Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

കാമറൂണിന്റെ മാപ്പപേക്ഷയും എലിസബത്ത് രാജ്ഞിയുടെ മതസംവാദവും

ഇഹ്‌സാന്‍

നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സോണിയാ ഗാന്ധിയുടെ ലണ്ടന്‍ യാത്രയില്‍ ചാരപ്പണി നടത്താന്‍ നിയോഗിക്കപ്പെട്ട വോള്‍ഫ് ഗാംഗ് എന്ന മുന്‍ ബിസിനസുകാരന്‍ ഇപ്പോഴത്തെ ഹെലികോപ്റ്റര്‍ കോഴ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിച്ചലിന്റെ പിതാവായിരുന്നു. വാള്‍ട്ടേഴ്‌സ് എന്നാണ് വോള്‍ഫിനെ റോ സര്‍ക്യൂട്ടുകളില്‍ അന്ന് വിശേഷിപ്പിച്ചിരുന്നത്. ആയുധ വ്യാപാരമായിരുന്നു ഇദ്ദേഹത്തിന്റെ 'കച്ചവട'മേഖല. അന്ന് ഇന്ത്യയിലെ പ്രതിരോധ വകുപ്പില്‍ ഗാംഗ് ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് പില്‍ക്കാലത്ത് മകന്‍ മിച്ചലിന്റെ കാര്യത്തില്‍ ആയുധ കമ്മീഷനുള്ള ലോകം തുറന്നിട്ടു കൊടുത്തത്. രണ്ടാം ക്വത്‌റോച്ചിയുടെ മുഴുവന്‍ കള്ളലക്ഷണങ്ങളും ഗാംഗിനുണ്ടായിട്ടും ഒരു മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കുവേണ്ടി ചാരപ്പണിയെടുത്തവനായിട്ടും മാധ്യമങ്ങളില്‍ അതൊന്നും ചര്‍ച്ചയേ അല്ല. 2006-ല്‍ ഇന്ത്യയിലേക്കു വന്ന ഇറ്റലിയുടെ പ്രസിഡന്റ് കാര്‍ലോ അസേഗ്‌ലിയോ സിയാമ്പിയുടെ സംഘത്തോടൊപ്പമായിരുന്നു കോഴ ഇടപാടിലെ രണ്ടാമനായ സ്വിദോ റാല്‍ഫ് ഹാഷെയെ ഇന്ത്യ പരിചയപ്പെട്ടത്. ഔദ്യോഗിക സന്ദര്‍ശക സംഘങ്ങളോടൊപ്പംപോലും ആയുധക്കച്ചവടക്കാരാണ് വരുന്നത്! മിച്ചലും ഹാഷെയുമൊക്കെ വളരെ വര്‍ഷങ്ങളായി ഇന്ത്യയുടെ രാഷ്ട്രീയ മേഖലയില്‍ പിടിപാടുള്ളവരായിരുന്നു എന്നു കൂടി ഇതിന്നര്‍ഥമുണ്ട്. അഴിമതി നടത്തിയ എസ്.പി ത്യാഗി ഇന്ത്യയുടെ വ്യോമസേനാ മേധാവിയായിരുന്നു! രാഷ്ട്രീയമായി അപ്രധാനമായി ഇത് തള്ളിക്കളയാനാവുമായിരുന്നോ? കോണ്‍ഗ്രസ് പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഭരണകൂടങ്ങളുമായുമെല്ലാം ഇവര്‍ക്കുള്ള അടുപ്പം പില്‍ക്കാലത്ത് അഴിമതിയുടെ നാറുന്ന കഥകളിലേക്കു തിരിഞ്ഞതായിരുന്നുവെന്ന് വ്യക്തമായിട്ടും സുബ്രഹ്മണ്യം സ്വാമി പോലും ഒന്നും പറയാതെയായി!
11 ഹെലികോപ്റ്ററിന് ഇന്ത്യ കൊടുക്കുന്നത് 3700ഓളം കോടി രൂപയാണ്. ഏറിയാല്‍ രണ്ടോ മൂന്നോ ഡസന്‍ രാഷ്ട്രീയ മാന്യന്മാരുടെ യാത്രക്കു വേണ്ടിയാണിത്! അതില്‍ കൈക്കൂലിയായി മുന്‍ എയര്‍മാര്‍ഷല്‍ എസ്.പി ത്യാഗിയും കൂട്ടരും സ്വീകരിച്ച പണം ഇറ്റലിക്കാര്‍ അവിടത്തെ കല്ലച്ചില്‍ അടിച്ചുണ്ടാക്കിയതൊന്നുമല്ല എന്നും, ഇന്ത്യയുടെ ഖജനാവില്‍ നിന്ന് ഫിന്‍മെക്കാനിക്ക എന്ന യുദ്ധഭീമന്‍മാര്‍ക്ക് കൈമാറിയ പണം കമീഷനായി തിരികെ വരുന്നതാണെന്നും എന്തേ ഈ ബഹളത്തിനിടയില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല? 363 കോടിയോളം വരുന്ന ഈ തുക പഴയ ബോഫോഴ്‌സ് കമീഷനുമായി താരതമ്യം ചെയ്യുമ്പോള്‍ നാം ഞെട്ടും. സ്വീഡിഷ് കമ്പനിയായ ബോഫോഴ്‌സിന്റെ ഹോവിസ്റ്റ്‌സര്‍ തോക്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ വകയില്‍ 64 കോടിയാണ് ഇന്ത്യന്‍ നേതാക്കള്‍ക്ക് അന്ന് ക്വത്‌റോച്ചി കൈക്കൂലി നല്‍കിയതായി ആരോപണമുയര്‍ന്നത്. 11 ഹെലികോപ്റ്റര്‍ വാങ്ങിയ വകയിലാണ് പക്ഷേ ഒരു സൈന്യാധിപന്‍ അടക്കമുള്ളവര്‍ ഇന്ന് അതിന്റെ ആറ് മടങ്ങ് 'കിമ്പളം' പോക്കറ്റിലാക്കിയത്. എന്നിട്ടും രാജ്യത്തെ പ്രതിരോധ വകുപ്പിനു നേര്‍ക്ക് ഒരു ചെറുവിരല്‍ പോലും ഉയര്‍ന്നില്ല എന്നത് അത്ഭുതകരമല്ലേ? സൈനിക ഇടപാടുകളില്‍ അഴിമതി നടക്കുന്നില്ല എന്നത് ഇതെ കുറിച്ച് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടു ചെയ്യാന്‍ അവകാശമില്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഏത് കുഞ്ഞിനുമറിയാം. പക്ഷെ ആയുധ ഇടപാടിനെ കുറിച്ച് പുറത്തുവരുന്ന വല്ല കഥകളുമുണ്ടെങ്കില്‍ അതത്രയും അഴിമതി മാത്രമാണെന്ന് മന്‍മോഹന്‍ സിംഗും ആന്റണിയും കണ്ടില്ലെന്ന് നടിക്കരുത്.
അമിതമായി വിലയിട്ട ഹെലികോപ്റ്റര്‍ എന്നു വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ തള്ളിയ ഇടപാടാണ് ഇന്ത്യന്‍ മന്ത്രാലയം ഏറ്റെടുത്തതെന്ന വിവരം കൂടി ചേര്‍ത്തു വായിക്കുക. ഇറ്റലിയുമായി റദ്ദായ ഇടപാട് സ്വന്തം രാജ്യവുമായി നടത്തിച്ചു കിട്ടാന്‍ വേണ്ടി 100 പ്രതിനിധികള്‍ അടങ്ങുന്ന, ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക സംഘത്തെയും നയിച്ചു കൊണ്ട് ഡേവിഡ് കാമറൂണ്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ അങ്ങോര്‍ ജാലിയന്‍ വാലാബാഗില്‍ പോയി മുട്ടു കുത്തിയതിന്റെ പ്രാധാന്യമാണ് പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ കൊട്ടിപ്പാടിയത്. ഇത്രയും പണം കിട്ടുമെങ്കില്‍ ജാലിയന്‍ വാലാബാഗിലല്ല ഏത് കോത്താഴത്തും കാമറൂണ്‍ മുട്ടില്‍ ഇഴയില്ലേ? ലോകത്തെ ആയുധമത്സരത്തിലേക്കു തള്ളിവിടാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അഹോരാത്രം പണിപ്പെട്ട നേതാവാണ് ഡേവിഡ് കാമറൂണ്‍. ബ്രിട്ടന്റെ പോര്‍വിമാനമായ ടൈഫൂണുകള്‍ക്ക് ഓര്‍ഡര്‍ പിടിക്കാന്‍ ഡേവിഡ് കാമറൂണും അതല്ല അതിനേക്കാള്‍ നല്ലത് ഫ്രാന്‍സിന്റെ വിമാനമായ റാഫേല്‍സാണെന്നും അത് വാങ്ങിയാല്‍ മതിയെന്നും ബോധ്യപ്പെടുത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഓലന്‍ഡും ഒരു കൊച്ചു രാജ്യമായ യു.എ.ഇയില്‍ വരെ പറന്നിറങ്ങി. തീര്‍ന്നില്ല! ബ്രിട്ടീഷ് രാജ്ഞിയോടും രാജാവിനോടും കാണ്‍വാലിസ് പ്രഭുവിനോടും ഒമാനും ഖത്തറും ലബനാനും സന്ദര്‍ശിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ആവശ്യപ്പെട്ടിരിക്കുന്നു. ഒമാന്‍ ഇതിനകം ടൈഫൂണ്‍ സ്വന്തമാക്കിയ രാജ്യങ്ങളിലൊന്നാണ്. അവരെ കൊണ്ട് കൂടുതല്‍ വലിയ ആയുധങ്ങളും ആണവ നിലയങ്ങളും വാങ്ങിപ്പിക്കുകയാണ് സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്നാണ് ഇംഗ്ലണ്ടിലെ പത്രങ്ങള്‍ തന്നെ പറയുന്നത്. പക്ഷേ കുറ്റം പറയരുതല്ലോ, മതസംവാദം പ്രോത്സാഹിപ്പിക്കാനും ഉഭയകക്ഷി ബന്ധങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടുത്താനുമാണ് ഈ സന്ദര്‍ശനങ്ങളിലൂടെ ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് എന്നാണ് പുറമെ പറയുന്ന ന്യായം. രാജാവിനെ രംഗത്തിറക്കിയും പത്ത് 'ഗുണ്ട്' വില്‍ക്കുക!
രാജ്യങ്ങളുടെയെല്ലാം മുഖ്യ വ്യാപാരം യുദ്ധോപകരണങ്ങളുടേതാവുകയും വന്‍ശക്തികള്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ ആയുധക്കമ്പനികളുടെ കിങ്കരന്മാരാവുകയും ചെയ്യുന്ന ലോകത്ത് എന്തിന് വെറുതെ സര്‍വമത സംവാദവും ജാലിയന്‍വാലാബാഗ് മാപ്പപേക്ഷയുമൊക്കെ? ബ്രിട്ടീഷ് രാജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് ജാലിയന്‍വാലാബാഗില്‍ പോയി മുട്ടുകുത്തി റീത്തു വെക്കാനായിരുന്നല്ലോ പാവം കാമറൂണ്‍ ഇന്ത്യയില്‍ വന്നത്! എന്തിന് വെറുതെ ഈ വേഷംകെട്ട്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍