Prabodhanm Weekly

Pages

Search

2013 മാര്‍ച്ച് 2

ക്രോഡീകരണത്തിന്റെ ചരിത്ര പശ്ചാത്തലം

ഡോ. മുഹമ്മദ് ഹമീദുല്ല

ഖുര്‍ആന്‍ സംരക്ഷിക്കുന്നതിനായിപ്രവാചകന്‍ മൂന്ന് രീതികളാണ് സ്വീകരിച്ചത്. ഒന്ന്, ആധികാരിക സ്രോതസ്സില്‍/ഗുരുവില്‍ നിന്നേ അത് പഠിക്കാവൂ എന്ന് നിബന്ധന വെച്ചു. രണ്ട്, എഴുതി സൂക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തി. ഓര്‍മപ്പിശക് വരുമ്പോള്‍ എഴുത്ത് നോക്കി ഓര്‍മ പുതുക്കാം. മൂന്ന്, ഖുര്‍ആന്‍ മനഃപാഠമാക്കുക. ഈ മൂന്ന് നിര്‍ദേശങ്ങളും ഉള്ളതോടൊപ്പം തന്നെ ഒരു പ്രശ്‌നം നാമവിടെ അഭിമുഖീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ ഒന്നിച്ച് ഒറ്റയടിക്ക് അവതരിക്കുകയായിരുന്നില്ല എന്നതാണത്. 23 വര്‍ഷം കൊണ്ട് ക്രമപ്രവൃദ്ധമായാണ് അത് അവതരിക്കുന്നത്. ആദ്യം അവതരിക്കുന്ന സൂക്തങ്ങള്‍ ആദ്യ അധ്യായങ്ങളില്‍ എന്നിങ്ങനെ യാന്ത്രികമായല്ല പ്രവാചകന്‍ അധ്യായങ്ങള്‍ക്ക് ക്രമം നിശ്ചയിച്ചതും. അവതരണകാലം പരിഗണിക്കാതെ പ്രവാചകന്‍ തന്നെ സയുക്തികമായി അതിനൊരു ക്രമം നിശ്ചയിക്കുകയായിരുന്നു. അല്‍ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളാണ് ആദ്യമായി അവതരിച്ചത് എന്ന് നമുക്കറിയാം. പക്ഷേ, ഖുര്‍ആനിലെ 96-ാം അധ്യായമാണ് അല്‍ അലഖ്. മൊത്തം അധ്യായങ്ങളുടെ എണ്ണമാവട്ടെ 114-ഉം. ഖുര്‍ആനിലെ ആദ്യ അധ്യായങ്ങളായി ഉള്‍പ്പെടുത്തിയ അല്‍ബഖറയും മറ്റും ഹിജ്‌റക്ക് ശേഷം മദീനയില്‍ അവതരിച്ചതാണ്. ചുരുക്കത്തില്‍ കാലാനുക്രമമായി(chronological)ട്ടല്ല ഖുര്‍ആന്‍ ക്രോഡീകരിച്ചിരിക്കുന്നത്; മറ്റൊരു ക്രമമാണ് അതില്‍ പിന്തുടര്‍ന്നിരിക്കുന്നത്.
ഇവിടെ വേറെ ചില പ്രയാസങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഉദാഹരണത്തിന്, പ്രവാചകന് ഇന്നൊരു അധ്യായം അവതരിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ പറയുന്നു, അത് ഇത്രാമത്തെ അധ്യായമാണ്. പിറ്റേന്ന് മറ്റൊരു അധ്യായമോ ഏതാനും സൂക്തങ്ങളോ അവതരിക്കുന്നു. ആ സൂക്തങ്ങള്‍ അല്ലെങ്കില്‍ അധ്യായം ഇന്നയിന്ന സൂക്തങ്ങള്‍ക്കും അധ്യായങ്ങള്‍ക്കും ശേഷം എന്ന് പ്രവാചകന്‍ നിര്‍ദേശിക്കുന്നു. അപ്പോള്‍ സ്വാഭാവികമായും ഒരാള്‍ എഴുതിവെച്ച അധ്യായങ്ങളുടെയും സൂക്തങ്ങളുടെയും ക്രമം ശരിയാണോ എന്ന് ഇടക്കിടെ പരിശോധിക്കേണ്ടിവരും. ഓരോരുത്തരുടെയും കൈവശമുള്ള ഖുര്‍ആന്‍ ഏടുകള്‍ പുനഃപരിശോധിച്ചതിന്റെയും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അവ ശരിയാക്കിയതിന്റെയും തെളിവുകള്‍ മദീന പലായനത്തിന് ശേഷമുള്ള മുസ്‌ലിം ചരിത്രത്തില്‍ നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്. ഹദീസില്‍ വന്ന ഒരു സംഭവം ഇപ്രകാരമാണ്: ഓരോ റമദാന്‍ മാസം ആഗതമാവുമ്പോഴും പ്രവാചകന്‍ തിരുമേനി അതുവരെ അവതരിച്ച ഖുര്‍ആന്‍ അധ്യായങ്ങളും സൂക്തങ്ങളുമെല്ലാം അവയുടെ ക്രമത്തില്‍ ഉച്ചത്തില്‍ പാരായണം ചെയ്യുമായിരുന്നു. അപ്പോള്‍ അനുയായികളും സന്നിഹിതരായിരിക്കും. എഴുത്തും വായനയുമറിയുന്നവര്‍ അവര്‍ എഴുതി സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികളും കൂടെ കരുതിയിരിക്കും. സൂക്തങ്ങള്‍ എഴുതിയെടുക്കുന്നതിലോ, സൂക്തങ്ങളും അധ്യായങ്ങളും ക്രമപ്പെടുത്തുന്നതിലോ തങ്ങള്‍ക്ക് വല്ല അബദ്ധവും പിണഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ പ്രവാചകന്റെ പാരായണം ശ്രദ്ധിച്ചുകൊണ്ട് തിരുത്തലുകളും മാറ്റങ്ങളും വരുത്തും. ഈ പ്രക്രിയക്ക് അര്‍ദഃ (അവതരണം) എന്നാണ് പറഞ്ഞിരുന്നത്. ഇമാം ബുഖാരിയും മറ്റും വ്യക്തമായി രേഖപ്പെടുത്തിയ ഒരു സംഭവമുണ്ട്. പ്രവാചക ജീവിതത്തിന്റെ അവസാന വര്‍ഷം, അഥവാ മരിക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റമദാനില്‍ ഖുര്‍ആന്‍ മുഴുവനായി അവിടുന്ന് രണ്ടു തവണ പാരായണം ചെയ്തു; എന്നിട്ട് പറഞ്ഞു: ''എന്റെ മരണം അടുത്തെത്തിയിരിക്കുന്നു. ഖുര്‍ആന്‍ രണ്ടു തവണ ഓതിക്കേള്‍പ്പിക്കണമെന്ന് മലക്ക് ജിബ്‌രീലാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഴുതിവെച്ചതിലോ മറ്റോ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അവ തിരുത്താന്‍.'' ചുരുക്കത്തില്‍, ഇത്ര കണിശമായും സൂക്ഷ്മമായുമാണ് ഒടുവിലത്തെ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ വരും തലമുറകള്‍ക്ക് വേണ്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
പ്രവാചകന്റെ വേര്‍പാടിന് ശേഷം തൊട്ടുടനെ ഖുര്‍ആന്‍ ക്രോഡീകൃത രൂപത്തിലാക്കണമെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ലഭിച്ച ഖുര്‍ആന്‍ അവര്‍ ആദരവോടെ സൂക്ഷിക്കുകയും നമസ്‌കാരങ്ങളില്‍ പാരായണം നടത്തുകയും ചെയ്തുവന്നു. അപ്പോഴാണ്, ഖുര്‍ആന്‍ അടിയന്തരമായി ക്രോഡീകരിക്കേണ്ടതുണ്ടെന്ന ചിന്തയിലേക്ക് ഭരണകൂടത്തെ മാത്രമല്ല, മുസ്‌ലിം പൊതുസമൂഹത്തെയും നയിച്ച ഒരു സംഭവമുണ്ടാകുന്നത്. ആ സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആന്റെ ഔദ്യോഗിക കോപ്പി എന്ന് പറയാവുന്ന ഒന്ന് ഭരണകൂടത്തിന്റെ കൈവശമുണ്ടായിരുന്നില്ല. ഖുര്‍ആന്‍ മുഴുവനായി എഴുതി സൂക്ഷിച്ച് വെച്ച ഒരു വ്യക്തിയും അന്ന് ഉണ്ടായിരിക്കാനിടയില്ല. ആ സന്ദര്‍ഭത്തിലാണ് മുസൈലിമത്തുബ്‌നുല്‍ കദ്ദാബ് എന്നൊരാള്‍ മതപരിത്യാഗിയാവുന്നത്. ഇസ്‌ലാം ഉപേക്ഷിക്കുക മാത്രമല്ല, താന്‍ പ്രവാചകനാണ് എന്നു പോലും അയാള്‍ അവകാശപ്പെട്ടു. അയാള്‍ പ്രബലമായ ഒരു ഗോത്രത്തിന്റെ തലവനായതിനാല്‍ വലിയൊരുവിഭാഗത്തിന്റെ പിന്തുണയും ലഭിച്ചു. ഒന്നാം ഖലീഫ അബൂബക്ര്‍ (റ) അയാള്‍ക്കെതിരെ പടനയിച്ചു. ശത്രുസൈന്യത്തേക്കാള്‍ എണ്ണത്തില്‍ കുറവായിരുന്നു മുസ്‌ലിം സൈന്യം. ശത്രുവിന്റെ സ്വാധീന പരിധിയില്‍ വരുന്ന യമാമ(ഇന്നത്തെ രിയാദ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍)യില്‍ വെച്ചായിരുന്നു യുദ്ധം. ഒരുപാട് മുസ്‌ലിംകള്‍ യുദ്ധത്തില്‍ രക്തസാക്ഷികളായി. രക്തസാക്ഷികളായവരില്‍ ഖുര്‍ആന്‍ നല്ലപോലെ മനഃപാഠമാക്കിയ ചിലരുമുണ്ടായിരുന്നു. യുദ്ധത്തില്‍ മുസ്‌ലിംകള്‍ ജയിച്ചുവെന്ന വാര്‍ത്ത മദീനാ വാസികളെ സന്തോഷിപ്പിച്ചുവെങ്കിലും ഏറ്റവും നല്ല ഖുര്‍ആന്‍ ഹാഫിദുമാരില്‍ ചിലര്‍ രക്തസാക്ഷികളായത് അവരെ ദുഃഖത്തിലാഴ്ത്തി.
ഹസ്രത്ത് ഉമറി(റ)ന് ഇക്കാര്യത്തില്‍ വലിയ വേവലാതിയുണ്ടായിരുന്നു. ഇനിയും യുദ്ധങ്ങളുണ്ടാവും. അവയിലും ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ രക്തസാക്ഷികളാവും. ബാക്കിയാവുന്ന ഹാഫിദുകള്‍ തന്നെ കാലം ചെല്ലുമ്പോള്‍ സ്വാഭാവിക മരണം വരിക്കും. അതുകൊണ്ട് ഖുര്‍ആന്‍ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ ഒരു വഴി കാണേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം മുന്‍ വേദങ്ങള്‍ക്കുണ്ടായ അതേ ദുര്‍ഗതി ഖുര്‍ആനിനും വന്നു പെടും. ഉമര്‍ തന്റെ ചിന്തകള്‍ ഖലീഫ അബൂബക്‌റിന്റെ മുമ്പാകെ വെച്ചു. യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരുള്‍പ്പെടെ ആറായിരം പേര്‍ രക്തസാക്ഷികളായിരിക്കുന്നു. അതിനാല്‍ ഖുര്‍ആന്‍ സംരക്ഷണത്തിന് എന്തെങ്കിലും ചെയ്യണം. ഒരു യഥാര്‍ഥ പ്രവാചക സ്‌നേഹിയില്‍ നിന്നുള്ള മറുപടിയാണ് അബൂബക്‌റില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്: അല്ലയോ ഉമര്‍! പ്രവാചകന്‍ തിരുമേനി ചെയ്യാത്ത ഒരു കാര്യം ഞാനെങ്ങനെ ചെയ്യും?
അങ്ങനെ രണ്ടാളും തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി തര്‍ക്കിച്ചു. ഒടുവില്‍, മൂന്നാമതൊരാളുടെ അഭിപ്രായം കൂടി ചോദിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. സൈദ്ബ്‌നു സാബിത് ആയിരുന്നു മൂന്നാമനായ ആ മധ്യസ്ഥന്‍. പ്രവാചകന്റെ വഹ്‌യ് എഴുത്തുകാരിലൊരാള്‍. അദ്ദേഹത്തിനും അബൂബക്‌റിന്റെ അഭിപ്രായം തന്നെയായിരുന്നു. പ്രവാചകന്‍ ചെയ്യാത്ത കാര്യം നമ്മളെങ്ങനെ ചെയ്യും? ചര്‍ച്ച വീണ്ടും തുടര്‍ന്നു. ഉമര്‍ ചോദിച്ചു: 'എഴുതി വെക്കുന്നതില്‍ എന്താണ് കുഴപ്പം?' സൈദ് മറുപടി പറഞ്ഞു: 'ഞാനതില്‍ കുഴപ്പമൊന്നും കാണുന്നില്ല.' പ്രവാചകന്‍ ചെയ്യാത്തത് ചെയ്യാതിരിക്കുക എന്നത് വളരെ വൈകാരികമായ കാര്യം തന്നെയാണ്. പക്ഷേ, ഖുര്‍ആന്‍ ക്രോഡീകരിക്കുക എന്ന സംരംഭവുമായി മുന്നോട്ട് പോകാതെ നിവൃത്തിയില്ല എന്ന നില വന്നു കഴിഞ്ഞിരുന്നു. ആ ചുമതല സൈദ്ബ്‌നു സാബിതിനെ തന്നെ ഏല്‍പിച്ചു. ഇതിനെക്കുറിച്ച് സൈദ് പറഞ്ഞത്, ഉഹുദ് മല തലയിലേറ്റി പോവുകയാണ് ഇതിനേക്കാള്‍ എളുപ്പം എന്നായിരുന്നു. അത്രക്ക് ഭാരിച്ചതായിരുന്നു ആ ചുമതല.
ഉടന്‍ അബൂബക്ര്‍ സിദ്ദീഖ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പ്രവാചകന്‍ ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്ത സന്ദര്‍ഭങ്ങളില്‍ (അര്‍ദഃ) ഒത്തു നോക്കുകയും ആധികാരികമെന്ന് ഉറപ്പാക്കുകയും ചെയ്ത ഖുര്‍ആന്റെ ഏടുകള്‍ എവിടെയെല്ലാമുണ്ടോ അവയെല്ലാം സൈദ്ബ്‌നു സാബിതിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഏല്‍പിക്കണം. സമിതിയില്‍ ഉമര്‍ ബ്‌നുല്‍ ഖത്താബും അംഗമാണ്. ഇങ്ങനെ ഒത്തുനോക്കി പ്രബലപ്പെടുത്തിയ രണ്ട് കോപ്പികളിലെങ്കിലും ഒരു സൂക്തം ഉണ്ടെങ്കിലേ അത് സ്വീകരിക്കപ്പെടുകയുള്ളൂ എന്നും വ്യവസ്ഥ വെച്ചു.
ഇങ്ങനെയാണ് സൈദ്ബ്‌നു സാബിതിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്റെ ക്രോഡീകരണം പൂര്‍ത്തിയാക്കിയത്. ഖുര്‍ആന്‍ മുഴുവനായി കാണാപാഠം പഠിച്ച ഇരുപതോ ഇരുപത്തിയഞ്ചോ പേര്‍ ആ സമയത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരിലൊരാള്‍ ഉമ്മു വറഖയെന്ന വനിതയാണ്. ഖുര്‍ആന്‍ നന്നായി മനഃപാഠമുള്ള ആളായിരുന്നു സമിതിയുടെ അധ്യക്ഷനായ സൈദ്ബ്‌നു സാബിതും. അതിനാല്‍, എഴുത്ത് രേഖകളെ തന്റെ ഓര്‍മയിലുള്ളതുമായി ഒത്തു നോക്കി വളരെ ആധികാരികമായി ഈ ദൗത്യം നിര്‍വഹിക്കാന്‍ സൈദിന് സാധിച്ചു.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ : അല്‍ കഹ്ഫ്‌ (9)
എ.വൈ.ആര്‍