Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

റഫ കൊളുത്തിട്ട വാതില്‍

സി. ദാവൂദ്

നീ മുട്ടുമ്പോള്‍ ഞാന്‍ കൊളുത്തു വലിക്കുന്നു,
നമ്മള്‍ തമ്മില്‍ കാണുന്നു; നമ്മള്‍ തമ്മിലുള്ള ബന്ധം കുറ്റിയുടെയും കൊളുത്തിന്റേതും.

ഫാറൂഖ് കോളേജില്‍ സുഹൃത്തായിരുന്ന അന്‍വര്‍ ഹുസൈന്‍ തന്റെ ഹോസ്റ്റല്‍ മുറിയുടെ വാതിലില്‍ കോറിയിട്ട കവിതയില്‍ നിന്നാണിത്. അടഞ്ഞും തുറന്നും പാതി തുറന്നും, വാതിലുകള്‍ എന്നും കവിതയിലും ഭാവനയിലും നിറഞ്ഞുനിന്നിട്ടുണ്ട്. സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും സ്വകാര്യതയുടെയും പുറത്താക്കലിന്റെയും അകത്താക്കലിന്റെയും നിഗൂഢതയുടെയുമെല്ലാം പ്രതീകമാണത്. പുതിയ ലോകത്തേക്കും അനുഭവങ്ങളിലേക്കുമുള്ള വികാസത്തെ കുറിക്കാന്‍ പുതിയ വാതിലുകള്‍ എന്ന പ്രയോഗമാണല്ലോ നാം ഉപയോഗിക്കാറ്. വഴികള്‍ മുട്ടുമ്പോള്‍ വാതിലുകള്‍ അടഞ്ഞു എന്നും നാം പറയും. പുറം നാട്ടില്‍ നിന്ന് ഗസ്സയിലേക്കുള്ള, ഗസ്സയില്‍ നിന്ന് പുറത്തേക്കുള്ള ഏക വാതിലാണ് റഫ. റഫ എന്നത് ഗസ്സ-ഈജിപ്ത് അതിര്‍ത്തിയിലെ ഒരു കൊച്ചു നഗരം. അവിടെ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു മഹാവാതിലുണ്ട്. റഫാ ബോര്‍ഡര്‍ ക്രോസിംഗ് എന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന, ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പെരുംവാതില്‍.
ചെക്‌പോയന്റുകള്‍ ഇസ്രയേലിന്റെ പ്രധാനപ്പെട്ടൊരു യുദ്ധോപകരണമാണ്. ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള ആശുപത്രിയിലെത്താന്‍ ഒരു ദിവസം മുഴുവന്‍ യാത്ര ചെയ്യേണ്ടി വരുന്ന ഫലസ്ത്വീനികളുണ്ട്. വഴികളില്‍ ഇസ്രയേല്‍ കെട്ടിയുയര്‍ത്തിയ കുറ്റിയും കൊളുത്തുമുള്ള കൂറ്റന്‍ വാതിലുകളാണ് ചെക്‌പോയന്റുകള്‍. രോഗപീഡയാല്‍ വാവിട്ടു കരയുന്ന കുഞ്ഞുമായി പുലരി മുതല്‍ ചെക്‌പോയന്റില്‍ കാത്ത് നിന്ന്, ഒടുവില്‍ സന്ധ്യയാവുമ്പോള്‍; ഇല്ല, നിങ്ങള്‍ക്ക് പോവാന്‍ കഴിയില്ല എന്ന അറിയിപ്പ് ലഭിച്ച് മടങ്ങിപ്പോരേണ്ടി വരുന്ന ഫലസ്ത്വീനി ഉമ്മയുടെ പിടയുന്ന മനസ്സിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ചെക്‌പോയന്റുകള്‍ മറ്റെന്തെനിക്കാളുപരി, അപമാനത്തിന്റെ ചിഹ്നമാണ്. സ്വന്തം നാട്ടില്‍, സ്വന്തം വീടിന് പുറത്തുള്ള വഴിയില്‍, സ്വന്തം കൃഷിയിടത്തിലേക്കും കച്ചവടസ്ഥാപനത്തിലേക്കും ബന്ധുവീട്ടിലേക്കുമുള്ള യാത്രക്ക് നിങ്ങള്‍ക്ക് തെമ്മാടികളായ അധിനിവേശ സൈനികരുടെ ഔദാര്യം ലഭിക്കേണ്ടതുണ്ടെന്ന് വരുമ്പോള്‍ അതെക്കാള്‍ വലിയ അപമാനമെന്തുണ്ട്? ഇനി, അനുവാദം ലഭിക്കുകയാണെങ്കില്‍ തന്നെ എന്തെന്തെല്ലാം വെറുപ്പുളവാക്കുന്ന പരിശോധനകളിലൂടെയാണ് കടന്നുപോകേണ്ടത്? ചെക്‌പോയന്റുകളില്‍ കാത്തുകാത്തു നിന്ന് മരണ വാതില്‍ തുറന്നു പോയ രോഗികളും വൃദ്ധരും എത്രയുമുണ്ട്. ഫലസ്ത്വീനില്‍ ഏറ്റവും എളുപ്പം തുറക്കപ്പെടുന്ന വാതില്‍ മരണത്തിന്റെതാണ്. ചെക്‌പോയന്റുകളില്‍ പിറന്നുവീണ കുഞ്ഞുങ്ങളും ധാരാളമുണ്ടവിടെ. ഒരേസമയം, മരണത്തിന്റെയും ജനനത്തിന്റെയും കാത്തിരിപ്പുകേന്ദ്രങ്ങളാണ് ഈ ചെക്‌പോയന്റുകള്‍. മഹ്മൂദ് ദര്‍വീശിന്റെ കവിതകളിലെ പ്രധാനപ്പെട്ടൊരു ബിംബമാണത്. റഫ അത്തരമൊരു ചെക്‌പോയന്റാണ്.
14 കിലോമീറ്റര്‍ വരും ഗസ്സ-ഈജിപ്ത് അതിര്‍ത്തി. ഗസ്സ ഇസ്രയേലിന്റെ അധീനതയിലുള്ള കാലത്ത് അവര്‍ അത് മുഴുക്കെ കൂറ്റന്‍ മതില്‍ കെട്ടി. ഒരു കോണ്‍ക്രീറ്റ് മതില്‍. അതിനു മുകളില്‍ കമ്പിവേലി. കോണ്‍ക്രീറ്റ് മതിലിന് സമാന്തരമായി ഇരുമ്പു മതിലിന്റെ മറ്റൊരു നിരയും. ഗസ്സക്കും ഈജിപ്തിനുമിടയില്‍ 14 കിലോമീറ്റര്‍ നീളത്തിലും 100 മീറ്റര്‍ വീതിയിലും ഒരു കരുതല്‍ പ്രദേശം (ബഫര്‍ സോണ്‍) സൃഷ്ടിച്ചു അവര്‍. 1979ല്‍ ഈജിപ്തുമായുണ്ടായ കരാര്‍ പ്രകാരം (ഫിലാദല്‍ഫി കരാര്‍ എന്നു പേര്‍) ഈ പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണാധികാരം ഇസ്രയേലി സേനക്കാണ്. ഇതിന് ഫിലാഡല്‍ഫി ഇടനാഴി എന്നു പേര്‍. നിശ്ചിത അകലങ്ങളില്‍ അത്യാധുനിക ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച വാച്ച് ടവറുകള്‍. ഗസ്സയിലേക്ക് തേന്‍ തേടി പറന്നെത്തുന്ന പൂമ്പാറ്റകളെപ്പോലും പകര്‍ത്തിവെക്കും ആ ക്യാമറകള്‍. 1993-ല്‍ ഒപ്പിട്ട ഓസ്‌ലോ കരാര്‍ വ്യവസ്ഥകളുടെ ഭാഗമായി ഈ അതിര്‍ത്തിയുടെ നിയന്ത്രണാധികാരം 2006ല്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് കൈമാറി. എന്നാല്‍, റഫയിലെ വാതിലിന്റെ കുറ്റിയും കൊളുത്തും നിയന്ത്രിക്കാനുള്ള അധികാരം യൂറോപ്യന്‍ യൂനിയന്‍ ചുമതലപ്പെടുത്തിയ European Union Border Assistance Mission എന്ന സമിതിക്കായിരുന്നു. ഗസ്സയില്‍ നിന്നും പുറത്തേക്കുമുള്ള ചരക്കുകളുടെയും ജനങ്ങളുടെയും നീക്കം അവരുടെ കര്‍ശന നിയന്ത്രണത്തിലായി. ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്ക് കടക്കുന്ന മനുഷ്യരെയും ചരക്കുകളെയും പരിശോധിക്കേണ്ട ചുമതല ഈജിപ്തിനുമായിരുന്നു. കടുത്ത നിയന്ത്രണങ്ങളുണ്ടെങ്കിലും ചികിത്സ, തൊഴില്‍, ഹജ്ജ് തീര്‍ഥാടനം, ഉപരിപഠനം പോലുള്ള ആവശ്യങ്ങള്‍ക്കുള്ള യാത്രക്ക് റഫ ക്രോസിംഗ് ഉപയോഗിക്കാന്‍ ഗസ്സക്കാര്‍ക്ക് കഴിഞ്ഞിരുന്നു.
2007-ല്‍ ഗസ്സയുടെ നിയന്ത്രണം ഹമാസിന്റെ കൈയില്‍ വന്നതോടെയാണ് റഫ പിന്നെയും ലോക ശ്രദ്ധയില്‍ വരുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും തിട്ടൂരമനുസരിച്ച് ഈജിപ്ത് ആ വാതിലങ്ങ് പൂട്ടി. ഗസ്സയില്‍ നിന്ന് പുറത്തേക്ക് കടക്കാനുള്ള മറ്റ് വഴികള്‍ എറെസ്, കര്‍ണി, നഹാല്‍ ഓസ്, കിസുഫിം, സൂഫ, കെറം ഷാലോം എന്നിവയാണ്. എല്ലാം ഇസ്രയേലിലെക്കുള്ള വഴികള്‍. വിവിധ ഇസ്രയേലി നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും വെസ്റ്റ് ബാങ്കിലെ ഫലസ്ത്വീനി പ്രദേശങ്ങളിലേക്ക് പോകേണ്ടവരുമായ ഗസ്സക്കാര്‍ ഈ വഴികളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഗസ്സ ഉപരോധം പ്രഖ്യാപിച്ചതു മുതല്‍ ഈ വഴികളെല്ലാം ഇസ്രയേല്‍ അടച്ചു. ബാക്കിയായ, പുറത്തേക്കുള്ള ഒരേയൊരു വാതിലായിരുന്നു റഫ. അതാണ് ഹുസ്‌നി മുബാറകിന്റെ സൈന്യം വലിച്ചടച്ചത്. നോക്കി നില്‍ക്കെ, തങ്ങളുടെ ജീവിതങ്ങള്‍ക്ക് മേല്‍ ആധിപത്യത്തിന്റെ കനമുള്ള കൊളുത്ത് വന്നു വീഴുന്നത് ഗസ്സക്കാര്‍ കണ്ടു. എല്ലാ വാതിലുകളും അടഞ്ഞു. സ്വപ്നങ്ങളും സന്താപങ്ങളുമായി, കൈമാറാന്‍ സ്‌നേഹസന്ദേശങ്ങളുമായി ഗസ്സയിലേക്ക് യാത്രചെയ്യുന്നവര്‍ റഫയില്‍ തങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. വേദന തിന്നുന്ന മുറിവുകളുമായി ഈജിപ്തിലെ ആശുപത്രികളിലേക്ക് മുറിവില്‍ പുരട്ടാനുള്ള മരുന്നിനായി പുറപ്പെട്ടവര്‍ ആ വാതില്‍പുറത്ത് രക്തം വാര്‍ന്നു കാത്തുകെട്ടിക്കിടന്നു. റഫ, എത്രമുട്ടിയാലും തുറക്കാത്ത വാതിലായി. അതിന്റെ താക്കോല്‍ ഹുസ്‌നി മുബാറക് ഭദ്രമായി കയ്യില്‍ സൂക്ഷിച്ചു.
ജയില്‍ എന്നാല്‍ സ്ഥലത്തിന്റെ പരിമിതിയും സമയത്തിന്റെ ആധിക്യവുമാണെന്ന് ഇസ്സത്ത് ബെഗോവിച്ച് തന്റെ ജയില്‍ കുറിപ്പുകളില്‍ പറയുന്നുണ്ട്. കുറഞ്ഞ സ്ഥലത്ത് ഒരിക്കലും തീരാത്ത സമയവുമായി മല്ലിടുന്നതിന്റെ പേരാണ് ജയില്‍ ജീവിതം. ലക്ഷദ്വീപില്‍ പോയാല്‍ ഇത് മറ്റൊരര്‍ഥത്തില്‍ നമുക്കനുഭവിക്കാന്‍ കഴിയും. കാരണം, ഒരാഴ്ച കഴിയുമ്പോഴേക്ക് ദ്വീപ് മുഴുവന്‍ നാം കണ്ട് കഴിഞ്ഞിരിക്കും. പിന്നെ കണ്ടതു തന്നെ കാണേണ്ടി വരുമ്പോഴുണ്ടാവുന്ന മുഷിപ്പാണ്. കരയിലേക്കുള്ള കപ്പലും കാത്ത് കടലോരത്ത് നാം കണ്ണ് നട്ടിരിക്കും. ഗസ്സക്ക് പക്ഷേ, ആ മുഷിപ്പ് കാണില്ല. കാരണം, സ്ഥലത്തിന്റെ പരിമിതി അവര്‍ക്കുണ്ടെങ്കിലും സമയത്തിന്റെ ആധിക്യമില്ല. നിരന്തരം നിതാന്തം അവര്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. തന്ത്രങ്ങള്‍ മെനയുകയാണ്. ശത്രുവിന്റെ കുതന്ത്രങ്ങളെ നിരീക്ഷിക്കുകയാണ്. ഇടത്തും വലത്തും മുകളിലും താഴെയും അകത്തും പുറത്തും തീപടരുമ്പോള്‍ സമയത്തിന്റെ മുഷിപ്പുണ്ടാവില്ല. ഓരോ ജീവിതവും ഒരു നെരിപ്പോട് പോലെയായി മാറും. അങ്ങനെയാണ് 2008 ജനുവരി 3-ന് ചെറുപ്പക്കാരുടെ ഒരു സംഘം ബോംബും ഗ്രനേഡുകളുമുപയോഗിച്ച് റഫയിലെ മതിലിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു താഴെയിട്ടത്. പിന്നെ ഒരു പ്രവാഹമായിരുന്നു. അണക്കെട്ട് പൊട്ടിയ ജലപ്രവാഹം പോലെ, ശുദ്ധവായു കൊതിച്ച, പുതിയ ആകാശം കാണാനാഗ്രഹിച്ച ഗസ്സക്കാര്‍ ഈജിപ്തിലേക്ക് പ്രവഹിച്ചു. ഏതാനും മീറ്ററുകള്‍ മാത്രം വരുന്ന ആ മതില്‍ വിടവിലൂടെ നാല് ദിവസം കൊണ്ട് ഏഴ് ലക്ഷം ഗസ്സക്കാരാണ് ഈജിപ്തിലേക്ക് കടന്നത്. കളിപ്പാട്ടവും സിഗരറ്റും മുതല്‍ കഴുതയും കുതിരയും ചെമ്മരിയാടും വരെ വാങ്ങാന്‍ കിട്ടുന്ന ഏതാണ്ടെല്ലാ വസ്തുക്കളും വിഭവങ്ങളും ഈജിപ്തില്‍ നിന്ന് സംഭരിച്ച് അവര്‍ ഗസ്സയിലെത്തിച്ചു. ആയുധങ്ങളും കടത്തിയെന്ന് ഇസ്രയേല്‍ പരാതി പറഞ്ഞു. തുടക്കത്തില്‍ ജനപ്രവാഹത്തിന്റെ കുതിപ്പില്‍ കിതച്ചു പോയ ഈജിപ്ഷ്യന്‍ സൈന്യം നാലാം നാള്‍ മതില്‍ വിടവ് അടച്ചുകെട്ടി. ഒരു വാതിലടയുമ്പോള്‍ അതിന്റെ മുമ്പില്‍ തേങ്ങിക്കരഞ്ഞ് സമയം കളയില്ല ഗസ്സക്കാര്‍. മറുവാതിലുകള്‍ തുറക്കാനുള്ള ശ്രമത്തിലായിരിക്കും അവര്‍. റഫ അടഞ്ഞ വാതിലിന്റെ മാത്രമല്ല, പുതുവാതിലുകള്‍ തുറക്കാനുള്ള ഇഛാശക്തിയുടെ കൂടി പ്രതീകമാണ്. അങ്ങനെയാണ് റഫ തുരങ്കങ്ങള്‍ ഉണ്ടാവുന്നത്. ഇഛാശക്തി ഭൂമിക്കടിയിലൂടെ മാളമുണ്ടാക്കി സഞ്ചരിക്കുന്നതിന്റെ പേരാണത്. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍ വിശദീകരിക്കാം. (തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍