്പോള്‍ ഈ ധീരാത്മാക്കള്‍ എവിടെയായിരുന്നുവെന്ന ചോദ്യവും അവഗണിക്കാം. പക്ഷേ, മുതലാളിത്ത കല സാമ്രാജ്യത്വത്തിന്റെയും അധീശ വര്‍ഗത്തിന്റെയും മേധാവിത്ത സങ്കല്‍പങ്ങള്‍ക്കനുഗുണമായി കീഴാളരെ വാര്‍ത്തെടുക്കാനും വളച്ചൊടിക്കാനുമുള്ള ഉപാധികളാണെന്ന് അഡോണയെയും ഹോര്‍ക്ക് ഹൈമറെയും തൊട്ട് സത്യം ചെയ്യുന്ന ബുദ്ധിജീവികള്‍ അത്തരം കലാവൈകൃതങ്ങളുടെ പ്രചാരകരായി മാറുന്നു എന്ന കാര്യം വിശകലനമര്‍ഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനപ്പുറം നീളുന്ന സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ നിഗൂഢ രീതികളിലാണ് ഇതിന്റെ ഉത്തരം.

ആവിഷ്‌കാരം:
സ്വാതന്ത്ര്യത്തിന്റെ മറുപുറം
പ്രശസ്ത മാധ്യമ വിദഗ്ധന്‍ ഡി.ജെ പീറ്റേസിന്റെ പഠനമനുസരിച്ച് പരിധികളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഏറ്റവും ശക്തിയായനുകൂലിക്കുന്നവര്‍ സമൂഹത്തിലെ ഉപരിവര്‍ഗങ്ങളാണ്. മേലാളര്‍ക്ക് വേണ്ടത് പറയാനും അതുവേണ്ടപ്പെട്ടവരെ കേള്‍പ്പിക്കാനുമുള്ള ഉപാധികളും ഉപകരണങ്ങളുമുണ്ട്. കീഴാളരുടെ സ്വാതന്ത്ര്യം പലപ്പോഴും കേള്‍ക്കുക, അനുസരിക്കുക എന്നതില്‍ പരിമിതം.
വിഭവ ശ്രേണിയില്‍ കണക്കുകള്‍ പ്രകാരം ദലിതരേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍-മൈനസ് കേരള-ഈ അധഃസ്ഥിത വര്‍ഗത്തെ പ്രതിനിധീകരിക്കുന്നു. ഒരു സമൂഹത്തിന്റെ സ്വത്വബോധമെന്നത് അവരുടെ ആഖ്യാനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നത് നിസ്തര്‍ക്കമാണ് (Every nation is a narration) എന്ന് എഡ്വേര്‍ഡ് സൈദ് പറഞ്ഞത് ഈയര്‍ഥത്തിലാണ്. കീഴാളന്റെ ആത്മാഖ്യാനങ്ങള്‍ പോലും മേലാളര്‍ കൈയടക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണ് ആധുനിക പ്രതിനിധാന വ്യവസ്ഥയുടെ കാതലായ അപചയം. അപരന്റെ ഭൂതത്തെ തിരുത്തിയും വര്‍ത്തമാനത്തെ വളച്ചൊടിച്ചും ഭാവിയെ അധീശപ്പെടുത്തുന്ന സാമ്രാജ്യത്വം ഇതര ആഖ്യാനങ്ങളെ എങ്ങനെ തമസ്‌കരിക്കുന്നുവെന്ന് സിയാവുദ്ദീന്‍ സര്‍ദാര്‍ 'ഉത്തരാധുനികതയും അപരനും' എന്ന പഠനത്തില്‍ വിശദീകരിക്കുന്നു. അധിനിവേശ മേലാള യുക്തിയുടെ കടംകൊണ്ട ഈ ടെംപ്ലേറ്റാണ് ഹാസന്‍ 'വിശ്വരൂപ'ത്തിലുപയോഗിക്കുന്നത്.
നാറ്റോയും അമേരിക്കയും ഈ രസതന്ത്ര ഫോര്‍മുലയില്‍ നന്മയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്ത്രീ വിമോചനത്തിന്റെയും കണ്‍കണ്ട ദൈവങ്ങള്‍. ചെറുത്ത് നില്‍പ്പിന്റെ ശക്തികള്‍ പ്രതിലോമത്വത്തിന്റെയും ക്രൂരതയുടെയും കരാള രൂപങ്ങള്‍.
താലിബാന്റെ ക്രൂരതകള്‍ യഥാര്‍ഥങ്ങളോ മാധ്യമ നിര്‍മിതികളോ ആയേക്കാം. മതത്തിന്റെ ബാഹ്യചിഹ്നങ്ങളോടുള്ള അവരുടെ അത്യാസക്തി വിഭ്രാന്തിജനകമാണ്. പക്ഷേ, അധിനിവേശം ഉല്‍പാദിപ്പിക്കുന്ന മനഃശാസ്ത്ര പരിസരത്തിന്റെ വിലയിരുത്തലിലൂടെ മാത്രമേ അത് അപഗ്രഥിക്കാനാവൂ. ഏതാണ്ടിത് പോലൊരു സാഹചര്യത്തിലാണ് ഫ്രാന്റ്‌സ് ഫാനനെപ്പോലുള്ളവര്‍ ഹിംസയുടെ വിമലിനീകരണ സാധ്യത (Cathartic powers) തകളെ കുറിച്ച് വാചാലരായത്.
'വിശ്വരൂപ'ത്തില്‍ ഉലക നായകന്‍ ചെയ്യുന്നത് സ്വാതന്ത്ര്യവാഞ്ഛയാല്‍ പ്രചോദിതമോ പ്രകോപിതമോ ആയ ഹിംസയെ മതത്തിന്റെയും വിശ്വാസ പ്രമാണങ്ങളുടെയും പട്ടികയില്‍ വരവ് ചേര്‍ക്കുകയാണ്.

പ്രതിനിധാനത്തിന്റെ രസതന്ത്രം
ഉത്തരാധുനിക വ്യവഹാരത്തിന്റെ മുഖ്യഘടകങ്ങളിലൊന്ന് അതിന്റെ മെറ്റോണിമിക് (Metoymic) രീതികളാണ്. സൂക്ഷ്മാംശങ്ങളെ സാമൂഹികാവസ്ഥകളുടെ സ്ഥൂല മാതൃകകളായി അവതരിപ്പിക്കുകയാണ് ഈ രീതി. ഭീകരത ദ്യോതിപ്പിക്കുന്ന താടിരോമങ്ങളുടെ പശ്ചാത്തലത്തില്‍ തീപാറുന്ന കണ്ണുകളുമായി തോക്കേന്തി നടക്കുന്ന അഫ്ഗാന്‍ പഠാണി ഈ ആലങ്കാരികതയില്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മൊത്തം പ്രാതിനിധ്യം വഹിക്കുന്നു. അവന്‍ ബോംബിന്റെയും ഹിംസയുടെയും ചോരക്കൊതിയുടെയും പര്യായമാണ്. അവന്റെ എതിരാളികള്‍ ഭൂതദയയുടെയും കാരുണ്യത്തിന്റെയും ആള്‍രൂപങ്ങള്‍!
ഇറാഖ്-കുവൈത്ത് യുദ്ധവേളയില്‍ സി.എന്‍.എന്‍ നിരന്തരം പ്രക്ഷേപണം ചെയ്ത ഒരു ഷോട്ടുണ്ട്. വ്യാപകമായ എണ്ണച്ചോര്‍ച്ചയില്‍ പ്രാണവായുവിനായി കാലിട്ടടിക്കുന്ന കടല്‍പ്പക്ഷി. പക്ഷിയെ കൈയിലെടുത്ത് താലോലിക്കുന്ന ആര്‍ദ്രഹൃദയനായ അമേരിക്കന്‍ മറീനര്‍. ആ മറീനും കൂട്ടാളികളും കൊന്നൊടുക്കിയ ഇറാഖീ കുട്ടികളുടെയോ പിച്ചിച്ചീന്തിയ യുവതികളുടെയോ ചിത്രം എവിടെയുമില്ല.
കാമറ വെള്ളക്കാരന്റെ 'അഹം' ബോധത്തെ പൊലിപ്പിക്കുന്ന ഒരു വംശീയ ഉപകരണമാണെന്ന് റിച്ചാര്‍ഡ് ഡയര്‍ 'വൈറ്റ്' എന്ന കൃതിയില്‍ വാദിക്കുന്നു. മറ്റേത് മാധ്യമത്തേക്കാളും കറുപ്പ്/വെളുപ്പ്; നന്മ/തിന്മ; സ്ത്രീ/പുരുഷന്‍; വികാരം/വിവേകം തുടങ്ങിയ ദ്വന്ദ്വങ്ങളെ ആശ്രയിച്ചാണ് കാമറ അതിന്റെ ആഖ്യാനം നിര്‍മിക്കുന്നത്.
പടിഞ്ഞാറന്‍ ആഖ്യാനങ്ങളില്‍ ഇസ്‌ലാം എന്നും തിന്മയുടെയും കിരാതത്വത്തിന്റെയും അച്ചുതണ്ടാണ്. എഡ്വേര്‍ഡ് സൈദ് പറഞ്ഞതുപോലെ നിഗ്രഹിക്കപ്പെടേണ്ട (Eminently killable) നികൃഷ്ട ജീവവര്‍ഗമായാണ് അവരെ പടിഞ്ഞാറന്‍ ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കാറ്. അറബി, ഫലസ്ത്വീന്‍ തുടങ്ങിയ വാക്കുകള്‍ക്ക് വെബ്‌സ്റ്റേസ് അടക്കമുള്ള ആംഗലേയ ശബ്ദകോശങ്ങള്‍ നല്‍കിയ അര്‍ഥങ്ങള്‍ ചികഞ്ഞാലറിയാം ഈ പ്രതിനിധാനങ്ങള്‍ സൃഷ്ടിച്ച ഭവിഷ്യത്തുകള്‍. ചതിയന്‍, വികടന്‍, വിഷയാസക്തന്‍ തുടങ്ങിയ അര്‍ഥങ്ങള്‍ വെബ്‌സ്റ്റേസ് ഡിക്ഷണറി 'അറബ്' എന്ന വാക്കിന് ചാര്‍ത്തിയത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു.
പടിഞ്ഞാറന്‍ ഇസ്‌ലാമോഫോബിയയുടെ ഈ വിഷാണുക്കളെ ഇന്ത്യന്‍ പരിസ്ഥിതിയിലേക്ക് പരാഗണം ചെയ്തുവെന്ന ഗുരുതരമായ പാതകമാണ് 'വിശ്വരൂപ'ത്തില്‍ കമല്‍ ഹാസന്‍ ചെയ്തത്. അധിനിവേശം ഇരകളില്‍ നിത്യമായ അപകര്‍ഷതാബോധമുല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന കലാനിര്‍മിതികളെ 'സാംസ്‌കാരിക ബോംബ്' എന്നാണ് കെനിയന്‍ ചിന്തകനായ ന്‍ഗൂഗി-വ-തിയോംഗ വിശേഷിപ്പിക്കുന്നത്. ഹാസന്റേത് ഇത്തരമൊരു ബോംബാണ്. ചിത്രം തിയേറ്ററുകളില്‍ നിന്ന് പോയാലും അതുണ്ടാക്കുന്ന വികിരണങ്ങള്‍ വിനാശകരമാവും.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടണമെന്ന പരമ്പരാഗത യുക്തിക്കുപോലും ഇവിടെ പരിമിതികളുണ്ട്. ഇവിടെ നടക്കുന്നത് 'എപിസ്റ്റെമിക് വയലന്‍സാ'ണ്. സര്‍വായുധ വിഭൂഷിതരായ വരേണ്യവിഭാഗം ഒരു ന്യൂനപക്ഷത്തെ സാംസ്‌കാരിക നിരായുധീകരണത്തിന് വിധേയമാക്കി നടത്തുന്ന വൈജ്ഞാനിക ധ്വംസനം. ഈ കോലാഹലത്തില്‍, ആശയങ്ങളേക്കാള്‍ ആരവങ്ങള്‍ക്കും നേരിനേക്കാള്‍ നുണക്കുമാണ് സ്ഥാനം.
നിങ്ങളുടെ സ്വകാര്യതയിലേക്ക് ഇരച്ച് കയറി, ഉച്ചഭാഷിണിയിലൂടെ 'ഗര്‍ദ്ദഭ'നെന്നും 'മര്‍ക്കട'നെന്നും വിളിച്ചാക്ഷേപിക്കുന്നവനോട് 'ഞാന്‍ മര്‍ത്യ'നാണെന്നും ഹോമോസാപിയനാണെന്നും തിരിച്ചുരുവിടുന്നതില്‍ എന്തര്‍ഥമാണുള്ളത്?
സിനിമക്ക് കുഴപ്പമില്ലെന്നും അതുകൊണ്ടൊന്നും ഇസ്‌ലാം തകരില്ലെന്നും പിണറായി വിജയനെപ്പോലുള്ളവര്‍ പറയുമ്പോള്‍ ചിരി വരുന്നു. ഇസ്‌ലാം തകരുമെന്ന ബേജാറ് ആര്‍ക്കാണുള്ളത്?
മുസ്‌ലിമിനെ ജനിതകപരമായി തന്നെ ഭീകരനും തീവ്രവാദിയുമായി ചിത്രീകരിക്കുന്നതിനെതിരാണ് ഇവിടെ പ്രതിഷേധം. അതുല്‍പ്പാദിപ്പിക്കുന്ന മനോഭാവത്തിന്റെ ഇരകള്‍ രാജ്യത്തെ അനവധി ജയിലുകളില്‍ ജീവന്റെയും മരണത്തിന്റെയും ഇടയിലെ നിര്‍ജീവ സാക്ഷ്യങ്ങളായി നിലനില്‍ക്കുന്നു. അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും ഉരിയാടാത്തവരാണ് വിശ്വരൂപങ്ങള്‍ക്കായി ജിഹാദിനിറങ്ങിയിരിക്കുന്നത്. ബ്രാഹ്മണിസവും ഇന്ത്യന്‍ കമ്മ്യൂണിസവുമായുള്ള ബന്ധം ഒരു തുടര്‍ക്കഥയല്ലെന്നാര് കണ്ടു?

പ്രതികരണം
മുസ്‌ലിംകള്‍ ഇത്തരം വരേണ്യ മാലിന്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന് പ്രവാചകനില്‍ തന്നെ മതിയായ മാതൃകയുണ്ട്. കഅ്ബക്ക് സമീപം തന്നെ നിന്ദ്യമായി ഭര്‍ത്സിച്ച അബൂജഹ്‌ലിനോട് അന്തസ്സാര്‍ന്ന മൗനത്തിലൂടെയാണല്ലോ അദ്ദേഹം പ്രതികരിച്ചത്. ആ മൗനം ഒരേയവസരം ഗംഭീരവും വാചാലവുമായിരുന്നു. പ്രത്യുല്‍പ്പന്നമതിത്വത്തിന്റേതായ ഈ അത്യുല്‍കൃഷ്ട രീതി സാധാരണക്കാര്‍ക്ക് എപ്പോഴും കഴിയുന്നതല്ല. പക്ഷേ, അന്തസ്സാര്‍ന്ന അവഗണനയാണ് ഏറ്റവും കരണീയമായ മാതൃകയെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. ഇറ്റാലോ കാല്‍വിനോയുടെ 'ഒരു ശിശിരരാവിലെങ്ങാനും ഒരു സഞ്ചാരി' എന്ന നോവലില്‍ ഒരു കഥാപാത്രത്തിന്റെ അഗ്രരന്ധ്രങ്ങളില്‍ നിന്ന് അനുസ്യൂതം ബഹിര്‍ഗ്ഗമിക്കുന്ന വിരയെ കുറിച്ച് പറയുന്നു. 9/11 നാന്തരം ഇസ്‌ലാമിനെ കുറിച്ച് പടിഞ്ഞാറന്‍ ലോകം പടച്ചുവിട്ട ഫിലിമുകളുടെ രൂപകമായി ഈ വിരയെ വായിക്കാം. ഇന്ത്യയടക്കമുള്ള നാടുകളില്‍നിന്ന് അതിന്റെ 'മിനിയേച്ചര്‍ മാതൃകകള്‍' ഇനിയും പുറത്തിറങ്ങിക്കൊണ്ടിരിക്കും. അവറ്റകളെ അവഗണിച്ചാല്‍ ഏറ്റവും നിരാശരാവുക അവയുടെ പ്രണേതാക്കള്‍ തന്നെയാവും.
വാല്‍ക്കഷ്ണം: ഒഡീഷയിലെ വിവാഹച്ചടങ്ങുകളില്‍ ചലച്ചിത്ര ഗാനങ്ങളുപയോഗിക്കുന്നതിന് മാവോയിസ്റ്റുകളുടെ വിലക്ക്. തദ്ദേശീയ കലാകാരന്മാരെയും പ്രാദേശിക കലയെയും സംരക്ഷിക്കുകയാണ് വിലക്കിന്റെ ലക്ഷ്യം. ഒഡീഷയില്‍ എസ്.എഫ്.ഐ ഇല്ലാത്തത് മാവോയിസ്റ്റുകളുടെ ഭാഗ്യം!
(കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം
അസി. പ്രഫസറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍