വിപ്ലവം നടന്നിട്ടില്ലാത്ത വിദേശനയം
അറബ് വസന്താനന്തരം ഈജിപ്തില്‍ ചേരുന്ന ഒ.ഐ.സിയുടെ ആദ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഇറാനിയന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നിജാദ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് അല്‍അസ്ഹര്‍ സര്‍വകലാശാല സന്ദര്‍ശിച്ചിരുന്നു. പല കോണുകളില്‍നിന്നും ഒട്ടേറെ ചോദ്യങ്ങളാണ് പ്രസിഡന്റിന് നേരെ ചീറി വന്നത്. ചോദ്യങ്ങളോരോന്നും സമയത്തിനും സന്ദര്‍ഭത്തിനും ഒട്ടും ചേരാത്തവ. സ്വഹാബികളോടും ഹസ്രത്ത് ആഇശയോടുമുള്ള ശിയാക്കളുടെ നിലപാടെന്താണ്? നിങ്ങള്‍ സുന്നി സമൂഹങ്ങളില്‍ എന്തിനാണ് ശിഈസം പ്രചരിപ്പിക്കുന്നത്? ഇറാനിലെ സുന്നികളോട് നിങ്ങള്‍ ക്രൂരമായി പെരുമാറുന്നില്ലേ? ഇറാനിലെ 'അഹ്‌വാസ്' പ്രവിശ്യയിലെ അറബ് വംശജര്‍ക്ക് വല്ല രക്ഷയുമുണ്ടോ?
ഈ ചോദ്യങ്ങളൊക്കെ അബദ്ധമാണ് എന്നല്ല പറയുന്നത്. അവ ചോദിക്കേണ്ടത് തന്നെയായിരിക്കാം. പക്ഷേ സന്ദര്‍ഭം നോക്കാതെ, ഒട്ടും ഔചിത്യബോധമില്ലാതെയാണ് അവ ചോദിച്ചിരിക്കുന്നത്. അവയൊക്കെയും ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്തുകൊണ്ടുമിരുന്നു. ഇവിടെ സന്ദര്‍ശിക്കാന്‍ വന്ന മനുഷ്യന്‍ ശിഈ പണ്ഡിതനോ അവിടത്തെ പണ്ഡിതസമിതിയുടെ പ്രതിനിധിയോ ഒന്നുമല്ല. പിന്നെ എങ്ങനെ മതപരമായ വിഷയങ്ങളില്‍ അദ്ദേഹം ആധികാരികമായി മറുപടി പറയും? ഇത്തരം തര്‍ക്ക വിഷയങ്ങള്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളിലും ചര്‍ച്ചകളിലുമാണ് ഉന്നയിക്കേണ്ടത്. അനവസരത്തില്‍, അനാവശ്യ ചോദ്യങ്ങളെറിഞ്ഞ് അവ ചാനലുകളില്‍ ലൈവായി കാണിച്ചത് ആതിഥ്യമര്യാദക്ക് ഒട്ടും ചേര്‍ന്നതായില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതായിരുന്നില്ല, പ്രസിഡന്റിനെ വട്ടം കറക്കുക എന്നതായിരുന്നു ചോദ്യ പ്രളയത്തിന്റെ ഉന്നമെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം.
ഇതേ സമയം കയ്‌റോ വിമാനത്താവളത്തിലുണ്ടായ ഒരു സംഭവം. ഉന്നതതല ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ ഒരു ഇറാനിയന്‍ നയതന്ത്രജ്ഞനെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ ഒന്നേകാല്‍ മണിക്കൂര്‍ തടഞ്ഞു വെച്ചു. വളരെ തെറ്റായ സന്ദേശമാണിത് നല്‍കുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. പലര്‍ക്കും ഈജിപ്തിലേക്ക് വിസ തന്നെ ലഭിക്കുന്നില്ല. പഴയ ഭരണകൂട നിലപാടിന്റെ തുടര്‍ച്ചയായാണ് ഞാനീ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഞാനിക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു: നാല്‍പ്പത്തിമൂന്ന് കൊല്ലമായി തുടരുന്ന നയമല്ലേ, രണ്ട് കൊല്ലം കൊണ്ട് അതിന്റെ മുഴുവന്‍ അവശിഷ്ടങ്ങളും തുടച്ച് നീക്കാനാവില്ലല്ലോ.
കയ്‌റോയിലെ ഒ.ഐ.സി സമ്മേളനത്തിനിടക്ക് രണ്ട് സുപ്രധാന നീക്കങ്ങള്‍ നടക്കുകയുണ്ടായി. ഒന്ന്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുലും ഇറാന്‍ പ്രസിഡന്റ് അഹ്മദി നിജാദും പങ്കെടുത്ത ത്രിതല ഉച്ചകോടി. ഈ ഒന്നിച്ചിരിക്കലില്‍ ഒട്ടുവളരെ വിഷയങ്ങളില്‍ ധാരണകള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞു. അതില്‍ പ്രധാനം, സിറിയന്‍ പ്രശ്‌നത്തില്‍ എട്ടു കക്ഷികള്‍ ചേര്‍ന്ന ഒരു സമ്മേളനം വിളിക്കുക എന്നതാണ്. ഈജിപ്താണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഈ മൂന്ന് രാഷ്ട്രങ്ങള്‍ക്ക് പുറമെ സിറിയന്‍ ഗവണ്‍മെന്റ്, പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന്റെ പ്രതിനിധികള്‍, ഒ.ഐ.സി, അറബ് ലീഗ് എന്നീ വിഭാഗങ്ങളാണ് ഇതില്‍ പങ്കെടുക്കുക. പുറമെ യു.എന്‍ അംഗീകാരമുള്ള അന്താരാഷ്ട്ര പ്രതിനിധിയായ അല്‍അഖ്ദര്‍ ഇബ്‌റാഹീമിയും.
രണ്ടാമത്തെ പ്രധാന രാഷ്ട്രീയ നീക്കം നടത്തിയത് കയ്‌റോയിലെ അമേരിക്കന്‍ അംബാസഡര്‍ ആന്‍പാറ്റേഴ്‌സണായിരുന്നു. ഈ വനിതാ അംബാസഡര്‍ ഇതാദ്യമായി ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ഹിശാം ഖിന്‍ദീലിനെ സന്ദര്‍ശിച്ചു. അംബാസഡര്‍ തനിക്ക് കിട്ടിയ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ മുമ്പാകെ വെച്ചു: 'ഈജിപ്ഷ്യന്‍ സെന്‍ട്രല്‍ ബാങ്കില്‍ ബില്യന്‍ കണക്കിന് ഡോളര്‍ നിക്ഷേപമിടാമെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ടല്ലോ. മാസംതോറും അഞ്ച് മില്യന്‍ ടണ്‍ എണ്ണ ഈജിപ്തിന് തരാമെന്നും ഇറാന്‍ പറയുന്നു. മറ്റു കച്ചവടക്കരാറുകള്‍ വേറെയും. എന്നാല്‍ ഞാനൊരു കാര്യം പറഞ്ഞേക്കാം. യു.എന്‍ രക്ഷാസമിതി ഏര്‍പ്പെടുത്തിയ ആഗോള ഉപരോധമുണ്ട് ഇപ്പോള്‍ ഇറാനെതിരെ. അക്കാര്യം മറക്കണ്ട.' ഇമ്മട്ടിലായിരുന്നു അംബാസഡറുടെ സംസാരം. ഇറാനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ ഈജിപ്തിനും കിട്ടും ശിക്ഷ എന്ന വ്യംഗ്യമായ ഭീഷണിയാണിത്. അത് ഈജിപ്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയിലെത്തിക്കും.
ഈജിപ്തിന്റെ ഇറാന്‍ നിലപാട് അമേരിക്ക തീരുമാനിക്കും എന്നാണല്ലോ അംബാസഡര്‍ പറഞ്ഞതിന്റെ അര്‍ഥം. പുതിയ ഈജിപ്ഷ്യന്‍ ഭരണകൂടത്തോട് ക്രിയാത്മക നിലപാട് സ്വീകരിക്കണമെങ്കില്‍ മൂന്ന് ഉപാധികളാണ് അമേരിക്ക മുന്നോട്ട് വെച്ചത്. ഒന്ന്, ഇസ്രയേലുമായുള്ള സമാധാനക്കരാരില്‍ തൊട്ടുകളിക്കാതിരിക്കുക. രണ്ട്, ഇറാനെ ബഹിഷ്‌കരിക്കുക. മൂന്ന്, ജനാധിപത്യാവകാശങ്ങള്‍ അനുവദിക്കുകയും ആഭ്യന്തര സുസ്ഥിരത കൈവരിക്കുകയും ചെയ്യുക. ആദ്യത്തെ രണ്ടെണ്ണം പച്ചയായി അമേരിക്കന്‍-ഇസ്രയേല്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്. ആ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന 'ജനാധിപത്യ'വും 'സുസ്ഥിരത'യുമാണ് പിന്നെ പറയുന്നത്. ഈ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കില്‍ ജനാധിപത്യ രാഷ്ട്രീയത്തെ കൊന്നു കൊലവിളിച്ചാലും അമേരിക്കക്കത് പ്രശ്‌നവുമല്ല.
കാല്‍ നൂറ്റാണ്ട് മുമ്പ് ഈജിപ്ഷ്യന്‍ ചിന്തകനായ ജമാല്‍ ഹംദാന്‍ പറഞ്ഞത്, ഈജിപ്തും തുര്‍ക്കിയും ഇറാനും മേഖലയിലെ ശാക്തിക സംതുലനത്തിന്റെ ത്രിമൂര്‍ത്തികളാണെന്നാണ്. മേഖലയില്‍ പിടിമുറുക്കിയ ശക്തികള്‍, ഈ മൂന്ന് രാഷ്ട്രങ്ങള്‍ ഒരിക്കലും ഒരുമിക്കരുതെന്ന ശാഠ്യത്തിലും. സ്വാഭാവികമായും ഈജിപ്തിന് ഇസ്രയേലുമായുള്ള അതിന്റെ പഴയ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടി വരുന്നു; ഇറാനുമായി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക പോലുള്ള ബന്ധം പുതുക്കലുകള്‍ സാധ്യമാവാതെ വരികയും ചെയ്യുന്നു.
ഇറാന്‍-ഈജിപ്ത് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വളരെയേറെ തന്ത്രപ്രാധാന്യമുണ്ട്. അതില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു താല്‍പര്യം ഉള്ളടങ്ങിയിരിക്കുന്നു. ബന്ധം സ്ഥാപിക്കുന്നു എന്നതിനര്‍ഥം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഭിന്നതകള്‍ അവഗണിക്കണം എന്നൊന്നുമല്ല. ഭിന്നത നിലനിര്‍ത്തി തന്നെ ബന്ധങ്ങള്‍ ആവാം. തുര്‍ക്കി-ഇറാന്‍ ബന്ധങ്ങള്‍ ഉദാഹരണം. ചരിത്രത്തില്‍ സ്വഫവികളും (ഇറാന്‍) ഉസ്മാനികളും (തുര്‍ക്കി) തമ്മില്‍ എത്രയെത്ര ഉഗ്രപോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്! ഒന്ന് സുന്നിയും മറ്റേത് ശിഈയും. ഇറാഖ്, സിറിയ വിഷയങ്ങളില്‍ ഇരുവരും ഭിന്നധ്രുവങ്ങളില്‍. ഒരു രാഷ്ട്രം അമേരിക്കയുമായും ഇസ്രയേലുമായും ഒത്തുപോകുന്നു; മറ്റേത് ആ രാഷ്ട്രങ്ങളുമായി കടുത്ത ശത്രുത പുലര്‍ത്തുന്നു.
ഇതൊക്കെയായിട്ടും ഇറാന്‍-തുര്‍ക്കി വ്യാപാരം വര്‍ഷാന്തം പത്ത് ബില്യന്‍ ഡോളര്‍ കവിഞ്ഞിരിക്കുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇറാന്‍ വലിയ പ്രശ്‌നത്തിലാണ് എന്നാണല്ലോ വെപ്പ്. പക്ഷേ അവയൊന്നും ഇതുവരെ ഇറാനുമായി നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചിട്ടില്ല. രൂക്ഷമായ തര്‍ക്കം നിലനില്‍നില്‍ക്കുന്ന യു.എ.ഇയുമായി ഇറാന് വര്‍ഷാന്തം 15 ബില്യന്‍ ഡോളറിന്റെ വ്യാപാരമാണുള്ളത്. സുഊദിയില്‍ ഇറാന് ഒന്നല്ല, രണ്ട് അംബാസഡര്‍മാരുണ്ട്. ഒന്ന് റിയാദിലും, മറ്റൊന്ന് ജിദ്ദയിലും. ഇത്തരം ബന്ധങ്ങളെല്ലാം 'ഹറാം' ആയിട്ടുള്ളത് ഈജിപ്തിന് മാത്രമാണ്. വിപ്ലവാനന്തരവും ഈജിപ്തിന് അതിന്റെ സ്വതന്ത്ര വിദേശ നയം തിരിച്ചുപിടിക്കാനായിട്ടില്ല. സകലവിധ സമ്മര്‍ദങ്ങളെയും അതിജീവിച്ച് ആ സ്വാതന്ത്ര്യം നേടിയെടുക്കുമ്പോഴാണ് വിദേശ നയത്തിലും വിപ്ലവമുണ്ടായി എന്ന് പറയാനാവൂ.
Comments