Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

കായംകുളം ഉമര്‍കുട്ടി മൗലവി ബഹുഭാഷാ വിദഗ്ധനായ മതപണ്ഡിതന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ അവഗാഹം, ബഹുഭാഷാ പാണ്ഡിത്യം, പ്രഭാഷണം, എഴുത്ത്, അധ്യാപനം, സംഘാടനം എന്നീ മേഖലകളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു കായംകുളം ഉമര്‍ കുട്ടി മൗലവി. പുരോഗമന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ മുസ്‌ലിം സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകന്നു മാറാതെ പ്രവര്‍ത്തിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാകണം വക്കം മൗലവിയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്ന ഉമര്‍ കുട്ടി മൗലവിക്ക്, 'ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ' കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കാന്‍ കഴിഞ്ഞത്. വിശാല വീക്ഷണം ഉള്‍പ്പെടെ, ദക്ഷിണയുടെ മാതൃകാപരമായ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്ന് പറയാം. പ്രതിഭാശാലിയായ പണ്ഡിതനായി സ്വയം ഉയരുക മാത്രമല്ല, മറ്റു പലരിലെയും പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തുകയുണ്ടായി. പക്ഷേ, മുഖ്യധാരാ കേരള മുസ്‌ലിം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാതെ പോവുകയായിരുന്നു അദ്ദേഹം.

ജനനം, പഠനം
കായംകുളം എരുവയിലെ പുളിമൂട്ടില്‍ കുടുംബത്തില്‍ 1911-ലാണ് ഉമര്‍ കുട്ടി മൗലവി ജനിച്ചത്. പിതാവ് ഇളയകുഞ്ഞ്. കായംകുളം കൊച്ചുണ്ണി ഈ കുടുംബത്തിലെ മുന്‍തലമുറക്കാരനാണ്. കുടുംബത്തിന്റെ മറ്റു പാരമ്പര്യത്തെയോ പിതാവിന്റെ തൊഴിലിനെയോ കുറിച്ച് അറിയുന്നവര്‍ ഇന്നില്ല. ആറാട്ടുപുഴയിലും മലബാറിലുമായിരുന്നു ഉമര്‍ കുട്ടി മൗലവിയുടെ വിദ്യാഭ്യാസം. അക്കാലത്തെ പ്രധാന ദീനീ കലാലയമായ വാഴക്കാട് ദാറുല്‍ ഉലൂമില്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. പ്രമുഖ സുന്നി പണ്ഡിതന്‍ ഖുത്വ്ബി മുഹമ്മദ് മുസ്‌ലിയാര്‍ അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല സമ്മേളനങ്ങളിലും കായംകുളത്തെ പരിപാടിയിലും ഖുത്വ്ബി മുഹമ്മദ് മുസ്‌ലിയാര്‍ പങ്കെടുത്തത് ഇരുവരും തമ്മിലുള്ള ഗുരു ശിഷ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രെ.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഒരുകാലത്ത് പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. സജീവമായി നടന്നിരുന്ന പള്ളിദര്‍സുകളുണ്ടായിരുന്നു അവിടെ. ആറാട്ടുപുഴയിലെ പള്ളി ദര്‍സില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് മലബാറില്‍നിന്ന് വന്ന 'ഹിന്ദി ഉസ്താദ്' എന്ന് അറിയപ്പെട്ടിരുന്ന ഒരു അധ്യാപകനില്‍നിന്ന് ഉമര്‍കുട്ടി മൗലവി ഉര്‍ദു ഭാഷ സ്വായത്തമാക്കിയത്. വായനാ പ്രിയനായിരുന്നു അദ്ദേഹം. കായംകുളത്ത് പ്രവര്‍ത്തിച്ചിരുന്ന പബ്ലിക്ക് ലൈബ്രറിയിലെ സ്ഥിര സന്ദര്‍ശനം ഉമര്‍ കുട്ടി മൗലവിയെ ഭാഷാപരമായും വൈജ്ഞാനികമായും വളരാന്‍ സഹായിച്ചിട്ടുണ്ട്. മലയാള ഭാഷയിലെ പ്രാവീണ്യവും ഇസ്‌ലാമിക വിഷയങ്ങളിലെ കാഴ്ചപ്പാടുകളും രൂപപ്പെടുത്തി എടുക്കുന്നതില്‍ വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങള്‍ വലിയ പങ്കുവഹിച്ചു. പണ്ഡിതവര്യനായിരുന്ന ഇഞ്ചക്കല്‍ അബ്ദുല്‍ ഖാദിര്‍ മുന്‍ഷി, ഉമര്‍കുട്ടി മൗലവിയെ സ്വാധീനിച്ചിട്ടുണ്ട്. ഈജിപ്തില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ചില പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് മുന്‍ഷി വരുത്താറുണ്ടായിരുന്നു. അവ വായിക്കാന്‍ സ്വാഭാവികമായും ഉമര്‍കുട്ടി മൗലവിക്കും അവസരം ലഭിച്ചു. അദ്ദേഹത്തെ ഉന്നത ഇസ്‌ലാമിക പഠനത്തിന് അയക്കണമെന്ന് മുന്‍ഷി ആഗ്രഹിച്ചിരുന്നു. അക്കാലത്ത് ഈജിപ്തുമായി ബന്ധമുണ്ടായിരുന്ന വക്കം മൗലവി വഴി അതിനുള്ള ശ്രമവും നടത്തിയിരുന്നെങ്കിലും വിജയിക്കുകയുണ്ടായില്ല. വിശാഖപട്ടണം വരെ യാത്ര ചെയ്ത് അസുഖം കാരണം തിരിച്ചുവരികയായിരുന്നുവെന്നും ചരിത്രമറിയാവുന്ന ചിലര്‍ പറയുകയുണ്ടായി. എങ്കിലും സ്വപ്രയത്‌നത്തിലൂടെ വിജ്ഞാനത്തിന്റെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കര്‍മരംഗം
അധ്യാപനം, പ്രഭാഷണം, സംഘാടനം എന്നിവയായിരുന്നു ഉമര്‍ കുട്ടി മൗലവിയുടെ പ്രധാന കര്‍മമേഖലകള്‍. കണിയാപുരം, ആലംകോട്, ശഹീദാര്‍, കീരിക്കാട് പള്ളികളില്‍ അദ്ദേഹം ദീര്‍ഘകാലം മുദര്‍രിസായിരുന്നിട്ടുണ്ട്. കായംകുളത്തെ പ്രസിദ്ധ ദീനീ കലാലയമായ 'ജാമിഅ ഹസനിയ്യ'യുടെ ഉപാധ്യക്ഷ സ്ഥാനത്തും അദ്ദേഹം ഉണ്ടായിരുന്നു. ഹസനിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഉമര്‍ കുട്ടി മൗലവിക്ക് കാര്യമായ സ്വാധീനമുണ്ടായിരുന്നു. സ്ഥാപന മേധാവികള്‍ ഏതു കാര്യവും അദ്ദേഹത്തോട് അന്വേഷിക്കാതെ ചെയ്യാറുണ്ടായിരുന്നില്ല. മികച്ച അധ്യാപകനായിരുന്നു അദ്ദേഹം. എല്ലാം മറന്നുള്ള അദ്ദേഹത്തിന്റെ ക്ലാസ് ചിലപ്പോഴൊക്കെ രണ്ടു മണിക്കൂറിലേറെ ദീര്‍ഘിക്കാറുണ്ടായിരുന്നെങ്കിലും കുട്ടികള്‍ ആകാംക്ഷയോടെ കേട്ടിരിക്കും. അത്രക്ക് ആകര്‍ഷകവും വിജ്ഞാനപ്രദവുമായിരുന്നു അധ്യാപനം. ഇഹ്‌യാ ഉലൂമിദ്ദീനും മറ്റും ക്ലാസ്സെടുക്കുന്നതില്‍ പ്രത്യേകമായൊരു ചാതുരി അദ്ദേഹത്തിനുണ്ടായിരുന്നു. വെല്ലൂര്‍ ബാഖിയാത്തിലും മറ്റും പഠിച്ചവര്‍ ഇഹ്‌യായും മറ്റു ക്ലാസിക് കൃതികളും പഠിക്കാനായി ഉമര്‍ കുട്ടി മൗലവിയെ സമീപിക്കാറുണ്ടായിരുന്നു. അവരിലൊരാളാണ് ഉമര്‍ കുട്ടി മൗലവിയുടെ പ്രമുഖ ശിഷ്യന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി. മറ്റു നിരവധി ശിഷ്യഗണങ്ങളുണ്ടായിരുന്ന അദ്ദേഹം ദക്ഷിണ കേരളത്തില്‍ അറബി ഭാഷാ അധ്യാപകരെ വാര്‍ത്തെടുക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണത്തിനു വേണ്ടി പരിശ്രമിച്ച അദ്ദേഹം നിരവധി സ്ഥാപനങ്ങളുടെ ഭരണപരമായ നേതൃത്വം വഹിക്കുകയുണ്ടായി.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തില്‍ ഉമര്‍ കുട്ടി മൗലവിക്ക് നിര്‍ണായക പങ്കുണ്ട്. ജോനകപുറം കൊച്ചുപള്ളിയില്‍ നടന്ന ആദ്യ യോഗത്തിന്റെ സംഘാടകരില്‍ പ്രധാനി അദ്ദേഹമായിരുന്നു. ഒരു നോട്ടു ബുക്കില്‍ ഇരുന്നൂറോളം പണ്ഡിതരുടെ പേരുകള്‍ എഴുതിത്തയാറാക്കി നേരിട്ടും അല്ലാതെയും അവരെ യോഗത്തിലേക്ക് ക്ഷണിച്ചുവരുത്താന്‍ അദ്ദേഹം ഏറെ പണിപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെയാകണം, 'ദക്ഷിണ'യുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. നീണ്ട വര്‍ഷങ്ങള്‍ അദ്ദേഹം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ദക്ഷിണയുടെ മുഖപത്രമായ അന്നസീമിന്റെ എഡിറ്ററായിരുന്നു ദീര്‍ഘകാലം. ആദ്യകാലത്ത് ഭാഷയിലും ഉള്ളടക്കത്തിലും അച്ചടിയില്‍ പോലും നിലവാരം പുലര്‍ത്തിയിരുന്നു അന്നസീം. ഉമര്‍ കുട്ടി മൗലവിയുടെ നേതൃത്വമാണ് അതിന്റെ കാരണങ്ങളില്‍ ഒന്ന്. 'ദക്ഷിണ'യെ കെട്ടിപടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഘാടനശേഷി വലിയ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, പില്‍ക്കാലത്ത് അദ്ദേഹത്തെ പോലുള്ള ഒരു സംഘാടകന്റെ അഭാവം സംഘടനക്ക് വലിയ നഷ്ടം തന്നെയാണ് വരുത്തിയിട്ടുള്ളത്.
കഴിവുറ്റ പ്രഭാഷകനായിരുന്നു ഉമര്‍ കുട്ടി മൗലവി. ശുദ്ധ മലയാളത്തില്‍, ഗഹനമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം സാധാരണക്കാരേക്കാള്‍ വിദ്യാ സമ്പന്നരെയും വായനാശീലമുള്ളവരെയും ഏറെ ആകര്‍ഷിച്ചിരുന്നു. മണിക്കൂറുകള്‍ നീളുന്ന പ്രൗഢമായ പ്രഭാഷണം കേള്‍ക്കാന്‍ വന്‍ ജനാവലി തടിച്ചുകൂടാറുണ്ടായിരുന്നുവത്രെ. സംഘടനയുടെ വളര്‍ച്ചയില്‍ ഈ പ്രഭാഷണങ്ങള്‍ പങ്കുവഹിക്കുകയുണ്ടായി.

വ്യക്തിത്വം
അറബി, ഉര്‍ദു, മലയാളം ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്ന ഉമര്‍ കുട്ടി മൗലവിക്ക് സംസ്‌കൃതവും വശമുണ്ടായിരുന്നു. അറബി വാക്കുകള്‍ക്ക് അനുയോജ്യമായ മലയാള പദങ്ങള്‍ കണ്ടെത്താന്‍ കഴിയുംവിധം മലയാള ഭാഷയില്‍ അദ്ദേഹത്തിന് പരിജ്ഞാനമുണ്ടായിരുന്നു. അക്കാലത്തെ നല്ല മലയാള ഭാഷയില്‍ പുറത്തിറങ്ങിയിരുന്ന വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനയും മറ്റു ആനുകാലികങ്ങളുമായുള്ള ബന്ധവുമാണ് അദ്ദേഹത്തിന് മലയാളഭാഷയില്‍ കഴിവു നേടിക്കൊടുത്തത്. ഈ ഭാഷാ ചാതുരി പ്രഭാഷണത്തിലും എഴുത്തിലും പ്രതിഫലിച്ചു. സമകാലികരായ മത പണ്ഡിതന്മാരില്‍ നിന്ന് ഉമര്‍ കുട്ടി മൗലവിയെ വേറിട്ടുനിര്‍ത്തിയ ഘടകങ്ങളിലൊന്ന് മലയാള ഭാഷയിലുള്ള കഴിവായിരുന്നു. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ലേഖനങ്ങളും കൃതികളും വിവര്‍ത്തനം ചെയ്തിരുന്ന പലര്‍ക്കും ഉമര്‍ കുട്ടി മൗലവിയായിരുന്നു പ്രധാന അവലംബം. അദ്ദേഹത്തിന്റെ മലയാള ഭാഷാ ജ്ഞാനത്തെക്കുറിച്ച് സതീര്‍ഥ്യനായിരുന്ന മുജാഹിദ് നേതാവ് കെ. ഉമര്‍ മൗലവി പറയുന്നത് കാണുക: ''കായംകുളത്തിനടുത്ത് കീരിക്കാട് ദേശത്തെ ഉമര്‍ കുട്ടി മൗലവിയെ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹം എന്റെ സഹപാഠി മാത്രമല്ല, ഗുരുനാഥനുമാണ്. മലയാളം പഠിപ്പിച്ച ഗുരു. ആദ്യം അറബി മലയാളത്തില്‍ അക്ഷരം എഴുതും. അതിന്റെ താഴെ മലയാള അക്ഷരം വരച്ചു കാണിക്കും. അങ്ങനെ അക്ഷരങ്ങള്‍ ഒന്നൊന്നായി പറഞ്ഞും എഴുതിയും ശീലിച്ചു. ക്രമേണ കൊച്ചു കൊച്ചു വാക്കുകള്‍ കൂട്ടി വായിക്കുകയും എഴുതുകയും ചെയ്തു. കത്തുകള്‍ എഴുതാന്‍ ശീലിച്ചു. പത്രം കുറെശ്ശെ വായിച്ചുതുടങ്ങി. അങ്ങനെ അടിവെച്ചടിവെച്ച് മുന്നോട്ട് പതുക്കെ നടന്നുനീങ്ങി. ചെറിയ ലേഖനങ്ങള്‍ എഴുതി, ലഘുലേഖകള്‍ ഒന്നൊന്നായി പ്രസിദ്ധീകരിച്ചു, പുസ്തകങ്ങള്‍ തയാറാക്കി...''
ഭാഷ, സാഹിത്യം, തത്ത്വശാസ്ത്രം, ഖുര്‍ആന്‍ തുടങ്ങിയവയായിരുന്നു ഉമര്‍ കുട്ടി മൗലവിയുടെ ഇഷ്ട വൈജ്ഞാനിക മേഖലകള്‍. ഫിഖ്ഹീ മസ്അലകളുടെ തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന ഒരു കേവല മതപണ്ഡിതന്റെ പരിമിതികളില്‍നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാനായി. പിന്തിരിപ്പനായ ഒരു മുല്ലയായിരുന്നില്ല, പുരോഗമന കാഴ്ചപ്പാടുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഇബ്‌നുല്‍ ഖല്‍ദൂന്റെ മുഖദ്ദിമ, റൂമിയുടെ മസ്‌നവി, ഇഹ്‌യയും മിശ്കാത്തുല്‍ അന്‍വാറും ഉള്‍പ്പെടെയുള്ള ഗസ്സാലി കൃതികള്‍ തുടങ്ങിയവ അദ്ദേഹം വായിക്കുമായിരുന്നു. ശാഹ് വലിയ്യുല്ലാഹ് ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. വിശേഷിച്ചും അതിലെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍. കലീല വ ദിംന, മഖാമാതുല്‍ ഹരീരി, ഇബ്‌നു ബത്തൂത്തയുടെ കൃതികള്‍ തുടങ്ങിയവയും അദ്ദേഹത്തിന്റെ വായനാ ലോകത്തുണ്ടായിരുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിയിലെ ക്ലാസിക് കൃതികള്‍ വായിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവ മറ്റുള്ളവരെ കൊണ്ട് വായിപ്പിക്കുകയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മുഖദ്ദിമയുടെയും മിശ്കാത്തുല്‍ അന്‍വാറിന്റെയും വിവര്‍ത്തനങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചത് അങ്ങനെയാണ്. രണ്ട് കൃതികളുടെയും വിവര്‍ത്തകനായ മുട്ടാണിശ്ശേരി കോയാകുട്ടി മൗലവി, ഉമര്‍ കുട്ടി മൗലവിയുടെ വായനാ പ്രിയനായ വിദ്യാര്‍ഥിയായിരുന്നു. കോയാ കുട്ടി മൗലവിയിലെ പ്രതിഭയെ കണ്ടെത്തി അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഈ രണ്ട് കൃതികളും കോയാക്കുട്ടി മൗലവിയെ കൊണ്ട് വായിപ്പിച്ചതും വിവര്‍ത്തനം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതും ഉമര്‍ കുട്ടി മൗലവിയാണ്. വിവര്‍ത്തനത്തില്‍ ഭാഷാപരമായി അദ്ദേഹം കോയാ കുട്ടി മൗലവിയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും രാവിലെ മുതല്‍ വൈകുന്നേരം വരെ കോയാ കുട്ടി മൗലവി അദ്ദേഹത്തിന്റെ അടുത്ത് തദാവശ്യാര്‍ഥം ചെലവഴിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് രണ്ട് കൃതികളുടെയും ആമുഖത്തില്‍ കോയാ കുട്ടി മൗലവി അനുസ്മരിച്ചിട്ടുണ്ട്: ''മിശ്കാത്തുല്‍ അന്‍വാറിന്റെ മൂലഗ്രന്ഥം എനിക്ക് തരികയും പല പ്രധാന സംശയങ്ങളും വിവരിച്ചുതരികയും ചെയ്ത എന്റെ വന്ദ്യഗുരു ജനാബ് ഉമര്‍ കുട്ടി മൗലവി (കായംകുളം) മലയാള വായനക്കാര്‍ക്ക് സുപരിചിതനാണ്. രണ്ട് ഭാഷകളില്‍ ഒന്നുപോലെ ആയോധന സാമര്‍ഥ്യം നേടിയ ആ സവ്യസാചിയുടെ സഹായ സഹകരണങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്'' (മിശ്കാത്തുല്‍ അന്‍വാര്‍ പരിഭാഷ, എം. കോയാ കുട്ടി മൗലവി, 8.10.1965, ആമുഖം, പേജ് 14). മുഖദ്ദിമയുടെ ആമുഖത്തിലും ഉമര്‍കുട്ടി മൗലവിയെ അനുസ്മരിച്ചിട്ടുണ്ട്. ''മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ വിശിഷ്ട ഗ്രന്ഥത്തെക്കുറിച്ചും ഗ്രന്ഥകാരനെക്കുറിച്ചും എനിക്ക് കേള്‍ക്കാന്‍ ഇടവന്നത്. അല്ലാമാ ഇഖ്ബാലിന്റെ പ്രഭാഷണങ്ങളിലും മുഹമ്മദ് അസദിന്റെ അറഫാത്ത് മാസികയിലും കൂടി എന്റെ ശ്രദ്ധയില്‍ പെട്ട ഈ മഹല്‍ ഗ്രന്ഥത്തിന്റെ ഒരു പ്രതി മക്കയില്‍ നിന്ന് 1968-ല്‍ ഒരു സുഹൃത്തിലൂടെ ഞാന്‍ വാങ്ങുകയുണ്ടായി. എന്റെ അഭിവന്ദ്യ ഗുരു ജനാബ് കെ. ഉമര്‍ കുട്ടി മൗലവി അവര്‍കളുടെ സഹായത്തോടെ ഗ്രന്ഥത്തിന്റെ മുഖ്യ ഭാഗങ്ങള്‍ ആയിടെത്തന്നെ ഞാന്‍ പഠിച്ചു'' (മുഖദ്ദിമ പരിഭാഷ, ആമുഖം, പേജ് 21, മാതൃഭൂമി പബ്ലിഷേഴ്‌സ്, 1984).
ഉര്‍ദു ഭാഷയില്‍ പരിജ്ഞാനമുണ്ടായിരുന്ന ഉമര്‍ കുട്ടി മൗലവി ഇഖ്ബാല്‍ കവിതകള്‍ ആസ്വദിച്ച് വായിക്കാറുണ്ടായിരുന്നു. വക്കം മൗലവിയുടെ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നുവെങ്കിലും ഇപ്പോള്‍ അതൊന്നും ലഭ്യമല്ല. അന്നസീം മാസികയുടെ ആദ്യ ലക്കങ്ങളിലും ഉമര്‍ കുട്ടി മൗലവിയുടെ ലേഖനങ്ങള്‍ അച്ചടിക്കപ്പെട്ടിട്ടുണ്ട്. ദീപിക, അന്‍സാരി, മുസ്‌ലിം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹം ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്നുവെങ്കിലും പില്‍ക്കാലത്ത് അതെല്ലാം നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്. ഇഹ്‌യാ ഉലൂമിദ്ദീന്റെ ചില ഭാഗങ്ങള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തിരുന്നുവെങ്കിലും അച്ചടി മഷി പുരളാന്‍ അവസരമുണ്ടായില്ല.
മുന്‍ മന്ത്രി പി.കെ കുഞ്ഞു സാഹിബ് ഉമര്‍ കുട്ടി മൗലവിയുടെ ബാല്യകാല സുഹൃത്താണ്. കുഞ്ഞു സാഹിബിനെ രാഷ്ട്രീയമായി വളരാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയുണ്ടായി. കൂടാതെ പട്ടം താണുപിള്ള, ആര്‍ ശങ്കര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. പട്ടം താണുപിള്ള കായംകുളത്ത് വരുമ്പോള്‍ താമസിക്കാറുണ്ടായിരുന്ന പുത്തന്‍പുരയില്‍ വീട്ടിലേക്ക് ഉമര്‍ കുട്ടി മൗലവിയെ കാര്‍ അയച്ചു കൊടുത്ത് വിളിപ്പിക്കാറുണ്ടായിരുന്നു. രാഷ്ട്രീയ പ്രമുഖനായിരുന്ന വി.കെ കൃഷ്ണ മേനോനുമായും മൗലവിക്ക് ബന്ധമുണ്ടായിരുന്നു. കൃഷ്ണ മേനോന്‍ കേരളത്തില്‍ വന്നാല്‍ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. രാഷ്ട്രീയ വേദിയില്‍ കൃഷ്ണ മേനോനും മത രംഗത്ത് ഉമര്‍ കുട്ടി മൗലവിയുമാണ് പ്രഭാഷണ പ്രതിഭകള്‍ എന്ന് പറയാറുണ്ടായിരുന്നു ചിലര്‍ അക്കാലത്ത്.
ആനുകാലിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പല വിഷയങ്ങളിലും സംശയനിവാരണത്തിന് ആളുകള്‍ ഉമര്‍ കുട്ടി മൗലവിയെ സമീപിക്കാറുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് സിനിമയെടുക്കുന്നതിനു വേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധായകന്‍ ഉമര്‍ കുട്ടി മൗലവിയെ സമീപിക്കുകയുണ്ടായി. 'ഒരു മുസ്‌ലിയാരെ കാണുന്നു, അധികമൊന്നും കിട്ടാനുണ്ടാകില്ല' എന്ന മനസ്സോടെ വന്ന സംവിധായകനെ ഉമര്‍ കുട്ടി മൗലവി അത്ഭുതപ്പെടുത്തി. പിന്നീട് കുറേ ദിവസങ്ങള്‍ അദ്ദേഹം ഉമര്‍ കുട്ടി മൗലവിയെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ഈജിപ്തില്‍നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തെ അനുഗമിക്കാന്‍ അന്ന് ഗവണ്‍മെന്റ് നിശ്ചയിച്ചത് ഉമര്‍ കുട്ടി മൗലവിയെയായിരുന്നു.
ആജാനുബാഹുവായിരുന്ന ഉമര്‍ കുട്ടി മൗലവിയുടെ സാധാരണ വേഷം വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നുവെങ്കിലും പ്രധാന യാത്രകളിലും പരിപാടികളിലുമൊക്കെ സഫാരി സൂട്ടും തുര്‍ക്കി തൊപ്പിയുമാണ് അണിഞ്ഞിരുന്നത്. വൈജ്ഞാനിക സപര്യകളിലൂടെ ജീവിതം സാര്‍ഥകമാക്കിയ ആ പണ്ഡിത ശ്രേഷ്ഠന് ആറ് മക്കളുണ്ട്.
(തുടരും)
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍